Read Time:42 Minute

സാങ്കേതികവിദ്യയ്ക്ക് വ്യക്തി ആരാണ് എന്താണ്?

നാം ഓരോരുത്തരും ഓരോരോ വ്യക്തികളാണ്. അങ്ങനെ പറയുന്നത് ഒരു പരിമിതപ്പെടുത്തൽ ആവും എന്ന് തോന്നുന്നെങ്കിൽ അതും ശരിയാണ്. ഓരോ വ്യക്തികളും വ്യത്യസ്തരാകുമ്പോൾ തന്നെ വ്യക്തികൾ തമ്മിൽ സാമ്യതയും വളരെയധികം ഉണ്ട്. വ്യക്തികളെ വ്യത്യസ്തരാക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നത് ഓരോ വ്യക്തിയുടെയും മറ്റു വ്യക്തികളുമായിട്ടുള്ള ബന്ധങ്ങളും അത്തരം ബന്ധങ്ങളുടെ ഗുണപരമായ സവിഷേതകളും കൂടി ചേർന്നിട്ടാണ്. ഓരോ വ്യക്തിക്കും ജീവശാസ്ത്രപരമായി നോക്കിയാൽ വ്യക്തിശരീരത്തിന്റെ ഒരു നൈരന്തര്യം ഉണ്ട് എന്ന് നാം ചിന്തിക്കുന്നു; വർഷങ്ങൾ കഴിയുമ്പോൾ മനുഷ്യശരീരത്തിലെ കോശങ്ങൾ മരിക്കുകയും പുതിയത് ജനിക്കുകയും ചെയ്യുന്നു, എന്നാലും ഈ കോശങ്ങളുടെ മാറ്റങ്ങൾ കൊണ്ട് നാം വ്യക്തി മാറി എന്ന് പറയാറില്ല. അതുപോലെ മനശ്ശാസ്ത്രപരമായി നോക്കിയാൽ വ്യക്തിയുടെ ചിന്തകളുടെ കാര്യത്തിൽ ഒരു തുടർച്ചയും പരിണാമവും ഉണ്ട് എന്നും നമുക്കറിയാം. ഓരോ വ്യക്തിക്കും വ്യക്തമായി ബോധ്യമുള്ളതും അതല്ലാതെ പരോക്ഷമായിട്ടുള്ളതും ആയ ഓർമ്മകളും അനുഭവങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം ഉണ്ട്. ഓരോ വ്യക്തിക്കും അവരവരുടേതായ ജീവിതലക്ഷ്യങ്ങളും ലോകവീക്ഷണങ്ങളും ഉണ്ട്, ചിലർ തങ്ങളുടെ ജീവിതത്തെ ഒരു ലക്ഷ്യത്തിലേക്കുള്ള നിയോഗമായി പോലും കാണുന്നു. ഇങ്ങനെ അതിസങ്കീർണ്ണമായ മനുഷ്യനെ – വ്യക്തിയെ – സാങ്കേതികവിദ്യകൾ എങ്ങനെ കാണുന്നു എന്ന വിഷയത്തെക്കുറിച്ചുള്ള ചില ചിതറിയ ചിന്തകൾ പങ്കുവെയ്ക്കാനാണ് ഈ ലേഖനം. പക്ഷെ, അങ്ങനെ ചോദിക്കാൻ സാങ്കേതികവിദ്യകൾക്ക് കാണാൻ കണ്ണോ ചിന്തിക്കാൻ ചിന്താശേഷിയോ ഇല്ലല്ലോ! അതുകൊണ്ടു തന്നെ സാങ്കേതികവിദ്യകളിലൂടെ നടപ്പിലാകുന്ന സാമൂഹികക്രമങ്ങൾ ജനസാമാന്യത്തിലെ വ്യക്തിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ആ ചോദ്യത്തെ തിരുത്തിയും വായിക്കാം. ഇതിലേക്കായി ഒരൽപം ചരിത്രം പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായിട്ടുള്ള സാങ്കേതികവികാസങ്ങൾ മുതലാളിത്തം എന്ന സമ്പദ്‌വ്യവസ്ഥയും ആയി ഇഴചേർന്നു കിടക്കുന്നതിനാൽ – ഈ കാലയളവിലെ സാങ്കേതികവിദ്യകളുടെ നിർമ്മാണത്തിന്റെയും അവയുടെ പ്രയോഗത്തിന്റെയും പ്രഥമ പ്രേരണ ലാഭത്തിന്റെ വർദ്ധനവായിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത് – ഇവിടെ സാങ്കേതികവിദ്യയെക്കുറിച്ചു പരാമർശിക്കുമ്പോൾ മുതലാളിത്തത്തെക്കുറിച്ചും പരാമർശിക്കേണ്ടതായി വരുന്നുണ്ട്.

മാർക്സിന്റെ വ്യക്തി

1845ൽ ‘ഫ്യുർബാക്കിനെക്കുറിച്ചുള്ള ഉപന്യാസങ്ങൾ’ എന്ന രചനയിൽ കാൾ മാർക്സ് പങ്കുവെയ്ക്കുന്ന വ്യക്തിയെക്കുറിച്ചുള്ള സങ്കൽപം നമുക്ക് ഒരുപക്ഷെ പരിചിതമായതാണ്: ‘മനുഷ്യന്റെ അന്തസത്ത എന്നത് ഓരോ വ്യക്തിയിലും നിശ്ചിതമായിട്ട് നിലനിൽക്കുന്ന ഒരു അമൂർത്തഗുണം ഒന്നുമല്ല. യഥാർത്ഥത്തിൽ, മനുഷ്യൻ സാമൂഹികബന്ധങ്ങളുടെ ഒരു ഒത്തുചേരൽ ആണ്’. വ്യക്തിയെക്കുറിച്ചുള്ള മാർക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിരീക്ഷണമായി സാമൂഹികബന്ധങ്ങളുടെ സഞ്ചയം എന്ന ഈ സങ്കൽപം പിൽകാലത്ത് മാറി. വ്യക്തിയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ 1857ലെ ‘ഗ്രുൻഡ്രിസ്സെ’ എന്നതിന്റെ നോട്ട്ബുക്ക് ഒന്ന് തുടങ്ങുന്നത് തന്നെ. അതിന്റെ രണ്ടാം ഖണ്ഡികയിൽ അദ്ദേഹം പറയുന്നു: മനുഷ്യൻ സഹവാസം ആഗ്രഹിക്കുന്ന ഒരു മൃഗം (animal) മാത്രമല്ല, മനുഷ്യന് സമൂഹത്തിനു നടുവിൽ മാത്രമേ ശരിയായ രീതിയിൽ വ്യക്തിയാകാൻ സാധിക്കൂ’ (‘… individuate itself only in the midst of society’). വ്യക്തിയുടെ അനന്യത എന്നത് (മറ്റു വ്യക്തികൾ അടങ്ങുന്ന) സമൂഹത്തിന്റെ കൂടി ഉൽപന്നമാണ് എന്ന് ഇതിലൂടെ വായിക്കാം. പത്തൊൻപതാം നൂറ്റാണ്ടിലെ മുതലാളിത്തത്തിന്റെയും യന്ത്രവൽക്കരണത്തിന്റെയും കടന്നുവരവിന്റെ പശ്ചാത്തലത്തിൽ ഉള്ള മാർക്സിന്റെ വ്യക്തിയെക്കുറിച്ചുള്ള ആലോചനകൾ തീർച്ചയായും സാങ്കേതികവിദ്യയുടെ വ്യക്തിയെക്കുറിച്ചുള്ള ചിന്തകളിൽ പ്രധാനപ്പെട്ട ഒരു റെഫെറൻസ് പോയിന്റ് ആണ്.

