Read Time:28 Minute

വനിതാ ശിശു വികസന വകുപ്പിന് വേണ്ടി ഡോ. ടി.കെ ആനന്ദിയുടെ (ജെന്റര്‍ അഡ്വൈസര്‍, കേരള സര്‍ക്കാര്‍)നേതൃത്വത്തില്‍ നടത്തിയ പഠനം

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അവസ്ഥയിലൂടെയാണ് കഴിഞ്ഞ രണ്ടു മാസങ്ങളായി നാം കടന്നുപോകുന്നത്. യുദ്ധത്തിന്റെ പ്രതീതി ഉളവാക്കുന്ന രീതിയിലുള്ള സാമൂഹ്യ ജീവിതം ജനങ്ങളുടെ സമസ്ത മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. സാമൂഹ്യമായ അകൽച്ച, സാമ്പത്തിക പ്രതിസന്ധി, ദൈനം ദിന ജീവിതത്തെ ക്കുറിച്ചുള്ള അസന്നിഗ്ധാവസ്ഥ, കേട്ടിട്ടില്ലാത്ത, കാണാൻ കഴിയാത്ത രോഗത്തെ ക്കുറിച്ചുള്ള പേടി, പെട്ടെന്ന് തന്നെ വ്യാപിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന ഭീതി, സാംസ്കാരികമായും, സാമൂഹ്യമായും ഉള്ള ഒറ്റപ്പെടൽ, ജോലിയെ ക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ, എന്നിങ്ങനെ പലതരത്തിലുള്ള സമ്മിശ്ര വികാരങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പൊതു സമൂഹത്തെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്.  ഇത്തരം സാമൂഹ്യ പ്രശ്നങ്ങൾ എന്നും എപ്പോഴും  കൂടുതലായി സ്ത്രീയെയാണ് ബാധിക്കുന്നതു. ഈ അവസരവും വ്യത്യസ്തമല്ല.

ഈ ഒരു അവസരത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന തനതായ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനും അതിനെ അധികരിച്ചു പരിഹാരങ്ങൾ ഉണ്ടോ എന്നത് ആരായാനുമായി നടത്തിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ റിപ്പോർട്ട്.

പഠനത്തിന്റെ  ഉദ്ദേശം

  1. ലോക്ക്ഡൗൺ കാലത്തു സ്ത്രീകൾ പ്രത്യേകമായി അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുക
  2. സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷയും സംരക്ഷണവും വീടുകളിൽ ഉണ്ടോ എന്നതറിയുക
  3. ലോക്ക് ഡൌൺ കാലഘട്ടത്തിൽ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാൻ സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടോ എന്നറിയുക
  4. സർക്കാർ തലത്തിൽ ഉള്ള സുരക്ഷാ സംവിധാനങ്ങൾ ഈ ഒരു സാഹചര്യത്തിൽ ഉപയോഗിക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞോ എന്നറിയുക
  5. ട്രാൻസ്‍ജൻഡർ ജനങ്ങൾ എന്തെങ്കിലും പ്രശ്നങ്ങൾ പുതിയതായി നേരിടുന്നുണ്ടോ എന്നതറിയുക
  6. സർക്കാരിന്റെ ആരോഗ്യ സംവിധാനങ്ങൾ( മാനസിക ആരോഗ്യത്തിന്റെ കൗൺസിലിങ് ഉൾപ്പെടെ)  പര്യാപ്തമാണോ എന്നറിയുക.
  7. ലോക്ക്ഡൗൺ കാലം കഴിയുമ്പോൾ സ്ത്രീകൾ പ്രതീക്ഷിക്കുന്ന സൗകര്യങ്ങളും, സംവിധാനങ്ങളും എന്തൊക്കെയാണെന്ന് അറിയുക.
  8. ലോക്ക്ഡൗൺ കാലഘട്ടം  ഏതെങ്കിലും രീതിയിൽ  സ്ത്രീകൾക്കു ഉപകാരപ്രദമായിരുന്നോ എന്നതറിയുക.
  9. കുട്ടികളുടെ ആരോഗ്യ മാനസിക ആരോഗ്യം ഉറപ്പുവരുത്തുവാൻ കഴിയുന്നുണ്ടോ എന്നറിയുക
  10. അങ്കണവാടികൾ പൂട്ടിയ അവസരത്തിൽ കുട്ടികളുടെ പോഷകാഹാര പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നുണ്ടോ? എന്നറിയുക.
  11. കുട്ടികൾ വീടുകളിൽ സുരക്ഷിതരാണോ എന്നറിയുക.

