Read Time:19 Minute

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളും ഇന്ത്യയിലെ സയൻസും

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം എഴുപത്തഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ, നാം തുടങ്ങിയ ഇടത്തുനിന്നും വളരെ വ്യത്യസ്തമായ ഒരു ദിശാസന്ധിയിലാണ് ഇപ്പോൾ ഉള്ളത് എന്ന് വ്യക്തമാണ്. The Wire പ്രസിദ്ധീകരിച്ച, ഡോ ഗൗതം മേനോന്റെ ലേഖനം

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ നമ്മുടെ സയൻസും ഗവേഷണവും എവിടെയെത്തി നിൽക്കുന്നു എന്നുള്ളതും മുന്നോട്ടുള്ള വഴിയെന്ത് എന്നതും ഗൗരവമായി ചിന്തിക്കേണ്ടതാണ്.

ന്ത്യയിലെ സയൻസിന്റെ വളർച്ചയെ വിലയിരുത്താൻ, അളക്കാൻ കഴിയുന്ന സൂചകങ്ങൾ ഉപയോഗിച്ച് ഒരു വിശകലനം നടത്താവുന്നതാണ്. ഉദാഹരണത്തിന്, ജിഡിപിയുടെ എത്ര ഭാഗം നീക്കി വെയ്ക്കപ്പെടുന്നു, ഓരോ വർഷവും ഉണ്ടാവുന്ന പിഎച്ച്ഡികളുടെ എണ്ണം, അല്ലെങ്കിൽ ഇന്ത്യയിൽ നിന്നുള്ള പേപ്പറുകൾക്ക് കിട്ടുന്ന ഉദ്ധരണികൾ (citation) എന്നിവയൊക്കെ എടുത്തു നോക്കാം.

അങ്ങനെ നോക്കിയാൽ ഒരു സമ്മിശ്ര ചിത്രമാണ് കിട്ടുക. ചൈനയുമായോ (2 ശതമാനത്തിൽ കൂടുതൽ) സിംഗപ്പൂരുമായോ (1.9%) ഒക്കെ താരതമ്യം ചെയ്യുമ്പോൾ നാം നമ്മുടെ ജിഡിപിയുടെ 0.7% മാത്രമാണ് ഗവേഷണത്തിനായി ചെലവഴിക്കുന്നത്. പിഎച്ച്‌ഡികൾ ഉത്പാദിപ്പിക്കുന്നതിൽ നാം ലോകത്ത് നാലാം സ്ഥാനത്താണ്, എന്നാൽ ഇത് നമ്മുടെ ജനസംഖ്യയുമായി ചേർത്ത് കാണേണ്ട ഒരു കണക്കാണ്. അക്കാദമിക് പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നതിലും യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാമത് നമ്മളുണ്ട്. എന്നാൽ അറിവ് നിർമ്മാണത്തിൽ ഈ പ്രസിദ്ധീകരണങ്ങളുടെ സ്വാധീനവും അവയുടെ മൊത്തത്തിലുള്ള ഗുണനിലവാരവും ഈ സംഖ്യകൾ സൂചിപ്പിക്കുന്നതിനേക്കാൾ വളരെ കുറവാണ്.

അളക്കാൻ കഴിയുന്ന സൂചകങ്ങൾക്കൊപ്പം മറ്റുചില ചോദ്യങ്ങളും പ്രസക്തമാണ്. ജനങ്ങളുടെ ജീവിതത്തിൽ “ശാസ്ത്രീയ മനോവൃത്തി” എത്രമാത്രം പ്രതിഫലിക്കുന്നു? ഇന്ത്യയുടെ മുൻകാല നേട്ടങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയ്ക്ക് പകരം, പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ എല്ലാ ആധുനിക അറിവുകളും അടങ്ങിയിട്ടുണ്ടെന്ന ഒരു മനോഭാവം പിടിമുറുക്കുന്നുണ്ടോ?

