Read Time:19 Minute

ശാസ്ത്രബോധം വളർത്തുന്നതിൽ ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് വലുതാണ്. നിലവിലെ ഇന്ത്യൻ ഭരണകൂടം ശാസ്ത്രാവബോധം വളർത്തുന്നതിനായുള്ള ബോധപൂർവ്വമായ എല്ലാ ശ്രമങ്ങൾക്കും എതിരായാണ് പ്രവർത്തിക്കുന്നത്. 2024 മാർച്ച് ലക്കം ശാസ്ത്രഗതിിൽ പ്രസിദ്ധീകരിച്ച ലേഖനം

രുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ ആദ്യദശകങ്ങളിൽ മുമ്പൊരിക്കലും ഉണ്ടാകാത്ത പ്രതിസന്ധിയാണ് ശാസ്ത്രപഠനവും ഗവേഷണവും നേരിടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സാമൂഹിക ഉണർവിന്റെ മൂലക്കല്ലായി കണക്കാക്കിപ്പോന്നിരുന്നത് ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള പഠനമായിരുന്നു. അന്ന് ഇന്ത്യൻ ജനതയുടെ ഇടയിൽ വ്യാപകമായി നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും വിജ്ഞാനവിരോധത്തിനും എതിരെയുള്ള പോരാട്ടത്തിൽ കവചമായി കരുതിപ്പോന്നിരുന്നത് യുക്തിചിന്തയും വിചാരശേഷിയുമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയുടെ രാഷ്ട്രപുനർനിർമ്മിതിയിൽ ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും പ്രത്യേക ഊന്നൽ നൽകിയിരുന്നു. ഈ അവസരത്തിലാണ് ശാസ്ത്രബോധം (Scientific temper) എന്നത് ഇന്ത്യൻ ജനതയുടെ ഇടയിൽ പുതിയ ഒരു സംവേദമായി വളർത്തിയെടുക്കാൻ സ്വാതന്ത്ര ഇന്ത്യയിലെ ഭരണകർത്താക്കൾ ശ്രമിച്ചത്. ശാസ്ത്രത്തെയും സാങ്കേതികവിദ്യയേയും പ്രോത്സാഹിപ്പിക്കുന്നതിനായി അനേകം ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ, സെന്റേഴ്‌സ് ഓഫ് അഡ്വാൻസ്ഡ് ലേർണിങ് എന്നിവ സ്ഥാപിക്കപ്പെട്ടു. ഈ പരിശ്രമങ്ങളുടെ ഫലമായി ശാസ്ത്രലോകത്ത് പ്രശംസനീയമായ പല ഗവേഷണങ്ങൾക്കും നൊബേൽ സമ്മാനാർഹരെവരെ വളർത്തിയെടുക്കാനും നമുക്ക് കഴിഞ്ഞു.

എന്നാൽ, ഈ ശാസ്‌ത്രോത്സുകത ഇന്ത്യയിലെ എല്ലാ ജനങ്ങളിലേക്കും അരിച്ചിറങ്ങിയില്ല. പൊതുവിദ്യാഭ്യാസത്തിന് നമ്മൾ ആഗ്രഹിച്ച വേഗം കൈവരിക്കാൻ കഴിഞ്ഞുമില്ല. അവിടെ ജാതി-വർഗ-ലിംഗവിവേചനം എന്ന കോട്ടമതിൽ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും കുട്ടികളെ പ്രത്യേകിച്ച് പെൺകുട്ടികളെ തടഞ്ഞു നിർത്തി. പാരമ്പര്യത്തിന്റെയും മതത്തിന്റെയും പ്രബലമായ ശക്തികൾ ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൂടെ സ്വായത്തമാക്കേണ്ടിയിരുന്ന, ശാസ്ത്രത്തിലധിഷ്ഠിതമായ വീക്ഷണഗതികൾ നേടിയെടുക്കുന്നതിൽനിന്നും അവരെ വിലക്കി.

