Read Time:10 Minute

ശാസ്ത്രത്തിന്റെ രീതിയെ ജനങ്ങളുടെ ചിന്താരീതിയാക്കുക എന്നത് ജനകീയ ശാസ്ത്ര പ്രവർത്തനത്തിന്റെ പ്രധാന ഘടകമാണ്. ഇതിന്റെ ഒരു പ്രായോഗിക രൂപമാണ് ശാസ്ത്രീയ ഗവേഷണത്തിന്റെ വിവിധ പടവുകളിൽ ഔദ്യോഗികമായി ശാസ്ത്രജ്ഞരോ ഗവേഷകരോ അല്ലാത്ത ആളുകളെ പങ്കാളികളാക്കുകയും, അതുവഴി ശാസ്ത്രീയമായ അറിവിന്റെ നിർമ്മാണത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്ന പ്രക്രിയയായ സിറ്റിസൺ സയൻസ് (Citizen Science). പൗര ശാസ്ത്രമെന്നോ, ജനങ്ങളുടെ ശാസ്ത്രമെന്നോ, ശാസ്ത്ര ഗവേഷണത്തിലെ ജന പങ്കാളിത്തമെന്നോ ഒക്കെ മലയാളത്തിൽ പറയാം.

ഇങ്ങനെ അറിവ് നിർമ്മിക്കുന്ന പ്രക്രിയയിൽ പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകരെ സിറ്റിസൺ സയന്റിസ്റ്റ് (Citizen Scientist) എന്നാണ് വിശേഷിപ്പിക്കുക. ഗവേഷണ പ്രശ്നം തീരുമാനിക്കൽ, പഠനത്തിന്റെ രൂപകൽപ്പന, വിവര ശേഖരണം, വിശകലനം തുടങ്ങി എല്ലാ പരിപാടികളിലും സിറ്റിസൺ സയന്റിസ്റ്റുകളുടെ സേവനം ഉപയോഗിക്കാം. ഗവേഷണ പ്രശ്നത്തിന്റെ സ്വഭാവമനുസരിച്ച് പരിശീലനവും തുടർച്ചയായ മേൽനോട്ടവും ഒക്കെ വേണ്ടി വന്നേക്കാം എന്നു മാത്രം. ഇത്തരം മേൽനോട്ടമില്ലാത്ത സ്വതന്ത്രമായ സിറ്റിസൺ സയൻസ് ഗവേഷണവും അപൂർവ്വമായി നടക്കാറുണ്ട്.

ജ്യോതിശാസ്ത്രം, ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, കാലാവസ്ഥാ പഠനം, ജൈവവൈവിധ്യം തുടങ്ങിയ മേഖലകളിലാണ് ലോകമെമ്പാടും നിലവിൽ സിറ്റിസൺ സയൻസ് പ്രോജക്ടുകൾ കൂടുതലായി ഉള്ളത്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പ്രൊജക്ടുകൾ ഉണ്ടായതും ജൈവവൈവിധ്യ ഗവേഷണത്തിലും പക്ഷികളുടെ പഠനത്തിലും ഒക്കെയാണ്. സിറ്റിസൺ സയൻസ് പ്രൊജക്ടുകളെ സഹായിക്കുന്ന ഒരു വെബ്സൈറ്റായ Scistarter നിലവിൽ 1600 ഓളം സജീവമായ പ്രൊജക്ടുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2015-ൽ ഈ എണ്ണം 400-ൽ താഴെ ആയിരുന്നു.

ഗവേഷണത്തിന് പൊതു പണം വളരെക്കുറച്ചു മാത്രം ചെലവാക്കുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ലഭ്യമായ അറിവിലെ വിടവുകൾ നികത്താൻ സിറ്റിസൺ സയൻസിന് കാര്യമായ സംഭാവനകൾ ചെയ്യാൻ കഴിയും. സിറ്റിസൺ സയന്റിസ്റ്റുകളായി മാറുന്ന ആളുകളുടെ ഇടയിൽ ശാസ്ത്രബോധം വളർത്താനും ഇത്തരം പങ്കാളിത്തം വഴി കഴിയും. സിറ്റിസൺ സയൻസ് പ്രോജക്ടുകളിൽ പങ്കെടുക്കുന്ന കുട്ടികൾ വ്യാജവാർത്തകളും ഗൂഢാലോചന സിദ്ധാന്തങ്ങളും വിശ്വസിക്കാനുള്ള സാധ്യത കുറവാണെന്ന് അത്തരം പ്രൊജക്ടുകൾ ഏറ്റെടുത്തിട്ടുള്ള ചില ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശാസ്ത്രജ്ഞർക്ക് സമൂഹവുമായി ഉള്ള ബന്ധവും അതുവഴി ഗവേഷണത്തിന്റെ സാമൂഹ്യ മാനം മെച്ചപ്പെടുത്താനും സിറ്റിസൺ സയൻസ് വഴി സാധിച്ചേക്കും.

