Read Time:7 Minute

ഡോ.ബി. ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ ജർമ്മൻ സാഹിത്യകാരൻ തോമസ് മന്നിന്റെ വെനീസിലെ മരണം (Death in Venice)  എന്ന നോവൽ പരിചയപ്പെടാം

ജർമ്മൻ സാഹിത്യകാരൻ തോമസ് മന്നിന്റെ (Paul Thomas Mann: 1875 –1955) മാജിക്ക് മൌണ്ടൻ (The Magic Mountain: 1924)  ഒരു ക്ഷയരോഗ സാനിട്ടോറിയത്തിൽ നടക്കുന്ന കഥയാണെങ്കിൽ അതിനു മുൻപെഴുതിയ  വെനീസിലെ മരണം  (Death in Venice: 1912) എന്ന ലഘു നോവലിൽ കോളറ കടന്ന് വരുന്നു.  വെനീസിലെ ഒരു ഹോട്ടലിൽ താമസിക്കുന്ന ഗുസ്റ്റാവ് വോൺ അഷെൻ ബാഗ് എന്ന എഴുത്തുകാരന് 14 വയസ്സുള്ള ഒരു കുട്ടിയോട്  തോന്നുന്ന സ്വവർഗാനുരാഗത്തെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്.  വെനീസിലെ ലിഡോ ദ്വീപിലെ ഗ്രാഡ് ഹോട്ടലിൽ താമസിക്കുന്ന അഷെൻ ബാഗ് കുലീനരായ ഒരു പോളിഷ് കുടുംബത്തെ കാണുന്നു.  അവരുടെ കൂട്ടത്തിലുള്ള നാവിക വസ്ത്രം ധരിച്ച സുന്ദരനായ കുട്ടി അഷെൻ ബാഗിന്റെ ശ്രദ്ധയാകർഷിക്കുന്നു. ഒരു ഗ്രീക്ക് പ്രതിമയുടെ സൌന്ദര്യം  കുട്ടിയിൽ അയാൾ കാണുന്നു. ആർഭാട വസ്ത്രങ്ങൾ ധരിച്ച കുട്ടിയുടെ സഹോദരിമാരെ അഷെൻ ബാഗിന്  ഒട്ടും ഇഷ്ടമായില്ലെന്ന് മാത്രമല്ല അവർ കന്യാസ്തീകളുടെ  രൂപമുള്ളവരാണെന്നാണ് അയാൾക്ക്  തോന്നുന്നത്. പിന്നീട് കടൽ തീരത്ത് വച്ച് പോളിഷ് കുടുബത്തിന്റെ സംസാരം യാദൃശ്ചികമായി കേൾക്കേണ്ടിവന്ന അഷെൻ ബാഗ് കുട്ടിയുടെ പേര് ടാഡ്സിയോ എന്നാണെന്ന് മനസ്സിലാക്കുന്നു.

തോമസ് മൻ

വെനീസിൽ ചൂടുകൂടിവരുന്നത് കൊണ്ട് മറ്റൊരു സ്ഥാലത്തേക്ക് പോകാൻ അഷെൻ ബാഗ് തീരുമാനിക്കുന്നു. റെയിൽ സ്റ്റേഷനിലെത്തുന്ന അയാൾ തന്റെ ബാഗെടുക്കാൻ മറന്ന് പോയതുകൊണ്ട് തിരികെ ഹോട്ടലിലെത്തുന്നു. ഇടക്ക് ടാഡ്സിയോയെ കണാനിടയാവുന്ന അഷെൻ ബാഗിന് യാത്ര തടസ്സപ്പെട്ടതിൽ സന്തോഷം തോന്നുന്നു. ടാഡ്സിയോയെ രഹസ്യമായി അഷെൻ ബാഗ് നിരന്തരം പിന്തുടരുന്നു. ഒരിക്കൽ യാദൃശ്ചികമായി കുട്ടി തന്നെ  നോക്കി ചിരിച്ചപ്പോൾ അഷെൻ ബാഗിന്  സ്വന്തം പ്രതിശ്ചായ നോക്കി സന്തോഷിക്കുന്ന പ്രണയദേവൻ നാർസിസസിനെ (Narcissus) ഓർമ്മവരുന്നു.

അതിനിടെ  എന്താണെന്ന് വ്യക്തമല്ലാത്ത ഒരു പകർച്ചവ്യാധി പടർന്ന് പിടിച്ച് തുടങ്ങിയിരുന്നു. വെനീസ് നഗരത്തിൽ ചുറ്റിത്തിരിയുന്നതിനിടെ രോഗബാധയെക്കുറിച്ച് മുന്നറയിപ്പ് നൽകികൊണ്ട് ആരോഗ്യവകുപ്പ് പതിപ്പിച്ച നോട്ടീസുകൾ അഷെൻ ബാഗ് കാണുന്നുണ്ടെങ്കിലും അയാൾ അതത്ര ഗൌരവമായി കണക്കിലെടുത്തില്ല.  പരിചയമില്ലാത്ത രോഗാണുനാശിനിയുടെ മണം അയാൾക്ക് എല്ലായിടത്തും അനുഭവപ്പെടുന്നു.  രോഗം അത്ര ഗൌരവമുള്ളതല്ലെന്നും ടൂറിസ്റ്റുകൾ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ കക്കയിറച്ചി ആരും കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുന്നുണ്ട്. രോഗത്തെ അവഗണിക്കുന്നുണ്ടെങ്കിലും തന്റെ ഉള്ളിൽ ടാഡ്സിയോട് തോന്നുന്ന ഗുപ്തമായ അഭിനിവേശത്തിന്റെ പ്രകടിത രൂപമായിട്ടാണ് രോഗബാധയെ അയാൾ കാണുന്നത്.   തെരുവ് ഗായകരുടെ ഗാനാലാപനം ആസ്വദിക്കുന്നതിനിടെ അഷെൻ ബാഗ് ടാഡ്സിയോയെ വീണ്ടും കാണുകയും അവർ അന്വോന്യം  നോക്കി പുഞ്ചിരിക്കയും ചെയ്യുന്നു.

