Read Time:21 Minute


വിജയകുമാര്‍ ബ്ലാത്തൂര്‍

എ.ഡി നാലാം നൂറ്റാണ്ടിലെ അലക്സാൻഡ്രിയയിലെ മഹാഗ്രന്ഥാലയവും അത് ചുട്ടു കരിച്ച ക്രിസ്ത്യൻ പരബൊളാനി മത പടയാളികളും, ജ്യോതിശാസ്ത്രത്തിലെ അത്ഭുത പ്രതിഭയായിരുന്ന ഹൈപേഷ്യയുടെ ജീവിതവും അവർ അനുഭവിക്കേണ്ടി വന്ന യാതനയും പ്രമേയമായ സിനിമയാണ് അഗോറ. മതവും ലിംഗപദവിയും വഴിമുടക്കിനിന്നിട്ടും പതറാതെ മുന്നേറിയ ഹൈപേഷ്യ പുതിയ കാലത്തിലും നമുക്ക് മാതൃകയാണ്.

കേൾക്കാം

എഴുതിയത് : വിജയകുമാർ ബ്ലാത്തൂർ അവതരണം : ഷീന വി.കെ.

അഗോറ/2009/അൽഹന്ദ്രോ അമിനവർ/സ്പാനിഷ്/സ്പെയിൻ/Copyrighted Picture : Lions Gate Home Entertainment.

ക്രിസ്തുവിനുശേഷം നാലാം ശതകത്തിൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ ജീവിച്ചിരുന്ന ഹൈപേഷ്യ എന്ന തത്ത്വചിന്തകയുടെ ജീവിതത്തെക്കുറിച്ചാണ് ‘അഗോറ’ എന്ന സ്പാനിഷ് സിനിമ. ഗണിതം- ജ്യോതിശ്ശാസ്ത്രം എന്നിവയിൽ പണ്ഡിതയായിരുന്ന അവർ നിരന്തര പരീക്ഷണങ്ങളിലൂടെ പുതിയ പല കണ്ടെത്തലുകളും നടത്തി. അതുവരെ പിന്തുടർന്നിരുന്ന പ്ലാറ്റോണിക് ജ്ഞാനങ്ങളെ പിടിച്ചുലയ്ക്കുന്നവയായിരുന്നു അവ. ദൈവീക നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രഹങ്ങളും സൂര്യനും ഭൂമിയെ വലംവെയ്ക്കുന്നത് എന്നതായിരുന്നു അന്നു സർവകലാശാലകളിൽ പഠിപ്പിച്ചുകൊണ്ടിരുന്നത്. ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്നും, ഏറ്റവും പൂർണതയുള്ളത് വൃത്താകാരത്തിനാണെന്നും അതിനാൽ ദൈവനിർമിതികളിലെ പൂർണതയുള്ള എല്ലാ ചലനങ്ങളും വൃത്താകൃതിയിലേ തുടരൂ എന്നുമൊക്കെയുള്ള സിദ്ധാന്തങ്ങൾ.

Copyrighted Picture : Lions Gate Home Entertainment.

യുവതിയായ ഹൈപേഷ്യ അലക്സാൻഡ്രിയയിലെ മഹാവിദ്യാലയത്തിലെ പ്രൊഫസറാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നും വന്നിരിക്കുന്ന വിദ്യാർഥികൾക്ക് മുന്നിൽ സോദാഹരണം ക്ലാസ്സെടുക്കുന്ന ഹൈപേഷ്യയിലാണ് സിനിമ ആരംഭിക്കുന്നത്. പാഗൻ മതവിശ്വാസികൾക്കു പുറമെ ക്രിസ്ത്യാനികളും ജൂതരും ഒക്കെ പഠിതാക്കളായുണ്ട്. സമൂഹത്തിലെ ഉന്നതരുടെ മക്കളാണ് പലരും. ഭാവിയിലെ ഭരണാധികാരികളും മതമേലധ്യക്ഷരുമൊക്കെ ആകാനുള്ളവർ. ഹൈപ്പേഷ്യയേക്കാൾ പ്രായം കൊണ്ട് മുതിർന്നവരും –

