Read Time:14 Minute


ഡോ. ജയകൃഷ്ണൻ.ടി.
കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജ്

ചികിത്സക്കായി ഫലപ്രദമായ ഔഷധങ്ങൾ ഒന്നും ഇത് വരെ ലഭ്യമാകാത്ത ഇപ്പോഴുള്ള കോവിഡ് പാൻഡമിക്കിൽ നിന്ന് അധിക മരണങ്ങൾ കുറച്ച് മനുഷ്യർക്ക്  കരകയറാനായി ഇന്ന് ലഭ്യമായിട്ടുള്ള ഏക പിടിവള്ളികളാണ് ലഭ്യമായിട്ടുള്ള വാക്സിനുകൾ. രോഗം കണ്ട് പിടിച്ച് ഇരുപത് മാസങ്ങൾ തികയുന്നതിന് മുമ്പ് തന്നെ ലോകത്താകെ വിവിധ രാജ്യങ്ങളിലായി പതിനേഴോളം വാക്സിനുകൾ അംഗീകാരം കിട്ടി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവയോരോന്നും ആയിരക്കണക്കിന് മനുഷ്യരിൽ നടത്തപ്പെട്ട പരീക്ഷണങ്ങളിൽ അവയുടെ ഫലപ്രാപ്തിയും പാർശ്വഫലങ്ങളും ശാസ്ത്രിയമായി വിലയിരുത്തിയാണ് സാധാരണ ജനങ്ങളിലെ ഉപയോഗത്തിന് സർക്കാറുകൾ അംഗീകാരം കൊടുക്കുന്നത്. ഉപയോഗിച്ച് തുടങ്ങിയാലും വാക്സിൻ ട്രയലിന്റെ നാലാം ഘട്ടമായി അവയുടെ പാർശ്വഫലങ്ങൾ ദീർഘകാലം നിരീക്ഷണം ചെയ്യും. അങ്ങനെ അനേകം പേരിൽ മാത്രം ഉപയോഗിക്കുമ്പോൾ (ഉദാ. ലക്ഷം പേരിലോ അതിൽ കൂടുതൽ പേരിലോ നൽകിയാൽ മാത്രം ഉണ്ടാകാവുന്ന) വിരളമായി ഉണ്ടാകാവുന്ന അവയുടെ പാർശ്വഫലങ്ങൾ വെളിവാക്കുകയുള്ളൂ. അതിനനുസരിച്ച് “റിസ്ക്- ബെനിഫിറ്റ് “ വിലയിരുത്തൽ നടത്തിയാണ് വാക്സിനുകൾക്ക് പിന്നീട് സ്ഥിരം ഉപയോഗത്തിനുള്ള ലൈസൻസുകൾ നൽകപ്പെടുക.

