മലേറിയ നിർമ്മാർജ്ജനം –  ഒരു വിയറ്റ്നാം അനുഭവം – ഭാഗം 2

രൂപേഷ് ആർ. മുചുകുന്ന്

മെഡിക്കല്‍ GIS ന്റെ സഹായത്തോടെയുള്ള വിയറ്റ്നാമിന്റെ  മലേറിയ നിര്‍മ്മാര്‍ജ്ജന അനുഭവം വായിക്കാം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ പുതിയ ഒരു സാമൂഹിക ആരോഗ്യ മാതൃക രൂപപ്പെടുത്തേണ്ടതെങ്ങനെയെന്ന് വിയറ്റ്നാം അനുഭവം കാണിച്ചു തരുന്നു

സാംക്രമിക രോഗങ്ങളുടെ വ്യാപനവും പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത് പ്രത്യേകിച്ച് മലേറിയ, ഡങ്കിപനി, പക്ഷിപനി, ഗോയിറ്റർ, കോളറ, ആസ്ത്മ, ശ്വാസകോശ അർബുദം എന്നിവ.

ഇവിടെ മെഡിക്കല്‍ GIS വിദഗ്ധനെ സംബന്ധിച്ചിടത്തോളം രോഗാതുരഭൂപടങ്ങൾ നിർമ്മിച്ചെടുക്കുക എന്നതാണ് മുഖ്യമായ കടമ. ഇതിനായി പലതലത്തിലുള്ള ഘടകങ്ങൾ പരിശോധനാവിഷയമാകുന്നു. പകർച്ച വ്യാധിരോഗങ്ങളുടെ സ്രോതസ്സ്, വ്യാപന ദിശ, പകർച്ച വ്യാധിക്ക് ഹേതുവായ മറ്റു വസ്തുക്കൾ, പകർച്ച വ്യാധിയുടെ വ്യാപനതോത് അത് പ്രാദേശികമായാണോ, രാജ്യാതിർത്തിക്ക് ഉള്ളിലാണോ അതോ അതിന് ആഗോളമാനങ്ങളുണ്ടോ എന്നെല്ലാം പരിശോധിക്കപ്പെടുന്നു. കൂടാതെ കാലാവസ്ഥയുടെ സവിശേഷതകൾ, ജലം -വായു മലിനീകരണത്തിന്റെ തോതുകൾ എല്ലാം പരിശോധിക്കപ്പെടുന്നു.

മലേറിയയെ സംബന്ധിച്ചിടത്തോളം അത് പരാദമായ പ്ലാസ്മോഡിയം നേരിട്ട് മനുഷ്യനിലേക്ക് പടർത്തുന്ന അസുഖമല്ല മറിച്ച് രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കുന്ന രോഗവ്യാപന രീതിയാണ് അതിനുള്ളത്. അനോഫലസ് വിഭാഗത്തിലുള്ള പെൺകൊതുകുകകളാണ് അതിന്റെ രോഗാണുവാഹകരായി നിലകൊള്ളുന്നത്.

