Read Time:40 Minute

ഭാവിയിൽ മനുഷ്യർക്ക് മറഞ്ഞു നിൽക്കാനിടം കിട്ടുമോ ?

സർവെയ്‌ലൻസിന്റെ സർവ്വവ്യാപിത്വത്തിന്റെ കാലത്ത് മനുഷ്യർക്ക് മറഞ്ഞു നിൽക്കാനൊക്കുന്ന ഇടങ്ങൾ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്തതലങ്ങളിലും ചെന്നെത്തിയിട്ടുള്ള ബൃഹത് ശൃംഖലയിൽ മറഞ്ഞിരിക്കുക ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമാണ്. പുതിയ സാങ്കേതികവിദ്യകളുടെ സർവെയ്‌ലൻസ് സാധ്യതകൾ ഭരണകൂടങ്ങൾ അപകടരമാംവിധം പ്രയോജനപ്പെടുത്തുന്നകാലം വിദൂരമല്ല.

ഓർവെല്ലിയൻ ഭാവനയെ വെല്ലുന്ന സാങ്കേതികവിദ്യകൾ 

ഒരിക്കലും ഉറങ്ങാതെ എല്ലാം കാണുന്ന ഒരു കഥാപാത്രമുണ്ട് ഗ്രീക്ക് പുരാണങ്ങളിൽ. ശരീരത്തിന് ചുറ്റും നൂറു കണക്കിന് കണ്ണുകളുള്ള ഭീമാകാരനായ ആർഗോസ് പനോപ്റ്റസ്. ഏറ്റവും ശക്തനായ ഒരു കാവലാളിന്റെ ആദിരൂപം. തത്ത്വചിന്തകനായ ജെറമി ബെൻതാം പതിനെട്ടാം നൂറ്റാണ്ടിൽ ഒരു ജയിലിലെ എല്ലാ തടവുകാരെയും ഒരേ സമയം നിരീക്ഷിക്കാനുതകുന്ന ഒരു തടവറ രൂപകല്പന ചെയ്തപ്പോൾ അതിനെ പനോപ്റ്റികോൺ എന്ന് വിളിച്ചത് ഈ മിത്തിനെ ഓർത്തായിരുന്നു.

പനോപ്റ്റികോൺ – മാതൃക

നേർക്കാഴ്ചക്ക് (line of sight) പുറത്തുള്ള വസ്തുക്കളെ പനോപ്റ്റസിന് കാണാൻ പറ്റുമായിരുന്നോ എന്നറിയില്ല. മനുഷ്യർക്കാകില്ല. സാധാരണ ക്യാമറകണ്ണുകൾക്കും. ഈ പരിമിതിയെ മറികടക്കാനൊക്കുന്ന ഒരു സെൻസർ (sensor) ചൈനയിലെ ടിയാൻജിൻ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തതായി ഈയിടെ IEEE Spectrum ത്തിൽ വായിച്ചു. തീർത്തും പുതിയ ഒരു കാര്യമല്ല ‘non-line-of-sight imaging‘ സാങ്കേതികവിദ്യ. ക്യാമറയുടെ നോട്ടമെത്താത്ത വസ്തുക്കളിൽ നിന്നുള്ള പ്രകാശകിരണങ്ങൾ അതിന് ദൃശ്യമായ പ്രതലങ്ങളിൽ പരോക്ഷമായി പ്രതിഫലിക്കുന്നത് വിശകലനം ചെയ്ത് ആ വസ്തുക്കളുടെ ചിത്രം പകർത്താനുള്ള ശ്രമങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, ദൃശ്യപ്രകാശത്തേക്കാൾ കൂടുതൽ തരംഗ ദൈർഘ്യമുള്ള ഇൻഫ്രാറെഡ് വികിരണങ്ങൾ ഉപയോഗിക്കുക വഴി ഈ പ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കുന്നു എന്നതാണ് പുതിയ കണ്ടുപിടുത്തത്തെ ശ്രദ്ധേയമാക്കുന്നത്.

‘non-line-of-sight imaging‘- ക്യാമറയുടെ നോട്ടമെത്താത്ത വസ്തുക്കളിൽ നിന്നുള്ള പ്രകാശകിരണങ്ങൾ അതിന് ദൃശ്യമായ പ്രതലങ്ങളിൽ പരോക്ഷമായി പ്രതിഫലിക്കുന്നത് വിശകലനം ചെയ്ത് ആ വസ്തുക്കളുടെ ചിത്രം പകർത്തുന്ന സാങ്കേതികവിദ്യ – ചിത്രം കടപ്പാട് : Xiaolong Hu/Tianjin University

പ്രയോജനങ്ങളേറെയുണ്ട് ഈ സാങ്കേതികവിദ്യക്ക്. ആ വാർത്തയിൽ സൂചിപ്പിച്ചതു പോലെ ഡ്രൈവറില്ലാ സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് അവയുടെ വഴിയിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ മുൻകൂട്ടി കണ്ടത്താൻ ഇത് ഉപയോഗപ്പെടുത്താം. അതുപോലെ, ശരീരത്തിനകത്തേക്ക് കാഴ്ച്ചയെത്തിക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന എൻഡോസ്കോപ്പ് പോലുള്ള ഉപകരണങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും ഇത്തരം സെൻസറുകൾക്ക് കഴിഞ്ഞേക്കാം. എന്നിരുന്നാലും ഇതിനെ കുറിച്ചുള്ള ചിന്തകൾ അലോസരപ്പെടുത്തുന്ന ചില ആലോചനകളിലേക്കു കൂടെ വഴിമാറി. ഇങ്ങനെയുള്ള ഓരോ സാങ്കേതികവിദ്യയും മനുഷ്യർക്ക് മറഞ്ഞിരിക്കാനൊക്കുന്ന ഇടങ്ങൾ ഇല്ലാതാക്കുക കൂടിയാണല്ലോ എന്ന ആശങ്ക. പുതിയ, കൂടുതൽ ശക്തമായ, പനോപ്റ്റികോണുകൾ ഉണ്ടാകുക ഇങ്ങനെയൊക്കെയാണ്. പഴുതുകളില്ലാത്ത നിരന്തര നിരീക്ഷണത്തിനുള്ള വഴികൾ.