ഇപ്പോൾ കോവിഡിനെതിരെ ഉപയോഗിക്കപ്പെടുന്ന വാക്സിനുകൾ നൽകപ്പെട്ടവരിൽ മേൽ സൂചിപ്പിച്ച പ്രകാരം തലച്ചോറിലെ രക്തകുഴലുകളിൽ രക്തം കട്ടപിടിക്കുക (Thrombo Embolism) തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകുന്നതായി പാശ്ചാത്യ രാജ്യങ്ങളിൽ അനുഭവപ്പെട്ടിരുന്നു. അവിടങ്ങളിൽ നിന്നുള്ള പഠന റിപ്പോർട്ടുകൾ പ്രകാരം, കോവിഡ് രോഗികളിൽ പത്ത് ലക്ഷം പേരിൽ 39 പേർക്ക് (25 തൊട്ട് – 60 വരെ) തലച്ചോറിലെ രക്തം കട്ടപിടിക്കാൻ സാധ്യതയുള്ളപ്പോൾ വാക്സിൻ എടുത്തവരിൽ ഈ സാധ്യത പത്ത് ലക്ഷം പേരിൽ 4 മാത്രം (1 തൊട്ട് 15 വരെ) ആണ്. വേറൊരർത്ഥത്തിൽ കോവിഡ് രോഗികളിലുണ്ടാകുന്നതിന്റെ പത്തിലൊന്ന് സാധ്യത മാത്രമേ വാക്സിനെ തുടർന്നു ഉണ്ടാകാൻ സാധ്യത ഉള്ളൂ. അതിനാൽ വാക്സിൻ നൽകിയാൽ ഉണ്ടാകുന്ന നേട്ടം അതിന്റെ കോട്ടമായ പാർശ്വഫലത്തേക്കാൾ അനേകമിരട്ടിയായതിനാൽ അത് തുടർന്ന് പൊതുജനങ്ങളിൽ വിതരണം നടത്താനാണ് ലോകാരോഗ്യ സംഘടനയിലെ വിഷയ വിദഗ്ധർ അഭിപ്രായപ്പെട്ടത്. അമേരിക്കയിൽ കോവിഡ് രോഗം ബാധിച്ചവർക്കിടയിൽ വാക്സിൻ എടുത്തവരേക്കാൾ ഏഴിരട്ടിയോളം പേർക്ക് ക്ലോട്ട് ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇത് വരെ അറുപത് കോടിയിലധികം പേർക്ക് ഇന്ത്യയിലും രണ്ട് കോടിയിലധികം പേർക്ക് കേരളത്തിലും കോവിഡ് വാക്സിനുകൾ നൽകി കഴിഞ്ഞിട്ടുണ്ട്.

വാക്സിൻ നൽകിയതിന് ശേഷം ഉണ്ടാകുന്ന എല്ലാ രോഗാവസ്ഥകളും (Temporal relation) മരണങ്ങളും മുഴുവൻ അതിന്റെ പാർശ്വഫലം മൂലമാകണമെന്നില്ല. പകരം ആ വ്യക്തിയിലെ നിലവിലുള്ളതോ, പിന്നീട് ഉണ്ടാക്കുന്നതോ ആയ ആരോഗ്യസ്ഥിതിയനുസരിച്ച് സംഭവിയ്ക്കുന്നതുമായിരിക്കാം. അതിനാൽ ഇവയൊക്കെ വിശദമായി ഓഡിറ്റ് നടത്തി കാരണങ്ങൾ കണ്ടെത്തി വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസമായി വാക്സിൻ നൽകിയതിന് ശേഷം ഉണ്ടായിട്ടുള്ള മരണങ്ങൾ വാക്സിന്റെ പാർശ്വഫലങ്ങളെ തുടർന്നാണ് എന്ന പ്രചരണം സോഷ്യൽ മീഡീയകളിൽ വ്യാപകമായി പ്രചരിക്കുന്നതിന്റെ ഫലമായി ധാരാളം പേർ വാക്സിൻ എടുക്കുന്നതിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ട്. ലോകത്ത് എല്ലാ ഇടങ്ങളിലും വാക്സിൻ സ്വീകരിച്ചവരിൽ ഉണ്ടാകുന്ന ഓരോ പാർശ്വഫലവും വിശകലനം ചെയ്ത് കാര്യകാരണങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ തേടി ഭാവിയിൽ കുറ്റമറ്റതാക്കി മാറ്റാനുള്ള ശ്രമകരമായ ഗവേഷണങ്ങളും തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്നുണ്ട്.