പഠനത്തിന്റെ രീതിശാസ്ത്രം

ലോക്ക്ഡൗണിന്റെ പരിമിതികൾക്കകത്ത് നിന്ന് കൊണ്ടുള്ള രണ്ടു മൂന്നു തരത്തിലുള്ള രീതിശാസ്ത്രമാണ് ഉപയോഗിച്ചത്.

  1.  നിലവിലുള്ള സ്ഥാപനങ്ങളിൽ നിന്നും കണക്കുകൾ ശേഖരിച്ചു.  അതായത്, സർവീസ് പ്രൊവൈഡിങ് സെന്റർ, പോലീസ് റെക്കോർഡ്‌സ്, 181 മിത്രയിലെ ഫോൺ കോളുകൾ , ഭൂമികയിലെ കണക്കുകൾ, വനിതാ ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ whatsApp  ഗ്രൂപ്പിൽ നിന്നും വന്ന കണക്കുകൾ, വനിതാ കമ്മീഷനിൽ നിന്നും ശേഖരിച്ച കണക്കുകൾ, സഖി ഒന്നു സ്റ്റോപ്പ് സെന്ററിൽ നിന്നുമുള്ള കണക്കുകൾ   എന്നിവ പരിശോധിച്ചു.
  2.  സ്ത്രീകളോട് വീടുകളിൽ റാൻഡം ആയി വിളിച്ചു ചോദിച്ചു മനസ്സിലാക്കി. അതുപോലെ തീരദേശങ്ങളിലും  ആദിവാസി മേഖലയിലും പ്രവർത്തിക്കുന്നവരോട് വിളിച്ചു ചോദിച്ചു മനസ്സിലാക്കി.
  3. റേഷൻ കടകളിലും, ആശുപത്രികളിലും അന്വേഷിച്ചു സ്ത്രീകളുടെ അവസ്ഥയും, ആവശ്യങ്ങളും മനസ്സിലാക്കി.
  4. ട്രാൻസ്‍ജെൻഡർ ബോർഡിൽ വിളിച്ചു ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കി.
  5. കൗൺസിലർമാരോട്  സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി.
  6. ലോക്ക്ഡൗണിന്റെ ജാഗ്രത പരിഗണിച്ചു തിരുവനന്തപുരത്തെ ഒന്ന് രണ്ടു കമ്മ്യൂണിറ്റി അടുക്കള ചെന്ന് കണ്ടു.
  7. റാൻഡം ആയി കുറച്ചു ജില്ലകളിലെ കമ്മ്യൂണിറ്റി കിച്ചണിലെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.
  8. കേരളത്തിന് അകത്തും പുറത്തും ഉള്ളവരോട്  ചില നിർദേശങ്ങൾക്കായി  ഇമെയിൽ അയച്ചു ക്ഷണിച്ചിരുന്നു.
  9. സോഷ്യൽ മീഡിയയിലൂടെ നടത്തിയ പഠനത്തിൽ നിന്നും  ചില കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.

ഇത്തരത്തിൽ ലോക്ക്ഡൗൺ കാരണം യാത്രയുടെയും, നേരിട്ട് കണ്ടു സംസാരിക്കുന്നതിന്റെയും  മനസ്സിലാക്കുന്നതിന്റെയും പരിമിതികൾ ഏറെ ഉണ്ടായിരുന്നതുകൊണ്ട് മിക്കവാറും കാര്യങ്ങൾ ഫോൺ മുഖേനയും, എഴുത്തു മൂലവും ആണ് ശേഖരിച്ചത്.

ഭൂമിക, സഖി എന്നിവയുടെ കണക്കുകൾ  ഒഴികെ, മറ്റുള്ള കണക്കുകൾ 2019  മാർച്ച മാസത്തിലെ ഡാറ്റയും, മാർച്ച് 2020 യിലെ ഡാറ്റയും കൂടി താരതമ്യം ചെയ്താണ് നിഗമനത്തിൽ എത്തിയത്. സഖി One Stop Centre  ആരംഭിച്ചിട്ട് ഒരു വര്‍ഷം ആകാത്തതു കൊണ്ട് ഈ മാർച്ച മാസത്തെ കണക്കുകൾ മാത്രമേ ശേഖരിച്ചിട്ടുള്ളു. (അനുബന്ധം നോക്കുക)

പൊതുവായ നിരീക്ഷണങ്ങൾ.