“എന്തുകൊണ്ടാണ് നക്ഷത്രങ്ങൾ താഴോട്ട് വീഴാത്തത് എന്ന ചോദ്യം എത്രയോ വിഡ്ഢികൾ ഇതിനു മുന്നെ ചോദിച്ചിട്ടുണ്ട്.” എന്ന് പറയുന്ന ഹൈപേഷ്യ എന്തുകൊണ്ടാണ് ഭൂമിയിൽ വസ്തുക്കൾ താഴോട്ട് വീഴുന്നത് എന്ന ചോദ്യം വിദ്യാർഥികളോട് ഉന്നയിക്കുന്നുണ്ട്.

Copyrighted Picture : Lions Gate Home Entertainment.

കപ്പൽ യാത്രക്കാർക്ക് വഴികാട്ടിനിൽക്കുന്ന അലക്സാൻഡ്രിയയിലെ വിളക്കുമാടം ലോകാത്ഭുതങ്ങളിലൊന്നായാണ് കൊണ്ടാടി വരുന്നത്. ലോകത്തിലേറ്റവും വലിയ ലൈബ്രറിയും അലക്സാൻഡ്രിയയിലായിരുന്നു. തത്ത്വചിന്ത, ജ്യോതിശ്ശാസ്ത്രം, മറ്റു ശാസ്ത്രശാഖകൾ, സാഹിത്യം എന്നിവയിലൊക്കെയും ഉള്ള പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ശേഖരിച്ച അറിവുകൾ ഉൾക്കൊണ്ടതായിരന്നു ആ മഹാഗ്രന്ഥാലയം. അതിന്റെ ഡയറക്ടറായ തിയോൺ അലക്സാൻഡിസസിന്റെ മകളാണ് ഹൈപേഷ്യ. ഗ്രന്ഥാലയ സമുച്ചയം പാഗൻ മതവിശ്വാസികളുടെ ദേവാലയം കൂടി ഉൾപ്പെടുന്നതാണ്. അവർ ആരാധിക്കുന്ന ദൈവങ്ങളുടെ ബിംബങ്ങളും പ്രതിമകളും നിറഞ്ഞ മനോഹര നിർമിതി.

Copyrighted Picture : Lions Gate Home Entertainment.

അലക്സാൻഡ്രിയ റോമാസാമ്രാജ്യത്തിനു കീഴിലമർന്നകാലം. ക്രിസ്തു മതം അലക്സാൻഡ്രിയയിൽ പിടിമുറുക്കിത്തുടങ്ങിയിരുന്നു. റോമിന്റെ പിന്തുണയോടെ ബിഷപ്പുമാർ രാഷ്ട്രീയ അധികാരങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. അനാഥരെ സഹായിക്കാനും ശുശ്രൂഷിക്കാനും മറ്റുമായി രൂപീകരിക്കപ്പെട്ടവരാണ് കടുത്ത മതവിശ്വാസികൾ ഉൾപ്പെടുന്ന പരബൊളാനികൾ എന്ന മതപ്പോരാളികൾ. പാഗൻ മതദൈവങ്ങളെ തെരുവുകളിലും ആളുകൾ കൂടിച്ചേരുന്ന കച്ചവടകേന്ദ്രങ്ങളായ “അഗോറ’കളിലും അവഹേളിക്കുകയും കളിയാക്കുകയും ചെയ്യുന്നത് സ്പർദ്ധകൾക്ക് കാരണമാകുന്നുണ്ട്. ക്രിസ്ത്യൻ പരബോളാനികളിലെ തലവനായ അമോണിയസ്, പാഗൻ മതക്കാരെ അഗ്നിക്കു മുകളിലൂടെ നടന്നുകാണിക്കാൻ വെല്ലുവിളിക്കുന്നുണ്ട്. നിങ്ങളുടേത് യഥാർഥ ദൈവമാണെങ്കിൽ രക്ഷിക്കുമല്ലോ എന്ന് കളിയാക്കിക്കൊണ്ട്. അഗോറയിലെ മതസംഘർഷങ്ങളും വേർതിരിവുകളും പകയും ഒന്നും തന്റെ വിദ്യാർഥികളുടെ ഇടയിൽ വളരാതിരിക്കാൻ ഹൈപേഷ്യ പരമാവധി ശ്രമിക്കുന്നുണ്ട്. മതസങ്കുചിതത്ത്വത്തിനപ്പുറം ജ്ഞാനാന്വേഷണത്തിന്റെ വിശാലവും സ്വത്രന്തവുമായ ലോകത്തെക്കുറിച്ച് അവരെ ഓർമപ്പെടുത്തുന്നുണ്ട്.

