Read Time:17 Minute

ഫഹദ് മര്‍സൂക്ക്

ഫഹദ് മര്‍സൂക്ക് – കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി

നമ്മളതിജീവിച്ച മഹാപ്രളയത്തിന്റെ ഓർമ്മകൾക്ക് ഒരു വര്‍ഷമാവുകയാണ്. 2018 ലെ പ്രളയത്തെ വസ്തുതകളുടെയും ലഭ്യമായ ഡേറ്റകളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ലേഖനത്തിന്റെ ഒന്നാംഭാഗം

ചിത്രം കടപ്പാട് : വിക്കിപീഡിയ
[dropcap]കേ[/dropcap]രളത്തിന്റെ  എഴുതപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു 2018ലെ മഹാപ്രളയം. ‘കാലാവസ്ഥ വ്യതിയാനം’ എന്ന പദവും അത് സൃഷ്ടിക്കുന്ന തീവ്ര കാലാവസ്ഥ പ്രതിഭാസങ്ങളും പ്രകൃതി ദുരന്തങ്ങളും ലോകത്തിലെ ഏറ്റവും ചൂടേറിയ ചർച്ചാ വിഷയമായിരിക്കുന്ന കാലഘട്ടത്തിൽ ലോക കാലാവസ്ഥ ഭൂപടത്തിൽ സവിശേഷമായ സ്ഥാനമുള്ള ഒരു കുഞ്ഞ് ഭൂപ്രദേശത്ത് സംഭവിക്കുന്ന ദുരന്തത്തെ പ്രാധാന്യത്തോടെ തന്നെ കാണേണ്ടതുണ്ട്. കാലാവസ്ഥ പ്രതിഭാസങ്ങളിലെ അദ്‌ഭുതങ്ങളിലൊന്നായ ഇന്ത്യൻ മൺസൂൺ ആദ്യമെത്തുന്ന ഇന്ത്യയിലെ പ്രദേശമാണ് കേരളം. ലോകത്തിലെ ഏറ്റവുമധികം മനുഷ്യർ അവരുടെ കുടിവെള്ള, കാർഷിക, വ്യാവസായിക ആവശ്യങ്ങൾക്കും അതിജീവനത്തിനും വേണ്ടി ആശ്രയിക്കുന്ന കാലാവസ്ഥ പ്രതിഭാസമാണ് ഇന്ത്യൻ മൺസൂൺ. അതുകൊണ്ട് തന്നെ ലോകത്തെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ഘടനകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള മൺസൂണിലെ വ്യതിയാനങ്ങളെ അത് നേരിട്ട് ബാധിക്കുന്ന രാഷ്ട്രങ്ങൾക്ക് പുറമെയുള്ളവരും വളരെ ശ്രദ്ധയോടെ നോക്കിക്കാണുന്നുണ്ട്.

കേരളം – പ്രളയത്തിനു മുമ്പും പ്രളയത്തിനു ശേഷവും | നാസ എര്‍ത്ത് ഒബ്സര്‍വേറ്ററി എടുത്ത ചിത്രം  കടപ്പാട് : വിക്കിപീഡിയ