അനോഫിലസ് കൊതുകുകളുടെ വിതരണം

വിയറ്റ്നാമിനെ സംബന്ധിച്ചിടത്തോളം വർഷം മുഴുവൻ നിലനിൽക്കുന്ന രോഗാതുരതയാണ് മലേറിയ. മലേറിയ പകർച്ചവ്യാധി വിയറ്റ്നാമിലെ ഉയർന്ന മലനിരകളെ മാറ്റിനിർത്തിയാൽ എല്ലായിടത്തും എല്ലാ കാലത്തും കാണപ്പെടുന്നു. പക്ഷെ മഴക്കാലത്താണ് അവ വളരെ ശക്തമാകുന്നത് .  തീവ്രരോഗബാധാ സീസണുകൾ രണ്ടും മഴക്കാലവുമായി ബന്ധപ്പെട്ടാണ്. പകർച്ചവ്യാധി ക്കാലത്തെ രോഗാണു വാഹകരായ കൊതുകുവർഗ്ഗം അനോഫലസ് മിനിമസ്സ് (An .Minimus) ആണെങ്കില്‍ മഴക്കാല ആരംഭത്തോടെ രോഗബാധ സീസൺ  ആരംഭിക്കുകയും മഴക്കാല അവസാനത്തോടെ അവസാനിക്കുകയും ചെയ്യുന്നു. മറിച്ച് രോഗാണുവാഹകർ അനോഫലസ്സ് ഡൈറസ്സ് (An .dirus) എന്നയിനം കൊതുകാണെങ്കിൽ ഒരു തീവ്ര രോഗവ്യാപന കാലഘട്ടമാണ് ഉണ്ടാകുക. അത് മഴക്കാലത്തിന്റെ മധ്യത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

കടലോര മേഖലകളിൽ രോഗാണു വാഹകകൊതുകുകൾ പ്രധാനമായും അനോഫലസ്സ് സുണ്ടൈക്കസ്സും (An.sundaicus  ) ഉപവാഹകരായി അനോഫലസ്സ് സപ്പിക്റ്റസ് (An .subpictus), അനോഫലസ്സ് വേഗസ് (An .vegus), അനോഫലസ്സ് അക്കോണിയസ് (An.aconius) എന്നിവയും  ഇവിടെ മഴക്കാലത്ത് സുലഭമാണ്. മലേറിയ കേസുകളിൽ ഏറ്റവും കൂടുതൽ തീരപ്രദേശത്തും(10 .75 %), പിന്നീട് പുതിയ സാമ്പത്തിക മേഖലകളിലുമായിരുന്നു.

പ്രധാനമായും 4 ഇനം പരാദങ്ങളാണ് (parasite) മനുഷ്യരിൽ മലേറിയയ്ക്ക്‌ കാരണമായി മാറുന്നത് പ്ലാസ്മോഡിയം ഫാൽസിപറും (P .falciparum) ,പ്ലാസ് മോഡിയം വിവാക് സ് (P .Vivax) ,പ്ലാസ്മോഡിയം മലേറിയേ (P .Malariae)

ആതുര ഭൗമ വിവരണശാസ്ത്ര സാങ്കേതികതാ വിദഗ്ദ്ധർ മലേറിയയുമായി ബന്ധപ്പെട്ട പല തരം ഘടകങ്ങളും വിശകലന വിധേയമാക്കി. അവയെ അവർ ഗ്രൂപ്പുകളാക്കി തിരിച്ചു .

പ്രകൃതിദത്തപാരിസ്ഥിതിക ഘടകങ്ങൾ

 • കാലാവസ്ഥ – ഊഷ്മാവ്, ആർദ്രത, മഴ
 • ഭൂപ്രകൃതി – ഉന്നതി, ഭൂപ്രകൃതി വൈവിദ്ധ്യങ്ങൾ
 • ജലസ്രോതസ്സുകൾ – ഉപരിതല ജലസ്രോതസ്സുകൾ, ജലസ്രോതസ്സുകളുടെ സാന്ദ്രത, ഒഴുകൽ വേഗത
 • സസ്യജാലങ്ങൾ – കൊതുകുകളുടെ അധിവാസം, വളർച്ച, പുനരുൽപ്പാദനത്തിന് സഹായകരമായ സസ്യജാലങ്ങള്‍
 • പാരിസ്ഥിതിക കങ്ങൾ – ജലത്തിലും പുറത്തുമായിട്ടുള്ള കൊതുകുകളുടെ വളർച്ചാഘട്ടങ്ങൾ. ഏതാണ്ട് 50%ത്തോളം അന്തരീക്ഷആർദ്രത, കൊതുകുകളുടെ വളർച്ചാഘട്ടത്തെ നിർണ്ണയിക്കുന്ന താപ നിലാവ്യതിയാനങ്ങൾ (അതായത് 20OC -20 ദിവസം കൊണ്ട് പരാദങ്ങളുടെ മുട്ടകൾ കൊതുകിന്റെ ശരീരത്തിൽ വളരുന്നു. 31oC-ൽ വെറും 7 ദിവസം മതി പ്രസ്തുത പ്രക്രിയ പൂർത്തിയാക്കാൻ.)

