ചെങ്കല്ല്, മണൽക്കല്ല്, കരിങ്കല്ല്

നാം ജീവിക്കുന്ന ഭൂമി ഭൂമിശാസ്ത്രപഠന പരിപാടിയിലെ കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്ന മൊഡ്യൂളിലെ നാലാംഭാഗം. ചെങ്കല്ല്, മണൽക്കല്ല്, കരിങ്കല്ല് എന്നിവയെ പരിചയപ്പെടാം

1. ചെങ്കല്ല്

കേരളത്തിലെ ഒരു പ്രധാനപ്പെട്ട അവസാദശില ആണ് ചെങ്കല്ല്. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഇത് ധാരാളം കണ്ടുവരുന്നു. ഇതിൻറെ ഉപരിതലം വളരെ കാഠിന്യമേറിയതാണ്. താഴോട്ട് ചെല്ലുംതോറും ഇതിൻറെ കാഠിന്യം കുറഞ്ഞു വരുന്നു. മഴയും വെയിലും ഇടവിട്ട് ലഭിക്കുന്ന കാലാവസ്ഥ പ്രദേശങ്ങളിലാണ് ചെങ്കല്ല് രൂപംകൊള്ളുന്നത്. ഇത്തരം കാലാവസ്ഥാ പ്രദേശങ്ങളിലെ കരിങ്കല്ല് പോലുള്ള ശിലകൾക്ക് അപക്ഷയം സംഭവിക്കുമ്പോൾ ചെങ്കല്ല് ഉണ്ടാകുന്നു.

ഇഷ്ടികയുടെ ആകൃതിയിൽ അനായാസേന മുറിച്ചെടുക്കാൻ സാധിക്കുന്നതിനാൽ ചെങ്കല്ല്, നിർമ്മാണ ആവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ധാരാളം സുഷിരങ്ങൾ ഉള്ളതിനാൽ ചെങ്കൽ പ്രദേശങ്ങൾ ഭൂജലസംഭരണികൾ ആയി വർത്തിക്കുന്നുണ്ട്.

2. മണൽക്കല്ല്

മണൽതരികൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന പാറകളാണ് മണൽക്കല്ല്. പാറകൾക്ക് അപക്ഷയം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന മണൽതരികൾ ഒഴുകുന്ന വെള്ളം, കാറ്റ് എന്നിവ വഹിച്ചു കൊണ്ടു പോയി നിക്ഷേപിച്ചാണ് ഇത്തരത്തിൽ മണൽക്കല്ല് രൂപംകൊള്ളുന്നത്.വർഷങ്ങളോളം ഇങ്ങനെ മണൽത്തരികളുടെ നിക്ഷേപം നടക്കുമ്പോൾ അടിഭാഗത്തുള്ള മണൽതരികൾ മർദ്ദം മൂലം മണൽ കല്ലായി തീരുന്നു.മണൽതരികൾക്കിടയിലൂടെ കടന്നുപോകുന്ന ജലത്തിലെ ധാതുക്കൾ തരികൾക്കിടയിൽ അടിയുന്നത് മൂലം ഇവയ്ക്ക് ദൃഢത കൂടുന്നുണ്ട്.

അടിഞ്ഞുകൂടുന്ന ധാതുക്കളുടെ നിറം അനുസരിച്ച് വിവിധ നിറങ്ങളിലുള്ള മണൽ കല്ലുകൾ പ്രകൃതിയിൽ ഉണ്ട് ഇവ നിർമ്മാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു ഉദാഹരണമായി ഡൽഹിയിലെ ചെങ്കോട്ട പണിതിരിക്കുന്നത് ചുവന്ന മണൽകല്ല് ഉപയോഗിച്ചാണ് .

3. കരിങ്കല്ല്

മാഗ്മ അല്ലെങ്കിൽ ലാവാ തണുത്തുറഞ്ഞ രൂപംകൊള്ളുന്ന പാറകളെയാണ് പൊതുവായി കരിങ്കല്ല് എന്നു വിളിക്കുന്നത് ഗ്രാനൈറ്റ്, gabbro, ബസാൾട് ,ഡോളറൈറ്റ് തുടങ്ങിയവ ആഗ്നേയശില വിഭാഗത്തിൽപെട്ട കരിങ്കല്ലുകൾ ആണ്. എന്നാൽ കായാന്തരിത വിഭാഗത്തിൽപ്പെട്ട ശിലകളെയും കരിങ്കല്ല് എന്ന് വിളിക്കാറുണ്ട് . നയിസ്, ചാർനകയിറ്റ് എന്നിവ ഇത്തരം കരിങ്കല്ലുകൾക്ക് ഉദാഹരണമാണ്.

വളരെ ഉറപ്പേറിയതിനാൽ കെട്ടിടങ്ങളുടെ അടിത്തറ, റോഡ് നിർമ്മാണം, കടൽഭിത്തി നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്ക് കരിങ്കല്ല് ഉപയോഗിക്കുന്നു. വിള്ളലുകളും പൊട്ടലുകളും ഇല്ലാത്ത കരിങ്കല്ല് സ്ലാബുകൾ ആയി മുറിച്ചെടുത്ത് തറയിൽ പാകുന്നതിന് ഉപയോഗിക്കുന്നുണ്ട്.

സ്ലൈഡുകള്‍ കാണാം

പ്രവർത്തനം 4

ചെങ്കല്ല്, കരിങ്കല്ല് എന്നിവ തമ്മിൽ തുടർച്ച കാണപ്പെടുന്ന പ്രദേശം സന്ദർശിച്ചു അവിടത്തെ പ്രത്യേകതകൾ എഴുതുക. ഇവ തമ്മിലുള്ള വ്യത്യാസത്തിന് കാരണമെന്ത്?


തയ്യാറാക്കിയത്

എ.ഗോപിനാഥൻ നായർ

ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, ഗവ. കോളേജ്, കാസറഗോഡ്.

നാം ജീവിക്കുന്ന ലോകം – മറ്റു പേജുകള്‍ വായിക്കാം.

0. നാം ജീവിക്കുന്ന ഭൂമി -ആമുഖം
1.കല്ലിനുമുണ്ടൊരു കഥ പറയാൻ –
2. വീണ്ടും ചില ഭൂമിക്കാര്യങ്ങൾ
3. കടൽ, കാറ്റ്, മഴ
4. ജലവും ജീവനും
5. ഇന്ത്യയും കേരളവും.

 

 

Leave a Reply