Read Time:27 Minute
ഡോ.ദീപക് പി എഴുതുന്ന സസൂക്ഷ്മം സാങ്കേതികവിദ്യയുടെ രാഷ്ട്രീയവായനകൾ പംക്തി മൂന്നാം ഭാഗം
നിർമ്മിതബുദ്ധി എന്ന സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന്റെ പല മേഖലകളിലും വ്യാപിക്കുന്ന ഒരു കാലമാണല്ലോ ഇത്. അതുകൊണ്ടുതന്നെ ഈയവസരത്തിൽ നിർമ്മിതബുദ്ധിയോടുള്ള രാഷ്ട്രീയ നിലപാടുകൾ എന്താവണം എന്നതിന് വലിയ പ്രസക്തിയും ഉണ്ട്. ആഗോള നിർമ്മിതബുദ്ധി ചർച്ചകളിൽ രണ്ടു തരം നിലപാടുകളാണ് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്; നിർമ്മിതബുദ്ധിയെ നിയന്ത്രിക്കേണ്ടതുണ്ട് എന്ന നിലപാടും നിയന്ത്രിച്ചാൽ അത് ‘പുരോഗതി’യെ ബാധിക്കും എന്ന വലതുപക്ഷ നിലപാടും. യൂറോപ്പ് പോലെയുള്ള മേഖലകളിൽ നിർമ്മിതബുദ്ധിയെ നിയന്ത്രിക്കാനായി നിയമങ്ങൾ തയ്യാറാവുന്ന ഈ അവസരത്തിൽ നിയന്ത്രണം എങ്ങനെയാവണം എന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നു. ഈ വിഷയത്തിലും ഇടത്-വലത് രാഷ്ട്രീയചേരികൾ തമ്മിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. നിയന്ത്രണം മയത്തിൽ മതി എന്ന നിലപാടുകൾ (സ്വാഭാവികമായും) വലതുചേരിയിൽ നിന്നുയരുമ്പോൾ കടുപ്പമുള്ള നിയന്ത്രണം വേണം എന്ന് ആവശ്യപ്പെടുന്നവർ മറുപക്ഷത്തും ഉണ്ട്. ഈയവസരത്തിൽ നിർമ്മിതബുദ്ധിയെക്കുറിച്ചുള്ള ഇടതു നിലപാടുകളിലേക്ക് ഒരു എത്തിനോട്ടം നടത്താൻ ആണ് നാമിവിടെ ശ്രമിക്കുന്നത്.

ഇവിടെ ആദ്യമേ തന്നെ സൂചിപ്പിക്കേണ്ടത് ഇടത് നിലപാട് എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയുടെ നിലപാട് എന്ന അർത്ഥത്തിലോ കേരളത്തിലോ ഇന്ത്യയിലോ ഉള്ള ഇടതുമുന്നണിയുടെ നിലപാട് എന്ന അർത്ഥത്തിലോ അല്ല. പൊതുവിൽ ഇടതുരാഷ്ട്രീയം എങ്ങനെ നിർമ്മിതബുദ്ധിയെ കാണുന്നു എന്നതിനെയാണ് ഇടത് നിലപാട് എന്നിവിടെ കാണുന്നത്.