അധ്വാനശേഷി വാഹകൻ

യന്ത്രങ്ങളും മുതലാളിത്തവും തമ്മിൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഉള്ള പൊക്കിൾക്കൊടി ബന്ധത്തിന്റെ വെളിച്ചത്തിൽ നമുക്ക് മുതലാളിത്തം മുന്നോട്ട് വെയ്ക്കുന്ന വ്യക്തിസങ്കല്പത്തിൽ നിന്ന് തന്നെ തുടങ്ങാം. മാർക്സിന്റെ നിർവചനത്തിൽ മുതലാളിത്തത്തിന് വ്യക്തി അധ്വാനശേഷിയുടെ വാഹകനാണ്, അത് മാത്രമാണ്. ഓരോ വ്യക്തിയിലും നിക്ഷിപ്തമായ അധ്വാനശേഷിയെ വാങ്ങി നിർമ്മാണപ്രക്രിയയിൽ ഉൾച്ചേർത്തു ലാഭമുണ്ടാക്കുക എന്നതാണ് മുതലാളിയുടെ ലക്‌ഷ്യം. വ്യക്തിയെ അധ്വാനശേഷി മാത്രമായി കാണുന്നതിൽ അങ്ങേയറ്റം പരിമിതപ്പെടുത്തൽ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. അധ്വാനശേഷിയുടെ വാഹകനായി മുതലാളിത്തനിർമ്മാണപ്രക്രിയയെ അഭിസംബോധന ചെയ്യുമ്പോൾ അയാൾക്ക് മുതലാളിക്ക് മുമ്പിലേക്ക് വിൽപനയ്ക്ക് വെയ്ക്കാനുള്ളത് തന്റെ അധ്വാനശേഷി മാത്രമാണ്. അയാളുടെ വ്യതിരിക്തമായ അനുഭവലോകമോ സുഹൃദ്‌വലയമോ ഒന്നും മുതലാളിത്തത്തിൽ വിഷയമല്ല. യന്ത്രവൽക്കരണം നടപ്പിലാക്കിയ നഗരത്തിലെ വൻകിട തറികളിൽ ഇൻഗ്ലണ്ടിന്റെ  ഗ്രാമപ്രദേശങ്ങളിൽ നിന്നും തൊഴിലാളികൾ തങ്ങളുടെ അധ്വാനശേഷി വിൽപനയ്ക്ക് വെക്കാനായി തങ്ങളുടെ സൂക്ഷ്മസംസ്കാരവും ബന്ധുമിത്രാദികളുമായിട്ടുള്ള ബന്ധങ്ങളും അറുത്തുകളഞ്ഞുകൊണ്ടു പോയത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ഇന്ന് കേരളത്തിൽ നിന്നും അധ്വാനശേഷിക്ക് കൂടുതൽ വില ലഭിക്കുന്ന വിദേശരാജ്യങ്ങളിലേക്ക് തങ്ങളുടെ ഭാഷയും സംസ്കാരവും ബന്ധുമിത്രാദികളെയും മറ്റും ഇട്ടെറിഞ്ഞു പോകുന്നു – തൊഴിൽ വൈദഗ്ധ്യവും, രാജ്യങ്ങളുടെ കുടിയേറ്റ നയങ്ങളും മറ്റുമൊക്കെ ഇന്നത്തെ വിദേശകുടിയേറ്റത്തിന് സങ്കീർണ്ണമാനങ്ങൾ നൽകുന്നുണ്ടെങ്കിലും പത്തൊൻപതാം നൂറ്റാണ്ടുമായിട്ടുള്ള ഘടനാപരമായിട്ടുള്ള സമാനതകൾ വളരെ വ്യക്തമാണ്. മുതലാളിത്തനിർമ്മാണപ്രക്രിയയിൽ ഉൾച്ചേർക്കാൻ പലപ്പോഴും പര്യാപ്തമായ ഒരു വ്യക്തിസങ്കൽപ്പമാണ് അധ്വാനശേഷിയുടെ വാഹകൻ എന്നുള്ളത്.

കുറെയേറെ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു തൊഴിലാളിസമൂഹമാണ് മുതലാളിത്ത നിർമ്മാണ ഫാക്ടറികളിൽ നിർമ്മാണം നിർവ്വഹിക്കുന്നത് എന്ന് മാർക്സ് തന്റെ ‘ഗ്രുൻഡ്രിസ്സെ’യിൽ നിരീക്ഷിക്കുന്നുണ്ട്. ഓരോ വ്യക്തിക്കും സവിശേഷ പ്രാധാന്യമില്ലാതിരിക്കുന്ന ഘടന ഇവിടെ രണ്ടു തരത്തിൽ മുതലാളിത്ത പ്രക്രിയയെ സഹായിക്കുന്നുണ്ട് – ഒന്നോ രണ്ടോ വ്യക്തികൾ അവധിയിൽ ആണെങ്കിലും നിർമ്മാണം നിലയ്ക്കുന്നില്ല, അതേപോലെ ഒരു വ്യക്തി പോയാലും പെട്ടെന്ന് തന്നെ മറ്റൊരാളെ പകരം വെയ്ക്കാം എന്നതിനാൽ തൊഴിലാളിയുടെ വിലപേശൽ ശേഷി കുറയുന്നു.

