Read Time:54 Minute

ഡോ. പ്രസാദ് അലക്സ്

കടപ്പാട് nytimes.com

വയവദാനം എന്ന വാക്കിനേക്കാൾ നമ്മുടെ നാട്ടിൽ സമകാലിക പ്രചാരം ഒരു പക്ഷേ ‘അവയവമാഫിയ’ എന്നതിനാവും. അപകടത്തിൽപ്പെടുത്തിയും ആവശ്യമില്ലാത്ത ശാസ്ത്രക്രിയക്ക് വിധേയമാക്കിയും ആന്തരികാവയവങ്ങൾ മുറിച്ചെടുക്കുന്ന ക്രൂരതയുടെ കഥകൾ പറയുന്ന സ്രോതസ്സില്ലാത്ത വാർത്തകൾ അത്രക്ക്പരിചിതമാണിന്ന്. ‘ജോസഫ്’ എന്ന ചലച്ചിത്രം അവതരിപ്പിക്കുന്ന വിഷയം തന്നെ ഇതാണ്. അവയവ ദാതാക്കളെ ഘട്ടംഘട്ടമായുള്ള അപകടങ്ങളിൽ കൊല്ലുന്ന ഒരു മെഡിക്കൽ റാക്കറ്റിനെയാണ് ഈ സിനിമ ചിത്രീകരിക്കുന്നത്, അവയവങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള രോഗികളിലേക്ക് പോകുന്നു, അതേസമയം അവയവമാറ്റശസ്ത്രക്രീയക്ക് കാത്തിരിക്കുന്ന, മുൻഗണനാ പട്ടികയിലുള്ള, ദരിദ്രരോഗികൾക്ക് വ്യാജ ശസ്ത്രക്രിയകൾ നൽകുന്നു. ചലച്ചിത്രം വ്യാപകമായി സ്വീകരിക്കപ്പെട്ടു. അറിയപ്പെടുന്ന നോവലിസ്റ്റ് ശ്രീ ബന്യാമീന്റെ ‘ശാരീരശാസ്‌ത്രം’ എന്ന നോവലിനെ അധികരിച്ചാണ് ചലച്ചിത്രം നിർമിച്ചിരിക്കുന്നത്. കൺവിൻസിങ്ങ് ആയ രീതിയിൽ ഉദ്വേഗജനകമായി കഥപറച്ചിലിന്റെ ഭംഗിയോട് കൂടിയാണ് ചലച്ചിത്രം സംവിധായകനും കൂട്ടരും ഒരുക്കിയിരിക്കുന്നത്. കുറ്റാന്വേഷണം നടത്തി സമർത്ഥമായി മാഫിയയെ പുറത്തു കൊണ്ടുവരുന്ന, വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ പ്രധാനകഥപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച ശ്രീ ജോജുജോർജിന് പ്രത്യേക ദേശീയ ജൂറി പുരസ്‌കാരവും ലഭിച്ചു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ശ്രീ മോഹൻലാൽ മുഖ്യകഥപാത്രത്തെ അവതരിപ്പിച്ച ‘നിർണയം’ എന്ന സിനിമയും സമാനമായ പ്രമേയം കൈകാര്യം ചെയ്തിട്ടുണ്ട്, മുഖ്യതന്തു അതല്ലെങ്കിലും. ഈ സിനിമയും നോവലുമൊക്കെ നെഗറ്റീവ് ആയ ഒരു സന്ദേശം സമൂഹത്തിന് നൽകുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അവയവദാനം, ശസ്ത്രക്രീയ എല്ലാം ഒരു മെഡിക്കൽമാഫിയയുടെ പിടിയിലാണെന്നതാണത്. യാഥാർഥ്യത്തിൽ നിന്ന് വളരെ അകന്ന, സമൂഹത്തിന് സംശയത്തിന്റെയും ഭീതിയുടെയും ചിത്രമാണിത് നൽകുന്നതെന്ന് വിമര്‍ശിക്കപ്പെടുകയും ചെയ്തു.

കടപ്പാട് web.stanford.edu

അവയവമാറ്റം 

അവയവദാനം രണ്ട് തരമുണ്ട്; ജീവിച്ചിരിക്കുന്നവരിൽ നിന്നും, മരിച്ചവരിൽ നിന്നും. വൃക്ക പോലെയുള്ള ഒരു അവയവം അല്ലെങ്കിൽ ഒരു അവയവത്തിന്റെ ഭാഗം (ഉദാഹരണം കരൾ, മജ്ജ) സ്വന്തം ഇച്ഛപ്രകാരം ദാനം ചെയ്യുന്നതാണൊന്ന്. ദാരിദ്ര്യം മൂലം മനുഷ്യർ അവയവദാതാക്കളാകുന്നതും ഇടനിലക്കാർ അവരെ ചൂഷണം ചെയ്യുന്നതും, മെഡിക്കൽ രംഗത്തുള്ളവർ അധാർമികകമായി ഇതിനൊക്കെ കൂട്ട് നിന്നതുമായുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് സത്യമാണ്. ഇവരുടെ കാര്യത്തിൽ  ഇടനിലക്കാർ വഴി അഴിമതികൾ നടക്കാറുണ്ട്. അടുത്ത ബന്ധുക്കളല്ലാത്ത ദാതാക്കൾക്ക് ഇപ്പോൾ വലിയ പ്രോത്സാഹനം ഇല്ലെന്നാണ് മെഡിക്കൽ രംഗത്തുള്ളവർ പറയുന്നത്. മരണമടഞ്ഞവരിൽ നിന്ന് അല്ലെങ്കിൽ ‘കാഡവറിൽ’ നിന്ന് അവയവ മാറ്റം നടത്തുന്നതാണ് രണ്ടാമത്തെ രീതി. മസ്തിഷ്ക മരണം സ്ഥിരീകരിച്ച ശേഷമാണ് ഇത് ചെയ്യാൻ കഴിയുക. ഇവിടെ മരിച്ചയാളിന്റെയോ ബന്ധുക്കളുടെയോ സമ്മതം, നിയമപരമായ നിബന്ധനകൾ, മെഡിക്കൽ പ്രോട്ടോക്കോളും സാങ്കേതികതകളും ഒക്കെ പാലിച്ച്‌ മാത്രമേ അവയവമാറ്റം നടത്താനാവൂ. അവയവദാനത്തിനുള്ള പ്രോട്ടോക്കോളും നിബന്ധനകളുമൊക്കെ കൂടുതൽ കണിശമാണിപ്പോൾ. കാഡവർ അവയവദാനമാണ് സിനിമയിലും നോവലിലും അഴിമതിയുടെയും മാഫിയപ്രവർത്തനത്തിന്റെയും രംഗമായി ചിത്രീകരിച്ചിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്ത് അവയവങ്ങൾ എടുക്കുന്നത് അപ്രായോഗികമാണെന്ന് മെഡിക്കൽരംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നു. ഒന്നാമതായി മസ്തിഷ്ക മരണം സംഭവിച്ചതായി ഒരു ഡോക്ടർ നേരിട്ട് പ്രഖ്യാപിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷന്റെ നിർവചനപ്രകാരം മസ്തിഷ്ക മരണം ഉറപ്പാക്കാൻ ഡോക്ടർമാർക്ക് ആറ് മണിക്കൂർ ഇടവേളയിൽ രണ്ട് സർട്ടിഫിക്കേഷനുകൾ ആവശ്യമാണ്, സർട്ടിഫൈ ചെയ്യുന്ന ടീമിൽ രണ്ടുപേർ സർക്കാറിന്റെ അതോറിറ്റി നാമനിർദ്ദേശം ചെയ്യുന്നവരായിരിക്കണം, അതിലൊരാൾ ന്യൂറോളജി മേഖലയിലെ വിദഗ്ദ്ധനാവണം. അതിനാൽ, കാഡവർ ദാതാക്കളെ ലഭിക്കുന്നത് ഒട്ടും സുഗമമായ പ്രക്രിയയല്ല. അവയവ ദാനത്തിനുള്ള നിയമങ്ങൾ അടുത്ത കാലത്ത് കർശനമാക്കിയത് ദാതാക്കളുടെ എണ്ണം ഗണ്യമായി കുറയാനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷം കേരളത്തിലെ കണക്കുകൾ പരിശോധിച്ചാൽ, 2013 ൽ 36, 2014 ൽ 58, 2015 ൽ 76, 2016 ൽ 72 എന്നിങ്ങനെയായിരുന്നു. 2017 ൽ ഇത് പെട്ടെന്ന് 18 ആയി കുറഞ്ഞു, 2018- ൽ ഇത് വെറും എട്ടെണ്ണം മാത്രമായിരുന്നുവെന്നാണ് ഐ എം എ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ഇതൊക്കെ പഴംകഥയാകുന്ന നാളുകളിലേക്ക് മനുഷ്യൻ നീങ്ങുന്നുവെന്നാണ് പുതുഗവേഷണഫലങ്ങൾ നൽകുന്ന സൂചന. വളർത്തുപന്നികളിൽ നിന്ന് വലിയ ബുദ്ധിമുട്ടുകളില്ലാത്ത വൃക്കയും കരളുമൊക്കെ എടുത്തുപയോഗിക്കാൻ അനതിവിദൂരഭാവിയിൽ കഴിഞ്ഞേക്കും. ആന്തരികാവയവങ്ങൾ രോഗബാധയാൽ ഏതാണ്ട് പൂർണമായും പ്രവർത്തനരഹിതമാകുന്ന ഘട്ടം വരാം. ജീവിതശൈലീരോഗങ്ങൾ തുടങ്ങി അണുബാധയുൾപ്പെടെയുള്ള പല കാരണങ്ങൾ കൊണ്ട് ഇത്തരം ഗുരുതരാവസ്ഥയിൽ എത്തുന്നവർ അനവധിയാണ്. മറ്റ് ചികിത്സാരീതികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലെത്തുന്നവർക്ക് അവയവം മാറ്റിവയ്ക്കകയാണ് പോംവഴി. വൃക്കകളാണ് ലോകത്ത് ഏറ്റവും സാധാരണമായി മാറ്റിവയ്ക്കുന്ന മനുഷ്യാവയവം. അത് കഴിഞ്ഞാൽ പിന്നെ കരൾ, ഹൃദയം, ശ്വാസകോശം എന്നിവയും.  ഇങ്ങനെ  വിജയകരമായ ഒരു ശസ്ത്രക്രീയ ലോകത്ത് നടന്നത് 1954 –ലാണ്. ആദ്യമായി  വൃക്ക രണ്ട് മനുഷ്യർക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടു. കരൾ, ഹൃദയം, പാൻക്രിയാസ് എന്നിവ കൈമാറ്റം ചെയ്യുന്ന ശസ്ത്രക്രീയ വിജയകരമായാത് 1960 കളുടെ അവസാനമാണ്, ശ്വാസകോശം, കുടൽ എന്നിവ 1980 -ന്  ശേഷവും.

