Read Time:17 Minute
ന്നത്തെ നിർമ്മിതബുദ്ധി സാങ്കേതികവിദ്യകൾ ഏതാണ്ടെല്ലാം തന്നെ ഡാറ്റ അധിഷ്ഠിതമാണ്, അവയുടെ എല്ലാം തന്നെ അടിസ്ഥാനം അവയെ വികസിപ്പിക്കുന്ന ഘട്ടത്തിൽ ഉപയോഗിക്കുന്ന വിവരശേഖരങ്ങളിൽ അടങ്ങിയിട്ടുള്ള പാറ്റേണുകളുടെ കണ്ടെത്തലും അത്തരം പാറ്റേണുകളുടെ പ്രയോഗവും ആണ്. സാങ്കേതികവശങ്ങളിലേക്ക് കടക്കാതെ നമുക്ക് ഒരു സമകാലിക നിർമ്മിതബുദ്ധിസാങ്കേതികവിദ്യയുടെ വിമർശനത്തിലേക്ക് ശ്രദ്ധ തിരിക്കാം. ചാറ്റ് ജി പി ടി എന്ന സാങ്കേതികവിദ്യയെക്കുറിച്ചു വിമർശനപരമായി കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിക്കപ്പെട്ട ഒരു പദമാണ് stochastic parrots എന്നത്. Stochastic എന്നാൽ ചിട്ടയില്ലാത്തത് എന്ന് വ്യാഖ്യാനിക്കാം, എങ്ങനെയാണ് ചാറ്റ് ജി പി ടി ചിട്ടയില്ലാത്ത തത്തകൾ എന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് നമുക്കൊന്ന് പെട്ടെന്ന് നോക്കാം. ചാറ്റ് ജി പി ടി യും സമാനസാങ്കേതികവിദ്യകളും തങ്ങളുടെ ട്രെയിനിങ് സമയത്തുപയോഗിച്ച വിവരശേഖരങ്ങളിൽ നിന്നും വാക്കുകൾ അടങ്ങുന്ന പാറ്റേണുകൾ കണ്ടെത്തി, അവയെ കൂട്ടിക്കുഴച്ചു പുതിയ വാക്യങ്ങൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്. തത്തകൾ പറഞ്ഞുകൊടുത്തത് അതേപോലെ അനുകരിക്കുമെങ്കിൽ ചാറ്റ് ജി പി ടി പോലെയുള്ള നിർമ്മിതബുദ്ധി സാങ്കേതികവിദ്യകൾ അത്രക്കൊന്നും ചിട്ടയില്ലാത്ത അനുകരണമാണ് നടത്തുന്നത്, അങ്ങനെയാണ് അവയെ stochastic parrots എന്ന് വിളിക്കേണ്ടിവരുന്നത്. ചിട്ടയില്ല എന്ന് പറയുമ്പോഴും ഉപയോക്താവിന്റെ ചോദ്യത്തെ അഭിസംബോധന ചെയ്യുന്ന പാറ്റേണുകൾ ആണ് വാക്യനിർമ്മാണത്തിനായി കണ്ടെടുക്കുന്നത് എന്നതിനാൽ ഒരു തരം ചിട്ടയുണ്ടെന്നും പറയാം.