ശ്രീനിവാസ രാമാനുജൻ, സി വി രാമൻ, ജഗദീഷ് ചന്ദ്രബോസ്, മേഘ്‌നാദ് സാഹ തുടങ്ങിയ വ്യക്തിത്വങ്ങളാണ് സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യൻ ശാസ്ത്രത്തിന്റെ പ്രധാന മുഖങ്ങൾ. ഹോമി ഭാഭയെയും വിക്രം സാരാഭായിയെയും മറ്റും ഒഴിച്ചു നിർത്തിയാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ശാസ്ത്രജ്ഞരെ പേരെടുത്തു പറയാൻ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. ശാസ്ത്ര സമൂഹമാകട്ടെ അവരെ ദീർഘവീക്ഷണമുണ്ടായിരുന്ന, വലിയ ശാസ്ത്ര സ്ഥാപനങ്ങളുടെ സ്ഥാപകരായി ആണ് കരുതുന്നത്. മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനെ പൊതുജനം ഒരു ശാസ്ത്രജ്ഞനായി കാണുമ്പോൾ, മറ്റെന്തിനെക്കാളുമുപരി അദ്ദേഹം കാര്യശേഷിയുള്ള ഒരു അഡ്മിനിസ്ട്രേറ്റർ ആയിരുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സയൻസിന്റെ ചില പ്രധാന നേട്ടങ്ങൾ

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യൻ സയൻസിന്റെ ചില പ്രധാന നേട്ടങ്ങളും അവയ്ക്ക് സംഭാവന നൽകിയ ചില ശാസ്ത്രജ്ഞരുടെ പേരുകളും നാം അറിയേണ്ടതുണ്ട്. ഇത്തരമൊരു പട്ടിക തയ്യാറാക്കുന്നതിൽ സ്വാഭാവികമായും വ്യക്തിനിഷ്ടമായ ചില താല്പര്യങ്ങൾ കടന്നു വന്നേക്കാം. 

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (TIFR) ഹോമി ഭാഭ നിയമിച്ച ഒബൈദ് സിദ്ദിഖി, ബെംഗളൂരുവിൽ നാഷണൽ സെന്റർ ഓഫ് ബയോളജിക്കൽ സയൻസ് (NCBS) സ്ഥാപിച്ച് ഇന്ത്യയിൽ മോളിക്യുലാർ ആൻഡ് ഡെവലപ്‌മെന്റൽ ബയോളജിയുടെ പഠനം ആരംഭിച്ചയാളാണ്. ആധുനിക ജീവശാസ്ത്രത്തിന്റെ ഈ വിശാലമായ മേഖല ഇപ്പോൾ ഇന്ത്യയിലുടനീളം പടർന്നിട്ടുണ്ട്. ബെംഗളൂരുവിലെ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്‌ഡ് സയന്റിഫിക് റിസർച്ചിലെ (JNCASR) സിഎൻആർ റാവു, രാജ്യത്ത് മെറ്റീരിയൽ കെമിസ്ട്രിയുടെയും മെറ്റീരിയൽ സയൻസിന്റെയും പഠനത്തിന് വലിയ പ്രചാരം നൽകി. അന്താരാഷ്ട്ര തലത്തിൽ സ്വാധീനമുള്ള ശാസ്ത്രീയ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്.

വിവിധ രസതന്ത്ര വകുപ്പുകൾ, അവയിൽ തന്നെ ഹൈദരാബാദ്, ഡൽഹി സർവ്വകലാശാലകൾ, ഐഐടി കാൺപൂർ തുടങ്ങിയവ, കൂടാതെ കൊൽക്കത്തയിലെ ഐഎസിഎസ്, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയവയും രസതന്ത്രത്തിന്റെ ഒന്നിലധികം ശാഖകളിൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഗവേഷണ ഗ്രൂപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എസ്.ചന്ദ്രശേഖറിന്റെ ഗ്രൂപ്പ് ലിക്വിഡ് ക്രിസ്റ്റൽ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായിട്ടുണ്ട്.

ഗോവിന്ദ് സ്വരൂപും ജയന്ത് നാർലിക്കറും ഇന്ത്യൻ ജ്യോതിശാസ്ത്രത്തിലെയും ആസ്ട്രോ ഫിസിക്സിലെയും പ്രധാന വ്യക്തിത്വങ്ങളാണ്. ഇന്ത്യൻ സയൻസിന് അന്താരാഷ്ട്ര പ്രശസ്തിയുള്ളവയാണ് ഈ രണ്ടോ മേഖലകളും. 1970-കളും 80-കളും ആയപ്പോൾ തന്നെ TIFR-ലും ചെന്നൈയിലും, ചില കോളേജുകളിലും സർവ്വകലാശാലകളിലുമായി ലോക പ്രശസ്തങ്ങളായ ഗണിതശാസ്ത്ര വകുപ്പുകൾ സ്ഥാപിതമായിരുന്നു. എം എസ് നരസിംഹൻ, സി എസ് ശേഷാദ്രി എന്നിവരുടെ പേരുകൾ ബീജഗണിത ജ്യാമിതിയുടെ മേഖലയിൽ ഇന്ത്യൻ ഗണിതശാസ്ത്രത്തിന്റെ തിളക്കമുള്ള സംഭാവനയാണ്.