ജോർജ് ഓർവെല്ലിന്റെ 1984 ആണ് ഓർമ്മയിൽ വന്നത്. ആ നോവൽ തുടങ്ങുന്നത് നായക കഥാപാത്രമായ വിൻസ്റ്റൺ ഒരു ഡയറി എഴുതാൻ തയ്യാറെടുക്കുമ്പോഴാണ്. കഥ നടക്കുന്ന ഓഷ്യാന എന്ന സാങ്കല്പിക രാഷ്ട്രത്തിൽ ഒരു വ്യക്തി ചെയ്തുകൂടാത്ത കുറ്റകൃത്യമാണ് ഡയറിയെഴുത്ത്. ഭരണാധികാരിയും പരമോന്നത നേതാവുമായ ബിഗ് ബ്രദറിനോടുള്ള പൂർണവിധേയത്വം ഓരോ പൗരനിൽ നിന്നും ആവശ്യപ്പെടുന്ന ഓഷ്യാനയിൽ സ്വകാര്യ ചിന്തകൾ പകർത്തുക നിയമവിരുദ്ധമാണ്. കണ്ടുപിടിക്കപ്പെടുകയാണെങ്കിൽ, വധശിക്ഷയോ അല്ലെങ്കിൽ ഏതെങ്കിലും ലേബർ ക്യാമ്പിൽ 25 വർഷം തടവെങ്കിലുമോ കിട്ടിയേക്കാവുന്ന വലിയ കുറ്റം.

Inspired by George Orwell’s 1984 – Digital Art : Guillaume Morellec

വീട്ടിനകത്തു പോലും ഓരോ പൗരന്റെയും ചലനങ്ങളെയും നിരന്തരമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ട് അവിടെ. രാപകലില്ലാതെ മസ്തിഷ്ക പ്രക്ഷാളനം ലക്ഷ്യമാക്കുന്ന സംപ്രേക്ഷണങ്ങൾ നടത്തുകയും അതിനോടൊപ്പം പൗരന്മാരെ നിരീക്ഷിക്കുകയും ചെയ്യുന്ന ടെലിസ്‌ക്രീനുകൾ. ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ അവസാനവർഷങ്ങളിലായിരുന്നു ഓർവെൽ ഈ നോവൽ എഴുതുന്നത്. അപ്പോഴേക്കും ടിവി യുടെ ഉപയോഗം പ്രചാരത്തിൽ ആയി കഴിഞ്ഞിരുന്നു. അതുകൊണ്ടായിരിക്കണം ഒരേ സമയം നിരീക്ഷണവും സംപ്രേക്ഷണവും സാധ്യമാകുന്ന ടെലിസ്‌ക്രീനുകൾ തീർക്കുന്ന ഒരു പനോപ്റ്റികോൺ അദ്ദേഹത്തിന്റെ ഭാവനയിൽ ഉദിച്ചത്.

അങ്ങിനെയൊരു നിരീക്ഷണവലയത്തിനുള്ളിൽ ആയിട്ടും പോലും ഡയറി എഴുതുക എന്ന വിമതവൃത്തിയിൽ ഏർപ്പെടാൻ വിൻസ്റ്റനായി. തന്റെ അപ്പാർട്ട്‌മെന്റിന്റെ രൂപരേഖയിലെ ഒരു പ്രത്യേകത ആയിരുന്നു അയാളെ അതിനു സഹായിച്ചത്. ടെലിസ്‌ക്രീനിൽ നിന്ന് മറഞ്ഞിരിക്കുന്ന ഒരു ചെറുമൂല. ഓർവെൽ 1984 എഴുതുന്നത് ഇന്നായിരുന്നെങ്കിൽ, മേല്പറഞ്ഞ non-line-of-sight imaging കുറിച്ചുള്ള വാർത്ത വായിക്കാൻ ഇടയായിരുന്നെങ്കിൽ, വിൻസ്റ്റനെ എവിടെയിരുത്തിയായിരിക്കും ഡയറി എഴുതിക്കുക?

എല്ലാം കാണുന്ന അധികാരക്കണ്ണുകൾ 

1949 ലായിരുന്നു ഓർവെൽ ഈ നോവലെഴുതുന്നത്. ഹിറ്റ്ലറുടെ ജർമനിയിലേയും സ്റ്റാലിന്റെ റഷ്യയിലേയും എല്ലാ പരിധികളും ലംഘിക്കപ്പെട്ട അധികാര ദുർവിനിയോഗത്തിന്റെ നൃശംസതകളായിരുന്നു അതിനു പ്രേരണയായത്. പക്ഷെ, ആ നോവലിൽ വിഭാവനം ചെയ്തിട്ടുള്ളത് പോലെ വ്യക്തികളെ നിരന്തര നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരിക അക്കാലത്ത് അപ്രായോഗികമായിരുന്നു. യന്ത്രകണ്ണുകളുടെയും കാതുകളുടെയും പരിധിക്കു പുറത്തുള്ള ഒരിടം കണ്ടെത്താൻ വേണമെങ്കിൽ ഒരു വ്യക്തിക്ക് എളുപ്പത്തിൽ സാധിക്കുമായിരുന്നു. മൂന്നര പതീറ്റാണ്ടുകൾക്ക് ശേഷം 1984 യഥാർത്ഥത്തിൽ വന്നെത്തിയതിന് ശേഷവും ആ സ്ഥിതി തുടർന്നു.

എന്നാൽ ഇന്ന് അത് അത്ര എളുപ്പമല്ല. മനുഷ്യർക്ക് മറഞ്ഞു നിൽക്കാനൊക്കുന്ന ഇടങ്ങൾ അതിവേഗം അപ്രത്യക്ഷമാകുകയാണ്. 2013-ൽ എഡ്വേർഡ് സ്നോഡൻ നടത്തിയ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെ PRISM പ്രോജെക്റ്റിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഓർക്കുക. അമേരിക്കൻ പൗരന്മാരടക്കമുള്ള പൊതുജനങ്ങളുടെ ഇമെയിലുകളും ഫോൺസംഭാഷണങ്ങളും അവരുടെ സമ്മതമില്ലാതെ ശേഖരിക്കാനും വിശകലനം ചെയ്യാനും കഴിയുന്ന അതിബൃഹത്തായ ഒരു സംവിധാനം ആയിരുന്നു അത് എന്നാണ് സ്‌നോഡൻ പറഞ്ഞത്.

