Read Time:72 Minute

ഡോ.ദീപ ശങ്കർ
യുണിസെഫ് ചീഫ് ഓഫ് എഡ്യൂക്കേഷൻ, ഉസ്ബക്കിസ്ഥാൻ

 

 

മെച്ചപ്പെട്ടതും സുസ്ഥിരമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള മാതൃകയാണ് സുസ്ഥിരവികസനലക്ഷ്യങ്ങൾ. 2030-ലേക്കുള്ള വികസനത്തിലേക്കുള്ള അജണ്ട നിലവിലുള്ളതും ഭാവിയിലേക്കുമുള്ള മുഴുവൻ മനുഷ്യർക്കും സമൂഹത്തിനും ഉതകുന്ന ഒരു ഉത്കൃഷ്ട രൂപരേഖയാണിത്‌.

ആമുഖം

2015-ൽ ഐക്യരാഷ്ട്ര പൊതുസഭ ‘മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള മാതൃക’യായി രൂപകൽപ്പന ചെയ്തിട്ടുള്ളതും 2030-ഓടെ നേടിയെടുക്കാൻ ഉദ്ദേശിച്ചിട്ടുള്ളതുമായ 17 പരസ്പര ബന്ധിതമായ ആഗോള തലത്തിലുള്ള ലക്ഷ്യങ്ങളുടെ ഒരു ശേഖരമാണ് ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ’ അഥവാ Sustainable Development Goals (SDG). അല്ലെങ്കിൽ ആഗോള ലക്ഷ്യങ്ങൾ. ഇന്ന് ലോകത്തിലെ മിക്ക വികസന ചർച്ചകളും പരിപാടികളും ഈ ലക്ഷ്യങ്ങൾ മുന്നോട്ടു വച്ച വിഷയങ്ങളിൽ കേന്ദ്രീകരിച്ചാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് SDG കളുടെ പ്രസക്തി നാം മനസ്സിലാക്കുന്നത്.
2012-ൽ റിയോ ഡി ജനീറോയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന കോൺഫറൻസിലാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) എന്ന ആശയം ജനിച്ചത്. ലോകം അഭിമുഖീകരിക്കുന്ന അടിയന്തിര പാരിസ്ഥിതിക, രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളെ നേരിടുന്ന ഒരു കൂട്ടം സാർവത്രിക ലക്ഷ്യങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു ആ കോൺഫറൻസിന്റെ ലക്ഷ്യം. ദാരിദ്ര്യ നിവാരണത്തിനും വിവിധ മേഖലയിൽ വികസനം ഉറപ്പുവരുത്തുന്നതിനുമായി 2000-ൽ ആഗോള ശ്രമങ്ങൾക്ക് തുടക്കമിട്ട മില്ലേനിയം ഡെവലപ്‌മെന്റ് ഗോളുകൾ (Millenium Development Goals – MDG) മുന്നോട്ടു കൊണ്ടുപോകുന്നതിനായിട്ടാണ് SDGകൾ രൂപകൽപന ചെയ്തത്. കടുത്ത ദാരിദ്ര്യവും പട്ടിണിയും പരിഹരിക്കുന്നതിനും മാരകമായ രോഗങ്ങൾ തടയുന്നതിനും പ്രാഥമിക വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും മറ്റ് വികസന മുൻഗണനകൾക്കൊപ്പം വ്യാപിപ്പിക്കുന്നതിനും അളക്കാവുന്നതും സാർവത്രികമായി അംഗീകരിച്ചതുമായ ലക്ഷ്യങ്ങൾ MDGകൾ സ്ഥാപിച്ചിരുന്നു. 2015-ഓടെ MDGകൾ നിരവധി സുപ്രധാന മേഖലകളിൽ പുരോഗതി കൈവരിച്ചു; ദാരിദ്ര്യം കുറയ്ക്കുക, ജലത്തിനും ശുചിത്വത്തിനും ആവശ്യമായ പ്രാധാന്യം നൽകുക, കുട്ടികളുടെ മരണ നിരക്ക് കുറയ്ക്കുക, മാതൃ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുക, സ്വതന്ത്രമായ പ്രാഥമിക വിദ്യാഭ്യസം ഉറപ്പ് വരുത്തുക തുടങ്ങിയവ ഇതിൽ പെടും. എന്നാൽ ഈ പല മേഖലകളിലും നേട്ടങ്ങൾ വളരെ ഭാഗികമായിരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പട്ടിണി അവസാനിപ്പിക്കാനും, പൂർണ്ണമായ ലിംഗസമത്വം കൈവരിക്കാനും, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഓരോ കുട്ടിയെയും പ്രാഥമിക തലത്തിനപ്പുറത്തേക്ക് വിദ്യാഭ്യാസം നൽകാനും, ലോകത്തെ കൂടുതൽ സുസ്ഥിര പാതയിലേക്ക് മാറ്റാനുള്ള അടിയന്തിര ആഹ്വാനം കൂടിയാണ് എസ്ഡിജികൾ. എംഡിജികളുടെ പാരമ്പര്യവും നേട്ടങ്ങളും പുതിയ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നതിന് വിലയേറിയ പാഠങ്ങളും അനുഭവങ്ങളും നൽകുന്നു.
2015 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന യു.എൻ. സുസ്ഥിര വികസന ഉച്ചകോടിയിൽവച്ചു സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ട അതിന്റെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ അംഗീകരിച്ചു. എല്ലാ ഐക്യരാഷ്ട്ര അംഗരാജ്യങ്ങളും 2015-ൽ അംഗീകരിച്ച 2030-ലെ സുസ്ഥിര വികസനത്തിനായുള്ള അജണ്ട, ഇപ്പോഴത്തേക്കും ഭാവിയിലേക്കും, മുഴുവൻ മനുഷ്യർക്കും ഗ്രഹത്തിനും, സമാധാനത്തിനും അഭിവൃദ്ധിക്കും ഉതകുന്ന ഒരു സർവ്വോൽക്കൃഷ്ട രൂപരേഖയാണ് പ്രദാനം ചെയ്യുന്നത്. ലക്ഷ്യങ്ങൾ വിശാലവും പരസ്പരാശ്രിതവുമാണെങ്കിലും, എസ്ഡിജികളെ കൂടുതൽ പ്രവർത്തനക്ഷമമാക്കാൻ 2017-ൽ യു.എൻ പൊതുസഭ അംഗീകരിച്ച പ്രമേയം, ഓരോ ലക്ഷ്യത്തിലേക്കുമുള്ള പുരോഗതി അളക്കുന്നതിന് ഉപയോഗിക്കുന്ന സൂചകങ്ങൾക്കൊപ്പം ഓരോ ലക്ഷ്യത്തിനും നിർദ്ദിഷ്ട ഉദ്ദേശ്യങ്ങളും (targets) തയ്യാറാക്കി അംഗീകരിച്ചു. ലക്ഷ്യം കൈവരിക്കാൻ ഉദ്ദേശിക്കുന്ന സമയം 2030-ലേക്ക് നിർണ്ണയിച്ചു.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ

17 എസ്ഡിജികൾ ഇവയാണ്:

  1. ദാരിദ്ര്യ നിർമ്മാർജ്ജനം
  2. വിശപ്പില്ലാത്ത അവസ്ഥ
  3. നല്ല ആരോഗ്യവും ക്ഷേമവും
  4. ഗുണ നിലവാരമുള്ള വിദ്യാഭ്യാസം
  5. ലിംഗസമത്വം
  6. ശുദ്ധമായ വെള്ളവും ശുചിത്വവും
  7. താങ്ങാവുന്നതും ശുദ്ധവുമായ ഊർജ്ജം
  8. മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും
  9. വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ
  10. അസമത്വം കുറയ്ക്കുക
  11. സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും
  12. ഉത്തരവാദിത്ത ഉപഭോഗവും ഉത്പാദനവും
  13. കാലാവസ്ഥാ പ്രവർത്തനം
  14. വെള്ളത്തിന് താഴെയുള്ള ജീവിതം
  15. കരയിലെ ജീവിതം
  16. സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ
  17. ലക്ഷ്യങ്ങൾക്കുള്ള പങ്കാളിത്തം.

ഇവയിലേക്ക് ഒന്ന് കണ്ണോടിക്കാം.

ഓരോ ലക്ഷ്യത്തിനും സാധാരണയായി 8 മുതൽ 12 വരെ ടാർഗറ്റുകളും ഓരോ ടാർഗറ്റിനും 1 മുതൽ 4 വരെ സൂചകങ്ങളും പുരോഗതി അളക്കാൻ ഉപയോഗിക്കുന്നു. ടാർഗറ്റുകളിൽ ചിലവ റിസൾട്ടിനെ സൂചിപ്പിക്കുമ്പോൾ മറ്റു ചിലവ നടപ്പാക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചുള്ളതാണ്. രീതിശാസ്ത്രപരമായ വികാസത്തിന്റെ നിലവാരത്തെയും ആഗോള തലത്തിൽ ഡാറ്റയുടെ ലഭ്യതയെയും അടിസ്ഥാനമാക്കി സൂചകങ്ങളെ മൂന്ന് തലങ്ങളായി (Tiers) തിരിച്ചിട്ടുണ്ട്. Tier 1, Tier 2 എന്നിവ ആശയപരമായി വ്യക്തവും അന്തർദ്ദേശീയമായി സ്ഥാപിതമായ രീതിശാസ്ത്രവുമാണ്. Tier 3 സൂചകങ്ങൾക്ക് അന്തർദ്ദേശീയമായി സ്ഥാപിതമായ രീതിശാസ്ത്രമോ മാനദണ്ഡങ്ങളോ ഇല്ല.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ട 2030 രൂപീകരിക്കുന്നതിൽ ഇന്ത്യയും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മാത്രവുമല്ല, സുസ്ഥിര വികസന ലക്ഷ്യങ്ങൾ രാജ്യത്തിന്റെ ദേശീയ വികസന അജണ്ടയിൽ പ്രതിഫലിക്കുന്നുമുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങളും അവയുടെ കഴിഞ്ഞ 5 വർഷങ്ങളിലെ പുരോഗതിയും അന്തർദേശീയ തലത്തിലും ഒപ്പം ഇന്ത്യയിലും എങ്ങനെയായിരിന്നുവെന്ന് ഒരു വിശകലനം നന്നായിരിക്കും.

