Read Time:6 Minute

സിറ്റിസൺ സയിന്റിസ്റ്റുകൾക്ക് ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമാകാൻ അവസരം

നിങ്ങളില്‍ ഒരു സയന്റിസ്റ്റ് ഉണ്ടെന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളുടെ സായന്‍സിക നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയോ, അതു കേള്‍ക്കാനും വിലയിരുത്താനും ആളുകളോ ഇല്ലെന്ന നിരാശ എപ്പോഴെങ്കിലും ബാധിച്ചിട്ടുണ്ടോ? ഇതാ കേരളം ആതിഥ്യം വഹിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ സായൻസികമേള, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള നിങ്ങള്‍ക്കായി, സിറ്റിസണ്‍ സയന്‍സിനായി വാതായനങ്ങള്‍ തുറന്നിടുകയാണ്.

ശാസ്ത്രപ്രദർശനങ്ങളുടെ പതിവു മാതൃകകളിൽ നിന്ന് വ്യത്യസ്തമായി സയന്‍സിനെ, സാങ്കേതികവിദ്യയെ ഒക്കെ അനുഭവവേദ്യമാക്കി, മനുഷ്യനേയും സമൂഹത്തേയും ജീവിതത്തേയും ഭാവിയേയുമായെല്ലാം ബന്ധിപ്പിച്ചു കൊണ്ടാണ് ഇവിടെ അവതരിപ്പിക്കുക. ഈ വേദിയിൽ ശാസ്ത്രലോകത്തെ അറിവുഖനനത്തിനും സയന്റിസ്റ്റുകളുടെ ബൗദ്ധിക നിരീക്ഷണങ്ങള്‍ക്കും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷണങ്ങള്‍ക്കും എല്ലാം അപ്പുറം സാധാരണക്കാരായ മനുഷ്യരുടെ, വിദ്യാർത്ഥികളുടെ ജിജ്ഞാസയും ഗവേഷണങ്ങളും സായൻസിക പ്രവർത്തനങ്ങളും എല്ലാമായി ബന്ധപ്പെട്ട ചിന്തകളുടെ പ്രദര്‍ശനത്തിനും അരങ്ങൊരുന്നു.

പൗരശാസ്ത്രജ്ഞരേ വരൂ..

ലബോറട്ടറികളിലും ഗവേഷണ മുറികളിലും മാത്രമല്ല ശാസ്ത്രം വിടരുന്നത്. നമ്മുടെയൊക്കെ ചുറ്റുപാടിലുമാകാം. തികച്ചും അനൗപചാരികം എന്നു കരുതിയേക്കാവുന്ന, സ്കൂൾ കുട്ടികളോ സായന്‍സികേതര തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരോ, വീട്ടിൽ ഒതുങ്ങിക്കൂടുന്നവരോ ഒക്കെ ഒറ്റയ്ക്കോ, കൂട്ടായോ സന്നദ്ധ സംഘടനകളുടേയോ സ്ഥാപനങ്ങളുടേയോ ഭാഗമായോ ഒക്കെ പലതും നിരീക്ഷിക്കുന്നുണ്ടാകും. ചുറ്റുപാടിലും പ്രകൃതിയിലും മണ്ണിലും ആകാശത്തും  സമൂഹത്തിലും ജീവിതപരിസരങ്ങളിലും ഒക്കെ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടവയാകാം അത്. മഴയെക്കുറിച്ചോ ആകാശത്തെക്കുറിച്ചോ പൂക്കളെക്കുറിച്ചോ പക്ഷികളെക്കുറിച്ചോ മണ്ണിനെക്കുറിച്ചോ വെള്ളപ്പൊക്കത്തെ കുറിച്ചോ ചൂടിനെക്കുറിച്ചോ ഒക്കെയാവാം. പ്രശ്നങ്ങളോ അവയ്ക്കുള്ള ശാസ്ത്രീയ പരിഹാരങ്ങളോ ഒക്കെയാവാം. നിങ്ങളുടെ  നിരീക്ഷണങ്ങൾക്ക് പ്രാധാന്യം ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. ലോകത്തെ മാറ്റിമറിക്കുന്ന ആശയങ്ങൾക്ക് ഒരുപക്ഷേ അവ നാമ്പു നൽകിയെന്നും വരാം. വലുതോ ചെറുതോ ആകാം. പക്ഷേ ഒന്നുണ്ട്. അതിലൊരു സായൻസിക രീതിയുണ്ടായിരിക്കണം !