സമഗ്രാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങൾക്ക് കീഴിൽ മാത്രമല്ല ഇങ്ങനെയുള്ള പൗരവകാശ ധ്വംസനങ്ങൾ നടക്കുന്നതെന്ന് തെളിയിച്ചു സ്നോഡൻ പുറത്തുവിട്ട രേഖകൾ. പാർലമെന്ററി ജനാധിപത്യത്തിലും വ്യക്തിസ്വാതന്ത്ര്യം അടക്കമുള്ള മനുഷ്യാവകാശങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന, ഈ ആദർശങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും ഭരണഘടനാപരമായ പരിരക്ഷയുള്ള, രാജ്യങ്ങളിലും ഇതൊക്കെ നടക്കാം. മറിച്ചെന്തൊക്കെ പറഞ്ഞാലും എല്ലാ അധികാരസ്ഥാനങ്ങളും വിമതസ്വരങ്ങളെ ഭയപ്പെടുന്നു എന്നതാണ് വാസ്തവം. ഏറ്റകുറച്ചിലുകൾ ഉണ്ടാകാമെങ്കിലും, അധികാരത്തിന്റെ അതിജീവനത്വരയിൽ ആഴത്തിൽ ഉൾച്ചേർന്നിട്ടുള്ളതാണ് ഈ ഭയം. അതുകൊണ്ട് ഭരണീയരെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാൻ ഭരണകർത്താക്കൾ എന്നും ശ്രമിച്ചു പോന്നിട്ടുണ്ട്.

ആധുനിക വിവര സാങ്കേതികവിദ്യകളുടെ സർവവ്യാപിത്വവും ശൃംഖലാസ്വഭാവവും കാരണം ഇന്ന് സർവെയ്‌ലൻസിന് ഇതുവരെ ഉണ്ടായിട്ടില്ലാത്ത അവസരങ്ങൾ തുറന്നു കിട്ടിയിരിക്കുന്നു എന്നുമാത്രം. മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ, CCTV-കൾ, സാറ്റലൈറ്റുകൾ, അവയെ എല്ലാം കോർത്തിണക്കുന്ന ഇന്റർനെറ്റ്… മനുഷ്യരുടെ ജീവിതത്തിന്റെ സമസ്തതലങ്ങളിലും ചെന്നെത്തിയിട്ടുള്ള ഈ ബൃഹത് ശൃംഖലയിൽ മറഞ്ഞിരിക്കുക ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമാകുന്നു.

പുതിയ സാങ്കേതികവിദ്യകളുടെ സർവെയ്‌ലൻസ് സാധ്യതകൾ ഭരണകൂടങ്ങൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാകുന്നു എന്നതിന് തെളിവാണ് 2010 ൽ പ്രവർത്തനം ആരംഭിച്ച ഇസ്രായേലി സൈബർ-ഇൻ്റലിജൻസ് സ്ഥാപനമായ NSO ഗ്രൂപ്പിന്റെ പെഗാസസ് എന്ന സ്പൈവെയറിന് ലഭിച്ച സ്വീകാര്യത. സ്മാർട്ട് ഫോണുകളെ ഹാക്ക് ചെയ്ത്, ഉടമകകൾക്ക് സംശയമൊന്നുമുണർത്താതെ സന്ദേശങ്ങളും ഫോട്ടോകളും ഇമെയിലുകളും ചോർത്താൻ കഴിയും എന്നതാണ് ഈ സോഫ്റ്റ്‌വേറിന്റെ പ്രത്യേകത. പക്ഷെ, ചിലവു കുറഞ്ഞ ഒരു ഏർപ്പാടല്ല അത്. 2016 ലെ ഒരു ന്യൂയോർക്ക് ടൈംസ് റിപ്പോർട് പ്രകാരം 10 ഫോണുകളിൽ പെഗാസസ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ചെലവ് 650,000 ഡോളർ ആയിരുന്നു. അതിനു പുറമെ 500,000 ഡോളർ സെറ്റ്-അപ്പ് ഫീസും. എന്നിട്ടും നിരവധി സർക്കാരുകൾ അതിന് വേണ്ടി മുതൽ മുടക്കാൻ തയ്യാറായി.

കുറ്റവാളികൾക്കും തീവ്രവാദികൾക്കും എതിരെ മാത്രം ഉപയോഗിക്കാനായി ഗവൺമെന്റുകൾക്ക് മാത്രം നല്കുന്ന ഒന്നാണ് പെഗാസസ് എന്നായിരുന്നു NSO-യുടെ ആദ്യം തൊട്ടേ ഉള്ള അവകാശവാദം. എന്നാൽ, 2020-ൽ ആംനസ്റ്റി ഇൻ്റർനാഷണലും മാധ്യമ സ്ഥാപനമായ ഫോർബിഡൻ സ്റ്റോറീസും മുഖേന ലഭിച്ച ഫോൺനമ്പറുകളെ ആധാരമാക്കി, വിവിധ രാജ്യങ്ങളിൽനിന്നുള്ള 17 മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ പെഗാസസിന്റെ വ്യാപകമായ ദുരുപയോഗമാണ് പുറത്തുവന്നത്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ, പത്രപ്രവർത്തകർ, അഭിഭാഷകർ തുടങ്ങി തങ്ങൾക്ക് അനഭിമതരായവരെ ലക്ഷ്യമിടാനായിരുന്നു പല ഭരണകൂടങ്ങളും ശ്രമിച്ചത് എന്നായിരുന്നു ആ റിപ്പോർട്ടുകൾ കാട്ടി തന്നത്. ഇന്ത്യയിൽ നിന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖർ ആ ലിസ്റ്റിൽ ഉണ്ടായിരുന്നു.

ഭരണകൂടങ്ങൾക്ക് സർവെയ്‌ലൻസിന് പെഗാസസ് പോലുള്ള ചിലവേറിയ സോഫ്റ്റ്‌വേറുകൾ തന്നെ വേണമെന്നില്ല. ടെക്നോളജി കമ്പനികളുടെ പിന്തുണ ഉണ്ടെങ്കിൽ ചിലവ് കുറഞ്ഞ മാർഗങ്ങൾ കണ്ടെത്താനും സാധ്യമാണ്. 2022 ജൂൺ മാസത്തിൽ മിറ്റു (Mitu) എന്ന തൂലികാ നാമത്തിൽ എഴുതുന്ന ഒരു ചൈനീസ് നോവലിസ്റ്റ് വിചിത്രമായ ഒരു ആരോപണവുമായി രംഗത്തെത്തി. എഴുതി വരികയായിരുന്ന ഒരു നോവലിന്റെ 1.3 ദശലക്ഷം അക്ഷരങ്ങളുള്ള കരട് പ്രതി ഉപയോഗിക്കുന്നതിൽ നിന്നും അവരെ അത് എഴുതാൻ ഉപയോഗിച്ച് കൊണ്ടിരുന്ന WPS എന്ന സോഫ്റ്റ്‌വേർ ഒരു ദിവസം മുന്നറിയിപ്പൊന്നും കൂടാതെ വിലക്കി എന്നായിരുന്നു പരാതി. നോവലിന്റെ ഉള്ളടക്കത്തിൽ വളരെ സെൻസിറ്റീവ് ആയ കാര്യങ്ങളുണ്ട് എന്നായിരുന്നുവത്രെ അത് കാരണമായി പറഞ്ഞത്. ഗൂഗിൾ ഡോക്കിന് സമാനമായി ചൈനയിൽ പ്രചാരത്തിലുള്ള ഒരു ക്‌ളൗഡ്‌ അധിഷ്ഠിത വേർഡ് പ്രോസസിംഗ് സോഫ്റ്റ്‌വേറാണ് WPS..