ലക്ഷ്യം 1: ദാരിദ്ര്യ നിർമ്മാർജ്ജനം

SDG 1 ലക്ഷ്യമിടുന്നത് 2030-ഓടെ ‘ദാരിദ്ര്യം അതിന്റെ എല്ലാ രൂപങ്ങളിലും എല്ലായിടത്തും അവസാനിപ്പിക്കുക’ എന്നതാണ്. ഈ മേഖലയിലെ പുരോഗതി അളക്കുന്നതിന് ഏഴ് ടാർഗറ്റുകളും 13 സൂചകങ്ങളുമുണ്ട്. അഞ്ച് ടാർഗറ്റുകൾ ഇവയാണ്; കടുത്ത ദാരിദ്ര്യ നിർമ്മാർജ്ജനം: എല്ലാ ദാരിദ്ര്യവും പകുതിയായി കുറയ്ക്കുക, സാമൂഹിക സംരക്ഷണ സംവിധാനങ്ങൾ നടപ്പിലാക്കുക, ഉടമസ്ഥാവകാശം, അടിസ്ഥാന സേവനങ്ങൾ, സാങ്കേതികവിദ്യ, സാമ്പത്തിക വിഭവങ്ങൾ എന്നിവയ്ക്ക് തുല്യ അവകാശം ഉറപ്പാക്കൽ, പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക ദുരന്തങ്ങളോട് പ്രതിരോധം വളർത്തുക. ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട രണ്ട് സൂചകങ്ങൾ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി വിഭവ സമാഹരണം, അതുപോലെ അതിനായി നയ ചട്ടക്കൂടുകൾ സ്ഥാപിക്കുക എന്നതുമാണ്. 2015-ലെ കണക്കനുസരിച്ച് ഏകദേശം 736 ദശലക്ഷം ആളുകൾ ഒരു ദിവസം 1.90 യുഎസ് ഡോളറിൽ താഴെ വരുമാനത്തിലാണ് ജീവിച്ചിരുന്നത്; പലർക്കും ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും ശുചിത്വ മാർഗവും ഉണ്ടായിരുന്നില്ല. എന്നാൽ ഈ അടുത്ത കാലത്ത് ഉണ്ടായ പുരോഗതി കണക്കിലെടുത്താലും, ലോകത്തിലെ 10 ശതമാനം ജനത ഇന്നും ദാരിദ്ര്യത്തിലാണ് കഴിയുന്നത്; താഴ്ന്നവരുമാനമുള്ള രാജ്യങ്ങളിൽ കടുത്ത ദാരിദ്ര്യം വളരെ കൂടുതലാണ്. കോവിഡ്-19 മഹാമാരി, കഴിഞ്ഞ 20 വർഷമായി ക്രമാനുഗതമായി കുറച്ചു കൊണ്ടുവന്ന ദാരിദ്ര്യനിരക്ക് വീണ്ടും വർധിപ്പിച്ചതായി സൂചിപ്പിക്കുന്നു. 2020-ൽ 71 മില്യൺ ജനങ്ങൾ COVID -19 കാരണം അതി തീവ്രദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടതായി UN റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദേശീയ വികസന അജണ്ടയുടെ കാതലായ ‘ദാരിദ്ര്യനിർമാർജനം’ ലക്ഷ്യംവച്ച് ബഹുവിധ മാർഗങ്ങളും തന്ത്രങ്ങളും ഇന്ത്യ ആവിഷ്‌കരിച്ചിട്ടുണ്ട്. ഭക്ഷ്യോത്പാദനം വിപുലീകരിക്കുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ ശേഖരം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയുടെ ശ്രമങ്ങൾ വളരെ നല്ല ഫലം കണ്ടിട്ടുണ്ട്. ഭക്ഷ്യ സബ്‌സിഡിയും കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായവും ജനങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതിന് മുഖ്യപങ്കുവഹിക്കുന്നുണ്ട്.

ലക്ഷ്യം 2: വിശപ്പ് നിവാരണം

2030-ഓടെ എല്ലാത്തരം പട്ടിണിയും പോഷകാഹാരക്കുറവും അവസാനിപ്പിക്കുകയാണ് SDG ലക്ഷ്യമിടുന്നത്, എല്ലാ ആളുകൾക്കും-പ്രത്യേകിച്ച് കുട്ടികൾക്ക് – വർഷം മുഴുവനും മതിയായതും പോഷക സമൃദ്ധവുമായ ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കുക, സുസ്ഥിര കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുക, ചെറുകിട കർഷകരെ പിന്തുണയ്ക്കുക, ഭൂമി, സാങ്കേതിക വിദ്യ, വിപണികൾ എന്നിവ ഉറപ്പാക്കുകയെന്നത് ഇതിൽ ഉൾപ്പെടുന്നു. കാർഷിക ഉൽപാദന ക്ഷമത മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതികവിദ്യയിലും നിക്ഷേപം ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും ഇതിന് ആവശ്യമാണ്. എട്ട് ടാർഗറ്റുകളും പുരോഗതി അളക്കാൻ 14 സൂചകങ്ങളുമുണ്ട് ഈ ലക്ഷ്യത്തിന്.

ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും കാർഷിക ഉൽപാദനക്ഷമതയും കാരണം ലോകത്തിലെ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം കഴിഞ്ഞ രണ്ട് ദശകങ്ങളിൽ പകുതിയോളം കുറഞ്ഞു. മദ്ധ്യ, കിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയൻ എന്നീ രാജ്യങ്ങളിൽ കടുത്ത പട്ടിണി നിർമാർജനത്തിൽ വലിയ പുരോഗതി കൈവരിച്ചു എങ്കിലും നിർഭാഗ്യവശാൽ, കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും പല രാജ്യങ്ങളുടെയും വികസനത്തിന് വലിയ തടസ്സമായി തുടരുന്നു. 2017-ലെ കണക്കനുസരിച്ച് 821 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവുള്ളവരായി കണക്കാക്കപ്പെടുന്നു. അഞ്ച് വയസ്സിന് താഴെയുള്ള 90 ദശലക്ഷത്തിലധികം കുട്ടികൾ ഈ അപകട മേഖലയിലാണ്. പോഷകാഹാരക്കുറവും കടുത്ത ഭക്ഷണ അരക്ഷിതാവസ്ഥയും ആഫ്രിക്കയിലെ പല പ്രദേശങ്ങളിലും തെക്കേ അമേരിക്കയിലും വർദ്ധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയുളവാക്കുന്നു. ആഗോള ഭക്ഷ്യ വിതരണ ശൃംഖലയിലെ ബലഹീനതകളെ തുറന്നുകാട്ടുന്ന സൂചകമായിരുന്നു കോവിഡ് കാലമെന്നതും ഇവിടെ ഓർമിക്കേണ്ടതുണ്ട്.

ലക്ഷ്യം 3: നല്ല ആരോഗ്യവും ക്ഷേമവും

സുസ്ഥിര വികസനത്തിന് ആരോഗ്യമുള്ള ജനസമൂഹം അനിവാര്യമാണ്. 2030-ലെ അജണ്ട വികസനത്തിന്റെയും ആരോഗ്യത്തിന്റെയും സങ്കീർണ്ണതയും പരസ്പര ബന്ധവും പ്രതിഫലിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ മരണത്തിനും രോഗത്തിനും കാരണമായ നിരവധി സാഹചര്യങ്ങൾക്കെതിരെ ലോകം വലിയ പുരോഗതി കൈവരിച്ചു. ആയുർദൈർഘ്യം ഗണ്യമായി വർദ്ധിച്ചു; ശിശു, മാതൃമരണ നിരക്ക് കുറഞ്ഞു, HIV, മലേറിയ മുതലായവ മൂലമുള്ള മരണങ്ങൾ പകുതിയായി. എങ്കിലും ആരോഗ്യ രംഗത്ത് ലോകം ഇന്നും വളരെ വലിയ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. COVID -19 പോലെയുള്ള മഹാമാരികൾ നമ്മെ ഓർമിപ്പിക്കുന്നത് ആരോഗ്യ രംഗത്ത് ഉണ്ടാകാവുന്ന അപ്രതീക്ഷിത കടമ്പകൾ ആണ്.
SDG 3 ലക്ഷ്യമിടുന്നത് ‘ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക, എല്ലാ പ്രായത്തിലുമുള്ള എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുക’ എന്നതാണ്. പുരോഗതി അളക്കാൻ SDG 3ന് 13 ടാർഗറ്റുകളും 28 സൂചകങ്ങളുമുണ്ട്. മാതൃമരണ നിരക്ക് കുറയ്ക്കുക; 5 വയസ്സിന് താഴെയുള്ള എല്ലാ തടയാവുന്ന മരണങ്ങളും അവസാനിപ്പിക്കുക; സാംക്രമിക രോഗങ്ങൾക്കെതിരെ പോരാടുക; സാംക്രമികേതര രോഗങ്ങളിൽ നിന്നുള്ള മരണനിരക്ക് കുറയ്ക്കുകയും മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക; മയക്കുമരുന്ന് ഉപയോഗം തടയുകയും ചികിത്സിക്കുകയും ചെയ്യുക, റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുക; ലൈംഗിക, പ്രത്യുൽപാദന പരിപാലനം, കുടുംബാസൂത്രണം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുക, സാർവത്രിക ആരോഗ്യ പരിരക്ഷ നേടുക; അപകടകരമായ രാസവസ്തുക്കളിൽ നിന്നും മലിനീകരണത്തിൽ നിന്നുമുള്ള രോഗങ്ങളും മരണങ്ങളും കുറയ്ക്കുക എന്നിവ പരിണിതഫല ലക്ഷ്യങ്ങളിൽപെടും. പുകയില നിയന്ത്രണത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ നടപ്പിലാക്കുക; ഗവേഷണത്തിനും വികസനത്തിനും താങ്ങാനാവുന്ന വാക്‌സിനുകളിലേക്കും മരുന്നുകളിലേക്കും സാർവത്രിക പ്രാപ്യതയുണ്ടാക്കുക; ആരോഗ്യ ധനസഹായം വർദ്ധിപ്പിക്കുകയും വികസ്വര രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കുകയും ചെയ്യുക; ആഗോള ആരോഗ്യ അപകടസാധ്യതകൾക്കായി നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നിവ ഇതിലേക്കുള്ള മാർഗങ്ങളാണ്.