യന്ത്രം പ്രവർത്തിപ്പിക്കുന്ന വ്യക്തി

പത്തൊൻപതാം നൂറ്റാണ്ടിലും മറ്റും ഉണ്ടായ ഒരു പ്രധാന സംഭവവികാസം നിർമ്മാണപ്രക്രിയയിൽ ഉണ്ടായ അഭൂതപൂർവ്വമായ യന്ത്രവൽക്കരണം ആയിരുന്നു. കൈത്തറികൾ യന്ത്രത്തറികൾക്ക് വഴിമാറിയപ്പോൾ ഒരാളുടെ അധ്വാനശേഷി കൊണ്ട് ഉണ്ടാക്കാവുന്ന ചരക്കിന്റെ അളവ് വർദ്ധിച്ചു. മാർക്സിന്റെ ഭാഷയിൽ പറഞ്ഞാൽ നിർമ്മാണപ്രക്രിയയിൽ മനുഷ്യ അധ്വാനത്തിന്റെ പങ്ക് കുറഞ്ഞു, യന്ത്രങ്ങൾ കൂടുതൽ പങ്ക് വഹിച്ചു തുടങ്ങി. മനുഷ്യന്റെ അധ്വാനം നിർമ്മാണപ്രക്രിയയുടെ ചില പ്രത്യേക ഘട്ടങ്ങളിലേക്ക് പരിമിതപ്പെട്ടപ്പോൾ തൊഴിലാളികൾ ക്രമേണ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന ആളുകൾ ആയി മാറി. നിർമ്മാണപ്രക്രിയയുടെ മേൽ ഉള്ള തൊഴിലാളികളുടെ കർതൃത്വം ചോദ്യം ചെയ്യുന്ന യന്ത്രങ്ങളെ ചെറുക്കുന്ന വലിയ പോരാട്ടങ്ങൾ നടന്നെങ്കിലും, യന്ത്രങ്ങൾ ഉപയോഗിച്ച് കൂടുതൽ ചരക്ക് നിർമ്മിക്കാനും അതിലൂടെ കൂടുതൽ ലാഭം ഉണ്ടാക്കാനും സാധിക്കും എന്നും ഉള്ളത് കൊണ്ട് യന്ത്രങ്ങളുടെ ഉപയോഗം വർദ്ധിച്ചതേയുള്ളൂ. ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, സാമാന്യമായ ജനം യന്ത്രവൽകൃത നിർമ്മാണപ്രക്രിയയിലെ തൊഴിലാളിയായി ചുരുങ്ങുമ്പോഴും യന്ത്രങ്ങൾ നിർമ്മിക്കുന്ന ഒരു ‘ഉപരി’ തൊഴിലാളിക്ക് യന്ത്രങ്ങൾ ജന്മം കൊടുത്തു. അവർ നിർമ്മിക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മാണപ്രക്രിയയെ കൂടുതൽ കൂടുതൽ യന്ത്രവൽക്കരിച്ചു മുതലാളിത്തം സാമാന്യത്തൊഴിലാളിയെ ഒഴിവാക്കിയും ഞെരുക്കിയും പുരോഗമിച്ചു. അധ്വാനശേഷി നിർമ്മാണപ്രക്രിയയിലേക്ക് നേരിട്ട് ഉൾച്ചേർക്കുന്നതിൽ നിന്നും തന്റെ ശേഷി യന്ത്രങ്ങൾ ഉപയോഗിക്കുന്നതിലേക്കായി ചിലവഴിക്കുന്ന തൊഴിലാളിയായി വ്യക്തി രൂപാന്തരപ്പെട്ടു. യന്ത്രങ്ങൾ അധ്വാനവും നിർമ്മാണവും തമ്മിൽ ഉള്ള മാധ്യസ്ഥ്യം വഹിക്കുന്ന തലത്തിലേക്ക് ഉയരുന്നു.

പരിശീലനം നേടിയ ആൾകുരങ്ങ് 

ഇരുപതാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ വേരുപിടിക്കുന്ന ഒരു ആശയം നിർമ്മാണപ്രക്രിയയുടെ ശാസ്ത്രീയപരിപാലനമാണ് (scientific management).  യന്ത്രങ്ങളും തൊഴിലാളികളും തമ്മിൽ ഒരേ താളത്തിൽ നിർമ്മാണപ്രക്രിയയിൽ പങ്കെടുത്താൽ കാര്യക്ഷമത വർദ്ധിക്കും എന്ന ലളിത തത്വമാണിവിടെ ഉപയോഗിക്കുന്നത്. ഒരു ഫോർഡിസ്റ്റ് വാഹനനിർമ്മാണ അസംബ്ലി ലൈൻ എടുക്കുക – ഓരോ വ്യക്തിക്കും ഒരു നിശ്ചിതതൊഴിൽ ഉണ്ട്, അതൊരുപക്ഷേ ഒരു ടയർ ഘടിപ്പിക്കുന്നതോ ക്ലച്ചിന്റെ സ്ഥാനം ഉറപ്പു വരുത്തുന്നതോ ആവാം – ആ തൊഴിൽ നിരന്തരം ആവർത്തിച്ചു ചെയ്തുകൊണ്ടിരിക്കണം എന്നതാണ് തൊഴിലാളിയുടെ കടമ. നിർമ്മാണപ്രക്രിയയെ ഒരു കൺവെയർ ബെൽറ്റിൽ ക്രമീകരിച്ചുകൊണ്ട് തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിലൂടെ അവർ തമ്മിൽ ഒരു നിശ്ചിത താളം നടപ്പിലാക്കുന്നു. നിർമ്മാണപ്രക്രിയയുടെ ശാസ്ത്രീയപരിപാലനത്തിന്റെ ഉപജ്ഞാതാവായ ടെയ്‌ലർ തൊഴിലാളിയെ പരിശീലിപ്പിച്ച ഗൊറില്ലയോടാണ് ഉപമിച്ചത്. അങ്ങേയറ്റം അനുസരണയുള്ളതും പരിശീലനം സിദ്ധിച്ചതും ആയ ഒരു ആൾകുരങ്ങിന് ചെയ്യാനാവുന്നതിലും അപ്പുറം ഒന്നും ഒരു തൊഴിലാളിക്ക് ചെയ്യാനില്ല എന്ന് പറഞ്ഞുവെയ്ക്കുന്നതിലൂടെ തൊഴിലാളിയുടെ അമാനവീകരണത്തെ അദ്ദേഹം നിർലജ്ജം പ്രകീർത്തിക്കുന്നു.

