പകർച്ചവ്യാധികളും മെഡിക്കല്‍ GIS-ഉം – ഭാഗം 1

രൂപേഷ് .ആർ. മുചുകുന്ന്

ആരോഗ്യം, രോഗങ്ങൾ, ആരോഗ്യപരിരക്ഷ എന്നീ മേഖലയിലെല്ലാം പ്രയോജനപ്പെടുത്തുന്ന ശാസ്ത്രശാഖയായി മെഡിക്കല്‍ GIS  വളർന്നു കഴിഞ്ഞു.

ആതുര ശാസ്ത്രവും ഭൂമിശാസ്ത്രവും തമ്മിലുള്ള ചരിത്രപരമായ ബന്ധം തുടങ്ങുന്നത് അഞ്ചാം നൂറ്റാണ്ടിലാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് ആണ് അതിന് തുടക്കമിട്ടത്. അദ്ദേഹം രോഗങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞു. എന്നാൽ ഭൂമിശാസ്ത്രത്തെ ആതുര ശാസ്ത്രവുമായി സംയോജിപ്പിച്ചു കൊണ്ട് ‘ആതുര ഭൂമിശാസ്ത്രം ( Medical geography ) എന്ന പദാവലി ഉടലെടുക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിലാണ്.

Leonhard Ludwig Finke ന്റെ പുസ്തകം (1792) വും പഠനവിധേയമാക്കപ്പെട്ട പ്രദേശങ്ങളും  കടപ്പാട് : brianaltonenmph.com

1792 ൽ ജർമ്മനിയിൽ ഡോ .ലിയോൺ ഹാഡ്ലുഡ് വിഗ്ഫിങ് (Leonhard Ludwig Finke) ആദ്യത്തെ ആതുര ഭൂപടം തയ്യാറാക്കി. എന്നാൽ ആതുര ഭൂപടനിർമ്മാണം കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ നിർമ്മിക്കപ്പെട്ടത് ഇംഗ്ലണ്ടിൽ വ്യാപകമായി കോളറ പൊട്ടിപുറപ്പെട്ട സമയത്തായിരുന്നു. രോഗം മൂലമുള്ള മരണത്തെയും രോഗവ്യാപനത്തെയും അപഗ്രഥിക്കുന്ന രീതിയിൽ  വസ്തുതകൾ ദൃശ്യവൽക്കരിക്കാം എന്ന ചിന്തയിൽ നിന്നാണ് ഡോ. തോമസ്സ് ഷാപ്റ്റർ (Thomas Shapter) ഡോട്ടുകളുടെ (Dot Method)സഹായത്തോടെ രോഗ സാന്ദ്രത ഭൂപടം നിർമ്മിച്ചത്. ആരോഗ്യ സേവന രംഗം വിപുലീകരിക്കാനുള്ള പരിശ്രമങ്ങളുടെ ഒരു പ്രധാന ചുവടായി ഇതിനെ വിലയിരുത്താം.

ഭൂമി ശാസ്ത്ര സങ്കേതങ്ങളുടെ വിപുലമായ സാധ്യത ഉപയോഗിച്ചത് ലണ്ടനിലെ മറ്റൊരു പ്രധാന ഭിഷഗ്വരനായ ഡോക്ടർ ജോൺ സ്നോയാണ്. അദ്ദേഹം ലണ്ടനിലെ കോളറ മരണങ്ങളുടേയും, രോഗ ബാധിത ജനസംഖ്യകളുടേയും ഭൂപടങ്ങൾ നിർമ്മിക്കുകയും. പ്രസ്തുത ഭൂപടത്തെ ലണ്ടനിലേ ജലവിതരണ ശൃംഖലയുടെ ഭൂപടങ്ങളുമായി ചേർത്തുവെച്ച് പരിശോധിക്കുകയും രോഗപ്രസരണകാരണമായി വർത്തിക്കുന്ന പൊതുടാപ്പുകളെ തിരിച്ചറിയുകയും അത് മാർക്ക് ചെയ്യുകയും അത്തരം പൊതു ടാപ്പുകൾ അടച്ചു പൂട്ടുകയും ചെയ്തു. അങ്ങിനെ രോഗവ്യാപനം തടയുകയും ചെയ്തു !

