Read Time:17 Minute

സാങ്കേതികവിദ്യയെ സമൃദ്ധിയിലേക്കും അതിലൂടെ വിമോചനത്തിലേക്കും ഉള്ള ഒരു പാതയായി കാണുന്ന നിലപാട് അവതരിപ്പിക്കുന്ന ഒരു രചനയാണ് ആരോൺ ബസ്താനിയുടെ ‘പൂർണ്ണമായും യന്ത്രവത്ക്കരിക്കപ്പെട്ട ആർഭാട കമ്മ്യൂണിസം’ (Fully Automated Luxury Communism) എന്ന 2019ൽ പുറത്തിറങ്ങിയ പുസ്തകം.

സാങ്കേതികവിദ്യയെ പലപ്പോഴും വിമർശനപരമായിട്ടാണ് മാർക്സിസ്റ്റ് പഠനങ്ങൾ കണ്ടിട്ടുള്ളത്, അതിൽ അതിയായ കാര്യവും ഉണ്ട്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഏട് മാർക്സിന്റെ തന്നെ എഴുത്തിൽ കാണാം: ‘പ്രാചീന തൊഴിലാളി തന്റെ ഏറ്റവും ലളിതവും പരുക്കനും ആയ ഉപകരണങ്ങൾ ഉപയോഗിച്ച് അധ്വാനിച്ചതിനേക്കാൾ കൂടുതൽ സമയം ആധുനിക യന്ത്രങ്ങളുടെ കാലത്ത് തൊഴിലാളിക്ക് പണിയെടുക്കേണ്ടിവരുന്നു.’ [Grundrisse: Notebook VII – The Chapter on Capital] ഇന്നത്തെ ഊബർ തൊഴിലാളിയുടെ ജീവിതം പഴയ ഡ്രൈവറിന്റേതിനേക്കാൾ ദുഷ്കരമാണെന്ന പോലെയുള്ള സമകാലിക യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്. യന്ത്രവത്ക്കരണം മുതലാളിത്തത്തെ സഹായിക്കുകയും തൊഴിലാളിയെ ഞെരുക്കുകയും ചെയ്ത നവലിബറൽ ദശാബ്ദങ്ങൾ നമുക്ക് ഏറ്റവും പരിചിതമായിരിക്കെ യന്ത്രവത്കൃത ആർഭാട കമ്മൂണിസം എന്ന പേരിലുള്ള ഒരു കൃതിയെ അത്ര താൽപര്യത്തോടെയല്ല ഞാൻ വായിക്കാനെടുത്തത്. പക്ഷെ, വായന പുരോഗമിച്ചപ്പോൾ സമകാലിക ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളെ സൂക്ഷ്മതയോടെ ഒരു കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിൽ എങ്ങനെ ഉൾച്ചേർക്കാം എന്നതിനെക്കുറിച്ചുള്ള ആഖ്യാനങ്ങൾ വളരെ ആകർഷണീയമായി തന്നെ തോന്നി. അവ ഇന്നത്തെ ലോകത്ത് ചർച്ചചെയ്യപ്പെടേണ്ടവ തന്നെയാണെന്ന് എത്ര ആവർത്തി പറഞ്ഞാലും മതിയാവുകയും ഇല്ല.

വായനാസുഖം കളയരുത് എന്ന ലക്‌ഷ്യം മുൻനിർത്തിക്കൊണ്ട് പുസ്തകത്തിൽ അവതരിപ്പിക്കപ്പെട്ടതിൽ കാതലായി തോന്നിയ ചില വിഷയങ്ങൾ പരിചയപ്പെടുത്താനാണ് ഈ ലേഖനം.