അവയവമാറ്റം നാഴികക്കല്ലുകള്‍ കടപ്പാട് web.stanford.edu

അവയവമാറ്റം ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും സങ്കീർണ്ണവുമായ ചികിത്സാരീതിയാണ്.  മാറ്റിവച്ച അവയവം സ്വീകർത്താവിന്റെ ശരീരം തിരസ്കരിക്കുന്നതാണ് ഒരു പ്രധാന തടസ്സം. ഇങ്ങനെ ‘പറിച്ചുനട്ട’ അവയവത്തെ ശരീരം അന്യവസ്തുവായി  ‘തിരിച്ചറിഞ്ഞ്’ അതിനെതിരെ പ്രതിരോധ പ്രതികരണം ഉയർത്തുന്നു.  ഇത് ട്രാൻസ്പ്ലാൻറ് പരാജയപ്പെടാൻ  ഇടയാക്കും. പ്രതിരോധപ്രതി പ്രവർത്തനം  കുറയ്ക്കാനുള്ള  മരുന്നുകളുടെ ഉപയോഗം വഴി ട്രാൻസ്പ്ലാൻറ് തിരസ്കരിക്കാനുള്ള സാധ്യത കുറയ്ക്കാം, പക്ഷേ ഇല്ലാതാക്കാൻ കഴിയില്ല. രോഗികൾ ജീവിതകാലം മുഴുവൻ ഈ മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നു. നിർഭാഗ്യവശാൽ, ഈ മരുന്നുകൾക്ക് ദോഷകരമായ ചില പാർശ്വഫലങ്ങളുണ്ട്.  അവയവങ്ങൾ ലഭ്യമാകാനുള്ള സാധ്യത തന്നെ വളരെ കുറവാണ്. അത് കൊണ്ട് ആവശ്യക്കാരിൽ വളരെ കുറച്ച്പേർക്ക് മാത്രമേ ഈ മാർഗം അവലംബിക്കാനാവുന്നുള്ളൂ. ജീവനുള്ള ദാതാക്കളിൽ നിന്ന് വൃക്കയും കരളും മാറ്റിവയ്ക്കാൻ കഴിയുമെങ്കിലും മറ്റ് അവയവങ്ങൾ മരിച്ച ദാതാക്കളിൽ നിന്നാണ് വരുന്നത്. അനവധി രോഗികൾ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നതിനാൽ, മുൻഗണനാപട്ടിക വർഷങ്ങളായി ലോകത്തെല്ലായിടത്തും നീണ്ടു നീണ്ടു പോകുകയാണ് പതിവ്.  ഇന്ത്യയിൽ 2,20,000 ആളുകൾ വൃക്കമാറ്റിവയ്ക്കൽ കാത്തിരിക്കുന്നതയാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ, അതിൽ 15,000 പേർക്ക് മാത്രമാണ് യാഥർത്ഥത്തിൽ വൃക്ക ലഭിക്കുന്നത്. അവയവദാനത്തിനായി കേരളത്തിൽ കാത്തിരിക്കുന്നവർ രണ്ടായിരത്തിലധികമാണ്. അമേരിക്കയിൽ (യു എസ് എ ) 117,000-ത്തിലധികം രോഗികൾ അവയവദാനം കാത്ത് പട്ടികയിലുണ്ടെന്നാണ് ഫെഡറൽ ഗവൺമെന്റ് കണക്കുകൾ. ഇങ്ങനെ കാത്തിരിക്കുന്ന 22 പേർ പ്രതിദിനം  മരിക്കുന്നു. ഗുരുതര വൃക്കരോഗമുള്ള മിക്കവർക്കും ട്രാൻസ്‌പ്ലാന്റ് ആണ് ഏറ്റവും മികച്ച ചികിത്സാ മാർഗം.  പക്ഷെ അതിനായുള്ള നീണ്ട് പോകുന്ന കാത്തിരുപ്പിനിടയിൽ രോഗി മെല്ലെ മരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇത് നിസ്സഹായമായി നോക്കി നിൽക്കാനേ കുടുംബത്തിന് കഴിയൂ.

മൃഗാവയവങ്ങൾ 

മനുഷ്യദാതാക്കളിൽ നിന്നുള്ള ലഭ്യത പരിമിതമായത് കൊണ്ടാണ് ഇതരജീവിക ൾ അവയവസ്രോതസ്സായി വൈദ്യശാസ്ത്രരംഗത്ത് പരിഗണിക്കപ്പെടുന്നത്. ഈ സ്വപ്നം ശാസ്ത്രജ്ഞർക്ക് മുൻപ് തന്നെ ഉണ്ടായിരുന്നു. ഒരു ജീവിവർഗ്ഗത്തിൽ (സ്‌പീഷീസ്) നിന്ന് മറ്റൊന്നിലേക്ക് (ക്രോസ്-സ്പീഷീസ് ) അവയവമാറ്റം നടത്തുന്നതിന്  സെനോട്രാൻസ്പ്ലാന്റേഷൻ എന്നും മാറ്റിവയ്ക്കുന്ന അവയവങ്ങൾ, കലകൾ (ടിഷ്യു ) എന്നിവയെ സെനോഗ്രാഫ്റ്റുകൾ എന്നും വിളിക്കുന്നു. മനുഷ്യനോട് ജനിതകമായി ഏറ്റവുമടുത്ത നല്കുന്ന പ്രൈമേറ്റുകളെ കുറിച്ചാണ് ആദ്യം ചിന്തിച്ചത്. 1963 ൽ ന്യൂയോർക്കിൽ കെ. റീമ്ത്സ്മ എന്ന ശാസ്ത്രക്രീയവിദഗ്ദ്ധൻ ചിമ്പാൻസി വൃക്കകൾ പതിമൂന്ന് മനുഷ്യരിലേക്ക് മാറ്റിവെച്ചപ്പോഴാണ് സെനോട്രാൻസ്പ്ലാന്റേഷൻ കഥയുടെ യഥാർത്ഥ തുടക്കം. ഒരു സ്വീകർത്തവ് പ്രവർത്തനക്ഷമമായ ചിമ്പാൻസിവൃക്കയുമായി   9 മാസം അതിജീവിച്ചു വൃക്കസംബന്ധമല്ലാത്ത കാരണത്താലാണ് മരിച്ചത്. അത് കൊണ്ട് ഈ സെനോഗ്രാഫ്റ്റുകൾ കുറെയൊക്കെ വിജയിച്ചു എന്ന് പറയാം. യൂറോപ്പിൽ, ആദ്യത്തെ പ്രൈമേറ്റ് സെനോഗ്രാഫ്റ്റ് 1966 ൽ കോർട്ടെസിനി നടത്തി. ഒരു യുവ രോഗിക്ക് വൃക്ക മാറ്റിവച്ചു, ഒടുവിൽ 40 ദിവസത്തിനുശേഷം ഈ സെനോഗ്രാഫ്റ്റ് തിരസ്കരിച്ചു. കൊളറാഡോയിലെ അതേ കാലയളവിൽ, ടി. സ്റ്റാർസ്ൽ ആറ് ബാബൂൺ വൃക്ക സെനോഗ്രാഫ്റ്റുകൾ അവസാനഘട്ട വൃക്കരോഗികൾക്ക് നൽകി. അവയവ തിരസ്കരണത്തോടനുബന്ധിച്ചുണ്ടായ   ക്ലിനിക്കൽ സങ്കീർണതകൾ കാരണം രോഗികൾ മരിച്ചു. ഹാർട്ട് സെനോഗ്രാഫ്റ്റ് പൂർത്തിയാക്കാനുള്ള ആദ്യ ശ്രമം നടത്തിയത് 1964 -ൽ മിസിസിപ്പി സർവകലാശാലയിൽ ജെ. ഹാർഡിയും സി.എം. ഷാവേസുമാണ്; രോഗി 2 മണിക്കൂർ മാത്രമേ ജീവിച്ചിരുന്നുള്ളൂ. രണ്ടാമത്തെ ശ്രമം നടത്തിയത് ഡോ ക്രിസ്റ്റ്യൻ ബർണാർഡ് 25 കാരിയായ ഒരു യുവതിക്ക് വേണ്ടിയാണ്; ബാബൂൺ ഹൃദയം യുവതിയിൽ 6 മണിക്കൂർ വരെ മിതമായ രക്തചംക്രമണം നിലനിർത്തിയ ശേഷമാണ് തിരസ്കരിക്കപ്പെട്ടത്. ഈ  കേസുകളിലെല്ലാം, അവയവതിരസ്കരണം സെനോഗ്രാഫ്റ്റുകളുടെ നിലനിൽപ്പ് ഹ്രസ്വമാക്കി. ശരീരത്തിന്റെ പ്രതിരോധപ്രതി പ്രവർത്തനം തടയാൻ മരുന്നുകൾ പര്യാപ്തമായില്ല. ഇത് ഒരേ സ്പീഷിസിലെ കൈമാറ്റത്തെക്കാൾ തീവ്രമാണ്.