ഇടത് നിലപാടുകളെക്കുറിച്ചുള്ള ചില പൊതുനിരീക്ഷണങ്ങളിൽ നിന്നും തുടങ്ങാം. പലപ്പോഴും ഇടതുപക്ഷത്തു നിന്നുള്ളവർ നിർമ്മിതബുദ്ധിയെ വിമർശനത്തോടെ സമീപിക്കുമ്പോൾ തന്നെ, പുതിയ സാങ്കേതികവിദ്യയെ പാടെ എതിർക്കുകയയല്ല എന്ന രീതിയിൽ ഒരു പരാമർശവും അതിനോടൊപ്പം ചേർക്കാൻ ശ്രദ്ധ കാണിക്കാറുണ്ട്. മറ്റുചില ഇടതുപക്ഷ നിരീക്ഷണങ്ങൾ ഈ സാങ്കേതികവിദ്യയെക്കുറിച്ചു വലിയ പ്രതീക്ഷയോടെ ആയിരിക്കും തുടങ്ങുക, എന്നാൽ അതിനോടൊപ്പം കുറച്ചു വിമർശവും ഉൾക്കൊള്ളിക്കും. ഇന്നത്തെ പൊതുസമൂഹത്തിൽ ഇത്തരം സൂക്ഷ്മമായ നിലപാടുകൾ അവതരിപ്പിക്കാൻ വലിയ പാടാണ്. ഇന്നത്തെ മാദ്ധ്യമയുക്തികൾക്ക് വഴങ്ങി നിൽക്കുന്ന ഒരു ജനതയ്ക്ക് വേണ്ടത് ലളിത ഉത്തരങ്ങളാണ്; ‘അല്ല, നിങ്ങൾ ഇതിനെ തള്ളുന്നയാളാണോ, പിന്തുണക്കുന്നയാളാണോ?’ എന്നതാവും ചോദ്യം. വലതുപക്ഷത്ത് നിന്നും നിർമ്മിതബുദ്ധിയോടുള്ള അത്യുത്സാഹം മാത്രം പ്രകടിപ്പിക്കുന്ന നിലപാടുകൾ നിരന്തരം വരുമ്പോൾ ഇടതുപക്ഷം പലപ്പോഴും എതിർ ചേരിയിൽ ആണെന്ന് ലളിതമായ രീതിയിൽ വിലയിരുത്തപ്പെടാൻ എളുപ്പമാണ്. കേരളത്തിൽ അരാഷ്ട്രീയ നിരീക്ഷകർക്ക് വേണമെങ്കിൽ ‘ഇവർ കമ്പ്യൂട്ടർ വന്നപ്പോൾ എതിർത്തവരല്ലേ’ എന്ന് കൂടി ചേർത്ത് ഇടതുപക്ഷത്ത് നിന്നുള്ള നിർമ്മിതബുദ്ധിയോടുള്ള ചെറുതോ വലുതോ ആയ ഉത്സാഹത്തിന് ആത്മാർത്ഥതയില്ല എന്ന് വിലയിരുത്താൻ ഉത്സാഹമേറെയാണ്. പാശ്ചാത്യലോകത്താണെങ്കിൽ സമാന സാഹചര്യത്തിൽ കമ്പ്യൂട്ടർ വിരുദ്ധത ചൂണ്ടിക്കാണിക്കപ്പെടുന്നതിന് പകരം ലഡൈറ്റ് എന്ന ചാപ്പകുത്തൽ ആയിരിക്കും ഫലം.

നിർമ്മിതബുദ്ധിയെക്കുറിച്ചുള്ള നിലപാടുകളിൽ ഇടതുപക്ഷം എവിടെ നിൽക്കുന്നു? ഉത്തരം ലളിതമല്ല. നിർമ്മിതബുദ്ധിയെക്കുറിച്ചുള്ള നിരവധിയായ ഇടതുപക്ഷ നിലപാടുകൾ ഉണ്ട്. അവ തമ്മിൽ വൈരുദ്ധ്യങ്ങളും ഉണ്ട്. എന്തിരുന്നാലും സ്വാഭാവികമായും അവയെല്ലാം നിർമ്മിതബുദ്ധിയും മുതലാളിത്തവും തമ്മിലുള്ള ബന്ധത്തെ വിമർശപരമായി കാണുന്നവയാണ്. ചില ഇടതു നിലപാടുകളുടെ വിശദാംശങ്ങളിലേക്ക് കടക്കാം.

മുതലാളിത്തത്തിന്റെ തുടർച്ചയും വിപുലീകരണവും 

നിർമ്മിതബുദ്ധി എന്നത് പ്രാഥമികമായി ഒരു ഓട്ടോമേഷൻ സാങ്കേതികവിദ്യയാണെന്നു പറയാം. ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ ലാഭവർദ്ധനയിലേക്ക് നയിക്കും എന്നതിനാൽ മുതലാളിത്തത്തിന് വളരെ പ്രിയപ്പെട്ടതാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടനിലെ തുണിമില്ലുകളിലെ യന്ത്രവൽക്കരണത്തോടുള്ള പ്രതികരണം ആയിരുന്നു ലഡൈറ്റ് പ്രക്ഷോഭം. ചാർളി ചാപ്ലിന്റെ ‘മോഡേൺ ടൈംസ്’ എന്ന ചലച്ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്ന അസംബ്ലി ലൈൻ സാങ്കേതികവിദ്യകളും ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ തന്നെ. ഇവയൊക്കെയും തൊഴിലാളിയെ നിർമ്മാണപ്രക്രിയയിൽ നിന്നും അന്യവൽക്കരിക്കുന്നതിലേക്കും തൊഴിൽ എന്നതിനെ വിരസവും ക്ലേശകരവും ആക്കുന്നതിലേക്കും വേതനശോഷണത്തിലേക്കും നയിച്ചു. തൊഴിലാളികളെ പിരിച്ചുവിടാനും ബാക്കിയുള്ള തൊഴിലാളികളെ കൂടുതൽ ചൂഷണം ചെയ്യാനും വഴിയൊരുക്കുന്ന സാഹചര്യമാണ് ഇത്തരം ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ സൃഷ്ടിച്ചത്.