ധാരാളം മെച്ചങ്ങൾ ഉണ്ടെങ്കിലും പരമ്പരാഗത ഗവേഷണത്തെ അപേക്ഷിച്ച് ചില സവിശേഷ വെല്ലുവിളികളും സിറ്റിസൺ സയൻസിനുണ്ട്. അംഗീകൃത പെരുമാറ്റച്ചട്ടങ്ങളിൽ (Standard Protocol) നിന്ന് വ്യതിചലിക്കാനുള്ള സാധ്യത, സാമ്പിളുകൾ കണ്ടെത്തുന്നതിലും വിവര ശേഖരണത്തിലും ഒക്കെ വരാവുന്ന പക്ഷപാതിത്വം (bias) ഇവയൊക്കെ സിറ്റിസൺ സയൻസിൽ കൂടുതലായേക്കാം. ഇവ പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ വേണ്ടിവരും. ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഇതേപോലെ ശ്രദ്ധ വേണ്ട വിഷയങ്ങളാണ്. സിറ്റിസൺ സയന്റിസ്റ്റുകളായി വരുന്ന സന്നദ്ധപ്രവർത്തകർക്ക് കാലക്രമേണ ഉണ്ടാകാവുന്ന മടുപ്പ് (volunteer fatigue) മറ്റൊരു ആശങ്കയായി ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ശ്രദ്ധേയമായ ധാരാളം സിറ്റിസൺ സയൻസ് അനുഭവങ്ങൾ ലോകമെമ്പാടും ഉണ്ട്. പുതിയ പ്രോട്ടീനുകൾ ഡിസൈൻ ചെയ്യാനായി നിർമ്മിച്ച Foldit എന്ന ഓൺലൈൻ ഗെയിം ഒരു പ്രശസ്തമായ മാതൃകയാണ്. നാസയുടെ ധാരാളം പ്രൊജക്ടുകൾ സിറ്റിസൺ സയൻസ് മാതൃകയിൽ ഉള്ളവയാണ്. Birdcount India പോലെയുള്ള ചില ഉദാഹരണങ്ങൾ ഇന്ത്യയിലും ഉണ്ട്.

കേരളത്തിൽ നിന്നും ചില മാതൃകകൾ

കൃത്യമായി ആ ലേബലിൽ അല്ല ചെയ്തിട്ടുള്ളതെങ്കിലും കേരളത്തിലും സിറ്റിസൺ സയൻസ് മാതൃകകൾ കാണാൻ കഴിയും. കോവിഡ് മഹാമാരിയുടെ തുടക്ക സമയത്ത് സംസ്ഥാനത്തെ കേസുകളുടെ സമഗ്ര വിവരങ്ങൾ ലഭ്യമാക്കാനായി Collective for Open Data Distribution-Keralam (CODD-K) ഉണ്ടാക്കിയ covid19kerala എന്ന വെബ്സൈറ്റിലേക്ക് വിവരങ്ങൾ ശേഖരിച്ചത് ആരോഗ്യവിദഗ്ധരോ ശാസ്ത്രജ്ഞരോ അല്ലാത്ത സന്നദ്ധപ്രവർത്തകരായിരുന്നു. പ്രളയകാലത്തും സമാനമായ പ്രവർത്തനങ്ങൾ ലോകമെമ്പാടും നിന്നുള്ള സന്നദ്ധ പ്രവർത്തകർ ചെയ്തത് നാം കണ്ടതാണ്. ആലപ്പുഴയിലെ Canalpy പ്രവർത്തനത്തിലും തുരുത്തിക്കരയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് നടത്തിയ കിണറുകളിലെ ജലനിരപ്പ് അളക്കാനുള്ള പഠനത്തിലും സിറ്റിസൺ സയൻസ് തത്വങ്ങൾ പ്രയോഗിക്കപ്പെട്ടതായി കാണാം. എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനം സംസ്ഥാനം മൊത്തത്തിൽ നടത്തിയ പരിഷത്തിന്റെ കേരള പഠനവും സ്ത്രീ പദവി പഠനവുമാണ്.