ഈ പരാതിയുടെ വാസ്തവത്തെ കുറിച്ച് ഉറപ്പില്ല. പക്ഷെ ഇത്തരം കാര്യങ്ങൾ അസംഭാവ്യമാണെന്ന് കരുതാൻ നിർവാഹമില്ല. തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ വിതരണം ചെയ്യുന്ന എല്ലാ ഉള്ളടക്കവും അവലോകനം ചെയ്യാൻ നിയമാനുസൃതം ബാധ്യസ്ഥരാണെങ്കിലും സ്വകാര്യഫയലുകൾ തങ്ങൾ സെൻസർ ചെയ്യാറില്ല എന്നാണ് WPS ഇതേകുറിച്ച് പ്രതികരിച്ചത്. മിറ്റുവിന്റെ ഈ വെളിപ്പെടുത്തലിന് ശേഷം വേറെയും എഴുത്തുകാർ സമാനമായ പരാതികൾ ഉന്നയിച്ചിട്ടുണ്ട്.

കലാകൃത്ത് Banksy ലണ്ടനിലെ ന്യീൻ സ്ട്രീറ്റിലെ ഗ്രാഫിറ്റി | ഫോട്ടോ : Carolina Alves (CC BY-SA 2.0)

അൽഗോരിതങ്ങൾ ഭാവിയിലേക്ക് കാഴ്ച്ച നീട്ടുമ്പോൾ 

പുതിയ കാലത്തെ സർവെയിലൻസ് സംവിധാനങ്ങൾ നമ്മൾ എന്തു ചെയ്തുകൊണ്ടിരിക്കുകയാണ് എന്നറിയുക മാത്രമല്ല ചെയ്യുന്നത്. സർവെയിലൻസിനോടൊപ്പം മെഷീൻ ലേർണിംഗ് അൽഗോരിതങ്ങൾ കൂടി ചേരുമ്പോൾ ഭാവിയിൽ നമ്മൾ എന്തു ചെയ്തേക്കാം എന്ന് മനസ്സിലാക്കാനുള്ള സാധ്യതകൾ കൂടെ തുറന്നിടപ്പെടുകയാണ്. സർവെയിലൻസ് നമ്മുടെ ചെയ്തികളെയും വിനിമയങ്ങളെയും രേഖപ്പെടുത്തുന്നു. അൽഗോരിതങ്ങൾ ഈ വിവരശേഖരങ്ങൾ മനനം ചെയ്ത് ഭാവിയിലെന്തുണ്ടായേക്കാമെന്ന് പ്രവചിക്കുന്നു.

ഒരു നാട്ടിൽ നടക്കുന്ന സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും (protests) സ്വഭാവങ്ങൾ അൽഗോരിതങ്ങൾ ഉപയോഗിച്ച് പഠിച്ചാൽ, അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മാറുമ്പോൾ അവ ഏത് രൂപങ്ങൾ കൈക്കൊള്ളുമെന്നതിനെ കുറിച്ച് പ്രവചിക്കാനൊക്കുമെന്ന് വാദം ഈയിടെ ACM blog ൽ വായിച്ചു. രണ്ട് ഇസ്രായേലി അക്കാദമിക്കുകളാണ് 2023 ജനുവരി മുതൽ ഹമാസിന്റെ ആക്രമണം നടന്ന ഒക്ടോബർ 7 വരെയുള്ള ഒമ്പത് മാസക്കാലത്ത് ആ രാജ്യത്ത് നടന്ന പ്രതിഷേധ സമരങ്ങളെ ഈ രീതിയിൽ പഠിച്ചത്.

മനുഷ്യരുടെ നിരന്തരമായി ആവർത്തിക്കുന്ന സാമൂഹിക വ്യവഹാരങ്ങൾക്ക് പലപ്പോഴും ഒരു ആചാരസ്വഭാവം (ritualistic behaviour) കൈവരാറുണ്ട്. ആരാധാലയങ്ങളിലെ പ്രാർത്ഥനകളും ജന്മദിനാഘോഷങ്ങളും പോലുള്ള ഇത്തരം ചടങ്ങുകൾ ഉദാഹരണം. ഇവ മറ്റു സാമൂഹിക വ്യവഹാരങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത് ആവർത്തനങ്ങളിലൂടെ ഉണ്ടാകുന്ന തുടർച്ചയും അവയിൽ പങ്കെടുക്കുന്നവരുടെ വൈകാരികമായ പങ്കാളിത്തവും കൊണ്ടാണ്. ഒരു നാട്ടിലുണ്ടാകുന്ന സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇതേപോലുള്ള ആചാരപരത ഉണ്ടാകാം. മിക്ക പ്രതിഷേധങ്ങളും താനേ നൈസർഗ്ഗികമായി മുളപൊട്ടുന്നതല്ല എന്നതു കൊണ്ടാണത്. ബോധപൂർവമായ സംഘാടനം മിക്കപ്പോഴും ഏത് പ്രതിഷേധസമരങ്ങൾക്കും പിന്നിലുമുണ്ടാകും.

പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന ഓരോ കൂട്ടായ്മയും പ്രായം, വംശം, ലിംഗഭേദം, വർഗം തുടങ്ങിയ ഘടകങ്ങളുടെ സന്നിവേശനത്തിൽ ഏതെങ്കിലും തരത്തിലുള്ള പാറ്റേണുകൾ പ്രകടമാക്കിയേക്കാം. അതുപോലെ പ്രതിഷേധങ്ങൾക്കു തിരഞ്ഞെടുക്കുന്ന സ്ഥലം, അവയ്ക്കുപയോഗിക്കുന്ന മുദ്രാവാക്യങ്ങൾ, പ്രതീകങ്ങൾ, മറ്റു സാമഗ്രികൾ എന്നിവയും എന്തെങ്കിലും ആവർത്തിക്കുന്ന മാതൃകകൾ പിന്തുടരാനിടയുണ്ട്. ഈ ആവർത്തന സ്വഭാവം, ആചാരപരത, പ്രതിഷേധ സമരങ്ങളെ മെഷീൻ ലേർണിംഗ് അൽഗോരിതങ്ങൾ ഉപയോഗിച്ച് ഡേറ്റ സയൻസിന്റെ കണ്ണിലൂടെ വിശകലനം ചെയ്യുക എളുപ്പമാക്കുന്നുവെന്നായിരുന്നു ആ ഗവേഷകരുടെ കണ്ടെത്തൽ.