ലണ്ടനിലെ സോഹോ Broadwick ജോണ്‍ സ്നോയുടെ ഓര്‍മ്മയ്ക്കായി നിലനിര്‍ത്തിയ പൊതുടാപ്പ്

എന്നാലും ആതുര ഭൂമിശാസ്ത്രത്തിന്റെ വളർച്ച ആദ്യകാലത്ത് മന്ദഗതിയിലായിരുന്നു. അതിന് പ്രധാനകാരണം പരിമിതമായ സാങ്കേതികവിദ്യകളും വിവരശേഖരണത്തിനുള്ള പരിമിതികളുമായിരുന്നു. കൈ കൊണ്ട് നിർമ്മിക്കുന്ന ആതുര ഭൂപടങ്ങളുടെ പുനരാവിഷ്കരണം അക്കാലത്ത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ആതുര സേവകരുടെ ഇടയിൽ ഭൂമി ശാസ്ത്ര സങ്കേതങ്ങളെ കുറിച്ചുള്ള ധാരണകളും പരിമിതങ്ങളായിരുന്നു.

1866 ല്‍ ഉണ്ടായ ലണ്ടന്‍ കോളറ വ്യാപനത്തിന്റെ ഭൂപടങ്ങള്‍

 

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ആതുര ഭൂമിശാസ്ത്രം ദ്രുതഗതിയിലുള്ള വികാസ പരിണാമങ്ങൾക്ക് വിധേയമായി തീർന്നു. അത് ആതുര ഭൂമിശാസ്ത്രത്തെ വിവരണാത്മക ശാസ്ത്രം (descriptive science) എന്ന നിലയിൽ നിന്ന് അപഗ്രഥനാത്മകശാസ്ത്രമാക്കി (Analytical science) വളർത്തി. ഇത് സാധ്യമാക്കിയത് നിരവധി ചരിത്ര സംഭവങ്ങളാണ്. ജനങ്ങളുടെ അപരിചിത ദേശങ്ങളിലേക്കുള്ള കുടിയേറ്റം, പുതിയ രോഗങ്ങളുടെ ആവിർഭാവം, മെഡിക്കല്‍ കോളേജുകളുടെ വ്യാപനം, ആരോഗ്യരംഗത്തെ പ്രസിദ്ധീകരണങ്ങൾ എന്നിവയാണവ. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ സംഭവിച്ച കമ്പ്യൂട്ടർ സാങ്കേതികതയുടെ വികാസം ആതുര ഭൂമിശാസ്ത്രത്തെ മെഡിക്കൽ GIS (Medical Geoinformatics/ Medical GlS) ആക്കി വളർത്തി.

ആതുര ഭൂവിവര വ്യവസ്ഥ അഥവാ മെഡിക്കൽ GlS

ആതുര ഭൂമിശാസ്ത്രം എന്ന പഠനശാഖ മെഡിക്കൽ GlS-ന്റെ അടിസ്ഥാനത്തിൽ  പുനർനിർവ്വചിക്കപ്പെടുകയുണ്ടായി. ആരോഗ്യം, രോഗങ്ങൾ, ആരോഗ്യപരിരക്ഷ എന്നീ മേഖലയിലെല്ലാം പ്രയോജനപ്പെടുത്തുന്ന ശാസ്ത്രശാഖയായി ആതുര ഭൂവിവരവ്യവസ്ഥ (Medical GIS) അത് വളർന്നു കഴിഞ്ഞു. ഇന്ന് മെഡിക്കൽ GIS കേവലം പ്രശ്ന പരിഹാരത്തിനുള്ള ഒരു ആതുരമാതൃക (Health Model) മാത്രമല്ല! മറിച്ച് അത് ഒരു സാമൂഹിക ആതുരമാതൃകയായി (Social Health Model) വികസിച്ചു കഴിഞ്ഞിരിക്കുന്നു .

