Read Time:13 Minute

വാടക‌ക്കൊരു ഗർഭപാത്രം

വാടക ഗർഭപാത്രം വീണ്ടും ചർച്ചയായിരിക്കുകയാണല്ലോ.. പൊതുമണ്ഡലത്തിൽ ഇതു ചർച്ചയാകുന്ന രീതി‌, എന്താണ് വാടക ഗർഭപാത്രം എന്നതിലുള്ള അറിവില്ലായ്മ പ്രകടമാക്കുന്നതാണ്. എന്താണ് വാടക ഗർഭപാത്രം, ഏതു സാഹചര്യത്തിലാണ് ഈ സംവിധാനം ഉപയോഗപ്പെടുന്നത്, ആർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് എന്നീകാര്യങ്ങൾ പരിശോധിക്കാം.

ഡോ.അരുൺ മംഗലത്ത് എഴുതുന്നു..

നിയമ പിന്തുണയുള്ള ഒരു ഉടമ്പടിയാണ് ഗർഭപാത്രം വാടകയ്ക്കെടുക്കൽ. ഒരു സ്ത്രീ മറ്റൊരു വ്യക്തിക്കോ ആളുകൾക്കോ ​​വേണ്ടി ഗർഭധാരണത്തിനും പ്രസവത്തിനും സമ്മതിക്കുകയാണ് ഈ ഉടമ്പടിയിലൂടെ ചെയ്യുന്നത്. ഗർഭധാരണത്തിനു കരാർ നൽകിയ ആളുകളായിരിക്കും ജനനശേഷം കുട്ടിയുടെ മാതാപിതാക്കൾ എന്നതാണ് പ്രത്യേകത.

ആർക്കാണ് ഈ രീതി പ്രയോജനപ്പെടുക ?

സ്ത്രീകൾക്ക് സ്വന്തമായി കുട്ടികളെ വഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വാടക ഗർഭധാരണം ഒരു പോംവഴിയാകുന്നത്. അസ്വാഭാവികമായ ഗർഭപാത്രം അല്ലെങ്കിൽ ഗർഭാശയത്തിൻറെ പൂർണ്ണമായ അഭാവം എന്നിവ മൂലം ഗർഭധാരണം സാധ്യമാവാത്തവർക്ക് ഈ രീതി തെരഞ്ഞെടുക്കാം. പ്രസവസമയത്തെ കനത്ത രക്തസ്രാവം അല്ലെങ്കിൽ ഗർഭപാത്രത്തിനു പരിക്ക്, ഗർഭാശയ/ ഗർഭാശയമുഖ ക്യാൻസർ തുടങ്ങിയ കാരണങ്ങളാൽ ഗർഭാശയം നീക്കം ചെയ്ത സ്ത്രീകൾക്കും അമ്മയാകാൻ ഈ രീതി പ്രയോജനപ്രദമാണ്. ഗുരുതരമായ മറ്റ് രോഗങ്ങളാൽ ( ഹൃദയം/ കരൾ/ വൃക്കസംബന്ധമായ അവസ്ഥകൾ തുടങ്ങിയവ) ഗർഭം ധരിക്കാനുള്ള ആരോഗ്യാവസ്ഥ ഇല്ലാത്ത സ്ത്രീകൾക്കും ഈ മാർഗ്ഗം പരിഗണിക്കാം. അവിവാഹിതരായ പുരുഷന്മാർക്കും സ്വവർഗ ദമ്പതികൾക്കും ഒരു കുഞ്ഞ് ജനിക്കുന്നതിനു മറ്റു വഴികൾ‌ ഇല്ലാതിരിക്കുമ്പോൾ വാടക ഗർഭധാരണത്തെ ഒരു സാധ്യതയായി പരിഗണിക്കാൻ ചില‌രാജ്യങ്ങളിൽ അനുവാദമുണ്ട്.

പൊതുവായി രണ്ടുതരമുണ്ട് വാടക ഗർഭധാരണം. ഭാഗികമോ (traditional) പൂർണമോ(gestational) ആകാം ഗർഭധാരണ മാർഗ്ഗം.