ഈ ഗവേഷണത്തിന്റെ വിശദശാംശങ്ങളെ കുറിച്ചുള്ള വിമർശനാത്മകമായ വിലയിരുത്തലിന് ഇതെഴുതുന്ന ആൾക്ക് കെല്പില്ല. പക്ഷെ ഒന്നു പറയാൻ കഴിയും. ഇങ്ങനെയൊരു അൽഗോരിതം വിജയകരമായി വികസിപ്പിച്ചെടുത്താൽ അതിന് നല്ല പ്രായോഗിക ഉപയോഗങ്ങൾ കണ്ടെത്താനാകുക സർക്കാർ സംവിധാനങ്ങൾക്കകത്ത് ആയിരിക്കും. ജനസാമാന്യത്തിന്റെ പ്രതിഷേധങ്ങൾ ഒരു വലിയ ഭീഷണിയായി വളരുന്നത് മുൻകൂട്ടി അറിയാനും അവയെ മുളയിലേ നുള്ളിക്കളയാനും. ഗവേഷണം നടത്തിയ അക്കാദമിക്കുകൾ ആത്തരമൊരു സാധ്യത ലക്ഷ്യമിട്ടിരുന്നില്ലെങ്കിൽ പോലും. ഇത് ഒരു ഉദാഹരണം മാത്രം.

സ്വയം വരിക്കുന്ന സർവെയ്‌ലൻസ്

പനോപ്റ്റികോൺ എന്ന ആശയത്തെ മുൻനിർത്തി തുടർച്ചയായ നിരീക്ഷണം എങ്ങനെ ഒരു അച്ചടക്കമുറയും അധികാരത്തിനും നിയന്ത്രണത്തിനും ഉള്ള ഉപകരണവും ആയി മാറുന്നുവെന്ന് മിഷേൽ ഫൂക്കോയെ പോലുള്ള ചിന്തകർ ആലോചനാവിഷയമാക്കിയിട്ടുണ്ട്. സദാ നിരീക്ഷണവിധേയരാണെന്ന തോന്നലുണ്ടാക്കിയാൽ മതി, ശരിക്കും അങ്ങിനെ ചെയ്യണമെന്നില്ല ജനസാമാന്യത്തെ അച്ചടക്കത്തിൽ നിർത്താൻ. ഭരണീയരുടെ ഭയത്തിലാണ് എപ്പോഴും സമഗ്രാധിപത്യത്തിന്റെ നിലനിൽപ്.

പക്ഷെ, നമ്മുടേതു പോലുള്ള സമൂഹങ്ങളിൽ സർവെയ്‌ലൻസ് വ്യപകമാക്കുന്നത് മിക്കപ്പോഴും ഭയമുളവാക്കുന്ന ഒരു ഭരണകൂട ഉപകരണമെന്ന (state apparatus) നിലയ്ക്കു മാത്രമല്ല. നമ്മുടെ ജീവിതത്തെ ആയാസരഹിതവും സുരക്ഷിതവുമാക്കുന്ന സംവിധാനങ്ങൾ കൂടി ആയാണ്. അക്ഷമയാണ് പുതിയ കാലത്തിന്റെ മുഖമുദ്ര. ഏത് കാര്യങ്ങളും എപ്പോഴും എവിടെ വെച്ചും അതിവേഗം ചെയ്തു തീർക്കാനൊക്കണം. ആഗ്രഹങ്ങളും ആനന്ദങ്ങളും തോന്നുന്ന മുറയ്ക്ക് ഉടനടി പൂർത്തീകരിക്കപ്പെടേണം. ഇതൊക്കെ മനുഷ്യന്റെ നൈസർഗികമായ  സ്വഭാവങ്ങളെന്നതിലുപരി വിപണി മുതലാളിത്തം സൃഷ്ടിക്കുന്ന ഒരു സംസ്ക്കാരം കൂടിയാണ്. അക്ഷമ അനന്ത സാധ്യതകളുള്ള ഒരു മാർക്കറ്റാണ്.

പുതിയ വിവര സാങ്കേതികവിദ്യകൾ ഒരേസമയം അക്ഷമയുടെ സംസ്ക്കാരം സൃഷിക്കുന്നതിലും അതിനെ അഭിസംബോധന ചെയ്യുന്നതിലും നിർണായകമായ പങ്കു വഹിക്കുന്നുണ്ട്. മനുഷ്യരുടെ ദൈനംദിനം ജീവിതത്തിൽ ഉപയോഗപ്പെടുന്ന ഒട്ടേറെ നല്ല കാര്യങ്ങൾ ഇതിലൂടെ ഉണ്ടാകുന്നുണ്ട് എന്നത് തീർച്ച. പക്ഷെ അതിന്റെ അനിവാര്യമായ ഒരു അനന്തരഫലം ഓരോ വ്യക്തിയും അതിബൃഹത്തായ ഒരു യന്ത്രശൃംഖലയുടെ ഭാഗമാകുകയും നിരന്തരമായ തിരിച്ചറിയൽ പ്രക്രിയക്കും നിരീക്ഷണത്തിനും വിധേയമാകുകയും ചെയ്യുന്നു എന്നതാണ്. സദാ കണ്ണു തുറന്നിരിക്കുന്ന ക്യാമറകൾ, ബയോമെട്രിക് സംവിധാനങ്ങൾ, ഫാസ്റ്റാഗുകൾ പോലുള്ള സ്മാർട്ട് ടാഗുകൾ… ഇവിടെ സ്വകാര്യത സൗകര്യത്തിനു കൊടുക്കേണ്ടി വരുന്ന വലിയ വിലയായി മാറുന്നു.