ചാർളി ചാപ്ലിന്റെ ‘മോഡേൺ ടൈംസ്’ എന്ന ചിത്രത്തിലെ ഒരു രംഗം.

ഇത്തരം മുതലാളിത്തപ്രേരണകളുടെ വിവരസാങ്കേതികയുഗത്തിലെ തുടർച്ചയാണ് നിർമ്മിതബുദ്ധി സാങ്കേതികവിദ്യകളിലൂടെ നടപ്പിലാവുന്നത് എന്നതാണ് ഒരു ഇടതുപക്ഷ നിലപാട്. ഈ നിലപാടിനോട് ചേർന്ന് നിൽക്കുന്ന ഒരു ആശയം ആസ്ട്ര ടെയ്‌ലർ (Astra Taylor) എന്ന ഗവേഷകയുടെ ഒരു ലേഖനത്തിൽ ഉപയോഗിക്കുന്ന fauxtomation എന്ന വാക്കാണ്. അവർ പറയുന്നത് (നിർമ്മിതബുദ്ധിയടക്കമുള്ള) ആധുനിക സാങ്കേതികവിദ്യകൾ വലിയ തോതിൽ മനുഷ്യൻ ചെയ്തിരുന്ന തൊഴിൽ ഏറ്റെടുക്കുന്നു എന്നത് പലപ്പോഴും ഒരു മിത്താണ് എന്നാണ്. അവ പുതിയ തരത്തിൽ ഉള്ള അന്യവൽകൃതവും വിരസവും ക്ലേശകരവും ചെറിയ വേതനം മാത്രമുള്ളതും ആയ തൊഴിലുകളിലേക്ക് തൊഴിലാളികളെ തള്ളിവിടുന്നു. ഈ വായനയിൽ നിന്നാണ് വ്യാജം എന്നർത്ഥം വരുന്ന faux എന്ന വാക്കും automation എന്ന വാക്കും ചേർത്ത് fauxtomation എന്ന പുതിയ വാക്ക് അവർ മുന്നോട്ടുവെക്കുന്നത്. അവർ തന്റെ 2023ൽ ഇറങ്ങിയ പുതിയ പുസ്തകത്തിൽ നിർമ്മിതബുദ്ധി എങ്ങനെ തൊഴിലാളികൾക്കിടയിൽ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നു എന്ന് പരാമർശിക്കുന്നുണ്ട്. അവരുടെ പുസ്തകത്തിന്റെ ശീർഷകം തന്നെ ‘അരക്ഷിതാവസ്ഥയുടെ യുഗം’ (The Age of Insecurity) എന്നതാണ്. ആസ്ട്രയുടെ നിലപാടുകൾ മുതലാളിത്തത്തിന്റെ തുടർച്ച എന്നതിൽ ഊന്നുന്നതാണ്. ആധുനികസാങ്കേതികവിദ്യകൾ മുതലാളിത്തം ചെയ്തിരുന്നതിന്റെ തുടർച്ച തന്നെയാണ് നടപ്പിലാക്കുന്നത് എന്ന് ഇതിനെ വായിക്കാം.

നിർമ്മിതബുദ്ധി എന്നത് പ്രത്യക്ഷമായി തന്നെ മനുഷ്യൻ ചെയ്തിരുന്ന തൊഴിൽ ഏറ്റെടുക്കുന്നുണ്ട് എന്നത് പകൽ പോലെ വ്യക്തമല്ലേ എന്ന ചോദ്യം ചില വായനക്കാർക്കിടയിലെങ്കിലും ഉണ്ടായേക്കാം. നിർമ്മിതബുദ്ധിയുടെ ഏറ്റവും വലിയ വക്താക്കൾ ചൂണ്ടിക്കാണിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഉദാഹരണം ഡ്രൈവറില്ലാത്ത കാറുകളുടേതാവും. വളയം നിയന്ത്രിച്ചിരുന്ന മനുഷ്യനില്ലാത്ത കാറുകൾ കാലിഫോർണിയയുടെ തെരുവുകളിൽ ഇന്നുള്ളത് ഏറ്റവും പ്രകടമായ ഓട്ടോമേഷൻ ഉദാഹരണമായി കാണാൻ എളുപ്പമാണ്.

