ജനകീയ ശാസ്ത്ര പ്രസ്ഥാനം ഇന്ത്യയിൽ


ടി.ഗംഗാധരൻ

ജനകീയ ശാസ്ത്രപ്രസ്ഥാനം ഇന്ന് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ജനകീയ പ്രസ്ഥാനമാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി 1988 ഫെബ്രുവരി 11,12 തീയതികളിൽ കണ്ണൂരിലെ സഫയർ ഓഡിറ്റോറിയത്തിൽ ചേർന്ന ഒന്നാം  അഖിലേന്ത്യാ ജനകീയ ശാസ്ത്രകോൺഗ്രസിൽ വച്ചാണ് ശാസ്ത്രസംഘടനകളുടെ ദേശീയ അഫിലിയേഷനായ അഖിലേന്ത്യാ ജനകീയശാസ്ത്ര ശൃംഖല (All India Peoples Science Network-AIPSN)രൂപംകൊള്ളുന്നത്. രൂപീകരണ യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രമുഖ ശാസ്ത്രജ്ഞൻ പ്രൊ.ഉദ്‌ഗാവോങ്കർ പ്രസിഡണ്ടും ഡോ.എം.പി.പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായി ശൃംഖലയുടെ ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.

പശ്ചാത്തലം

AIPSN നിലവിൽ വന്നത് 1988 ൽ ആയിരുന്നുവെങ്കിലും അതിനായുള്ള  തറയൊരുക്കൽ പ്രവർത്തനങ്ങൾ ഏതാണ്ട് ഒന്നര ദശകങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ശാസ്ത്ര സംഘടനയായ ബംഗീയ വിഗ്യാൻ പരിഷത്ത് പ്രൊഫ. സത്യേന്ദ്രനാഥ് ബോസിന്റെ മുൻകൈയിൽ കൊൽക്കത്തയിൽ 1948 ജനുവരി 30 ന് സ്ഥാപിതമായിരുന്നു. 1953 ൽ ആസ്സാം സയൻസ് സൊസൈറ്റിയും 1960 ൽ ഒറീസ വിഗ്യാൻ പരിഷത്തും രൂപീകരിക്കപ്പെട്ടു. ഇതിനു ശേഷമാണ് 1962 ൽ കോഴിക്കോട് കേന്ദ്രീകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തും 1967 ൽ ബോംബെയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെൻറർ കേന്ദ്രീകരിച്ച് FlLSA യും (Federation of Indian Language Science Associations) രൂപീകരിക്കപ്പെട്ടത്.

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരെ ബന്ധപ്പെടുന്നതിന് 1972 മുതൽ തന്നെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകർ ശ്രമമാരംഭിച്ചിരുന്നു. FILSA യുടെ ഭാരവാഹികൾ മെട്രോ നഗരങ്ങളിലെ ഗവേഷണസ്ഥാപനങ്ങൾ സന്ദർശിച്ച് ശാസ്ത്രജ്ഞരുടെ ചെറു സംഘങ്ങളുമായി നിരന്തരം ആശയവിനിമയം  നടത്തിക്കൊണ്ടിരുന്നു. ഇതിന്റെ ഫലമായി ശാസ്ത്രജ്ഞരുടെ ആദ്യത്തെ അനൗപചാരിക ദക്ഷിണേന്ത്യൻ സമ്മേളനം 1973 ൽ ബാംഗ്ലൂരിൽ വച്ച് നടന്നു. 1978 നവംബർ 10 മുതൽ 12 വരെ ജനകീയ ശാസ്ത്ര സംഘടനകളുടെ ആദ്യത്തെ ദേശീയ കൺവെൻഷൻ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. ഈ മൂന്ന് ദിവസത്തെ കൺവെൻഷനിൽ ഇരുപത് ഗ്രൂപ്പുകളിൽ നിന്നായി 100 ൽപരം ശാസ്ത്രജ്ഞൻമാർ പങ്കെടുത്തു. ഔപചാരിക വിദ്യാഭ്യാസം, അനൗപചാരിക വിദ്യാഭ്യാസം, ജനകീയാരോഗ്യ പ്രസ്ഥാനം, ശാസ്ത്ര-സാങ്കേതിക ഗവേഷണം, പരിഷത്തിന്റെ ‘ ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്’ എന്ന മുദ്രാവാക്യം എന്നിവയെക്കുറിച്ച്  സുദീർഘമായ ചർച്ചകളാണ് ഈ കൺവെൻഷനിൽ നടന്നത്. 1983 ൽ തിരുവനന്തപുരത്ത് വെച്ച് തന്നെ രണ്ടാമത്തെ ദേശീയ കൺവെൻഷനും ശാസ്ത്രസാഹിത്യ പരിഷത്ത്  ആതിഥ്യം നൽകി. ഇതിനിടയിൽ 1976 ൽ ബാംഗ്ലൂർ കേന്ദ്രീകരിച്ച് കർണാടക രാജ്യ വിജ്ഞാന പരിഷത്തും(KRVP) 1979ൽ ഡൽഹി കേന്ദ്രീകരിച്ച് ഡൽഹി സയൻസ് ഫോറവും (DSF) രൂപീകരിക്കപ്പെട്ടിരുന്നു.