നിർമ്മിതബുദ്ധി എന്നത് നിലവിൽവരുന്നതിന് മുമ്പുള്ള ഒരു കാലം സങ്കൽപ്പിക്കുക. നമ്മോടു ഒരാൾ നിർമ്മിതബുദ്ധി എന്ന ആശയം മുന്നോട്ടുവെക്കുന്നു എന്ന് കരുതുക. അതിനായി ഒരു ബൃഹത്ഗവേഷണ പ്രൊജക്റ്റ് രൂപകൽപ്പന ചെയ്യാൻ ആവശ്യപ്പെട്ടു എന്നും ഇരിക്കട്ടെ. എന്ത് രീതി ആയിരിക്കും നാം സ്വാഭാവികമായി അവലംബിക്കുക? ബുദ്ധി എന്നാൽ ജീവജാലങ്ങളുടെ ഒരു സവിശേഷ വൈദഗ്ധ്യം ആയിട്ടാണ് നാം കാണുന്നത്. നമ്മുടെ മുഖ്യധാരാധാരണകൾ അനുസരിച്ചു ബുദ്ധിയുടെ ഇരിപ്പിടം മസ്തിഷ്‌കമാണ്. അതുകൊണ്ടു തന്നെ ആദ്യപടി സ്വാഭാവികമായും മസ്തിഷ്കപ്രവർത്തനം മനസ്സിലാക്കൽ എന്നതാവും, അതിനായി നാം വിദഗ്ധരായ മനഃശാസ്ത്രജ്ഞരെയും ന്യൂറോളജിസ്റ്റുകളെയും കണ്ടെത്തേണ്ടിവരും. മസ്തിഷ്‌കപ്രവർത്തനം ആവശ്യത്തിന് മനസ്സിലാക്കിക്കഴിഞ്ഞാൽ അതിനെ അനുകരിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനായി എഞ്ചിനീയറിംഗ് ടീമിനെ ചുമതലപ്പെടുത്താം. അത്തരം ഒരു മസ്തിഷ്ക അനുകരണ പ്രോജക്ടിന്റെ കേന്ദ്രസ്ഥാനത്ത് മസ്തിഷ്കത്തെ മനസ്സിലാക്കുന്നത്തിൽ വൈദഗ്ധ്യം ഉള്ളവർ തന്നെയാവും ഉണ്ടാവുക എന്ന് സ്വാഭാവികമായും കരുതാം. എന്നാൽ ഈ ഘടനയേയല്ല ഇന്നത്തെ നിർമ്മിതബുദ്ധി ഗവേഷണത്തിനുള്ളത്. നിർമ്മിതബുദ്ധി ഗവേഷണം എന്നത് മസ്തിഷ്കത്തിന്റെ പ്രവർത്തനരീതിയുമായി എന്തെങ്കിലും കാതലായ ബന്ധം പുലർത്തുന്നതായി കരുതാനാവില്ല. കൃത്രിമ ന്യൂറോണുകൾ എന്ന ഗണിതമാതൃകകളെ ആശ്രയിക്കുന്ന ഡീപ് ലേർണിംഗ് സാങ്കേതികവിദ്യകൾ അവലംബിക്കുന്ന രീതികൾ പോലും ജീവജാലങ്ങളുടെ മസ്തിഷ്കവുമായിട്ട് ഉപരിപ്ലവമായി മാത്രം ബന്ധമുള്ളതാണ്. എങ്ങനെയാണ് നിർമ്മിതബുദ്ധി എന്ന ഗവേഷണമേഖലയിൽ നിന്നും മസ്തിഷ്കപ്രവർത്തനത്തെക്കുറിച്ചുള്ള വൈദഗ്ധ്യം പാടെ തഴയപ്പെട്ടത്?

ചിട്ടയില്ലാത്ത തത്തകൾ എന്ന സവിശേഷപരാമർശത്തോട് യോജിച്ചാലും ഇല്ലെങ്കിലും ഏറ്റവും അടിസ്ഥാനപരമായി അനുകരണം എന്നതിലാണ് ചാറ്റ് ജി പി ടി പോലെയുള്ളവ പ്രത്യേകിച്ചും, നിർമ്മിതബുദ്ധി സാങ്കേതികവിദ്യകൾ പൊതുവിലും ഏറ്റവും ശ്രദ്ധ പതിപ്പിക്കുന്നത് എന്ന് കാണണം. ഇതെങ്ങനെ ഇങ്ങനെയായി ഭവിച്ചു? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നതിലേക്കായി ചില ചരിത്രസംഭവങ്ങളെ ആശ്രയിച്ചു വിശകലനം ചെയ്യുകയാണിവിടെ.

നമ്മുടെ ആദ്യ ചരിത്രസന്ദർഭത്തിലേക്ക് പോകാം. കമ്പ്യൂട്ടിങ് സാങ്കേതികവിദ്യയുടെ തന്നെ പിതാവെന്നറിയപ്പെടുന്ന അലൻ ട്യൂറിംഗ് എഴുതിയ 1950ലെ ഒരു ഗവേഷണപ്രബന്ധമാണ് ഇവിടെ നമ്മുടെ വിഷയം. അതിന്റെ ശീർഷകം ‘computing machinery and intelligence’ എന്നതാണ്. അതിലെ ആദ്യഖണ്ഡികയുടെ ഒരു സ്വതന്ത്ര തർജ്ജമ ചുവടെ ചേർക്കുന്നു:

“ഞാൻ പരിശോധനവിഷയമായി എടുക്കുന്ന ചോദ്യം ‘യന്ത്രങ്ങൾക്ക് ചിന്തിക്കാനാവുമോ?’ എന്നതാണ്. ഇത് അഭിസംബോധന ചെയ്യുന്നതിലേക്കായി യന്ത്രങ്ങൾ, ചിന്ത എന്നീ വാക്കുകൾ എങ്ങനെ ഭാഷയിൽ ഉപയോഗിക്കപ്പെടുന്നു എന്നാണോ നാം ആദ്യം പരിശോധിക്കേണ്ടത്? പക്ഷെ, അങ്ങനെ ചിന്തിക്കുന്നത് ആപത്കരമാവില്ലേ? ആ ധാരയിൽ ചിന്തിച്ചുപോയാൽ നാം എത്തിനിൽക്കുക ചിലപ്പോൾ ‘യന്ത്രങ്ങൾക്ക് ചിന്തിക്കാനാവുമോ?’ എന്ന ചോദ്യം വെച്ച് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തം എന്നതിലേക്കാവും. എത്രമാത്രം അബദ്ധമായിരിക്കും അത്. അതുകൊണ്ട് ഞാൻ എന്റെ അന്വേഷണചോദ്യം മാറ്റിവെച്ച് വേറൊരു ബന്ധപ്പെട്ട ചോദ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.”

ആ പ്രബന്ധത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ അദ്ദേഹം തന്റെ പ്രശസ്തമായ അനുകരണ മത്സരം (imitation game) അവതരിപ്പിക്കുന്നു. ഇന്ന് അത് ട്യൂറിംഗ് ടെസ്റ്റ് എന്ന പേരിൽ പ്രസിദ്ധമാണ്. സംഗതി ലളിതമാണ്. ഒരു തിരശീലയ്ക്കപ്പുറത്ത് നിന്നുകൊണ്ട് നിങ്ങൾ ഒരു ‘വ്യക്തിയുമായി’ സംഭാഷണത്തിൽ ഏർപ്പെടുകയാണെന്ന് കരുതുക, മതിലുകൾ എന്ന സിനിമയിലെ ഭിത്തിക്കപ്പുറത്തും ഇപ്പുറത്തും നിന്നുള്ള സംഭാഷണം പോലെ എന്ന് വേണമെങ്കിൽ സങ്കൽപ്പിക്കാം. ഈ സംഭാഷണത്തിലൂടെ, സംഭാഷണത്തിലെ ചോദ്യങ്ങളിലൂടെയും അപ്പുറത്തുള്ള വ്യക്തി നൽകുന്ന ഉത്തരങ്ങളിലൂടെയും, തിരശീലയ്ക്കപ്പുറത്തുള്ള വ്യക്തി ഒരു യന്ത്രമാണോ മനുഷ്യനാണോ എന്ന് കണ്ടെത്തുക എന്നതാണ് നിങ്ങളുടെ ദൗത്യം. തിരശീലയ്ക്കപ്പുറത്തിക്കുന്ന യന്ത്രത്തിന് നിങ്ങളെ സംഭാഷണത്തിലൂടെ കബളിപ്പിച്ചു ഒരു മനുഷ്യൻ ആണെന്ന തോന്നൽ നിങ്ങളിൽ ഉണ്ടാക്കാൻ സാധിക്കുന്നു എങ്കിൽ യന്ത്രം ട്യൂറിംഗ് ടെസ്റ്റ് വിജയിച്ചു എന്ന് പറയാം! ഇന്ന് നിർമ്മിതബുദ്ധിയുടെ ശേഷിയുടെ  അളവുകോൽ ആയി ട്യൂറിംഗ് ടെസ്റ്റിനെ കണക്കാക്കുന്നു. ട്യൂറിംഗ് ടെസ്റ്റ് എന്നത് ഒരു സാങ്കൽപ്പിക മത്സരം ആണെന്ന് കൂടി ഇവിടെ പ്രസ്താവിക്കേണ്ടതുണ്ട്, കാരണം കബളിപ്പിക്കപ്പെട്ടോ എന്ന നിഗമനം വളരെ ആപേക്ഷികമാണ് എന്നത് തന്നെ.