ഇത്തരം ഒരു വികാസത്തിന് ആതുരഭൂമിശാസ്ത്രത്തെ പര്യാപ്തമാക്കുന്നത് മുഖ്യമായും ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിംസ്റ്റം അഥവാ ഭൂവിവര വ്യവസ്ഥ (GIS), ഗ്ലോബൽ പൊസിഷനിംങ് സിസ്റ്റം അഥവാ ആഗോള സ്ഥാന നിർണ്ണയ സംവിധാനം (GPS), റിമോട്ട് സെൻസിംങ് അഥവാ വിദൂര സംവേദനം എന്നീ ആധുനിക ഭൗമ ശാസ്ത്ര സങ്കേതങ്ങളാണ്.

എന്താണ് ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിംസ്റ്റം (GIS) ?

ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (GIS) എന്നാൽ ഭൂതലത്തിലുള്ള വിവരങ്ങളെ ശേഖരിക്കുന്ന (Capturing) , സംഭരിക്കുന്ന (Storing), വിശദ പരിശോധന (checking) നടത്തുന്ന, ഏകോപിപ്പിക്കുന്ന (Integrating), ആവശ്യാനുസരണം പരിവർത്തിപ്പിക്കാൻ കഴിയുന്ന (Manipulating ), അപഗ്രഥിക്കാൻ (Analysing) കഴിയുന്ന , പ്രദർശിപ്പിക്കാൻ (displaying) കഴിയുന്ന ആധുനിക ഭൂമി ശാസ്ത്ര സങ്കേതമാണ്.

കൃത്യമായി പ്രോഗ്രാം ചെയ്തുവെച്ചിട്ടുള്ള സോഫ്റ്റ് വെയറുകളുടേയും, ഡാറ്റാബേസ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റേയും പിൻബലത്തിൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ഭൗമ ശാസ്ത്ര വിവര സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ഇവിടെ ഒന്നിലധികം പഠനമേഖലകൾ സംയോജിക്കപ്പെടുന്നു. കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിറ്റിക്സ്, ഭൂപടനിർമ്മാണ ശാസ്ത്രം, വിദൂരസംവേദനം, ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം, ഭൂമി ശാസ്ത്രം, ഭൂഗർഭശാസ്ത്രം,ജലപഠനശാസ്ത്രം, കാർഷിക ശാസ്ത്രം ,വിഭവ ആസൂത്രണം, പരിസര ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, പൊതുഭരണ നിർവ്വഹണം കൂടാതെ മെഡിക്കൽ GlS നെ സംബന്ധിച്ചിടത്തോളം പകർച്ചവ്യാധി ആതുര ശാസ്ത്രം (Epiedomology), രോഗ നിരീക്ഷണ സംവിധാനങ്ങൾ ,ബിഗ് ഡാറ്റ ,അപഗ്രഥന രീതിശാസ്ത്രങ്ങൾ അനുബന്ധ മോഡ്യൂളുകൾ എന്നിവ ഇഴചേർക്കപ്പെടുന്നു .

രണ്ട് തരം വിവരങ്ങളാണ് ഭൗമ  ( GIS) അഭിസംബോധന ചെയ്യുന്നത്

 1. സ്ഥല പരമായ വിവരങ്ങൾ (Spatial Data)
 2. അനുബന്ധ അധിക വിവരങ്ങൾ (Non- Spatial Data / Attribute Data)

സ്ഥലപരമായ വിവരങ്ങൾ രണ്ട് തരം ഡാറ്റാ മാതൃകയിലാണ് കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെടുന്നത് .