ഭാഗിക രീതി

വാടക ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം (കുട്ടിയെ വളർത്താൻ ഉദ്ദേശിക്കുന്ന‌ സ്ത്രീയുടേതല്ല) , കുട്ടിയെ വളർത്താൻ ആഗ്രഹിക്കുന്ന പുരുഷന്റെ, അല്ലെങ്കിൽ ഏതെങ്കിലും ഒരു‌ദാതാവിന്റെ ബീജത്താൽ ബീജസങ്കലനം ചെയ്യുകയാണ് ഈ രീതിയിൽ പിൻതുടരുന്നത്. ബീജസങ്കലനം ലൈംഗിക ബന്ധത്തിലൂടെയോ (സ്വാഭാവിക ബീജസങ്കലനം) അല്ലെങ്കിൽ കൃത്രിമ ബീജസങ്കലനത്തിലൂടെയോ ആകാം. കുട്ടിയെ വളർത്തുന്ന ദമ്പതിയിൽ ഒരാളുടെ ജനിതകപദാർഥം മാത്രമേ കുട്ടിയിൽ ഉണ്ടാകൂ. പ്രായോഗികമായി വളരെ എളുപ്പമാണ് ഈ രീതി എന്നതിനാൽ

ചില സന്ദർഭങ്ങളിൽ, ഒരു ഡോക്ടറുടെ ഇടപെടൽ കൂടാതെതന്നെ കക്ഷികൾ സ്വകാര്യമായി ബീജസങ്കലനം നടത്താറുണ്ട്. ചില നിയമവ്യവസ്ഥകളിൽ, ദാതാവിന്റെ ബീജമാണ് ഉപയോഗിക്കുന്നതെങ്കിൽ കുട്ടിയെ വളർത്താൻ ഉദ്ദേശിക്കുന്ന മാതാപിതാക്കൾ കുട്ടിയുടെ നിയമപരമായ രക്ഷാകർതൃ അവകാശങ്ങൾക്കായി ദത്തെടുക്കൽ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. വാടക ഗർഭധാരണം നടത്തിനൽകുന്ന പല ഫെർട്ടിലിറ്റി സെന്ററുകളും തങ്ങളുടെ കക്ഷികളെ സഹായിക്കാൻ നിയമസഹായവും നൽകിവരാറുണ്ട്.

പൂർണ രീതി

പൂർണമായ വാടകരീതിയാണ് സംവിധാനത്തെക്കാൾ സാധാരണം, ഇത് നിയമപരമായി സങ്കീർണ്ണമല്ല എന്നതാണ് പ്രധാന കാരണം. 1986ൽ ആണ് ഇത് ആദ്യമായി‌ സാധ്യമായത്. ടെസ്റ്റ് റ്റ്യൂബ് ശിശുവിനു‌ സമാനമായ രീതിയിൽ അച്ഛന്റെയും അമ്മയുടെയും ഗാമേറ്റ് കോശങ്ങൾ ചേർത്ത് സിക്താണ്ഡം ഉണ്ടാക്കുകയും ഇത് രണ്ടാമതൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഇതുമൂലം വളർത്തുന്ന അച്ഛന്റെയും അമ്മയുടെയും യഥാർത്ഥ ജനിതകത്തുടർച്ചയായ കുഞ്ഞുണ്ടാകുന്നു എന്നതാണ് ഈ രീതിയെ‌ കൂടുതൽ സ്വീകാര്യമാക്കുന്നത്. ഇനി അച്ഛനോ അമ്മയ്ക്കോ പ്രത്യുദ്പാദന ശേഷി ഇല്ലെങ്കിൽ ഗാമേറ്റിനെ ഒരു‌ ദാദാവിൽ നിന്നു സ്വീകരിക്കുകയും ചെയ്യാം.