ആരോൺ ബസ്താനി തന്റെ പുസ്തകത്തിൽ ധാരാളമായി തന്നെ മറ്റു ഗവേഷകരുടെ പുസ്തകങ്ങളിൽ നിന്ന് ഉദ്ധരണികൾ ഉപയോഗിക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് പോൾ റോമർ എന്നയാളുടെ സാങ്കേതികവിദ്യയും വിവരവും ആയിട്ടുള്ള ബന്ധത്തെക്കുറിച്ചുള്ള നിരീക്ഷണം. ‘സാങ്കേതികമുന്നേറ്റം എന്നത് അസംസ്കൃതവസ്തുക്കളെ കൂട്ടിക്കലർത്താനുള്ള വിജ്ഞാനത്തിൽ സംഭവിക്കുന്ന ഒരു മെച്ചപ്പെടൽ ആണ്’ [‘… an improvement in the instructions for mixing together raw materials’] എന്നാണ് പോൾ റോമർ പറയുന്നത്. മാർക്സിന്റെ ഗ്രുൻഡ്രിസ്സെ പരിചയമുള്ളവർക്ക് ഇതത്ര പുതുമയുള്ളതായി തോന്നിയേക്കില്ല; അതിൽ ‘general intellect’ – സമൂഹത്തിൽ പൊതുവിൽ ഉള്ള വിജ്ഞാനം – എന്നതിന്റെ വികാസം ആയി മാർക്സ് സാങ്കേതികമുന്നേറ്റങ്ങളെ ബന്ധപ്പെടുത്തുന്നുണ്ട്. പണ്ടത്തെ വലിയ യന്ത്രങ്ങളെ അപേക്ഷിച്ചു ഇന്നത്തെ സാങ്കേതികവിദ്യകൾ – അതിപ്പോൾ നിർമ്മിതബുദ്ധിയോ ബയോ-ടെക്കോ ഒക്കെയാകാം – എല്ലാം തന്നെ ഘടനാപരമായി തന്നെ കൂടുതൽ വിവരാധിഷ്ഠിതമാണ്. നിർമ്മാണവ്യവസ്ഥയിലെ ഒരു യന്ത്രത്തിന്റെ പകർപ്പുണ്ടാക്കാൻ ഏറെ ചിലവുണ്ടെങ്കിൽ, ഇന്നത്തെ വിവരധിഷ്ഠിത സാങ്കേതികവിദ്യകൾ ഒരു ചിലവും ഇല്ലാതെ യഥേഷ്ടം പകർത്താം. ഏറ്റവും സങ്കീർണ്ണമായ ഒരു പ്രോഗ്രാം കൊണ്ടുപോകാനും ഒരു പെൻ ഡ്രൈവ് മതിയാകുമല്ലോ.

അടുത്ത ഉദ്ധരണിയിലേക്ക് പ്രവേശിക്കുമ്പോൾ ഇവിടെ നമ്മുടെ വിഷയം സ്റ്റീവാർട്ട് ബ്രാൻഡിന്റെ ‘വിവരം ഒരു സൗജന്യവസ്തുവാകാൻ ആഗ്രഹിക്കുന്നു’ എന്ന മുദ്രാവാക്യമാണ്. അതുൾപ്പെടുന്ന വിശദ ഉദ്ധരണി ഇപ്രകാരമാണ്: ‘ഒരു രീതിയിൽ നോക്കിയാൽ വിവരം ഏറ്റവും ചിലവേറിയതാകാൻ ആഗ്രഹിക്കുന്നു എന്ന് പറയാം, കാരണം വിവരം അത്രത്തോളം അമൂല്യമാണ്. ശരിയായ വിവരം ശരിയായ സ്ഥലത്തു ലഭിച്ചാൽ നമ്മുടെ ജീവിതം തന്നെ മാറിയേക്കാം. മറ്റൊരു രീതിയിൽ നോക്കിയാൽ വിവരം കണ്ടെത്താനും പകർത്താനും ഉള്ള ചിലവ് കുറഞ്ഞുവരുന്നതിനാൽ വിവരം സൗജന്യമാകാൻ ആഗ്രഹിക്കുന്നു എന്നും പറയാം. ഈ രണ്ടു ഘടകങ്ങളും തമ്മിൽ ഒരു ഒരു കലഹം നടന്നുകൊണ്ടിരിക്കുന്നു.’ വിവരം സൗജന്യമാകാൻ ആഗ്രഹിക്കുന്നു എന്നതിനെ സമകാലിക വിവരസേവനങ്ങളുമായി ബന്ധപ്പെടുത്തി ബസ്താനി വായിക്കുന്നുണ്ട്. ഒരു കാലത്ത് നാം സിനിമ ഗാനങ്ങളുടെ സി ഡി വാങ്ങാൻ നൂറു രൂപയോളം ചിലവാക്കിയിരുന്നെങ്കിൽ ഇന്ന് നാം അതിന് പത്തു രൂപ പോലും മുടക്കാൻ തയ്യാറാവില്ല. സിനിമ ഗാനങ്ങളെപ്പോലെ എല്ലാ വിവരശേഖരങ്ങളും ഇങ്ങനെ സൗജന്യം ആവാൻ ‘ശ്രമിക്കുന്നത്’ നാം കാണുന്നു. പഴയകാലത്ത് എൻസൈക്ലോപീഡിയ ഉപയോഗിക്കണമെങ്കിൽ ലൈബ്രറിയിൽ പോകുകയോ പതിനായിരത്തോളം രൂപ ചിലവാക്കി ഒരു പ്രതി വാങ്ങുകയോ ചെയ്യേണ്ടിയിരുന്നു. ഇന്ന് അനുനിമിഷം അപ്ഡേറ്റ് ചെയ്യപ്പെടുന്ന വിക്കിപ്പീഡിയ സൗജന്യമായി നമുക്ക് ലഭ്യമാണ്. ഇങ്ങനെ വിവരങ്ങളാകുന്ന മൂല്യത്തിന്റെ വില കുറയുന്നത് നിമിത്തം സാമ്പത്തിക കൈമാറ്റങ്ങൾ അളക്കുന്ന ജി ഡി പി മുതലായ കണക്കുകളിൽ ഈ പുതിയ ലോകത്തിന്റെ ധാരാളിത്തം ദൃശ്യമാകുന്നില്ല എന്ന് ബസ്താനി നിരീക്ഷിക്കുന്നു.