അവയവങ്ങൾ വളർത്ത് പന്നികളിൽ നിന്ന്

ട്രാൻസ്‌പ്ലാന്റ് ആവശ്യമുള്ള രോഗികൾക്ക്  ചികിത്സ എന്നത് വൈദ്യശാസ്ത്രരംഗത്തെ വെല്ലുവിളിയാണ്.  അവയവങ്ങൾ വീണ്ടും വളർത്തിയെടുക്കുക ബയോ എഞ്ചിനീയറിങ്ങ്  സാധ്യതകൾ ഉപയോഗിക്കുക  തുടങ്ങിയവ  ഗവേഷകർ ആരായുന്ന പുതുവഴികളാണ്, സജീവമായ ഗവേഷണ മേഖലകളുമാണ്.  മനുഷ്യേതരമായ അവയവദാതാക്കളെ കണ്ടെത്തുക എന്നതാണ് മറ്റൊരു പോംവഴിയായി സജീവമായി പരിഗണിക്കുന്നത്

ആൾക്കുരങ്ങുകൾ (മനുഷ്യേതര പ്രൈമേറ്റുകൾ) നമ്മുടെ പരിണാമവഴിയിലെ കസിൻമാരാണെങ്കിലും, അവയവമാറ്റപരീക്ഷണങ്ങളിൽ മനുഷ്യർക്ക് പകരമായി ഉൾക്കൊള്ളിക്കാൻ കഴിയുമെങ്കിലും, അവ നല്ല അവയവദാതാക്കളല്ല. പ്രൈമേറ്റിന്റെ അവയവം വഴി പകർച്ചവ്യാധികൾ മനുഷ്യ സ്വീകർത്താവിന് കൈമാറുമെന്ന ആശങ്കയുണ്ട്, കൂടാതെ പ്രൈമേറ്റുകൾ എളുപ്പത്തിൽ വളർത്താവുന്ന മൃഗങ്ങളല്ല.. അവയവ ദാതാക്കളായി വളർത്ത് പന്നികളെ ഉപയോഗിക്കുന്നത് മറ്റൊരു ആകർഷകമായ പരിഹാരമായാണ് വൈദ്യശാസ്ത്രലോകം നോക്കിക്കാണുന്നത്. അവയുടെ അവയവങ്ങൾ മനുഷ്യാവയവങ്ങളോട് വലുപ്പത്തിലും ശരീരശാസ്ത്രത്തിലും സമാനതകളുള്ളതിനാൽ, അവ നല്ല ബദൽ ആണ്, ആവശ്യമുള്ളപ്പോൾ അവ എളുപ്പത്തിൽ ലഭ്യമാകുമെന്ന കാര്യവുമുണ്ട്. മാംസത്തിനായി വളർത്തുന്ന മൃഗങ്ങളിൽ നിന്ന് ശരീരഭാഗങ്ങൾ എടുക്കുന്നത്, പരിണാമവഴിയിൽ മനുഷ്യനോടടുത്ത് നിൽക്കുന്ന ആൾക്കുരങ്ങുകളിൽ നിന്ന് എടുക്കുന്നതിനേക്കാൾ ധാർമികമായി സ്വീകാര്യവുമാവും. പന്നിയുടെ വൃക്ക ഉപയോഗിച്ചുള്ള സെനോട്രാൻസ്പ്ലാന്റേഷൻറെ സാധ്യത  പതിറ്റാണ്ടുകളായി  പഠിക്കപ്പെടുന്നതാണ്. പക്ഷേ മനുഷ്യ പരീക്ഷണങ്ങൾ സുരക്ഷിതമാണെന്ന് കണക്കാക്കുന്നതിന് മുൻപ് പല തടസ്സങ്ങൾ മറികടക്കേണ്ടതുണ്ട്.

തടസ്സങ്ങൾ, പ്രശ്നങ്ങൾ 

സാധാരണ ഒരേ വർഗ്ഗത്തിലെ അംഗത്തിൽ നിന്നുള്ള  അവയവമാറ്റത്തിനേക്കാൾ കഠിനമായ  പ്രതിരോധപ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്ന സംരംഭമാണ് സെനോട്രാൻസ്പ്ലാൻറേഷൻ.  മനുഷ്യശരീരത്തിൽ കാണപ്പെടാത്ത തരത്തിലുള്ള പഞ്ചസാരതന്മാത്രകളും പ്രോട്ടീൻ തന്മാത്രകളും പന്നികളുടെ കോശപ്രതലങ്ങളിൽ ഉണ്ട്. പന്നിയുടെ അവയവങ്ങൾ മനുഷ്യരിലേക്ക് മാറ്റിവയ്ക്കുമ്പോൾ, മനുഷ്യശരീരത്തിലെ പ്രതിരോധവ്യവസ്ഥ ഈ തന്മാത്രകളെ അന്യവസ്തുക്കളെന്ന് ‘തിരിച്ചറിഞ്ഞ്’ പന്നിയുടെ ടിഷ്യുവിനെ ആക്രമിക്കാൻ തുടങ്ങുന്നു, ഇത് അവയവത്തെ പെട്ടെന്ന് തിരസ്കരിക്കാൻ ഇടയാക്കുന്നു; ആത്യന്തികമായി സെനോഗ്രാഫ്റ്റ് സ്വീകർത്താവിന്റെ മരണത്തിന് തന്നെ കാരണമാകാം. തികച്ചും വ്യത്യസ്തമായ ഈ തന്മാത്രകൾ‌ക്ക് പുറമേ, പന്നികളും മനുഷ്യരും ജനിതകപരമായി വ്യത്യസ്തതകൾ ഉള്ളതിനാൽ, സമാനമായ പ്രവർത്തനങ്ങൾ‌ നിർവഹിക്കുന്ന പല പ്രോട്ടീനുകൾക്കും ഇരു ജീവികളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്, അവയും പ്രതിരോധ പ്രതിപ്രവർത്തനത്തിന് കാരണമാകുന്നു. നിർഭാഗ്യവശാൽ, പന്നികളും മനുഷ്യരും തമ്മിലുള്ള ടിഷ്യു പൊരുത്തക്കേട് മൂലം ഉണ്ടാകുന്ന തിരസ്കരണത്തെ മരുന്നുകൾ കൊണ്ട് അത്ര ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയില്ല. അത്പോലെ തന്നെ മറ്റൊരു പ്രശ്നമാണ് മനുഷ്യരേയും പന്നികളെയും ഒരുപോലെ ബാധിക്കുന്ന വൈറസുകൾ പകരാനുള്ള സാധ്യത.  പന്നിയുടെ ജീനോമിൽ ഇരുപത്തഞ്ച് തരം റിട്രോവൈറസുകളുടെ സാന്നിധ്യമുണ്ട്.  ഇവ മനുഷ്യരിലേക്ക് പകർന്ന് രോഗകാരണമാകാം; പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷികുറഞ്ഞ ട്രാൻസ്പ്ലാൻറ് രോഗികളിൽ.

പ്രൈമേറ്റുകളിൽ പന്നിയുടെ വൃക്ക ഉപയോഗിച്ച് പല പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് .  സംരക്ഷണ പ്രോട്ടീനുകളുപയോഗിച്ച് അവയവങ്ങൾ തിരസ്കരിക്കുന്നത് നീട്ടിവയ്ക്കാൻ ശ്രമങ്ങളുണ്ടായി. കുറഞ്ഞസമയം തിരസ്കരണം നീട്ടി വയ്ക്കാൻ മാത്രമേ തുടക്കത്തിൽ കഴിഞ്ഞുള്ളു.  പന്നി വൃക്കയുടെ കോശ പ്രതലങ്ങളിൽ മാത്രം കാണപ്പെടുന്ന പഞ്ചസാരയെയും പ്രോട്ടീനുകളെയും പ്രൈമേറ്റിന്റെ പ്രതിരോധ സംവിധാനങ്ങൾ ആക്രമിക്കുന്നതായി ഗവേഷകർ കണ്ടെത്തി.  എന്നാൽ  പ്രശ്നപരിഹാരസൂചനകൾ നൽകുന്ന പുതിയഗവേഷണ ഫലങ്ങളാണിപ്പോൾ പുറത്ത് വരുന്നത്.