അൽപ്പം ചരിത്രം

ഗർഭധാരണം സാധ്യമല്ലാത്ത സ്ത്രീകൾ ഭർത്താവിനു മറ്റൊരാളിൽ ജനിക്കുന്ന കുഞ്ഞിനെ വളർത്തുന്ന രീതി ചരിത്രാതീതകാലം മുതലുണ്ട്. ബാബിലോണിലും‌ ഇൻഡ്യയിലും മറ്റും ഇതിനു‌ സാമൂഹ്യാംഗീകാരമുണ്ടായിരുന്ന കാലവും ഉണ്ടായിരുന്നു. എന്നാൽ നിലവിൽ പ്രചാരമുള്ള പൂർണ വാടകരീതി 1986ലാണ് നടപ്പായത്. “ബേബി എം” എന്നറിയപ്പെടുന്ന മെലിസ സ്റ്റേൺ എന്ന വനിതയാണ് ഇത്തരത്തിൽ ജനിച്ച ആദ്യ കുഞ്ഞ്. വാടക ഗർഭപാത്രം നൽകിയ മേരി ബെത്ത് വൈറ്റ്ഹെഡ്, വാടക ഗർഭധാരണ കരാർ ഉണ്ടാക്കിയ ദമ്പതികൾക്ക് മെലിസയുടെ സംരക്ഷണം വിട്ടുകൊടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഈ സംഭവം കൂടുതൽ വലിയ വാർത്തയായി. ന്യൂജേഴ്‌സിയിലെ കോടതികൾ, വൈറ്റ്‌ഹെഡ് കുട്ടിയുടെ നിയമപരമായ അമ്മയാണെന്ന് കണ്ടെത്തുകയും ഗർഭകാല കാരിയർഹുഡിനുള്ള കരാറുകൾ നിയമവിരുദ്ധവും അസാധുവുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നിരുന്നാലും, ഗർഭകാലവാഹകയായ വൈറ്റ്ഹെഡിന് പകരം കുട്ടിയുടെ ജൈവ പിതാവ് വില്യം സ്റ്റെർണിനും ഭാര്യ എലിസബത്ത് സ്റ്റേണിനും മെലിസയുടെ സംരക്ഷണം നൽകുന്നതാണ് ശിശുവിന്റെ നന്മയ്ക്ക് നല്ലതെന്ന് കോടതി കണ്ടെത്തുകയും കുട്ടിയെ അവർക്കു വിട്ടുനൽകുകയുമായിരുന്നു.

സമാനമായ ഒരു പ്രശ്നം 1990ൽ‌ കാലിഫോർണിയയിലും ഉണ്ടായി. ഗർഭപാത്രം വാടകയ്ക്കു നൽകിയ അന്ന ജോൺസൺ മാതാപിതാക്കളായ മാർക്ക്, ക്രിസ്പിന കാൽവർട്ട് എന്നിവർക്ക് കുഞ്ഞിനെ നൽകാൻ വിസമ്മതിച്ചു. ദമ്പതികൾ അവളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. വാടക ഗർഭധാരണ ഉടമ്പടി പ്രകാരം, ഒരു കുട്ടിയെ സൃഷ്ടിക്കാനും വളർത്താനും ഉദ്ദേശിക്കുന്ന സ്ത്രീയാണ് യഥാർത്ഥ അമ്മയെന്ന് നിയമപരമായി നിർവചിച്ച വിധി ഈ കേസിനെത്തുടർന്നാണ് കോടതി പുറപ്പെടുവിച്ചത്.

പ്രജനന ടൂറിസം !

ഇന്ത്യ, നേപ്പാൾ, തായ്‌ലൻഡ്, മെക്‌സിക്കോ എന്നീ മൂന്നാം ലോകരാജ്യങ്ങളായിരുന്നു മുമ്പ് വാടക ഗർഭപാത്രം തേടി നടക്കുന്നവരുടെ ലക്ഷ്യസ്ഥാനങ്ങൾ. ചെലവും നിയന്ത്രണങ്ങളും കുറവാണ് എന്നതായിരുന്നു കാരണം. എന്നാൽ ഇന്ത്യയടക്കം അടുത്തകാലത്തായി മറ്റു രാജ്യക്കാർക്ക് വാടക ഗർഭധാരണത്തിന് നിരോധനം ഏർപ്പെടുത്തിയതിനാൽ നിലവിൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, ഗ്രീസ്, ഉക്രെയ്ൻ, ജോർജിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഗർഭപാത്രം തേടുന്നവരുടെ ലക്ഷ്യം.

വാടക ഗർഭപാത്ര നിയമങ്ങൾ ഇൻഡ്യയിൽ

ഇന്ത്യയിൽ വാടക ഗർഭധാരണം നിയമപരമാണോ?

