Read Time:12 Minute

ജോബി ബേബി

പ്രമേഹരോഗം (Diabetes) ഗുരുതരാവസ്ഥയിൽ എത്തുന്നതുവരെ ഒരു പരിശോധനയും നടത്താതെ അറിയാതിരിക്കുക. അറിഞ്ഞാലും നിസ്സാരമായി ചികിത്സ തേടാതിരിക്കുക. ഇതെല്ലാം ജീവൻ തന്നെ അപകടത്തിലാക്കാറുണ്ട്. അടുത്തിടെയുണ്ടായ ഒരു മരണം ഇക്കാര്യം വീണ്ടും ഓർമ്മിപ്പിച്ചു. മരണകാരണം അന്വേഷിച്ചപ്പോൾ പറഞ്ഞത്”പെട്ടന്നൊരു നെഞ്ചുവേദന ഉണ്ടായി; ഗ്യാസാണെന്ന് കരുതി കാര്യമാക്കിയില്ല” എന്നാണ്. അന്വേഷിച്ചപ്പോൾ ആണ് മനസ്സിലായത് മുൻപ് ക്ഷീണം ഉണ്ടെന്ന് പറഞ്ഞു രക്തപരിശോധന നടത്തിയപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു കൂടുതലായിരുന്നുവെന്നാണ്. ഇതു തന്നെയാണ് എന്നെ ദുഃഖത്തിലാക്കാനുള്ള കാരണവും പ്രമേഹാവസ്ഥ പലപ്പോഴും ഹൃദയാഘാത്തിനു കാരണമാകാറുണ്ട്. പക്ഷേ പലപ്പോഴും ഇത് ആവർത്തിച്ച് പറഞ്ഞാലും ആളുകൾക്ക് മനസ്സിലാകാറില്ല എന്നതാണ് സങ്കടകരമായ അവസ്ഥ. നൂറ് ശതമാനവും തടയാമായിരുന്ന ഹൃദയാഘാതം അശ്രദ്ധ മൂലം ഒരു ചെറുപ്പക്കാരന്റെ ജീവൻ നഷ്ട്ടമാക്കി.

മുൻപൊക്കെ പ്രമേഹം ബാധിക്കുന്നത് മധ്യവയസ്കരെയായിരുന്നെങ്കിൽ ഇന്ന് യുവ തലമുറയിലാണ് ഈ രോഗം കണ്ട് വരുന്നത്. മധ്യവയസ്‌കരിൽ പ്രമേഹ രോഗം ബാധിച്ചാൽ അതിന്റെ സങ്കീർണ്ണതകൾ ഉണ്ടാകുന്നത് മിക്കവാറും വാർധക്യത്തിലായിരിക്കും. എന്നാൽ യുവജനങ്ങളെ രോഗം ബാധിക്കുമ്പോൾ അതിന്റെ സങ്കീർണ്ണതകൾ പലപ്പോഴും മധ്യ വയസ്സിൽ അവരെ അലട്ടുകയും തന്മൂലം അവരുടെ സാമ്പത്തിക ഭദ്രതപോലും തകർക്കാനും വഴിയൊരുക്കിയേക്കാം.

പ്രമേഹപൂർവാവസ്ഥയുടെ മാനദണ്ഡം

വെറും വയറ്റിലെ രക്തത്തിലെ പഞ്ചസാര (FBS):100-125mg%.ഭക്ഷണം കഴിച്ചു രണ്ട് മണിക്കൂറിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാര (PPBS):140-199mg%. ഗ്ലൈക്കോസിലേറ്റഡ് ഹീമോഗ്ലോബിൻ(HbA1C):5.6 to 6.4%.

കുഞ്ഞുങ്ങളും പ്രമേഹപൂർവാവസ്ഥയും

സാധാരണ രക്തത്തിലെ പഞ്ചസാര ആഗിരണം ചെയ്യുന്നതിനുള്ള സംവിധാനം (ഇടത്). ടൈപ്പ് 2 പ്രമേഹത്തിലെ ഇൻസുലിൻ പ്രതിരോധം (വലത്). കടപ്പാട്: Wikimedia Commons