സെനോട്രാൻസ്പ്ലാന്റേഷൻ യാഥർഥ്യത്തിലേക്ക്: 

ജനിതക എഞ്ചിനീയറിംഗ് വഴി മനുഷ്യർക്ക് ഇല്ലാത്ത പന്നി പ്രോട്ടീനുകളെ ഒഴിവാക്കാനും പന്നികളിൽ ആവശ്യമായ മനുഷ്യ പ്രോട്ടീനുകൾ ഉണ്ടാക്കിയെടുക്കുവാനും കഴിയുമെങ്കിൽ, അവയവ തിരസ്കാരത്തിനുള്ള സാധ്യത കുറയ്‌ക്കാം. 2002- ൽ തന്നെ അപകടകരമായ പ്രതിരോധപ്രതി പ്രവർത്തനത്തിന് കാരണമാവുന്ന ഒരു പ്രധാനഘടകം Sugar Molecule ഭാഗികമായി ഇല്ലാത്ത പന്നികളെ ജനിതകമായി രൂപകൽപ്പന ചെയ്തു ക്ലോൺ ചെയ്യുന്നതിൽ ഗവേഷകർ വിജയിച്ചിരുന്നു. പിന്നീട് പന്നിയിലെ പ്രതിരോധകോശങ്ങൾ മനുഷ്യനിലെ പ്രതിരോധകോശങ്ങളുമായി വിജയകരമായി ഇടകലരാൻ സഹായിക്കുന്ന നിരവധി ജനിതകമാറ്റങ്ങൾ വരുത്തിയ പന്നികൾ സൃഷ്ടിക്കപ്പെട്ടു. ഇത്തരം അവയവങ്ങൾ പന്നിയിൽ നിന്ന് മനുഷ്യേതര പ്രൈമേറ്റ്മോഡലുകളിലേക്ക് മാറ്റി പരീക്ഷിക്കപ്പെട്ടു.  ഭാവിയിൽ മനുഷ്യനിലേക്കുള്ള പറിച്ചുനടലിന് കൂടുതൽ അനുയോജ്യമാകാൻ ജനിതകമായി മാറ്റം വരുത്തിയ പന്നി അവയവങ്ങൾ കൊണ്ട് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

റിട്രോവൈറസുകൾ 

മേൽ സൂചിപ്പിച്ച പോലെ മനുഷ്യരെയും പന്നികളെയും ഒരുപോലെ ബാധിക്കുന്ന വൈറസുകൾ പകരാനുള്ള സാധ്യത ഒരു പ്രധാന ഭീഷണിയാണ്. പന്നിയുടെ ജീനോമിൽ കാണുന്ന റിട്രോവൈറസുകൾ പന്നികൾക്ക് കുഴപ്പമൊന്നും ചെയ്യുന്നില്ല. പക്ഷേ ഇവ മനുഷ്യരിൽ രോഗങ്ങളുണ്ടാക്കാം; പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷികുറഞ്ഞ ട്രാൻസ്പ്ലാൻറ് രോഗികളിൽ. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഗവേഷണങ്ങൾ പുറകോട്ടടിക്കാൻ ഈ ആശങ്ക കാരണമായി. വിശേഷിച്ച് എച്ച് ഐ വി ഭീഷണി സജീവമായി നിന്ന കാലത്ത്. പക്ഷെ അക്കാലത്ത് തന്നെ പന്നിയിൽ നിന്ന് ഹൃദയ വാൽവുകൾ മനുഷ്യനിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്. ജീവനില്ലാത്ത കലകൾ ഉപയോഗിക്കുന്ന അപകടസാധ്യതകളില്ലാത്ത പ്രക്രീയ ആണിത്. സമീപകാല ത്ത് ജീൻ എഡിറ്റിംഗിൽ  ഉണ്ടായ മുന്നേറ്റങ്ങൾ പന്നിയിൽ നിന്ന് മനുഷ്യനിലേക്കുള്ള   അവയവമാറ്റ ഗവേഷണങ്ങളിൽ താൽപര്യം വീണ്ടും സജീവമാവാൻ കാരണമായി.

കടപ്പാട് sitn.hms.harvard.edu

CRISPR-Cas9 ജീൻ എഡിറ്റിംഗ് സാങ്കേതികതയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. 2017 – ൽ മസാച്യുസെറ്റ്സിലെ ‘ഇജനിസിസ്’ ബയോടെക് സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ പന്നിയുടെ ജീനോമിലെ 25 വൈറസുകളും നിർജ്ജീവമാക്കുകയും ആരോഗ്യമുള്ള പന്നിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്തു. ഭൂമിയിലെ ഏറ്റവും അധികം ജനിതകമാറ്റം വരുത്തിയ മൃഗമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഗവേഷണത്തിന് നേതൃത്വം നൽകിയ ഇജനിസിസിന്റെ സഹസ്ഥാപകനും ചീഫ് സയൻസ്ഓഫീസറുമായ ലുഹാൻ യാങ് പറയുന്ന പോലെ, “സെനോ ട്രാൻസ്പ്ലാന്റേഷൻ പോലുള്ള രംഗത്തെ പ്രശ്നങ്ങൾ നേരിടാൻ നിരന്തരം ഇത്തരം പുതിയ തന്ത്രങ്ങൾ ആവശ്യമാണ്.” സെനോട്രാൻസ്‌പ്ലാന്റ് ഗവേഷണത്തെ പുതിയ ഘട്ടത്തിലേക്ക് ഇത് എത്തിച്ചു. നാലുമാസം പ്രായമുള്ളപ്പോഴാണ് പന്നിയുടെ അവയവങ്ങൾ മനുഷ്യരിൽ ഉപയോഗിക്കാൻ‌ കഴിയുന്നത്ര വലിപ്പമുണ്ടായിരിക്കുക. അത്രയും കാലം ഇവ നല്ല ആരോഗ്യത്തോട് കൂടി ജീവിച്ചിരുന്നു എന്നതാണ് എടുത്ത് പറയേണ്ട വസ്തുത. വിഖ്യാതമായ സയൻസ് മാഗസിനിലാണ് 2017 – ൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിക്കുട്ടികൾ ആരോഗ്യമുള്ളവയായി വളർന്നത് അത്ഭുതകരം എന്നാണ് പ്രബന്ധത്തിൻറെ പ്രധാന രചയിതാതാവും ഹാർ‌വാർഡ് മെഡിക്കൽ സ്കൂൾ ജനിതകശാസ്ത്രജ്ഞനുമായ ജോർജ്ജ് ചർച്ച് പറഞ്ഞത്. കോശങ്ങൾക്ക് ഹാനികരമാവാൻ ഇടയുള്ളതാണ് CRISPR സങ്കേതികവിദ്യ, കാരണം അത് ഡിഎൻ‌എ സ്ട്രാന്റുകളിൽ വിള്ളലുകൾ ഉണ്ടാക്കുകയും, കോശങ്ങളെ സ്വയം നശിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യാം. അതുപോലെ, റിട്രോവൈറസുകൾ സ്വയം പകർപ്പുകൾ സൃഷ്ടിക്കുന്നത് അവയുടെ ജീനോമിന്റെ ഒരു പകർപ്പ് ആതിഥേയ ജീനോമിലേക്ക് കൂട്ടിച്ചേർക്കുന്നതിലൂടെ ആണ്. അതിനാൽ പന്നി എന്ന ജീവിവർഗ്ഗം നിലനിന്നിരുന്ന ഏകദേശം 25 ദശലക്ഷം വർഷങ്ങളായി ആ വൈറസുകൾ അവയുടെ ജീനോമിന്റെ ഭാഗമായിരുന്നിരിക്കാം. തൽഫലമായി, പന്നിയുടെ നിലനിൽപ്പിൽ അവയ്ക്ക് ഒരു പ്രധാന പങ്കുണ്ടോ എന്നും അവ കൂടാതെ മൃഗങ്ങൾക്ക് ശരിയായി വികസിക്കാൻ കഴിയുമോ എന്നും സംശയിച്ചിരുന്നു.

ഗർഭപാത്രത്തിൽ വച്ച് വൈറസുകൾ പന്നിക്കുട്ടികളെ വീണ്ടും ബാധിച്ചില്ലെന്നത് ആശ്ചര്യകരമായ സന്തോഷമെന്നാണ് ചർച്ച് വിശേഷിപ്പിച്ചത്. രണ്ട് പതിറ്റാണ്ട് ഗവേഷകരെ അലട്ടിയ പ്രശ്‌നത്തിനാണ് വഴി തെളിഞ്ഞത്. ഇതുവരെ ലാബിൽ പെൺപന്നികളെ മാത്രമേ ഇങ്ങനെ വളർത്തിയെടുത്തുള്ളൂ. ആൺ പന്നികളെ എഞ്ചിനീയറിംഗ് ചെയ്യുന്നതിനുള്ള പരീക്ഷണങ്ങളാണിപ്പോൾ നടത്തുന്നത്, ഇത് കൂടുതൽ സങ്കീർണ്ണമാകാൻ വഴിയില്ലെന്നാണ് കരുതുന്നത്.