 1. വെക്ടർ ഡാറ്റാ മാതൃക (Vector Data Model)
 2. റാസ്റ്റർ ഡാറ്റാ മാതൃക (Rastor Data Model)

വെക്ടർ ഡാറ്റാ മാതൃകയിൽ സ്ഥലപരമായ വിവരങ്ങൾ x,y കോർഡിനേറ്റ് സുകളായാണ് കമ്പ്യൂട്ടർ മെമ്മറിയിൽ സംഭരിക്കപ്പെടുന്നത് .വെക്ടർ മാതൃകയിൽ രൂപപ്പെടുത്തുന്ന ഭൂപടങ്ങളിൽ ഉദാഹരണമായി കിണറുകൾ പോയന്റായും (Points) ,റോഡുകൾ ലൈനുകളായും (Lines ), കെട്ടിടങ്ങൾ ,സ്ഥലങ്ങൾ മറ്റ് ഭൂവിനിയോഗങ്ങൾ എന്നിവ പോളിഗൺ (Polygon) രൂപത്തിലുമാണ് ചിത്രീകരിക്കപ്പെടുന്നത് .കമ്പ്യൂട്ടർ സ്ക്രീനിൽ മനുഷ്യകരങ്ങൾ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്താണ് ഇത്തരം ഭൂപടങ്ങൾ നിർമ്മിക്കുന്നത് .

എന്നാൽ റാസ്റ്റർ വിവരമാതൃക വ്യത്യസ്ഥമാണ് .അത് അനവധി ചതുരങ്ങളുടെ (Grids of Squares) രൂപത്തിലാണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത് .ഭൂപടത്തിലെ ഓരോ സെല്ലും (CeIIs) സ്ഥല പരമായ വിവരങ്ങളെ പ്രതിനിധീകരിക്കുന്നു  . ഇത്തരത്തിൽ വെക്ടർമാതൃകയിലോ, റാസ്റ്റർ മാതൃകയിലോ സംഭരിക്കുന്ന വിവരങ്ങളുടെ കൂടെ സ്ഥലപരവും (Spatial Data) , സ്ഥലപര ഇതര വിവരങ്ങളും (Non-spatial Data) കൂടി ഇഴച്ചേർക്കുമ്പോൾ നമുക്ക് ആവശ്യങ്ങളോടും ഉദ്ദേശ്യങ്ങളോടും പ്രതികരിക്കുന്ന (Interactive) ഡിജിറ്റൽ ഭൂപടങ്ങൾ കിട്ടുന്നു .

ഭൗമ വിവരണ ശാസ്ത്ര സാങ്കേതികതയുടെ(GIS) ഉപകരണങ്ങൾ വിവിധതരത്തിലുള്ള അപഗ്രഥന സാധ്യതകൾ (Spatial Analytical Tools)മുന്നോട്ട് വയ്ക്കുന്നു .

1. ഭൂപടങ്ങൾ അടുക്കുകളായി സജ്ജീകരിച്ചിട്ടുള്ള അപഗ്രഥനങ്ങൾ (Overlay Analysis)

വ്യത്യസ്ഥ ആശയങ്ങളെ (പകർച്ച വ്യാധികൾ സംബന്ധിച്ച പ്രകൃതിദത്തവും സാമൂഹിക സാംസ്കാരിക പരിസ്ഥിതി ഘടകങ്ങളെ) പ്രതിനിധീകരിച്ചു തയ്യാറാക്കപ്പെടുന്ന ആശയ ഭൂപടങ്ങൾ (Thematic Maps) ഒരു പൊതു ലക്ഷ്യത്തിന് വേണ്ടി സുതാര്യമായ  അടുക്കുകൾ രൂപപ്പെടുത്തി പരിശോധിക്കുക

2. സാധ്യതാ മേഖലകളെ നിർമ്മിച്ചു കൊണ്ടുള്ള അപഗ്രഥനം (Buffer Analysis )

പകർച്ചവ്യാധികൾ പടർന്നു പിടിക്കാൽ സാധ്യതയുള്ള മേഖലകളെ ‘സാധ്യതാ മേഖല ‘ യായി അടയാളപ്പെടുത്തി തുടർ നിരീക്ഷണവും സേവനങ്ങളും ലഭ്യമാക്കാൻ സഹായിക്കുന്നു.