വയ്‌മൊയുടെ ഡ്രൈവറില്ലാ കാർ

പക്ഷെ, ഇവിടെയാണ് നാം ഒരൽപം കൂടുതൽ സൂക്ഷ്മത പാലിക്കേണ്ടത്. ഡ്രൈവർ വളയത്തിന് പിന്നിൽ ഇല്ല എന്നത് ശരി തന്നെ. പക്ഷെ, അതുകൊണ്ടു യന്ത്രം പൂർണ്ണമായും തൊഴിൽ ഏറ്റെടുത്തു എന്ന് കരുതാമോ? അങ്ങനെ കരുതേണ്ടതില്ല എന്നതാണ് യാഥാർഥ്യം. ഡ്രൈവർ ഇല്ലാതിരിക്കുമ്പോൾ തന്നെ ഡ്രൈവറില്ലാ കാറുകൾ അദ്ധ്വാനതീക്ഷ്ണമായ ഒരു വ്യവസായമാണ്. കാറിന്റെ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങളുടെ ലേബലിംഗ് തൊഴിൽ ഏറ്റെടുക്കുന്നത് നിരവധിയായ മനുഷ്യരാണ്. അതുപോലെ തന്നെ കാർ നിരത്തിൽ ഓടുമ്പോൾ തന്നെ അതിനെ കൺട്രോൾ റൂമിൽ ഇരുന്നു നിരീക്ഷിക്കുന്ന മറ്റു തൊഴിലുകളും വയ്‌മോ എന്ന ഡ്രൈവറില്ലാ കാർ നടത്തിപ്പ് കമ്പനിയിൽ ഉണ്ട്. സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകൾ സൃഷ്ടിക്കുന്ന മനുഷ്യാദ്ധ്വാനതീക്ഷ്ണമായ ക്രമീകരണത്തെക്കുറിച്ചു ഒരു ലേഖനം വരുന്നത് പൊതുവിൽ വലതു നിലപാടുകൾ സ്വീകരിക്കുന്ന ഫിനാൻഷ്യൽ ടൈംസിലാണ് എന്നതും ഇവിടെ ശ്രദ്ധേയമാണ്.

സാങ്കേതികവിദ്യകളെ വിമർശനപരമായി വിലയിരുത്തുന്ന ജൊയാൻ മക്നീൽ എന്ന എഴുത്തുകാരിയുടെ 2023 നോവലായ ‘റോങ്ങ് വേ’ എന്നതിൽ ഇത്തരം പുതിയ അദൃശ്യ തൊഴിലുകളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. നോവലിലെ ഒരു കഥാപാത്രം തൊഴിലിനായി തിരയുമ്പോൾ ശ്രദ്ധയിൽപ്പെടുന്ന ഒരു തൊഴിൽ ഒരു കാർ ഡ്രൈവറിന്റെ തൊഴിലാണ്. പക്ഷെ, കാറിൽ ഇരുന്നു കൊണ്ടല്ല ഡ്രൈവ് ചെയ്യേണ്ടത്. കൺട്രോൾ റൂമിൽ ഇരുന്നു കൊണ്ട് നിരത്തിൽ പ്രയാണം ചെയ്യുന്ന കാർ നിയന്ത്രിക്കുക എന്നതാണ് തൊഴിൽ! സമകാലിക യാഥാർഥ്യങ്ങളെ നോവലിലെ കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ജൊയാൻ തന്റെ കൃതിയിലൂടെ ചെയ്യുന്നത്.

