ശാസ്ത്രം പഠിച്ചവര്‍ക്കിവിടെ ശാസ്ത്രബോധമില്ലാത്തതെന്ത്കൊണ്ട് ?

ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുക മാത്രമല്ല വേണ്ടത്, ശാസ്ത്രപ്രവര്‍ത്തനം വിദ്യാഭ്യാസ സംസ്കാരത്തിന്റെ ഭാഗമാകണം. എങ്കിലേ ശാസ്ത്രബോധം ജീവിതവീക്ഷണമായി മാറൂ...

ശാസ്ത്രബോധം (scientific temper ) എന്നത്  ജവഹര്‍ ലാല്‍ നെഹ്രുവിന്റെ കാലം മുതല്ക്കേ ഇന്ത്യയില്‍ ചർച്ചാ വിഷയമാണ്‌. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് 1976ല്‍  നാല്പത്തിരണ്ടാം  ഭരണഘടനാ ഭേദഗതിയിലൂടെ അതിനെ എല്ലാ ഇന്ത്യക്കാരുടെയും മൗലിക ബാധ്യതയുമാക്കി. പക്ഷേ എന്താണ്  അതുകൊണ്ട് ഉദ്ദേശിച്ചത്  എന്നത് ഇന്നും ഒരു സമസ്യയാണ്. തീര്‍ച്ചയായും അതിന്റെയര്‍ത്ഥം  എല്ലാവരും ശാസ്ത്രജ്ഞരാകണമെന്നല്ല. ജവഹര്‍ലാല്‍   നെഹ്‌റു തന്നെ “ഇന്ത്യയെ കണ്ടെത്തല്‍”  എന്ന തന്റെ  ഗ്രന്ഥത്തില്‍ അത് വിശദീകരിച്ചിട്ടുണ്ട്.

[box type=”info” align=”” class=”” width=””] പുതിയ അറിവുകൾക്കും സത്യത്തിനും വേണ്ടിയുള്ള സാഹസികവും വിമർശനാത്മകവുമായ അന്വേഷണം; ആവർത്തിച്ച പരിശോധനയിലൂടെയും പരീക്ഷണത്തിലൂടെയുമേ ഏത് കാര്യവും ബോധ്യപ്പെട്ടു എന്ന നിലപാട്, പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുൻ ധാരണകളെ തിരുത്താനുള്ള സന്നദ്ധത, മനസ്സിൽ സങ്കല്പിച്ച സിദ്ധാന്തങ്ങളെക്കാൾ നിരീക്ഷിക്കപ്പെട്ട വസ്തുകളെയാണ് ആശ്രയിക്കേണ്ടത് എന്ന തിരിച്ചറിവ് ഇവയെല്ലാമാണ് ശാസ്ത്രാവബോധത്തിന്റെ അടിത്തറ. ശാസ്ത്രത്തിന്റെ പ്രയോഗത്തിന് മാത്രമല്ല ജീവിത പ്രശ്നങ്ങളെ പരിഹരിക്കാനും വേണ്ടത് ഈ കാഴ്ചപാടാണ്– ജവഹര്‍ലാല്‍ നെഹ്റു[/box]

ഭരണഘടനാ ഭേദഗതിയെത്തുടര്‍ന്നു ഇന്ത്യയില്‍  വ്യാപകമായി നടന്ന ചര്‍ച്ചകളിലും ഇതേ സംഗതികള്‍ പരാമര്‍ശിക്കപ്പെട്ടു. പക്ഷേ മറ്റനേകം കാര്യങ്ങലെപ്പോലെ ഇതും ക്രമേണ വിസ്മൃതമായി.

