Read Time:27 Minute
രുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യൻ ജീവിക്കുന്നത് യന്ത്രങ്ങളുടെ നടുവിലാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയുണ്ടാവില്ല. രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാനുള്ള അലാറം മൊബൈൽ ഫോണിൽ മുഴങ്ങുന്നതോടെ തുടങ്ങുന്ന ദിനം പുരോഗമിക്കുമ്പോൾ അതിൽ ടി വി, മൈക്രോവേവ്, ഫ്രിഡ്ജ്, കമ്പ്യൂട്ടർ, വാഷിംഗ് മെഷീൻ, വാക്വം ക്ളീനർ, കാർ  എന്നിവയുമായിട്ടുള്ള ഇടപെടലുകൾ കയറിവരുന്നു. പിന്നെ ഓരോ മണിക്കൂറുമോ അതിലും അധികമോ ആയ തോതിൽ മൊബൈൽ ഫോണും. ചില വീടുകളിൽ എ സി യും ഡിഷ് വാഷറും ട്രെഡ്മില്ലും മറ്റു ചിലതിൽ അലക്സ, എക്കോ പോലെയുള്ള വ്യക്തിഗത സാങ്കേതിക സഹായികളും ഉണ്ടാവാം. ഒരു നൂറ്റാണ്ടു മുമ്പുള്ള മനുഷ്യന് സങ്കൽപ്പിക്കാവുന്നതിലും എത്രയോ കൂടിയ അളവിൽ ഇന്ന് നമ്മുടെ ജീവിതത്തിൽ യന്ത്രങ്ങൾ സ്വാധീനം ചെലുത്തുന്നു.

പത്തൊൻപതാം നൂറ്റാണ്ടിൽ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആവിർഭാവത്തിൽ ഏറ്റവും കൂടുതൽ പഠനവിധേയമാക്കിയിരുന്ന ഒരു വിഷയം നിർമ്മാണപ്രക്രിയകളിലെ യന്ത്രവൽക്കരണം എന്നതായിരുന്നു. ബ്രിട്ടനിലെ നിർമ്മാണപ്രക്രിയകളിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലേക്കും മറ്റുമായി നടപ്പാക്കിയ കൈത്തറികളിൽ നിന്നും യന്ത്രത്തറികളിലേക്കുള്ള മാറ്റം വലിയ ചർച്ചയ്ക്കും തൊഴിലാളികളുടെ നേതൃത്വത്തിൽ ഉള്ള വലിയ പ്രക്ഷോഭങ്ങൾക്കും ഇടയാക്കി. അന്ന് നിർമ്മാണപ്രക്രിയകളിൽ നിന്ന് തുടങ്ങിയ യന്ത്രങ്ങളുടെ വ്യാപനം ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഓരോ മേഖലയിലും എത്തിനിൽക്കുന്നു. ഈ വ്യാപനം അപ്രതീക്ഷിതമാണെന്നു കരുതേണ്ടതില്ല എന്ന് മാർക്സിന്റെ തന്നെ നിരീക്ഷണങ്ങളിലൂടെ പോയാൽ മനസ്സിലാവും. മുതലാളിത്തത്തിൽ യന്ത്രങ്ങളുടെ ശേഷി വർദ്ധിക്കുമ്പോൾ (സാങ്കേതികവിദ്യയുടെ) കണ്ടുപിടിത്തങ്ങളിലേക്ക് നയിക്കുന്ന ശാസ്ത്രപര്യവേഷണങ്ങൾ ഒരു വാണിജ്യമേഖലയായി പരിവർത്തനപ്പെടും എന്ന് 1857-58 കാലത്തെ ഒരു കുറിപ്പിൽ മാർക്സ് രേഖപ്പെടുത്തിയിട്ടുണ്ട്. യന്ത്രങ്ങളെക്കുറിച്ചുള്ള ഏറ്റവും മൗലികമായ നിരീക്ഷണങ്ങൾ അടങ്ങിയിട്ടുള്ള ഗ്രുൻഡ്രിസ്സെ എന്ന പുസ്തകത്തിൽ ഈ കുറിപ്പ് ഉൾച്ചേർത്തിട്ടുണ്ട്. വാണിജ്യമേഖലയായി ശാസ്ത്രപരവ്യവേഷണങ്ങൾ വികസിക്കും എന്ന നിരീക്ഷണത്തിന്റെ വെളിച്ചത്തിൽ, പുതിയ വിപണികളിലേക്ക് സാങ്കേതികവിദ്യകൾ വ്യാപിക്കും എന്നും അങ്ങനെ നമ്മുടെ നിത്യജീവിതത്തിലേക്ക് അവ എത്തിച്ചേരും എന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലല്ലോ. അതിനോടൊപ്പം തന്നെ, ഇന്നത്തെ നമ്മുടെ യന്ത്രയുഗം മുതലാളിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും കൂടി മനസ്സിലാക്കേണ്ടതുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ നമ്മുടെ വീടുകളിലേക്ക് കയറിവന്ന യന്ത്രങ്ങളിൽ റേഡിയോ, ടി വി, ഫോൺ (മൊബൈൽ ഫോൺ അല്ല, കറക്കുന്ന ഫോൺ) എന്നിവയൊക്കെ ഉണ്ടെന്നു നമുക്ക് ഓർമ്മയുണ്ടാവും. ഇരുപതാം നൂറ്റാണ്ടിലെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട മലയാള കവികളിൽ ഒരാളായ വൈലോപ്പിള്ളിയുടെ വരികളിൽ ഈ യന്ത്രവൽകൃത കാലത്തിന്റെ വരവിനെക്കുറിച്ചുള്ള ആശങ്കകൾ നിഴലിക്കുന്നുണ്ട്. ആ കവിതാശകലം ഇവിടെ ചേർക്കുന്നു:

ഏതു ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൽ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും'

ഈ വരികൾ ഇന്ന് വാട്ട്സാപ്പ് ചാറ്റിലൂടെയും മറ്റുമൊക്കെ നമുക്ക് വിഷുക്കാലത്ത് ലഭിക്കാറുണ്ട്. അത് വായിക്കുന്നവർ പലപ്പോഴും ഒരു നിമിഷത്തേക്ക് ആലോചനയിൽ മുഴുകിയേക്കാം, ആ ആലോചനയിൽ പഴമയുടെ ലാളിത്യവും മറ്റുമൊക്കെ നമ്മുടെ മനസ്സിൽ ഓടിയെത്തിയേക്കാം. അത് കഴിഞ്ഞാൽ നാം വീണ്ടും നമ്മുടെ നിത്യജീവിതത്തിലേക്ക് മടങ്ങുകയായി, യന്ത്രങ്ങളുടെ ലോകത്തേക്ക്. ഇവിടെ കവി കൃത്യമായും  വിമർശനാത്മകമായും യന്ത്രവൽകൃത ലോകത്തെ സമീപിക്കുന്നുണ്ട്. യന്ത്രയുഗവും മനുഷ്യജീവിതത്തിന്റെ മൃദുലമായ അംശങ്ങളും തമ്മിലുള്ള ഭേദങ്ങളും വൈരുദ്ധ്യങ്ങളും അദ്ദേഹം പരോക്ഷമായിട്ടോ അതോ പ്രത്യക്ഷമായിട്ടു തന്നെയോ സൂചിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മവും മൃദുലവും ലോലവും ആയ മേഖലകളെ ക്ഷയിപ്പിക്കുന്ന രീതിയിൽ നമ്മുടെ നിത്യജീവിതത്തിലെ യന്ത്രവൽക്കരണം പ്രവർത്തിക്കുന്നുണ്ടോ?