Fauxtomation എന്ന ആശയത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും നിർമ്മിതബുദ്ധി നിരവധിയായ പുതിയതും നിലവാരത്തിലും വേതനത്തിലും താഴെ നിൽക്കുന്നതുമായ തൊഴിലുകൾ സൃഷ്ടിക്കുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്, പലപ്പോഴും ഇവയൊക്കെ പിന്നണിയിലെ തൊഴിലുകൾ ആയതുകൊണ്ട് നമുക്ക് അതൊന്നും ദൃശ്യമാകുന്നില്ല എന്ന് മാത്രം. ഇത്തരം പുതിയ തൊഴിലുകളുടെ അദൃശ്യത വർഗ്ഗരാഷ്ട്രീയമുന്നേറ്റങ്ങൾക്ക് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടാവണം.

സമൃദ്ധിയിലേക്കുള്ള വാതായനം 

മേൽപ്പറഞ്ഞ തുടർച്ചയിലൂന്നിയ നിലപാടിന് നേർവിപരീതം എന്ന് പോലും തോന്നിയേക്കാവുന്ന മറ്റൊരു ഇടത് നിലപാടിലേക്കാണ് നാം കടക്കുന്നത്. നിർമ്മിതബുദ്ധിയിലൂടെ പരമ്പരാഗതമായി മനുഷ്യൻ ചെയ്തിരുന്ന – മനുഷ്യകർതൃത്വം (human agency) ആവശ്യമുള്ള – തൊഴിലുകൾ പോലും ഏറ്റെടുക്കുന്നതിലൂടെ മനുഷ്യരെ ജോലി ചെയ്യുന്നതിൽ നിന്നും ആത്യന്തികമായി പൂർണ്ണമായി മോചിപ്പിക്കാൻ ശേഷിയുള്ള ഒരു സാങ്കേതികവിദ്യയായി കാണുകയാണിവിടെ.

ഇടതുപക്ഷചിന്തയ്ക്ക് പുറത്തും നിർമ്മിതബുദ്ധിയുടെ കർതൃത്വശേഷി എന്നത് വലിയ പിന്തുണയുള്ള നിലപാടാണ്. യുവൽ ഹരാരി എന്ന പ്രമുഖ എഴുത്തുകാരൻ ഡിസംബർ 2023 ൽ ട്വീറ്റ് ചെയ്തത് സ്വന്തമായി തീരുമാനമെടുക്കാൻ ശേഷിയുള്ള ചരിത്രത്തിലെ ആദ്യസങ്കേതികവിദ്യയാണ്‌ നിർമ്മിതബുദ്ധി എന്നാണ്. മുസ്തഫ സുലൈമാൻ എന്ന വിഖ്യാതനായ നിർമ്മിതബുദ്ധി ഗവേഷകൻ – പല നിർമ്മിതബുദ്ധി കമ്പനികളുടെയും സ്ഥാപകനാണിദ്ദേഹം  – ഇപ്പോൾ ഏർപ്പെട്ടിട്ടുള്ളത് മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ തീരുമാനങ്ങൾ പോലും നിർമ്മിതബുദ്ധിയെ ഏൽപ്പിക്കുന്നതിലേക്ക് വഴിതുറക്കാനുള്ള സാങ്കേതികവിദ്യ നിർമ്മിക്കുന്നതിലാണ്.

Source: https://twitter.com/harari_yuval/status/

നിർമ്മിതബുദ്ധി അടക്കമുള്ള നവസാങ്കേതികവിദ്യകൾ മുതലാളിത്തത്തിന്റെ സാമ്പ്രദായിക രീതികളിൽ നിന്നും വ്യത്യസ്തമാണെന്നും അവ ഒരു മുതലാളിത്തനാന്തര ക്ഷേമകാലത്തേക്ക് വഴിയൊരുക്കും എന്ന നിലപാടിൽ ഊന്നി നിൽക്കുന്ന ഒരു പുസ്തകമാണ് ഇടതു പ്രസാധകരായ വെർസോ പ്രസിദ്ധീകരിച്ചിട്ടുള്ള ‘പൂർണ്ണമായും യന്ത്രവൽകൃതമായ ആഡംബര കമ്മൂണിസം’ (Fully Automated Luxury Communism) എന്ന പുസ്തകം. ഈ ധാരയിലെ ചിന്ത പ്രകടിപ്പിക്കുന്നത് നിർമ്മിതബുദ്ധിയിലൂടെ ഒരുവിധം തൊഴിലൊക്കെ യന്ത്രവൽക്കരിച്ചു കഴിഞ്ഞാൽ ഒരുപാട് വിശ്രമവേളകൾ ഉള്ള ഒരു ലോകം ഉണ്ടാവും എന്ന പ്രത്യാശയാണ്.