പരമ്പരാഗത ശക്തികള്‍ ക്രമേണ സംഘടിക്കുന്നതും ഇന്ത്യന്‍  സമൂഹത്തെ ശാസ്ത്രബോധമനുസരിച്ചു പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുക്കുന്നതും പിറകോട്ടടിക്കുന്നതുമാണ് നാമിന്നു കാണുന്നത്. ജാതിമതശക്തികള്‍ വീണ്ടും സമൂഹത്തിനു മേല്‍  അവരുടെ ആധിപത്യം ഉറപ്പിക്കുന്നു. ഗ്രഹണത്തിലാണ്ടിരുന്ന കുട്ടിച്ചാത്തന്മാരും നാനാവിധ ദുര്‍ദേവതകളും ഭാഗ്യമന്ത്രങ്ങളും ഏലസ്സുകളും മന്ത്രവാദങ്ങളും മാന്ത്രികവിദ്യകളും വൈരാഗ്യത്തോടെ മടങ്ങിവരുന്നു. ജ്യോതിഷവും വാസ്തുവും അവയുടെ വൈദേശിക രൂപങ്ങളും ആക്രമം ശക്തിപ്പെടുത്തുന്നു. അവയുടെ കൂടെ അക്ഷയത്രിതീയ തുടങ്ങിയ പുതു തന്ത്രങ്ങളും പ്രത്യക്ഷപ്പെടുന്നു. പ്രധാന വസ്തുത ഇവയില്‍ മിക്കതും ആധുനിക സാങ്കേതികവിദ്യകള്‍  സാമൂഹ്യമാധ്യമങ്ങളും ഇന്റര്‍നെറ്റും   സമര്‍ത്ഥമായി ഉപയോഗിച്ചാണ് അവയുടെ പ്രചരണം നടത്തുന്നത്.

മറുഭാഗത്തോ? സകല പ്രതീക്ഷയും അര്‍പ്പിച്ചിരുന്ന ശാസ്ത്രവിദ്യാഭ്യാസം എന്‍ജിനീയറിംഗ്, മെഡിസിന്‍, മാനെജുമെന്റ് തുടങ്ങി കമ്പോള സാധ്യതയുള്ള ചില കോഴ്സുകള്‍ക്കുള്ള ഉപായം മാത്രമായി ചുരുങ്ങുന്നു.  നമുക്ക് ശാസ്ത്രവിദ്യാഭ്യാസത്തിലൂടെ ശാസ്ത്രബോധം വളര്‍ത്താനാകുന്നില്ല എന്നതും വസ്തുതയാണ്. ബഹിരാകാശ ശാസ്ത്രജ്ഞരും എന്ജിനീയര്‍മാരും റോക്കറ്റ് വിടുന്നതിനു മുമ്പ് പൂജയും വഴിപാടും നടത്തുന്നത് ഉദാഹരണമാണ്. ഏറ്റവും ശാസ്ത്രസാങ്കേതിക പുരോഗതി നേടിയ നാടുകളിലും അന്ധവിശ്വാസങ്ങള്‍ക്കും അവയുടെ അടിസ്ഥാനത്തിലുള്ള പിന്തിരിപ്പൻ  പരിപാടികള്‍ക്കും ഒട്ടും കുറവില്ല എന്നും നാം കാണുന്നു. അതായത് വെറും ശാസ്ത്ര വിദ്യാഭ്യാസമൊ സാങ്കേതിക പുരോഗതിയോ പോരാ എന്നര്‍ത്ഥം. ഈ വിദ്യാഭ്യാസം എങ്ങനെ നടത്തുന്നു എന്നതാണ് പ്രധാനം. ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുകയല്ല, ശാസ്ത്രപ്രവര്‍ത്തനം വിദ്യാഭ്യാസ സംസ്കാരത്തിന്റെ ഭാഗമാകുകയാണ് വേണ്ടത്. നെഹ്‌റു സൂചിപ്പിച്ച ശാസ്ത്രത്തിന്റെ സാഹസികത, അന്വേഷണാത്മകത, വിമര്‍ശനാവബോധം, പുതിയ അറിവ് നേടലും പരീക്ഷിച്ചു ബോധ്യപ്പെടലും അതിന്റെ അടിസ്ഥാനത്തില്‍ പഴയ ധാരണകളെ തിരുത്താന്‍  തയാറാകലും, ഇതൊക്കെ വെറും ശാസ്ത്രാഭ്യസനത്തിലൂടെ കിട്ടില്ല. വിദ്യാലയത്തിന്റെ അന്തരീക്ഷത്തിലും നടത്തിപ്പിലും അധ്യാപക-വിദ്യാര്‍ഥി ബന്ധങ്ങളിലും പെരുമാറ്റത്തിലുമൊക്ക ഇത് പ്രതിഫലിക്കണം. സര്‍വോപരി സമൂഹത്തെ നിയന്ത്രിക്കുന്ന കമ്പോളത്തിന്റെ പ്രവര്‍ത്തനത്തിലും പൊതു ജീവിത മണ്ഡലങ്ങളിലും  ഇത് തെളിയണം.  എങ്കില്‍ മാത്രമേ ഈ സ്വഭാവ വിശേഷങ്ങള്‍ കുട്ടികളില്‍ വളര്‍ന്നുവരൂ. അതിനു വെറും പാഠപദ്ധതി പരിഷ്കരണമോ അധ്യാപക പരിശീലനമോ മാത്രം പോരാ. സമഗ്രമായ സാമൂഹിക പരിഷ്കരണം തന്നെ വേണ്ടിവരും.