നോവലിന്റെ 1912ൽ പ്രസിദ്ധീകരിച്ച ആദ്യ പതിപ്പ്

ഒരു ബ്രിട്ടീഷ് ട്രാവൽഏജന്റിൽ നിന്നും അഷെൻ ബാഗ് പകർച്ചവ്യാധി കോളറയാണെന്ന് മനസ്സിലാക്കുന്നു. അധികം വൈകാതെ അഷെൻ ബാഗിന് അസുഖം ബാധിക്കുന്നു. എന്നാൽ രോഗലക്ഷണങ്ങളൊന്നും വിശദമായി നോവലിസ്റ്റ് വിവരിക്കുന്നില്ല.  കടൽതീരത്ത് വിശ്രമിക്കുന്ന അഷെൻ ബാഗ് ടാഡ്സിയോയെ അവസാനമായി ഒരിക്കൽ കൂടി കാണുന്നുണ്ട്. പിന്നീട്  വളരെ സ്വസ്ഥനായി കടൽതീരത്തുള്ള കസേരയിൽ മരണത്തെ പ്രാപിക്കുന്ന  അഷെൻബാഗിനെയാണ് തോമസ് മൻ അവതരിപ്പിക്കുന്നത്.. കോളറയുടെ അറപ്പുളവാക്കുന്ന രോഗലക്ഷണങ്ങളൊന്നും അഷെൻബാഗ് പ്രകടിപ്പിക്കുന്നില്ല. അഷെൻബാഗിന്റെ ധാർമ്മിക അപഭ്രംശത്തിന്റെ സൂചകമായാണ്  കോളറ അവതരിപ്പിക്കപ്പെടുന്നതെന്നാണ് നിരൂപകമതം.  തോമസ് മന്നിന് വ്ലാഡ്സിയോ എന്ന കുട്ടിയോടുണ്ടായിരുന്ന സ്നേഹമാണ് കഥക്കാധാരമായത് എന്ന് ചിലർ  അഭിപ്രായപ്പെടുന്നു.  സ്വവർഗ്ഗാനുരാഗിയായ ജർമ്മൻ കവി അഗസ്റ്റ് ഹല്ലർ മുണ്ടേയെ (Karl August Georg Maximilian Graf von Platen-Hallermünde: 1796 –1835) അനുസ്മരിച്ച് കൊണ്ടാണ് അഷെൻ ബാഗ് എന്ന കഥാപാത്രത്തെ തോമസ് മൻ സൃഷ്ടിച്ചതെന്നും കരുതപ്പെടുനു. 1911 ൽ തോമസ് മൻ വെനീസ് സന്ദർശിച്ച അവസരത്തിൽ കാണാൻ കഴിഞ്ഞ ഒരു കുട്ടിയുടെ മാതൃകയിലാണ് ടാഡ്സിയോയുടെ പാത്ര സൃഷ്ടി എന്നും കരുതപ്പെടുന്നു.  ഗബ്രിയേൽ മാർക്കേസിന്റെ കോളറ കാലത്തെ പ്രണയമെന്ന് നോവൽ ഒരു വയോജന പ്രണയ കാവ്യമായിരുന്നെങ്കിൽ വെനീസിലെ മരണം ഒരു സ്വവർഗാനുരാഗ കാവ്യമാണെന്ന് കരുതാവുന്നതാണ്. രണ്ട് നോവലിലും കോളറ ബാധ പ്രതീകാത്മകമായ  പശ്ചാത്തല സ്ഥാനമാണ് വഹിക്കുന്നത്.

1971 ൽ ലൂച്ചിനൊ വിൻസെന്റ് (Luchino Visconti 1906–1976) എന്ന ഇറ്റാലിയൻ സിനിമാ സംവിധായകൻ നോവലിന്റെ ചലച്ചിത്ര ഭാഷ്യം അവതരിപ്പിച്ചു. ഇംഗ്ലീഷ് കമ്പോസർ ബഞ്ചമിൻ ബ്രിട്ടൻ (Edward Benjamin Br 1913 –1976)  നോവൽ 1973 ൽ ഓപ്പേറയായും ജോൺ ന്യൂമീയർ (John Neumeier: 1939-) 2003 ൽ ബാലെയായും അവതരിപ്പിച്ചു,


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പഠനവിഷയങ്ങളിലെ അടിത്തറ മെച്ചപ്പെടുത്താൻ – GrainEd
Next post സ്ത്രീകളും ഘടനാധിഷ്ഠിത അസമത്വവും: ഒരു വനിതാദിനക്കുറിപ്പ് 
Close