പിസി മഹലനോബിസ് സ്ഥാപിച്ച ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI) വർഷങ്ങളായി നിരവധി സ്റ്റാറ്റിസ്റ്റീഷ്യൻമാരെയും ഗണിതശാസ്ത്രജ്ഞരെയും പരിശീലിപ്പിച്ചിട്ടുണ്ട്. കൊൽക്കത്ത ISI-യിൽ നിന്ന് വിരമിച്ച സിആർ റാവു ഇന്ന് ജീവിച്ചിരിക്കുന്ന സ്റ്റാറ്റിസ്റ്റീഷ്യൻമാരിൽ ഏറ്റവും പ്രമുഖനാണ്. സൈദ്ധാന്തിക കമ്പ്യൂട്ടർ സയൻസിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇന്ത്യൻ മുന്നേറ്റം നടന്നത് ഐഐടി കാൺപൂരിലെ മനീന്ദ്ര അഗർവാളിന്റെ നേതൃത്വത്തിലായിരുന്നു.

ഭൗതികശാസ്ത്രത്തിൽ, 1980-കളിലും 90-കളിലും, TIFR-ലും ഇന്ത്യയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും ഉള്ള ഗ്രൂപ്പുകളും മറ്റ് സ്ഥാപനങ്ങളും കണ്ടെൻസ്ഡ് മാറ്റർ ഫിസിക്സിൽ പ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. IISc-യിലെ ഭൗതികശാസ്ത്രജ്ഞൻ ടി വി രാമകൃഷ്ണൻ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ആളാണ്. TIFR-ലും പിന്നീട് IISER പൂനെയിലും ജോലി ചെയ്തു ദീപക് ധാർ, സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര പുരസ്കാരമായ ബോൾട്ട്സ്മാൻ മെഡലിന് 2022-ൽ അർഹനായി. കണികാ ഭൗതികശാസ്ത്ര (Particle Physics) പരീക്ഷണത്തിലും സിദ്ധാന്തത്തിലും നാം ഒരു പരമ്പരാഗത ശക്തിയാണ്. സ്ട്രിംഗ് തിയറിസ്റ്റ് അശോക് സെൻ അടിസ്ഥാന ഭൗതികശാസ്ത്രത്തിലെ ആഗോള ഗവേഷണത്തിൽ ശ്രദ്ധേയനാണ്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞർ, ഇന്ത്യയ്ക്ക് പല ശാസ്ത്ര മേഖലകളിലും അന്താരാഷ്‌ട്ര പ്രശസ്തി നേടാൻ സഹായിച്ചിട്ടുണ്ട് എന്ന് കാണാം. ഐഐടി കാൺപൂർ പോലെയുള്ള സയൻസ് ഡിപ്പാർട്ട്‌മെന്റുകളും ഡൽഹി, മദ്രാസ്, ബനാറസ്, ജെഎൻയു, എഎംയു തുടങ്ങിയ സർവ്വകലാശാലകളും IISc, TIFR തുടങ്ങിയ സ്ഥാപനങ്ങളും ഒക്കെ മികച്ച ശാസ്ത്രജ്ഞരെ സമ്മാനിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ജനിക്കുകയോ പരിശീലനം നേടുകയോ ചെയ്യുകയും വിദേശത്ത് ജോലി ചെയ്യുകയും ചെയ്തവരുടെ സംഭാവനകളും വളരെ വലുതാണ്. നൊബേൽ സമ്മാന ജേതാക്കളായ എസ്. ചന്ദ്രശേഖർ, ഹർ ഗോവിന്ദ് ഖുറാന, വി. രാമകൃഷ്ണൻ എന്നിവരും ആബേൽ സമ്മാന ജേതാവ് എസ്.ആർ.എസ് വരദൻ, ട്യൂറിംഗ് അവാർഡ് ജേതാവ് രാജ് റെഡ്ഡി, ഗോഡൽ പ്രൈസ് ജേതാക്കളായ സഞ്ജീവ് അറോറ, മധു സൂദൻ തുടങ്ങിയവരൊക്കെ ഇതിൽ പെടും. പ്രവാസികളും ഇന്ത്യൻ വംശജരുമായ ഒരുപാട് ശാസ്ത്രജ്ഞരെ ഇത്തരത്തിൽ അടയാളപ്പെടുത്താൻ കഴിയും.