ആരോഗ്യവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ നേടുന്നതിനായി ലോകം മുന്നേറുന്നുണ്ടെങ്കിലും രാജ്യങ്ങൾക്കിടയിലും രാജ്യങ്ങൾക്കകത്തും സന്തുലിതമായ പുരോഗതിയല്ല ഉള്ളത്. ചില രാജ്യങ്ങൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും ദേശീയ ശരാശരി കണക്കാക്കുമ്പോൾ രാജ്യത്തിനുള്ളിലുള്ള അസമത്വം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വന്നമാറ്റവും പുരോഗതിയും ശ്രദ്ധേയമാണ്. രാജ്യം സ്വീകരിച്ച ആരോഗ്യ തന്ത്രങ്ങളിലും, ദിശകളിലും കാര്യമായ മാറ്റങ്ങളുണ്ടായി. ജലത്തിനും ശുചിത്വത്തിനും ഊന്നൽ നൽകുന്നത് പ്രാഥമികമായി ‘സ്വച്ഛ് ഭാരത് മിഷനി’ലൂടെയാണ്, ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും, ദേശീയ പോഷകാഹാര ദൗത്യവും, പോഷൻ അഭിയാനും എല്ലാം പ്രകാരം പോഷകാഹാരക്കുറവിനെതിരായ സമഗ്രമായ പരിപാടികൾ ആയിമാറി. എന്നിരുന്നാലും ആരോഗ്യത്തെക്കുറിച്ചുള്ള സർക്കാർ ഉത്തരവാദിത്തം മെച്ചപ്പെടുത്തുന്നതിന് കുടുതൻ കാര്യങ്ങൾചെയ്യേണ്ടതുണ്ട്. കേന്ദ്ര സർക്കാരും സംസ്ഥാനസർക്കാരുകളും കൂടുതൽ ധനവിഭവങ്ങൾ ഈ മേഖലയിൽ നീക്കിവയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ലക്ഷ്യം 4: ഗുണ നിലവാരമുള്ള വിദ്യാഭ്യാസം

എല്ലാവർക്കുമായി സമഗ്രവും നിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുന്നത് സുസ്ഥിര വികസനത്തിന് ഏറ്റവും ശക്തവും തെളിയിക്കപ്പെട്ടതുമായ ഒരു മാർഗമാണ്. SDG 4 ലക്ഷ്യമിടുന്നത് ‘സമഗ്രവും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും എല്ലാവർക്കും ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക’ എന്നതാണ്. 2000 മുതൽ സാർവത്രിക പ്രാഥമിക വിദ്യാഭ്യാസ ലക്ഷ്യം കൈവരിക്കുന്നതിൽ ലോകത്ത് വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. വികസ്വര പ്രദേശങ്ങളിലെ മൊത്തം പ്രാഥമിക വിദ്യാഭ്യാസ പങ്കാളിത്തനിരക്ക് 2015-ൽ 91 ശതമാനത്തിലെത്തി, ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ അവസരം കിട്ടാതെ വിദ്യാലയങ്ങൾക്ക് പുറത്തു നിൽക്കുന്ന കുട്ടികളുടെ എണ്ണം പകുതിയായി കുറഞ്ഞു. സാക്ഷരതാ നിരക്കിൽ ഗണ്യമായ വർധനവുണ്ടായി, മുമ്പത്തേക്കാൾ കൂടുതൽ പെൺകുട്ടികൾ വിദ്യാലയങ്ങളിൽ ഉണ്ട്. ഇതെല്ലാം ശ്രദ്ധേയമായ വിജയങ്ങളാണ്. എന്നാൽ വിദ്യാലയത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ നിലവാരവും കുട്ടികൾക്ക് ഉണ്ടാവേണ്ട അടിസ്ഥാന വിവരവും പല രാജ്യങ്ങളിലും വളരെ കുറവാണ്. പല അന്താരാഷ്ട്ര പഠനങ്ങളും കാണിക്കുന്നത് കുട്ടികൾക്ക് അവർ എത്തേണ്ട നിലവാരത്തിലുള്ള അറിവോ കഴിവോ ഇല്ല എന്നാണ്.
SDG 4-ന് 11 സൂചകങ്ങൾ കണക്കാക്കുന്ന പത്ത് ടാർഗറ്റുകളുണ്ട്. ഇതിൽ ഏഴെണ്ണം ‘ഫലത്തെ അടിസ്ഥാനമാക്കിയുള്ള ലക്ഷ്യങ്ങൾ’ ആണ്; സമഗ്രവും നിലവാരമുള്ളതുമായ പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസം, ഗുണ നിലവാരമുള്ള പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിലേക്ക് തുല്യ പ്രവേശനം, താങ്ങാനാവുന്ന സാങ്കേതിക, തൊഴിൽ, ഉന്നത വിദ്യാഭ്യാസം, സാമ്പത്തിക വിജയത്തിനായി പ്രസക്തമായ കഴിവുകളുള്ള ആളുകളുടെ എണ്ണം വർദ്ധിപ്പിക്കുക, വിദ്യാഭ്യാസത്തിലെ എല്ലാ വിവേചനങ്ങളും ഇല്ലാതാക്കുക, സാർവത്രിക സാക്ഷരതയും സംഖ്യയും, സുസ്ഥിര വികസനത്തിനും ആഗോള പൗരത്വത്തിനുമുള്ള വിദ്യാഭ്യാസം തുടങ്ങിയവ. മൂന്ന് ‘ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ’ ഇവയാണ്; എല്ലാവരെയും ഉൾക്കൊള്ളുന്നതും സുരക്ഷിതവുമായ സ്‌കൂളുകൾ നിർമ്മിക്കുകയും നവീകരിക്കുകയും ചെയ്യുക, വികസ്വര രാജ്യങ്ങൾക്കായി ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വർദ്ധിപ്പിക്കുക, വികസ്വര രാജ്യങ്ങളിലെ യോഗ്യതയുള്ള അധ്യാപകരുടെ വിതരണം വർദ്ധിപ്പിക്കുക മുതലായവ.
മാനുഷിക മൂലധനം മെച്ചപ്പെടുത്തുന്നതിനും മാനവ വികസനം സാധ്യമാക്കുന്നതിനും വിദ്യാഭ്യാസത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മില്ലേനിയം ഡെവലപ്‌മെന്റ് ഗോളുകൾ വിദ്യാർത്ഥികളുടെ പ്രവേശനം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, SDGകൾ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം ഉയർത്തുന്നതിൽ പ്രത്യേക പ്രാധാന്യം നൽകി. ഇതിൽ പഠന നില(learning levels)യ്ക്കു വളരെ പ്രാധാന്യമുണ്ട്. വിദ്യാഭ്യാസത്തിലെ സമത്വം, എല്ലാവരെയും ഉൾപ്പെടുത്തൽ, ഗുണനിലവാരം ഉയർത്തൽ എന്നിവയിൽ SDG 4 ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, കുട്ടികളുടെയും വൈകല്യമുള്ളവരുടെയും ആവശ്യങ്ങളോട് സംവേദനക്ഷമതയുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ നിർമ്മിക്കാനും നവീകരിക്കാനും ഇത് ലക്ഷ്യമിടുന്നു.

പ്രീ-സ്‌കൂൾ, പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി മുതൽ സീനിയർ സെക്കൻഡറി തലങ്ങൾ വരെയുള്ള സമഗ്രവും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനാണ് സമഗ്രശിക്ഷ അഭിയാൻ പദ്ധതി ലക്ഷ്യമിടുന്നത്. ഇത് സർവ്വശിക്ഷാ അഭിയാൻ (SSA), രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാൻ (RMSA), അധ്യാപക വിദ്യാഭ്യാസം (TE) എന്നീ മൂന്ന് പദ്ധതികളെ ഉൾക്കൊള്ളുന്നതാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക, വിദ്യാർത്ഥികളുടെ പഠന ഫലങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യങ്ങൾ; തുല്യതയിലൂടെയും ഉൾപ്പെടുത്തലിലൂടെയും സ്‌കൂൾ വിദ്യാഭ്യാസത്തിലെ സാമൂഹികവും ലിംഗപരവുമായ വിടവുകൾ നികത്തുക, വിദ്യാഭ്യാസത്തിന്റെ തൊഴിൽവൽക്കരണം പ്രോത്സാഹിപ്പിക്കുക, സ്വതന്ത്രവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം (RTE Act 2009) നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്. എന്നാൽ NCERT യുടെയും Pratham എന്ന സർക്കാരിതര സംഘടനയുടെയും പഠനങ്ങൾ കാണിക്കുന്നത് രാജ്യത്തെ കുട്ടികളുടെ പഠന നിലവാരം പുറകോട്ടാണ് എന്നാണ്.


ലക്ഷ്യം 5: ലിംഗസമത്വം

SDG 5 ലക്ഷ്യമിടുന്നത് ‘ലിംഗസമത്വം നേടുകയും സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കുന്നത് ഒരു അടിസ്ഥാന മനുഷ്യാവകാശം മാത്രമല്ല, സുസ്ഥിര ഭാവിക്ക് നിർണായകമാണ്; സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
‘ആരെയും പിന്നിൽ ഉപേക്ഷിക്കരുത്’ എന്ന പ്രതിജ്ഞയിലൂടെ, ആദ്യം പിന്നിൽ നിൽക്കുന്നവർക്കായി അതിവേഗം പുരോഗതി കൈവരിക്കാൻ രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണ്. SDG 5 ലക്ഷ്യമിടുന്നത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശങ്ങൾ, ജോലിസ്ഥലം ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിവേചനമില്ലാതെ സ്വതന്ത്രമായി ജീവിക്കാനുള്ള അവസരങ്ങൾ എന്നിവയാണ്.