CRISPR ഉപയോഗിച്ച് അനവധി ജീനുകൾ എഡിറ്റുചെയ്യുന്നത് സസ്തനികളിൽ ദീർഘകാല പ്രശ്‌നങ്ങൾക്ക് കാരണമാകുമോ എന്ന് ശാസ്ത്രജ്ഞർക്ക് ശങ്കയുണ്ട്. ഇജെനിസിസിൽ എഡിറ്റുചെയ്ത പന്നികളെക്കുറിച്ച് പഠിക്കുന്നത് ഗവേഷകർക്ക് ഇതേക്കുറിച്ച് മനസ്സിലാക്കാൻ അവസരം നൽകും. ക്രിസ്പർ സങ്കേതത്തിന് വിധേയമായിട്ടുള്ള ഏറ്റവും വലിയ മൃഗങ്ങൾ പന്നികളാണ്. അവയുടെ സ്വാഭാവിക ജീവിതദൈർഘ്യമായ 20 വർഷത്തിലധികം എന്ത് സംഭവിക്കും എന്നറിയാൻ ഗവേഷകർ താല്പര്യപ്പെടുന്നുണ്ട്. CRISPR ക്യാൻസറിന് കരണമായേക്കാമെന്ന ആശങ്കയുണ്ട്. അത് പരീക്ഷിച്ചറിയാനായാൻ കഴിയുമെന്നും പ്രതീക്ഷയുമുണ്ട്. ‘വാർദ്ധക്യം’ വരെ ഇവ ജീവിച്ചിരുന്നാൽ അതിനുള്ള അവസരമാവും.

എന്നാൽ റിട്രോ വൈറസിനെ ഒഴിവാക്കുന്ന ജീൻ എഡിറ്റിംഗ് ആവശ്യമുള്ളതാണോ എന്ന് സംശയിക്കുന്നവർ ഈ രംഗത്തുണ്ട്. പന്നിയിൽ കാണുന്ന റിട്രോവൈറസുകൾ മനുഷ്യരിൽ രോഗമുണ്ടാക്കുമോ എന്ന കാര്യം സംശയാതീതമമല്ലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ മറ്റ് റിട്രോവൈറസുകൾ പോലെ  (എച്ച് ഐ വി മനുഷ്യരെ ബാധിക്കുന്ന പോലെ) പോലെ, പന്നിയിലെ റിട്രോവൈറസുകൾ മനുഷ്യകോശങ്ങളെ ബാധിക്കുമെന്ന് സ്ഥിരീകരിക്കുന്ന പരീക്ഷണങ്ങൾ ഈജനസിസിലെ യാങ്ങും സഹപ്രവർത്തകരും നടത്തി. പരീക്ഷണശാലയിലെ പാത്രങ്ങളിൽ കൾച്ചർ ചെയ്ത മനുഷ്യകോശങ്ങളെ പന്നി വൈറസുകൾ ബാധിച്ചു, മാത്രമല്ല പന്നി കോശങ്ങളുമായി നേരിട്ട് സമ്പർക്കമില്ലാത്ത കോശങ്ങളിലേക്ക് രോഗബാധയുള്ള മനുഷ്യ കോശങ്ങളിൽ നിന്ന് പകരുകയും ചെയ്തു.

എങ്കിലും മറ്റ് ഗവേഷകരുടെ അഭിപ്രായത്തിൽ മനുഷ്യരെ പന്നി റിട്രോവൈറസ് ബാധിക്കാനുള്ള സാധ്യത അത്ര വ്യക്തമല്ല. പന്നി ജീനുകളെ അനാവശ്യമായി എഡിറ്റുചെയ്യുന്നത് ഒരു സെനോട്രാൻസ്പ്ലാന്റിന്റെ സങ്കീർണ്ണതയും ചെലവും വർദ്ധിപ്പിക്കുയും ചെയ്യും. വർഷങ്ങൾക്കുമുമ്പ് തങ്ങളുടെ ടീം വൈറസുകളെക്കുറിച്ച് ആകുലപ്പെടുന്നത് അവസാനിപ്പിച്ചതായി അലബാമ സർവകലാശാലയിലെ സർജറി വിഭാഗത്തിലെ ജെ ടെക്ടർ പറയുന്നു, യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്‌പ്ലാന്റഷന് മുൻപ് വൈറസുകൾ നീക്കംചെയ്യേണ്ടതുണ്ടെന്ന് ഇത് വരെ നിബന്ധന ഒന്നും വച്ചിട്ടുമില്ല. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിൻ സർജറി പ്രൊഫസറും സെനോഹാർട്ട് ട്രാൻസ്പ്ലാൻറേഷൻ ഡയറക്ടറുമായ മുഹമ്മദ് മൻസൂർ മൊഹിയുദ്ദീൻ പറയുന്നു, “വൈറസുകൾ രോഗികൾക്ക് അപകടസാധ്യതയുണ്ടാക്കുന്നുവെന്ന് ഇജെനെസിസിന്റെ ലാബ് പരിശോധനകൾ തെളിയിച്ചിട്ടില്ല. സെൽ ലൈനുകളെ ബാധിക്കാനുള്ള വൈറസുകളുടെ കഴിവ് ആശങ്കപ്പെടാൻ പര്യാപ്തമായ കാരണമല്ല. ഇവ ഏതെങ്കിലും തരത്തിലുള്ള രോഗത്തിന് കാരണമാകുമെന്ന് തെളിവുകൾ ഇല്ലാത്തതിനാൽ സെൽ ലൈൻ ഇൻഫെക്ഷനെക്കുറിച്ച് ആശങ്കയുടെ കാര്യമില്ല”പക്ഷേ ടെക്ടർ ഇങ്ങനെ കൂട്ടിച്ചെർക്കുന്നു, എഫ് ഡി‌ എ വൈറസുകൾ നീക്കംചെയ്യാൻ നിബന്ധന വയ്ക്കുന്നുവെങ്കിൽ, ഇജെനെസിസ് ടീമിന്റെ സമീപനം ഉപയോഗപ്രദമാകും. “വൈറസുകളെ പുറത്താക്കണമെങ്കിൽ, അത് ചെയ്യാനുള്ള വഴിയാണിത്, ചോദ്യമില്ല,”.

കൂടുതൽ അനുരൂപണങ്ങൾ  

ഗവേഷണത്തിന്റെ അടുത്ത ഘട്ടം, പന്നികളെ അടിസ്ഥാനപരമായി “മനുഷ്യവൽക്കരിക്കുക” അഥവാ അവയവങ്ങൾ മനുഷ്യശരീരത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ പരിഷ്കരിക്കുക എന്നർഥം. പ്രതിരോധപ്രവർത്തന രീതിയിലെ മാറ്റങ്ങളും കലകൾ മനുഷ്യശരീരത്തിന് അനുയോജ്യമാക്കുന്നതും രക്തം കട്ടപിടിക്കുന്നത് പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇതിനകം തന്നെ അത്തരം ഗവേഷണങ്ങൾ ആരംഭിക്കുകയും, ഫലങ്ങൾ പ്രസിദ്ധീകരണ ഘട്ടത്തിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. അലബാമയിലെ ടെക്ടറിന്റേത് ഉൾപ്പെടെയുള്ള മറ്റ് ടീമുകളും സമാനമായ പാതയിൽ പ്രവർത്തിക്കുന്നുണ്ട്. ഏതാനും വർഷത്തിനുള്ളിൽ മനുഷ്യരിൽ  പന്നിയുടെ അവയവങ്ങൾ മാറ്റിവയ്ക്കുന്ന ആദ്യപരീക്ഷണം നടത്തനാവുമെന്നാണ് പ്രതീക്ഷ. ഗവേഷകർ പ്രതീക്ഷിക്കുന്നത് വൃക്കകൾ മാറ്റി വച്ചുകൊണ്ട് ഇത് തുടങ്ങാമെന്നാണ്. വൃക്കകൾക്കയാണ് ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പ് പട്ടികയുള്ളത്. തുടർന്ന് ഹൃദയം, കരൾ തുടങ്ങിയ മറ്റ് അവയവങ്ങൾ; പാൻക്രിയാറ്റിക് ഐലറ്റ് സെല്ലുകൾ (ടൈപ്പ് 1 പ്രമേഹത്തെ നേരിടാൻ) തൊലി; കോർണിയ എന്നിവയും മാറ്റിവയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ചില പന്നി വൃക്ക പ്രോട്ടീനുകളെ മനുഷ്യ പ്രോട്ടീനുകളുപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിലൂടെ, രോഗപ്രതിരോധ പ്രതികരണങ്ങളുടെ കാഠിന്യവും മനുഷ്യരും പന്നികളും തമ്മിലുള്ള പൊരുത്തക്കേടും കുറയ്ക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു,  ഈ ട്രാൻസ്ജെനിക് പന്നികളിൽ നിന്നുള്ള ഹൃദയങ്ങളുടെയും വൃക്കകളുടെയും പറിച്ചുനടൽ ഇതിനകം മനുഷ്യേതര പ്രൈമേറ്റുകളിൽ സെനോഗ്രാഫ്റ്റുകളുടെ നിലനിൽപ്പിനെ വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രൈമേറ്റുകളിൽ പന്നിയുടെ വൃക്ക മാസങ്ങളോളം പ്രവർത്തനക്ഷമമായി നിലനിൽക്കാൻ കഴിയും, ഹൃദയത്തിന് ഒന്നിലധികം വർഷത്തേക്ക് നിലനിൽക്കാൻ കഴിയും. പക്ഷേ, പ്രതിരോധ തിരസ്കരണം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളെ ആശ്രയിക്കേണ്ടിവരുന്നു ഈ പരിശോധനകളിൽ നിന്നുള്ള പ്രാരംഭ ഫലങ്ങൾ പ്രതീക്ഷക്ക് വക നൽകുന്നു. ജനിതകമായി രൂപകൽപ്പന ചെയ്ത പന്നി വൃക്ക സ്വീകരിച്ച് റിസസ് മക്കാക് (Rhesus macaque) കുരങ്ങൻ  400 ദിവസത്തിൽ കൂടുതൽ ജീവിച്ചിരുന്നുവെന്ന് എമോറി സർവകലാശാലയിലെ ഗവേഷകർ റിപ്പോർട്ട് ചെയ്തു. കൂടുതൽ പരീക്ഷണങ്ങൾ മെച്ചപ്പെട്ട പ്രവർത്തനക്ഷമത കാണിക്കുമെന്നാണ് പ്രതീക്ഷ.