വര : പ്രജില്‍ അമന്‍

ഇതൊക്കെപ്പറഞ്ഞാലും വിദ്യാലയവും വിദ്യാഭ്യാസ സംവിധാനവും ഈ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വലിയ പങ്കു വഹിക്കേണ്ടതാണ്‌ എന്നതില്‍  സംശയമില്ല. അതിനായി ശാസ്ത്രതത്വങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം ഈ തത്വങ്ങള്‍ എങ്ങനെ ഏതു സാഹചര്യങ്ങളില്‍ ആവിഷ്കൃതമായി എന്നും കൂടി പഠിപ്പിക്കേണ്ടതുണ്ട്. ഇപ്പൊഴും നമ്മള്‍ പുസ്തകങ്ങളില്‍  കൂടി ലളിതമായി പഠിക്കുന്ന പല കാര്യങ്ങളും എത്രയോ ശ്രമം കൊണ്ട്, എത്രയോ സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് സമൂഹം അംഗീകരിച്ചത്. ആ ചരിത്രം കൂടി നമ്മള്‍ പഠിക്കണം. എങ്കില്‍  മാത്രമേ ശാസ്ത്രപഠനം പൂര്‍ത്തിയാവൂ. ശാസ്ത്രസമീപനം നമുക്ക് മനസ്സിലാകൂ. ഉദാഹരണമായി ഇന്ന് ഏതു സ്കൂള്‍ കുട്ടിക്കും ഊര്‍ജം എന്നാല്‍ എന്താണെന്നറിയാം. അത് പണിയെടുക്കാനുള്ള കഴിവാണ്. പക്ഷെ ഈ ലളിത സങ്കല്പനം എങ്ങനെയാണ് ഉരുത്തിരിഞ്ഞത്? എന്തെല്ലാം വിപുലമായ വികലമായ് രീതിയിലാണ് ഊര്‍ജം എന്ന പദം ഉപയോഗിക്കപ്പെട്ടിരുന്നത് ? അതുകൊണ്ട് ഇന്നും ചില നിഗൂഡ വാദികള്‍ പോസിറ്റീവ് – നെഗറ്റീവ് എനര്‍ജിയെപ്പറ്റിയൊക്കെ സംസാരിക്കുമ്പോഴും നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക്  പോലും അതിന്റെ അസംബന്ധസ്വഭാവം മനസ്സിലാവുനില്ല. എന്തെല്ലാം വങ്കത്തരങ്ങളാണ്   (ഉന്നത വിദ്യാഭ്യാസമുള്ള) ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്! ഒരുഭാഗത്ത് നമ്മള്‍   അനന്തമായ ഊര്‍ജ നിര്‍മിതി അസാധ്യമാണെന്ന് പഠിപ്പിക്കും, മറുഭാഗത്ത് കൂടെക്കൂടെ അനുസ്യൂത യന്ത്രങ്ങള്‍ (Perpetual motion machine)  ആരോ കണ്ടുപിടിച്ചതായി വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കും. നമ്മളെല്ലാം അതും വായിച്ചു രസിക്കും. ചിലരെങ്കിലും അത് വിശ്വസിക്കുകയും ചെയ്യും! രാമര്‍ പെട്രോളിനെപ്പറ്റിയുള്ള വാര്‍ത്ത വന്നപ്പോഴും എത്രയോ ശാസ്ത്രജ്ഞരും തന്നെ അത്  വിശ്വസിച്ചു!