ഇത്തരത്തിൽ കൊതുകുകൾ രോഗാണുവാഹകരാകാൻ ചുരുക്കം ചില സാഹചര്യങ്ങൾ ഒത്തുവന്നാൽ മതി

 • കൊതുകിന്റെ ശരീരത്തിൽ പരാദങ്ങൾ ഒരേ സമയം വളർച്ച പേറുക
 • പരാദങ്ങളുടെ ജൈവികചക്രം പൂർത്തിയാക്കുന്ന കാലമത്രയും കൊതുകുകൾ ജീവിച്ചിരിക്കുന്ന അവസ്ഥ .
 • കൊതുക് കടിക്ക് വിധേയമാകുന്ന ജനസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ,  സാമൂഹിക പിന്നോക്കാവസ്ഥ ,താഴ്ന്ന ജീവിത നിലവാരം എന്നിവയെല്ലാം രോഗപ്രസരണത്തിന് കാരണമായി വർത്തിക്കുന്നു.

ഇത്തരത്തിൽ രോഗവിവരങ്ങൾ, രോഗ ഹേതുക്കൾ രോഗവ്യാപന കാരണങ്ങൾ സമഗ്രമായി മനസ്സിലാക്കിയ ശേഷമാണ് മെഡിക്കല്‍ GIS വിദഗ്ധർ അവരുടെ പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തുന്നത്.

അവർ കൊതുകുകളുടെ ഡാറ്റാബേസ് നിർമ്മിക്കുന്നു. പ്രത്യേകിച്ച് അവയുടെ പ്രജനന അതിജീവനസ്ഥലങ്ങൾ, അതുപോലെ തന്നെ മലേറിയ പടർത്തുന്ന പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പ്രത്യേകിച്ച് ഉന്നതി, നദികൾ, ഉറവകളുടെ സാന്ദ്രതകൾ, ജനസാന്ദ്രത, കാലാവസ്ഥാ ഘsകങ്ങൾ – ഊഷ്മാവ്, ആർദ്രത, മഴ, സാമൂഹിക, സാമ്പത്തിക പരിസ്ഥിതി ഘടകങ്ങൾ എന്നിവ അവയിൽ ഉൾക്കൊള്ളിക്കുന്നു. കൂടാതെ ജീവിത നിലവാരം, ഭൗതികസൗകര്യങ്ങൾ, ജനങ്ങളുടെ ജീവിത രീതികൾ എന്നിവയെല്ലാം തന്നെ രോഗോൽപ്പത്തിക്കും വ്യാപനത്തിനും കാരണമാകുന്ന ഘടകങ്ങളും പരിശോധിക്കുന്നു. ശുചീകരണം സംബന്ധിച്ച വിഷയങ്ങൾ ജനങ്ങളുടെ ശുചിത്വ ബോധം, ഗവൺമെന്റിന്റെ ബോധവൽക്കരണ ശ്രമങ്ങൾ, മരുന്നുകളുടെ ഉപയോഗവും പരിഗണനാ വിഷയമാകുന്നു.