കടപ്പാട് web.stanford.edu

പന്നിഹൃദയവുമായി ബബൂണുകൾ 

ക്രോസ്-സ്പീഷീസ് ട്രാൻസ്പ്ലാൻറേഷൻ പഠനം മനുഷ്യർക്ക് പകരമായി ബാബൂകളിൽ നടത്താൻ കഴിയും. മാറ്റിവയ്ക്കപ്പെട്ട പന്നിഹൃദയവുമായി ആറുമാസം വരെ ബാബൂണുകൾ ആരോഗ്യത്തോടെ ജീവിച്ചിരുന്ന റിപ്പോർട്ടാണ് 2018 – ൽ വന്നത്. മ്യൂണിക്കിലെ ലുഡ്‌വിഗ് മാക്സിമിലിയൻ യൂണിവേഴ്‌സിറ്റിയിലെ റിച്ചാർട്ടിന്റെ ലാബിൽ നാല് ബാബൂണുകളിൽ അവയുടെഹൃദ യം, ജനിതകമായി രൂപകൽപ്പന ചെയ്ത പന്നികളിൽ നിന്ന് ശസ്ത്രക്രിയയിലൂടെ മാറ്റിസ്ഥാപിച്ചു.

ബബൂണ്‍ Simia hamadryas

ഗവേഷകനായ ബ്രൂണോ റിച്ചാർട്ട് ഇത്തരം നാല് ബാബൂണുകളെയാണ് ആരോഗ്യത്തോടെ സംരക്ഷിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിൽ “അവ ചുറ്റുപാടും ഓടിനടക്കുകയും, ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത ജീവിതം ജീവിതം ആസ്വദിക്കുന്നു, അവർ ടിവി കാണുന്നു, അവരുടെ ഇഷ്ടപരിപാടി ചിപ്പ്‌മങ്ക്‌ കാർട്ടൂണാണ്.” അവ എല്ലാ അർത്ഥത്തിലും നോർമലും ആരോഗ്യമുള്ളവരും ആയിരുന്നെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.. അവയിൽ രണ്ടെണ്ണം 90 സത്തിന് ശേഷം ദയാവധം ചെയ്യപ്പെട്ടു. ഇന്റർനാഷണൽ സൊസൈറ്റി ഫോർ ഹാർട്ട് ആന്റ് ലംഗ് ട്രാൻസ്പ്ലാൻറേഷൻ, ഇത് മനുഷ്യരിൽ പരീക്ഷിക്കാൻ വേണ്ടത്ര സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കിയിട്ടുള്ള, മനുഷ്യേതരപ്രൈമേറ്റിന്റെ അതിജീവന കാലയളവാണത്. മറ്റ് രണ്ടു ബബൂണുകൾ ദയാവധത്തിന് മുൻപ് ആറ് മാസം ജീവനോടെ തുടർന്നു.  മേരിലാൻഡ് സർവകലാശാലയിലെ സർജനും കാർഡിയാക് സെനോട്രാൻസ്പ്ലാന്റേഷൻ പ്രോഗ്രാം ഡയറക്ടറുമായ മുഹമ്മദ് മൊഹിയുദ്ദീൻ ( ഈ പ്രൊജക്ടുമായി നേരിട്ട് ബന്ധമില്ല) പറയുന്നു, “അസാധാരണമായ നേട്ടമാണ്. ഇവിടെ നിന്നുള്ള അടുത്ത ഘട്ടം മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രാൻസ്പ്ലാൻറേഷൻ ആണ്.”

മുൻശ്രമങ്ങൾ

പ്രതിരോധപ്രതിപ്രവർത്തനം കുറക്കുന്ന മരുന്നുകളുടെ സഹായത്തോടെ, പൊരുത്തപ്പെടുന്ന മറ്റ് വ്യക്തികളിൽ നിന്ന് മനുഷ്യർക്ക് ഹൃദയം സ്വീകരിക്കാൻ കഴിയുമെങ്കിലും, ക്രോസ്-സ്പീഷീസ് ട്രാൻസ്പ്ലാൻറേഷൻ അത്ര ലളിതമല്ല. ബാബൂണിൽ പന്നിയുടെ ഹൃദയം ട്രാൻസ്‌പ്ലാന്റ് ചെയ്യാനുള്ള മുൻ ശ്രമങ്ങളിൽ 60 ശതമാനത്തിലധികം സ്വീകർത്താക്കൾ രണ്ട് ദിവസത്തിനുള്ളിൽ മരിക്കുകയാണുണ്ടായത്. റീ ച്ചാർട്ട് പറയുന്നു. “ഇത് ചെയ്യുന്നത് മിക്കവാറും അസാധ്യമാണെന്ന് 20 വർഷമായി കരുതിയിരുന്നത്, ഫലങ്ങൾ വളരെ മോശമായിരുന്നു.”

രണ്ട് സുപ്രധാന കാൽവയ്പുകളാണ് ഈ രംഗത്തെ പ്രതീക്ഷ കൾ മുന്നോട്ട് കൊണ്ട്പോയത്. ഒന്നാമതായി, ഒന്ന് മുൻപ് പ്രതിപാദിച്ച CRISPR-Cas9 എന്ന ജീൻ എഡിറ്റിംഗ് സങ്കേതത്തിന്റെ പ്രയോഗമാണ്. ലൈഫ് സയൻസസ് കമ്പനിയായ ഇജെനിസിസിന്റെ സഹസ്ഥാപകനായ ജനിതകശാസ്ത്രജ്ഞൻ ലുഹാൻ യാങിനെപ്പോലുള്ള ഗവേഷകർ, പന്നി ജീനോമിന്റെ ഭാഗങ്ങൾ നീക്കംചെയ്യാൻ പ്രസ്‌തുത സങ്കേതം ഉപയോഗിക്കാൻ തുടങ്ങി. മനുഷ്യരെ ദോഷകരമായി ബാധിക്കാവുന്ന അല്ലെങ്കിൽ പ്രതിരോധപ്രതിപ്രവർത്തനത്തെ പ്രകോപിപ്പിച്ചേക്കാവുന്ന ഭാഗങ്ങളാണ് നീക്കം ചെയ്തത്.

പന്നികളിൽ മനുഷ്യസമാനതയുണ്ടാക്കാൻ ജനിതകമാറ്റം മൂലം കഴിഞ്ഞു,” മൊഹിയുദ്ദീൻ പറയുന്നു. ക്രോസ്-സ്പീഷീസ് അവയവം തിരസ്കരിക്കാനുള്ള സാധ്യത ഇത് ഗണ്യമായി കുറച്ചു. തുടർന്ന് 2016-ൽ മൊഹിയുദ്ദീന്റെ ലാബ് ഇത് കൂടുതൽ മുന്നോട്ട് കൊണ്ടുപോയി, ജനിതകമായി രൂപകൽപ്പന ചെയ്ത പന്നി ഹൃദയം വയറിൽ വച്ചുപിടിപ്പിച്ച് ഏകദേശം 1,000 ദിവസത്തേക്ക്, പ്രതിരോധ പ്രവർത്തനം കുറക്കാൻ കഴിയുന്ന മരുന്നുകളുടെ ഒരു പ്രത്യേക മിശ്രിതത്തിന്റെ സഹായത്തോടെ, ബാബൂണുകൾക്ക് അതിജീവിക്കാൻ കഴിഞ്ഞു.  “യഥാർത്ഥ [ബാബൂൺ] ഹൃദയം അപ്പോഴും കേടുപാടുകൾ കൂടാതെ പ്രധാന കൃത്യം നിർവഹിച്ചിരുന്നു,” മൊഹിയുദ്ദീൻ പറയുന്നു. ഇത് വ്യത്യസ്ത മരുന്നുകളും ജനിതകശാസ്ത്രവും പരീക്ഷിക്കുന്നതിനും അവയവം തിരസ്കരിക്കുന്നത് വിജയകരമായി തടയാൻ കഴിയുമെന്ന് കാണിക്കുന്നതിനുമായിരുന്നു.

