2021 ലെ വൈദ്യശാസ്‌ത്ര നൊബേല്‍ പ്രഖ്യാപിച്ചു

 

2021-ലെ ജീവശാസ്ത്ര/ വൈദ്യശാസ്ത്ര നോബെൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ് (David Julius), ആർഡെം പറ്റാപുട്യൻ (Ardem Patapoutian) എന്നിവർക്ക് ലഭിച്ചു. താപനില, സ്പർശനം എന്നിവ  മനസ്സിലാക്കാൻ തലച്ചോറിനെ സഹായിക്കുന്ന ഗ്രാഹികളെ (receptors) കണ്ടെത്തിയതിനാണ് ഇരുവരും സമ്മാനം പങ്കുവെക്കുന്നത്.  ഇന്ന് (2021 ഒക്ടോബർ 4) ഇന്ത്യൻ സമയം 3 മണിക്ക് ആണ് ഇതു പ്രഖ്യാപിച്ചത്. സ്വീഡനിലെ കരോലിന ഇൻസ്റ്റിറ്റ്യൂട്ടിലെ നോബെൽ അസംബ്ലിയുടെ ഇതു സംബന്ധിച്ച തീരുമാനങ്ങൾ ഒരു പത്ര സമ്മേളനത്തിലൂടെ പുറത്തു വിടുകയായിരുന്നു.

1967-ൽ ലെബനണിലെ ബെയ്റൂട്ടിൽ ജനിച്ച ആർഡെം പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. അദ്ദേഹം ഇപ്പോൾ കാലിഫോർണിയയിലെ സ്ക്രിപ്പ്സ് റിസെർച്ച് എന്ന ഗവേഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞനാണ്. 1955-ൽ അമേരിക്കയിൽ ജനിച്ച ഡേവിഡ് ജൂലിയസ് കാലിഫോർണിയ സർവകലാശാലയിൽ പ്രൊഫസറാണ്.

നമ്മൾ പുറംലോകവുമായി ബന്ധപ്പെടുന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. അവയിൽ പലതും പ്രവർത്തിക്കണമെങ്കിൽ പുറത്തുനിന്നുള്ള ഒരു സ്റ്റിമുലസ് – അത് വെളിച്ചം ആയിരിക്കാം, അല്ലെങ്കിൽ ശബ്ദം ആയിരിക്കാം, അല്ലെങ്കിൽ മണം കിട്ടുന്ന തന്മാത്രകൾ ആയിരിക്കാം, സ്വാദു ഉണ്ടാക്കുന്ന തന്മാത്രകൾ ആയിരിക്കാം – നമ്മുടെ കോശങ്ങളിൽ മാറ്റം വരുത്തണം. ആ മാറ്റം നാഡികളിലൂടെ കൂടെ തലച്ചോറിൽ എത്തണം. അവിടെ  അതിൻറെ പ്രോസസിങ് നടന്നതിനു ശേഷമാണ്  കാണുന്നു അല്ലെങ്കിൽ കേൾക്കുന്നു മുതലായ തിരിച്ചറിയലുകൾ  ഉണ്ടാകുന്നത്. ഈ പ്രക്രിയയിൽ ആദ്യത്തെ ഘട്ടത്തിൽ  പ്രവർത്തിക്കുന്നത്  ഗ്രാഹികൾ അല്ലെങ്കിൽ റിസെപ്റ്ററുകൾ ആണ്. ഉദാഹരണത്തിന് വെളിച്ചം റെറ്റിനയിൽ ഉള്ള റിസെപ്റ്ററുകളിൽ വന്ന് പതിക്കുമ്പോൾ അവിടെ  ഉദ്ദീപനങ്ങൾ (excitations) ഉണ്ടാവുകയും അത് സന്ദേശങ്ങളായി തലച്ചോറിൽ എത്തുകയും ചെയ്യുന്നു. അതേ പോലെ ശബ്ദ തരംഗങ്ങൾ ചെവിയിൽ വന്നു പതിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ തലച്ചോറിൽ എത്തുമ്പോഴാണ് കേൾവിയുടെ അനുഭവം ഉണ്ടാകുന്നത്. അതായത് ഈ ഗ്രാഹികളുടെ പഠനം വളരെ പ്രധാനപ്പെട്ടതാണ്.