ശാസ്ത്രീയ നിർമ്മാണപ്രക്രിയാപരിപാലനം ശക്തമായി നിലനിന്ന ഇരുപതാം നൂറ്റാണ്ടിൽ തൊഴിലിന്റെ നിലവാരത്തിൽ വന്ന അധഃപതനം ഹാരി ബ്രാവർമാൻ തന്റെ പഠനങ്ങളിൽ വരച്ചുകാട്ടുന്നു. നിർമ്മാണപ്രക്രിയയിൽ ആസൂത്രണവും നിർവഹണവും തമ്മിൽ ഉള്ള ഒരു വിഭജനം ആണ് ശാസ്ത്രീയപരിപാലനം നടപ്പിൽ വരുത്തുന്നതെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. അസംബ്ലി ലൈനിന്റെ വേഗത നിർണ്ണയിക്കുന്ന ആസൂത്രകൻ വേഗത വർദ്ധിപ്പിക്കുന്നതിലൂടെ തൊഴിലാളികളുടെ താളത്തിന്റെ ചടുലതയും നിർമ്മാണപ്രക്രിയയുടെ കാര്യക്ഷമതയും തൊഴിലിന്റെ സാന്ദ്രതയും എല്ലാം കൂടി ഒറ്റയടിക്ക് വർദ്ധിപ്പിക്കുന്നു.

ഇങ്ങനെ നിർമ്മാണപ്രക്രിയകൾ ക്രമീകരിക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ചരക്കിന്റെ വൈവിധ്യം നഷ്ടപ്പെടുന്നുണ്ട്. വൈവിധ്യമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുമ്പോൾ തൊഴിലാളിക്കുണ്ടാവുന്ന സംതൃപ്തിയും വിവിധ തരങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ ലഭ്യതയിൽ ഉപഭോക്താവിനുണ്ടാവുന്ന സംതൃപ്തിയും എല്ലാം കവർന്നെടുത്തുകൊണ്ട് കൂടുതൽ ലാഭം എന്ന ലക്ഷ്യത്തിലേക്കായി വളരെ കുറച്ചു മാത്രം വൈവിധ്യങ്ങൾ ഉള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ച് മുതലാളിത്തശക്തികൾ വിപണിയെ കൈവശപ്പെടുത്തുന്നു. യന്ത്രവൽക്കരണം എല്ലാ വ്യക്തിയും ഒരുപോലെ എന്ന് കാണുന്നതിനൊപ്പം ഉണ്ടാക്കുന്ന ചരക്കുകളിലും ഒരു സമാനത നടപ്പിലാക്കുന്നു. ഒരുകാലത്ത് മൊബൈൽ വിപണിയിൽ കീബോർഡും ടച് സ്ക്രീനും ജോയ് സ്റ്റിക്കും എല്ലാം ഉണ്ടായിരുന്നെങ്കിൽ ഇന്ന് ടച് സ്ക്രീൻ മൊബൈലുകൾ മാത്രമേ കിട്ടാനുള്ളു എന്നത് വൈവിധ്യത്തിനോടുള്ള മുതലാളിത്തത്തിന്റെ മുഖം തിരിച്ചുപിടിക്കലിന് ഒരു ദൃഷ്ടാന്തമാണ്. ഇവിടെ ഉപഭോക്താക്കൾ ആകുന്ന വ്യക്തികളുടെ ആവശ്യങ്ങളുടെ വൈവിധ്യത്തെ യന്ത്രവൽകൃത നിർമ്മാണപ്രക്രിയ അവമതിക്കുന്നു എന്നും വ്യാഖ്യാനിക്കാം. വൈവിധ്യത്തോടുള്ള അവമതിപ്പ് ഇരുപതാം നൂറ്റാണ്ടിൽ മുതലാളിത്തത്തിന് സഹായകമായിരുന്നെങ്കിൽ ഇന്നത്തെ ആഗോളവത്കരണ-കമ്പ്യൂട്ടിങ് കാലത്ത് വൈവിധ്യം മുതലാളിത്തത്തിന് ഉപയോഗപ്രദമായി വരുന്ന സാഹചര്യവും ഉണ്ട്.

എല്ലാം ചെയ്യുന്ന കാര്യസ്ഥൻ

ശാസ്ത്രീയക്രമീകരണഘട്ടം കാര്യക്ഷമത എന്നതിനാണ് പ്രാമുഖ്യം നൽകിയത് എങ്കിൽ അതിനു ശേഷം ഉള്ള ഒരു നിർമ്മാണപ്രക്രിയ ഘട്ടം ടോയോട്ടിസം ആണെന്ന് പറയാം. ഇവിടെ ഏറ്റവും ഊന്നൽ നൽകുന്നത് പാഴാക്കൽ കുറയ്ക്കുക എന്നതിനും വിപണിയുടെ ആവശ്യത്തിന് മാത്രം ചരക്ക് നിർമ്മിക്കുക എന്നതിനും ആണ്. ജസ്റ്റ്-ഇൻ-ടൈം നിർമ്മാണം എന്നതൊക്കെ ഇത്തരം ചിന്തയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇവിടെ തൊഴിലാളി ബഹുമുഖപ്രതിഭ ആയിരിക്കണം – അഥവാ എന്തും ചെയ്യാൻ തയ്യാറായ ആൾ ആയിരിക്കണം. പഴയ സിനിമകളിൽ ഒക്കെ കാണുന്ന കാര്യസ്ഥനെപ്പോലെ. ഇന്നത്തെ സോഫ്റ്റ്‌വെയർ രംഗത്തെ സ്റ്റാർട്ടപ്പ് തൊഴിലാളി (അഥവാ entrepreneurs – സംഘാടകർ) അത്തരം ഒരു തൊഴിലാളിയാണെന്ന് കാണാം. ക്ലയന്റിനെ തൃപ്തിപ്പെടുത്തുന്നതെന്തോ അതെല്ലാം ചെയ്യണം. ഒരു പണിയിൽ നിന്നും മറ്റൊരു പണിയിലേക്ക് എളുപ്പം മാറാൻ കഴിയുക – versatility – എന്നതാണ് ഇന്നത്തെ സാങ്കേതികവിദ്യ മേഖലയുടെ പ്രധാന ആവശ്യം. പലപ്പോഴും വിദ്യാഭ്യാസമോ വൈദഗ്ധ്യമോ എന്നതിനേക്കാൾ സോഫ്റ്റ് സ്കിൽസും എന്തും ചെയ്യാനുള്ള ആർജ്ജവവും ആണ് ഇന്നത്തെ ലോകത്തിന്റെ ആവശ്യം എന്ന് ആലങ്കാരികമായി പറയപ്പെടാറുണ്ടല്ലോ.