പൊതുവിദ്യാഭ്യാസത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും പാഠ്യപദ്ധതികളിൽ ഈ പ്രശ്‌നങ്ങളുടെ പ്രതിഫലനങ്ങൾ ഉണ്ടായി. ശാസ്ത്രം എന്നത് പാഠ്യപദ്ധതിയിലെ വിവിധ വിഷയങ്ങളിൽ കേവലം ഒന്നായി മാറി. അറിവിന്റെ രൂപവൽക്കരണത്തിനും പരിപ്രേക്ഷ്യത്തിനുമുള്ള ഉപാധി എന്നതിനപ്പുറം വിദ്യാർഥികൾ ശാസ്ത്രത്തെ സമീപിച്ചത് എഞ്ചിനീയറിങ്, ടെക്‌നോളജി, മെഡിസിൻ പോലുള്ള മേഖലകളിലെ വിജയസാധ്യതകളെ അടിസ്ഥാനമാക്കിയായിരുന്നു. ശാസ്ത്രസമ്പ്രദായങ്ങളെ അടിസ്ഥാമാക്കിയുള്ള അന്വേഷങ്ങളെയും നിരീക്ഷണങ്ങളെയും അവഗണിച്ചുകൊണ്ട്, ‘ലബോറട്ടറി സയൻസ്’ എന്ന് വിളിക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള ശാസ്ത്രരീതികൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു. സാമൂഹിക ശാസ്ത്രത്തെ അവർ അവലംബിച്ച ശാസ്ത്രരീതികളെ അടിസ്ഥാനമാക്കി മാനവിക വിഷയങ്ങളുടെ പ്രത്യേകിച്ച്, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി കരുതി പോന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നത് മതപരമായ പാരമ്പര്യപ്പകർച്ചകൾക്ക് പൊതുവിദ്യാഭ്യാസത്തിലേക്കുള്ള പിൻവാതിൽ പ്രവേശനരീതിയായി മാറി. മതസാമുദായിക ആഭിമുഖ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ‘മോറൽ സയൻസ്’ എന്ന പേരിൽ ഇത്തരം കാര്യങ്ങൾ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കി. പിന്നീട് പലപ്പോഴും ഇത്തരം വിദ്യാഭ്യാസം ഐച്ഛികമോ അല്ലെങ്കിൽ നിർബന്ധിതമോ ആകുന്ന സ്ഥിതി സ്റ്റേറ്റ് ബോർഡിന്റെ നിയന്ത്രണത്തിലല്ലാത്ത ചില വിദ്യാലയങ്ങളിൽ സംജാതമായി.

ശാസ്ത്രം എന്നത് ചില വിജ്ഞാനശാഖകളായി ചുരുങ്ങിയപ്പോൾ സംഭവിച്ചത്, കുട്ടികൾ അവരുടെ സമൂഹത്തിൽ നിന്നോ സമാനരിൽ നിന്നോ വീടുകളിൽ നിന്നോ മറ്റു വിജ്ഞാനശാഖകളിൽ നിന്നോ ശേഖരിക്കുന്ന വിവരങ്ങൾ അല്ലാതെയുള്ള ചില വിവരശേഖരമാണ് നടത്തേണ്ടത് എന്നുള്ള നിലവന്നു.

ഇത്തരത്തിലുള്ള വിവരശേഖരവും പ്രശ്‌നപരിഹാരവും പരീക്ഷണങ്ങളും കുട്ടികളിൽ ശാസ്ത്ര ചിന്തകൾ വളർത്തുന്നതിനോ വിമർശനാത്മകമായി പാരമ്പര്യരീതികളെ സമീപിക്കുന്നതിനോ സാമൂഹികരീതികളെ അവലോകനം ചെയ്യുന്നതിനോ പര്യാപ്തമാക്കുന്നില്ല. മിക്കപ്പോഴും ഇത്തരം കഴിവുകൾ അവർ നേടുന്നത് ക്ലാസ്സ്മുറികൾക്കുപുറത്ത് അവർ സജീവമാകുന്ന സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെയാണ്. അല്ലാത്തപക്ഷം ഏറ്റവും മിടുക്കന്മാർപോലും പ്രത്യയശാസ്ത്രങ്ങളുടെ പുനരുൽപാദകരായിമാത്രം മാറുന്ന രീതി സംജാതമാകും. അവർ ദോഷൈകദൃക്കുകളും നിരാശാവാദികളും ആയി മാറുന്ന ഇത്തരം അവസ്ഥയിൽ, ശാസ്ത്ര സമൂഹത്തിന്റെ അറിവുകൾ പ്രബലരുടെയും അധികാരസ്ഥാനങ്ങളുടെയും കൈയിലൊതുങ്ങുന്നു.

