Read Time:17 Minute

‘ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ’ (‘Algorithms of Resistance’) എന്ന പേരിൽ ഒരു പുസ്തകം ഈയടുത്തിടെ പുറത്തിറങ്ങുകയുണ്ടായി. ടിസിയാണോ ബോണിനി, എമിലിയാനോ ട്രെർ എന്നീ മാധ്യമ ഗവേഷകർ രചിച്ച ഈ പുസ്തകം ഈ കാലത്തെ ആഗോളസമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ ധാർമ്മിക ചോദ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായ ഒരു പ്രധാന രചനയാണ്. അതിനെക്കുറിച്ചുള്ള ഒരു ചെറിയ വായനാനുഭവം പങ്കുവയ്ക്കുന്നതിനാണ് ഈ കുറിപ്പ്. 

കേൾക്കാം

നമുക്ക് പരിചിതമായായിരിക്കാവുന്ന ഒരു അനുഭവസാധ്യതയിൽ നിന്ന് തുടങ്ങാം. നിങ്ങൾ തിരുവനന്തപുരത്തോ എറണാകുളത്തോ നിന്ന് ഒരു ദീർഘ നഗരയാത്രയ്ക്ക് ഊബർ കാബ് വിളിച്ചു എന്നിരിക്കട്ടെ. ഡ്രൈവർ വന്നു, നിങ്ങൾ വണ്ടിയിൽ കയറി. കുശലാന്വേഷണത്തിന്റെ ഒന്നോ രണ്ടോ വാചകങ്ങൾ കഴിയുമ്പോൾ ഡ്രൈവർ നിങ്ങളോടു പറയുന്നു, ‘മാഡം, ഈ യാത്ര പതിനഞ്ചു കിലോമീറ്റർ ഉണ്ട്, ഏകദേശം നാന്നൂറ് രൂപയാകും. അതിൽ എനിക്ക് ഏതാണ്ട് ഇരുന്നൂറ്റി എഴുപത് രൂപയെ ലഭിക്കുകയുള്ളു. ഈ ട്രിപ്പ് മാഡം ഒന്ന് ക്യാൻസൽ ചെയ്യാമോ, എന്നിട്ട് എനിക്ക് ആ നാന്നൂറ് രൂപ നേരിട്ട് തന്നാൽ മതിയാകും. അങ്ങനെ വരുമ്പോൾ എനിക്ക് മെച്ചമുണ്ട്, മാഡത്തിന് നഷ്ടവും ഇല്ല. ഇനി ക്യാൻസൽ ചെയ്യുമ്പോൾ എന്തെങ്കിലും ചാർജ് ഉണ്ടേൽ, നാന്നൂറിൽ നിന്ന് അത് കിഴിച്ചു ബാക്കി എനിക്ക് തന്നാൽ മതിയാകും.’ ഇങ്ങനെ ഒരു ചോദ്യം മുന്നിൽ വന്നാൽ നിങ്ങൾ എന്ത് ചെയ്യും? ചിലർ ‘ഇല്ല, ഞാൻ ഊബറിൽ ബുക്ക് ചെയ്തതാണ്, അങ്ങനെ തന്നെ പോട്ടെ’ എന്ന് പറഞ്ഞേക്കാം. മറ്റുചിലർ ‘അതിനെന്താ, അങ്ങനെ ചെയ്യാല്ലോ’ എന്ന് മറ്റൊന്നും ചിന്തിക്കാതെ ഡ്രൈവറിന്റെ നിർദേശം സ്വീകരിച്ചു ട്രിപ്പ് ക്യാൻസൽ ചെയ്തേക്കാം. പക്ഷെ, നിങ്ങൾ എടുക്കുന്നത് ഒരു രാഷ്ട്രീയ നിലപാടാണ് എന്ന് എത്ര പേർ ചിന്തിക്കും എന്നത് നമുക്കറിയില്ല. ഡ്രൈവറിന്റെ ഈ ചോദ്യത്തിന്റെ – ഇതുപോലെയുള്ള സമാന സമകാലിക സമസ്യകളുടെ – ധാർമ്മികതയാണ് മേൽപ്പറഞ്ഞ രചനയുടെ ഒരു പ്രധാന വിഷയം. 