ഇല്ലാത്ത സോഫ്റ്റ്‌വെയർ ഉണ്ടെന്നു പറഞ്ഞു സെയിൽസ് ടീം ഓർഡർ കരസ്ഥമാക്കിക്കഴിഞ്ഞു പ്രോഗ്രാമ്മർമാരെ കൊണ്ട് അതിവേഗം സോഫ്റ്റ്‌വെയർ നിർമ്മിച്ച് ഡെലിവർ ചെയ്യിക്കുക എന്നതൊക്കെ എനിക്ക് നേരിട്ടനുഭവമുള്ള ജസ്റ്റ്-ഇൻ-ടൈം നിർമ്മാണത്തിൽ പെടും. ഇന്നത്തെ സോഫ്റ്റ്‌വെയർ മേഖലയിൽ നടപ്പിലാക്കിയിട്ടുള്ള അജൈൽ സോഫ്റ്റ്‌വെയർ നിർമ്മാണവ്യവസ്ഥയിലും ഈ കാര്യസ്ഥ മാതൃകയുടെ അനുരണനങ്ങൾ കാണാം.

ഈയവസരത്തിൽ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. മുതലാളിത്തത്തേതര സോഷ്യലിസ്റ്റ് നിർമ്മാണവ്യവസ്ഥയിലും മനുഷ്യൻ ഇങ്ങനെ വൈവിധ്യങ്ങളുള്ള തൊഴിലുകൾ കൈകാര്യം ചെയ്യേണ്ടിവന്നേക്കാം. സ്വന്തമായി ചെറിയ കൃഷി പരിപാലിക്കുന്നെങ്കിൽ നാം തന്നെ വിതയ്ക്കണം, നനയ്ക്കണം, വളമിടണം, കൊയ്യണം, എല്ലാം ചെയ്യണം – പക്ഷെ, അത്തരം വൈവിധ്യമുള്ള പ്രവൃത്തികളിൽ ഏർപ്പെടുമ്പോഴും തൊഴിലാളിക്ക് കർതൃത്വം ഉണ്ട് എന്നതാണ് പ്രധാനം. അതിൽനിന്നും വിഭിന്നമായി വിപണി ഓരോ ദിവസവും ആവശ്യപ്പെടുന്നതെന്തും അപ്പപ്പോൾ ചെയ്യേണ്ടുന്ന കർതൃത്വരഹിത ബഹുമുഖത്വം ആണ് ആധുനിക ഹി-ടെക് മുതലാളിത്തസാങ്കേതികലോകം നടപ്പിലാക്കുന്നത്. ആധുനികലോകത്തെ കാര്യസ്ഥന്റെ യജമാനൻ വിപണിയാണ്.

ഗണിതമാതൃകയാകുന്ന വ്യക്തി 

സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ അവതാരമായ നിർമ്മിതബുദ്ധി കൂടുതലും പ്രവർത്തിക്കുന്നത് വിവരസേവനമേഖലയിൽ ആണെന്ന് കാണാം. ഈ സാങ്കേതികവിദ്യയെ സംബന്ധിച്ചിടത്തോളം നിർമ്മിക്കുന്നവരേക്കാൾ വളരെ കൂടുതൽ ഉപഭോക്താക്കളാണ്. ചാറ്റ് ജി പി ടി പോലെയുള്ള സാങ്കേതികവിദ്യ വിപണിയിലെത്തിച്ച ഓപ്പൺ എ ഐ യിൽ ആകെയുള്ളത് നാന്നൂറിൽ താഴെ തൊഴിലാളികളാണ്, പക്ഷെ ഉപഭോക്താക്കൾ ദശലക്ഷക്കണക്കിനും. അതുകൊണ്ട് ഇവിടെ നാം പരിശോധിക്കുന്ന ഒരു വിഷയം അത്തരം സാങ്കേതികവിദ്യകൾ ഉപയോക്താവാകുന്ന വ്യക്തിയെ എങ്ങനെ കാണുന്നു എന്നതാണ്.

മുതലാളിത്തം സാമ്പ്രദായികമായി വ്യക്തിയുടെ അനന്യതയ്ക്ക് വില കൽപിക്കുന്നില്ല എന്ന് നാം കണ്ടുവല്ലോ. ആ രീതിയിൽ നിന്നും വിഭിന്നമായി ഇവിടെ നിർമ്മിതബുദ്ധി ഓരോ ഉപഭോക്താവിന്റെയും സവിശേഷതയിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിർമ്മിതബുദ്ധിയുടെ വ്യക്തി ഒരു സംഖ്യാസഞ്ചയമോ അതിൽ നിന്ന് നിർമ്മിക്കുന്ന ഒരു ഗണിതമാതൃകയോ ആണെന്ന് പറയാം. ഓരോ വ്യക്തിയുടെയും ഗണിതമാതൃക മറ്റൊരാളിൽ നിന്നും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഉപയോക്താക്കൾക്ക് കാണാൻ സിനിമ നിർദേശിക്കുന്ന നിർമ്മിതബുദ്ധി – അതിപ്പോൾ യൂട്യൂബിലൊ മറ്റോ ഉപയോഗിക്കുന്ന രീതിയിൽ ഉള്ളതാവാം – ഓരോ ഉപയോക്താവിന്റെയും സിനിമ അഭിരുചികൾ ഉൾപ്പെടുന്ന ഒരു ഗണിതമാതൃക ആവും നിർമ്മിക്കുക. അതനുസരിച്ചു ഓരോ ഉപയോക്താവിനും വ്യത്യസ്തങ്ങളായ സിനിമകൾ നിർദേശിക്കുകയും ചെയ്യും. ഇതിനു സമാനമായി ഒരു ഇ-കോമേഴ്‌സ് നിർമ്മിതബുദ്ധി അൽഗോരിതം ഓരോ ഉപയോക്താവിന്റെയും ഷോപ്പിംഗ് അഭിരുചികൾ ഉൾപ്പെടുന്ന ഒരു ഗണിതമാതൃക നിർമ്മിക്കുന്നു. ഇനി നാം ഒരു വിമാനടിക്കറ്റ് തിരയുന്നു എന്നിരിക്കട്ടെ. പലപ്പോഴും നിർമ്മിതബുദ്ധി അൽഗോരിതങ്ങൾ വെബ് ബ്രൗസറിൽ ശേഖരിക്കുന്ന കുക്കികൾ എന്ന ചെറു വിവരശേഖരങ്ങൾ ഉപയോഗിച്ച് നമുക്ക് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ വിമാന ടിക്കറ്റ് നിരക്കുകൾ കാണിക്കുന്നു. എല്ലാ തൊഴിലാളികളെയും ഒന്നുപോലെ കാണുന്ന മുതലാളിത്തത്തിന്റെ  നിന്നും എല്ലാവരെയും വ്യത്യസ്തരായി കാണുന്ന നിർമ്മിതബുദ്ധി അങ്ങനെ വേറിട്ട് നിൽക്കുന്നു. മുതലാളിത്തത്തിലെ ‘തൊഴിലാളിയാകുന്ന വ്യക്തി’യും ‘ഉപയോക്താവാകുന്ന വ്യക്തി’യും തമ്മിൽ ഉള്ള ഭേദമായിട്ട് ഇതിനെ ഒരു പക്ഷെ കാണാൻ സാധിച്ചേക്കും – ഇന്നത്തെ വിവരസേവനമേഖലയിൽ ഈ രണ്ടു വ്യക്തികളും ഇടകലർന്ന് ‘പ്രോസ്യൂമർ’ (prosumer = producer + consumer) ആയി മാറുന്നു എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. നിർമ്മിത ബുദ്ധി എന്നതിൽ അടങ്ങിയിരിക്കുന്നത് ഒരു സ്റ്റാറ്റിസ്റ്റിക്കൽ വ്യക്തിയാണ് എന്ന് നിരീക്ഷിക്കുന്ന ഒരു ലേഖനം ഈയടുത്തു കാണാനിടയായത് ഈയവസരത്തിൽ ഓർത്തുപോകുന്നു.