മഹാപ്രളയത്തിലേക്ക് നയിച്ച മഴയെ സംബന്ധിച്ചുള്ള വിവരങ്ങൾ

ഇന്ത്യയിൽ തന്നെ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. നമ്മുടെ മഴക്കാലമായ തെക്ക് പടിഞ്ഞാറൻ കാലവർഷം ആദ്യമെത്തുന്ന സംസ്ഥാനവും കേരളം തന്നെ. ഇടവപ്പാതി (തെക്ക് പടിഞ്ഞാറൻ മൺസൂൺ) തുലാവർഷം (വടക്ക് കിഴക്കൻ മൺസൂൺ) എന്നിങ്ങനെ രണ്ട് മഴ സീസണുകളാണ് കേരളത്തിനുള്ളത്. ഇതിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ തുടരുന്ന ഇടവപ്പാതിയാണ് സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ ഏറിയ പങ്കും നൽകുന്നത്. 2018 ലെ ഇടവപ്പാതിയിൽ വന്ന അപ്രതീക്ഷിത വ്യതിയാനങ്ങളാണ് കേരളത്തെ മഹാപ്രളയത്തിലേക്ക് നയിച്ചത്. സീസണിൽ കേരളത്തിൽ ആകെ ലഭിച്ച മഴ 2516.1 മില്ലി മീറ്ററാണ്. കേരളത്തിൽ പ്രതീക്ഷിക്കാവുന്ന സാധാരണ മഴ (Normal- Long Period Average) 2039.6 മില്ലി മീറ്ററാണ്. തെക്ക് പടിഞ്ഞാറൻ മൺസൂണിൽ (2018 ജൂൺ മുതൽ സെപ്റ്റംബർ) ആകെ 23% വർധനവാണ് ഉണ്ടായതെങ്കിലും മഴ ദിനങ്ങളുടെ എണ്ണവും മഴ ദിനങ്ങളിൽ പെയ്ത മഴയുടെ അളവുകളുമാണ് പ്രധാനമായും പരിശോധിക്കേണ്ടത്.

2018 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ മഴ | കടപ്പാട് : imd tvm

2018 ലെ കാലവർഷക്കെടുതിയെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. 

  • മെയ് 29 ന് തുടങ്ങിയ കാലവർഷം ജൂൺ ആദ്യത്തിൽ തന്നെ ശക്തി പ്രാപിക്കുകയും മിക്ക ജില്ലകളിലും സാധാരണ മഴയേക്കാൾ (Normal rainfall – Long Period Average) അധിക മഴ ലഭിക്കുകയും ചെയ്തു. ജൂൺ 14 ന് കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടലുണ്ടാവുകയും 14 പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
  • ജൂലൈ 7 മുതൽ രണ്ടാം ഘട്ടം ആരംഭിച്ചു . ശക്തമായ മഴയെ തുടർന്ന് മീനച്ചിലാർ ഉൾപ്പെടെ കരകവിഞ്ഞൊഴുകുകയും കോട്ടയം, ആലപ്പുഴ ജില്ലകൾ പ്രളയത്തിലാവുകയും ചെയ്തു. സംസ്ഥാനത്തെ ഒട്ടുമിക്ക ഡാമുകളും നിറയുകയും ചില ഡാമുകളിൽ നിന്ന് വെള്ളം പുറത്ത് വിടുന്ന സ്ഥിതിവിശേഷവുമുണ്ടായി.
  • ജൂലൈ അവസാനത്തോടെ മഴക്ക് ശമനം വരികയും മഴക്കാല കെടുതികളെ സംബന്ധിച്ച് കേരളത്തിന്റെ മെമ്മോറാണ്ടം അനുസരിച്ച് നഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം എത്തുകയും ചെയ്ത ഓഗസ്റ്റ് മാസത്തിലാണ് എല്ലാ പ്രവചനങ്ങളേയും കാറ്റിൽ പറത്തി മഹാപ്രളയമെത്തിയത്. ഒട്ടുമിക്ക ജില്ലകളിലും അതിതീവ്ര (extremely heavy) മഴ പെയ്തിറങ്ങുകയും കേരളം വെള്ളത്തിൽ മുങ്ങുകയും ചെയ്തത് ഓഗസ്റ്റ് 8 നും 17 നും ഇടയിൽ പെയ്ത അതിതീവ്രമഴയിലാണ്.
ഓഗസ്റ്റ് 13 മുതൽ 20 വരെ കേരളത്തിൽ പെയ്ത മൺ‌സൂൺ മഴ |കടപ്പാട് : നാസ

ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദങ്ങൾ സാധാരണ ഗതിയിൽ തന്നെ മൺസൂൺ മഴയെ ശക്തിപ്പെടുത്താറുണ്ട്. ജൂണിലും ജൂലായിലും ഓഗസ്റ്റിലുമായി കേരളത്തിൽ അധിക മഴ പെയ്തപ്പോഴെല്ലാം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദങ്ങൾ ഉണ്ടായിരുന്നു. ജൂൺ 10 ന് രൂപം കൊണ്ട ന്യൂനമർദമാണ് (depression) ആദ്യത്തെ തീവ്ര മഴയിലേക്ക് നയിച്ചതെങ്കിൽ ജൂലൈ 21 രൂപം കൊണ്ട ന്യൂനമർദം ജൂലൈയിലെ വെള്ളപ്പൊക്കത്തിന് കാരണമായി. ഓഗസ്റ്റ് മാസത്തിൽ രണ്ട് ന്യൂനമർദങ്ങളാണ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പറയുന്നത് 2018 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ സീസണിൽ ജൂൺ മാസത്തിൽ 15% അധിക മഴയും ജൂലൈ മാസത്തിൽ 18% അധിക മഴയും ഓഗസ്റ്റ് മാസത്തിൽ 96% അധിക മഴയുമാണ് കേരളത്തിൽ പെയ്തത്. സെപ്റ്റംബറിലാകട്ടെ സാധാരണ മഴയിൽ നിന്ന് 64% കുറവുണ്ടാവുകയും ചെയ്തു.

മഴയുടെ തോത്
മഴയുടെ തോത് ജില്ലാടിസ്ഥാനത്തില്‍ – 2018ജൂൺ1  – 2018 1 ഓഗസ്റ്റ്  7 |കടപ്പാട്  India Meteorological Department

ഇതെല്ലാം കേരളത്തിലെ കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിൻറെ 68 മഴ മാപിനികളിൽ രേഖപ്പെടുത്തപ്പെട്ട മഴയുടെ അടിസ്ഥാനത്തിൽ ഏരിയ ആവറേജ് ചെയ്ത് കണക്കാക്കിയതാണ്. [box type=”warning” align=”” class=”” width=””]കേരളത്തിലെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഈ 68 മഴ മാപിനികളിൽ മഹാഭൂരിപക്ഷവും സ്ഥാപിച്ചിട്ടുള്ളതാകട്ടെ നമ്മുടെ തീരപ്രദേശങ്ങളിലും മറ്റുമൊക്കെയാണ്. മിക്ക വനപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും പെയ്യുന്ന മഴയുടെ അളവ് കൃത്യമായി മനസ്സിലാക്കാൻ നിലവിൽ കേരളത്തിന് പ്രയാസമുണ്ട്.[/box] ഉദാഹരണത്തിന് കോഴിക്കോട് ജില്ലയിലെ കാര്യമെടുത്താൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വെറും 3 മഴ മാപിനികളാണുള്ളത്. കോഴിക്കോട്, വടകര, കൊയിലാണ്ടി എന്നീ 3 മഴ മാപിനികളും തീരദേശ ബെൽറ്റിലാണ്. കോഴിക്കോട് കഴിഞ്ഞ സീസണിൽ ഏറ്റവും പ്രയാസങ്ങൾ സൃഷ്ടിക്കപ്പെട്ട മലയോര മേഖലയിൽ പെയ്ത മഴയുടെ ഔദ്യോഗിക കണക്ക് നമുക്ക് ലഭ്യമല്ല എന്ന് തന്നെ!

നമ്മുടെ വൈവിധ്യങ്ങൾ ഇപ്പോഴുള്ളത്ര നിരീക്ഷണങ്ങൾ ഉപയോഗിച്ചുള്ള ഏരിയ ആവറേജിംങ് കൊണ്ട് പൂർണമായും അഡ്രെസ്സ് ചെയ്യാൻ പറ്റുന്നതിലും സങ്കീർണ്ണമാണ്. അതായത് യഥാർത്ഥത്തിൽ പെയ്ത മഴയുടെ അളവും ആ മഴ വഴി നമ്മുടെ ഉപരിതലത്തിൽ എത്തിയിട്ടുണ്ടാകുന്ന വെള്ളത്തിന്റെ അളവും ഇതിലും എത്രയോ കൂടുതലായിരിക്കും.