തൊഴിൽ വിപണിയിൽ നിരീക്ഷിച്ചാൽ എന്നത്തേക്കാളും കൂടുതൽ സ്ത്രീകൾ ഉണ്ടെങ്കിലും, ചില പ്രദേശങ്ങളിൽ ഇപ്പോഴും വലിയ അസമത്വങ്ങൾ കാണപ്പെടുന്നുണ്ട്. പുരുഷന്മാർക്ക് തുല്യമായ തൊഴിൽ അവകാശങ്ങൾ സ്ത്രീകൾക്ക് ആസൂത്രിതമായി നിഷേധിക്കുന്നു. ലൈംഗിക അതിക്രമവും ചൂഷണവും, ശമ്പളമില്ലാത്ത പരിചരണത്തിന്റെയും വീട്ടുജോലിയുടെയും അസമമായ വിഭജനം, പൊതു കാര്യാലയങ്ങളിലെ വിവേചനം എന്നിവയെല്ലാം വലിയ തടസ്സങ്ങളായി തുടരുന്നു. കാലാവസ്ഥാ വ്യതിയാനവും ദുരന്തങ്ങളും സ്ത്രീകളിലും കുട്ടികളിലും ആനുപാതികമല്ലാത്ത സ്വാധീനം ചെലുത്തുന്നു, സംഘർഷവും കുടിയേറ്റവും പോലെ. സ്ത്രീകൾക്ക്  ഭൂമി, സ്വത്ത്, ലൈംഗിക പ്രത്യുൽപാദന ആരോഗ്യം, സാങ്കേതികവിദ്യ, ഇന്റർനെറ്റ് എന്നിവയ്ക്കുമേൽ തുല്യ അവകാശം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

ലക്ഷ്യം 6: ശുദ്ധമായ വെള്ളവും ശുചിത്വവും

SDG 6 ലക്ഷ്യമിടുന്നത് ‘ജലത്തിന്റെയും ശുചിത്വത്തിന്റെയും ലഭ്യതയും സുസ്ഥിര പരിപാലനവും എല്ലാവർക്കും ഉറപ്പാക്കുക’ എന്നതാണ്. എട്ട് ടാർഗറ്റുകളും 11 സൂചകങ്ങളും ഈ രംഗത്തെ വികസനം അളക്കുന്നതിനുപയോഗിക്കുന്നു. സുരക്ഷിതവും താങ്ങാനാവുന്നതുമായ കുടിവെള്ളം, തുറന്ന മലവിസർജ്ജനം അവസാനിപ്പിച്ച് ശുചിത്വ പാലനം, ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, മലിനജല സംസ്‌കരണം, സുരക്ഷിതമായ പുനരുപയോഗം, ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കൽ, ശുദ്ധജല വിതരണം ഉറപ്പാക്കൽ, ജലവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളെ സംരക്ഷിക്കൽ ഇവയെല്ലാം ഈ ലക്ഷ്യ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. ജലദൗർലഭ്യം ലോകത്തിൽ 40 ശതമാനത്തിലധികം ആളുകളെ ബാധിക്കുന്നു. ജല ശുചിത്വം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും കുടിവെള്ള വിതരണം കുറയുന്നത് എല്ലാ ഭൂഖണ്ഡങ്ങളെയും ബാധിക്കുന്നു.

ലോകാരോഗ്യസംഘടനയുടെയും യുണിസെഫിന്റെയും സംയുക്ത നിരീക്ഷണ പരിപാടി (JWP) പ്രകാരം 4.5 ബില്യൺ ആളുകൾ ശുചിത്വമുള്ള ചുറ്റുപാടിലല്ല ജീവിക്കുന്നത്. 2017-ൽ ആഗോള ജനസംഖ്യയുടെ 71 ശതമാനം മാത്രമാണ് സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന കുടിവെള്ളം ഉപയോഗിച്ചത്, 2.2 ബില്യൺ ആളുകൾ ഇപ്പോഴും സുരക്ഷിതമായി കുടിവെള്ളം ഉപയോഗിച്ചിട്ടില്ല. കൂടുതൽ കൂടുതൽ രാജ്യങ്ങൾ ജല സമ്മർദ്ദം അനുഭവിക്കുന്നുണ്ട്, വരൾച്ചയും മരുഭൂമീകരണവും വർദ്ധിക്കുന്നത് ഈ പ്രവണതകളെ വഷളാക്കുന്നു. 2050 ആകുമ്പോഴേക്കും ലോകത്ത് നാലിൽ ഒരാൾ എങ്കിലും രൂക്ഷമായ ജലക്ഷാമം നേരിടേണ്ടിവരുമെന്ന് പ്രവചിക്കപ്പെടുന്നു.
ലോക ജനസംഖ്യയിൽ രണ്ടാമതാണ് ഇന്ത്യയെങ്കിലും കുടിവെള്ളത്തിന്റെ വെറും 4 ശതമാനം മാത്രമാണ് നമ്മുടെ രാജ്യത്തുള്ളത്. 600 ദശലക്ഷം ഇന്ത്യക്കാർ കടുത്ത ജലസമ്മർദ്ദം നേരിടുന്നു; 2030 ആകുമ്പോഴേക്കും രാജ്യത്തെ ജല ആവശ്യം ലഭ്യമായ വിതരണത്തിന്റെ ഇരട്ടിയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് കടുത്ത ജലദൗർലഭ്യത്തെയാണ് സൂചിപ്പിക്കുന്നത്. സുസ്ഥിരമായ നയങ്ങളും പ്രയോഗങ്ങളും തുടർച്ചയായി ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. പ്രത്യേകിച്ചും പ്രതികൂല കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന ആവശ്യം, പാരിസ്ഥിതിക തകർച്ച എന്നിവയുടെ പശ്ചാത്തലത്തിൽ, നമ്മുടെ ജല ഉപയോഗം കാര്യക്ഷമവും സുസ്ഥിരവുമാക്കുന്ന ഇടപെടലുകൾ നടത്തേണ്ടിയിരിക്കുന്നു.


ലക്ഷ്യം 7: താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജം

SDG 7 ലക്ഷ്യമിടുന്നത് ‘എല്ലാവർക്കും താങ്ങാനാവുന്നതും വിശ്വസനീയവും സുസ്ഥിരവും ആധുനികവുമായ ഊർജസ്രോതസ് ഉറപ്പാക്കുക’ എന്നതാണ്. ഊർജത്തിന്റെ കുറഞ്ഞ ആവശ്യകതയും ഫോസിൽ ഇന്ധനങ്ങൾ കാലാവസ്ഥയിൽ വരുത്തുന്ന വ്യതിയാനങ്ങളുണ്ടാക്കുന്ന ദൂഷ്യഫലങ്ങളും ഈ ലക്ഷ്യത്തിന്റെ വിഷയങ്ങളാണ്.
2030-ഓടെ ലക്ഷ്യത്തിലെത്താൻ അഞ്ച് ഉപലക്ഷ്യങ്ങളും ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി കണക്കാക്കാൻ ആറ് സൂചകങ്ങളും ഉണ്ട്. ആധുനിക ഊർജത്തിലേക്കുള്ള സാർവത്രിക പ്രവേശനം, പുനരുപയോഗ ഊർജത്തിന്റെ ആഗോള ശതമാനം വർദ്ധിപ്പിക്കുക, ഊർജ കാര്യക്ഷമതയുടെ മെച്ചപ്പെടുത്തൽ ഇരട്ടിയാക്കുക എന്നിവ ഇവയിൽപെടും. ഇതുകൂടാതെ, ഗവേഷണം, സാങ്കേതികവിദ്യ, ശുദ്ധമായ ഊർജ നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുക, വികസ്വര രാജ്യങ്ങൾക്കായി ഊർജ സേവനങ്ങൾ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുക എന്നിവ ‘ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗങ്ങ’ളായുണ്ട്. വൈദ്യുതി ലഭ്യമല്ലാത്ത ആഗോള ജനസംഖ്യ 2010-ലെ 1.2 ബില്ല്യണിൽനിന്ന് 2017-ൽ ഏകദേശം 840 ദശലക്ഷമായി കുറഞ്ഞു.

ഇന്ത്യ, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളിൽ വൈദ്യുതി ലഭ്യമാക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. (ഉപ-സഹാറൻ ആഫ്രിക്കയാണ് ഏറ്റവും വലിയ വൈദുതികമ്മിയുള്ള മേഖലയായി തുടരുന്നത്). 2016-ലെ ആഗോള മൊത്തം ഊർജ ഉപഭോഗത്തിന്റെ 17.5% പുനരുപയോഗ ഊർജമാണ്. പുനരുപയോഗ ഊർജത്തിന്റെ മൂന്ന് അന്തിമ ഉപയോഗങ്ങളിൽ (വൈദ്യുതി, ചൂട്, ഗതാഗതം) വൈദ്യുതി സംബന്ധിച്ച പുനരുപയോഗ ഊർജ ഉപയോഗം അതിവേഗം വളർന്നു.
2030-ഓടെ SDG 7 കൈവരിക്കണമെങ്കിൽ സൗരോർജം, കാറ്റ്, താപവൈദ്യുതി എന്നിവയിൽ നിക്ഷേപം നടത്തുക, ഊർജ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുക, എല്ലാവർക്കും ഊർജം ഉറപ്പാക്കുക എന്നിവ പ്രധാനമാണ്.

ലക്ഷ്യം 8: മാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും

SDG 8 മുന്നോട്ടുവയ്ക്കുന്നത്: ‘സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച, സമ്പൂർണ്ണവും ഉൽപാദനപരവുമായ തൊഴിൽ, എല്ലാവർക്കും മാന്യമായ ജോലി എന്നിവ പ്രോത്സാഹിപ്പിക്കുക’ എന്നതാണ്. 2008 സാമ്പത്തിക പ്രതിസന്ധിയുടെയും ആഗോള മാന്ദ്യത്തിന്റെയും പ്രത്യാഘാതങ്ങൾക്കിടയിലും കഴിഞ്ഞ 25 വർഷത്തിനിടയിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വികസ്വര രാജ്യങ്ങളിൽ, മധ്യവർഗം ഇപ്പോൾ മൊത്തം തൊഴിലിന്റെ 34 ശതമാനത്തിലധികമാണ്. സുസ്ഥിര സാമ്പത്തിക വളർച്ച, ഉയർന്ന ഉൽപാദനക്ഷമത, സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും, നിർബന്ധിത തൊഴിൽ, അടിമത്തം, മനുഷ്യക്കടത്ത് എന്നിവ ഇല്ലാതാക്കുന്നതിനുള്ള ഫലപ്രദമായ നടപടികളാണ് സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും. ഈ ലക്ഷ്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, 2030ഓടെ എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും പൂർണ്ണവും ഉൽപാദനപരവുമായ തൊഴിൽ, മാന്യമായ ജോലി എന്നിവ നേടുക എന്നതാണ് ലക്ഷ്യം.