  • ലോക്ക് ഡൌൺ കാലഘട്ടത്തിൽ സ്ത്രീകൾ ധാരാളം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഗാർഹിക പീഡനം വർധിച്ചിട്ടുണ്ട്.
  • 2019 ലെ കണക്കുകളും 2020 ലെ കണക്കുകളും താരതമ്യം ചെയ്യുമ്പോൾ ഈ വര്ഷം ഗാർഹിക പീഡനം വര്ധിച്ചതായാണ്  കാണുന്നത്.
  • പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും ലഭിച്ച ക്രൈം ടാറ്റ അനാലിസിസ് നോക്കുക (Annexure  )  ഒരു ദിവസത്തെ കേസുകളുടെ തോത് നോക്കുമ്പോൾ വർദ്ധനവ് കാണാം. 7.84% യിൽ നിന്ന് 8.17 ലേക്കു വർധിച്ചതായി കാണാം.  അതെ സമയം റിപ്പോർട്ട് ചെയ്ത കണക്കുകൾ നോക്കുമ്പോൾ കുറഞ്ഞതായി  കാണുന്നു.

വനിതാ വികസന വകുപ്പിന്റെ Whatsapp നമ്പറിൽ വന്ന കേസുകളുടെ 51.6% ഗാർഹിക പീഡനം ആണ്. ഏപ്രിൽ 11ണ് മാത്രമാണ് ഈ Whatsapp നിലവിൽ വന്നത്. എന്നിട്ടും 19 ദിവസങ്ങൾക്കുള്ളിൽ 91 കേസുകൾ വന്നതായി കാണാം.  ഈ Whatsapp നമ്പർ കൊണ്ടുവരാൻ കാരണം തന്നെ, പല സ്ത്രീകൾക്കും, ഫോണിൽ വിളിച്ചു പറയാനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയതിന്റെ ഭാഗമായാണ്. പലരും വിളിക്കുമ്പോൾ അടുത്ത മുറിയിൽ ഭർത്താവ് ഉള്ളത് കൊണ്ട് പേടിച്ച്, ഒച്ച  കുറച്ച് വിളിക്കുകയും, മറ്റും ചെയ്തത് കൊണ്ടാണ് സ്ത്രീകൾക്ക് സൗകര്യമായി എഴുതി അയക്കാനായി Whatsapp നമ്പർ  കൊടുത്തത്. ലോക്ക്ഡൗൺ കാലത്ത്, വീട് നിറച്ചും ആളുകൾ ഉള്ളത് കൊണ്ടും, ‘പീഢകൻ’ വീട്ടിൽ തന്നെ ഉള്ളത്കൊണ്ടും ഫോൺ വിളികളിലൂടെ ഉള്ള കേസുകൾ കുറവായിട്ടാണ് കാണുന്നത്‌. 181-ന്റെ കണക്കുകൾ നോക്കുക. അതുപോലെ, സ്റ്റേഷനിലേക്കോ, പ്രൊട്ടക്ഷൻ ഓഫീസിലേക്കോ പോകാനുള്ള സാധ്യത ഇല്ലാത്തതു കൊണ്ട് രജിസ്റ്റർ ചെയ്ത കേസുകൾ  കുറയുന്നതായി കാണാം.  ഇത്  തന്നെ, വനിതാ കമ്മീഷനിൽ വരുന്ന കേസുകളിൽ ആകെ  321 കേസുകളിൽ   കേസുകൾ ഗാർഹിക പീഠനം ആണ്. പോസ്റ്റൽ ആയും, ഇമെയിൽ ആയും എഴുതി അയക്കുന്ന കേസുകളാണ് വനിതാ കമ്മീഷനിൽ വരുന്നത്. അത് തന്നെ, എഴുതാനും പോസ്റ്റ് ചെയ്യാനും, ഇമെയിൽ അയക്കാൻ വീട്ടിൽ കമ്പ്യൂട്ടർ ഉണ്ടാവാനും സാധ്യതയുള്ള സ്ത്രീകൾക്ക് മാത്രമേ വനിതാ കമ്മീഷനിൽ വരികയുള്ളു. Whatsapp-ൽ വരുന്നത് പോലും, പീഡിപ്പിക്കപ്പെട്ട കുട്ടിക്ക്, എഴുതാനുള്ള സാഹചര്യം വീട്ടിൽ ഇല്ലാത്തതുകൊണ്ട് അടുത്ത വീട്ടിലെ കുട്ടി എഴുതി കൊണ്ട് വരുന്നതായ കേസുകളും ഉണ്ട്.

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ഉള്ള ഗാർഹിക പീഡനനിരോധന നിയമത്തിന്റെ  ഭാഗമായ സർവീസ് പ്രൊവൈഡിങ് സെന്ററുകളിലെ കണക്കുകളും കാണിക്കുന്നത് മറ്റൊന്നല്ല.  2019  മാര്‍ച്ച്  മാസം സംസ്ഥാനത്തു 79  കേസ്സുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2020  മാർച്ച മാസം അത് 126  ആയി ഉയർന്നു എന്നതും ഗാർഹിക പീഡനത്തിന്റെ തോത് വർധിച്ചത് കാണിക്കുന്നു. (അനുബന്ധം  നോക്കുക)

ഇവ എല്ലാം കാണിക്കുന്നത് ഗാർഹിക പീഡനം വർധിച്ചിട്ടുണ്ട്. എന്ന് തന്നെയാണ്. ഫോൺ കോളുകളിൽ പ്രതിഫലിക്കാത്തതു അതിനു പോലുമുള്ള സൗകര്യം ഇല്ലാത്തതു കൊണ്ടാണ്.