Copyrighted Picture : Lions Gate Home Entertainment.

വിദ്യാർഥിയും ഭാവിയിൽ അലക്സാൻഡ്രിയയുടെ ഗവർണറുമാകേണ്ട ഒറസ്റ്റസ് ഹൈപേഷ്യയോട് പ്രണയം കൊണ്ടുനടക്കുന്നുണ്ട്. ഹൈപേഷ്യയുടെ സഹായിയായി വിദ്യാലയത്തിൽ കൂടെയുള്ള ദേവൂസ് എന്ന അടിമ യുവാവും അവളോട് ഗൂഢപ്രണയമുള്ളവനാണ്. ഒറസ്റ്റസിനോട് അസൂയയും പകയും ഉണ്ടവന്. തന്റെ യജമാനത്തിയെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് അവൻ സ്വയം പറയുകയും അതിനു സഹായിക്കാൻ അവന്റെ ദൈവത്തോട് പ്രാർഥിക്കുകയും ചെയ്യുന്നുണ്ട്.

Copyrighted Picture : Lions Gate Home Entertainment.

നാടക ശാലയിൽ പുരുഷാരത്തിനും നഗരപ്രമുഖർക്കും മുന്നിൽ ഒറസ്റ്റസ് ഹൈപേഷ്യയോട് തന്റെ പ്രണയാഭ്യർഥന നടത്തുന്നു. പുല്ലാങ്കുഴലിൽ തരളിതമായ ഒരു സംഗീതം സമ്മാനമായി അർപ്പിച്ചുകൊണ്ട്. പക്ഷേ ഹൈപേഷ്യ ജീവിതത്തിലെ വളരെ സാധാരണമായ സന്തോഷങ്ങളെ വളരെ നിസ്സാരമായാണ് കാണുന്നത്. തന്നെ ഏറെ ലഹരി പിടിപ്പിക്കുന്നത് പ്രപഞ്ചരഹസ്യങ്ങളുടെ പൊരുൾ തേടിയുള്ള യാത്രയാണെന്ന് പറഞ്ഞ് ഒറസ്റ്റസിന്റെ വിവാഹാഭ്യർഥന നിരാകരിക്കുന്നു. അവിവാഹിതയായി തുടരാനാണ് തന്റെ ആഗ്രഹം എന്നും അറിയിക്കുന്നു.

Copyrighted Picture : Lions Gate Home Entertainment.

ക്ലാസ്സുകളിൽ കൂടെ സഹായിയായി നിൽക്കുന്ന അടിമയായ ദേവൂസ് പല വിദ്യാർഥികളേക്കാളും മെച്ചമായാണ് അവർ പറയുന്ന കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. ഒരുദിവസം അവൻ നിർമിച്ച ടോളമിയുടെ പ്രപഞ്ചമാതൃക ഹൈ പേഷ്യ കാണുന്നു. അവർ അവനെ കൊണ്ട് ആ വർക്കിങ്ങ് മോഡൽ ക്ലാസിൽ ചലിപ്പിച്ച് കാണിച്ച് വിശദീകരിക്കാൻ പ്രേരിപ്പിക്കുന്നു. എങ്ങനെയാണ് ഒരു ഗ്രഹ രൂപം തന്നെ വലിപ്പച്ചെറുപ്പമുള്ളതായി കാണപ്പെടുന്നത് എന്ന് ദേവൂസ് ലളിതമായി വിശദീകരിച്ച് വിദ്യാർത്ഥികളെ അമ്പരപ്പിക്കുന്നുമുണ്ട്.

Copyrighted Picture : Lions Gate Home Entertainment.