വീണ്ടും ട്യൂറിങ്ങിന്റെ പ്രബന്ധത്തിലേക്ക് പോകാം. ഒരൊറ്റ ഖണ്ഡികയിലെ  ആഖ്യാനം കൊണ്ട് ട്യൂറിംഗ് ‘യന്ത്രങ്ങൾക്ക് ചിന്തിക്കാനാകുമോ’ എന്ന ചോദ്യത്തിൽനിന്നും ‘യന്ത്രങ്ങൾക്ക് ചിന്താശേഷിയുള്ള മനുഷ്യരെ അനുകരിക്കാനാകുമോ’ എന്ന ചോദ്യത്തിലേക്ക് സഞ്ചരിച്ചു. രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിലേക്കായി ഒരു അനുകരണ മത്സരം രൂപകൽപന ചെയ്തു. പക്ഷെ, അദ്ദേഹം ഒരിക്കലും ചിന്തിച്ചിരിക്കാനിടയില്ലാത്ത രീതിയിൽ പതിനായിരക്കണക്കിന് ഗവേഷകരടങ്ങുന്ന ഒരു ഗവേഷകസമൂഹം രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തെ ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരമായി വ്യാഖ്യാനിച്ചു പോരുന്നു. മസ്തിഷ്കത്തിന്റെ ഔട്ട്പുട്ട് അനുകരിക്കുന്ന സാങ്കേതികവിദ്യ നിർമ്മിച്ചാൽ ട്യൂറിംഗ് ടെസ്റ്റിൽ വിജയം കൈവരിക്കാം എന്നിരിക്കെ, മസ്തിഷ്കത്തിന്റെ പ്രവർത്തനരീതി അനുകരിക്കുന്ന ഭാരിച്ച വെല്ലുവിളി എന്തിനേറ്റെടുക്കണം? ട്യൂറിംഗ് ടെസ്റ്റിനെ ബുദ്ധിയുടെ അളവുകോലായി പരിഗണിച്ചാൽ നിർമ്മിതബുദ്ധിയുടെ ഗവേഷണത്തിൽ മനശ്ശാസ്ത്രജ്ഞർക്കൊ ന്യൂറോളജിസ്റ്റുകൾക്കോ എന്തെങ്കിലും പങ്കുണ്ടാവേണ്ട കാര്യവും ഇല്ല. അതങ്ങനെ തന്നെ സംഭവിച്ചു.

Dartmouth Hall Commemorative Plaque

ട്യൂറിംഗ് ടെസ്റ്റ് എന്ന സാങ്കല്പികമത്സരത്തിന്റെ ഘടന അനേകം ഗവേഷകരെ 1950കളിൽ തന്നെ സ്വാധീനിച്ചു എന്ന് വേണം കരുതാൻ. 1954 ഇലെ ട്യൂറിങ്ങിന്റെ മരണശേഷമാണ് നിർമ്മിതബുദ്ധിയുടെ പിറവിയുടെ സന്ദർഭമായി വിലയിരുത്തപ്പെടുന്ന 1956 Dartmouth വേനൽക്കാല വർക്ക്ഷോപ് അരങ്ങേറുന്നത്, നമ്മുടെ രണ്ടാമത്തെ ചരിത്ര സന്ദർഭം. 1956 ആവുമ്പോഴേക്കും മസ്തിഷ്കപ്രവർത്തനത്തിന്റെ അനുകരണം എന്നത് പാടെ തിരസ്കരിക്കപ്പെട്ട ഒരു ആശയമായിരുന്നു എന്നത് 1956 വർക്ഷോപ്പിലെ പങ്കെടുത്തവരുടെ പട്ടിക കണ്ടാൽ വ്യക്തമാണ്. പങ്കെടുത്തവരിൽ ഭൂരിഭാഗവും ഗണിതശാസ്ത്രജ്ഞരും അന്ന് ശൈശവദശയിൽ ആയിരുന്ന കമ്പ്യൂട്ടിങ് മേഖലയിലെ വിദഗ്ധരും ആയിരുന്നു. ആ വർക്ഷോപ്പിലെ വലിയ തോതിലുള്ള പ്രബല കമ്പനികളുടെ പങ്കാളിത്തം അന്ന് തന്നെ അവർക്ക് നിർമ്മിതബുദ്ധിയിൽ ഉണ്ടായിരുന്ന വാണിജ്യതാൽപര്യത്തിനും സാക്ഷ്യം പറയുന്നു. നിർമ്മിതബുദ്ധി എന്നത് തീർത്തും ഒരു ഗണിത-എഞ്ചിനീയറിംഗ് പ്രൊജക്റ്റായി കാണപ്പെട്ടു തുടങ്ങിയിരുന്നു എന്ന് പറയാം.