SDG 8-ന് 2030-ഓടെ കൈവരിക്കാൻ ആകെ പന്ത്രണ്ട് ടാർഗറ്റുകൾ ഉണ്ട്. ഇവയിൽ സുസ്ഥിര സാമ്പത്തിക വളർച്ച; സാമ്പത്തിക ഉൽപാദനക്ഷമതയ്ക്കായി വൈവിധ്യവൽക്കരിക്കുക, നവീകരിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വളരുന്ന സംരംഭങ്ങൾക്കും പിന്തുണ നൽകുന്ന നയങ്ങൾ പ്രോത്സാഹിപ്പിക്കുക, ഉപഭോഗത്തിലും ഉൽപാദനത്തിലും വിഭവ കാര്യക്ഷമത മെച്ചപ്പെടുത്തുക, മുഴുവൻ ജോലിയും തുല്യവേതനത്തോടെയാക്കുക, യുവജന തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം എന്നിവ പ്രോത്സാഹിപ്പിക്കുക, ആധുനിക അടിമത്തം, മനുഷ്യ കടത്ത്, ബാലവേല എന്നിവ അവസാനിപ്പിക്കുക, തൊഴിൽ അവകാശങ്ങൾ പരിരക്ഷിക്കുക, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്രയോജനകരവും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുക, ബാങ്കിംഗ്, ഇൻഷുറൻസ്, ധനകാര്യ സേവനങ്ങൾ എല്ലാവർക്കും ഉറപ്പാക്കുക, വ്യാപാര സഹായം വർദ്ധിപ്പിക്കുക, ആഗോള യുവജന തൊഴിൽ തന്ത്രം വികസിപ്പിക്കുക എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളർച്ച ശരാശരി 4.3 ശതമാനം എന്ന തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, ആഗോള സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുമ്പോൾ, മന്ദഗതിയിലുള്ള വളർച്ചയും, അസമത്വങ്ങൾ വർദ്ധിക്കുന്നതും, വർദ്ധിച്ചുവരുന്ന തൊഴിൽ ശക്തിയെ നിലനിർത്താൻ ആവശ്യമായ ജോലികളും ഉണ്ടാക്കപ്പെടുന്നില്ല. COVID-19 സാഹചര്യത്തിൽ തൊഴിലവസരങ്ങൾ കുറഞ്ഞത് വ്യക്തമായി കാണാനാകും.

ലക്ഷ്യം 9: വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ

SDG 9 ‘പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക, സമഗ്രവും സുസ്ഥിരവുമായ വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, നവീകരണം വളർത്തുക’ എന്ന ലക്ഷ്യമിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്.
എസ്ഡിജി 9-ന് എട്ട് ടാർഗറ്റുകൾ ഉണ്ട്, പുരോഗതി അളക്കുന്നത് പന്ത്രണ്ട് സൂചകങ്ങളാണ്. സുസ്ഥിരവും ഊർജ്ജസ്വലവും സമഗ്രവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സമഗ്രവും സുസ്ഥിരവുമായ വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക സേവനങ്ങളിലേക്കും വിപണികളിലേക്കും പ്രവേശനം വർദ്ധിപ്പിക്കുക, സുസ്ഥിരതയ്ക്കായി എല്ലാ വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുക, ഗവേഷണം മെച്ചപ്പെടുത്തുന്നതിനു വ്യാവസായിക സാങ്കേതികവിദ്യകൾ നവീകരിക്കുക ഇവയൊക്കെ ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്.

2020-ലെ കണക്കനുസരിച്ച് ലോക ജനസംഖ്യ മുഴുവൻ ഒരു മൊബൈൽ നെറ്റ്വർക്കിന്റെ പരിധിയിലാണ് താമസിക്കുന്നത്. എന്നാൽ ചെലവ്, കവറേജ്, മറ്റ് ഘടകങ്ങൾ എന്നിവ കാരണം ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നില്ല. ലോക ജനസംഖ്യയുടെ വെറും 53% പേർ മാത്രമാണ് ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരായി കണക്കാക്കുന്നത്.

ലക്ഷ്യം 10: അസമത്വം കുറയ്ക്കൽ

‘രാജ്യങ്ങൾ തമ്മിലും രാജ്യങ്ങൾക്കകത്തും വരുമാന അസമത്വം കുറയ്ക്കുക’ എന്നതാണ് SDG 10 ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലെത്താൻ പത്ത് ടാർഗറ്റുകളുണ്ട്. വരുമാന അസമത്വം കുറയ്ക്കുക, സാർവത്രിക സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ഉൾപ്പെടുത്തൽ (inclusion) പ്രോത്സാഹിപ്പിക്കുക, തുല്യ അവസരങ്ങൾ ഉറപ്പാക്കുകയും വിവേചനം അവസാനിപ്പിക്കുകയും ചെയ്യുക, സമത്വം പ്രോത്സാഹിപ്പിക്കുന്ന ധന-സാമൂഹിക നയങ്ങൾ സ്വീകരിക്കുക, ആഗോള സാമ്പത്തിക വിപണികളുടെയും സ്ഥാപനങ്ങളുടെയും മെച്ചപ്പെട്ട നിയന്ത്രണം, ധനകാര്യ സ്ഥാപനങ്ങളിൽ വികസ്വര രാജ്യങ്ങൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യം, ഉത്തരവാദിത്തമുള്ളതും നന്നായി കൈകാര്യം ചെയ്യുന്നതുമായ മൈഗ്രേഷൻ നയങ്ങൾ, വികസ്വര രാജ്യങ്ങൾക്ക് പ്രത്യേകവും വ്യത്യസ്തവുമായ പരിഗണന, വികസിത രാജ്യങ്ങളിലെ വികസന സഹായവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുക, കുടിയേറ്റ പണമിടപാടുകൾക്കുള്ള ചെലവു കുറയ്ക്കുക.

ഈ നൂറ്റാണ്ടിൽ ലോകമാകമാനം വരുമാന അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് – ഏറ്റവും സമ്പന്നരായ 10 ശതമാനം പേർ ആഗോള വരുമാനത്തിന്റെ 40 ശതമാനം വരെ കൈയ്യടക്കിയിരിക്കുന്നു, അതേസമയം ദരിദ്രരായ 10 ശതമാനം പേർ 2 മുതൽ 7 ശതമാനം വരെ മാത്രമാണ് സമ്പാദിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ ജനസംഖ്യാ വളർച്ചാ അസമത്വം കണക്കിലെടുക്കുകയാണെങ്കിൽ, അസമത്വം വീണ്ടും വർധിച്ചിരിക്കുന്നതായികാണാം. പുരുഷന്മാരേക്കാൾ സ്ത്രീകൾ വിവേചനത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. വൈകല്യമുള്ളവരിൽ, 10-ൽ 3 പേർ വ്യക്തിപരമായി വിവേചനം അനുഭവിക്കുന്നു. ഇത് കൂടാതെ പലർക്കും മതം, വംശീയത, ലൈംഗികത എന്നീ വേർതിരിവിന്റെ പേരിൽ വിവേചനം നേരിടേണ്ടി വരുന്നു. വരുമാന അസമത്വത്തിന് ആഗോള പരിഹാരങ്ങൾ ആവശ്യമാണ്. സാമ്പത്തിക വിപണികളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണവും നിരീക്ഷണവും മെച്ചപ്പെടുത്തൽ, വികസന സഹായം, ആവശ്യം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ആളുകളുടെ സുരക്ഷിതമായ കുടിയേറ്റത്തിനും ചലനാത്മകതയ്ക്കും സൗകര്യമൊരുക്കുന്നതും വിശാലമായ ഭിന്നത പരിഹരിക്കുന്നതിന് പ്രധാനമാണ്.

ലക്ഷ്യം 11: സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും

‘നഗരങ്ങളെയും മനുഷ്യവാസ കേന്ദ്രങ്ങളെയും സുരക്ഷിതവും, ഊർജ്ജസ്വലവും, സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാക്കുക’ എന്നതാണ് ലക്ഷ്യം 11. ഈ SDGക്ക് 10 ലക്ഷ്യങ്ങളും 15 സൂചകങ്ങളും ഉണ്ട്; സുരക്ഷിതവും താങ്ങാനാവുന്നതുമായ ഭവന നിർമ്മാണം, താങ്ങാവുന്നതും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങൾ, സമഗ്രവും സുസ്ഥിരവുമായ നഗരവൽക്കരണം, സാംസ്‌കാരികവും പ്രകൃതിദത്തവുമായ ലോകപൈതൃകം സംരക്ഷിക്കുക, പ്രകൃതി ദുരന്തങ്ങളുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കുക, നഗരങ്ങളുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുക, സുരക്ഷിതവും സമഗ്രവുമായ ഹരിത പൊതു ഇടങ്ങൾ സൃഷ്ടിക്കുക, ശക്തമായ ദേശീയ, പ്രാദേശിക വികസന ആസൂത്രണം, വിഭവ കാര്യക്ഷമത, ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള നയങ്ങൾ എന്നിവ നടപ്പിലാക്കുക, വികസ്വര രാജ്യങ്ങളിലെ പ്രാദേശിക സാമഗ്രികൾ ഉപയോഗിച്ചുള്ള സുസ്ഥിരവും ഇണക്കമുള്ളതുമായ കെട്ടിടനിർമാണത്തിനു സാങ്കേതികവും ധനാപരവുമായ പിന്തുണ നൽകുക ഇവയൊക്കെയാണ് ഈ SDG യുടെ ടാർഗറ്റുകൾ.
2050 ആകുമ്പോഴേക്കും, മനുഷ്യരാശിയുടെ മൂന്നിൽ രണ്ട് ഭാഗവും – 6.5 ബില്യൺ ആളുകൾ – നഗരവാസികളാകും എന്നാണ് ഇപ്പോഴത്തെ അനുമാനം. നഗരങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ച (പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ ജനസംഖ്യ വർദ്ധിക്കുന്നതിന്റെയും കുടിയേറ്റം വർദ്ധിക്കുന്നതിന്റെയും ഫലമായി) മെഗാ നഗരങ്ങളുടെ വർദ്ധനവിൽ കുതിച്ചുചാട്ടത്തിന് കാരണമായി. അതോടെ ചേരികൾ നഗരജീവിതത്തിന്റെ എടുത്തുകാട്ടേണ്ട സവിശേഷതയായി മാറി.