[box type=”info” align=”” class=”” width=””]ഓഗസ്റ്റ് 1 മുതൽ 19 വരെ കേരളത്തിൽ പെയ്ത 758.6 മില്ലിമീറ്റർ ശരാശരി മഴയെന്നത് സാധാരണ മഴയുടെ 164% അധികമഴയായിരുന്നു. ജൂണിലും ജൂലായിലും അധിക മഴ പെയ്ത ഒരു സീസണിൽ ഓഗസ്റ്റിൽ ഇത്രയധികം അസാധാരണമായ അധിക മഴ പെയ്തതാണ് കേരളത്തെ മഹാപ്രളയത്തിലേക്ക് നയിച്ച കാരണം.[/box]

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ (IMD) 143 വർഷത്തെ മഴ വിവരങ്ങളുടെ ചരിത്രത്തിൽ പല റെക്കോർഡുകളും തിരുത്തിക്കുറിച്ചാണ് 2018 ലെ ഇടവപ്പാതി കടന്നു പോയത്. പല സ്റ്റേഷനുകളിലും മുൻകാല റെക്കോർഡുകൾ പഴങ്കഥയായി. സവിശേഷമായ കാര്യമെന്തെന്നാൽ പലയിടത്തും ഒരു മാസത്തിൽ തന്നെ അതിതീവ്ര മഴ പെയ്ത ദിവസങ്ങളുടെ എണ്ണത്തിലെ റെക്കോർഡ് ഭേദിക്കപ്പെട്ടു. മൂന്നാറിലും (3ദിവസം) ഇടുക്കിയിലും (2ദിവസം) പീരുമേടും (3ദിവസം) പഴയ ചരിത്രം വഴി മാറി. ഇടുക്കി ജില്ലയിലെ പീരുമേട് സ്റ്റേഷനിൽ ഓഗസ്റ്റ് 16 ന് രേഖപ്പെടുത്തപ്പെട്ട ഒരു ദിവത്തെ മഴ 349 mm ആയപ്പോൾ പഴങ്കഥയായത് 1924 ജൂലായ് 15 ലെ 313.7 mm എന്ന റെക്കോർഡായിരുന്നു. ഇനി 48 മണിക്കൂറിലെ കാര്യമെടുത്താലും ഇവിടെ റെക്കോർഡ് ഭേദിക്കപ്പെട്ടു. 2018 ഓഗസ്റ്റ് 15-16 തീയതികളിലായി കിട്ടിയ 643 mm മഴ 2007 June 22- 23 ലെ 590.0mm എന്ന റെക്കോർഡിനെയാണ് മറികടന്നത്. (കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ 24 മണിക്കൂറിലെ മഴ രേഖപ്പെടുത്തുക പകൽ 8 മണിക്കാണ്. അതായത് ഇന്നത്തെ മഴ എന്നത് ഇന്നലെ രാവിലെ 8 മുതൽ ഇന്ന് രാവിലെ 8 മണി വരെ പെയ്യുന്ന മഴയാണ്)

Kerala Flood
2018 ലെ പ്രളയം – അങ്കമാലിയില്‍ നിന്നുള്ള കാഴ്ച | കടപ്പാട് : വിക്കിമീഡിയ കോമണ്‍സ്

ഓഗസ്റ്റിലെ മഴയിലേക്ക് മാത്രം വന്നാൽ ആദ്യം ശക്തമായ മഴ ലഭിച്ചത് ഓഗസ്റ്റ് 8, 9 തീയ്യതികളിലാണ്. ഓഗസ്റ്റ് 8 ന് സാധാരണ പെയ്യാറുള്ള മഴയേക്കാൾ 316% അധിക മഴ (60 mm) ഓഗസ്റ്റ് 9 ന് 377% (66 mm) അധിക മഴയുമാണ് പെയ്തത്! ഇതിൻറെ പ്രാദേശിക വിതരണ സ്വഭാവം കൂടി പരിഗണിക്കേണ്ടതുണ്ട്.