വിവരസേവനങ്ങൾ, കാര്യക്ഷമത, ആകസ്മികത

ഒരു ഉദാഹരണത്തിലൂടെ സഞ്ചരിച്ചു നോക്കാം. നമുക്ക് ഒരു സ്ഥലത്തേക്ക് പോകണം എന്നിരിക്കട്ടെ. അതിനായി നാം എന്താണ് ഇന്ന് ചെയ്യാറുള്ളത്. ഗൂഗിൾ മാപ്‌സ് എടുത്തു നോക്കിയേക്കാം. ആ സ്ഥലത്തേക്ക് എത്താനുള്ള ഏറ്റവും എളുപ്പവും കാര്യക്ഷമവും ചിലവുകുറഞ്ഞതും ആയ മാർഗം ആണ് പലപ്പോഴും നമ്മുടെ അന്വേഷണം. കാർ എടുത്തു പോയാൽ ഒരു മണിക്കൂറിൽ എത്തും, പക്ഷെ ബസ്സിൽ പോയാൽ ഒന്നര മണിക്കൂർ എടുക്കും, എന്നാലും കാർ ഓടിക്കേണ്ടല്ലോ, പക്ഷെ ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ എടുക്കേണ്ടിവരുമോ, അതോ നടക്കാൻ ഒക്കുമോ. ഇങ്ങനെ പലതും ചിന്തിച്ചു യന്ത്രവൽകൃത വിവരസേവനങ്ങൾ നൽകുന്ന വിവരങ്ങളുടെ സഹായത്തോടെ നാം ഒരു തീരുമാനത്തിൽ എത്തും. അങ്ങനെ യാത്ര തുടങ്ങുകയായി. രണ്ടു ദശാബ്ദങ്ങൾക്ക് മുമ്പ് ഇത്തരം സാങ്കേതികസേവനങ്ങൾ ഇല്ലാത്ത കാലത്ത് നാം എന്തായിരിക്കും ചെയ്യുക. പോകേണ്ട ദിശയെക്കുറിച്ചുള്ള ഒരു ഏകദേശധാരണയും അങ്ങോട്ടേക്കുള്ള യാത്രാസൗകര്യത്തെക്കുറിച്ചുള്ള അറിവും വെച്ച് ഒരു തീരുമാനം എടുക്കും. ബസ് സ്റ്റാൻഡിൽ പോയാൽ അവിടെയുള്ളവരോട് ചോദിക്കാമല്ലോ, അല്ലെങ്കിൽ വഴിയിൽ ഉള്ളവരോട് ചോദിക്കാം. ഇതിനൊക്കെ സമയം കൊടുത്തുകൊണ്ട് – ഇടയ്ക്ക് കുറച്ചു വഴിതെറ്റിയേക്കാം എന്നതും കൂടി മുൻകൂട്ടി കണ്ടിട്ട് – നാം രണ്ടു മണിക്കൂർ കാലേകൂട്ടി ഇറങ്ങിയേക്കാം.

സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലെ വ്യത്യാസം എന്നത് കൂടാതെ ഈ രണ്ടു രീതികളെയും വ്യത്യസ്തമാക്കുന്ന അനേകം ഘടകങ്ങളുണ്ട്. ആദ്യത്തേതിൽ നാം യാത്രയുടെ കാര്യക്ഷമത എന്നതിന് – അതിപ്പോൾ സമയം, ചിലവ് എന്നതിന്റെ ഒക്കെ അടിസ്ഥാനത്തിൽ ആകാം – ആണ് പ്രാമുഖ്യം കൊടുക്കുന്നത്. കാര്യക്ഷമത എന്ന ഉദ്ദേശ്യലക്ഷ്യം സാക്ഷാത്കരിക്കാൻ ആയി വിവരസേവനങ്ങൾ നമ്മെ സഹായിക്കുന്നു. അതേസമയം രണ്ടാമത്തെ, അതായത് പഴയരീതിയിൽ, നാം തീരുമാനം എടുക്കുമ്പോൾ കാര്യക്ഷമത കുറഞ്ഞേക്കാം, യാത്രയ്ക്ക് കൂടുതൽ സമയം എടുത്തേക്കാം. എന്നാൽ അതിൽ ഉള്ള മറ്റു ചില അംശങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, അതിൽ വഴിയിൽ അപരിചിതരോട് വഴി ചോദിക്കുമ്പോൾ ഉള്ള മനുഷ്യസമ്പർക്കമുണ്ട്. മാത്രമല്ല, (കാര്യക്ഷമതക്കുറവിലൂടെ ഉണ്ടാവുന്ന) യാത്രയ്ക്കിടയിലെ ഇടവേളകളിൽ മറ്റു ചില അവിചാരിത സംഭവങ്ങൾ സംഭവിച്ചേക്കാം. അതിപ്പോൾ പഴയ ഒരു സുഹൃത്തിനെ ആകസ്മികമായി കണ്ടുമുട്ടുന്നതാകാം, അല്ലെങ്കിൽ എത്തിപ്പെട്ട സ്ഥലത്തെ ഒരു പുതിയ ലഘുഭക്ഷണം പരിചയപ്പെടൽ ആകാം, അതുമല്ലെങ്കിൽ ബസ് സ്റ്റാൻഡിൽ വെറുതെ നടക്കുമ്പോൾ ശ്രദ്ധയിൽ പെടുന്ന പുതിയ ഒരു മാസികയോ പുസ്തകമോ കാണുന്നതിലൂടെ തുടങ്ങുന്ന ഒരു പുതിയ വായനാനുഭവം ആവാം. ഇത്തരം അനുഭവങ്ങൾ  നമുക്ക് പ്ലാൻ ചെയ്തു നടത്താൻ പറ്റില്ല, അവയൊക്കെ അങ്ങനെ സംഭവിക്കുന്നതാണ്. എന്നാൽ കാര്യക്ഷമത മാത്രം ലക്ഷ്യമായി പരിഗണിച്ചാൽ ജീവിതത്തിൽ നിന്നും ഇവയൊക്കെ ഏറിയും കുറഞ്ഞും നഷ്ടപ്പെടും. ഇത്തരം അനുഭവങ്ങൾ ഉണ്ടാവണം എന്ന ലക്ഷ്യത്തിലേക്കായി വിവരസേവനങ്ങൾക്ക് നമ്മെ സഹായിക്കാനും പറ്റില്ല – നമ്മുടെ പഴയ സുഹൃത്ത് അവിടെയുണ്ടാകും എന്നോ, നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്ന തരത്തിൽ ഒരു പുസ്തകം അവിടെ കടയിൽ പ്രദർശിപ്പിച്ചിരിക്കും എന്നോ ഒന്നും ഈ വിവരസേവനത്തിന് അറിയാൻ സാധിക്കയില്ലല്ലോ. എന്നാലും ഇത്തരം ആകസ്മികതകൾ ആണ് പലപ്പോഴും