അതേസമയം, കഴിഞ്ഞ കാലങ്ങളിൽ മദ്യപാനത്തിന്റെ ഭാഗമായി പീഡനം നടത്തിയിരുന്നവർ ഇപ്പോൾ വളരെ സമാധാനമായി കഴിയുന്നതായും വിവരം  ലഭിച്ചു.  പ്രത്യേകിച്ച്, മത്സ്യ മേഖലയിൽ ഗാർഹികപീഡനത്തിന്റെ തോത് നന്നായി കുറഞ്ഞിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. മദ്യം നിരോധിച്ച ആദ്യ കാലങ്ങളിൽ ചില മുറുമുറുപ്പുകൾ ഉണ്ടായെങ്കിലും പിന്നീട് അത് ശീലമായിപ്പോയി എന്നും വീടുകളിൽ നല്ല സന്തോഷവും സമാധാനവും ഉണ്ട് എന്നും സ്ത്രീകൾ അഭിപ്രായപ്പെട്ടു.

  • സ്ത്രീകളുടെ അദ്ധ്വാനത്തിന്റെ തോത് വളരെ അധികം കൂടിയിട്ടുണ്ട്. പണ്ട് 15 മണിക്കൂർ പണിയെടുത്തിരുന്നവർ, ഇപ്പോൾ 20 മണിക്കൂറുകളോളം പണിയെടുക്കേണ്ടിവരുന്നുണ്ട്. കുട്ടികളും, ഭർത്താവും വീട്ടിൽ തന്നെ ആവുമ്പോൾ ഉണ്ടാവുന്ന അധിക പണി താങ്ങാവുന്നതിലും അധികമായി പലരും പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വീടുപണി പങ്കു വെക്കാനുള്ള ആഹ്വാനങ്ങൾ ഒക്കെ ചെയ്തിട്ടും നമ്മുടെ മുഖ്യ മന്ത്രി തന്നെ പറഞ്ഞിട്ടും ആരും വലിയ രീതിയിൽ മാറിയിട്ടില്ല എന്നാണ് കണ്ടെത്തിയത്.
  • യാത്രയ്ക്കുള്ള പരിമിതി, ആശുപത്രികളിലേക്ക് പോകാനുള്ള തടസ്സങ്ങൾ, പേടി, എന്നിവ കാരണം, ഗർഭ ഛിദ്രം ചെയ്യുവാനുള്ള സാധ്യത ഇല്ലാതെ പോയവരുടെ  മാനസിക വിഭ്രാന്തി, അത് മറ്റാരോടെങ്കിലും പറയാനുള്ള മടി, എന്നിവ കാരണം സ്വയം സഹിക്കുന്ന സ്ത്രീകൾ ധാരാളമായുണ്ട്.
  • ഗവേഷകർ പ്രതീക്ഷിക്കുന്ന രീതിയിൽ കോവിഡ് കാലം കഴിയുമ്പോൾ ജനസംഖ്യ  കൂടുവാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല.
  • അത് പോലെ തന്നെ, കുടുംബാസൂത്രണ മാർഗങ്ങളുടെ  ദൗർലഭ്യം വർധിക്കാൻ സാധ്യതയുണ്ട്. അപകടകരമായ ഗർഭഛിദ്രങ്ങളും പ്രതുൽപാദന ആരോഗ്യത്തിന്റെ പതനവും പ്രതീക്ഷിക്കേണ്ടതാണ്.
  • ബാല്യ വിവാഹങ്ങൾ വർധിക്കാൻ ഇടയുണ്ട്. ഭാവിയെ ക്കുറിച്ചുള്ള ആശങ്ക കാരണം, പേടിച്ച്,  കുട്ടികളെ എത്രയും വേഗത്തിൽ വിവാഹം കഴിച്ച് കൊടുക്കുന്ന രീതി കോവിഡിന് ശേഷം ഗൾഫ് നാടുകളിൽ പുതിയ പ്രതിഭാസമായി കണ്ടു വരുന്നതായി റിപോർട്ടുകൾ ഉണ്ട്. കേരളത്തിൽ സംസാരിച്ചവർ ആ രീതിയിൽ പറഞ്ഞു കേട്ടില്ല എങ്കിലും, ഗൾഫ് നാടുകളിലെ മറ്റു പല സ്വാധീനങ്ങൾ കേരളത്തെ ബാധിച്ചത് പോലെ, ഇതും ബാധിച്ചേക്കാം.