ഇതിന്, ഫലത്തിൽ രണ്ടു രീതിയിലുള്ള മാനങ്ങളാണ് ഇന്ത്യൻ സയൻസിൽ ഉള്ളത്. ശാസ്ത്രമേഖലകളിൽ ബോധപൂർവമായ പഠനങ്ങളിൽ ഏർപ്പെടുകയും അന്വേഷണബുദ്ധിയോടുകൂടി ശാസ്ത്രത്തെ പിന്തുടരുകയും ചെയ്തിരുന്ന ഒരു വിഭാഗം അവരുടെ ഗവേഷണ പഠനങ്ങൾക്കായി വികസിത രാജ്യങ്ങളിലേക്ക് ചേക്കേറി. ശാസ്ത്രം പരിശീലിച്ച രണ്ടാമത്തെ വിഭാഗം ഇവിടെ സർവകലാശാലാ അധ്യാപകരായോ ബ്യൂറോ ക്രേറ്റ്‌സ് ആയോ മാറാൻ താൽപര്യപ്പെട്ടു. സാങ്കേതികവിദ്യ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ അനേകമായപ്പോൾ, ശാസ്ത്രം സാങ്കേതികവിദ്യയുടെ ഒരു ഘടകമായി മാറുകയും ശാസ്ത്രജ്ഞർ സാങ്കേതികവിദ്യയുടെ ‘തിയറിറ്റിക്കൽ പ്രാക്ടീഷണേഴ്സ്’ ആയി മാറുകയും ചെയ്തു. ഫലത്തിൽ രാഷ്ട്രപുനർനിർമ്മാണത്തിലും ഈ രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിലും ശാസ്ത്രത്തിന്റെ പങ്ക് അവഗണിക്കപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തു. ചുരുക്കം ഗവേഷണ പ്രസിദ്ധീകരണങ്ങളായോ കമ്മിറ്റി റിപ്പോർട്ടുകളായോ അല്ലാതെ പോളിസി തീരുമാനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി സാങ്കേതിക മേഖലയിലുണ്ടായ പരിവർത്തനങ്ങൾ ശാസ്ത്രത്തിന്റെ വളർച്ചക്ക് പുതിയ വാതായനങ്ങൾ തുറക്കുകയും ഒപ്പംതന്നെ പുതിയ വെല്ലുവിളികൾ ഉയർത്തുകയും ചെയ്തു. സാങ്കേതിക വിദ്യയുടെ മുന്നേറ്റം, ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ പോലും ഓരോരുത്തരുടെയും പടിവാതിൽക്കൽ എത്തിച്ചു നൽകി അവയെ പരിചയപ്പെടാനുള്ള അവസരങ്ങൾ ഒരുക്കി. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നേരത്തേതന്നെ ശാസ്ത്രത്തെ ഒരു വിജ്ഞാനശാഖയായി കണക്കാക്കിയിരുന്നതിനാൽ ശാസ്ത്രസംബന്ധിയായ അറിവുകൾക്ക് അത്തരത്തിലൊരു ഉള്ളടക്കവും ഉണ്ട്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ പ്രചാരത്തോടുകൂടി, വികാരദ്യോതകമായതോ പ്രകടനപരമായതോ ആയ ഉള്ളടക്കങ്ങളെ അറിവായി പരിഗണിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ വന്നു. യുക്തിചിന്തയും വിമർശനാത്മക സമീപനവും ദൃശ്യ-ശ്രാവ്യ പ്രദർശനങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന വൈകാരിക അനുഭവങ്ങളാൽ പകരംവയ്ക്കപ്പെടുകയും അവ അറിവുകളായി മാറ്റപ്പെടുകയും ചെയ്യാം.