ഇത് മാർക്സിന്റെ തന്നെ ചിന്തകളിലെ സോഷ്യലിസ്റ്റ് വ്യവസ്ഥ ഒരുപാട് വിശ്രമവേളകൾ ഉള്ള ഒന്നായിരിക്കണം എന്ന ആശയവുമായി ചേർന്ന് നിൽക്കുന്ന ഒന്നാണ് എന്ന് കൂടി ഇവിടെ നിരീക്ഷിക്കേണ്ടതുണ്ട്. ‘ജോലി ചെയ്യാതിരുന്നാൽ ജീവിക്കാൻ കാശ് വേണ്ടേ?’ എന്ന് ചോദിക്കുന്നവരോടും ഈ നിലപാടുകളിൽ ഉത്തരമുണ്ട്. യന്ത്രങ്ങൾ നിർമ്മിക്കുന്ന മൂല്യത്തിന്റെ ഒരു പങ്ക് നികുതിയിനത്തിൽ സർക്കാരിലേക്ക് എത്തിച്ചു ‘സാർവദേശീയ അടിസ്ഥാന വേതനം’ (universal basic income – UBI) എന്ന നിലയിൽ എല്ലാവർക്കുമായി വിതരണം ചെയ്യും എന്നതാണ് അതിനുള്ള മറുപടി. UBI എന്നതിനെ തൊഴിലില്ലായ്മ വേതനം എന്ന് കാണരുത് – കഷ്ടിച്ച് കഴിഞ്ഞു കൂടാൻ ഉള്ള നിലവാരത്തിലല്ല, ഒരു മധ്യവർഗ്ഗ ജീവിതം സാധ്യമാകുന്ന (ഒരു വാർഷിക വിദേശ ടൂർ ഉൾപ്പെടെ എന്ന് വേണമെങ്കിൽ കരുതാം) നിലവാരത്തിലാവും അത് നിശ്ചയിക്കുക. ഇങ്ങനെ വന്നാൽ മനുഷ്യർക്ക് ആടിയും പാടിയും ഉല്ലസിച്ചും കഴിയാം (ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ മറക്കരുത്!), നിർമ്മാണപ്രവൃത്തികൾ മുഴുവൻ സാങ്കേതികവിദ്യകൾ നോക്കിക്കോളും.

ഈ നിലപാടിനോട് പലതരം വിമർശനങ്ങൾ ഇടതുപക്ഷത്ത് നിന്ന് തന്നെയുണ്ട്. ഒന്നാമത്, ഇത്രയും ആർഭാടം ആവശ്യമാണോ എന്നതും, ആ ആർഭാടം സാധ്യമാക്കാൻ പ്രകൃതിചൂഷണം വലിയ തോതിൽ വേണ്ടിവരില്ലേ എന്നതും. രണ്ടാമത്, സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ എല്ലാവർക്കും ഉള്ള വിശ്രമവേളകളായി വിതരണം ചെയ്യാൻ അത്തരം സാങ്കേതികവിദ്യകളെ  ഇന്നത്തെ മുതലാളിത്ത ഭരണക്രമത്തിൽനിന്നും വിടുവിക്കേണ്ടതുണ്ട്. മുതലാളിത്തക്രമത്തിനകത്ത് ഒരു സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന കാര്യക്ഷമത കുറച്ചു തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്കും അതിലൂടെ ലാഭം വർദ്ധിപ്പിക്കുന്നതിലേക്കും ആയിട്ടാണ് ഉപയോഗിക്കുന്നത് – ആ കാര്യക്ഷമതയെ വിശ്രമവേളകളായി എല്ലാ തൊഴിലാളികൾക്കും വിതരണം ചെയ്യാൻ ലാഭകേന്ദ്രീകൃത മുതലാളിത്തത്തിന് താൽപര്യമില്ല. സാങ്കേതികവിദ്യയെ ഒരു ജനാധിപത്യ/സഹകരണ ഭരണക്രമത്തിൽ എത്തിച്ചാൽ മാത്രമേ അതിന്റെ ഗുണഫലങ്ങളെ എല്ലാവരിലേക്കും വിതരണം ചെയ്യുന്ന ഒരു രീതി അവലംബിക്കാൻ സാധിക്കൂ. നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ മുതലാളിത്തബന്ധം നേർപ്പിക്കുവാനോ പൂർണ്ണമായി വിച്ഛേദിക്കുവാനോ സാധിക്കുമോ എന്നതിൽ ശുഭപ്രതീക്ഷ വെച്ച് പുലർത്തുന്നവർ അധികമില്ല. മൂന്നാമത്, ഇങ്ങനെ മനുഷ്യർക്ക് ഒന്നും ചെയ്യാനില്ലാത്ത ഒരു കാലത്ത് സാമൂഹികബന്ധങ്ങളും സാഹോദര്യവും എങ്ങനെ പുലരും എന്നും മനുഷ്യരാശിയുടെ സാമൂഹികസാംസ്കാരിക വികാസപരിണാമങ്ങൾ എങ്ങനെ സാധ്യമാകും എന്ന ചോദ്യങ്ങളും ബാക്കിയാണ്. കൂടാതെ മാറിമാറിവരുന്ന ആഗോളപ്രതിസന്ധികളെ – അതിപ്പോൾ കാലാവസ്ഥ പ്രതിസന്ധിയോ, മറ്റെന്തെങ്കിലുമോ ആവാം – അഭിസംബോധന ചെയ്യുന്നതിലേക്കായി നിർമ്മാണപ്രക്രിയ നവീകരിക്കണമെങ്കിൽ ഒരു പൂർണ്ണയന്ത്രവല്കൃത സമൂഹത്തിന് എങ്ങനെ അതിനു സാധിക്കും എന്നതും കുഴക്കുന്ന ഒരു ചോദ്യം തന്നെ. ഇടതുവിമർശനങ്ങൾക്ക് പുറമെ ഇങ്ങനെ വിശ്രമവേളകൾ പൊതുജനത്തിന് വിതരണം ചെയ്‌താൽ അത് മനുഷ്യരെ മടിയന്മാരാക്കും എന്ന വലതുപക്ഷധ്വനിയുള്ള വിമർശനങ്ങളും ഈ ആർഭാട-കമ്മ്യൂണിസം നിലപാടിന് നേരെ ഉയരുന്നുണ്ട്.