ക്രിസ്ത്യാനികളും പാഗൻ മതവിശ്വാസികളും തമ്മിലുള്ള സംഘർഷം പാരമ്യത്തിലെത്തിക്കഴിഞ്ഞു. ഒറസ്റ്റസ്സിനോടുള്ള അസൂയയും ദേഷ്യവും, കൂടാതെ അമോണിയസ് എന്ന പരബൊളാനിയുടെ മസ്തിഷ്ക പ്രക്ഷാളനവും വഴി ദേവൂസ് കൃസ്തുമത വിശ്വാസിയായി മാറുന്നു. ഒരു ദിവസം ഒളിമ്പസ് ദേവന്റെ മഹാ പ്രതിമയ്ക്ക് നേരെ കൃസ്ത്യാനികൾ ചീമുട്ട എറിഞ്ഞു എന്ന വാർത്തയേ തുടർന്ന് പകരം ചോദിക്കാനായി ക്ഷേത്ര പുരോഹിതന്റെ ആഹ്വാനപ്രകാരം എല്ലാവരും വാളുമായി ഇറങ്ങുന്ന. ഹൈപേഷ്യ തടയുന്നുണ്ടെങ്കിലും വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ഇടയിലെ കൃസ്തുമത വിശ്വാസികളായവരെ എന്തു ചെയ്യണം എന്ന പ്രശ്നമുണ്ടായപ്പോൾ – ഇവരെല്ലാം എനിക്ക് ഒരുപോലെയാണെന്ന് ഹൈപേഷ്യ പറയുന്നുണ്ട്. രക്തരൂക്ഷിതമായ പോരാട്ടം ദേവാലയമുറ്റത്ത് നടക്കുന്നു.

Copyrighted Picture : Lions Gate Home Entertainment.

നൂറുകണക്കിനു ക്രിസ്ത്യാനികളെ വെട്ടിവീഴ്ത്തി. പക്ഷേ പെട്ടെന്ന് പരബൊളാനികളുടെ അകമ്പടിയോടെ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ ക്ഷേത്രവും ഗ്രന്ഥാലയവും വളഞ്ഞു. തങ്ങൾ പ്രതീക്ഷിച്ചതിലും വളരെ ഏറെയുണ്ട് ക്രിസ്ത്യാനികൾ എന്ന് മനസ്സിലാക്കിയ ഒറസ്റ്റസും കൂട്ടരും പിന്തിരിഞ്ഞ് ക്ഷേത്രത്തിനകത്തുകയറി കോട്ടവാതിലടച്ച് രക്ഷപ്പെടുന്നു. ഇതിനിടയിൽ തിയോണിന് മാരകമായി മുറിവേൽക്കുന്നുണ്ട്. ദേവൂസും ഹൈപേഷ്യയും അദ്ദേഹത്തെ ശുശ്രൂഷിക്കുകയാണ്.

Copyrighted Picture : Lions Gate Home Entertainment.