കോവിഡ് വാക്സിനെ തുടർന്ന് അപൂർവ്വമായി ഉണ്ടാകുന്ന “രക്തം കട്ടപിടിക്കുന്ന” ഈ അവസ്ഥയെ “വാക്സിൻ ഇൻഡൂസ്ഡ് ഇമ്മൂൺ ത്രോമ്പോട്ടിക്ക് ത്രോമ്പോ സൈറ്റോപീനിയ “( Vaccine Induced Immune Thrombotic Thrombocytopaenia _ VITT) എന്നാണ് അറിയപ്പെടുന്നത്. സാധരണയായി പ്രായമുള്ളവരിൽ ഉണ്ടാകുന്ന തലച്ചോറിലേയും, ഹൃദയത്തിലേയും രക്തക്കുഴലുകളിലെ രക്തം കട്ട കെട്ടിയുണ്ടാകുന്ന പക്ഷാഘാതം, ഹൃദയാഘാതം വാക്സിനേഷനെ തുടർന്ന് കൂടുതലും ചെറുപ്പക്കാരിലാണ് ഉണ്ടാകുന്നത്. കോവിഡ് വാക്സിനുകളിൽ തന്നെ അഡിനോ വൈറസ് വാക്സിൻ നൽകിയവരിലാണ് ഇത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനാൽ അഡിനോ വൈറസ് വാക്സിനുകളായ അസ്ട്രാസെനാക്ക, ജോൺസൺ & ജോൺസൺ എന്നി അഡിനോ വാക്സിനുകളുടെ ഉപയോഗം യൂറോപ്യൻ രാജ്യങ്ങളിൽ നാൽപ്പത് വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന കോവീഷീൽഡ് വാക്സിനും ഈ തരത്തിൽപ്പെട്ട അഡീനോ വൈറസ് തരത്തിലുള്ളതാണ്.

സാധാരണ ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് (Blood clotting) പ്ലേയ്റ്റ് ലെറ്റ് കോശങ്ങളുടെ പ്രവർത്തനഫലമാണ്. ഇതിന് വിപരീതമായി VIITT രോഗികളിൽ പ്ലേയ്റ്റ്ലെറ്റുകളുടെ എണ്ണം വളരെ കുറവായുമാണ് കണ്ടുവരുന്നത്. ഇതിന്റെ കാരണത്തെക്കുറിച്ച് പല തിയറികളും മുന്നോട്ട് വെക്കുന്നുണ്ട്. ഇവയോരോന്നും പരിശോധിക്കാം.

സാധാരണയായി ഇതേപോലെയുണ്ടാകുന്ന ഒരു രോഗാവസ്ഥ രക്തം കട്ടപിടിക്കുന്നതിനെതിരെ ഹിപാരിൻ എന്ന മരുന്ന് (Heparin) കഴിക്കുന്നവർക്ക് ഉണ്ടാകാറുണ്ട്. (HIT) ഇതിൽ നെഗറ്റീവ് ചാർജ് ഉള്ള ഹിപ്പാരിൻ  തന്മാത്രകൾ പോസിറ്റീവ് ചാർജ് ഉള്ള പ്ലെയിറ്റ് ലെറ്റ് ഫാക്ടർ 4 (Platelet Factor 4- PF4) മായി ചേരുമ്പോൾ ചിലരിൽ ഇവയ്ക്കെതിരെ ആന്റിബോഡികൾ ഉത്പാദിക്കപ്പെടുകയും അവ രക്തം ക്ലോട്ട് ചെയ്യാൻ കാരണമാകുകയും ചെയ്യും. ഇതിന് സമാനമായ ചില കാരണങ്ങളാണ് വാക്സിൻ കാര്യത്തിലും സംഭവിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

കടപ്പാട് : https://fhs.mcmaster.ca/

അത് ഇവയൊക്കെയാകാമെന്നാണ് നിഗമനങ്ങൾ.