1987 ലെ ഭാരത ജന വിജ്ഞാന ജാഥ

1984ലെ ഭോപ്പാൽ യൂണിയൻ കാർബൈഡ് വിഷവാതകദുരന്തം പൊതുവെ ലോകത്തെല്ലായിടത്തെയും, പ്രത്യേകിച്ച് ഇന്ത്യയിലെയും ശാസ്ത്രസാങ്കേതിക വിദ്യകളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക്  കളമൊരുക്കി. ഇത്തരം ദുരുപയോഗത്തെക്കുറിച്ച് പ്രതികരിക്കുവാൻ സാമൂഹ്യബോധമുള്ള ശാസ്ത്ര ജ്ഞന്മാർക്ക്, അതതു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്ര സംഘടനകൾ അവസരം നൽകി.  ശാസ്ത്ര പ്രചാരണത്തിനായി രൂപീകരിക്കപ്പെട്ട കേന്ദ്ര ഗവൺമെൻറ് ഏജൻസിയായ NCSTC ( National Council for Science and Technology Communication) യുടെ സാമ്പത്തിക സഹായത്തോടുകൂടി 1987 ൽ ഭാരത ജന വിജ്ഞാന ജാഥ (BJVJ)എന്ന അതിവിപുലമായ അഞ്ച് കലാജാഥകൾ സംഘടിപ്പിക്കപ്പെട്ടപ്പോൾ മേൽപ്പറഞ്ഞ ശാസ്ത്രജ്ഞൻമാരൊക്കെ അതിന്റെ പ്രാദേശിക സംഘാടകരായി മാറുകയും രാജ്യത്താകമാനമുള്ള ശാസ്ത്രജ്ഞരെ ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടു വരുന്നതിനുള്ള ഒരുപാധിയായി BJVJ പ്രയോജനപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ അഞ്ചു ഭാഗങ്ങളിൽ നിന്നായി പുറപ്പെട്ട ഈ കലാജാഥകൾ ഡിസംബർ രണ്ടിന് ഭോപ്പാൽ ദുരന്തത്തിന്റെ വാർഷിക ദിനാചരണ സന്ദർഭത്തിൽ ഭോപ്പാലിൽ സമാപിച്ചപ്പോൾ ശാസ്ത്ര പ്രവർത്തകർക്കിടയിൽ  അത് വലിയ ആവേശമാണ് സൃഷ്ടിച്ചത്. ഇതിനെ തുടർന്നാണ് 1988 ൽ കണ്ണൂരിൽ ഒന്നാം ജനകീയ ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കപ്പെട്ടതും അതിൽ വെച്ച്  അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശൃംഖല രൂപീകരിക്കപ്പെട്ടതും. ഭാരത് ജന വിജ്ഞാന ജാഥയ്ക്കു മുമ്പായി,ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ 1983 ൽ ഒരു തമിഴ്നാട് കലാജാഥയും 1985 ൽ ബാംഗ്ലൂരിൽ നിന്നും ഡൽഹി വരെ ഏഴ് സംസ്ഥാനങ്ങളിലൂടെ കടന്നുപോയ മറ്റൊരു കലാജാഥയും സംഘടിപ്പിക്കുകയുണ്ടായി. ഈ രണ്ടു കലാജാഥകളും നൂറുകണക്കിന് ശാസ്ത്രജ്ഞന്മാരെ ഭാരത ജനവിജ്ഞാന ജാഥയുടെ സംഘാടകരായി പരുവപ്പെടുത്തുന്നതിന് ഏറെ സഹായിച്ചു. 1948 ൽ ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര സംഘടന രൂപീകരിക്കപ്പെട്ടുവെങ്കിലും ആദ്യത്തെ ജനകീയ ശാസ്ത്രപ്രസ്ഥാനമായി കണക്കാക്കുന്നത് 1962 ൽ രൂപം കൊണ്ട കേരള ശാസ്ത്ര സാഹിത്യ പരിഷത്തി നെയാണ്. അതിനു കാരണം, ശാസ്ത്രജ്ഞർക്കുമപ്പുറം ബഹുജനങ്ങളിലേക്ക് ശാസ്ത്രത്തെ എത്തിക്കാൻ പരിഷത്ത് നടത്തിയ ശ്രമങ്ങളാണ്. ജനകീയ ശാസ്ത്ര പ്രസ്ഥാനം എന്ന പേർ രൂപപ്പെട്ടത് 1978 ൽ തിരുവനന്തപുരത്ത് ചേർന്ന ആദ്യത്തെ ദേശീയ കൺവെൻഷനിൽ വച്ചായിരുന്നു.