ഇതിനോടൊപ്പം അനുദിനം സങ്കീർണമായി വരുന്ന സമകാലീന ജീവിതമുണ്ടാക്കുന്ന അരക്ഷിതാവസ്ഥയും സർവെയ്‌ലൻസ് സ്വയം സ്വീകരിക്കുന്നതിന് കാരണമാകുന്നുണ്ട്. വർധിച്ചു വരുന്ന യുദ്ധങ്ങൾ, ആക്രമങ്ങൾ, മഹാമാരികൾ, വെള്ളപ്പൊക്കവും കൊടുങ്കാറ്റും കാട്ടുതീയും പോലുള്ള തീവ്ര കാലാവസ്ഥകൾ: മുൻപരിചയവും കേട്ടുകേൾവിയുമില്ലാത്ത പ്രതിസന്ധികളുടെ മുന്നിൽ നിസ്സഹായരാകുന്ന മനുഷ്യർ ശക്തമായ ഏതെങ്കിലുമൊരു രക്ഷകസാനിധ്യം ആഗ്രഹിച്ച്‌ പോകുന്നുണ്ട്. അധികാരത്തിന്റെ തുറുങ്കണ്ണിന് കീഴിലെ സുരക്ഷിതത്വം നിലനിൽപിന് ഭീഷണിയുയർത്തുന്ന സ്വാതന്ത്ര്യത്തേക്കാൾ അഭിലഷണീയമാകുന്ന അവസ്ഥ. സ്വകാര്യതയെ കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും സുരക്ഷയോ സ്വാതന്ത്ര്യമോ എന്ന ബൈനറിയിലേക്ക് വഴിതിരിയുന്നത് അതുകൊണ്ടു കൂടിയാണ്

ഓൺലൈൻ ജീവിതങ്ങൾ – ഡേറ്റയുടെ അക്ഷയ ഖനി

വ്യക്തികളെ നിരീക്ഷിക്കുന്നതിലൂടെ സമാഹരിക്കുന്ന ഡേറ്റക്ക് വലിയ വിലയുണ്ടെന്ന് ടെക്നോളജി കമ്പനികൾ കണ്ടെത്തിയതാണ് സർവെയിലൻസ് സാങ്കേതികവിദ്യകളിൽ സമീപകാലതുണ്ടാകുന്ന അഭൂതപൂർവമായ വളർച്ചക്ക് വേറൊരു കാരണം. പൗരന്മാരെ നിരന്തരമായ നിരീക്ഷണത്തിലാക്കാനുള്ള നൂതനവിദ്യകൾ തേടുക എന്നത് ഭരണകൂടത്തിന്റെ ചിരപുരാതനമായ സ്വഭാവങ്ങളിൽ ഒന്നാണെങ്കിൽ അവയിൽ വലിയ ബിസിനസുകളുടെ ശ്രദ്ധ പതിഞ്ഞിട്ട് അധികകാലമായിട്ടില്ല എന്നു മാത്രം.

മനുഷ്യർക്ക് സ്വതേയുള്ള ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പൂർത്തീകരിക്കുന്നത്തിനുള്ള ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്നതിലൂടെ മാത്രം വിപണി മുതലാളിത്തത്തിന് മുന്നോട്ട് പോകാനാകില്ല. അതിനു പുറമേ വിപണിയെ നിരന്തരമായി വികസിപ്പിക്കുകയും അതിനോടൊപ്പം പുതിയ ആഗ്രഹണങ്ങളെയും ആവശ്യങ്ങളെയും ഉണ്ടാക്കുകയും കൂടി വേണം. മാർക്കറ്റിങ്ങിന്റെയും പരസ്യങ്ങളുടെയും ബ്രാൻഡുകളുടെയും ഈ മായിക ലോകം പ്രവർത്തിക്കുന്നത് വിപണിയേയും ഉപഭോക്താക്കളേയും കുറിച്ചുള്ള അറിവുകൾ ഉപയോഗിച്ചാണ്. ആദ്യകാലങ്ങളിൽ സാമ്പ്രദായികമായ മാർഗങ്ങളാണ് ഈ അറിവ് ശേഖരിക്കാനായി ഉപയോഗിച്ചിരുന്നതെങ്കിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഒരു നൂതനമാർഗം ഉണ്ടായി: ഇൻറ്റർനെറ്റിന്‍റെ വ്യാപനവും സാമൂഹ്യജീവിതത്തിന്റെ സമസ്തതലങ്ങളിലും ഉണ്ടായ ഡിജിറ്റൈസേഷനും ഉണ്ടാക്കിയ കൂറ്റൻ വിവരശേഖരങ്ങൾ ഉപയോഗിക്കുന്ന മെഷീൻ ലേർണിംഗ് അൽഗോരിതങ്ങൾ.

ഡേറ്റ പുതിയ കാലത്തിന്റെ ഇന്ധനമാണെന്ന് മുതലാളിത്തം തിരിച്ചറിഞ്ഞു. മനുഷ്യരുടെ ഓൺലൈൻ ജീവിതം ഡേറ്റയുടെ അക്ഷയ ഖനിയാണെന്നും. സർവെയ്‌ലൻസ്‌ വഴി സമാഹരിക്കുന്ന വ്യക്തികളുടെ ഡേറ്റ ഉപയോഗിച്ച് അവരുടെ ശ്രദ്ധയെ പരമാവധി ആകർഷിക്കാനും അവരുടെ ആഗ്രഹാഭിലാഷങ്ങളെയും സ്വഭാവങ്ങളെയും ഇഷ്ടാനുസരണം വാർത്തെടുക്കാനും ഉള്ള ശ്രമങ്ങൾ സാർവത്രികമായി. ഈ വിവര ശേഖരണത്തെ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ ഗൂഗിൾ, മെറ്റ , ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ കമ്പനികൾ ഏറ്റവും വിപണി മൂല്യമുള്ള സ്ഥാപനങ്ങളായി.

Matthieu Bourel – Eileen Guo archive page

വസ്തുക്കളുടെ ഇന്റർനെറ്റ്, ശരീരങ്ങളുടെയും 

കുറച്ചു കാലം മുമ്പ് വരെ വ്യക്തികളുടെ ഓൺലൈൻ ജീവിതം കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും പോലുള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങളിലൊതുങ്ങിയിരുന്നു. എന്നാലിന്ന് വീട്ടുപകരണങ്ങളും വാഹനങ്ങളും പോലുള്ള നിത്യോപയോഗ വസ്തുക്കളും പോലും ഇൻറർനെറ്റുമായി കണ്ണി ചേർക്കപ്പെടുന്നു. ഈ ഉപകരണങ്ങളിൽ നിന്നെല്ലാം ഡേറ്റ ശേഖരിക്കാനും പങ്കിടാനും അവയെ നിയന്ത്രിക്കാനും സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ നിത്യേനയെന്നോണം ഉണ്ടാകുന്നുണ്ട്.