പുതിയ പരീക്ഷണത്തിൽ, റിച്ചാർട്ട് ആദ്യം ചെയ്തത്, ജനിതകമായി രൂപകൽപ്പന ചെയ്ത പന്നി ഹൃദയങ്ങൾക്ക് മൊഹിയുദ്ദീൻ ഉപയോഗിച്ച പ്രതിരോധപ്രതിപ്രവർത്തനം കുറക്കാനുള്ള മരുന്നുകളുപയോഗിച്ച് ഒരു ബാബൂണിന്റെ ജീവൻ നിലനിർത്തനവുമോയെന്ന് പരിശോധിക്കുകയാണ്.  എന്നാൽ പഠനത്തിലെ ആദ്യത്തെ അഞ്ച് മൃഗങ്ങൾ അധികകാലം ജീവിച്ചില്ല. മൂന്നുഎണ്ണം ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു, “മനുഷ്യഹൃദയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പോർക്ക് ഹൃദയങ്ങൾ കൂടുതൽ ദുർബലമാണ്,” അദ്ദേഹം പറയുന്നു. പന്നിയിൽ നിന്ന് നീക്കം ചെയ്യുന്നതും ബാബൂണിലേക്ക് ഇംപ്ലാന്റ് ചെയ്യുന്നതിനും ഇടയിലുള്ള കാലയളവിനെ ശസ്ത്രക്രിയാ വിദഗ്ദ്ധർ “ഇസ്കെമിക് സമയം” എന്നാണ് വിളിക്കുന്നത്.  ഹൃദയാഘാതം മൂലമുണ്ടാകുന്ന നാശത്തിന് സമാനമായ പ്രശ്നങ്ങൾ ഈ സമയത്ത് ഉണ്ടാകാം. മനുഷ്യഹൃദയങ്ങൾക്ക് പലപ്പോഴും ഈ നാശത്തിൽ നിന്ന് റിക്കവർ ചെയ്യാൻ കഴിയുന്നു, പക്ഷേ പന്നിയുടെ ഹൃദയങ്ങൾക്ക് കഴിയുന്നില്ല.

അതിനാൽ മറ്റൊരു കൂട്ടം ബാബൂണുകളിൽ റിച്ചാർട്ട് പുതിയൊരു രീതി പരീക്ഷിച്ചു. സ്വീഡനിലെ ലണ്ട് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ചെടുത്ത ഒരു പോഷകലായനിയിൽ പന്നി ഹൃദയങ്ങളെ മുക്കിവച്ചു.  മനുഷ്യ ഹൃദയങ്ങൾ വളരെ ദൂരത്തേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതിനാണ് യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്ത ഈ ഫോർമുലേഷൻ, പന്നിയുടെ ഹൃദയങ്ങൾക്ക് അധികമൊന്നും നാശമുണ്ടാകാതിരിക്കാൻ സഹായിച്ചിരിക്കാമെന്ന് ഗവേഷകർ കരുതുന്നു. “അത് ഹൃദയങ്ങൾ ഉടനടി പറിച്ചുനടുന്നതിനേക്കാൾ നന്നായി സംരക്ഷിക്കാൻ സഹായിച്ചിരിക്കാം,” മൊഹിയുദ്ദീൻ പറയുന്നു.

ഒരു മാസത്തോളം പിടിച്ച്നില്ക്കാനേ അവയ്ക്ക് കഴിഞ്ഞുള്ളു. ഇത്തവണ പന്നിയുടെ ഹൃദയങ്ങൾ കുരങ്ങുകളുടെ നെഞ്ചിനുള്ളിൽ വലുതാകാൻ തുടങ്ങി, ഒടുവിൽ വാരിയെല്ലുകൾക്ക് ഇടയിൽ ഞെങ്ങി ഞെരുങ്ങി പ്രവർത്തനം നിലച്ചു. പന്നി നാലുമാസത്തിനുള്ളിൽ പക്വത പ്രാപിക്കുന്നു, പക്ഷേ ഒരു ബാബൂൺ വളരാൻ 10 വർഷമെടുക്കും. “അതിനാൽ പന്നിയുടെ ഹൃദയം പ്രൈമേറ്റിൽ ഇപ്പോഴും ഒരു പന്നിയിലേതുപോലെ വളരുകയായിരുന്നു. ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. ഇതിനുമുമ്പ് ആരും ഇത് നിരീക്ഷിച്ചിട്ടില്ല. ഹൃദയം ഒരു ട്യൂമർ പോലെ വളർന്നു. ”

മൂന്നാമത്തെ ഗ്രൂപ്പിൽ ടെംസിറോലിമസ് എന്ന പ്രതിരോധപ്രതിപ്രവർത്തനം കുറക്കാനുള്ള മരുന്ന് കൂടി ചേർത്തു, ഇത് പന്നിയുടെ ഹൃദയങ്ങളുടെ അനാവശ്യ വളർച്ചയെ തടയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 51 ദിവസത്തിന് ശേഷം മെക്കാനിക്കൽ ഹാർട്ട് പരാജയം മൂലം ഒരെണ്ണം മരണമടഞ്ഞു. ബാക്കിയുള്ളവ മുൻ പറഞ്ഞത് പോലെ ഗവേഷകർ ദയാവധം ചെയ്യുന്നതുവരെ നല്ല ആരോഗ്യത്തോടെ ജീവിച്ചിരുന്നു. അംഗീകരിക്കപ്പെട്ടിട്ടുള്ള  പഠന പ്രോട്ടോക്കോൾ പ്രകാരം ഈ നടപടി (ദയാവധം) ആവശ്യമാണ്. ഫലങ്ങൾ 2018 -ൽ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ചു.

ശുഭപ്രതീക്ഷകൾ 

പതിറ്റാണ്ടുകളുടെ ഫലപ്രാപ്തിയില്ലാത്ത നിരാശാജനകമായ ശ്രമങ്ങൾക്ക് ശേഷം, മനുഷ്യരിലെ പരീക്ഷണങ്ങൾ നടത്താണ് കഴിയുമെന്ന പ്രതീക്ഷ ഈ പഠനം നൽകുന്നു, സെനോട്രാൻസ്പ്ലാന്റേഷൻ ഗവേഷകർക്ക് ഇത് ഉത്സാഹം പകരുന്നു. “ഇപ്പോൾ ഞങ്ങൾ വളരെ ആവേശത്തിലാണ്,” ട്രാൻസ്പ്ലാൻറ് സർജനും ഇൻഡ്യാന യൂണിവേഴ്സിറ്റിയിലെ സെനോട്രാൻസ്പ്ലാന്റേഷൻ റിസർച്ച് ലബോറട്ടറിയുടെ ഡയറക്ടറുമായ ബർസിൻ എക്‍സർ പറയുന്നു. “അവസാനമായി, യു‌എസിൽ‌, ഞങ്ങൾ‌  മനുഷ്യ പരീക്ഷണങ്ങൾ‌ എപ്പോൾ‌ ആരംഭിക്കാമെന്നതിനെക്കുറിച്ച് സംസാരിക്കാൻ‌ തുടങ്ങി – ഒരുപക്ഷേ പ്രമേഹത്തെ സുഖപ്പെടുത്തുന്നതിനായി പാൻക്രിയാസ് സെല്ലുകൾ‌ അല്ലെങ്കിൽ വൃക്കകൾ‌ പോലുള്ള ചില അവയവങ്ങളിലാവാം ആദ്യം,” അദ്ദേഹം പറയുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയയിൽ നിന്ന് വ്യത്യസ്തമായി വൃക്ക അല്ലെങ്കിൽ പാൻക്രിയാസ് പരാജയം മരണത്തിന് കാരണമാകില്ല.

കടപ്പാട് sitn.hms.harvard.edu/

മനുഷ്യ സെനോട്രാൻസ്പ്ലാന്റേഷൻ ട്രയലുകൾ യഥാർത്ഥത്തിൽ ആരംഭിക്കുന്നതിന് മുമ്പായി ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്, ഡ്യൂക്ക് സർവകലാശാലയിലെ സർജനും അമേരിക്കൻ ജേണൽ ഓഫ് ട്രാൻസ്പ്ലാൻറേഷൻ എഡിറ്ററുമായ അലൻ കിർക്ക് പറയുന്നു.  ക്രോസ്-സ്പീഷീസ് അവയവമാറ്റത്തിന് ആവശ്യമായ പ്രത്യേക പ്രതിരോധപ്രതിപ്രവർത്തനം കുറക്കുന്ന മനുഷ്യരിൽ ഉപയോഗിക്കാവുന്ന മരുന്നുക ളാണ് പ്രശ്നം. ഇപ്പോൾ ലഭ്യമായവ കടുത്ത പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. റീചാർട്ട്, മൊഹിയുദ്ദീൻ എന്നിവരുടെ പഠനങ്ങളിൽ ഉപയോഗിച്ച ഒരു പ്രധാന മരുന്നിന്റെ പഴയ പതിപ്പ് ആളുകളിൽ ഹൃദയാഘാതത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും പുതിയത്, സമാനമാണെങ്കിലും, ഇനിയും മനുഷ്യരിൽ പരീക്ഷിക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾക്കെല്ലാം സമയമെടുക്കും.പക്ഷേ ഇത് ഗവേഷകരുടെ  ഉത്സാഹം കുറച്ചിട്ടില്ല. “സങ്കൽപ്പിക്കാൻ പോലും പ്രയാസമായിരുന്ന കാര്യമാണ് നടക്കുന്നത്.,” മൊഹിയുദ്ദീൻ പറയുന്നു. “നമുക്ക് പന്നി ഹൃദയമുള്ള ബാബൂൺ ഉണ്ട് അത് ജീവിക്കുന്നു. ഇതൊരു സയൻസ് ഫിക്ഷൻ അല്ല, അതിപ്പോൾ യാഥർഥ്യമാണ്.”