ക്ഷേത്രത്തിന് അകത്ത് കുടുങ്ങിയ സ്ഥിതിയിലും പ്രപഞ്ചരഹസ്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഹൈപേഷ്യ നിർത്തിവെയ്ക്കുന്നില്ല. അവിടത്തെ പണ്ഡിതരുമായി ചർച്ചകൾ നടത്തുന്നുണ്ട്. അരിസ്റ്റാർക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തമാണ് ശരി എന്നതിലേക്ക് ഹൈപേഷ്യ എത്തുന്നുണ്ട്. റോമാ ചകവർത്തിയുടെ പ്രതിനിധികൾ എത്തുകയും പ്രശ്നത്തിന് പരിഹാരമായി ഒരു ഉടമ്പടി പ്രഖ്യാപിക്കുകയും ചെയ്യുന്നു. കൊലപാതകങ്ങൾ മാപ്പാക്കിയിരിക്കുന്നു. പക്ഷേ ഉടൻ തന്നെ മുഴുവൻ ആളുകളും ആ സൊറാപിയവും ഗ്രന്ഥശാലയും വിട്ടുപോകണം. അവ ഇനി ക്രിസ്ത്യാനികൾക്ക് ഇഷ്ടമുള്ളതുപോലെ ഉപയോഗിക്കാം. ഒഴിഞ്ഞു പോകാൻ ആവശ്യമായത്ര സമയം റോമാ പടയാളികൾ കാവൽനിൽക്കുമെന്നു മാത്രം. ക്രിസ്തുമത്രഗ്രന്ഥങ്ങളിലെ ഭൂകേന്ദ്രമായുള്ള പ്രപഞ്ചവീക്ഷണത്തെ ചോദ്യം ചെയ്യുന്ന അറിവുകളും പഠനങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥമുള്ളതിനാൽ ഈ ഗ്രന്ഥാലയം അവർ ചുട്ടെരിക്കും എന്ന്എല്ലാവർക്കുമറിയാം. ഹൈപേഷ്യ പരമാവധി ഗ്രന്ഥചുരുളുകൾ സംരക്ഷിക്കാനായി ശ്രമിക്കുന്നുണ്ട്. പക്ഷേ ഏറെയൊന്നും അവർക്ക് കൊണ്ടുപോകാനാവുന്നില്ല. ദേവൂസിനോട് സഹായിക്കാൻ പറയുന്നുണ്ട്. പക്ഷേ അവൻ ഇതിനിടയിൽ പരബൊളാനികൾക്കൊപ്പം ചേർന്നു കഴിഞ്ഞിരുന്നു. . ഒളിമ്പസ്ദേവന്റെ പ്രതിമ തച്ചുടയ്ക്കാൻ ദേവൂസ് കൂടി ചേരുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മഹാഗ്രന്ഥാലയം അവർ തകർത്ത് തീവെച്ചു. നൂറ്റാണ്ടുകളിലൂടെ മനുഷ്യവർഗം ആർജിച്ച അറിവുകളുടെ ലിഖിത സാക്ഷ്യങ്ങൾ എല്ലാം എന്നെന്നേക്കുമായി കത്തിയമർന്നു. അതിനുശേഷം ആ ക്ഷേത്രവും ഗ്രന്ഥാലയവും അവർ ആടുമാടുകളെ കെട്ടുന്ന ആലയാക്കി മാറ്റി.

Copyrighted Picture : Lions Gate Home Entertainment.

ആക്രമണങ്ങൾക്കിടയിൽ ദേവൂസ് ഹൈപേഷ്യയുടെ അടുത്തും എത്തുന്നുണ്ട്. തന്റെ ഗുരുവും ആരാധ്യയുമായ അവരെ മതവെറി ഒന്നുകൊണ്ടുമാത്രം ബലാത്കാരം ചെയ്യാൻ ശ്രമിക്കുന്നുണ്ട് അവൻ. പക്ഷേ ഉടൻതന്നെ വിതുമ്പിക്കരഞ്ഞ് കൊണ്ട് തന്നെ കൊന്നുകളയാൻ അഭ്യർഥിച്ച് വാൾ ഹൈപേഷ്യയെ ഏൽപ്പിക്കുന്നു. ഹൈപേഷ്യ അവന്റെ കഴുത്തിലെ അടിമചിറ്റ് അഴിച്ചുകളഞ്ഞ് നീയിനി സ്വതന്തനാണെന്ന് പറഞ്ഞ് നടന്നകലുന്നു.

Copyrighted Picture : Lions Gate Home Entertainment.