നമ്മുടെ ജീവിതത്തെ കൂടുതൽ വർണ്ണാഭവും അർത്ഥമുള്ളതും മറ്റുമൊക്കെ ആക്കുന്നത് – ഒരു നേർരേഖയിൽ മുൻകൂട്ടിയുള്ള ആസൂത്രണത്തിനനുസരിച്ചു മാത്രം നീങ്ങുന്ന വിരസതയെ ഭേദിക്കുന്ന ഇത്തരം ആകസ്മിക സംഭവങ്ങൾ ജീവിതത്തിൽ ഇല്ലെങ്കിൽ മനുഷ്യർക്ക് അവരുടെ കൊച്ചുമക്കൾക്ക് പറഞ്ഞുകൊടുക്കാൻ എന്ത് കഥകൾ ആണുണ്ടാവുക!

യാത്രാമധ്യേയുള്ള നേരമ്പോക്കുകൾ – എറണാകുളം ബസ്റ്റാന്റിൽ നിന്നും

എല്ലാത്തിനെയും അളക്കുന്ന, അളക്കാനാകുന്നവയിലേക്ക് ചുരുങ്ങുന്ന, സമൂഹം

യന്ത്രവൽകൃത ലോകം എന്നാൽ ശാസ്ത്രസാങ്കേതികവിദ്യകളുടെ ലോകം കൂടിയാണ്. ശാസ്ത്രസാങ്കേതികവിദ്യകൾ പ്രധാനമായും കൈകാര്യം ചെയ്യുന്നത് അളക്കാൻ സാധിക്കുന്ന വിഷയങ്ങളെയാണ്, അവ ഉപയോഗിക്കുന്നത് ക്വാൻറ്റിറ്റേറ്റീവ് സംവിധാനങ്ങളെയാണ് (quantitative methods). ഇതാണ് അവയെ സാമൂഹ്യശാസ്ത്രത്തിൽ നിന്നും വിഭിന്നമാക്കുന്നത്, സാമൂഹികശാസ്ത്ര പര്യവേഷണങ്ങൾ കൂടുതലും ഉപയോഗിക്കുന്നത് ആപേക്ഷികതയിൽ ഊന്നിയ ഗുണപരമായ വിശകലനത്തെയാണ് (qualitative methods). മനുഷ്യർ എന്ന നിലയിൽ നമ്മുടെ വൈകാരികവും മൃദുലവും ആയ സവിശേഷതകൾ അളക്കാൻ പറ്റുന്ന ഒന്നല്ല. ‘നിങ്ങൾക്ക് ഇന്നയാളെക്കുറിച്ചു എന്താണ് അഭിപ്രായം?’ എന്ന് ചോദിച്ചാൽ ‘അയാൾ അമ്പത് ശതമാനം ബോറനും, മുപ്പതു ശതമാനം മുൻകോപിയും എഴുപതു ശതമാനം കൃത്യനിഷ്ഠയുള്ളവനും ആണ്’ എന്ന് ആരും പറയാറില്ല. അതുപോലെ, ഒരാളോടുള്ള ഇഷ്ടം എത്രയാണ് എന്നോ ദേഷ്യം എത്രയാണ് എന്നോ ഒന്നും നമുക്ക് അളവെടുത്തു പറയാൻ സാധിക്കില്ല. നമുക്ക് എത്ര സുഹൃത്തുക്കളുണ്ടോ അത്രയും തരം സൗഹൃദങ്ങളുണ്ട് എന്ന് അടുത്തിടെ പ്രഭാഷകനായ സുനിൽ പി ഇളയിടം പറഞ്ഞത് ഈയവസരത്തിൽ ഓർത്തുപോകുന്നു. ഇങ്ങനെ അളക്കാൻ സാധിക്കാത്തതും വ്യത്യസ്തങ്ങളും ആയ വികാരങ്ങളും ഭാവങ്ങളും ബന്ധങ്ങളും സ്വഭാവസവിശേഷതകളും ഉള്ള മനുഷ്യൻ ഇന്ന് ജീവിക്കുന്നത് അളക്കാൻ സാധിക്കുന്നതിനെ ആശ്രയിച്ചു നിർമ്മിച്ച യന്ത്രങ്ങളുടെ മദ്ധ്യത്തിലാണ് ജീവിക്കുന്നത്.