ഇന്ന് അമിതവണ്ണവും തന്മൂലം ടൈപ്പ് 2 പ്രമേഹവും കുഞ്ഞുങ്ങളിൽ കൂടുതലായി കണ്ടു വരുന്നു. അതിനാൽ 10വയസ്സോ അതിന് മുകളിലോ പ്രായമുള്ള അമിത വണ്ണമുള്ള കുഞ്ഞുങ്ങളിൽ പ്രമേഹ പരിശോധന നടത്തേണ്ടതാണ്. പ്രത്യേകിച്ച് കുടുംബപരമായി പ്രമേഹം ഉള്ളവർ, ഗർഭകാല പ്രമേഹമുള്ള അമ്മമാർക്ക് ജനിച്ച കുട്ടികൾ, ജനിക്കുമ്പോൾ ശരീരഭാരം കുറവുള്ള കുട്ടികൾ (ലോ ബർത്ത് വെയിറ്റ് ബേബീസ്), പി.സി.ഒ.ഡി ഉള്ള കുട്ടികൾ തുടങ്ങിയവരിൽ കൃത്യമായ ഇടവേളകളിൽ പ്രമേഹ പരിശോധന നടത്തണം.

പ്രമേഹത്തിലേക്കുള്ള പ്രയാണം എങ്ങനെ തടയാം

പ്രമേഹം ഇല്ലാത്ത അവസ്ഥയ്ക്കും പ്രമേഹത്തിനും ഇടയിലുള്ള അവസ്ഥയാണല്ലോ പ്രമേഹപൂർവാവസ്ഥ. അതായത് ഇത് പ്രമേഹത്തിലേക്കുള്ള ഒരു പാലമാണെന്ന് പറയാം. ജീവിതശൈലിയിൽ ആരോഗ്യപ്രദമായ മാറ്റങ്ങൾ വരുത്തിയാൽ തീർച്ചയായും പ്രമേഹം ഇല്ലാത്ത അവസ്ഥ (ഡയബറ്റിക് റിവേഴ്സൽ) യിലേക്ക് തിരിച്ചു പോകാനാകും.

പ്രമേഹകാലത്തെ ഭക്ഷണം

തവിടുള്ള ധാന്യങ്ങൾ, നാരു കൂടുതൽ അടങ്ങിയ പച്ചക്കറികൾ ഇലക്കറികൾ ഇവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുട്ടയുടെ വെള്ള, പയർവർഗ്ഗങ്ങൾ,ഇവ മിതമായി ഉപയോഗിക്കാം. ശീതളപാനീയങ്ങൾ, പഞ്ചസാര, മൈദ, കൊഴുപ്പുള്ള ഭക്ഷണം, വെളുത്ത അരി, ഇവ കഴിവതും ഒഴിവാക്കണം. നിത്യവും നാലുമുതൽ എട്ട് ഗ്ലാസ്സുവരെ വെള്ളം കുടിക്കുക. ചൂടുകാലത്തു കൂടുതൽ വെള്ളം കുടിക്കണം.

  • ദിവസേന ഒരു മണിക്കൂർ വ്യായാമം ശീലമാക്കുക. കൃത്യമായ ഇടവേളകളിൽ ആഹാരം കഴിക്കുക. മാനസികോല്ലാസം തരുന്ന കാര്യങ്ങളിൽ ഏർപ്പെടുക. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക. ആറുമുതൽ എട്ട്മണിക്കൂർ വരെ ഉറങ്ങുക.

പ്രമേഹരോഗികൾ വാഹനമോടിക്കുമ്പോൾ

വ്യായാമക്കുറവ്, വിശ്രമവും ഉറക്കവും ഇല്ലാതെ നീണ്ട യാത്രകൾ, അനാരോഗ്യകരമായ ആഹാരരീതികൾ, മാനസീക പിരിമുറുക്കം തുടങ്ങിയവയെല്ലാം തന്നെ പ്രമേഹരോഗ കാരണങ്ങളാണ്.

തിരക്കുപിടിച്ച ജീവിതത്തിൽ ഏറെയാളുകൾ ഇപ്പോൾ സ്വന്തമായി വാഹനമോടിക്കുന്നവരാണ്. ഈ കോവിഡ് കാലത്തു, ആരോഗ്യ സുരക്ഷ കണക്കിലെടുത്തു സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വാഹനമോടിക്കുന്നവരിൽ നല്ലൊരുശതമാനം പ്രമേഹരോഗികൾ ആണെന്നത് ഒരു വസ്തുതയാണ്. വ്യായാമക്കുറവ്, വിശ്രമവും ഉറക്കവും ഇല്ലാതെ നീണ്ട യാത്രകൾ, അനാരോഗ്യകരമായ ആഹാരരീതികൾ, മാനസീക പിരിമുറുക്കം തുടങ്ങിയവയെല്ലാം തന്നെ പ്രമേഹരോഗ കാരണങ്ങളാണ്. പ്രമേഹവും രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും വാഹനമോടിക്കാനുള്ള നമ്മുടെ കഴിവിനെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ട്.