ഇന്ന് നഗര ഇടങ്ങൾ നിർമ്മിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതിയെ ഗണ്യമായി പരിവർത്തനം ചെയ്യാതെ സുസ്ഥിര വികസനം കൈവരിക്കാനാവില്ല.
നഗരങ്ങളെ സുസ്ഥിരമാക്കുകയെന്നാൽ തൊഴിൽ, ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കുക, സുരക്ഷിതവും താങ്ങാനാവുന്നതുമായ ഭവനങ്ങൾ സൃഷ്ടിക്കുക, ഒപ്പം ഊർജ്ജസ്വലമായ സമൂഹങ്ങളും സമ്പദ്വ്യവസ്ഥകളും കെട്ടിപ്പടുക്കുക എന്നതാണ്. പൊതുഗതാഗതത്തിൽ നിക്ഷേപം നടത്തുക, ഹരിത പൊതു ഇടങ്ങൾ സൃഷ്ടിക്കുക, പങ്കാളിത്തവും സമഗ്രവുമായ മാർഗങ്ങളിലൂടെ നഗര ആസൂത്രണവും മാനേജ്‌മെന്റും മെച്ചപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ലക്ഷ്യം 12: ഉത്തരവാദിത്ത ഉപഭോഗവും ഉൽപാദനവും

‘സുസ്ഥിര ഉപഭോഗവും ഉൽപാദന രീതികളും ഉറപ്പാക്കുക’ എന്ന SDG 12ന്റെ 11 ലക്ഷ്യങ്ങൾ ഇവയാണ്; സുസ്ഥിര ഉപഭോഗവും ഉൽപാദന രീതികളും സംബന്ധിച്ച പ്രോഗ്രാമുകളുടെ 10 വർഷത്തെ ചട്ടക്കൂട് നടപ്പിലാക്കുക, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര പരിപാലനവും കാര്യക്ഷമമായ ഉപയോഗവും കൈവരിക്കുക, ചില്ലറ, ഉപഭോക്തൃ തലങ്ങളിൽ പ്രതിശീർഷ ആഗോള ഭക്ഷ്യ മാലിന്യത്തിന്റെ അളവ് പകുതിയായി കുറയ്ക്കുക, എല്ലാ മാലിന്യങ്ങളും രാസവസ്തുക്കളും അവയുടെ ജീവിത ചക്രത്തിലുടനീളം പാരിസ്ഥിതി സൗഹൃദമായി അന്താരാഷ്ട്ര നിബന്ധനകൾക്കനുസരിച്ചു കൈകാര്യം ചെയ്യുക, ഉത്പാദനം കുറയ്ക്കൽ, പുനരുപയോഗം, പുനഃചംക്രമണം എന്നിവയിലൂടെ മാലിന്യ ഉത്പാദനം കുറയ്ക്കുക, സുസ്ഥിര രീതികൾ സ്വീകരിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, സുസ്ഥിരമായ പൊതു സംഭരണ രീതികൾ പ്രോത്സാഹിപ്പിക്കുക, ഒപ്പം എല്ലായിടത്തുമുള്ള ആളുകൾക്ക് സുസ്ഥിര വികസനത്തിന് പ്രസക്തമായ വിവരങ്ങളും അവബോധവും ഉണ്ടെന്ന് ഉറപ്പാക്കുക. മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മൂന്ന് മാർഗ്ഗങ്ങൾ ഇവയാണ്; വികസ്വര രാജ്യങ്ങളുടെ ശാസ്ത്രീയവും സാങ്കേതികവുമായ ശേഷി ശക്തിപ്പെടുത്തുന്നതിന് അവരെ പിന്തുണയ്ക്കുക, സുസ്ഥിര വികസന പ്രത്യാഘാതങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ഖനിജ ഇന്ധനങ്ങൾ പാഴാകുന്നതിനിടയാക്കുന്ന വികലമായ ഫോസിൽ-ഇന്ധന സബ്സിഡികൾ നിർത്തലാക്കുക.

സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും കൈവരിക്കുന്നതിന്, ചരക്കുകളും വിഭവങ്ങളും ഉൽപാദിപ്പിക്കുകയും ഉപഭോഗിക്കുകയും ചെയ്യുന്ന രീതി മാറ്റുന്നതിലൂടെ നമ്മുടെ പാരിസ്ഥിതിക കാൽപാടുകൾ  (Environment Foot-prints) അടിയന്തിരമായി കുറയ്ക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള ജലത്തിന്റെ ഏറ്റവും വലിയ ഉപയോഗം കാർഷിക മേഖലയാണ്, ജലസേചനം ഉൾപ്പടെ ശുദ്ധജലത്തിന്റെ 70 ശതമാനത്തോളം മനുഷ്യ ഉപയോഗത്തിനായി ആവശ്യമായിവരുന്നു. പൊതുവായി പങ്കിടുന്ന പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പും വിഷ മാലിന്യങ്ങളും മലിനീകരണ വസ്തുക്കളും നീക്കം ചെയ്യുന്ന രീതിയും ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രധാന മാർഗങ്ങൾ ആണ്. 2030-ഓടെ കൂടുതൽ സുസ്ഥിര ഉപഭോഗ രീതികളിലേക്ക് നീങ്ങാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതുപോലെ, മാലിന്യങ്ങൾ കുറയ്ക്കുന്നതിനും അവ പുനരുപയോഗിക്കുന്നതിനും വ്യവസായങ്ങളെയും ബിസിനസ്സുകളെയും ഉപഭോക്താക്കളെയും പ്രോത്സാഹിപ്പിക്കുന്നത് ഒരുപോലെ പ്രധാനമാണ്.
ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്തത്ര ഉത്പാദനം കുറവാണ്. കൂടുതൽ കാര്യക്ഷമമായ ഉൽപാദന, വിതരണ ശൃംഖലകൾ സൃഷ്ടിക്കുന്നതിന് ആഗോള ഭക്ഷ്യ മാലിന്യത്തിന്റെ പ്രതിശീർഷ ഉത്പാദനം (ഉപഭോക്തൃ തലത്തിലും, ചില്ലറ വിൽപനയുടെ കാര്യത്തിലും) പകുതിയാക്കേണ്ടത് അനിവാര്യമാണ്. ഇത് ഭക്ഷ്യ സുരക്ഷയെ സഹായിക്കുകയും കൂടുതൽ വിഭവശേഷിയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് ജനങ്ങളെ മാറ്റുകയും ചെയ്യും.

ലക്ഷ്യം 13: കാലാവസ്ഥാ പ്രവർത്തനം

‘കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും ചെറുക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുക, ഉദ്വമനം നിയന്ത്രിച്ച് പുനരുപയോഗ ഊർജ്ജ വികസനം പ്രോത്സാഹിപ്പിക്കുക’ എന്നിവയാണ് SDG 13-ലൂടെ ലക്ഷ്യം വയ്ക്കുന്നത്. കാലാവസ്ഥാ നടപടികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ അഞ്ച് ടാർഗറ്റുകളിലൂടെ പ്രകടമാകുന്നു; കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളോട് പൊരുത്തപ്പെടാനുള്ള ശേഷിയും ദുരന്ത ലഘൂകരണവും, ആഘാത ലഘൂകരണവും ശക്തിപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാന നടപടികളെ നയങ്ങളിലേക്കും ആസൂത്രണത്തിലേക്കും സമന്വയിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അറിവും ശേഷിയും വളർത്തുക, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ചട്ടക്കൂട് കൺവെൻഷൻ (framework convention) നടപ്പിലാക്കുക, ആസൂത്രണത്തിനും മാനേജ്‌മെന്റിനുമുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ ഫലങ്ങൾ അനുഭവിക്കാത്ത ഒരു രാജ്യവുമില്ല. ഹരിതഗൃഹ വാതക ഉദ്വമനം 1990നെ അപേക്ഷിച്ച് 50 ശതമാനത്തിലധികം കൂടുതലാണ്. ആഗോളതാപനം നമ്മുടെ കാലാവസ്ഥാ വ്യവസ്ഥയിൽ ദീർഘകാലം നിലനിൽക്കുന്ന മാറ്റങ്ങൾക്ക് കാരണമാകുന്നു; ഇന്ന് നമ്മൾ പ്രവർത്തിച്ചില്ലെങ്കിൽ മാറ്റാനാവാത്ത പ്രത്യാഘാതങ്ങളുടെ ഭീഷണി നിലനിൽക്കുന്നു. നിലവിൽ കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ ഓരോ രാജ്യത്തെയും ആഗോള സമൂഹത്തെ ബാധിക്കുന്നു. ഇതിന്റെ ആഘാതം ദേശീയ സമ്പദ്വ്യവസ്ഥയെ മാത്രമല്ല, ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്നു, പ്രത്യേകിച്ച് ദുർബലമായ സാമ്പത്തിക സാഹചര്യങ്ങളിൽ. 2018 ആയപ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം പ്രകൃതിദുരന്തങ്ങളുടെ ആവൃത്തി വർദ്ധിപ്പിച്ചു. അതായത് വൻ കാട്ടുതീ, വരൾച്ച, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നിവ 39 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചു. 2000-18 കാലയളവിൽ, വികസിത രാജ്യങ്ങളുടെ ഹരിതഗൃഹ ഉദ്‌വമനം കുറഞ്ഞപ്പോൾ വികസ്വര രാജ്യങ്ങളുടെ ഉദ്വമനം വർദ്ധിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ നിന്നുള്ള ശരാശരി വാർഷിക സാമ്പത്തിക നഷ്ടം നൂറുകണക്കിന് ബില്യൺ ഡോളറാണ് എന്നതും ഇവിടെ പരാമർശിക്കട്ടെ.