വ്യവസ്ഥാപരമായ വെല്ലുവിളികൾ

പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനോ സ്വതന്ത്രമായി ചിന്തിക്കുന്നതിനോ ഉള്ള കഴിവില്ലായ്മയുടെ ഉദാഹരണങ്ങൾ ധാരാളമുണ്ട്. ചർവ്വിത ചർവ്വണം മാത്രമായും പലപ്പോഴും തീരെ ഗുണനിലവാരം ഇല്ലാത്തതുമായി നടക്കുന്ന ഗവേഷണം രാജ്യത്ത് പലയിടത്തും കാണാം.

ജൂനിയർ ഗവേഷകരുടെയും പ്രോജക്ട് ഫെല്ലോകളുടെയും വേതനം ഇപ്പോഴും കൃത്യസമയത്ത് കൊടുക്കാൻ കഴിയാത്ത ഒരു ഗവേഷണ വ്യവസ്ഥയ്ക്ക് ആഴത്തിലുള്ള പ്രശ്‌നങ്ങളുണ്ടെന്ന് വേണം പറയാൻ. ഇത്തരം അനാസ്ഥയ്ക്ക് ചരിത്രപരവും ഘടനാപരവുമായ കാരണങ്ങളുണ്ട്. ബജറ്റ് വിഹിതങ്ങൾ വൈകുന്നതും ചുവപ്പുനാടയും ഒക്കെ സാധാരണമാണ്.

ഗവൺമെന്റ് ധനസഹായത്തോടെയുള്ള പല ഗവേഷണ പദ്ധതികൾക്കും, ആദ്യ ഗഡുവിന് ശേഷം പണം കൃത്യമായി കിട്ടാറില്ല. ചിലപ്പോൾ ഒരു പ്രോജക്റ്റ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ആകെ ലഭിക്കുന്നത് ആദ്യത്തെ ഗഡു മാത്രമായിരിക്കും.

കോളേജുകളിലും സംസ്ഥാന സ്ഥാപനങ്ങളിലും ഒക്കെ സ്ഥിരം തസ്തികകൾ കുറഞ്ഞു വരികയാണ്. ​​രാജ്യത്തുടനീളമുള്ള സ്ഥിതി സമാനമാണ്. സ്ഥിരം അധ്യാപകരുടെ എണ്ണം കുറഞ്ഞു വരികയും കരാർ ജീവനക്കാരുടെ എണ്ണം കൂടി വരികയും ചെയ്യുന്നു. 

രാഷ്ട്രീയ പ്രാധാന്യം ഉണ്ടായേക്കാവുന്ന അഭിപ്രായങ്ങൾ തുറന്നു പറയാതിരിക്കാനുള്ള ശ്രദ്ധ സാധാരണമായി കഴിഞ്ഞിട്ടുണ്ട്. സർക്കാർ നയങ്ങളോടുള്ള വിമർശനത്തെ അടിച്ചമർത്താൻ സഹായകമായ പെരുമാറ്റച്ചട്ടങ്ങൾ ഇത്തരം സ്വയം സെൻസർഷിപ്പിന് ആക്കം കൂട്ടുന്നു 

മൂന്ന് ഇന്ത്യൻ സയൻസ് അക്കാദമികളും ഇത്തരം വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞിട്ടില്ല. അടുത്ത വർഷങ്ങളിൽ അന്താരാഷ്ട്ര മീറ്റിംഗുകൾ സംഘടിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ വർധിച്ചിട്ടുണ്ട്. ശാസ്ത്ര യോഗങ്ങളിൽ പങ്കെടുക്കേണ്ട ചില ഗവേഷകർക്ക് അവരുടെ രാജ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിസ നിരസിക്കപ്പെട്ടിട്ടുണ്ട്.

സ്‌കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപകരുടെ നിയമനത്തിലെ അഴിമതി ഇടയ്‌ക്കിടെ മാധ്യമങ്ങളിൽ വാർത്തയാവാറുണ്ട്. പക്ഷേ, മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇതൊരു സാധാരണ വസ്തുതയായി മാറിയിട്ടുണ്ട്. സെലക്ഷൻ കമ്മിറ്റികളിലും സ്ഥാപനങ്ങളുടെ ബോർഡുകളിലും മറ്റും ഗവൺമെന്റുകൾ നിയമിക്കുന്ന അംഗങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത് അവരുടെ വൈദഗ്ദ്ധ്യത്തേക്കാൾ കൂടുതൽ രാഷ്ട്രീയ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.