മറ്റു നിലപാടുകൾ 

മേൽപ്പറഞ്ഞ രണ്ടു നിലപാടുകൾ കൂടാതെ അനേകം ഇടത് നിലപാടുകൾ വേറെയും ഉണ്ട്. ഇവയിൽ ചിലതിലൂടെ ഒന്ന് വേഗം കണ്ണോടിക്കാം.

മാർക്സിസ്റ്റ് ചിന്താധാരയിൽ നിന്നും വന്നിട്ടുള്ള ‘Inhuman Powerഎന്ന പുസ്തകത്തിലെ വാദങ്ങൾ ശ്രദ്ധേയമാണ്. ഇവർ നിർമ്മിതബുദ്ധിയുടെ വളർച്ചയെ വിമർശപരമായി വിലയിരുത്തേണ്ടതിന്റെയും അതിന്റെ ഇന്നത്തെ മുതലാളിത്തവുമായി ചങ്ങാത്തത്തിൽ ഉള്ള വളർച്ചയെ ചെറുക്കേണ്ടതിന്റെയും കൂടുതൽ മാനുഷികമായ ദിശയിലേക്ക് നിർമ്മിതബുദ്ധിയെ നയിക്കേണ്ടതിന്റെയും ആവശ്യകത്തിലേക്കും വിരൽചൂണ്ടുന്നു. മേൽപ്പറഞ്ഞ മൂന്നു ദിശകളും ഉൾപ്പെടുന്ന ഒരു നിർമ്മിതബുദ്ധി നവോത്ഥാനം എന്ന അനന്യ രാഷ്ട്രീയമുന്നേറ്റം ആവശ്യമാണ് എന്നതാണ് അവർ പറഞ്ഞുവെയ്ക്കുന്നത്.

മുതലാളിത്ത തുടർച്ചയിലൂന്നുന്ന ആദ്യനിലപാടും നിർമ്മിതബുദ്ധി എല്ലാവരുടെയും ഗുണത്തിലേക്ക് നയിക്കും എന്നും പ്രത്യാശയിൽ ഊന്നുന്ന രണ്ടാം നിലപാടും അത്തരം ഒരു നിർമ്മിതബുദ്ധി നവോത്ഥാനത്തോട്, അതിന്റെ രാഷ്ട്രീയത്തോട്, രണ്ടു രീതിയിലാണെങ്കിലും ഒരേ അളവിൽ ഉദാസീനത പുലർത്തുന്നു എന്ന് നിരീക്ഷിക്കുന്നുണ്ട്. നിർമ്മിതബുദ്ധി സൃഷ്ടിക്കുന്ന സവിശേഷമായ രാഷ്ട്രീയ പ്രശ്നങ്ങളെ സവിശേഷമായ ഒരു രാഷ്ട്രീയപ്രക്രിയയിലൂടെ നേരിടേണ്ടതിന്റെ ആവശ്യമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്.