ലക്ഷ്യം 14: വെള്ളത്തിന് താഴെയുള്ള ജീവിതം

‘സമുദ്രങ്ങൾ, സമുദ്ര വിഭവങ്ങൾ എന്നിവ സുസ്ഥിര വികസനത്തിനായി സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുക’ എന്നതാണ് SDG 14  ലക്ഷ്യമിടുന്നത്. ഇവയുടെ ലക്ഷ്യങ്ങൾ; സമുദ്ര മലിനീകരണം കുറയ്ക്കുക, പരിസ്ഥിതി വ്യവസ്ഥകളെ പരിരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക, സമുദ്രത്തിലെ അസിഡിഫിക്കേഷൻ കുറയ്ക്കുക, സുസ്ഥിര മത്സ്യബന്ധനം, തീരദേശ, സമുദ്ര പ്രദേശങ്ങൾ സംരക്ഷിക്കുക, അമിത മത്സ്യബന്ധനത്തിന് കാരണമാകുന്ന സബ്‌സിഡികൾ അവസാനിപ്പിക്കൽ, സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ വർദ്ധിപ്പിക്കുക; സമുദ്ര ആരോഗ്യത്തിന് ശാസ്ത്രീയ അറിവും ഗവേഷണവും സാങ്കേതികവിദ്യയും വർദ്ധിപ്പിക്കുക, ചെറുകിട മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കുക; അന്താരാഷ്ട്ര സമുദ്ര നിയമം അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

ലോകത്ത് ഇന്ന് മൂന്ന് ബില്യൺ ആളുകൾ തങ്ങളുടെ ഉപജീവനത്തിനായി സമുദ്ര, തീരദേശ ജൈവവൈവിധ്യത്തെ ആശ്രയിക്കുന്നു. എന്നിരുന്നാലും, ലോകത്തിലെ 30 ശതമാനം മത്സ്യ സ്റ്റോക്കുകളും അമിതമായി ചൂഷണം ചെയ്യപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലക്ഷ്യം 15: കരയിലെ ജീവിതം

‘ഭൗമ പരിസ്ഥിതി വ്യവസ്ഥകളുടെ സുസ്ഥിര ഉപയോഗം പരിരക്ഷിക്കുക, പുനഃസ്ഥാപിക്കുക, പ്രോത്സാഹിപ്പിക്കുക, വനങ്ങൾ സുസ്ഥിരമായി കൈകാര്യം ചെയ്യുക, മരുഭൂമീകരണത്തെ ചെറുക്കുക, ഭൂമി നശീകരണം തടയുക, ജൈവവൈവിധ്യ നഷ്ടം തടയുക’ എന്നിവ ലക്ഷ്യമാക്കിയാണ് SDG 15 രൂപീകരിച്ചത്. ഒൻപത് ടാർഗറ്റുകളും 14 സൂചകങ്ങളും ആണ് ഈ SDGയിൽ ഉള്ളത്.
നമ്മുടെ നിലനില്പിനും ജീവനോപാധിക്കും സമുദ്രത്തിനെയെന്നപോലെ നാം ഭൂമിയെയും ആശ്രയിക്കുന്നുണ്ടല്ലോ. നമുക്കാവശ്യമായ ഭക്ഷണത്തിന്റെ 80 ശതമാനവും സസ്യങ്ങൾ നൽകുന്നു, ഒരു പ്രധാന സാമ്പത്തിക വിഭവമായി നമ്മൾ കാർഷിക മേഖലയെ ആശ്രയിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിന്റെ 30 ശതമാനം വനങ്ങൾ ആണുള്ളത്. അവ ദശലക്ഷക്കണക്കിന് ജീവജാലങ്ങൾക്ക് സുപ്രധാന ആവാസ വ്യവസ്ഥകൾ ഒരുക്കുന്നുണ്ട്. കൂടാതെ ശുദ്ധവായു, ജലം എന്നിവയ്ക്കുള്ള പ്രധാന സ്രോതസ്സുകളും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ നിർണ്ണായകവുമാണ്. നമുക്കറിയാം വർഷവും 13 ദശലക്ഷം ഹെക്ടർ വനങ്ങൾ നഷ്ടപ്പെടുന്നുണ്ട്. അതേസമയം വരണ്ട പ്രദേശങ്ങളുടെ നിരന്തരമായ തകർച്ച 3.6 ബില്യൺ ഹെക്ടർ മരുഭൂമീകരണത്തിന് കാരണമാകുന്നു. ഇത് ദരിദ്ര ജനവിഭാഗങ്ങളെ ഭീഷണമായ തോതിൽ ബാധിക്കുന്നു എന്നതിൽ തർക്കമില്ല.

15 ശതമാനം ഭൂമി സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ജൈവവൈവിധ്യത്തിന് ഇപ്പോഴും അപകടമുണ്ട്. നമ്മുടെ പൊതു പൈതൃകത്തിന്റെ ഭാഗമായ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളുടെയും ജൈവ വൈവിധ്യത്തിന്റെയും നഷ്ടം കുറയ്ക്കുന്നതിനും, ആഗോള ഭക്ഷ്യ-ജല സുരക്ഷ, കാലാവസ്ഥാ വ്യതിയാന ലഘൂകരണവും അതുമായി ജീവിതങ്ങളെ പൊരുത്തപ്പെടുത്തലും, അവരുടെ സമാധാനവും സുരക്ഷയും തങ്ങിനിർത്തുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണം.

ലക്ഷ്യം 16: സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ

‘സുസ്ഥിര വികസനത്തിനായി സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുക, എല്ലാവർക്കും നീതി ലഭ്യമാക്കുകയും എല്ലാ തലങ്ങളിലും ഫലപ്രദവും ഉത്തരവാദിത്തവും സമന്വയവും ഉള്ള സ്ഥാപനങ്ങൾ നിർമ്മിക്കുകയും ചെയ്യുക’എന്ന ലക്ഷ്യമാണ് SDG 16 മുന്നോട്ടു വയ്ക്കുന്നത്. ഈ SDGയുടെ ടാർഗറ്റുകൾ ഇവയാണ്; അക്രമം കുറയ്ക്കുക, കുട്ടികളുടെ ദുരുപയോഗം, ചൂഷണം, കടത്ത്, അക്രമം എന്നിവയിൽ നിന്ന് സംരക്ഷിക്കുക, നിയമവാഴ്ചയെ പ്രോത്സാഹിപ്പിക്കുകയും നീതിക്ക്മുന്നിൽ തുല്യത ഉറപ്പാക്കുകയും ചെയ്യുക, സംഘടിത കുറ്റകൃത്യങ്ങളെയും നിയമവിരുദ്ധമായ സാമ്പത്തിക, ആയുധ കടത്തിനെയും ചെറുക്കുക, അഴിമതിയും കൈക്കൂലിയും ഗണ്യമായി കുറയ്ക്കുക, ഫലപ്രദവും ഉത്തരവാദിത്തവുമുള്ളതും സുതാര്യവുമായ സ്ഥാപനങ്ങൾ വികസിപ്പിക്കുക, പ്രതികരിക്കുന്നതും ഉൾക്കൊള്ളുന്നതും പ്രതിനിധീകരിക്കുന്നതുമായ തീരുമാനമെടുക്കൽ പ്രക്രിയ ഉറപ്പാക്കുക, ആഗോള ഭരണത്തിലെ പങ്കാളിത്തം ശക്തിപ്പെടുത്തുക, സാർവത്രികമായി നിയമപരമായ ഐഡന്റിറ്റി നൽകുക, വിവരങ്ങളിലേക്കുള്ള പൊതു പ്രവേശനം ഉറപ്പാക്കുകയും അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ പരിരക്ഷിക്കുകയും ചെയ്യുക, അക്രമത്തെ തടയുന്നതിനും കുറ്റകൃത്യങ്ങളെയും ഭീകരതയെയും ചെറുക്കുന്നതിന് ദേശീയ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, വിവേചനരഹിതമായ നിയമങ്ങളും നയങ്ങളും പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.
സായുധ അക്രമവും അരക്ഷിതാവസ്ഥയും ഒരു രാജ്യത്തിന്റെ വികസനത്തിൽ വിനാശകരമായ സ്വാധീനം ചെലുത്തുന്നു, സാമ്പത്തിക വളർച്ചയെ ബാധിക്കുന്നു, പലപ്പോഴും തലമുറകളോളം നിലനിൽക്കുന്ന ആവലാതികൾക്ക് കാരണമാകുന്നു. ലൈംഗിക അതിക്രമങ്ങൾ, കുറ്റകൃത്യങ്ങൾ, ചൂഷണം, പീഡനം എന്നിവ ഇല്ലാതാക്കുന്നതിനും സംഘർഷം നിലനിൽക്കുന്നിടത്ത് അല്ലെങ്കിൽ നിയമവാഴ്ചയില്ലാത്തിടത്ത് അവ തടയുന്നതിനും അത്തരക്കാരെ സംരക്ഷിക്കുന്നതിനും രാജ്യങ്ങൾക്കിടയിൽ നടപടികൾ ഉണ്ടാകണം.