ഇൻറർനെറ്റ് ഓഫ് തിംഗ്സ് (IoT) എന്ന് വിളിക്കപ്പെടുന്ന ഈ പ്രവണത സ്വകാര്യത എന്താണെന്നും, എന്തിനാണെന്നും എങ്ങനെയാണെന്നുമൊക്കെയുള്ള നമ്മുടെ ധാരണകളെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. 2020 ൽ iRobot-ൻ്റെ Roomba J7 റോബോട്ടിക് വാക്വം ക്ലീനറുകൾ റെക്കോർഡ് ചെയ്ത വീടുകളിൽ നിന്നുള്ള സ്വകാര്യ ചിത്രങ്ങൾ ചോർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതിനെ കുറിച്ച് എംഐടി ടെക്നോളജി റിപ്പോർട്ട് ചെയ്തത് ധാരാളം ചർച്ച ചെയ്യപ്പെട്ടതാണ്. ഇങ്ങനെയുള്ള ഉപകരണങ്ങളും സോഫ്റ്റ്വേറുകളും ഡേറ്റ ശേഖരണത്തിനായി ഉപഭോക്താവിന്റെ സമ്മതം മേടിക്കാറുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ അത്തരം പ്രൈവസി നോട്ടീസുകളുടെ വിശദാംശങ്ങൾ ബഹുഭൂരിപക്ഷം പേരും ശ്രദ്ധിക്കാറില്ല.

iRobot-ൻ്റെ Roomba J7 റോബോട്ടിക് വാക്വം ക്ലീനർ

ഇൻറർനെറ്റ് ഓഫ് തിങ്ങ്സിന്റെ അനിവാര്യമായ പരിണതി നമ്മുടെ ശരീരങ്ങളടക്കം കമ്പ്യൂട്ടർ ശൃംഖലകളുടെ ഭാഗമാകുകയാണ്. നമ്മുടെ ആരോഗ്യനിലയും ഫിറ്റ്നസ്സും നിരീക്ഷിക്കുന്ന ഉപകരണങ്ങളും ആപ്പുകളും ഇപ്പോൾ തന്നെ വ്യാപകമായി ഉപയോഗത്തിലുണ്ട്. ഇതിന്റെ അടുത്ത പടി മനസ്സറിയും യന്ത്രങ്ങളാണ്. ഇന്ദ്രിയങ്ങളുടെ സഹായമില്ലാതെ മസ്തിഷ്കവും കംപ്യൂട്ടറുകളും തമ്മിലും, അതിലും മുന്നോട്ട് പോയി ഒന്നിലധികം വ്യക്തികളുടെ മസ്തിഷ്ക്കങ്ങൾ തമ്മിലും ആശയവിനിമയം സാധ്യമാക്കുന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങൾ കമ്പ്യൂട്ടർ സയൻസിൽ പുതിയ കാര്യമല്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് അങ്ങിനെയൊരു ഗവേഷണത്തെ റിപ്പോർട്ട് ചെയ്ത സയന്റിഫിക് അമേരിക്കന്‍റെ ലേഖകൻ ആ സാങ്കേതികവിദ്യയെ വിശേഷിപ്പിച്ചത് ‘Internet of brains’ എന്നായിരുന്നു. മനുഷ്യൻ ചിന്തിക്കുകയും വിവിധ കൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ ഉദ്ദീപിക്കപെടുന്ന തലച്ചോറിനകത്തെ കോടിക്കണക്കിന് ന്യൂറോണുകൾ പുറപ്പെടുവിക്കുന്ന വൈദ്യുത, രാസ സിഗ്നലുകളെ ‘വായിക്കാനും’ വിശകലനം ചെയ്യാനും ഉള്ള മാർഗങ്ങൾ കണ്ടെത്തുകയാണ് അടിസ്ഥാനപരമായി ഈ ഗവേഷണങ്ങൾ എല്ലാം ലക്ഷ്യമാക്കുന്നത്..

അക്കാദമിക് ഗവേഷങ്ങൾക്ക് പുറത്ത് മനസ്സറിയും യന്ത്രങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന കമ്പനികളുമുണ്ട്. അതിലൊന്നാണ് എലോൺ മസ്‌കിന്റെ ന്യൂറാലിങ്ക്. അവർ രൂപകല്പന ചെയ്ത മനസ്സ് വായിക്കാനൊക്കുന്ന ഉപകരണത്തിന്റെ മനുഷ്യരിലുള്ള ആദ്യ പരീക്ഷങ്ങൾ ആരംഭിച്ചതായി അദ്ദേഹം ഈയിടെ ട്വീറ്റ് ചെയ്തിരുന്നു. റോബോട്ടിക് ശസ്ത്രക്രിയ വഴി തലച്ചോറിനകത്ത് സ്ഥാപിക്കുന്ന വളരെ നേർത്ത നൂലിഴകളുടെ രൂപത്തിലുള്ള ചെറുചിപ്പുകൾ ഉപയോഗിച്ചാണ് ന്യൂറാലിങ്കിന്റെ ഈ സാങ്കേതികവിദ്യ മസ്തിഷ്‌ക സിഗ്നലുകളെ റെക്കോർഡ് ചെയ്ത് ശരീരത്തിന് പുറത്തേക്ക് അയക്കുന്നത്. ടെലിപതി എന്ന്  പേരിട്ടിട്ടുള്ള ഈ ഉപകരണം ഉപയോഗിച്ച് വെറും ചിന്ത കൊണ്ട് ആളുകൾക്ക് ഫോണുകളോ കമ്പ്യൂട്ടറുകളോ നിയന്ത്രിക്കാനൊക്കും എന്നാണ് മസ്ക് പറയുന്നത്.

ഈ പരീക്ഷണങ്ങളുടെ സുതാര്യതയില്ലായ്മയെ കുറിച്ചും പരീക്ഷണ വിധേയരായ വ്യക്തികളുടെ സുരക്ഷയെകുറിച്ചും ഉള്ള സ്വാഭാവികമായ ആശങ്കകൾ പലരും പങ്കു വെച്ചിട്ടുണ്ട്. മാത്രമല്ല, ശരീരവും മനസുമടക്കം കമ്പ്യൂട്ടർ നെറ്റ്വർക്കുകളുടെ ഭാഗമാകുമ്പോൾ സർവെയ്‌ലൻസിന് പുതിയ മാനങ്ങൾ കൈവരാം. ദുരുപയോഗ സാധ്യതകളും കൂടാം.

വാഷിങ്ടണിൽ നടന്ന Stop Watching Us റാലിയിൽ നിന്നും.