വിദൂരസംവേദനം (Remote Sensing) വഴി ശേഖരിക്കുന്ന ചിത്രങ്ങൾ കൊതുകിന്റെ പ്രജനനം നടക്കുന്ന ആവാസവ്യവസ്ഥകളെകുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്നു. പ്രത്യേകിച്ച് മുളങ്കാടുകൾ, നൈസർഗ്ഗിക വനങ്ങൾ, കണ്ടൽക്കാടുകൾ, ചതുപ്പുനിലങ്ങൾ എന്നിവയിൽ വളരുന്ന സസ്യജാലിക കളെ തിരിച്ചറിയുന്നു. അതുപോലെ ഉപരിതല ജലസ്രോതസ്സുകളെ കുറിച്ചുള്ള വിവരങ്ങൾ, കാലാവസ്ഥാവിവരങ്ങൾ എല്ലാം ഇവിടെ സഹായ ഘടകങ്ങളായി വർത്തിക്കുന്നു. ഭൂപ്രകൃതിപരമായ ലഭിക്കുന്ന വിവരങ്ങൾ കൊതുക് വളർച്ചയ്‌ക്ക് സഹായകരമായ ഉപരിതല സവിശേഷതകളെ തിരിച്ചറിയാൻ സഹായിക്കുന്നു. ഊഷ്മാവിനെ കുറിച്ചുള്ള വിവരങ്ങൾ രോഗകാരിണിയായ പരാദത്തിന്റെ ജൈവിക വളർച്ച ഘട്ടങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.

ഇത്തരം ലഭ്യമാകുന്ന അടിസ്ഥാന വിവരങ്ങളുടെ പിൻബലത്തിൽ ഒരു ആതുര ഭൗമവിവരണ ശാസ്ത്ര പ്രശ്ന പരിഹാര മാതൃക രൂപപ്പെടുത്തുന്നു.

 1. കൊതുക് സാന്ദ്രതയും പരിസ്ഥിതിയും തമ്മിൽ ബന്ധപ്പെടുത്തുന്ന സൂത്രവാക്യം രൂപീകരിക്കുന്നു .
 2. വ്യത്യസ്ഥ ഭൂപടങ്ങൾ നിർമ്മിക്കുന്നു.
  • കൊതുക് സാന്ദ്രതയുടെ ഭൂപടം
  • കാലാവസ്ഥ – നൈസർഗ്ഗിക സസ്യജാലികയുടെ ഭൂപടം
  • പകർച്ചവ്യാധി ബാധിത പ്രദേശങ്ങളുടെ ഭൂപടം
  • ഭൂപ്രകൃതി വൈവിദ്യം അനുസരിച്ച് കാണപ്പെടുന്ന കൊതുകുവർഗ്ഗങ്ങൾ
  • ജലസമൃദ്ധി സംബന്ധിയായ ഭൂപടം
  • ലഭ്യമായ വിവരങ്ങളുടെ ക്രോഡീകരണം
  • മലേറിയ രോഗബാധ വരാൻ സാധ്യതയുള്ള മേഖലയുടെ കണ്ടെത്തൽ
ഇത്തരത്തിൽ ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി രോഗത്തെ, രോഗകാരിയെ, രോഗ വ്യാപനത്തിന്റെ സ്വഭാവത്തെ, അതിന് സഹായകരമായ ഘടകങ്ങളെ തിരിച്ചറിഞ്ഞ് രോഗനിർമ്മാർജ്ജന ശ്രമങ്ങളിൽ ഉപയോഗിച്ചു എന്നതാണ് വിയറ്റ്നാം ഈ രംഗത്ത് കൈവരിച്ച വിജയപർവ്വത്തിന്റെ അടിസ്ഥാനം.

മെഡിക്കൽ GIS ഉം കേരളവും

നമ്മുടെ പൊതുജനാരോഗ്യമേഖലയിൽ മെഡിക്കൽ GIS-ന്റെ ഉപയോഗം സമീപകാലം വരെ അത്ര ശക്തമായിരുന്നില്ല. ഓരോ മഴക്കാലത്തും കൊതുക്ജന്യ രോഗങ്ങളാൽ നൂറുകണക്കിന് ആളുകൾ മരണമടയുന്ന അവസ്ഥ നമ്മുടെ കൊച്ചു കേരളത്തിൽപോലും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ചിക്കുൻഗുനിയ, ഡങ്കിപനി, ജ്വരം പോലുള്ള രോഗങ്ങൾ ആണ് കൂടുതൽ പേരുടേയും മരണത്തിന് കാരണമായി മാറുന്നത്. ഒരിക്കൽ നിർമ്മാർജ്ജനം ചെയ്തു എന്ന് വിശ്വസിക്കപ്പെട്ട പല പകർച്ചവ്യാധികളും പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന കാലത്ത് ആധുനിക ശാസ്ത്ര സങ്കേതങ്ങളുമായ് നാം കൂടുതൽ ശാക്തീകരിക്കപ്പെടേണ്ടതുണ്ട്