സമൂഹത്തിൽ അന്ധവിശ്വാസങ്ങളും കപടശാസ്ത്രവും, വിവരങ്ങളായും അറിവുകളായും പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾതന്നെ ഒട്ടനേകം വെബ്‌സൈറ്റുകൾ കൈകാര്യം ചെയ്യുന്നുണ്ട്. അവയിൽ ശാസ്ത്ര അറിവുകളുടേത് തത്തുല്യമായ സാങ്കേതികവിദ്യയുടെ ഉള്ളടക്കവും ഉണ്ടാകാം. നിർമ്മിതബുദ്ധിയുടെ രംഗപ്രവേശവും ഈ വിഷയത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. എന്തെന്നാൽ അൽഗോരിതങ്ങളാണ് ആരംഭം മുതൽ ലക്ഷ്യസ്ഥാനം വരെ നിർമ്മിത ബുദ്ധിയെ നിയന്ത്രിക്കുന്നത്. ചില അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവ പ്രവർത്തിക്കുന്നത്. ഈ അനുമാനങ്ങൾ ആധുനിക വിമർശനാത്മക ശാസ്ത്രം മുതൽ വൈജ്ഞാനിക വ്യാപനത്തെ തടയുന്ന മതപരമായ ഉള്ളടക്കങ്ങൾ വരെയാകാം. അതുകൊണ്ടുതന്നെ, വിവരസാങ്കേതിക വിദ്യകൾവഴിയുള്ള ശാസ്ത്ര ഉള്ളടക്കങ്ങളുടെ ഭാവി എന്നത് അത് സാധ്യമാക്കുന്ന വ്യക്തികളുടെ യുക്തിചിന്തയെയും അന്വേഷണാത്മക സമീപനത്തെയും ആശ്രയിച്ചിരിക്കുന്നു. ICT ഉള്ളടക്കങ്ങൾക്ക് വിപണിമൂല്യം ഉള്ളതു കൊണ്ടുതന്നെ, നേരത്തെ പ്രതിപാദിച്ചത് പോലുള്ള നിരാശാവാദവും നിഷ്‌ക്രിയത്വവും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരിലും ഉണ്ടാകാം. ഫലത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുക്കുന്ന തരത്തിലുള്ള അറിവുകളാകും കപടശാസ്ത്രത്തിനും ഒബ്‌സ്‌ക്യൂറന്റിസത്തിനും (വൈജ്ഞാനിക വ്യാപനത്തെ തടയൽ) ഒപ്പം പ്രോത്സാഹിപ്പിക്കപ്പെടുക.

ഭരണകൂടങ്ങളും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇന്ത്യൻ ജനതയിൽ ശാസ്ത്രീയ അന്വേഷണശീലം പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സവിശേഷതകൾ ശാസ്ത്രബോധത്തിൽ തറയ്ക്കപ്പെട്ടതാണ്. എന്നാൽ, വിദ്യാഭ്യാസ സമ്പ്രദായത്തിലെ അനീതികളും അവയുടെ ശാസ്ത്ര സംബന്ധിയായ ഉള്ളടക്കത്തിൽ വന്ന വീഴ്ചകളും കാണിക്കുന്നത് ഈ വിഷയത്തിൽ ഭരണകൂടങ്ങളുടെ പങ്കിലുണ്ടായ ക്ഷയമാണ്. ഇന്ത്യൻ ജനതയിൽ ശാസ്ത്രബോധം വളർത്തുന്നതിനായി People’s Science Movements സവിശേഷമായ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ഭരണകൂടങ്ങളുടെ ഇടപെടലുകളിലെ ബലഹീനത പരിഹരിക്കാൻ അവയ്ക്ക് കഴിഞ്ഞില്ല.

മതമൗലികവാദത്തിന്റെ വളർച്ചയാൽ പ്രത്യേകിച്ച് പ്രബലമായ ഹിന്ദുത്വശക്തികളുടെ സ്വാധീനത്താൽ യുക്തിചിന്തയിലും വിമർശനാത്മക അന്വേഷണത്തിലും ഊന്നിയുള്ള ശാസ്ത്ര അന്വേഷണങ്ങൾ ഉപരോധത്തിലായി. അത്തരം ശക്തികൾ അധികാരത്തിലേറുന്നത് ശാസ്ത്രീയ അന്വേഷണശീലങ്ങളുടെ കീഴടങ്ങലിന് തന്നെ കാരണമാകുന്നു.