സ്വകാര്യതയെ വീണ്ടെടുക്കാൻ 

അസ്ഥാനത്തല്ല ഓർവെല്ലിന്റെ ഡിസ്റ്റോപ്പിയൻ ഭാവനകളെ വെല്ലുന്ന പുതിയ കാലത്തെ സർവെയ്‌ലൻസ് സാങ്കേതികവിദ്യകളെന്ന ആശങ്കകൾ. പക്ഷെ ഇത്തരം വിമർശനങ്ങളെ അനാവശ്യമായ ഭീതിപരത്തൽ എന്ന് ആക്ഷേപിച്ച് അവഗണിക്കുന്ന പതിവുണ്ട്. ഭരണകൂടങ്ങളുടെയും വിപണി മുതലാളിത്തത്തിന്റെയുമൊക്കെ താല്പര്യങ്ങൾക്ക് അനുകൂലമായ പൊതുസമ്മതി നിർമ്മാണ പ്രക്രിയയുടെ ഭാഗമാണത്. പക്ഷെ, പുതുതായി ഉണ്ടാകുന്ന ഓരോ സാങ്കേതികവിദ്യയും തുടക്കത്തിൽ ഉദ്ദേശിച്ച ഉപയോഗങ്ങളിൽ നിന്ന് വ്യതിചലിച്ച് പുതിയ ഉപയോഗങ്ങൾ കണ്ടത്തിയതിന് ഉദാഹരണങ്ങൾ ചരിത്രത്തിൽ ഉടനീളമുണ്ട്. പ്രതീക്ഷിക്കാത്ത ദോഷകരമായ പ്രത്യാഘാതങ്ങൾക്കുള്ള ദൃഷ്ടാന്തങ്ങളും ഏറെ. എപ്പോഴും സ്വയം ശരിയാക്കി നേർരേഖയിൽ മാർച്ചു ചെയ്യുന്ന ജൈത്രയാത്രയല്ല ചരിത്രം. അതിൽ പിറകോട്ട് പോക്കിനും, ചിലപ്പോഴെങ്കിലും സ്വയം നശീകരണത്തിനും സാധ്യതകളുണ്ട്. ഒരു ജനാധിപത്യ സമൂഹം ഇത്തരം വിമർശനങ്ങളെ അവഗണിക്കാൻ പാടില്ലാത്തത് അതുകൊണ്ടാണ്.

രണ്ടു രീതിയിലാണ് സർവെയ്‌ലൻസിന്റെ സർവ്വവ്യാപിത്വത്തിന് എതിരായുള്ള പ്രതിരോധങ്ങളുണ്ടാകുന്നത്. സാങ്കേതികവിദ്യകളുണ്ടാക്കുന്ന പ്രശ്നങ്ങൾക്കുള്ള സാങ്കേതികവിദ്യകൾ കൊണ്ടുള്ള പരിഹാരങ്ങളാണ് ഒന്നാമത്തേത്. എൻക്രിപ്ഷനും VPN-നും പോലുള്ള സാങ്കേതികവിദ്യകൾ; Tor ബ്രൗസറും Tails ഓപ്പറേറ്റിംഗ് സിസ്റ്റവും പോലുള്ള സോഫ്റ്റ്‌വേറുകൾ എന്നിങ്ങനെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പുതിയ കാലത്തെ പനോപ്റ്റസുകളുടെ കണ്ണുവെട്ടിക്കാൻ സഹായിക്കുന്ന മാർഗങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. പക്ഷെ, ഇവ ഉപയോഗിക്കാനുള്ള സാങ്കേതിക സാക്ഷരത നേടുക എളുപ്പമല്ല. അതിനായാൽ തന്നെ സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതവ്യവഹാരങ്ങൾ ആയാസരഹിതമായും ഫലപ്രദമായും ഇവ ഉപയോഗിച്ച് നടത്താനൊക്കുമോ എന്നതും സംശയമാണ്.

രണ്ടാമത്തേത് നിയമനിർമാണങ്ങൾ വഴി ഡിജിറ്റൽ സർവെയ്‌ലൻസ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സാമൂഹ്യനിയന്ത്രണം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ്. ആഗോള രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലും ഇന്ന് കാണുന്ന വൈരുധ്യങ്ങളും തീവ്രസംഘർഷങ്ങളും പ്രത്യയശാസ്ത്ര ഭിന്നിപ്പുകളും പ്രതിഫലിക്കുന്ന മൂന്നു പ്രധാനധാരകൾ ഈ ശ്രമങ്ങളിൽ കാണാൻ കഴിയും. വിപണി മുതലാളിത്തത്തിന്റെ താല്പര്യങ്ങളെ ഹനിക്കാതെ ഈ വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്ന അമേരിക്കയുടെ ശ്രമങ്ങൾ പ്രതിനിധീകരിക്കുന്നു ഒന്നാമത്തെ ധാര. അതിന് നേരെ മറുവശത്ത് ഏകകക്ഷി സർവ്വാധിപത്യ ഭരണകൂടത്തിന്റെയും അതിന്റെ നിയന്ത്രണത്തിലുള്ള വിപണി സമ്പത് വ്യവസ്ഥയുടെയും താല്പര്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചെനീസ് മോഡൽ. ഇവയ്‌ക്കിടയിൽ പൗരാവകാശങ്ങളും വ്യക്തികളുടെ സ്വാതന്ത്ര്യവും ലിബറൽ ജനാധിപത്യ സങ്കല്പങ്ങളും ഇത്തരം നിയമനിർമാണങ്ങളിൽ പരിഗണനാവിഷയമാക്കാൻ ഒരു പരിധി വരെയെങ്കിലും ആഗ്രഹം പ്രകടിപ്പിക്കുന്ന യൂറോപ്യൻ ശ്രമങ്ങളുടെ മൂന്നാമത്തെ ധാരയും. ഈ നിയമനിർമ്മാണ ശ്രമങ്ങളുടെ വിശദാംശങ്ങൾ ഈ കുറിപ്പിൽ ഒതുങ്ങുന്നതല്ല.

എന്നാലും ഒരു കാര്യം തീർച്ചയാണ്. ഭാവിയിൽ മനുഷ്യർക്ക് മറഞ്ഞുനിൽക്കാനിടം കിട്ടുമോ എന്നത് ഈ ശ്രമങ്ങളുടെ പരിണതഫലത്തെ ആശ്രയിച്ചിരിക്കും.


പംക്തിയിലെ മറ്റു ലേഖനങ്ങൾ

Happy
Happy
60 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്‌കാരം നേടിയവര്‍
Next post യന്ത്രയുഗത്തിലെ മനുഷ്യനും മാനവികതയും  
Close