ആധുനിക സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന ഈ വിവരധാരാളിത്തം മുതലാളിത്തത്തിന് സൃഷ്ടിക്കുന്ന പ്രതിസന്ധിയാണ് അടുത്ത വിഷയം. ബസ്താനിയുടെ നിരീക്ഷണം മുതലാളിത്തം ദൗർലഭ്യത്തിലും ഞെരുക്കത്തിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥയാണെന്നുള്ളതാണ്. എല്ലാം സൗജന്യമാകുന്ന കാലത്ത് മുതലാളിത്തത്തിന് ലാഭം (മിച്ചമൂല്യം) കണ്ടെത്താൻ ആവില്ല എന്നത് വ്യക്തമാണല്ലോ. ഇതിനെ ഒരു പക്ഷെ മാർക്സ് നിരീക്ഷിച്ചിട്ടുള്ള ‘ലാഭ നിരക്കിന്റെ ശോഷണം’ (falling rate of profit) എന്ന മുതലാളിത്തവളർച്ചയിലെ ഉൾപ്രേരണയുടെ ഒരു തീവ്രഭാവം ആണോ എന്ന് തോന്നിയേക്കാം. പക്ഷെ, ബസ്താനി ഇവയെ ബന്ധപ്പെടുത്തുന്നില്ല എന്നത് വിചിത്രമായി തോന്നി. വിവരം ലഭ്യമാക്കാനുള്ള യഥാർത്ഥ ചിലവ് പൂജ്യത്തോടടുക്കുമ്പോൾ ഒരു കാര്യക്ഷമമായ വിപണി വ്യവസ്ഥയിൽ ആ വിവരം സൗജന്യമായി ലഭ്യമാകണം. പക്ഷെ, അങ്ങനെ വന്നാൽ മുതലാളിത്തത്തിന് നഷ്ടപ്പെടുന്നത് ലാഭം ഉണ്ടാക്കാനുള്ള ഇടം ആണ്. ഇങ്ങനെ ഇടമില്ലാത്ത ഞെരുങ്ങുന്ന മുതലാളിത്തം യന്ത്രവത്കൃത ആർഭാട കമ്മ്യൂണിസത്തിലേക്കുള്ള ഒരു പാത തുറക്കും എന്നതാണ് ബസ്താനിയുടെ ഒരു പ്രധാന നിരീക്ഷണം.

പൂർത്തീകരിക്കാൻ ആവശ്യങ്ങൾ ഉള്ള ഒരു മനുഷ്യൻ ആ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിലേക്കായി പലതും ചെയ്യാൻ നിർബന്ധിക്കപ്പെട്ടേക്കാം എന്നതിനാൽ അയാൾ സ്വാതന്ത്രനല്ല എന്ന് പറയാറുണ്ട്. ബസ്താനി ഇവിടെ പറയുന്നത് എല്ലാ ആവശ്യങ്ങളും ഏറ്റവും കുറഞ്ഞ ചിലവിൽ പൂർത്തിയാക്കാൻ കഴിയുന്നത്ര സമൃദ്ധിയുള്ള ഒരു ലോകത്ത് അത്തരം പാരതന്ത്ര്യം മനുഷ്യൻ അഭിമുഖീകരിക്കില്ലല്ലോ എന്നതാണ്. അത് ശക്തമായ ഒരു വാദമായി തന്നെ വായനക്കാരിലേക്ക് ബസ്താനി എത്തിക്കുന്നുണ്ട്.

പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്ന വാദഗതികൾ പ്രബലമായിരിക്കുമ്പോൾ തന്നെ ‘ഇതൊക്കെ ഇങ്ങനെ തന്നെയാണോ വേണ്ടത്?’ എന്ന് വായനക്കാർക്ക് തോന്നുന്ന സന്ദർഭങ്ങൾ ഒരുപാടുണ്ടായേക്കാം. ഉദാഹരണത്തിന് ബസ്താനി ധാരാളമായി ഊർജ്ജം ലഭ്യമാകുന്ന കാലത്തെക്കുറിച്ചും ബഹിരാകാശത്തു നിന്ന് ധാതുക്കൾ യഥേഷ്ടം കണ്ടെത്തുന്ന സാങ്കേതികസാധ്യതയെക്കുറിച്ചും മറ്റുമൊക്കെ കാല്പനികതയിലൂന്നി പറയുമ്പോൾ, ഇത്രയൊക്കെ ആർഭാടം വേണോ എന്ന് തോന്നുക സ്വാഭാവികം. അങ്ങനെയൊക്കെയുള്ള സാങ്കേതികവിദ്യകൾ ഉണ്ടാക്കുമ്പോൾ നമുക്ക് മുൻകൂട്ടി കാണാൻ സാധിക്കാത്ത തരം പ്രശ്നങ്ങൾ ഉണ്ടായേക്കില്ലേ എന്ന ചോദ്യവും അവിടെ ബാക്കിയാകുന്നു. സാങ്കേതികമാത്രപരിഹാരങ്ങൾ പലപ്പോഴും അപഹാസ്യമായേക്കാം എന്ന് സമർത്ഥിക്കുന്നതിലേക്കായി എന്റെ മാർക്സിസ്റ്റ് സഹപ്രവർത്തകനായ ജോൺ ബാരി ‘ഹമ്മറിനെ (ഒരു വലിയ ആർഭാട കാർ) ജൈവ ഇന്ധനം വെച്ച് പ്രവർത്തിപ്പിച്ചാൽ എല്ലാം ആയെന്നു കരുതുന്ന ചിന്താഗതി’ എന്ന് പരിഹസിക്കുന്നത് ഈയവസരത്തിൽ ഓർത്തുപോകുന്നു. മുതലാളിത്തത്തിന്റെ വളർച്ചയെ വിമർശനാത്മകമായി കാണുന്നതിലേക്കോ മുതലാളിത്തം സൃഷ്ടിക്കുന്ന കാലാവസ്ഥ ഉൾപ്പെടെയുള്ള അനുബന്ധപ്രതിസന്ധികളെ സൂക്ഷ്മതയോടെ സമീപിക്കുന്നതിലേക്കോ അത്രയൊന്നും ആർജ്ജവം കാണിക്കാത്ത ആഖ്യാനം പലപ്പോഴും അസ്വസ്ഥത പോലും ഉണ്ടാക്കിയേക്കാം. മുതലാളിത്തത്തെ പരിപോഷിപ്പിക്കുന്ന തരത്തിൽ ഉള്ള ആശയങ്ങൾ പലപ്പോഴും വായിച്ചെടുക്കാൻ ആവും എന്നതും ഈ പുസ്തകത്തെ അൽപ്പം ശങ്കയോടെ വീക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. ഉപഭോഗം കുറച്ചു ലളിതവും സുന്ദരവും ആയ ജീവിതം ഉൾപ്പെടുന്ന വ്യവസ്ഥ മുന്നോട്ട് വെയ്ക്കുന്ന ഡീ-ഗ്രോത്, ഗ്രീൻ, എക്കോസോഷ്യലിസ്റ് രാഷ്ട്രീയഭാവനയുടെ മറുകരയിൽ നിൽക്കുന്ന ബസ്താനിയുടെ പുസ്തകം അതുകൊണ്ടു തന്നെ വിമർശപരമായ വിശകലനവും അർഹിക്കുന്നുണ്ട്.

Fully Automated Luxury Communism:A Manifesto

by Aaron Bastani

288 Pages

Verso Books

പുസ്തകം തപാലിൽ ലഭിക്കാൻ : Modern book Centre,  Gandhari Amman Kovil Road, Pulmoodu,GPO, Trivandrum.695001,

മറ്റു പുസ്തകങ്ങൾ

ലേഖകന്റെ സസൂക്ഷ്മം – പംക്തി ഇതുവരെ

പോഡ്കാസ്റ്റുകൾ


അനുബന്ധ വായനയ്ക്ക്

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലോക ജൈവവൈവിധ്യദിനം: പ്ലാനിന്റെ ഭാഗമാകൂ!
Next post ഊത്തയിളക്കം – മത്സ്യക്കുരുതിയുടെ സീസൺ ! 
Close