അളക്കുന്ന യന്ത്രങ്ങൾക്ക് കാര്യക്ഷമത എന്ന അളക്കാൻ പറ്റുന്ന മാനദണ്ഡത്തിലേക്കോ സമാനമായ മറ്റു മാനദണ്ഡങ്ങളിലേക്കോ നമ്മെ നയിക്കാം. ഇന്ന് പലരും ആരോഗ്യപരിപാലനം എന്ന സങ്കീർണ്ണ വിഷയത്തെ  കയ്യിൽ ഇട്ടിട്ടുള്ള സ്മാർട്ട് വാച്ചിൽ ദിവസേന പതിനായിരം അടി നടന്നതായി കാണിക്കുന്നുണ്ടോ എന്നു ചുരുക്കി കാണുന്നുണ്ട് എന്ന് നമുക്കറിയാം. ‘നന്നായി ഉറങ്ങിയോ?’ എന്ന ചോദ്യത്തിന് സ്മാർട്ട് വാച്ചിൽ ഉറക്കഗുണനിലവാരം എത്ര കാണിക്കുന്നു എന്ന് നോക്കി മാത്രം ഉത്തരം പറയുന്ന സുഹൃത്തുക്കൾ എനിക്ക് മാത്രമാവില്ല ഉണ്ടാവുക. ഗൂഗിൾ മാപ്‌സിൽ ബസ് വരും എന്ന കാണിച്ച സമയം കണക്കാക്കി എത്തി പത്തു മിനിറ്റ് വൈകിയിട്ടും ബസ് കണ്ടില്ലെങ്കിൽ ഇന്ന് നമ്മുടെ ക്ഷമ നശിക്കും, അളന്നു ചിട്ടപ്പെടുത്തിയ കാര്യക്ഷമത കൈമോശം വരുന്നത് നമുക്ക് സഹിക്കാൻ സാധിക്കില്ല. ഇന്നത്തെ സർവ്വകലാശാലകളിൽ കുട്ടികൾ മാർക്കിന് വേണ്ടി മാത്രമാണ് പഠിക്കുന്നത് എന്നും, അവർ വിദ്യാഭ്യാസം തങ്ങളുടെ ലോകവീക്ഷണത്തിനെയും അനുഭവമണ്ഡലത്തെയും പുഷ്ടിപ്പെടുത്തുന്നു എന്ന് കാണുന്നില്ല എന്നും പല അദ്ധ്യാപകരും പറയാറുണ്ട്. മാർക്ക് അളക്കാം, ലോകവീക്ഷണവും അനുഭവമണ്ഡലവും അളക്കാൻ സാധിക്കില്ല എന്നത് തന്നെയാവില്ലേ അതിന്റെ ഒരു കാരണം. സാങ്കേതികവിദ്യയുടെ മദ്ധ്യസ്ഥതയിലുള്ള മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിലും പലപ്പോഴും ഈ ചുരുക്കപ്പെടുത്തൽ കാണാം. ഉദാഹരണത്തിന്, ഓൺലൈൻ മീറ്റിങ്ങുകളിൽ നേരിട്ടുള്ള മീറ്റിങ്ങുകളെ അപേക്ഷിച്ചു ഉദ്ദേശിച്ച കാര്യം (മീറ്റിംഗ് അജണ്ട) ഏറ്റവും കുറഞ്ഞ സമയത്തിൽ നടപ്പിലാക്കുക എന്നതിനോടുള്ള താൽപര്യം കൂടുതൽ ശക്തമായി പ്രതിഫലിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അജണ്ടയിലെ ഓരോ വിഷയത്തിലും ടിക്ക് മാർക്ക് രേഖപ്പെടുത്തുക എന്ന മാനദണ്ഡത്തിലൂടെ അളക്കലിന്റെ മേഖലയിലേക്ക് ശ്രദ്ധ പോകുമ്പോൾ, ഗഹനമായ ചർച്ച ആവശ്യപ്പെടുന്ന വിഷയങ്ങളുടെ ഗൗരവം പരിഗണിക്കപ്പെടാതെ പോയേക്കാം. മനുഷ്യരുമായിട്ടുള്ള ബന്ധത്തെ നമുക്ക് അതിലൂടെ ലഭിക്കുന്ന ഗുണങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിൽ നാം അപൂർവ്വം ചിലപ്പോഴെങ്കിലും അളന്നിട്ടുണ്ടാവണം; അങ്ങനെ ചിന്തിച്ചല്ലോ എന്ന് ഓർത്തു ഉടനെ തന്നെ പശ്ചാത്തപിച്ചിട്ടും ഉണ്ടാവണം. ഇതിന്റെയൊക്കെ വെളിച്ചത്തിൽ ഇന്നത്തെ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ആവലാതികൾ പലതും അളക്കാനാവാത്ത ജീവിതത്തിന്റെ സൂക്ഷ്മവശങ്ങളിൽ സംഭവിക്കുന്ന അപജയവുമായി ബന്ധപ്പെട്ടതാണെന്നും വേണമെങ്കിൽ നിരീക്ഷിക്കാം. അളക്കാനാകുന്ന മാനദണ്ഡങ്ങളുടെ മാത്രം ലോകത്ത് ജീവിക്കുന്ന യന്ത്രങ്ങളുടെ സ്വാധീനത്തിൽ നാം നമ്മുടെ ജീവിതത്തെയും അളവുകളുടെ ലോകത്തേക്ക് നയിക്കുന്നു.