എന്താണ് ഈ ഊബർ ഉദാഹരണത്തിലെ ധാർമ്മിക-രാഷ്ട്രീയ വശങ്ങൾ ഒന്ന് തിരിഞ്ഞു നോക്കാം. ഡ്രൈവറിന്റെ ചോദ്യത്തിൽ നിരവധി ധാർമ്മിക ചോദ്യങ്ങൾ അന്തർലീനമായിട്ടുണ്ട്. ഡ്രൈവർ പറയുന്നത് അയാൾ ചെയ്യുന്ന തൊഴിലിന് ലഭിക്കേണ്ട വരുമാനത്തിന്റെ ഒരു വലിയ ഭാഗം ഊബർ കവർന്നെടുക്കുന്നു എന്നതാണ്. തൊഴിലാളി ചെയ്യുന്ന തൊഴിലിന്റെ വേതനം മുതലാളി കൈക്കലാക്കുന്നു എന്നത് കൃത്യമായും മുതലാളിത്ത വ്യവസ്ഥയുടെ നീതിയാണ്. ഈ വ്യവസ്ഥയുടെ അനീതി നിങ്ങൾ കാണുന്നില്ലേ എന്നതാണ് ആദ്യത്തെ ചോദ്യം. ഇനി രണ്ടാമത്തെ ചോദ്യം ക്യാൻസൽ ചെയ്യുക എന്നതൊക്കെ ചെയ്തു ഒരൽപം ബുദ്ധിമുട്ടിയിട്ടാണെങ്കിലും തനിക്ക് ന്യായമായ വേതനം ലഭിക്കുന്നതിനായി സഹായിക്കാമോ എന്നതാണ്. അതായത്, നിങ്ങൾ തൊഴിലാളിവർഗ്ഗത്തോടൊപ്പമാണോ അതോ മുതലാളിയോടൊപ്പമോ? മൂന്നാമത്തെ പരോക്ഷമായ ചോദ്യം ആ അവസരത്തേക്ക് മാത്രമുള്ളതല്ല. അൽഗോരിതം നീതിരഹിത വ്യവസ്ഥ നടപ്പിലാക്കുമ്പോൾ നിങ്ങൾ എന്ത് നിലപാടെടുക്കും എന്ന ബൃഹദ് ചോദ്യമാണ്. ഈ ചോദ്യം യാത്രക്കാരിയുടെ മനസ്സിലേക്ക് – യാത്ര കഴിഞ്ഞു ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാലും ചിന്തിക്കാൻ – ഡ്രൈവർ തൊടുത്തുവിടുകയാണ്. ഡ്രൈവർ ഇങ്ങനെ സങ്കീർണ്ണമാണങ്ങളുള്ള ഒരു സമസ്യ യാത്രക്കാരിയുടെ മുന്നിലേക്ക് വെയ്ക്കുന്നത് അങ്ങനെ ചിന്തിച്ചു കൂട്ടിയിട്ടാവണം എന്നില്ല, മിക്കവാറും അങ്ങനെയൊന്നും ചിന്തിക്കാതെയും ആണ്. യാത്രക്കാരി അതിൽ നിലപാടെടുക്കുമ്പോൾ അതുപോലെ തന്നെ അത്രയൊന്നും ചിന്തിച്ചെന്നും വരില്ല. പക്ഷെ, ഈ ചോദ്യങ്ങളെല്ലാം അൽഗോരിതങ്ങൾ ഉപയോഗിക്കുന്ന പ്ലാറ്റുഫോമുകൾ നമ്മുടെ മുന്നിലേക്ക് നിരന്തരം വെയ്ക്കുന്നവയാണ്, സമകാലിക രാഷ്ട്രീയജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതും. 

നാം നിലനിൽക്കുന്ന അൽഗോരിതം യുദ്ധക്കളങ്ങളിലെ വർഗ്ഗസംഘർഷങ്ങളിൽ നാം നിരന്തരം നിലപാടെടുക്കേണ്ടതുണ്ട് എന്ന് ഓർമ്മിപ്പിക്കുന്ന ഒരു രചനയാണ് ‘ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ’. 

സമാനമായ മറ്റു രചനകളിൽ നിന്ന് ഈ രചന വേറിട്ട് നിൽക്കുന്ന സന്ദർഭങ്ങൾ ശ്രദ്ധേയമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ചില പുസ്തകങ്ങളുടെ പേരുകൾ ഇവിടെ കുറിക്കാം: ‘ചൂഷണത്തിന്റെ അൽഗോരിതങ്ങൾ’ (‘Algorithms of Oppression’), ‘യന്ത്രവൽക്കരിക്കപ്പെടുന്ന അസമത്വം’ (‘Automating Inequality’), ‘വിനാശത്തിനായുള്ള ഗണിത ആയുധങ്ങൾ’ (‘Weapons of Math Destruction’), ‘നിഷ്ഠുരമായ ശക്തി’ (‘Inhuman Power’) എന്നിങ്ങനെ പോകുന്നു അവ. അൽഗോരിതങ്ങൾ ചൂഷണത്തിന്റെ ഉപാധികളായി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൃത്യമായി വിശകലനം ചെയ്യുന്ന രചനകൾ ആണ് അവയൊക്കെ തന്നെ. അവയിലൊക്കെ തന്നെ അൽഗോരിതങ്ങളെ മുതലാളിത്തത്തിന്റെയും മറ്റു ചൂഷണത്തിന്റെയും മൂല്യങ്ങൾ പേറുന്നവയായിട്ടാണ് കാണുന്നത്, അങ്ങനെ കാണേണ്ടതും ഉണ്ട്. അങ്ങനെയുള്ള അൽഗോരിതങ്ങൾ നിലനിൽക്കുന്ന കാലത്തെ ചെറുത്തുനിൽപ്പുകൾ ആണ് ഈ പുതിയ രചനയുടെ വിഷയം.