  • ലോക്ക്ഡൗണ്‍ കാലഘട്ടത്തിൽ സർക്കാർ വളരെയധികം ജനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ചു എന്ന അഭിപ്രായം പൊതുവെ ഉണ്ട്. സ്ത്രീകളും അത് ശരി വെച്ചു . സർക്കാർ മുന്നോട്ടു വെച്ച നിർദേശങ്ങൾ അനുസരിക്കാൻ ബുദ്ധിമുട്ടുള്ളതായി ആരും പറഞ്ഞില്ല.
  • കമ്മ്യൂണിറ്റി അടുക്കള വലിയ സഹായമായി പല സ്ത്രീകളും കണ്ടു. എങ്കിലും, വീട്ടുജോലിയിൽ നിന്നും മുക്തി നേടുവാൻ സ്ത്രീകൾക്ക് കഴിഞ്ഞില്ല എന്നവർ അഭിപ്രായപ്പെട്ടു.
  • ദിശ നമ്പറും, 181 മിത്രയും സ്ത്രീകളുടെ മാനസികമായി അലട്ടുന്ന പല പ്രശ്നങ്ങൾക്കും കൗൺസിലിങ്ങിലൂടെ പരിഹാരം ഉണ്ടാക്കി എന്നത് അവരുടെ ഫോൺ കോളിലെ കണക്കുകൾ കാണിക്കുന്നു. കുടുംബശ്രീയുടെ സ്നേഹിതയിലും, മഹിളാ സംഖ്യ സൊസൈറ്റിയിലും One Stop Centre എന്നിവയിലും മാനസിക പ്രശ്നങ്ങൾക്കും, ആരോഗ്യ പ്രശ്നങ്ങൾക്കും, കോവിഡിനെ ക്കുറിച്ചുള്ള സംശയങ്ങൾക്കും ഒക്കെ തന്നെ സ്ത്രീകൾ നിലവിലുള്ള എല്ലാ സർക്കാർ  സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്.
  • ലോക്ക് ഡൌൺ കാലഘട്ടം സ്ത്രീകൾക്ക് ഉപകാര പ്രദമായിരുന്നോ എന്നതിനെ ക്കുറിച്ച് മിശ്ര പ്രതികരണമാണ് ലഭിച്ചത്.
  • വീട്ടിൽ കുട്ടികളും മറ്റു അംഗങ്ങളും ഒന്നിച്ച് കൂടി ഇരിക്കുന്നതു പല സ്ത്രീകളും ആസ്വദിച്ചു എങ്കിലും, അത് ഉയർത്തുന്ന പ്രശനം പല സ്ത്രീകൾക്കും ബുദ്ധിമുട്ടായി തോന്നിയാതായി പറഞ്ഞു. ഒന്നാമതായി, ജോലി ഭാരം വർധിച്ചു. രണ്ടാമതായി, വീട്ടിൽ തന്നെ ഇരിക്കുന്നത് കൊണ്ട് പുരുഷന്മാരുടെ പല മാനസിക പ്രശ്നങ്ങളും വല്ലാതെ വർധിച്ചതായി സ്ത്രീകൾ പറഞ്ഞു. ഉദാഹരണത്തിന് സംശയ രോഗം പോലുള്ളവ വർധിച്ചത് കുടുംബ പ്രശ്നങ്ങളിലേക്ക് നയിച്ചതായി സ്ത്രീകൾ പറഞ്ഞു.
  • തൊഴിലുറപ്പു പരിപാടിയിൽ പങ്കെടുത്തിരുന്ന പല സ്ത്രീകളും കടുത്ത മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങളിലൂടെ കടന്നു പോയി എന്നാണു മനസ്സിലായത്. തൊഴിൽ ഇനിയും ലഭിക്കുമോ എന്ന പേടി, കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും എന്ന പേടി, കേന്ദ്രത്തിൽ നിന്നും കിട്ടേണ്ട പൈസ കിട്ടുമോ എന്ന പേടി, ഈ സ്ഥിര വരുമാനം കണ്ടു എടുത്ത കടങ്ങൾ വീട്ടാൻ കഴിയുമോ, പണയം വെച്ച പണ്ടങ്ങൾ നശിച്ചു പോകുമോ എന്നൊക്കെ ഉള്ള സാമ്പത്തിക അനിശ്ചിതാവസ്ഥ ഈ സ്ത്രീകളെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