All India Peoples Science Congress 2018 ലെ ലോഗോ

സംസ്ഥാനതലത്തിലുള്ള അംഗസംഘടനകൾക്ക് പൂർണ്ണമായ പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുന്നതും ദേശീയതലത്തിൽ സാർവ്വത്രികമായി സംഘടിപ്പിക്കപ്പെടുന്ന ഏതാനും പ്രവർത്തനപരിപാടികൾ എല്ലാ അംഗസംഘടനകളും ഏറ്റെടുക്കുന്നതുമായ അയവേറിയ ഒരു ശൃംഖലയായാണ് AIPSN രൂപകൽപ്പന ചെയ്യപ്പെട്ടിരുന്നത്. ശാസ്ത്ര പ്രചരണത്തിന്റെ താത്വികമായ വശങ്ങളും അംഗസംഘടനകളുടെ ഈ രംഗത്തുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള അഖിലേന്ത്യാ ജനകീയ ശാസ്ത്ര കോൺഗ്രസ്സുകളാണ് (All India Peoples Science Congress-AlPSC) AIPSN ന്റെ പ്രധാന പ്രവർത്തന വേദി. 1990 വരെ ഓരോ വർഷവും നടത്തിവന്നിരുന്ന ജനകീയ ശാസ്ത്ര കോൺഗ്രസ്സുകൾ അതിനുശേഷം രണ്ടുവർഷത്തിലൊരിക്കലാണ് നടന്നുവരുന്നത്.

ദേശീയതലത്തിൽ രൂപപ്പെടുന്നതും സാർവ്വത്രികമായി നടപ്പാക്കുന്നതുമായ വിവിധ പരിപാടികളിലൂടെയാണ് ശൃംഖല വളർന്നു വ്യാപിച്ചത്. വിജയകരമായ എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരത പദ്ധതിയെ തുടർന്ന് ദേശീയതലത്തിൽ നടപ്പാക്കിയ സമ്പൂർണ്ണ സാക്ഷരതാ പദ്ധതികളാണ് AlPSN ആദ്യമായി സംഘടിപ്പിച്ച പ്രധാന ദേശീയതല പരിപാടി.  ദേശീയതലത്തിൽ സാക്ഷരതാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനു വേണ്ടിയാണ്  ദേശീയ സാക്ഷരതാ മിഷന്റെ പിന്തുണയോടുകൂടി AIPSN 1990 ൽ ഭാരത ജ്ഞാന വിജ്ഞാന സമിതി (Bharat Gyan Vigyan Samiti – BGVS) രൂപീകരിച്ചത്. BGVS ന്റെ ആഭിമുഖ്യത്തിൽ 1990 ലും 1992 ലും സംഘടിപ്പിക്കപ്പെട്ട ഭാരത ജ്ഞാന വിജ്ഞാന ജാഥകൾ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വ്യാപനത്തെ വളരെ സഹായിച്ചു. 1993 ൽ BGVS നടത്തിയ സമത കലാജാഥകൾക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ന് AIPSN ന്റെ അംഗ സംഘടനകളിൽ നല്ലൊരു പങ്ക് സംസ്ഥാനതലത്തിലുള്ള BGVS യൂനിറ്റുകളാണ്.