Swiggy തൊഴിലാളികളുടെ നേതൃത്വത്തിൽ 2022 നവംബറിൽ നടന്ന ലോഗ് ഔട്ട് സമരം

അൽഗോരിതങ്ങൾ ഉൾപ്പെടുന്ന വ്യവസ്ഥകളിൽ പങ്കെടുത്തുകൊണ്ട് തന്നെ അവയിലെ ചൂഷണത്തെ എങ്ങനെ ചെറുക്കാം എന്ന് ആഗോളത്തൊഴിലാളി സമൂഹത്തിൽ നിന്നും ഉള്ള നിരവധിയായ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് രചയിതാക്കൾ സമർത്ഥിക്കുന്നു. നാം നേരത്തെ കണ്ട ഉദാഹരണത്തിലെ കഥാപാത്രങ്ങൾ തൊഴിലാളിയും ഉപയോക്താവും ആണെങ്കിൽ, തൊഴിലാളികളുടെ സമൂഹങ്ങൾ ഉൾപ്പെടുന്ന ചെറുത്തുനിൽപ്പുകൾ ആണ് പുസ്തകത്തിൽ ഏറെയും പരാമർശിക്കപ്പെടുന്നത്. അടുത്തിടെ കേരളത്തിൽ നടന്ന ‘ലോഗൗട്ട് സമരം’ അത്തരത്തിൽ ഒന്നാണ്. 

പ്ലാറ്റുഫോം മുന്നോട്ട് വെയ്ക്കുന്ന മുതലാളിത്ത ധാർമ്മികവ്യവസ്ഥയും തൊഴിലാളികളും പൊതുസമൂഹവും പേറുന്ന ധാർമ്മികവ്യവസ്ഥയും തമ്മിൽ ഉള്ള വലിയ സ്വരച്ചേർച്ചകൾ നിലനിൽക്കുന്നതിനാൽ അൽഗോരിതങ്ങൾ നിരന്തരം യുദ്ധക്കളങ്ങൾ സൃഷ്ടിക്കുന്നു എന്ന് ചുരുക്കം. ഈ മുതലാളിത്ത യുദ്ധക്കളത്തിൽ ദിവസേനയെന്നോണം ചെറു വിദ്യകൾ (tactics) തൊഴിലാളികൾ ഉപയോഗിക്കുന്നു, ട്രിപ്പ് ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെടുന്ന പോലെ. അതിനോടൊപ്പം തന്നെ, ബൃഹദ് തന്ത്രങ്ങളും (strategies) ഇവിടെ ഉപയോഗിക്കപ്പെടുന്നുണ്ട്, ലോഗൗട്ട് സമരം പോലെ. ഇങ്ങനെ നിരന്തരം സംഘർഷത്താൽ നിറയുന്ന അൽഗോരിതം അധിഷ്ഠിത പ്ലാറ്റുഫോമുകൾ അതുകൊണ്ടു തന്നെ വളരെ അസ്ഥിരമാണ്. തൊഴിലാളികളുടെ തന്ത്രങ്ങൾ ചെറുക്കാൻ പ്ലാറ്റുഫോമുകൾ അൽഗോരിതങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു. ഉപയോക്താക്കൾ വ്യാപകമായി ട്രിപ്പ് ക്യാൻസൽ ചെയ്ത് ഡ്രൈവറുമായി നേരിട്ട് ഇടപാടുകൾ നടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് അപ്പുകളിൽ നടപ്പിലാക്കുന്ന സുരക്ഷാ ഫീച്ചറുകൾ എന്ന് വേണമെങ്കിൽ ചിന്തിക്കാം. പ്ലാറ്റുഫോമുകൾ വേതനവ്യവസ്ഥയിലും ഉപയോഗക്രമത്തിലും കൊണ്ടുവരുന്ന തൊഴിലാളിവിരുദ്ധ മാറ്റങ്ങളെ ചെറുക്കാൻ തൊഴിലാളികൾ പുതിയ തന്ത്രങ്ങൾ മെനയുന്നു. ഇത്തരം തന്ത്രങ്ങൾ വികസിപ്പിക്കാൻ തൊഴിലാളികൾ ഉപയോഗിക്കുന്നത് അൽഗോരിതം അധിഷ്ഠിത പ്ലാറ്റുഫോമുകൾ (ഉദാ: വാട്ട്സപ്പ് കൂട്ടായ്മകൾ) തന്നെയാണെന്നുള്ളത് കൂടി ഈ പുസ്തകം അടിവരയിട്ടു പറയുന്നു. ചൂഷണത്തിനായി നിർമ്മിക്കപ്പെട്ട അൽഗോരിതങ്ങൾ അങ്ങനെ വർഗ്ഗസമരത്തിന്റെ വാർ റൂമുകൾക്കുള്ള വേദികളായി കൂടി രൂപാന്തരപ്പെടുന്നു. ഇത്തരം അൽഗോരിതം സംഘർഷങ്ങൾ തൊഴിലാളികളിൽ വർഗ്ഗബോധവും രാഷ്ട്രീയസാക്ഷരതയും വളർത്തുന്നതിൽ നിസ്തുലമായ പങ്ക് വഹിക്കുന്നു എന്ന് കൂടി ഇവിടെ രചയിതാക്കൾ നിരീക്ഷിക്കുന്നുണ്ട്. നേരത്തെയുള്ള ഉദാഹരണത്തിൽ ട്രിപ്പ് ക്യാൻസൽ ചെയ്യാൻ തീരുമാനിക്കുമ്പോൾ ഉപയോക്താവിനും തൊഴിലാളിക്കും ഇടയിൽ രൂപപ്പെടുന്ന ഒരു വർഗ്ഗപരമായ ഐക്യദാർഢ്യം പ്രധാനമാണ്. അങ്ങനെ പൊതുസമൂഹം ആകെയും തൊഴിലാളികൾ വിശിഷ്യമായും ആർജ്ജിക്കുന്ന വർഗ്ഗബോധം നാളെയ്ക്കുള്ള വലിയ സമരങ്ങൾക്കുള്ള മുതൽക്കൂട്ട് കൂടിയായേക്കാം എന്ന ഒരു പ്രത്യാശയും ഈ പുസ്തകം വെച്ചുപുലർത്തുന്നു. 