ഈ അളക്കൽ ബാധയുടെ ഏറ്റവും പുതിയ ഒരു പ്രതിഫലനത്തിന്റെ രൂപത്തെക്കുറിച്ചു കൂടി പരാമർശിക്കേണ്ടതുണ്ട് എന്ന് കരുതുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അമേരിക്കയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ‘effective altruism’ എന്നത്. ആൾട്രൂയിസം എന്നാൽ പരക്ഷേമതാൽപര്യം. പരക്ഷേമം ഒരു ജീവിതചര്യയാക്കണം എന്ന് നമ്മെ ഉപദേശിച്ച നാരായണഗുരു ആത്മോപദേശശതകത്തിൽ പറയുന്നത്, “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം” എന്നാണ്. പരക്ഷേമം ജീവിതതത്വം ആക്കണം എന്ന ഗുരുവിന്റെ നിർദേശത്തിൽ നിന്നും ഏറെ അകലെയാണ് ഇന്നത്തെ ലോകത്ത് ഈ ആശയത്തിന്റെ പ്രവർത്തനം. വിപണികേന്ദ്രീകൃത ലോകത്ത് പരക്ഷേമതാൽപര്യം പ്രകാശിപ്പിക്കാൻ പൗരന്മാരെ സഹായിക്കാനായി പ്രത്യേകം ചാരിറ്റികൾ പ്രവർത്തിക്കുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും പല നഗരങ്ങളിലും ഇത്തരം ചാരിറ്റി കടകൾ ആഫ്രിക്കയിലെയും ഇന്ത്യയിലെയും പട്ടിണി കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ നമ്മുടെ പരക്ഷേമതാൽപര്യം ഉണർത്തുന്ന രീതിയിൽ സ്ഥാപിച്ചിരിക്കും. അത്തരം സ്ഥാപനങ്ങളിലൂടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സംഭാവന ചെയ്തോ അവ നടത്തുന്ന കടയിൽ നിന്ന് സാധനം വാങ്ങിയോ ഒരു വ്യക്തിക്ക് തന്റെ പരക്ഷേമ ഉത്തരവാദിത്തം നിറവേറ്റിയ കൃതാർത്ഥതയോടെ വീട്ടിലേക്ക് മടങ്ങാം. പരക്ഷേമതാൽപര്യം എന്ന ഏറ്റവും സൂക്ഷ്മമായ മാനുഷികവികാരത്തെ അളക്കാനാകുന്ന പണത്തിന്റെ ലോകത്തേക്ക് പറിച്ചു നട്ട ചാരിറ്റി വ്യവസ്ഥയുടെ പുതിയ മേഖലയാണ് എഫക്റ്റീവ് അൾട്രൂയിസം എന്നത്. ചാരിറ്റി എന്ന സംവിധാനം അളക്കുന്നതിൽ ആണ് ഊന്നിയതെങ്കിൽ അതിൽ കാര്യക്ഷമത കൂട്ടിചേർക്കുക എന്നതാണ് എഫക്റ്റീവ് അൾട്രൂയിസത്തിന്റെ ലക്‌ഷ്യം എന്ന് പൊതുവിൽ പറയാം. നിങ്ങൾ പതിനായിരം രൂപ പരക്ഷേമതാൽപര്യ ബജറ്റ് എന്ന നിലയിൽ ചാരിറ്റികൾക്ക് നൽകാൻ മാറ്റി വെച്ചു എന്നിരിക്കട്ടെ, അത് ഏതു ചാരിറ്റികൾക്ക് നൽകിയാൽ ആണ് ഏറ്റവും കാര്യക്ഷമമായി വിനിയോഗിക്കപ്പെടുക എന്നുകൂടി കണക്കാക്കി വേണം നൽകേണ്ടത് എന്നതാണ് എഫക്റ്റീവ് ആൾട്രൂയിസം എന്ന ആശയം നമ്മോടു പറയുന്നത്. അനുകമ്പയുടെയും മമതയുടെയും പ്രവർത്തനത്തെ വിപണിവൽക്കരിച്ചു കണക്കുകൂട്ടലിന്റെയും കാര്യക്ഷമതയുടെയും മേഖലയിലേക്ക് പറിച്ചു നടുകയാണിവിടെ!!