കേരളത്തിലെ കൊതുക്സാന്ദ്രതയെ കുറിച്ച് പഠിക്കുകയും അവയുടെ ആവാസവ്യവസ്ഥ കണ്ടെത്തി നിർമ്മാർജ്ജന പ്രക്രിയകൾ നടത്തിയില്ലെങ്കിൽ ജനസാന്ദ്രത കൂടിയ കേരളം പോലുള്ള സംസ്ഥാനത്ത് കൊതുക് ജന്യരോഗങ്ങൾ ബാധിച്ച് മരിക്കുന്ന ആളുകളുടെ പ്രവചനാതീതമായി ഉയർന്നേക്കാം.

സാങ്കേതികമായ് കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ നവീകരിക്കാൻ നിർബന്ധിക്കപ്പെടുന്ന അവസരം നമുക്ക് കൈവന്നിരിക്കുകയാണ്. ‘നിപ’ കാലത്ത് രോഗവ്യാപന മേഖലയെ ബഫർ ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ‘നിപ’യുടെ വ്യാപനം വളരെ ലിമിറ്റഡ് ഏരിയയിൽ മാത്രമായിരുന്നു എന്നത് നമുക്ക് അങ്ങേയറ്റം സൗകര്യപ്രദമായിരുന്നു.

എന്നാൽ പൊടുന്നനെ വ്യാപനശേഷിയുള്ള കൊറോണ വൈറസ്സിനെ നേരിടാൻ ബഫർ അനാലിസിസ്സിനെ കൂടാതെ നെറ്റ് വർക്ക് അനാലിലിസും വളരെ കൂടുതലായ് ഉപയോഗിക്കേണ്ടി വരുന്നുണ്ട്. രോഗികൾ സമ്പർക്കത്തിൽ ഏർപ്പെട്ട വ്യക്തികൾ ,സമൂഹം ,വഴികൾ ,ദൂരം എല്ലാം വിശകലന വിധേയമാക്കി പ്രതിരോധ പ്രവർത്തനങ്ങളെ പുതിയ ദിശയിലേക്ക് നാം വളർത്താൻ ഇന്ന് നാം ഏറെ കുറെ സജ്ജമായിരിക്കുകയാണ്.

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ പുതിയ ഒരു സാമൂഹിക ആരോഗ്യ മാതൃക രൂപപ്പെടുത്തി ആരോഗ്യരംഗത്ത് നാം നേരിടുന്ന പുതിയ വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്. നാം അഭിമാനത്തോടെ പറയുന്ന കേരളത്തിന്റെ ആരോഗ്യമോഡൽ അനുദിനം വര്‍ധിച്ചുവരുന്ന പുതിയ വെല്ലുവിളികളെ തരണം ചെയ്യണമെങ്കില്‍ മെഡിക്കല്‍ GIS-ന്റെ സഹായം കൂടിയേ തീരൂ.


ചിത്രങ്ങള്‍ക്ക് കടപ്പാട് : researchgate.net

ലേഖനത്തിന്റെ ഒന്നാം ഭാഗം – പകര്‍ച്ചവ്യാധികളും മെഡിക്കല്‍ GIS-ഉം

പകർച്ചവ്യാധികളും മെഡിക്കല്‍ GIS-ഉം – ഭാഗം 1

Leave a Reply