പശുവിനും അതുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുന്ന തരം നയങ്ങൾ, അത്തരം പഠനങ്ങളെ മുഖ്യധാരാ ശാസ്ത്ര ശാഖകൾക്ക് തുല്യമായി കൈകാര്യം ചെയ്യുന്നു. ഇതിന്റെ കാരണങ്ങൾ രാഷ്ട്രീയമാണ്, തീർച്ചയായും ശാസ്ത്രീയമല്ല.

ശാസ്ത്ര ഗവേഷണമേഖലയിലെ ജാതിയും ജെന്ററും

ഒരു രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയെ സാമൂഹികവും അല്ലാത്തതുമായ മുൻഗണനകളുടെ പശ്ചാത്തലത്തിൽ കൂടി കാണണം. പിന്നാക്ക ജാതി വിഭാഗങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഇന്ത്യൻ സയൻസിൽ വളരെ കുറവാണ്. ഇന്ത്യൻ ശാസ്ത്ര സ്ഥാപനങ്ങളിൽ ഫാക്കൽറ്റി തലത്തിലുള്ള സ്ത്രീകളുടെ എണ്ണവും തീരെ കുറവാണ്. ഇത്തരം വിഷയങ്ങളിൽ മികച്ച ധനസഹായം കിട്ടുന്ന വലിയ സ്ഥാപനങ്ങൾ സർവകലാശാലകളേക്കാൾ മോശമാണ്.

ഭാവി എന്ത്?

ജാതി, മതം, സമുദായം, ഭാഷ, സംസ്‌കാരം എന്നിങ്ങനെയുള്ള അസമത്വവും വിഭജനവും കണക്കിലെടുക്കുമ്പോൾ നമ്മുടെ ഇതുവരെയുള്ള നേട്ടങ്ങൾ പ്രശംസനീയമാണ്. കാതലായ ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിൽ നാം പരാജയപ്പെട്ടു എന്നതും വസ്തുതയാണ്. 

നമ്മുടെ സവിശേഷമായ പ്രശ്‌നങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് ആഗോള ഗവേഷണ രംഗത്തോടൊപ്പം നിൽക്കാൻ നമുക്ക് സാധിക്കും. പരിസ്ഥിതിശാസ്ത്രം, ഉചിതമായ സാങ്കേതികവിദ്യ, ഉഷ്ണമേഖലാ രോഗങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ എന്നിങ്ങനെ ധാരാളം വിഷയങ്ങൾ നമ്മുടെ മുന്നിലുണ്ട്.

എന്നാൽ ഇതുവരെ നേടിയതൊക്കെ അപ്രസക്തമാകുന്ന തരത്തിൽ അഴിമതിയും, സ്വജനപക്ഷപാതവും കൂടി വരികയും, സയൻസിന്റെ രീതിയെ തന്നെ നിരാകരിക്കുന്ന നിലപാടുകൾ സ്വീകരിക്കുകയും വഴിയും, ആവശ്യത്തിന് പണം മുടക്കാതെ നമ്മുടെ ഗവേഷണ രംഗത്തെയും സ്ഥാപനങ്ങളെയും പാടേ അവഗണിക്കുകയും ഒക്കെ ചെയ്തു കൊണ്ട് നാം വീണ്ടും പിന്നാക്കം പോയേക്കാം എന്ന ഭീഷണിയും നിലനിൽക്കുന്നു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം എഴുപത്തഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ, നാം തുടങ്ങിയ ഇടത്തുനിന്നും വളരെ വ്യത്യസ്തമായ ഒരു ദിശാസന്ധിയിലാണ് നാം ഇപ്പോൾ ഉള്ളത് എന്ന് വ്യക്തമാണ്.


കടപ്പാട് :

The Cross-Roads Indian Science Is Facing Have Changed in the Last 75 Years, Gautam I. Menon, The Wire, 12/Aug/2022


രജിസ്റ്റർ ചെയ്യാം
Happy
Happy
63 %
Sad
Sad
25 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
13 %

Leave a Reply

Previous post ജന്തർ മന്തറിൽ എന്തുകൊണ്ട് ടെലിസ്കോപ്പുകൾ ഉപയോഗിച്ചില്ല ?
Next post ഓഗസ്റ്റ് മാസം : ഓട്ടോഇൻഫ്ലമേറ്ററി രോഗങ്ങളെക്കുറിച്ചു അവബോധം സൃഷ്ടിക്കാം 
Close