ഗവേഷണത്തിന് വേണ്ട വിഭവങ്ങൾ ഒരുക്കുക എന്ന ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തിന് പകരം നിൽക്കാൻ സിറ്റിസൺ സയൻസിന് കഴിയില്ല. എന്നാൽ ജനകീയ ശാസ്ത്ര പ്രവർത്തനത്തിന്റെ ഭാഗമായി അറിവ് നിർമ്മിക്കുന്നതിനും ശാസ്ത്രബോധം വളർത്തുന്നതിനും ഉള്ള ഒരു ഉപാധി എന്ന നിലയിൽ സിറ്റിസൺ സയൻസിന്റെ രീതി പ്രയോജനപ്പെടുത്താവുന്നതാണ്. കേരളത്തിൽ പരിസ്ഥിതി, പ്രാദേശിക പഠനങ്ങൾ, ജെൻഡർ, മാനസികാരോഗ്യം, പൊതുജനാരോഗ്യം, വിവര സ്വാതന്ത്ര്യം തുടങ്ങിയ പല മേഖലകളിലും അത്തരം സാധ്യതകൾ നിലവിലുണ്ട്. സ്കൂൾ തലത്തിൽ നടത്താവുന്ന പ്രവർത്തനമായും സിറ്റിസൺ സയൻസിന് സാധ്യതകളുണ്ട്.


ചിത്രങ്ങൾക്ക് കടപ്പാട് : Frits Ahlefeldt, fritsahlefeldt.com, hiking.org

അധികവായനയ്ക്ക്
  1. Irwin, A. (2018). No PhDs needed: How citizen science is transforming research. Nature, 562(7728), 480–482. https://doi.org/10.1038/d41586-018-07106-5
  2. Richter, A., Dörler, D., Hecker, S., Heigl, F., Pettibone, L., Sanz, F. S., Vohland, K., & Bonn, A. (2018). Capacity building in citizen science. In S. Hecker, A. Bonn, M. Haklay, A. Bowser, Z. Makuch, & J. Vogel (Eds.), Citizen Science (pp. 269–283). UCL Press. https://doi.org/10.14324/111.9781787352339
  3. Robinson, L. D., Cawthray, J. D., West, S. E., Bonn, A., & Ansine, J. (2018). Ten principles of citizen science. In S. Hecker, M. Haklay, A. Bowser, Z. Makuch, J. Vogel, & A. Bonn (Eds.), Citizen Science (pp. 27–40). UCL Press. https://doi.org/10.14324/111.9781787352339
  4. Ulahannan, J. P., Narayanan, N., Thalhath, N., Prabhakaran, P., Chaliyeduth, S., Suresh, S. P., Mohammed, M., Rajeevan, E., Joseph, S., Balakrishnan, A., Uthaman, J., Karingamadathil, M., Thomas, S. T., Sureshkumar, U., Balan, S., Vellichirammal, N. N., & Collective for Open Data Distribution-Keralam (CODD-K) consortium. (2020). A citizen science initiative for open data and visualization of COVID-19 outbreak in Kerala, India. Journal of the American Medical Informatics Association: JAMIA, 27(12), 1913–1920. https://doi.org/10.1093/jamia/ocaa203
  5. കേരള പഠനം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് , 2004
  6. സ്ത്രീപഠനം , കേരള ശാസ്ത്രസാഹിത്യ പരിഷത്ത് , 2008
Happy
Happy
44 %
Sad
Sad
0 %
Excited
Excited
44 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
11 %

Leave a Reply

Previous post പാരിസ്ഥിതിക ഇടപെടലുകളുടെ 50 വർഷങ്ങൾ: സംസ്ഥാന സെമിനാർ, കോഴിക്കോട്ട് ഇന്ന് തുടക്കമായി
Next post സൂര്യനോടൊരു ‘സ്മൈൽ പ്ലീസ്’… നാസയുടെ ക്ലിക്…
Close