എന്തിരുന്നാലും ഈ യുദ്ധക്കളങ്ങൾ ഒരു കാരണവശാലും നീതിപൂർവ്വമല്ല എന്നത് ഇടയ്ക്കിടെ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. അവ നിർമ്മിക്കപ്പെട്ടിരിക്കുന്നത് അതിലെ മുതലാളിയുടെ ധാർമ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടു ചെറുത്തുനിൽപ്പിലൂടെ അവയിലെ നീതിരാഹിത്യത്തെ നേരിടുമ്പോൾ തന്നെ, അവയെ നോർമലൈസ് ചെയ്യരുത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. സിനിമ ഡയലോഗിനെ ഓർമ്മിക്കുന്ന രീതിയിൽ പറഞ്ഞാൽ ‘തൊഴിലാളികൾക്ക് അത്യാവശ്യം ഫ്രീഡം ഒക്കെ കൊടുക്കുന്ന ഒരു മോഡേൺ പ്ലാറ്റുഫോം’ ആയി നിലനിൽക്കാൻ നീതിരഹിത അൽഗോരിതങ്ങൾ ഉൾപ്പെടുന്ന പ്ലാറ്റുഫോമുകളെ അനുവദിച്ചുകൂട. ചെറുത്തുനിൽപ്പുകൾ നിശ്ചയമായും നീതിരഹിതവ്യവസ്ഥകളുടെ നാശത്തിലേക്ക് വഴിതെളിക്കേണ്ടതുണ്ട് എന്ന രാഷ്ട്രീയ നിലപാട് വായനക്കാരിലേക്ക് എത്തിക്കുന്നതിൽ പുസ്തകം കുറച്ചുകൂടി ശ്രദ്ധ പുലർത്തിയാൽ നന്നായിരുന്നു എന്ന ക്രിയാത്മക വിമർശത്തോടെ വായനക്കാരെ ഈ മികച്ച രചന പാരായണം ചെയ്യാൻ ക്ഷണിക്കുന്നു. 

പുസ്തകം പി.ഡി.എഫ് വായിക്കാം

‘ചെറുത്തുനിൽപ്പിന്റെ അൽഗോരിതങ്ങൾ’ (‘Algorithms of resistance’) ഓപ്പൺ ആക്‌സസ് ആയി ലഭ്യമായത് നേരിട്ട് പി ഡി എഫ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ലേഖകന്റെ സസൂക്ഷ്മം – പംക്തി ഇതുവരെ

പോഡ്കാസ്റ്റുകൾ


അനുബന്ധ വായനയ്ക്ക്

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
100 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വെറുക്കപ്പെടേണ്ട സസ്യമാണോ അരളി ?
Next post ബ്ലൂപ് – ശാസ്ത്രകഥ
Close