  1. വാക്സിൻ എടുത്ത് പാർശ്വഫലമായി  VITT ഉള്ളവരിലും HIT പോലെ പ്ലെയിറ്റ് ലെറ്റ് ഫാക്ടർ 4 (PF4) നെതിരെ ചിലരിൽ മാത്രം ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നുണ്ട്. അഡിനോ വൈറസുകളും  ഹിപാരിൻ തന്മാത്രകളെ പോലെ ശക്തിയുള്ള നെഗറ്റീവ് ചാർജ് വാഹകരാണ്. അതിനാൽ അവ പോസിറ്റീവ് ചാർജ ഉള്ള പ്ലെയിറ്റ് ലെറ്റ് ഫാക്ടർ 4 മായി സംയുക്തമായി ചേരുമ്പോൾ അതിനെതിരെ  ആന്റിബോഡികൾ ഉണ്ടാകാം.  താരതമ്യേന നെഗറ്റീവ് ചാർജ് കുറവായതിനാൽ ജോൺസൺ വാക്സിന് ആസ്ട്രാസെ നാക്കായെ അപേക്ഷിച്ച് VITT സാധ്യത കുറവുമായാണ് കണ്ടു വരുന്നത്.
  1. എലികളിൽ നടത്തപ്പെട്ട പരിക്ഷണങ്ങളിൽ അഡീനോവൈറസുകൾക്ക് പ്ലെയിറ്റ് ലെറ്റ് കോശങ്ങളുമായി യോജിച്ച് ക്ലോട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു. പക്ഷെ  മനുഷ്യരിൽ അഡിനോ വൈറസുകളെ ഉപയോഗിച്ച്  നിർമ്മിക്കപ്പെട്ട എബോള വാക്സിൻ ഇതിന് മുമ്പ് ഉപയോഗിച്ചവരിലൊന്നും VITT റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല താനും.
  2. അഡിനോ വൈറസുകളിൽ നിന്ന് തുടർ പ്രക്രിയകളിലൂടെ ശുദ്ധീകരിച്ച് നിർമ്മിച്ചെടുക്കുന്ന വാക്സിനുകളിലെ ഏതെങ്കിലും തരത്തിലുള്ള  പ്രോട്ടിൻ ഇംപൂരിറ്റികളും ( Impurities) ഇതിന് കാരണമാകാവുന്നതാണ്. ചിലപ്പോൾ അവ വേരിയന്റ് ആയിട്ടുള്ള വൈറസ് ഡി.എൻ.എയുടെ തുണ്ടുകഷണങ്ങൾ (Snippets of DNA) വാക്സിനുകളിൽ കൂട്ടി കുഴയുന്നത് മൂലമുള്ള ഇൻഫ്ലമേഷൻ പ്രക്രിയ കൊണ്ട് ഉണ്ടാക്കുന്നതാകും. അല്ലെങ്കിൽ  വൈറസുകളെ കൾച്ചർ ചെയ്തെടുക്കുന്ന പ്രോട്ടിൻ സൂപ്പുകൾ കട്ട കെട്ടുന്നത് (Clumps) കൊണ്ടും ഉണ്ടാകാവുന്നതാണ്.
  1. അഡിനോ വൈറസുകളിൽ വാക്സിൻ നിർമ്മാണത്തിനായി വേർതിരിച്ചെടുക്കുന്ന സ്പൈക്ക് പ്രോട്ടിൻ ഘടകവും നെഗറ്റീവ് ചാർജ് വാഹകരായതിനാൽ ഇതിനും VITT കാരണമാകാവുന്നതാണ്. അതിനാൽ ജോൺസൺ വാക്സിനുകളിൽ അവയുടെ നെഗറ്റീവ് ചാർജ് കുറക്കുകയും വേരിയന്റുകളെ അരിച്ച്  മാറ്റുകയും ചെയ്തതായി കമ്പിനി അറിയിച്ചിട്ടുണ്ട്.
  1. വാക്സിൻ കുത്തിവെയ്പ് നൽകുന്നതിലെ (Administration) അപാകത കൊണ്ടും ഇങ്ങനെ ക്ലോട്ടുകൾ ഉണ്ടാകാവുന്നതാണ്. 

പേശികളിൽ  മരുന്ന് ‘ഇഞ്ചക്റ്റ് ചെയ്തു് നൽകേണ്ടതിന് പകരം രക്തകുഴലുകൾ (Blood vessels) വഴി രക്ത സംക്രമണത്തിൽ  എത്തപ്പെട്ടാൽ ഇങ്ങിനെ ക്ലോട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എലികളിൽ നടത്തപ്പെട്ട പരീക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്. ഇതും പരിശോധിക്കേണ്ട ഒരു സാധ്യതയാണ്.  ഇതിന് പരിഹാരമായി  ഡെൻമാർക്കിൽ വാക്സിൻ നൽകുന്ന എല്ലാവർക്കും കൈത്തണ്ടയിൽ വാക്സിൻ കുത്തിവെക്കുന്നതിന് മുമ്പ്  തന്നെ സിറിഞ്ചിലെ പ്ലഞ്ചർ പിൻവലിച്ച് സൂചി രക്തക്കുഴലിൽ കയറാതെ പേശികളിൽ തന്നെയാണെന്ന് ഉറപ്പ് വരുത്തി നൽകണമെന്ന് കർശന മാർഗ്ഗരേഖ നൽകിയിട്ടുണ്ട്.