3. ശൃംഖലാ അപഗ്രനം (Network Analysis )

ആതുരസേവന സൗകര്യങ്ങളെ അതിന്റെ അപര്യാപ്തതകളെ ഗതാഗത വാർത്താ വിനിമയ സൗകര്യങ്ങളുടെ പാശ്ചാത്തലത്തിൽ പരിശോധിക്കപ്പെടുന്നു .

4. ഭൂപ്രകൃതിപരമായി നിർമ്മിച്ചെടുക്കുന്ന കമ്പ്യൂട്ടർ മാതൃകകൾ വെച്ചുള്ള അപഗ്രഥനം (Digital Terrain Model)

സ്ഥലങ്ങളുടെ ഉന്നതിയും പകർച്ചവ്യാധികളും തമ്മിൽ ബന്ധമുണ്ട് അത്തരത്തിൽ ആതുര ഭൂമിശാസ്ത്രത്തിൽ ഏറ്റവും പ്രയോഗക്ഷമമായ അപഗ്രഥന മാതൃകയാണിത് .

പകർച്ചവ്യാധി ആതുര ശാസ്ത്ര സേവന വിദഗ്ദ്ധര്‍ (Epiedomologist) ഭൗമവിവരണശാസ്ത്ര സാങ്കേതികതയെ ഉപയോഗിക്കുന്നത് പലതലത്തിലാണ് .

 1. രോഗബാധിത മേഖലകളെ തിരിച്ചറിയുക
 2. രോഗബാധിത മേഖലകളുടെ സമീപസ്ഥ സ്ഥലങ്ങളെ തിരിച്ചറിയുക
 3. രോഗ ഹേതുവായ ഘടകങ്ങളെ ,രോഗ വ്യാപന ഹേതുവായ ഘടകങ്ങളെ തിരിച്ചറിയുക
 4. വ്യത്യസ്ഥ ഘടകങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പരിശോധനകൾ
 5. സമാന ഘടകങ്ങളെ വർഗ്ഗീകരിച്ച് മനസ്സിലാക്കുക എന്നിവയാണ് .

അതിൽ ഏറ്റവും പ്രധാനം രോഗബാധിത മേഖലകൾ തിരിച്ചറിയുക എന്നതാണ്. പലതരത്തിലുള്ള അപഗ്രഥന സങ്കേതങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത് .

 1. ഗ്ലോബൽ ക്ലസ്റ്ററിംങ് – അപ്രതീക്ഷിതമായി രംഗ പ്രവേശം ചെയ്യുന്ന പകർച്ചവ്യാധികളെ പൊതു പരിപ്രേക്ഷ്യത്തിൽ വർഗ്ഗീകരിക്കുക.
 2. ലോക്കൽ ക്ലസ്റ്ററിംങ് -സ്ഥിതി വിവരകണക്കുകളുടെ (സ്റ്റാറ്റിറ്റിക്സിന്റെ ) പിൻബലത്തിൽ ഒരു പ്രദേശത്ത് ഉണ്ടാകുന്ന രോഗാതുരതകളെ വർഗ്ഗീകരിക്കുക.
 3. ഫോക്കൽ ക്ലസ്റ്ററിംങ് പാരിസ്ഥിതിക ദുരന്തങ്ങൾ മൂലമുണ്ടാകുന്ന പകർച്ചവ്യാധികളെ മുൻധാരണകളുടെ അടിസ്ഥാനത്തിൽ വർഗ്ഗീകരിക്കുക.