[box type=”warning” align=”” class=”” width=””]മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ IMD യുടെ മഴ മാപിനിയിൽ ഓഗസ്റ്റ് 9 ന് രേഖപ്പെടുത്തപ്പെട്ട ഒരു ദിവസത്തെ മഴയെന്നത് 398 മില്ലിമീറ്ററാണ്![/box]

ഓഗസ്റ്റ് 10 മുതൽ കുറഞ്ഞു തുടങ്ങിയ മഴ ഓഗസ്റ്റ് 13 നോട് കൂടി വീണ്ടും ശക്തിപ്പെട്ടു. ഓഗസ്റ്റ് 13 ന് സാധാരണ പെയ്യുന്ന മഴയേക്കാൾ (ആ ദിവസത്തെ ദീർഘകാല ശരാശരി മഴ) 154% അധിക മഴയായിരുന്നെങ്കിൽ പേമാരിയുടെ ഉച്ഛസ്ഥായിയിലെത്തിയ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയായിരുന്നു കേരളം കണ്ടത്. ഓഗസ്റ്റ് 16 ന് സാധാരണ മഴയുടെ 915% അധിക മഴയാണ് കേരളത്തിലെത്തിയത്! തുടർച്ചയായി രണ്ട് ദിവസം സംസ്ഥാനത്ത് 120 മില്ലിമീറ്ററിൽ അധികം ദിവസ മഴ രേഖപ്പെടുത്തപ്പെടുന്ന അവസ്ഥയുണ്ടായി. ഇതിൽ തന്നെ പ്രാദേശികമായ വിതരണവും മഴയുടെ തീക്ഷ്ണതയും പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്.ഓഗസ്റ്റ് 16 ന് മഴയളവ് ലഭ്യമായ 66 സ്റ്റേഷനുകളിൽ 15 സ്റ്റേഷനുകളിൽ അതിതീവ്ര മഴ (Extremely heavy) അഥവാ 200 മില്ലി മീറ്ററിൽ അധികം മഴ ലഭിക്കുന്ന അവസ്ഥയുണ്ടായി. ഈ 15 ൽ 5 സ്റ്റേഷനുകൾ (വടക്കാഞ്ചേരി, കുന്നംകുളം, ചാലക്കുടി, എനമക്കൽ, വെള്ളാനിക്കര ) തൃശൂർ ജില്ലയിലും (ജില്ലയിലെ ആകെ വിവരങ്ങൾ ലഭ്യമായ 7 മഴമാപിനികളിൽ ശേഷിക്കുന്ന രണ്ടെണ്ണത്തിലും 180 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് രേഖപ്പെടുത്തിയത്) 4 എണ്ണം (മണ്ണാർക്കാട്, ഒറ്റപ്പാലം, ആലത്തൂർ, തൃത്താല) പാലക്കാട് ജില്ലയിലും (ജില്ലയിലെ ആകെ വിവരങ്ങൾ ലഭ്യമായ മഴമാപിനികളുടെ എണ്ണം 9 ) മൂന്നെണ്ണം (പീരുമേട് 349 mm, മൂന്നാർ 291.8 mm ഇടുക്കി 295 mm ) ഇടുക്കി ജില്ലയിലും ശേഷിക്കുന്നവ വടകര 259.2 mm, പൊന്നാനി 272.4 mm പെരുമ്പാവൂർ 230 mm എന്നിവയുമായിരുന്നു. ആകെ 66 ൽ 52 മഴമാപിനികളിലും ഓഗസ്റ്റ് 16 ന് അതിശക്തമായ മഴ (Very heavy to Extremely Heavy) അഥവാ 115 mm മുതൽ 204.4 mm വരെയുള്ള അളവിലുള്ള മഴയാണ് പെയ്തത്. തൊട്ട് മുന്നേയുള്ള ദിവസമായ ഓഗസ്റ്റ് 15 ന് 66 ൽ 55 സ്റ്റേഷനുകളും (81% മഴമാപിനികൾ) അതിശക്തമായതോ അതിതീവ്രമായതോ ആയ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