വർഷങ്ങൾ കഴിഞ്ഞു. രാഷ്ട്രീയ മതകാലാവസ്ഥകൾ അലക്സാൻഡ്രിയയിൽ മാറിമറിഞ്ഞു. സമൂഹത്തിലെ പലപ്രമുഖരേയും പോലെ ഒറസ്റ്റസും ക്രിസ്തുമതത്തിലേക്ക് മതം മാറിക്കഴിഞ്ഞു. അദ്ദേഹം ഇപ്പോൾ ഗവർണറാണ്. പാഗൻ മതം ഛിന്നഭിന്നമായിക്കഴിഞ്ഞു. ക്രിസ്തുമതം ഇപ്പോൾ സംഘർഷത്തിലുള്ളത് ജൂതരുമായാണ്. അധികാരഗർവുള്ള സിറിൽ ആണ് ഇപ്പോഴത്തെ ബിഷപ്പ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം സാബത്ത് നാളിൽ നൃത്തം നടത്തുന്ന ജൂതകേന്ദ്രത്തിലെത്തി പരബൊളിനിപ്പട കല്ലേറു നടത്തുന്നു. പരാതിപ്പെട്ട ജൂതരെ ഗവർണറായ ഒറസ്റ്റസിന് സഹായിക്കാനാകുന്നില്ല. പ്രതികാരമായി ജൂതർ പരബൊളിനികളെ ചതിയിൽ കുടുക്കികൊന്നൊടുക്കുന്നുണ്ട്. ദേവൂസും അമോണിയസും രക്ഷപ്പെടുന്നു. പിന്നെ നരനായാട്ടു തന്നെയാണ് തെരുവുകളിൽ നടക്കുന്നത്. ജൂതരെ മുഴുവൻ കൊന്നൊടുക്കാനുള്ള ശ്രമം. ഒറസ്റ്റസ് ഹൈപേഷ്യയുടെ ഉപദേശങ്ങൾ അനുസരിക്കുന്നതിൽ ബിഷപ്പിന് അതൃപ്തിയുണ്ട്. ഹൈപേഷ്യ ക്രിസ്തുമതത്തെ തള്ളിപ്പറയുന്ന വിധം ഇപ്പഴും പ്രപഞ്ചനിലപാട് എടുക്കുന്നതിൽ കടുത്ത അമർഷവുമുണ്ട്. ഭൂമി ഉരുണ്ടതാണെന്നും സൂര്യനു ചുറ്റും ഭൂമി കറങ്ങുകയാണെന്നും മറ്റും ഹൈപേഷ്യ പഠിപ്പിക്കുന്നത് മതഗ്രന്ഥങ്ങളെ അപമാനിക്കലാണെന്നും അവർ മതവിരുദ്ധയും മന്ത്രവാദിനിയുമാണെന്ന് സിറിൽ പ്രഖ്യാപിക്കുന്നു. ബൈബിളിനു മുമ്പിൽ മുട്ടുകുത്തി അതിനെ പിന്തുടരുമെന്ന് പ്രഖ്യാപിക്കാൻ ഒറസ്റ്റസ് ആദ്യം സന്നദ്ധനാകുന്നില്ല. തന്റെ അധികാരം നഷ്ടമാകും എന്ന ഘട്ടത്തിലെത്തിയപ്പോൾ ഒറസ്റ്റസിന് സങ്കടത്തോടെ ഹൈപേഷ്യയെ തള്ളിപ്പറയേണ്ടി വരുന്നു. ഇതിനിടയിലൊക്കെയും ഒറസ്റ്റസിന്റെ സഹായത്തോടെ പായക്കപ്പലുകളിലും തന്റെ വീട്ടിലെ പരീക്ഷണശാലയിലുമൊക്കെ പരീക്ഷണങ്ങൾ തുടരുന്നുണ്ട് ഹൈപേഷ്യ. ഭൂമി സൂര്യനുചുറ്റും കറങ്ങുന്നത് പൂർണവൃത്താകാരത്തിലല്ല എന്ന വിപ്ലവകരമായ അറിവ് കണ്ടെത്തിയത് പറയാനായി സന്തോഷത്തോടെ ഗവർണറുടെ കൊട്ടാരത്തിലെത്തിയ ഹൈപേഷ്യ താൻ തീർത്തും ഒറ്റപ്പെട്ടുപോയെന്ന പരമാർത്ഥം തിരിച്ചറിയുന്നു. കൊട്ടാരത്തിൽ നിന്നും അവർ തനിച്ച് അഗോറയിലേക്കിറങ്ങുന്നു. പരബൊളാനികൾ ഹൈപേഷ്യയെ തേടി ഇറങ്ങിയിരിക്കുന്നത് മനസ്സിലാക്കിയ ദേവൂസ് അവരെ രക്ഷിക്കാനായി ശ്രമിക്കുന്നുണ്ടെങ്കിലും അതിനിടയിൽ പരബൊളാനികൾ ഹൈപേഷ്യയെ പിടികൂടി ഒരു പള്ളിയിൽ എത്തിച്ചുകഴിഞ്ഞിരുന്നു. അവരെ നഗ്നയാക്കി നിർത്തി ജീവനോടെ തൊലി ഉരിക്കാനാണ് പരിപാടി എന്നു മനസ്സിലാക്കിയ ദേവൂസ്, കല്ലെറിഞ്ഞ് കൊല്ലുന്നതാണ് നല്ലത് എന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കുന്നു. കല്ലുകൾ പെറുക്കാനായി മറ്റുള്ളവർ പോയപ്പോൾ ഇഞ്ചിഞ്ചായി വേദനസഹിച്ച് അവർ മരിക്കുന്നതിൽനിന്നും രക്ഷിക്കാനായി തന്റെ നിഗൂഢ പ്രണയിനിയും ഗുരുവുമായ ഹൈപേഷ്യയെ അവരുടെ സമ്മതത്തോടെ ശ്വാസംമുട്ടിച്ച് ദേവൂസ് കൊല്ലുന്നു. ബോധംകെട്ട് വീണതാണെന്ന് പറഞ്ഞ് അവിടെനിന്നു നടന്നുനീങ്ങുന്ന ദേവൂസിനേയും, ഹൈപേഷ്യയെ കല്ലെറിയുന്ന പരബൊളാനികളേയും കാണിച്ച് സിനിമ അവസാനിക്കുന്നു.