ട്രാൻസ്‍ജൻഡർ പ്രശ്നങ്ങൾ

  • പല ട്രാൻസ്‍ജൻഡർ ജനങ്ങളും വീട്ടിൽ നിന്നും പുറത്താക്കിയ സാഹചര്യത്തിൽ വാടക വീട്ടിലോ  ലോഡ്ജുകളിലോ താമസിക്കുന്നവരാണ്.  കോവിടും ലോക്ക് ടൗണും ആയതോടെ, അവരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. സാമൂഹ്യ നീതി വകുപ്പ് പെട്ടെന്ന് തന്നെ ഇവരെ, കേരളത്തിലെ നാല് TG  ഹോമുകളിലേക്കു മാറ്റി പാർപ്പിക്കുകയായിരുന്നു.
  • ഭക്ഷണ കിറ്റും, മറ്റു സൗകര്യങ്ങളും എല്ലാ TG  ക്കാർക്കും  നൽകാൻ കഴിഞ്ഞിട്ടുണ്ട്.
  • സര്‍ജറി തുടങ്ങിയവർക്ക് അത് മുഴുമിപ്പിക്കാൻ കഴിയാത്ത അവസ്ഥ മാത്രം ബാക്കി നിൽക്കുന്നു. യാത്രയും, ആശുപത്രികളിലേക്കുള്ള പ്രവേശനവും, സാരമായി ബാധിച്ചിട്ടുണ്ട്.

കുട്ടികളുടെ പ്രശ്നങ്ങൾ

  • കുട്ടികൾ പൊതുവെ സന്തോഷത്തിലാണ്. അച്ഛനും അമ്മയും വീട്ടിൽ തന്നെ കിട്ടുന്ന സന്ദർഭം, ആയതുകൊണ്ടും, സ്കൂളിലേക്ക് പോകേണ്ട, പഠിക്കു, പഠിക്കു എന്ന് ആരും പറയാത്തത് കൊണ്ടും കുട്ടികൾ പൊതുവെ സന്തോഷത്തിലാണ്.
  • കുട്ടികളുടെ ഓൺലൈൻ ക്ലാസ്സുകളും മറ്റു സംവിധാനങ്ങളും അവർ ഏറെ ആസ്വദിക്കുന്നുണ്ട്.
  • പോക്‌സോ കേസുകളുടെ എണ്ണം കുറഞ്ഞിട്ടുള്ളതായി കണക്കുകൾ കാണിക്കുമ്പോളും, നമ്മുടെ Whatsaap  ഗ്രൂപ്പിൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  • വളരെ കുറച്ചെങ്കിലും POCSO കേസുകൾ ഇല്ലാതില്ല. (അനുബന്ധം)
  • അങ്കണ വാടികളിൽ നിന്നും വീടുകളിൽ ആഹാരം എത്തിക്കുന്നത് വളരെ ആശ്വാസമായി അമ്മമാരും കുട്ടികളും അഭിപ്രായപ്പെട്ടു .