മാനവികത നഷ്ടപ്പെടുന്ന യന്ത്രയുഗത്തിലെ മനുഷ്യൻ

യന്ത്രലോകത്തെ മാനവികത നഷ്ടപ്പെടുന്ന മനുഷ്യരെക്കുറിച്ചു ആശങ്കപ്പെട്ടവരിൽ ഇരുപതാം നൂറ്റാണ്ടിലെ നിർമ്മിതബുദ്ധി വിമർശകൻ ആയിരുന്ന ഹ്യൂബർട് ഡ്രെയ്‌ഫ്യൂസ് ഉൾപ്പെടും. നിർമ്മിതബുദ്ധിയുടെ ഇന്നത്തെ ലോകത്ത് അദ്ധേഹത്തിന്റെ ചില പരാമർശങ്ങളിലൂടെ കണ്ണോടിക്കുന്നത് നന്നായിരിക്കും. അദ്ധേഹത്തിന്റെ ‘what computers still can’t do?’ എന്ന 1992ലെ പുസ്തകത്തിലെ (p280) ഒരു ഖണ്ഡികയുടെ പരിഭാഷ ഇവിടെ ചേർക്കുന്നു:

‘മനുഷ്യന്റെ സ്വഭാവം പലരീതിയിൽ രൂപപ്പെടുത്താവുന്ന ഒന്നാകയാൽ അത് ഈയവസരത്തിൽ വീണ്ടും പരിവർത്തനപ്പെട്ടേക്കാം എന്നാണ് എനിക്ക് തോന്നുന്നത്. കമ്പ്യൂട്ടറിന്റെ പ്രവർത്തനരീതിയുടെ സ്വാധീനം ശക്തിപ്രാപിക്കുന്ന സമയത്ത് മനുഷ്യർ തങ്ങളെതന്നെ നിർമ്മിതബുദ്ധിയുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ യന്ത്രങ്ങളായി  സങ്കൽപ്പിച്ചേക്കാം. നാം മുമ്പ് പരിശോധിച്ച കാര്യങ്ങൾ നിമിത്തം യന്ത്രങ്ങൾക്ക് മനുഷ്യരാവാൻ സാദ്ധ്യമല്ലാത്തതിനാൽ മനുഷ്യർ ക്രമേണ യന്ത്രങ്ങളെപ്പോലെ ആയേക്കാം. കഴിഞ്ഞ രണ്ടായിരം വർഷങ്ങൾ കൊണ്ട് മനശ്ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും സ്വാധീനം വർദ്ധിപ്പിച്ച ചിന്താധാരകൾ അനേകമുണ്ട്. അതിൽ വസ്തുനിഷ്ഠതയുടെ പ്രാധാന്യം, മനുഷ്യപ്രവർത്തനങ്ങൾ നിശ്ചിതമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന വാദം, മനുഷ്യ നൈപുണ്യങ്ങൾ നിശ്ചിതമുറപ്രകാരമുള്ളതാണെന്ന ചിന്ത എന്നിവയെല്ലാം ഉൾപ്പെടും. സാമാന്യമായി പറയുകയാണെങ്കിൽ മനുഷ്യന്റെ പ്രവർത്തനത്തെ സിദ്ധാന്തവൽക്കരിക്കാൻ കഴിയും എന്ന ചിന്തയും പ്രബലമാണ്. ഇന്ന് മനുഷ്യർ തങ്ങളെ തന്നെ (മൂർത്തശരീരമില്ലാത്ത) യന്ത്രങ്ങളിൽ അടങ്ങിയിട്ടുള്ള ഗണിതമാതൃകകളുടെ പ്രവർത്തനത്തിന്റെ ഭാഗമായി കാണാൻ താൽപര്യം കാണിച്ചു തുടങ്ങുന്നു. യന്ത്രങ്ങളുടെ നിർമ്മാണമാകട്ടെ മനുഷ്യനെ അനേകം വിവരബിന്ദുക്കളുടെ കേവലസമ്മേളനമായി കാണാൻ മാത്രം ക്രമീകരിച്ചിട്ടുള്ളതാണ്. അവയ്ക്ക് മനുഷ്യന്റെ ഇന്ദ്രിയാനുഭവങ്ങളെക്കുറിച്ചോ മനുഷ്യനിൽ നിക്ഷിപ്തമായിട്ടുള്ള ചലനശേഷിയെക്കുറിച്ചോ ഒന്നും ഒരു ധാരണയും ഇല്ല താനും. (അതിനാൽ തന്നെ) മനുഷ്യരാശിക്ക് മുമ്പിൽ ഇന്ന് ഉള്ള അപകടസാദ്ധ്യത അതിമാനുഷശേഷിയുള്ള യന്ത്രങ്ങളിൽ നിന്നുള്ളതല്ല, അത് വിവേകം നഷ്ടപ്പെടുന്ന മനുഷ്യരിൽ നിന്നുള്ളതാണ്’. 

മനുഷ്യൻ തന്നെ നിർമ്മിച്ച യന്ത്രങ്ങളുടെ സ്വാധീനത്തിൽ വിവേകം നഷ്ടപ്പെടുത്തുന്ന മനുഷ്യനെക്കുറിച്ചു ഇവിടെ ഡ്രെയ്‌ഫ്യൂസ് വേവലാതിപ്പെടുന്നതും മനസ്സിലെ മമതയെ യന്ത്രവൽകൃത ലോകത്ത് കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന വൈലോപ്പിള്ളിയും നമുക്ക് നൽകുന്നത് ഒരേ മുന്നറിയിപ്പ് തന്നെയാണ്. മനുഷ്യൻ മനുഷ്യനാണ്, യന്ത്രങ്ങൾ യന്ത്രങ്ങളും.

സസൂക്ഷ്മം – പംക്തി ഇതുവരെ


പോഡ്കാസ്റ്റുകൾ


അനുബന്ധ വായനയ്ക്ക്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഭാവിയിൽ മനുഷ്യർക്ക് മറഞ്ഞുനിൽക്കാനിടം കിട്ടുമോ ?
Next post അക്യുപങ്ചർ ചികിത്സ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടത് ആണോ?
Close