പ്രമേഹം കണ്ണിനെ ബാധിക്കും

ഡയബറ്റിക് റെറ്റിനോപ്പതിയുടെ അതേ കാഴ്ചപ്പാട്. കടപ്പാട്: wikipedia

ശരിയായ ചികിത്സ നൽകി നിയന്ത്രണത്തിലാക്കാതെ തുടരുന്ന പ്രമേഹം കാഴ്ചയെ ബാധിക്കാൻ സാധ്യത കൂടുതലാണ്. കാഴ്ചയ്ക്ക് മങ്ങലുണ്ടാകും. കൂടാതെ കണ്ണിലെ ചെറിയ രക്തക്കുഴലുകളിൽ തടസ്സങ്ങളും രക്തസ്രാവവും ഉണ്ടാക്കുന്ന “ഡയബറ്റിക് റെറ്റിനോപ്പതി”എന്ന രോഗവും ഉണ്ടാക്കും. റെറ്റിനോപ്പതി നന്നായി ചികിത്സിച്ചില്ലെങ്കിൽ ചിലപ്പോൾ അന്ധതയ്ക്കുപോലും കാരണമാകും. റെറ്റിനോപ്പതിയ്ക്ക് അവലംബിക്കുന്ന ലേസർ ചികിത്സ, ഉള്ള കാഴ്ചയുടെ വ്യാപ്തി കുറയ്ക്കാം. അതായത് വശങ്ങളിലേക്കുള്ള കാഴ്ച കുറയും. ഇത് ചിലപ്പോൾ വാഹനമോടിക്കുന്നവരിൽ പ്രയാസങ്ങൾ സൃഷ്ടിക്കാം.

ഹൈപ്പോഗ്ലൈസീമിയ  

വാഹനമോടിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഹൈപ്പോഗ്ലൈസീമിയ അഥവാ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞുപോകുന്ന അവസ്ഥ. ഇൻസുലിൻ എടുക്കുന്നവരിലും ചിലതരം മരുന്നുകൾ കഴിക്കുന്നവരിലും ഹൈപ്പോഗ്ലൈസീമിയ വരാനുള്ള സാധ്യത കൂടുതലാണ്. ക്ഷീണം, കാഴ്ചമങ്ങൽ, വിയർപ്പ്, വിറയൽ തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക. രോഗിക്ക് ക്രമേണ ബോധക്ഷയം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. സൂചനകൾ അവഗണിച്ചു മുന്നോട്ടു പോയാൽ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കാനോ ചിലപ്പോൾ ബ്രേക്ക് ചവിട്ടാനോ മറ്റൊരു വാഹനത്തെ മറികടക്കാനോ യഥാസമയം സാധിക്കാതെ വന്നേക്കാം.

സ്പർശനശക്തിയും ചൂടും

പ്രമേഹം കാലുകളുടെ ഞരമ്പുകളെ ബാധിക്കുന്നതിനാൽ സ്പർശന ശക്തി കുറയുകയും ഇത് ആക്സിലേറ്റർ, ബ്രേക്ക് എന്നിവ ഉപയോഗിക്കാൻ പ്രയാസമുണ്ടാവുകയും ചെയ്യാം. കൂടാതെ ചൂടറിയാനുള്ള കഴിവ് കുറയുന്നതിനാൽ ഉഷ്ണരാജ്യങ്ങളിൽ വാഹനമോടിക്കുന്നവർക്ക് എൻജിന്റെ ചൂടുകാരണം കാലിൽ പൊള്ളലേൽക്കാൻ സാധ്യതയുണ്ട്.