നിർദേശങ്ങൾ

  1. സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന ഗാർഹിക പീഡനത്തിനു പ്രതിവിധി കാണേണ്ടതുണ്ട്. ബോധവൽക്കരണം, WPO മാരുടെ ഇടപെടൽ,സ്ത്രീകൾക്ക് ഇന്നുള്ള whatsup  പോലുള്ളവ നിലനിർത്തൽ, അംഗൻവാടി, കുടുംബശ്രീ പ്രവർത്തകരുടെ നിരന്തരമായ ഇടപെടലും, അന്വേഷണവും അത്യാവശ്യമാണ്. വനിതാ സെല്ലിലെ പോലീസുകാരികൾ, ഇത്തരം പ്രശ്ന ഇടങ്ങളിൽ പെട്രോൾ ചെയ്യുന്നതും ഇത്തരം പ്രവണതകളെ കുറക്കാൻ സഹായിക്കും.
  2. മദ്യപാനം നിർത്തിയത് ഗാർഹിക പീനത്തിൽ കുറവ് വരുത്തിയിട്ടുണ്ട് എന്നത് വളരെ പ്രകടമായി വരുന്ന ഒരു വിവരമാണ്. സ്ത്രീകൾ സമാധാനപരമായി ജീവിക്കുന്നുണ്ടെന്നു അവർ തന്നെ അറിയിക്കുകയുണ്ടായി. ഇത് പരിഗണിച്ച് മദ്യഷോപ്പുകൾ ഇനി തുറന്നു പ്രവർത്തിക്കരുത് എന്ന നിർദേശം ഉണ്ട്.
  3. ഗർഭിണികൾ, Transgender  ജനങ്ങൾ എന്നിവർക്ക് മെഡിക്കൽ കോളേജിലേക്കും, മറ്റു ആശുപത്രികൾക്കും പോകാനുള്ള പേടി കണക്കിലെടുത്തു കൊണ്ട്,  സ്ത്രീകളുടെപ്രസവം, ഗർഭ ഛിദ്രം, TG  യുടെ ആരോഗ്യ പ്രശ്നങ്ങൾ  എന്നിവ കോവിഡ് പരിശോധിക്കുന്ന ആശുപത്രികളിൽ നിന്നും മാറ്റി അതിനു വേറെ ആശുപത്രികൾ ( നിലവിലുള്ളവ തന്നെ) ഉപയോഗിക്കുന്ന രീതി അവലംബിക്കേണ്ടിയിരിക്കുന്നു.  താലൂക് ആശുപത്രീകളിലും PHC കളിലും ഇതിനുള്ള സംവിധാനങ്ങൾ സാധ്യമാണോ എന്ന് നോക്കേണ്ടതാണ്.)
  4. മൽസ്യ മേഖല, ആദിവാസി മേഖല എന്നിവയിൽ നില നിൽക്കുന്ന സാമ്പത്തിക പിന്നോക്കാവസ്ഥ കണക്കിലെടുത്തു,  ഈ പ്രദേശങ്ങളിൽ മാത്രം, നാപ്കിനുകൾ സപ്ലൈ ചെയ്യാവുന്നതാണ്.  മെഡിക്കൽ ഷോപ്പുകൾ തുറക്കുമ്പോളും ജോലി ഇല്ലാത്തത് കൊണ്ട്, അവർക്കു വാങ്ങൽ ശേഷി കുറഞ്ഞത് പരിഗണിച്ചാണ് ഈ നിർദേശ0 വെക്കുന്നത്.  അങ്കണവാടികൾ, കുടുംബശ്രീ, അയൽ ക്കൂട്ടങ്ങൾ മുഖേന  ഇതിന്റെ വിതരണം ആവശ്യക്കാർക്ക് നൽകാവുന്നതാണ്.   ഡിസാസ്റ്റർ മാനേജ്‌മന്റ് ഇതിനു സഹായകമാകുമോ എന്ന് പരിശോധിക്കാവുന്നതാണ്.
  5. ലോക്ക് ടൗണിന്റെ കാലഘട്ടത്തിൽ കുറച്ചു പോക്‌സോ കേസ് പ്രതികളെ ജയിൽ വിമോചിതരാക്കിയിട്ടുണ്ട്. അവർ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി, whatsup കോളുകളിൽ വരുന്നുണ്ട്. abuser ഉം abused  ഉം ഒരേ കൂരക്കീഴിൽ ജീവിക്കുന്നത് പെൺകുട്ടികൾക്കും, സ്ത്രീകൾക്കും ഒട്ടും സുരക്ഷിതം അല്ല.  ഈ ഒരു സാഹചര്യത്തിൽ പോക്‌സോ കേസ്സ് പ്രതികളെ ജയിൽ വിമോചിതരാക്കുന്നതു അപകടകരമാണ്. അവരെ ജയിലിൽ തന്നെ നിലനിർത്തി , മാറ്റി  ക്വാറന്റൈൻ ചെയ്യുവാനുള്ള സംവിധാനം ചെയ്യേണ്ടതാണ്.
  6. അതിഥി തൊഴിലാളികളുടെ പാർപ്പിടത്തിൽ സ്ത്രീകളുടെ സാനിറ്റേഷൻ ഉറപ്പു വരുത്തുകയും, ആവശ്യമെങ്കിൽ അവർക്കും സാനിറ്ററി പാടുകൾ ലഭ്യമാക്കുകയും ചെയ്യണം.
  7. ഗാർഹിക പീഡനം  അനുഭവിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ പോലീസിന്റെ ഭാഗത്ത് നിന്ന് കുറച്ചു കൂടി അനുഭാവപൂർവമായ സമീപനം ഉറപ്പുവരുത്തണം. പല സ്ത്രീകളും ഭർത്താക്കന്മാരെ അറസ്റ്റ് ചെയ്യിക്കുന്നതിനോട് യോജിക്കുന്നില്ല. ചെറിയ തോതിൽ ഒരു ഭീഷണി മാത്രമേ അവർ ഉദ്ദേശിക്കുന്നുള്ളൂ. എന്തും സ്ത്രീകളോട് ആവില്ല എന്നും  സർക്കാരും പോലീസും അവരുടെ കൂടെ ഉണ്ട് എന്നും ഉള്ള ഒരു ഉറപ്പു കൊടുത്താൽ മതിയാവും. ഇപ്പോൾ പലസ്ത്രീകളും പരാതിപ്പെടുന്നത് പോലീസ് പലപ്പോഴും പുരുഷന്മാരുടെ കൂടെ നിൽക്കുന്നു എന്നാണു. അതിനൊരു മാറ്റം ഉണ്ടാവണം.