എങ്ങനെ പങ്കെടുക്കാം ?

ചിലപ്പോൾ അതൊരു  പോസ്റ്റർ പ്രസന്റേഷൻ ആകാം, നിങ്ങൾ കണ്ടെത്തിയ വസ്തുക്കൾ ആവാം,  ശേഖരിച്ച വസ്തുക്കൾ ആവാം, എന്തെങ്കിലും ഒരു യന്ത്രത്തിന്റെയോ ഉപകരണത്തിന്റെയോ പ്രവർത്തന മാതൃകയാകാം, പഠനറിപ്പോർട്ട് ആകാം, പ്രശ്നപരിഹാരമാകാം, ഡാറ്റായാകാം, ഏതു രൂപത്തിലായാലും അവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഇടം ഫെസ്റ്റിവലിൽ ഉണ്ടാകും. നിങ്ങളുടെ ആശയങ്ങൾ  നേരിട്ട്  വിശദീകരിക്കുന്നതിനുള്ള സൗകര്യവും. നിങ്ങൾ അത്തരത്തിൽ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന, ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സയൻസ് പ്രോജക്ടുകൾ, പഠനങ്ങൾ,കണ്ടെത്തലുകൾ എല്ലാം സയൻസ് കമ്മ്യൂണിറ്റിക്ക് മുന്നിലും പൊതുജനങ്ങൾക്കു മുന്നിലും അവതരിപ്പിക്കാനുള്ള അവസരമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയില്‍ ഒരുങ്ങുന്നത്. സമർപ്പിക്കപ്പെടുന്നവയിൽ നിന്ന്  വിദഗ്ദ്ധ പാനൽ തെരഞ്ഞെടുക്കുന്ന ആശയങ്ങൾക്ക് മാത്രമായിരിക്കും   സയൻസ് ഫെസ്റ്റിവലിൽ അവതരണത്തിനുള്ള അവസരം ഉണ്ടാവുക. ഫെസ്റ്റിവലിന്റെ  സമൂഹ്യമാധ്യമ ഹാൻഡിലുകളിലും അവ ഫീച്ചർ ചെയ്യും.

ഒറ്റയ്ക്കോ ടീമായോ ഇത് അവതരിപ്പിക്കാം. ഒരു ടീമിൽ പരമാവധി ലീഡ് ഉൾപ്പെടെ അഞ്ചു പേർ വരെ ആകാം. നിങ്ങളുടെ കണ്ടെത്തൽ, നിങ്ങളുടെ ഗവേഷണപദ്ധതി, പരിപാടി ഇതെല്ലാം ചുരുക്കത്തിൽ പരാമർശിച്ച് രണ്ടു പേജിൽ കവിയാത്ത ഒരു ലഘുകുറിപ്പ് ഞങ്ങൾക്ക് സമർപ്പിക്കാം. തലക്കെട്ട്, ലക്‌ഷ്യം, നിങ്ങളുടെ പ്രവർത്തനം/മാതൃകയിലെ ശാസ്ത്രം, അവലംബിച്ച ശാസ്ത്രീയ രീതി, പ്രവർത്തനരേഖ, സ്ഥലം, കാലാവധി, പഠനഫലം, നേട്ടങ്ങൾ, തുടർസാധ്യതകൾ ഇവയൊക്കെ കുറിപ്പിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ.


അപ്പോള്‍ നിങ്ങളുടെ സയന്‍സുമായി വരികയല്ലേ, ജിഎസ്എഫ്‌കെയിലേക്ക്…

ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിലേക്ക് സിറ്റിസൺ സയൻസ് പ്രോജക്ടുകൾ സമർപ്പിക്കാം

  1. www.gsfk.org/join-us
  2. വെബ്സൈറ്റ് : https://www.gsfk.org
  3. സാമൂഹ്യമാധ്യമങ്ങളിൽ : https://linktr.ee/gsfk
  4. സിറ്റിസൺ സയൻസ് എന്താണെന്ന് കൂടുതൽ അറിയാം : t.ly/V_dFr

എന്താണ് സിറ്റിസൺ സയൻസ് ?- ലൂക്ക ലേഖനം വായിക്കൂ


Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post കേരളം ശാസ്ത്രത്തിന്റെ ഉത്സവത്തിലേക്ക്
Next post കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും – പാനൽ ചർച്ച
Close