എല്ലാ തരത്തിലുള്ള അക്രമങ്ങളും ഗണ്യമായി കുറയ്ക്കുക, സംഘർഷവും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കാൻ സർക്കാരുകളുമായും കമ്മ്യൂണിറ്റികളുമായും പ്രവർത്തിക്കുക എന്നിവയാണ് എസ്ഡിജികൾ ലക്ഷ്യമിടുന്നത്. നിയമവാഴ്ചയും മനുഷ്യാവകാശവും പ്രോത്സാഹിപ്പിക്കുന്നത് ഈ പ്രക്രിയയുടെ പ്രധാന ഘടകമാണ്, കാരണം അത് അനധികൃത ആയുധങ്ങളുടെ ഒഴുക്ക് കുറയ്ക്കുകയും ആഗോള ഭരണ സ്ഥാപനങ്ങളിൽ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ശക്തമായ ആഗോള പങ്കാളിത്തത്തോടെയും സഹകരണത്തോടെയും മാത്രമേ എസ്ഡിജികൾ സാക്ഷാത്കരിക്കാൻ കഴിയൂ. ലോകം എന്നത്തേക്കാളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സാങ്കേതികവിദ്യയും അറിവ് സമ്പാദനവും ആശയങ്ങൾ പങ്കിടുന്നതിനും നവീനത വളർത്തുന്നതിനുമുള്ള പ്രധാന മാർഗമാണ്. വികസ്വര രാജ്യങ്ങളുടെ കടം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് നയങ്ങൾ ഏകോപിപ്പിക്കുക, അതുപോലെ തന്നെ ചെറുകിട നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവ സുസ്ഥിര വളർച്ചയ്ക്കും വികസനത്തിനും പ്രധാനമാണ്.

ലക്ഷ്യം 17: ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള പങ്കാളിത്തം

SDG 17 ലക്ഷ്യമിടുന്നത് ‘ലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള മാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുക, സുസ്ഥിര വികസനത്തിനായി ആഗോള പങ്കാളിത്തം പുനരുജ്ജീവിപ്പിക്കുക’ എന്നതാണ്. ഈ ലക്ഷ്യത്തിന് 19 ടാർഗറ്റുകളും 24 സൂചകങ്ങളുമുണ്ട്. മുമ്പത്തെ 16 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം വർദ്ധിക്കുന്നത് നിർണായകമാണ്.

മത്സരത്തിനുപകരം രാജ്യങ്ങളും സംഘടനകളും സഹകരിക്കുന്നുവെന്ന് ഉറപ്പുനൽകുന്നതിനാണ് ലക്ഷ്യം 17 ഉൾപ്പെടുത്തിയിരിക്കുന്നത്. അറിവ്, വൈദഗ്ദ്ധ്യം, സാങ്കേതികവിദ്യ, സാമ്പത്തിക സഹായം എന്നിവ പങ്കിടുന്നതിന് മൾട്ടി-സ്റ്റേക്ക് ഹോൾഡർ പങ്കാളിത്തം വികസിപ്പിക്കുന്നത് എസ്ഡിജികളുടെ മൊത്തത്തിലുള്ള വിജയത്തിന് നിർണ്ണായകമാണ്. വടക്ക്-തെക്ക്, തെക്ക്-തെക്ക് സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് ലക്ഷ്യം ഉൾക്കൊള്ളുന്നത്, സിവിൽ സൊസൈറ്റികൾ ഉൾപ്പെടുന്ന പൊതു-സ്വകാര്യ പങ്കാളിത്തം പ്രത്യേകം പരാമർശിക്കപ്പെടുന്നു.

ഇന്ത്യയുടെ ചില പ്രധാന വെല്ലുവിളികൾ

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഓരോ രാജ്യത്തിനും ബഹുദൂരം സഞ്ചരിക്കാനുണ്ട്. ഇന്ത്യയുടെ കാര്യത്തിൽ ചില വെല്ലുവിളികൾ കൂടി ചൂണ്ടിക്കാണിക്കാനാകും.
ഭരണത്തിലും അത് നടപ്പാക്കലിലും ഉള്ള വെല്ലുവിളികൾ: പല സുസ്ഥിര വികസന ലക്ഷ്യങ്ങളും സംസ്ഥാനങ്ങളും കേന്ദ്രവും ചേർന്ന് നടത്തിയാൽ മാത്രമേ വിജയം സാധ്യമാകൂ. പല ലക്ഷ്യങ്ങളുടെയും മേഖലകൾ ഇന്ത്യൻ ഭരണഘടന അനുസരിച്ച് കൺകറന്റ് ലിസ്റ്റിൽ വരുന്നവയാണ് (ഉദാഹരണത്തിന് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ). പല കേന്ദ്ര സ്‌പോൺസേർഡ്/കേന്ദ്ര മേഖലാ പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സഹകരണം കൂടിയേതീരു. സംസ്ഥാന ഭരണ പദ്ധതികൾ, പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെയും, നഗര-പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെയും പ്രാദേശിക വികസന സംരംഭങ്ങൾ എന്നിവയിൽ കൂടുതൽ ഏകോപനം ആവശ്യമാണ്.

പ്രാദേശിക അസമത്വം:

ഇന്ത്യയുടെ സംസ്ഥാനങ്ങൾ വളരെയധികം സാമൂഹിക-സാമ്പത്തിക വൈവിധ്യങ്ങളെയും അസമത്വങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ ഭൂരിഭാഗവും, അതുപോലെതന്നെ ആരോഗ്യം, വിദ്യാഭ്യാസം, സമത്വം തുടങ്ങിയ വിഷയങ്ങളിലെ പ്രശ്‌ന മേഖലകൾ കേന്ദ്രീകരിച്ചിരിക്കുന്നത് ഗ്രാമപ്രദേശങ്ങളിലും താഴ്ന്ന വരുമാനമുള്ള സംസ്ഥാനങ്ങളിലുമാണ്.

സംസ്ഥാനങ്ങൾ തമ്മിലുള്ള വിടവ്:

നീതി ആയോഗിന്റെ 2020-ലെ സംസ്ഥാന ആരോഗ്യ സൂചിക റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനവും മോശം സംസ്ഥാനവും തമ്മിൽ വളരെ അന്തരമുണ്ട്. അതുപോലെ പ്രൈമറി സ്‌കൂളുകളിലെ കുട്ടികൾക്കിടയിലെ സാക്ഷരതയിലും സംഖ്യാ നൈപുണ്യത്തിലുമുള്ള പ്രാദേശിക അസമത്വം വിവിധ പഠന വിലയിരുത്തലുകൾ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളുടെ ഗണ്യമായ അനുപാതം അതത് ക്ലാസ്സിനായി നിർദ്ദേശിച്ചിട്ടുള്ള പഠന ഫലങ്ങളുടെ നിലവാരം പുലർത്തേണ്ടതുണ്ടെന്നും ഡാറ്റ സൂചിപ്പിക്കുന്നു. ഈ വെല്ലുവിളികളെ നേരിടാൻ പാഠ്യപദ്ധതി വികസനം, അധ്യാപകരുടെ പരിശീലനം, സാങ്കേതികവിദ്യയുടെ കൂടുതൽ ഉപയോഗം, സജീവമായ സമൂഹ പങ്കാളിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

ദ്രുതഗതിയിലുള്ള നഗരവൽക്കരണം:

സാമ്പത്തിക നേട്ടങ്ങളുടെ ഉന്നതിയിലേക്ക് രാജ്യം നീങ്ങുമ്പോഴും ദ്രുതഗതിയിലുള്ള നഗരവൽക്കരണം വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഏറ്റവും പ്രധാനമായി ഭവന നിർമ്മാണം, അടിസ്ഥാന സൗ കര്യങ്ങൾ, തൊഴിൽ, മറ്റ് സാമ്പത്തിക അവസരങ്ങൾ, സേവനങ്ങൾ എന്നിവയിലെ ഡിമാൻഡ്-സപ്ലൈ വിടവുകളുടെ രൂപത്തിലാണ് അവ കണ്ടുവരുന്നത്.

താങ്ങാനാവുന്നതിലും അധികമായ സേവന നിരക്കുകൾ:

ഇന്ത്യയിൽ പൊതുമേഖലയോടൊപ്പം സ്വകാര്യമേഖലയും ഗുണനിലവാരമുള്ള നിലയിൽ സേവനങ്ങൾ പ്രദാനംചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും ജനങ്ങൾക്ക് സ്വന്തം കീശയിൽ നിന്നും സേവനങ്ങൾക്കുള്ള വില നൽകേണ്ടിവരുന്നത് ഒരു ഭാരമാണ് (ഉദാഹരണം ആരോഗ്യ പരിപാലനച്ചെലവുകൾ).
തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലുള്ള പരാജയം: ഇന്ത്യയിൽ ഇന്ന് തൊഴിലില്ലായ്മ അതിന്റെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുമ്പോൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സംഭവിക്കുന്ന വീഴ്ച SDG ലക്ഷ്യങ്ങളെ ബാധിക്കുന്നു. കൂടാതെ COVID 19 സൃഷ്ടിച്ച അസ്ഥിരതകൾ കുടിയേറ്റ തൊഴിലാളികളെ ദോഷകരമായി ബാധിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഇവയെല്ലാം വിരൽചൂണ്ടുന്നത് സുസ്ഥിര വികസന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യ ധാരാളം വെല്ലുവിളികളെ അതിജീവിച്ച് മുന്നേറേണ്ടതുണ്ട് എന്നതാണ്. പ്രകൃതി-മനുഷ്യമൂലധനങ്ങളുടെ കാര്യത്തിൽ സമ്പന്നമായ ഇന്ത്യയ്ക്ക് അവയുടെ നീതിപൂർവമായ വിനിയോഗത്തിലൂടെയും അതിന് പര്യാപ്തമായ ഭരണനിർവഹണത്തിലൂടെയും 2030-ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് ഗുണപരമായി നടന്നടുക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.


2021- ഏപ്രിൽ ലക്കം ശാസ്ത്രഗതിയിൽ കവർസ്റ്റോറിയായി പ്രസിദ്ധീകരിച്ച ലേഖനം. ശാസ്ത്രഗതി ഇപ്പോൾ ഓൺലൈനായി വരിചേരാം.



പ്രിപബ്ലിക്കേഷൻ – പുസ്തകം

Happy
Happy
23 %
Sad
Sad
6 %
Excited
Excited
42 %
Sleepy
Sleepy
16 %
Angry
Angry
3 %
Surprise
Surprise
10 %

Leave a Reply

Previous post ഇഞ്ചിന്യൂയിറ്റി ചൊവ്വയിൽ പറന്നുയർന്നു
Next post ജീവിതശൈലീരോഗങ്ങളും കേരളവും – ഡോ.കെ.ആർ.തങ്കപ്പൻ – RADIO LUCA
Close