ഒരുകാലത്ത് വാടക ഗർഭപാത്രം തേടുന്ന മറുനാട്ടുകാരുടെ പ്രിയ ലക്ഷ്യസ്ഥാനമായിരുന്നു ഇൻഡ്യ. ചില അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് പ്രതിവർഷം ഇന്ത്യയിലെ 3000 ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ 40 കോടി ഡോളറിന്റെ ഗർഭപാത്ര വിപണനമാണു നടന്നിരുന്നത്. 2015-ൽ ഇന്ത്യൻ സർക്കാർ വാടക ഗർഭധാരണ പ്രക്രിയയെ സംബന്ധിച്ച പുതിയ നിയന്ത്രണങ്ങൾ പാസാക്കിയതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇന്ത്യൻ വാടക ഗർഭധാരണ നിയമം പ്രകാരം വിദേശികളായ മാതാപിതാക്കൾക്ക് ഇന്ത്യയിൽ വാടക ഗർഭധാരണം നടത്തുന്നത് നിയമവിരുദ്ധമായി. വിവാഹിതരായി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ആയിട്ടുള്ള ഇന്ത്യൻ പൗരന്മാർക്കു മാത്രമേ വാടക ഗർഭപാത്രം തേടാനാകൂ എന്ന സാഹചര്യമാണ് തുടർന്ന് ഉണ്ടായത്

ഇതിന്റെ തുടർച്ചയായി 2018 ഡിസംബറിൽ, ഏകദേശം രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം, ഒരു ഇന്ത്യൻ വാടക ഗർഭധാരണ നിയമം പാസാക്കി. ഈ നിയമം, വാണിജ്യ വാടക ഗർഭധാരണം നിയമവിരുദ്ധമാക്കുകയും ഹെറ്ററോസെക്ഷ്വൽ ആയ, പ്രത്യുദ്പാദന പ്രശ്നങ്ങൾ നേരിടുന്ന, അഞ്ചുവർഷത്തിലേറെ കാലമായി വിവാഹിതരായിരുന്ന ഇന്ത്യൻ ദമ്പതികൾക്കു മാത്രമേ വാടക ഗർഭധാരണം അനുവദിക്കൂ എന്നുള്ള നിബന്ധന കൊണ്ടുവരികയും ചെയ്തു‌. കൂടാതെ ഒരു സ്ത്രീയ്ക്ക് ഒരിക്കൽ മാത്രമേ വാടകയ്ക്കു ഗർഭപാത്രം നൽകാനാവൂ എന്നും വന്നു. ഇതിനു പുറമേ അവർ ഗർഭപാത്രം ആവശ്യപ്പെടുന്ന ദമ്പതിയുടെ അടുത്ത ബന്ധുവാകുകയും, വിവാഹിതയും സ്വന്തമായി ഒരു കുഞ്ഞിന്റെ അമ്മയായിരിക്കുകയും വേണം.

ചിത്രം invitra

അവിവാഹിതരായ മാതാപിതാക്കളെയും സ്വവർഗാനുരാഗികളെയും ലിവ്-ഇൻ ദമ്പതികളെയും വാടക ഗർഭധാരണത്തിൽ നിന്ന് നിലവിലെ നിയമം വിലക്കുന്നു. പല വികസിത രാജ്യങ്ങളിലും ഒറ്റയ്ക്ക് ജീവിക്കുന്ന ആളുകൾക്കും സ്വവർഗാനുരാഗികൾക്കും ഗർഭപാത്രം വാടകയ്ക്ക് എടുക്കാനും ആ കുഞ്ഞിനെ വളർത്താനും നിയമം അനുവദിക്കുന്നുണ്ട്. ഭാവിയിൽ ഇന്ത്യയിലെ നിയമവും ഈ രീതിയിൽ പരിഷ്കരിക്കപ്പെട്ടേക്കാം.


കടപ്പാട് : Info clinic

Happy
Happy
7 %
Sad
Sad
7 %
Excited
Excited
40 %
Sleepy
Sleepy
7 %
Angry
Angry
0 %
Surprise
Surprise
40 %

Leave a Reply

Previous post ഡോ.എ.അച്യുതൻ വിട പറഞ്ഞു..
Next post ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസമെന്താ ?
Close