ടോളറൻസ് രീതി 

ദാതാവിന്റെ അവയവം സ്വീകരിച്ചതിന് സ്വീകർത്താവിനെ സജ്ജമാക്കുക എന്നതാണ് മറ്റൊരു രീതി.  അവയവമാറ്റത്തിന്  മുമ്പായി സ്വീകർത്താവിന് പന്നിയുടെ മജ്ജ കോശങ്ങൾ നൽകി ടോളറൻസ് ഉണ്ടാക്കുക എന്നതാണിത്. പന്നിയുടെ തന്മാത്രകളെ സ്വന്തതന്മാത്രകളെന്ന് തെറ്റിദ്ധരിപ്പിക്കുന്ന,  സ്വീകർത്താവിന്റെ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കുന്ന സമീപനമാണിത്. സ്വീകർത്താവിന്റെ മജ്ജയിൽ ദാതാവിന്റെ ശരീരത്തിലെ പക്വതയുള്ള രോഗപ്രതിരോധ കോശങ്ങളായി വികസിക്കാൻ കഴിയുന്ന പ്രോജെനിറ്റർ രോഗപ്രതിരോധ സെല്ലുകൾ അടങ്ങിയിരിക്കുന്നു. സ്വീകർത്താവിന്റെ ശരീരത്തിലെ പ്രതിരോധകോശങ്ങൾ ദാതാവിൽ നിന്ന് പറിച്ചുനട്ട അവയവത്തെ ആക്രമിക്കുകയില്ല, കാരണം അവ സ്വന്തമെന്നാണ് തിരിച്ചറിയുക. മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ  മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കുള്ള  ട്രാൻസ്പ്ലാൻറേഷൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഈ രീതി ആദ്യമായി വിജയകരമായി ഉപയോഗിച്ചു. വൃക്ക മാറ്റിവയ്ലൈൻ വേണ്ടി, ദാതാവിന്റെ മജ്ജ സ്വീകരിച്ച രോഗികൾ നല്ല ടോളറൻസ് കാണിച്ചു. വൃക്ക മാറ്റിവച്ച ഒരു വർഷം കഴിഞ്ഞ് പോലും പ്രതിരോധതിരസ്കരണം ഒഴിവാക്കാൻ മരുന്നുകൾ ആവശ്യമായി വന്നില്ല. ശാസ്ത്രജ്ഞർ നിലവിൽ പന്നിയിൽ നിന്ന് മനുഷ്യേതര പ്രൈമേറ്റിലേക്കുള്ള  സീനോട്രാൻസ്പ്ലാന്റേഷൻ പരീക്ഷണങ്ങളിൽ ഈ രീതി ഗൗരവമായി പരിശോധിച്ച് വരുന്നു.

ജനിതക വ്യതിയാനം വരുത്തി മനുഷ്യാനുരൂപമാക്കിയ (പരീക്ഷണങ്ങളിൽ പ്രൈമേറ്റുകൾക്ക് അനുരൂപം) അവയവങ്ങൾ പന്നികളിൽ നിന്ന് സ്വീകരിക്കുമ്പോൾ  പ്രതിരോധതിരസ്കരണം ഒഴിവാക്കാനുള്ള മരുന്നുകളുടെ ഉപയോഗം ഇപ്പോഴും ആവശ്യമായി വരുന്നു. പക്ഷേ ടോളറൻസ് സമീപനം കൊണ്ട്  പ്രതിരോധപ്രവർത്തനം നിയന്ത്രിക്കാനുള്ള മരുന്ന്  തീരെ ഇല്ലാതെയോ വളരെ കുറഞ്ഞ അളവിൽ ഉപയോഗിച്ചോ  സെനോഗ്രാഫ്റ്റ് കൊണ്ട് അതിജീവിക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഒരു പന്നിയിൽ നിന്ന് ബബൂണിലേക്കുള്ള ടോളറൻസ് പരീക്ഷണത്തിൽ, മാറ്റിവച്ച പന്നിയുടെ തൊലി പ്രതിരോധപ്രവർത്തനം കുറക്കാനുള്ള മരുന്നുകളില്ലാതെതന്നെ   2.5 മാസത്തിലധികം പ്രവർത്തനക്ഷമമായി നിലനിന്നു. പന്നിയുടെ മജ്ജ കോശങ്ങൾ നൽകുന്നത്  ഒരു പ്രൈമേറ്റ് സെനോഗ്രാഫ്റ്റ് സ്വീകർത്താവിന് അവയവതിരസ്കരണം സാധ്യത കുറച്ച്  പ്രൈമേറ്റ് സെനോഗ്രാഫ്റ്റ് സ്വീകർത്താവിന്റെ പ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യുമെന്ന് ഈ ഫലങ്ങൾ ആദ്യമായി തെളിയിച്ചു.

Longer survival rates of porcine xenografts in nonhuman primates. Microencapsulated pancreatic islets of unmodified pigs survived 804 days with re-transplantation and 250 days without a new transplantation.

കഴിഞ്ഞ രണ്ട് ദശകങ്ങളിൽ, സെനൊട്രാൻസ്പ്ലാന്റേഷൻ ഗവേഷണം വളരെയധികം പുരോഗതി കൈവരിച്ചു, ഇത് ക്ലിനിക്കൽ ആപ്ലിക്കേഷനുകളിലേക്ക് കൂടുതൽ അടുത്ത് വരികയാണ്. ജനിതകമാറ്റം വരുത്തിയ പന്നികൾ, ടോളറൻസ് പ്രോട്ടോക്കോളുകൾ, ഫലപ്രദമായ രോഗപ്രതിരോധ മരുന്നുകൾ എന്നിവയുടെ സംയോജനം സെനോട്രാൻസ്പ്ലാന്റേഷനിൽ മുൻപുണ്ടായിരുന്ന കടുത്ത അവയവതിരസ്കരണം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ട്രാൻസ്പ്ലാൻറ് ബയോളജി ഒരു വെല്ലുവിളി നിറഞ്ഞ മേഖല തന്നെയാണെങ്കിലും, അവയവദാതാക്കൾക്കായി കാത്തിരിക്കുന്ന രോഗികൾക്ക് സമീപഭാവിയിൽ സെനോട്രാൻസ്പ്ലാന്റേഷൻ സഹായകരമാവുമെന്നാണ് വൈദ്യശാസ്ത്രരംഗത്തെ പ്രതീക്ഷ


അവലംബം

  1. US Department of Health and Human Services. U.S. Government Information on Organ and Tissue Donation and Transplantation. http://organdonor.gov/about/data.html
  2. Cooper, D.K.C. Brief history of cross-species organ transplantation. Proc (Bayl University MedCent). 2012 Jan; 25(1):49 http://www.ncbi.nlm.nih.gov/pmc/articles/PMC3246856/
  3. Wen, P. Rejecting defeat. Boston Globe. 2014 Jan 24. http://www.boston.com/news/local/articles/2008/01/24/rejecting_defeat
  4. Tena, A. et al. “Prolonged Survival of Pig Skin on Baboons following Administration of Pig Cells Expressing Human CD47”, submitted in Am J. Transplant. September 2015.
  5. “History” United Network for Organ Sharing. https://www.unos.org/transplantation/history/
  6. David K.C. Cooper, Robert Wagner, Xenotransplantation,in Nonhuman Primates in Biomedical Research (Second Edition), 2012
  7. Ekser B, Cooper DK, Tector AJ. The need for xenotransplantation as a source of organs and cells for clinical transplantation. Int J Surg. 2015 Nov;23(Pt B):199–204.
  8. Ekser B, Ezzelarab M, Hara H, et al. Clinical xenotransplantation: the next medical revolution? Lancet. 2012;379:672–683.
  9. Hara H, Cooper DK. The immunology of corneal xenotransplantation: a review of the literature. Xenotransplantation. 2010;17:338–349.
  10. Cooper DKC. Early clinical xenotransplantation experiences-An interview with Thomas E. Starzl, MD, PhD. Xenotransplantation. 2017;24 doi: 10.1111/xen.12306.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 20
Next post ലോക്ക് ഡൗണും അക്കാദമിക രംഗത്തെ സ്ത്രീകളും
Close