‘അങ്ങനെ നോക്കുമ്പോൾ നിർമ്മിതബുദ്ധി കൊള്ളാമല്ലോ’ എന്ന് ചിന്തിക്കാൻ വരട്ടെ. നാം ഈ ലേഖനത്തിന്റെ തുടക്കത്തിൽ നിരീക്ഷിച്ച വ്യക്തിയുടെ അനന്യത വ്യക്തിയുടെ ജൈവശരീരത്തിലും അനുഭവമണ്ഡലത്തിലും സാമൂഹികബന്ധങ്ങളിലും എല്ലാം അധിഷ്ഠിതമാണെന്ന് ഓർക്കുമല്ലോ. ഇതിനോട് തെല്ലും ബന്ധമില്ലാത്ത രീതിയിൽ ഉപയോക്താവിനെ ഉപയോഗിച്ച് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കാൻ ആയി ഏറ്റവും പരിമിതമായ വ്യക്തിഗത ഗണിതമാതൃകകൾ ആണ് ഇവിടെ നിർമ്മിതബുദ്ധി നടപ്പിലാക്കുന്നത്. അതായത് മാർക്സിന്റെ സാമൂഹികബന്ധങ്ങളുടെ സഞ്ചയം ആയ വ്യക്തിയിൽനിന്നും ഏകദേശം വിപരീതദിക്കിൽ ആണ് നിർമ്മിതബുദ്ധിയുടെ വ്യക്തി നിലനിൽക്കുന്നത് എന്ന് പോലും പറയാം. ഈ വിഷയത്തെക്കുറിച്ചും നാം അടുത്തതായി പരിശോധിക്കുന്നു.

സാങ്കേതികവിദ്യയിലൂടെ ചൊൽപ്പടിയിൽ ആവുന്ന വ്യക്തി 

വിവരാധിഷ്ഠിത സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന വ്യക്തി മാതൃകകളിൽ വൈവിധ്യം ഉള്ളപ്പോൾ തന്നെ, അതിന്റെ പ്രവർത്തനരീതിയിൽ വ്യക്തിയെ ചൊൽപ്പടിയിൽ ആക്കുന്ന രീതി പലപ്പോഴും അവലംബിക്കുന്നതായി കാണാം. അതിലേക്കായി രണ്ടു ഉദാഹരണങ്ങൾ ഇവിടെ പരിശോധിക്കാം.

ഇന്നത്തെ ഒരു ഗിഗ് തൊഴിലാളിയെ മനസ്സിൽ കാണുക. അയാൾ ഒരുപക്ഷെ ഭക്ഷണസേവന മേഖലയിലോ ഗതാഗത മേഖലയിലോ പ്രവർത്തിക്കുന്നയാൾ ആവാം. അയാളുടെ ജോലിദിവസം നിരീക്ഷിച്ചാൽ മൊബൈൽ ഫോൺ അയാളുടെ മേലുദ്യോഗസ്ഥൻ ആണോ എന്ന് പോലും തോന്നിയേക്കാം. ഇടയ്ക്കിടെ മൊബൈലിലൂടെ ഓരോരോ നിർദേശങ്ങൾ വരുന്നു. ആ നിർദേശങ്ങൾ തൊഴിലാളി അനുസരിക്കുന്നു. ഒരു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ അടുത്ത ജോലിയുടെ വിവരങ്ങൾ ആപ്പിൽ ലഭ്യമാവുന്നു. ഇടതടവില്ലാതെ അയാൾ പണിയെടുക്കുന്നു. ഇവിടെ എന്ത് നിർദേശങ്ങൾ ആണ് ഓരോ തൊഴിലാളിക്കും നൽകേണ്ടത് എന്നത് നിർണ്ണയിക്കാൻ വ്യക്തിഗത ഗണിതമാതൃകകൾ ഉപയോഗിക്കപ്പെടുന്നുണ്ടാവാം. തൊഴിലാളിയാകുന്ന വ്യക്തിക്ക് അയാൾക്ക് ഉചിതമായ ജോലികൾ – അതിപ്പോൾ അയാൾ നിൽക്കുന്ന സ്ഥലത്തിനടുത്തുള്ള ജോലികൾ എന്നോ, അയാൾക്ക് നേരത്തെ നല്ല റിവ്യൂ കരസ്ഥമാക്കാൻ സഹായിച്ച തരം ജോലികൾ എന്നോ ആവാം – തിരഞ്ഞെടുക്കുന്നതിലേക്ക് വ്യക്തികഗത ഗണിതമാതൃകകൾ സഹായിക്കുന്നു. ഇവയിലൂടെ നടപ്പിലാക്കുന്നത് അൽഗോരിതങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലേക്ക് തൊഴിലാളിയെ എത്തിക്കുക എന്നതാണ്, അതാണ് ആത്യന്തികലക്ഷ്യം. ഒരു കാർ നിർമ്മാണഫാക്ടറിയിൽ കൺവെയർ ബെൽറ്റിന്റെ വേഗത ഉപയോഗിച്ച് തൊഴിലാളികളുടെ ജോലിയുടെ താളം നിയന്ത്രിക്കുമ്പോൾ, അൽഗോരിതം അതിന്റെ ഗണിതമാതൃകകൾ ഉപയോഗിച്ച് നഗരത്തിൽ അങ്ങിങ്ങായി നിൽക്കുന്ന ഗിഗ് തൊഴിലാളികളുടെ അനുനിമിഷമുള്ള നിയന്ത്രണം സാധ്യമാക്കുന്നു.