യു കെ യിൽ VITT മൂലം ജൂൺ മാസം വരെ 220 കേസുകൾ ഉണ്ടാകുകയും 40 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയുണ്ടാകുന്ന VITT യൂറോപിനെ അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങളിലെ വാക്സിൻ നൽകിയവരിൽ കുറവായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രതിരോധ പ്രവർത്തനം ശക്തമായത് കൊണ്ടാണ് യുവപ്രായക്കാരിൽ പാർശ്വഫലമായി VITT കൂടാൻ കാരണം. അമേരിക്കയിൽ ഇതുവരെ വാക്സിൻ നൽകിയവരെ അപേക്ഷിച്ച് കോവിഡ് രോഗബാധിതരിൽ രക്തക്കുഴലുകളിൽ ക്ലോട്ടിങ്ങ് ബാധ 7 ഇരട്ടി ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഉപയോഗിക്കപ്പെടുന്ന വാക്സിനുകൾ നിരന്തരം നിരീക്ഷണം നടത്തി അപാകതകൾ കണ്ടെത്തി പരിഹരിച്ചാണ് ഭാവിയിൽ കൂടുതൽ പാർശ്വഫലങ്ങൾ കുറച്ച് ഫലപ്രദമാക്കി ജനങ്ങൾക്ക് ലഭ്യമാക്കുക.

അതിനാൽ എലിയെ പേടിച്ച് ഇല്ലം ചുടേണ്ടേതില്ല. വാക്സിനായി അർഹതപ്പെട്ട റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മടിച്ച് നിൽക്കാതെ രണ്ട് ഡോസ് വാക്സിനും എടുക്കേണ്ടതാണ്.


അധികവായനയ്ക്ക്

  1. COVID vaccines and blood clots: what researchers know so far, Nature,  24 Augest 2021

മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “കോവിഡ് വാക്സിനുകളും രക്തക്കുഴലുകളിലെ ക്ലോട്ടിങ്ങുകളും

  1. വാക്സിൻ അദ്യഘട്ടത്തിൽ ലഭ്യമല്ലാതെ വന്നത് നമ്മുടെ പ്രതിരോധ പ്രവർത്തനത്തെ താറുമാറാക്കി. ആശങ്കയില്ലാതെ എല്ലാവർക്കും എത്രയും പെട്ടെന്ന് വാക്സിൻ എടുക്കാനാകട്ടെ… നാട്ടിൽ ഗർഭിണികളും, പ്രായമായ മറ്റു രോഗങ്ങളുള്ളവരും പലവിധ ഭയങ്ങൾ കാരണം വാക്സിനേഷന് വിമുഖത കാണിക്കുന്നുണ്ട്.അവരുടെ ആശങ്കകൾ പരിഹരിച്ച് സമ്പൂർണ്ണവാക്സിനേഷനുള്ള പ്രവർത്തനം ഊർജ്ജിതമാക്കണം. രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് പല തെറ്റായ വിവരങ്ങളും വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വിശദീകരണങ്ങൾ സാധാരണ ജനങ്ങളിലേക്കെത്തണം…

Leave a Reply

Previous post അഫ്ഗാനിസ്ഥാനില്‍ സയന്റിസ്റ്റുകള്‍ ആശങ്കയില്‍
Next post കോവിഡ് പ്രതിരോധം: കേരളം പരാജയമല്ല -നാം ഇനി ചെയ്യേണ്ടത് ? RADIO LUCA
Close