ശാസ്ത്രമേഖലയിൽ ഇത്തരം കീഴടങ്ങലുകൾ വ്യാപകമാകുന്നതോടൊപ്പംതന്നെ സ്‌കൂളുകളിലെ പാഠ്യപദ്ധതിയിലേക്ക് യാഥാസ്ഥിതികമായതും വൈജ്ഞാനിക വ്യാപനത്തെ തടയുന്നതുമായുള്ള ആശയങ്ങളും അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സർവകലാശാലകളുടെ പാഠ്യപദ്ധതിയിലേക്ക് ഇന്ത്യൻ സയൻസ്, വേദിക് മാത്തമാറ്റിക്‌സ്, യോഗ, കർമ്മകാണ്ഡ പോലുള്ളവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രവേശിപ്പിക്കപ്പെടുന്നു. സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും അവയുടെ വീക്ഷണങ്ങളിൽ നിന്നും രൂപാന്തരം ചെയ്യപ്പെടുന്നു. ഇന്ത്യൻ സയൻസ് കോൺഗ്രസ് പോലുള്ള രാജ്യത്തെ പ്രമുഖമായ ശാസ്ത്ര സംഘടനകൾ വിളിച്ചുചേർക്കപ്പെടുന്നില്ല. സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ നിർദേശങ്ങൾക്കു മുമ്പിൽ താണുവണങ്ങുന്നതിന് നിർബന്ധിക്കപ്പെടുന്നു. കപടശാസ്ത്രവും അന്ധവിശ്വാസങ്ങളും വിവരങ്ങളായി ജനതയിലേക്ക് നൽകപ്പെടുന്നു. വിമർശനാത്മക അന്വേഷണരീതികളോ ശാസ്ത്രരീതികളുടെ പരിശീലനമോ ഇല്ലാത്ത സാഹചര്യത്തിൽ ഒരു സാധാരണ മനുഷ്യന് നെല്ലും പതിരും തിരിച്ചറിയാൻ ബുദ്ധിമുട്ടു നേരിടും. ഇത് സമൂഹത്തിൽ ശാസ്ത്രമല്ല, മറിച്ച് വിജ്ഞാനവിരോധക ചിന്താഗതി വളരാൻ ഇടയാകും.

ഇതെല്ലാം സൂചിപ്പിക്കുന്നത് നാലാം വ്യാവസായിക വിപ്ലവം ഇന്ത്യയിൽ ശാസ്ത്രീയ അന്വേഷണങ്ങളുടെ ഭാവിക്ക് യാതൊരു ഉറപ്പും അല്ല എന്നതാണ്. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ വിവരങ്ങളുടെ ഉൽപാദനവും അവയുടെ വ്യാപനവും തുടരും. പക്ഷേ, വിമർശനാത്മകമായ ശാസ്ത്രാന്വേഷണങ്ങൾ ആകില്ല. മതമൗലികവാദമോ അല്ലെങ്കിൽ സ്വത്വ രാഷ്ട്രീയമോ പരിപോഷിപ്പിക്കുന്ന യുക്തിഹീനതയോടുള്ള വൈകാരിക വിധേയത്വം ഇല്ലാതാക്കാൻ അവർക്ക് കഴിയുന്നില്ല. രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മസ്തിഷ്‌ക ചോർച്ച (Brain drain) പരിഹരിക്കുന്നതിനായി വിദേശങ്ങളിൽ നിന്നും ശാസ്ത്ര അന്വേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ തിരികെ നമ്മുടെ സർവകലാശാലകളിലേക്ക് കൊണ്ടുവരാനും കഴിയുന്നില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തുന്നതിനുള്ള ചുമതല ഏറ്റെടുത്തിരുന്നത് സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും ആയിരുന്നു അല്ലാതെ, സ്ഥാപനങ്ങൾ ആയിരുന്നില്ല. ഇന്ന് അത്തരം പ്രസ്ഥാനങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഈ പ്രസ്ഥാനങ്ങളിൽക്കൂടിത്തന്നെയാകും ഭാവിയിലേക്ക് വെളിച്ചം പകരുന്ന തിരിയായി ശാസ്ത്രം പ്രകാശിക്കുന്നത്.

ശാസ്ത്രഗതി 2024 മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

ശാസ്ത്രം ഇന്ത്യയിൽ

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ – LUCA TALK ന് രജിസ്റ്റർ ചെയ്യാം
Next post പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ അന്തരിച്ചു
Close