ഇവയാണ് രോഗബാധിത മേഖലകൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന അപഗ്രഥന രീതിശാസ്ത്രങ്ങൾ. ഇങ്ങനെ വ്യത്യസ്ഥതലത്തിൽ അപഗ്രഥിച്ച് രോഗബാധിതരെ, രോഗബാധിത മേഖലകളെ തിരിച്ചറിയുന്നു. അങ്ങിനെ രോഗവ്യാപനം നിരീക്ഷണത്തിനും തുടർനിരീക്ഷണത്തിനും വിധേയമാക്കുന്നു.

ഇത്തരത്തിൽ രോഗാതുരതയുടെ സ്ഥാനീയ ഭൂപടങ്ങൾ തയ്യാറാക്കപ്പെടുമ്പോൾ അത് പ്രാദേശിക, ദേശീയ ഭരണകൂടങ്ങൾക്ക് രോഗത്തെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും വ്യക്തമായ ധാരണ ലഭിക്കാൻ സഹായകരമായി മാറുന്നു. അതിലൂടെ രോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും അതിന്റെ ഫലം നിരീക്ഷിക്കാനും കഴിയുന്നു. ഭൗമ വിവരണ സാങ്കേതികതകൾക്ക് പുറമേ ആഗോളസ്ഥാന നിർണ്ണയ സംവിധാനവും, വിദൂരസംവേദനവും ഇവിടെ പ്രയോജനപ്പെടുത്തുന്നു.

മെഡിക്കൽ GIS ഇടപ്പെടുന്ന മറ്റൊരു പ്രധാന മേഖല ആതുര സൗകര്യ വിപുലീകരണത്തിന്റേതാണ്. ആരോഗ്യ സേവന മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം അത് ലക്ഷ്യം വെക്കുന്നു. ആരോഗ്യ സേവനസൗകര്യങ്ങളുടെ ലഭ്യത, ഉപയോഗം, സ്ഥാനം എന്നിവ ഭൂപടങ്ങളിൽ രേഖപ്പെടുത്തുന്നു. അതിലൂടെ പ്രദേശങ്ങൾ തമ്മിൽ ആരോഗ്യ സേവന സൗകര്യങ്ങളിൽ ഉള്ള വിടവും വ്യത്യാസവും തിരിച്ചറിയാനും അത്തരം മേഖലകളിൽ ഭരണകൂട ഇടപ്പെടൽ നടത്താനുള്ള സാധ്യതകൾ തുറന്നുതരുകയും ചെയ്യുന്നു.

പൊതുവായി മെഡിക്കല്‍ GIS ആരോഗ്യമേഖലയെ പലതലത്തിൽ സഹായിക്കുന്നു.

 1. ഭരണതലത്തിൽ ആതുര സേവന മേഖലകളിലെ സൗകര്യങ്ങളെ കുറിച്ച് അർത്ഥപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു .
 2. ആരോഗ്യ സേവന സൗകര്യങ്ങളുടെ പ്രാദേശിക അസംതുലിതാവസ്ഥ സംബസിച്ച വിവരങ്ങൾ ദൃശ്യവൽക്കരിക്കുകയും പുറത്തു കൊണ്ടുവരികയും ചെയ്യുന്നു .
 3. ആരോഗ്യസേവന മേഖലയുടെ അപര്യാപ്തതകൾ തിരിച്ചറിയാൻ സഹായിക്കുന്നു.
 4. നിലവിലുള്ള സാഹചര്യങ്ങളുടെ നേർച്ചിത്രം ലഭ്യമാക്കുന്നു.

ലേഖനത്തിന്റെ രണ്ടാം ഭാഗം – മലേറിയ നിർമ്മാർജ്ജനം –  ഒരു വിയറ്റ്നാം അനുഭവം

 

മലേറിയ നിർമ്മാർജ്ജനം –  ഒരു വിയറ്റ്നാം അനുഭവം – ഭാഗം 2

Leave a Reply