നിർമ്മിതബുദ്ധി സൃഷ്ടിക്കുന്നത് പുതിയ തരം വെല്ലുവിളികളാണ് എന്ന് തന്നെയാണ് മറ്റൊരു പുസ്തകമായ ‘Resisting AI’യിലും ഉന്നയിക്കുന്നത്. പുതിയ തരമെങ്കിലും അത്യന്തം ഫാഷിസ്റ്റ് രീതികളാണ് നിർമ്മിതബുദ്ധിയിലൂടെ നടപ്പിലാവുന്നത് എന്നതാണ് രചയിതാവായ ഡാൻ മക്ക്വില്ലൻ ആർജ്ജവത്തോടെ വാദിക്കുന്നത്. ഇതിനെ ചെറുക്കാൻ തൊഴിലാളി കൗൺസിലുകളിൽ കേന്ദ്രീകരിച്ചുള്ള ഒരു പുതിയ രാഷ്ട്രീയത്തിനേ കഴിയൂ എന്നും അദ്ദേഹം വാദിക്കുന്നു. തൊഴിലാളി കൗൺസിലുകളിലൂടെ ഒരു ജനാധിപത്യ-സഹകരണ സംവിധാനം നിർമ്മിതബുദ്ധിയെ നിയന്ത്രിക്കണം എന്ന് ഈ നിലപാടിനെ വായിക്കാം.

സംഗ്രഹം

മുതലാളിത്തത്തുടർച്ച എന്ന രീതിയിൽ നിർമ്മിതബുദ്ധിയെ കണ്ടാലും, പ്രത്യാശയേകുന്ന ക്ഷേമനിർമ്മിതിക്കുള്ള ശേഷി അതിൽ നിരീക്ഷിച്ചാലും, സവിശേഷമായ വെല്ലുവിളികൾ അവ ഉയർത്തുന്നതായി വാദിച്ചാലും ഇന്നത്തെ നിർമ്മിതബുദ്ധി പ്രത്യക്ഷമായും പരോക്ഷമായും മുതലാളിത്ത ചങ്ങാത്തം പുലർത്തുന്നുണ്ട് എന്നത് വ്യത്യസ്ത ഇടത് നിലപാടുകൾ ഒത്തുചേരുന്ന ഒരു നിലപാടുതുറയാണ്. അതുപോലെ തന്നെ നിർമ്മിതബുദ്ധി സാമൂഹിക അഭിവൃദ്ധിക്ക് വേണ്ടിയുള്ളതാവണം എന്നതും ലാഭേച്ഛയ്ക്കുള്ള പുതിയ ഒരു ദിശയായി അത് പരിണമിക്കരുത് എന്ന ഇടത് വീക്ഷണകോണും ഇവയിലെല്ലാം ശക്തിയോടെ പ്രതിഫലിക്കുന്നുണ്ട്. ഇന്നത്തെ നിർമ്മിതബുദ്ധിയെക്കുറിച്ചുള്ള വീക്ഷണങ്ങളിൽ നിലപാടുകൾ തമ്മിൽ വൈവിധ്യങ്ങൾ ഉണ്ടെങ്കിലും ഇവയെല്ലാം തന്നെ ബഹുജനസമൃദ്ധിയിലേക്ക് നയിക്കുന്ന തരത്തിൽ ക്രമീകരിക്കപ്പെടുന്ന ഒരു നിർമ്മിതബുദ്ധി ധാരയെക്കുറിച്ചു പ്രതീക്ഷയും വെച്ചുപുലർത്തുന്നുണ്ട്.


സസൂക്ഷ്മം – പംക്തി ഇതുവരെ


പോഡ്കാസ്റ്റുകൾ


അനുബന്ധ വായനയ്ക്ക്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ എൻസൈമുകളുണ്ട്
Next post 2024 ലെ ആകാശ വിസ്മയങ്ങൾ
Close