രണ്ടാമത്തെ ഉദാഹരണം നമ്മുടെയൊക്കെ ജീവിതത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്നതാണ്. ഇന്ന് ആളുകൾ മൊബൈലിൽ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് ചെറുവിഡിയോകൾ കാണാനാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിപ്പോൾ യൂട്യൂബ് ഷോർട്സ് എന്നോ ഇൻസ്റ്റാഗ്രാം റീൽസ് എന്നോ ഫേസ്ബുക് സ്റ്റോറീസ് ഒക്കെയുള്ള പേരുകളിൽ ആവാം. ഓരോ വ്യക്തിയുടെയും ഗണിതമാതൃകകൾ ഉപയോഗിച്ച് അവർക്ക് താൽപര്യം ഉണ്ടാവാൻ സാധ്യതയുള്ള വീഡിയോകൾ ആണ് നിർദേശിക്കുന്നത് എന്ന് നാം പൊതുവിൽ കരുതിയേക്കാം. പക്ഷെ, ഇവിടെ കമ്പനികളുടെ താൽപര്യം ഓരോ ഉപയോക്താവും ഏറ്റവും കൂടുതൽ നേരം മൊബൈലിൽ ചിലവഴിക്കുക എന്നതാണ്, അതിലൂടെയാണ് അവരെ ഏറ്റവും കൂടുതൽ പരസ്യങ്ങൾ കാണിക്കാൻ ആവുക.

അങ്ങനെ ഉപയോക്താവിനെ ‘പിടിച്ചിരുത്താൻ’ – വരുതിയിലാക്കാൻ – വ്യക്തികഗത മാതൃകകൾ ഉപയോഗിച്ച് ഉചിതമായ വീഡിയോകൾ കാണിക്കുന്നത് സഹായിക്കും എന്നിരിക്കെ തന്നെ, ചില വീഡിയോകൾ ആരെയും പിടിച്ചിരുത്താൻ സഹായിക്കുന്നവയാണ്. അതിൽ പൂച്ചകളുടെ അഭ്യാസങ്ങൾ ഉൾപ്പെടുന്നവയും, അടുത്തിടെയിറങ്ങിയ സിനിമയുമായി ബന്ധപ്പെട്ടുള്ള മീമുകൾ എന്നിവ ഉൾപ്പെടും. ഇതുവരെ പൂച്ചകളുടെ അഭ്യാസം ഇഷ്ടപ്പെടുന്നു എന്ന് നിങ്ങൾ എവിടെയും സൂചന നല്കിയിട്ടില്ലെങ്കിൽ പോലും അൽഗോരിതങ്ങൾ അവ കാണിക്കുന്നു. അതായത് വിവരസേവനങ്ങളിൽ അടങ്ങിയിട്ടുള്ള ലക്ഷ്യത്തിലേക്കുള്ള ഒരു പാത മാത്രമാണ് വ്യക്തിഗത ഗണിതമാതൃകകൾ എന്ന് കാണാം, ഉപയോക്താവിനെ വരുതിയിലാക്കാൻ വേറെ മാർഗം ഉണ്ടെങ്കിൽ – പൂച്ച അഭ്യാസ വിഡിയോകൾ ഉൾപ്പടെ – ഗണിതമാതൃകയിൽ നിന്നും ചുവടുമാറ്റാൻ ഈ വിവരസേവനങ്ങൾക്ക് ഒരു മടിയുമില്ല.

വികസിത മുതലാളിത്തത്തിൽ തൊഴിലാളിയുടെ സ്ഥാനത്തെക്കുറിച്ചുള്ള മാർക്സിന്റെ 1857ലെ ‘യന്ത്രങ്ങളെക്കുറിച്ചുള്ള (ഉപന്യാസ)അംശങ്ങൾ’ (Fragment on Machines) എന്നതിലെ നിരീക്ഷണങ്ങൾ ഈയവസരത്തിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്നു എന്ന് കരുതുന്നവരുണ്ട്. അതിലെ ഒരു ചെറു ഭാഗത്തിന്റെ പരിഭാഷ ഏതാണ്ടിങ്ങനെയാണ്: ‘മുതലാളിത്തത്തിൽ യന്ത്രം ഒരു സ്വയം പ്രവർത്തിക്കുന്ന രൂപത്തിലേക്ക് പരിണമിച്ചേക്കും. സ്വയം പ്രവർത്തനം ആരംഭിക്കാനും അവിരാമം പ്രവർത്തിക്കാനും കഴിയുന്ന ഒരു യന്ത്രം. അതിൽ ക്രമപരമായും ബൗദ്ധികമായും പ്രവർത്തിക്കുന്ന നിരവധിയായ ഘടകങ്ങൾ ഉൾച്ചേർന്നിട്ടുണ്ടാവും. അധ്വാനിക്കുന്ന തൊഴിലാളി ആവട്ടെ അത്തരം പലഘടകങ്ങളെയും സംയോജിപ്പിക്കുന്ന ചങ്ങലക്കണ്ണികളായിട്ടു മാത്രം ചുരുങ്ങും (അധഃപതിക്കും)’. തൊഴിലാളിയുടെ പ്രവർത്തനം പരിമിതപ്പെടുന്നതിനോടൊപ്പം തൊഴിലാളിയെ പൂർണ്ണമായും ചൊൽപ്പടിക്ക് നിർത്തുന്ന ഒരു യന്ത്രസംവിധാനം ആവും മാർക്സ് ഉദ്ദേശിച്ചത് എന്നും ഇവിടെ സൂചനയുണ്ട്. തൊഴിലാളിക്ക് മേൽ സമ്പൂർണ്ണ നിയന്ത്രണം സാധ്യമാക്കുന്ന അവിരാമം പ്രവർത്തിക്കുന്ന അൽഗോരിതങ്ങളെയാകുമോ മാർക്സ് മനസ്സിൽ കണ്ടിട്ടുണ്ടാവുക! അതോ ഇതിലും ഏറെ ആയി ഇനിയും എന്തോ വരാനിരിക്കുന്നോ?