[box type=”warning” align=”” class=”” width=””]ഈ മഴയുടെയെല്ലാം തീക്ഷ്ണത (Intensity) സംബന്ധിച്ചുള്ള വിവരങ്ങൾ അഥവാ ഓരോ മണിക്കൂറിലും എത്ര മഴയാണ് പെയ്തിറങ്ങിയതെന്ന വിവരം ലഭ്യമാക്കുവാനുള്ള സാങ്കേതിക സൗകര്യങ്ങൾ കേരളത്തിലെല്ലായിടത്തും കാലാവസ്ഥ വകുപ്പിനില്ല.[/box]

ഈ ലേഖനത്തിലെ മുഴുവൻ അനാലിസിസിനും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഔദ്യോഗിക ഡേറ്റയും അവർ പുറത്തിറക്കിയ മൺസൂൺ 2018 എന്ന റിപ്പോർട്ടുമാണ് ഉപയോഗിച്ചിട്ടുള്ളത്. കേരളത്തിന്റെ നിരന്തരാവശ്യം മാനിച്ച് കേന്ദ്ര സർക്കാർ പ്രളയനാന്തരം 100 AWS സ്റ്റേഷനുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതായി കേരളത്തിൽ സ്ഥാപിക്കുവാൻ തയ്യാറായിട്ടുണ്ട്. കേരള സർക്കാർ ആവശ്യമായ ഭൂമി ഏറ്റെടുത്ത് കൊണ്ടിരിക്കുകയാണ്. കൂടുതൽ നിരീക്ഷണ സംവിധാനങ്ങളുടെ കൂടി സഹായത്തോടെ മെച്ചപ്പെട്ട ലൈവ് മോണിറ്ററിങ് കേരളത്തിൽ ഉണ്ടായി വരികയാണ്. തത്സമയ വിവരങ്ങൾ നിരീക്ഷിച്ച് തീരുമാനങ്ങൾ എടുക്കാൻ വേണ്ടുന്ന സാങ്കേതിക സൗകര്യങ്ങൾ ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

മഹാപ്രളയത്തിലേക്ക് നയിച്ച കാലാവസ്ഥപരമായ ഘടകങ്ങൾ (Weather), അവയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ, പ്രളയത്തിന്റെ തീവ്രത കൂട്ടിയ ഘടകങ്ങൾ, അണക്കെട്ടുകളുടെ പങ്ക്, കേരളത്തിന്റെ ദുരന്ത നിവാരണ പ്രവർത്തനത്തിലെ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ചേർന്നുള്ള പരിശ്രമം, പുനർനിർമാണം എന്നിങ്ങനെയുള്ള ഭാഗങ്ങളാക്കി തിരിച്ചു ഈ ലേഖനത്തിന്റെ തുടര്‍ച്ചയായി എഴുതാം. ഈ ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ 1924 ലെ മഴയും 2018 ലെ മഴയും തമ്മിലെ  താരതമ്യം ചെയ്യാം.


അധികവിവരങ്ങള്‍ക്ക്

  1. Monsoon Report 2018 -India Meteorological Department
  2. SouthWest Monsoon Rainfall- 2018 – IMD TVM
Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post മൊബൈല്‍ ഫോണ്‍ റേഡിയേഷൻ അപകടകാരിയോ ?
Next post അഗോറ – ഹൈപേഷ്യയുടെ ജീവിതവും കാലവും
Close