1956 വർക്ഷോപ്പിന്റെ ആസൂത്രണഘട്ടത്തിലെ സംഭാഷങ്ങളുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്ന ഒരേ ഒരു രേഖയായി അവശേഷിക്കുന്നത് അതിൽ പങ്കെടുത്ത റേ സോളോമോണോഫ് എന്നയാളുടെ കുറിപ്പുകളാണ്. അതിലെ ഒരു ശ്രദ്ധേയമായ പരാമർശം നിർമ്മിതബുദ്ധിയിലെ ഏറ്റവും പ്രസിദ്ധരായ ഗവേഷകരിൽ ഒരാളായ മാർവിൻ മിൻസ്കിയുടെതാണ്. ഇവിടെ തർജ്ജമയായി ചേർക്കുന്നു: “നാം എല്ലാവരും തന്നെ വർക്ക്ഷോപ് തുടങ്ങുമ്പോഴേക്കും നിർമ്മിതബുദ്ധിയുടെ തത്വശാസ്ത്രത്തെയും ഭാഷയെയും കുറിച്ച് ഒരു യോജിപ്പിൽ എത്തിയിട്ടുണ്ടാകും എന്ന് കരുതുന്നു. അങ്ങനെ ആയാൽ അത്തരം നിസ്സാര കാര്യങ്ങൾക്കായി നാം വർക്ഷോപ്പിൽ സമയം പാഴാക്കേണ്ടിവരില്ല”. ട്യൂറിംഗ് ടെസ്റ്റിലൂടെ ഒഴിവാക്കപ്പെട്ടത് മസ്തിഷ്‌കപരമായ ജീവശാസ്ത്രം ആണെങ്കിൽ, 1956 ആവുമ്പോഴേക്കും നിർമ്മിതബുദ്ധിയുടെ തലതൊട്ടപ്പന്മാർ അതിന്റെ സാമൂഹികശാസ്ത്രവശങ്ങളെ തീർത്തും നിസ്സാരവൽക്കരിച്ചു തുടങ്ങിയിരുന്നു.

മുതലാളിത്തത്തെക്കുറിച്ചുള്ള ചില മാർക്സിസ്റ്റ് പഠനങ്ങളിൽ പറയുന്ന ചില മുതലാളിത്ത താൽപര്യങ്ങൾ ഈ അവസരത്തിൽ പ്രസക്തമാണ്. മുതലാളിത്തം ഒരു ചരക്കിന്റെ ഉള്ളടക്കത്തേക്കാൾ അതിന്റെ വിപണിമൂല്യത്തിന് വില കൽപ്പിക്കുന്നു. ഉള്ളടക്കത്തോട് തീർത്തും നിസ്സംഗത പുലർത്തുന്ന മുതലാളിത്തം വിപണിമൂല്യം സൃഷ്ടിക്കുന്ന മുഖംമൂടികളെ ആശ്ലേഷിക്കുന്നു, അവയുപയോഗിച്ചു ചരക്കുകളെ ലാഭവർദ്ധനവിലേക്കായി ഉപയോഗിക്കുന്നു.

നിർമ്മിതബുദ്ധിയുടെ വികാസത്തിലെ ബാഹ്യമായ അനുകരണം എന്ന വിപണിമൂല്യമുള്ള സംഗതിയോടുള്ള വലിയ താൽപര്യത്തെ ഇത്തരം മുതലാളിത്ത താൽപര്യങ്ങളുമായി കൂട്ടിവായിക്കാവുന്നതാണ്. ഇന്ന് നിർമ്മിതബുദ്ധി എന്ന മേഖല ഏറ്റവും മുതലാളിത്തവൽകൃതമായി മാറിയത് ഇത്തരം സാമ്യതകളുടെ ബലത്തിലാണോ എന്ന് കൂടി ചിന്തിക്കാവുന്നതാണ്. എന്തിരുന്നാലും ജൈവശാസ്ത്രത്തിന്റെയോ തത്വശാസ്ത്രത്തിന്റെയോ സ്വാധീനവലയത്തിന് പുറത്തു നിന്ന് കേവല അനുകരണ സാങ്കേതികവിദ്യയായി നിർമിതബുദ്ധി ദശാബ്ദങ്ങളിലൂടെ വികസിച്ചതിന്റെ പല ദോഷഫലങ്ങളും ആഗോളസമൂഹം ഇന്ന് അഭിമുഖീകരിക്കുന്നു. അവയിൽ ചിലത് വരും മാസങ്ങളിൽ പരിശോധിക്കാം.


Happy
Happy
33 %
Sad
Sad
0 %
Excited
Excited
44 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
22 %

2 thoughts on “നിർമ്മിതബുദ്ധി എങ്ങനെയാണ് കേവല അനുകരണ സാങ്കേതികവിദ്യ ആയത് ?

Leave a Reply

Previous post വരുന്നൂ സയൻസ് റൈറ്റത്തോൺ !
Next post ദേശീയ ശാസ്ത്രാവബോധ ക്യാമ്പയിൻ 2023
Close