ഈ സ്വഭാവം ശാസ്ത്ര കാര്യങ്ങളില്‍ മാത്രമല്ല ജീവിതത്തിലും നമ്മള്‍ പിന്തുടരുന്നു.  കഷ്ടിച്ച് കോടതിയില്‍ മാത്രമേ നമ്മള്‍ തെളിവനുസരിച്ചു കാര്യങ്ങള്‍ ചെയ്യാറുള്ളു. അത് ഒരു പക്ഷെ രണ്ടുഭാഗത്തും വാദിക്കാൻ വക്കീലന്മാരുള്ളതുകൊണ്ട്  ആയിരിക്കാം. പക്ഷെ, സാമൂഹിക കാര്യങ്ങളില്‍ ശാസ്ത്രീയ സമീപനതിനു വേണ്ടി വാദിക്കാന്‍  ആരുമുണ്ടാവില്ല. എല്ലാവരും  “ജനപ്രിയ” നിലപാടിലായിരിക്കും – അതായത് വാര്‍ത്തകള്‍ ഉണ്ടാക്കുന്നതില്‍   സഹകരിക്കുക, വാര്‍ത്തകളെ പരമാവധി സെന്‍സേഷണല്‍ ആക്കുക. അവിടെ ശാസ്ത്രീയതക്ക് എന്ത് സ്ഥാനം? ഇതിനു പകരം എല്ലാ വാര്‍ത്തകളെയും നമ്മള്‍ നിയമപ്രശ്നം കൈകാര്യം ചെയ്യുന്നതുപോലെ അനുകൂലവും പ്രതികൂലവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് അഭിപ്രായം രൂപീകരിക്കാന്‍ തയാറാകണം. അതാണ്‌ ശാസ്ത്രബോധം ആവശ്യപ്പെടുന്നത്. അതിനു നാം തയാറാണോ?

ശാസ്ത്രീയ സമീപനത്തിന്റെ പരിമിതി പലകാര്യങ്ങളിലും നമുക്ക്  വേണ്ടത്ര വിവരം ലഭ്യമായിരിക്കില്ല എന്നതാണ്. ശാസ്ത്രത്തിന്റെ  കാര്യത്തില്‍ പ്രശ്നമില്ല. ഇക്കാര്യത്തില്‍ ഒരു ശാസ്ത്രീയ നിഗമനത്തിലെത്താന്‍  നമുക്ക്  സാധ്യമല്ല എന്ന് പറഞ്ഞു ശാസ്ത്രജ്ഞന്‍ പിന്മാറാം. എന്നാല്‍ സാമൂഹിക പ്രശ്നങ്ങളില്‍ അത് സാധ്യമല്ല. അവിടെ വേണ്ടത്ര തെളിവില്ലാതെ തന്നെ നമുക്ക് ചില നിഗമനങ്ങളിലെത്തേണ്ടിവും. അത് ഒഴിവാക്കാനാവില്ല. ഇവിടെയാണ് സമൂഹത്തിന്റെ  അടിസ്ഥാനമായ ജനപക്ഷ സ്വഭാവം തെളിയേണ്ടത്. അങ്ങനത്തെ സന്ദര്‍ഭങ്ങളില്‍ നാമെടുക്കുന്ന തീരുമാനം ഒരിക്കലും ജനവിരുദ്ധമാകരുത്.  തെറ്റ് പറ്റാനിടയുണ്ട് എന്ന ഓര്‍മ്മ വേണം. ഇത് പലപ്പോഴും എളുപ്പമാവില്ല. പക്ഷെ ഈ പരിമിതി ജനങ്ങളും അംഗീകരിക്കണം. എങ്കില്‍ മാത്രമേ നമ്മള്‍ ശാസ്ത്രബോധമുള്ള ജനത ആകൂ. അതായത് ശാസ്ത്രബോധം എന്നത് കുറച്ച് വരേണ്യര്‍ക്ക് മാത്രം വേണ്ട ഒരു ഗുണമല്ല. അത് സമൂഹത്തന്റെ പൊതുസ്വഭാവവും പൊതുബോധവും ആകണം.


പോസ്റ്ററുകള്‍ക്ക് കടപ്പാട് : റാലി ഫോര്‍ സയന്‍സ് ഫേസ്ബുക്ക്  പേജ്

2 thoughts on “ശാസ്ത്രം പഠിച്ചവര്‍ക്കിവിടെ ശാസ്ത്രബോധമില്ലാത്തതെന്ത്കൊണ്ട് ?

  1. പ്രൂഫ് റീഡിംഗ് നടക്കാത്തത് എന്താണ് … എഡിറ്റര്‍മാര്‍ ശ്രദ്ധിക്കണമെന്ന് അപേക്ഷ.

Leave a Reply