  8. മദ്യപാനത്തിനിൽ നിന്നും മറ്റു ലഹരി പദാർത്ഥങ്ങളിൽ നിന്നും പുറത്തു വരാൻ തയ്യാറായ ഒരു വലിയ കൂട്ടം ഇപ്പോൾ നമ്മുടെ കൂടെയുണ്ട്. അവർക്കു ‘വിമുക്തി’ പോലുള്ള പരിപാടികൾ കൂടുതലായി ശക്തമാക്കുകയും, ഇത്തരം സാമൂഹ്യവിപത്തിൽ നിന്നും പുറത്തു വരാൻ താൽപര്യമുള്ളവരെ സഹായിക്കുന്ന രീതിയിൽ വ്യാപകമാക്കുകയും വേണം.
  9. ഇതിനായി കൗൺസിലിങ് പരിശീലനം ലഭിച്ചവരെ നിയമിച്ചു കൗൺസിലിങ് ശക്തമാക്കണം.
  10. സ്ത്രീകളുടെ വീട്ടു ജോലിയുടെ സമയം കുറക്കുകയും അതിലെ മടുപ്പു ഇല്ലാതെ ആക്കുവാനും, പുരുഷന്മാർക്ക് പാചക ക്ലാസ്സുകൾ (ഓൺലൈൻ) സർക്കാർ തലത്തിൽ തന്നെ, രജിസ്റ്റർ ചെയ്തു പരിശീലിപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ ഉള്ള സന്ദർഭങ്ങളിൽ അത് പുരുഷന്മാരെയും വീട്ടിലെ സ്ത്രീകളെയും സഹായിക്കും എന്ന് മാത്രമല്ല പുരുഷന്മാരുടെ സ്വയം പര്യാപ്തതയെയും ഇത് സഹായിക്കും.
  11. ഗാർഹിക പീഡനത്തിനിരയാവുന്നവർക് ഉടനെ ചികിത്സാ സഹായം (വാഹനം ഉൾപ്പെടെ) കൊടുക്കേണ്ടതാണ്.
  12. സ്ത്രീകൾക്ക് ഇന്നും, എന്നും ഉള്ള വീട്ടുജോലിയുടെ മടുപ്പു തീരുവാൻ, അവർക്കു കിട്ടുന്ന സമയത്ത്, ഇനി വരുന്ന കാർഷിക പ്രവർത്തികളിൽ അവരെ പൂർണമായി ഉൾപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, ഒന്നിച്ച് കൂടാനും, പ്രശ്നങ്ങൾ മാത്രമല്ല, അറിവുകളും, മറ്റും പങ്കു വെക്കാനും ഉള്ള രീതിയിലുള്ള പൊതു ഇടങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ലോക്ക് ഡൌൺ സമയത്തു സ്ത്രീകൾക്ക് മാത്രമായി പല ക്ലാസ്സുകളും, ചർച്ചകളും നടക്കുന്നുണ്ട്.  അത് തുടരേണ്ടതുണ്ട്. അതുപോലെ, ലോക്ക് ഡൌൺ കാലത്ത്, പല സ്ത്രീകളും അവരുടെ ഒളിഞ്ഞു കിടന്ന കഴിവ് പ്രദർശിപ്പിച്ചു, ചിത്രങ്ങൾ വരക്കുകയും, കവിത, കഥ പോലുള്ള രചനയിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. , അവർക്കു അത് പ്രസിദ്ധീകരിക്കുന്ന രീതിയിലുള്ള ഓൺലൈൻ മാഗസീനുകൾ സർക്കാർ തലത്തിൽ (വനിതാശിശു വികസനവകുപ്പിന്റെ കീഴിൽ) നടത്തേണ്ടതുണ്ട്.
  13. കോവിടിനുശേഷം, സർക്കാർ ഉദ്ദേശിക്കുന്ന “സമൃദ്ധി” പോലുള്ള കാർഷിക വികസനത്തിൽ തൊഴിലുറപ്പുകാരുടെ തൊഴിൽ ഉറപ്പു വരു‌ത്തേണ്ടതുണ്ട്.
  14. വനിതാ വികസന വകുപ്പിന്റെ കീഴിലുള്ള കേരള വുമൺ പോർട്ടലിൽ കോവിട് കാലത്തിൽ സ്ത്രീകളുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കാനുള്ള  ഇടം കൊടുക്കേണ്ടതുണ്ട്.

അനുബന്ധം

  1. Data comparison before and after lockdown
  2. Date wise classification of calls from March 23rd to April 12th updated
  3. Bhoomika Case details
  4. Covid 19 – Crime Data Analysis – Police Department
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആഫ്രിക്കൻ പന്നിപ്പനി ഇന്ത്യയിലുമെത്തി – സംസ്ഥാനത്തും കരുതൽ
Next post സ്വകാര്യത സ്വ -കാര്യമാണോ?
Close