ഷുഗർ ലെവൽ അറിയുക, നിയന്ത്രിക്കുക

ഗ്ലൂക്കോസ് മീറ്റർ

പ്രമേഹമുള്ളവർ ഡ്രൈവ് ചെയ്യും മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. 80ൽ താഴെയാണെങ്കിൽ എന്തെങ്കിലും സ്നാക്സ് കഴിച്ചു 15മിനിറ്റ് കഴിഞ്ഞു മാത്രമേ യാത്ര ആരംഭിക്കാവൂ. ഫ്രൂട്ട് ജൂസുകളോ സ്‌നാക്‌സോ ചോക്കലേറ്റോ ഗ്ളൂക്കോസ് ഗുളികകളോ വണ്ടിയിൽ കരുതണം. യഥാസമയം ആഹാരം കഴിക്കാതിരുന്നാലും രക്തത്തിൽ പഞ്ചസാരയുടെ അളവിൽ കുറവുണ്ടാകും. പ്രമേഹരോഗം ബാധിച്ചവർ മദ്യം കഴിക്കകൂടി ചെയ്താൽ ഹൈപ്പോഗ്ലൈസീമിയ സാധ്യത കൂടും. ദീർഘനാളായി പ്രമേഹം ബാധിച്ചവർക്ക് ഷുഗർ കുറയുന്നത് അറിയാതിരിക്കുന്ന അവസ്ഥ (Hypoglycemia Unawareness) ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരക്കാരിൽ രക്തത്തിൽ പഞ്ചസാര വളരെ കുറഞ്ഞാലും അതിന്റെ ലക്ഷണങ്ങൾ ചിലപ്പോൾ പ്രകടമാകാതിരിക്കാം. ഷുഗർ പെട്ടന്ന് കുറഞ്ഞാൽ വാഹനം അരികു ചേർത്തുനിർത്തി എൻജിൻ ഓഫാക്കി താക്കോൽ ഊരിയെടുക്കുക. ഇതാണ് സുരക്ഷാമാർഗം. ഭക്ഷണം/മധുരം കഴിച്ചു 45മിനുട്ടിനു ശേഷം മാത്രമേ യാത്ര തുടരാവൂ.

ലൈസൻസിന് വേണ്ടി ആരോഗ്യ പരിശോധനകൾ നടത്തുമ്പോൾ ഒരിക്കലും കള്ളം പറയാനോ കബളിപ്പിക്കാനോ ശ്രമിക്കരുത്. തെറ്റായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുയുമരുത്. അതെല്ലാം സ്വയം അപകടം വരുത്തിവയ്ക്കലാണ്.

ലൈസൻസിന് വേണ്ടി ആരോഗ്യ പരിശോധനകൾ നടത്തുമ്പോൾ ഒരിക്കലും കള്ളം പറയാനോ കബളിപ്പിക്കാനോ ശ്രമിക്കരുത്. തെറ്റായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുയുമരുത്. അതെല്ലാം സ്വയം അപകടം വരുത്തിവയ്ക്കലാണ്. പ്രമേഹമുള്ളവർ ശാസ്ത്രീയമായ ചികിത്സയിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും വ്യായാമത്തിലൂടെയും ഷുഗർ ലെവൽ നിയന്ത്രിച്ചു നിർത്തിൻ എപ്പോഴും ശ്രദ്ധിക്കണം. വാഹനമോടിക്കാൻ തുടങ്ങുംമുമ്പ് രക്തപരിശോധന നടത്തി ഷുഗർ ലെവൽ അറിഞ്ഞിരിക്കണം. എന്തെങ്കിലും പ്രയാസം അനുഭവപ്പെട്ടാൽ സ്ഥിതി മെച്ചപ്പെടുന്നതുവരെ വാഹനമോടിക്കുന്നത് തുടരാതിരിക്കുന്നതാണ് ഉചിതം, സുരക്ഷിതം.

പ്രതിരോധം പ്രധാനം

ഏതു രോഗമായാലും രോഗം വന്നുചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുക എന്നതാണല്ലോ. പ്രമേഹത്തിന്റെ കാര്യത്തിൽ ഇതു സാധ്യമാക്കാൻ പ്രമേഹം പൂർവസ്ഥിതിയിൽ തന്നെ രോഗം കണ്ടുപിടിക്കാനായാൽ ജീവിതകാലം മുഴുവനുള്ള ചികിത്സ ഒഴിവാക്കാനാവും.


കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ.

മറ്റ് ലേഖനങ്ങൾ

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2021-ലെ നൊബേൽ പുരസ്കാരങ്ങളുടെ പ്രഖ്യാപനം തത്സമയം ലൂക്കയിലും
Next post 2021 ലെ വൈദ്യശാസ്‌ത്ര നൊബേല്‍ പ്രഖ്യാപിച്ചു
Close