ഗ്രാഹികളെ സംബന്ധിച്ച പഠനങ്ങൾക്ക് നീണ്ട ചരിത്രമുണ്ട്. 1967-ലെ ജീവശാസ്ത്ര/ വൈദ്യശാസ്ത്ര നോബെൽ പുരസ്കാരം ലഭിച്ചത് കാഴ്ചയുടെ രസതന്ത്രവും ജീവശാസ്ത്രവും പഠിച്ചവർക്കാണ്. പിന്നീട്, ഗന്ധങ്ങളെ തിരിച്ചറിയുന്നതിന്റെ പിന്നിലുള്ള സയൻസ് കണ്ടെത്തിയവർക്കായിരുന്നു 2004 ലെ നൊബേൽ പുരസ്കാരം. ഇതെല്ലാം കഴിഞ്ഞതിനു ശേഷവും പിടികിട്ടാതിരുന്ന കാര്യങ്ങളാണ് ഇത്തവണ പുരസ്കാരം നേടിയവർ കണ്ടെത്തിയത്. നമ്മൾ എവിടെയെങ്കിലും തൊടുമ്പോൾ അതിന്റെ ചൂട്, തണുപ്പ്, പരുപരുപ്പ്, മിനുസം, മർദ്ദം എന്നീ കാര്യങ്ങൾ അറിയുന്നതിനുള്ള ഗ്രാഹികളെക്കുറിച്ചാണ് ശാസ്ത്രജ്ഞർ ഏറ്റവും ഒടുവിൽ പഠിക്കുന്നത്. ഇതിങ്ങനെ വൈകാനൊരു കാരണമുണ്ട്. മറ്റു  ഇന്ദ്രിയങ്ങളെപ്പോലെ അത്ര ലളിതമല്ല ഇത്. ഇതിന്റെ പിന്നിലുള്ള ഏജന്റ് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ ബുദ്ധിമുട്ടാണെന്നതിനാൽ പുതിയ ടെക്നിക്കുകൾ ഉണ്ടായിവരാതെ ഇതു മനസ്സിലാക്കാൻ സാദ്ധ്യമല്ല എന്ന അവസ്ഥ നിലനിന്നിരുന്നു. ഉദാഹരണത്തിന് ടെമ്പറേച്ചർ ഉണ്ടാക്കുന്നപോലത്തെ സെൻസേഷൻ ഉണ്ടാക്കുന്ന മുളകിലെ ഒരു ഘടകമായ കാപ്സൈസിൻ (capsaicin) എന്ന പ്രോട്ടീൻ എന്തുമായി ബോണ്ടു ചെയ്യുന്നു എന്ന് പഠിക്കേണ്ടിയിരുന്നു. ഇക്കാലത്ത് ഗവേഷണത്തിന് ഉപയോഗിക്കുന്ന മെത്തഡോളജിയിൽ ഒരു പാട് ജീനുകളെ ഒരുമിച്ച് പഠിക്കുന്നു. കാൻഡിഡേറ്റ് ജീനുകളെ സ്ക്രീൻ ചെയ്യുന്നതിനുള്ള പല രീതികൾ ഉപയോഗിച്ചു കൊണ്ട് ഏതു ഘടകമാണ് പ്രധാനം എന്നു അവർ കണ്ടെത്തി. ടെമ്പറേച്ചറിന്റെ കാര്യമാണ് ആദ്യം കണ്ടെത്തിയത്. വളരെ മൗലികമായിട്ടുള്ള, വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ് ആധുനിക ടെക്നോളജി ഉപയോഗിച്ച് അവർ കണ്ടെത്തിയത്.

ജൈവശാസ്ത്ര പഠനത്തിൽ സാങ്കേതിക വിദ്യകൾക്ക് ഇപ്പോൾ പ്രാധാന്യം കൂടി വരികയാണ്. mRNA സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടായിരിക്കും ഇത്തവണത്തെ പുരസ്കാരം എന്നു പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ മൗലിക ഗവേഷണത്തിന് പുരസ്കാരം നൽകാനാണ് ബന്ധപ്പെട്ടവർ തീരുമാനിച്ചത്. മൗലിക ഗവേഷണത്തിനു തന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത്. കാരണം അതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ ദൂരവ്യാപകമാണ്. ഇതിന്റെ കാര്യത്തിൽ തന്നെ നമ്മുടെ സെൻസേഷനുകളുമായി ബന്ധപ്പെട്ട ഒത്തിരി രോഗങ്ങളെപ്പറ്റി അറിയാനും ഗ്രാഹികളെ ഉത്തേജിപ്പിക്കാനോ ബ്ലോക്കു ചെയ്യാനോ ഉള്ള മരുന്നുകളെ ഡിസൈൻ ചെയ്തെടുക്കാനും ഇതുവഴികാട്ടും. ഇത്തരത്തിൽ ധാരാളം സാദ്ധ്യതകൾ ഇതു തുറന്നു തരുന്നു.


ജീവശാസ്ത്രം/ വൈദ്യശാസ്ത്രംഒക്ടോബർ 4, ഇന്ത്യൻ സമയം 3.00 PM -തത്സമയം ലൂക്കയിൽ

021-ലെ നൊബേൽ പുരസ്കാരങ്ങളുടെ പ്രഖ്യാപനം ഒക്ടോബർ 4 മുതൽ..തത്സമയം ലൂക്കയിൽ കാണാം..വിശദമായ ലേഖനങ്ങൾ അതാത് ദിവസം തന്നെ ലൂക്കയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.. ശാസ്ത്രനൊബേൽ സമ്മാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക LUCA TALK അവതരണങ്ങളും ഉണ്ടായിരിക്കും

ഒക്ടോബർ 4, ഇന്ത്യൻ സമയം 3.00 PM ജീവശാസ്ത്രം/ വൈദ്യശാസ്ത്രം
ഒക്ടോബർ 5, ഇന്ത്യൻ സമയം 3.15 PM ഭൗതിക ശാസ്ത്രം
ഒക്ടോബർ 6, ഇന്ത്യൻ സമയം 3.15 PM രസതന്ത്രം
ഒക്ടോബർ 7, ഇന്ത്യൻ സമയം 4.30 PM സാഹിത്യം
ഒക്ടോബർ 8, ഇന്ത്യൻ സമയം 2.30 PM സമാധാനം
ഒക്ടോബർ 11 , ഇന്ത്യൻ സമയം 3.15 PM സാമ്പത്തിക ശാസ്ത്രം

 

 

Leave a Reply