സംവിധായകൻ : അൽഹന്ദ്രോ അമിനവർ |ചിത്രം കടപ്പാട് : വിക്കിപീഡിയ

“സി ഇൻസൈഡ്’ പോലുള്ള മനോഹര സിനിമകൾ ചെയ്ത അൽഹന്ദ്രോ അമിനവർ 2009ൽ പുറത്തിറക്കിയ ഈ സിനിമ ഏറ്റവും ചെലവേറിയ സ്പാനിഷ് സിനിമകളിലൊന്നാണ്. പൗരാണിക ജീവിതവും രാഷ്ട്രീയവും മതസംഘർഷങ്ങളും ചരിത്രത്തോട് നീതിപുലർത്തുംവിധം മനോഹരമായി ഈ സിനിമയിൽ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. ഹൈപേഷ്യ ഉയർത്തിയ ചോദ്യങ്ങൾക്കു നേരെ മതം ഏറെനാൾ മുഖംതിരിച്ചുതന്നെ നിന്നു. ആയിരത്തി ഇരുന്നൂറിലധികം വർഷങ്ങൾക്കുശേഷം കെപ്ലർ തന്റെ സിദ്ധാന്തങ്ങൾ ആവിഷ്ക്കരിക്കും വരെയും ഹൈപേഷ്യയെ അംഗീകരിക്കാൻ ലോകം കാത്തിരുന്നു. മതവും ലിംഗപദവിയും വഴിമുടക്കിനിന്നിട്ടും പതറാതെ മുന്നേറിയ ഹൈപേഷ്യ പുതിയ കാലത്തിലും നമുക്ക് മാതൃക ആണ്.

മതം കൂടുതൽ കൂടുതൽ യഥാസ്ഥിതികവും പ്രതിലോമപരവുമായി മാറിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സ്വതന്ത്രമായ ജ്ഞാനാന്വേഷണങ്ങൾക്ക് മനുഷ്യവർഗത്തെ പ്രാപ്തമാക്കാനുള്ള – പ്രകാശം പരത്തി, അലക്സാൻഡ്രിയയിലെ വിളക്കുമാടം പോലെ, ഹൈപേഷ്യയുടെ ഓർമകൾ തലയുയർത്തി നിൽക്കും.

(ക്ലോസപ്പ് – ശാസ്ത്രകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചത്)


സിനിമയുടെ ട്രയ്‍ലര്‍ കാണാം

 

Happy
Happy
17 %
Sad
Sad
17 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
17 %
Surprise
Surprise
0 %

Leave a Reply

Previous post മഹാപ്രളയത്തിന്റെ മഴക്കണക്ക്
Next post കെമിസ്ട്രിയിലെ കാര്യസ്ഥന്മാർ
Close