ഉപസംഹാരം

കേവല അധ്വാനശേഷി വാഹകൻ എന്നതിൽ നിന്നും യന്ത്രം പ്രവർത്തിക്കുന്ന വ്യക്തിയിലേക്കും അതിൽ നിന്നും പരിശീലിപ്പിച്ച ആൾകുരങ്ങിലേക്കും പിന്നീട് എല്ലാം ചെയ്യുന്ന ബഹുമുഖകാര്യസ്ഥനിലേക്കും യാത്ര ചെയ്ത വ്യക്തിസങ്കൽപ്പം വ്യക്തിഗത ഗണിതമാതൃകകളിലും വ്യക്തികളെ ദാസ്യവത്കരിക്കുന്നതിലും എത്തി നിൽക്കുന്നു. ഈ വ്യത്യസ്തതകൾ ഉണ്ട് എന്ന് മനസ്സിലാക്കുമ്പോൾ നമുക്ക് ഒരുപക്ഷെ തോന്നുക ഇവയിൽ ചിലതിൽ ഗുണം കൂടുതലും മറ്റു ചിലതിൽ ദോഷം കൂടുതലും ആയിരിക്കും എന്നാവും. അങ്ങനെയെങ്കിൽ അവയിലെ ഗുണവശങ്ങൾ എടുത്തു പരിപോഷിപ്പിച്ചു പുരോഗത്തിലേക്കുള്ള ഒരു പാത തുറന്നുകൂടെ എന്നു പോലും ചിലർ ചിന്തിച്ചേക്കാം.

ഇവിടെയാണ് ഈ വ്യത്യസ്ത വ്യക്തിമാതൃകകളുടെ ഉൾപ്രേരണകൾ വിശകലനം ചെയ്യേണ്ടുന്ന ആവശ്യം വരുന്നത്. യന്ത്രവികാസത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ തരം വ്യക്തിസങ്കൽപ്പങ്ങളാണ് മുതലാളിത്തസാമ്പത്തികപുരോഗതിക്ക് ആവശ്യമായി വരുന്നത് എന്നും, ഇങ്ങനെ മാറിവരുന്ന പരിഗണനകളെ ഒരു മടിയും കൂടാതെ പഴയ രീതികൾ പൊളിച്ചെഴുതി ആശ്ലേഷിക്കുന്ന രീതിയാണ് മുതലാളിത്തം സ്വീകരിച്ചത് എന്നും വ്യാഖ്യാനിക്കാം. അതായത് മുതലാളിത്തത്തിന്റെ വ്യത്യസ്ത വ്യക്തികൾ അതിൽ ഉൾച്ചേർന്നിട്ടുള്ള ഏകമാനമായ ആശയപ്രപഞ്ചത്തിന്റെ വ്യത്യസ്തങ്ങളായ ആവിഷ്കാരങ്ങൾ ആണെന്നും പറയാം.

തുടർച്ചകളും ഇടർച്ചകളും ഉൾപ്പെടുന്ന ഇത്തരം വ്യത്യസ്തവ്യക്തികൾക്കിടയിൽ ‘പൗരൻ ആകുന്ന വ്യക്തി’ എവിടെ നിൽക്കുന്നു എന്നത് സമകാലിക സമൂഹം അഭിമുഖീകരിക്കുന്ന മറ്റൊരു ചോദ്യമാണ്. യന്ത്രങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്ന വൈവിധ്യമേറിയ ഈ വ്യക്തിസങ്കൽപ്പങ്ങളിൽ ചിലതെങ്കിലും വ്യക്തിയുടെ യഥാർത്ഥ അന്തസത്തയോട് നീതിപുലർത്തുന്ന ഒരു വ്യവസ്ഥയിൽ ഉപയോഗയോഗ്യമാകുമോ എന്നും ഈയവസരത്തിൽ ചിന്തിക്കാവുന്നതാണ്.

മുതലാളിത്തേതര വ്യവസ്ഥകളിൽ – സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് എന്നിങ്ങനെയുള്ള വ്യവസ്ഥകളിൽ ഉൾപ്പെടെ – വ്യക്തി എങ്ങനെയാവും എന്നത് ഈ ലേഖനത്തിന്റെ വിഷയമല്ലെങ്കിലും ഒന്ന് പരാമർശിച്ചുപോവേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് സമൂഹങ്ങളിൽ തൊഴിൽ എന്നതും നേരമ്പോക്ക് എന്നതും തമ്മിൽ ഉള്ള ഭേദങ്ങൾ പൂർണ്ണമായും ഇല്ലാതാവണം എന്ന് മാർക്സിന്റെ എഴുത്തുകളിൽ നിന്നും വായിച്ചെടുക്കാം. ഇവിടെ വ്യക്തിയെ എന്തെങ്കിലും വിധത്തിൽ പരിമിതപ്പെടുത്താതെ വ്യക്തി എന്നതിന്റെ എല്ലാ സങ്കീർണ്ണതകളോടും സൂക്ഷ്മാംശങ്ങളോടും നീതിപുലർത്തുന്ന ഒരു വ്യവസ്ഥയാണ് സങ്കല്പിക്കപ്പെടുന്നത്. സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥകളിൽ യന്ത്രങ്ങളുടെ സ്ഥാനം എങ്ങനെയാവണം എന്നത് ഈ യന്ത്രവൽകൃത കാലത്ത് നമുക്ക് ഒരുപക്ഷെ ചിന്തിക്കാവുന്നതും ചർച്ച ചെയ്യാവുന്നതും ആയ ഒരു വിഷയമാണ്.

സസൂക്ഷ്മം – പംക്തി ഇതുവരെ

പോഡ്കാസ്റ്റുകൾ


അനുബന്ധ വായനയ്ക്ക്

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നക്ഷത്ര ലോകത്തെ ‘പൊട്ടിത്തെറി’ കാണാനൊരുങ്ങി ശാസ്ത്രലോകം
Next post താപതരംഗങ്ങളും തണുത്തവെള്ളവും – വാട്സാപ്പ് സന്ദേശത്തിലെ മണ്ടത്തരം
Close