ഭാരത ജന വിജ്ഞാന ജാഥയിൽ നിന്നും

പുത്തൻ സാമ്പത്തിക നയം നടപ്പാക്കാൻ തുടങ്ങിയ കാലത്ത് 1993-94 ൽ AIPSN നടപ്പാക്കിയ ‘ഹമാരാ ദേശ്‘ ക്യാമ്പയിൻ, വളരെ വലിയ വലിയ ഒരു ബോധവൽക്കരണ പരിപാടിയായി മാറി. ഒരു ഡസൻ വിഷയങ്ങളിൽ വളരെ ആധികാരികമായ  ലഘുലേഖകൾ തയ്യാറാക്കി പ്രചരിപ്പിക്കുവാൻ കഴിഞ്ഞത് വഴി രാജ്യത്തുടനീളമുള്ള  ബുദ്ധിജീവികളെയും സാമൂഹ്യ പ്രവർത്തകരേയും വലിയൊരളവോളം സ്വാധീനിക്കാൻ കഴിഞ്ഞു. 1996-97 കാലത്ത് നടപ്പാക്കിയ ‘ദേശ് കോ , ദേശ് കോ ബദലോ’ (DJDB) അധികാരവികേന്ദ്രീകരണത്തെയും ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച ഈ പരിപാടി ഒരുപാട് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ നടപ്പാക്കുകയുണ്ടായി. 1998 ൽ ബീഹാറിലെ നളന്ദയിൽ നടന്ന എട്ടാം അഖിലേന്ത്യാ ജനകീയ ശാസ്ത്ര കോൺഗ്രസിൽ കേരളത്തിൽ നിന്നടക്കം നിരവധി പഞ്ചായത്ത് പ്രസിഡണ്ടുമാർ അനുഭവങ്ങൾ പങ്കു വെക്കാൻ എത്തിചേർന്നത് ഇതിന്റെ ഫലമായിരുന്നു. 1999 ലെ സൂപ്പർ സൈക്ലോണിനുശേഷം ഒഡീഷ ഗ്രാമങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കും ഈ പദ്ധതി വ്യാപകമായി ഉപയോഗിക്കുകയുണ്ടായി.

‘സബ്കാ ദേശ്, ഹമാരാ’ (SDHD) ക്യാമ്പയിൻ പോസ്റ്റർ

2014 – 15 കാലത്ത് AIPSN , മില്യൻ ഡയലോഗ് പ്രോഗ്രാം(MDP) തയ്യാറാക്കി  നടപ്പാക്കുകയുണ്ടായി. ഇതിനായി 12 വിഷയങ്ങളിൽ ആയിരക്കണക്കിന്  ലഘുലേഖകൾ തയ്യാറാക്കി പ്രചരിപ്പിച്ചു. പരിപാടിയുടെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ രാജ്യത്താകമാനം പത്ത് ലക്ഷം സംവാദങ്ങൾ നടത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും അത് വേണ്ടത്ര വ്യാപകമായില്ല. 2016-17 ൽ വീണ്ടും മറ്റൊരു ദേശീയ ബോധവൽക്കരണ പരിപാടി രൂപപ്പെട്ടു. ‘സബ്കാ ദേശ്, ഹമാരാ’ (SDHD)എന്ന പേരിലുള്ള ഈ ക്യാമ്പയിൻ ദേശീയതയാണ് മുഖ്യവിഷയമായി ഊന്നിയത്. SDHD പ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നുവരികയാണ്. 2017 നവംബറിൽ ഭോപ്പാലിൽ നടന്ന ‘ജനോത്സവ്– 2017’ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമായിരുന്നു. രണ്ടായിരത്തിൽപരം ആളുകൾ പങ്കെടുത്ത ജലോത്സവം, ഇന്ത്യൻ സാംസ്കാരിക രംഗത്തെ വലിയൊരു ഇടപെടലായിരുന്നു. പൗരത്വഭേദഗതി നിയമം, പുതിയ ദേശീയ വിദ്യാഭ്യാസ നയം, പരിസ്ഥിതി ആഘാത പഠന നോട്ടിഫിക്കേഷൻ ഭേദഗതി തുടങ്ങി ദേശീയതലത്തിലുണ്ടാകുന്ന എല്ലാ പ്രതിലോമ നടപടികൾക്കെതിരെയും AIPSN അത് ശക്തമായി പ്രതികരിച്ചു വരുന്നുണ്ട്. നിലവിൽ 39 അംഗ സംഘടനകളിലായി 7 ലക്ഷത്തിൽ പരം അംഗങ്ങൾ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു. സമാന ലക്ഷ്യങ്ങളോടെ  വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ചില സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള സാധ്യതകൾ AIPSN നും അംഗസംഘടനകളും പ്രയോജനപ്പെടുത്തി വരുന്നുണ്ട്. PHM (Peoples Health Movement) WSF(World Social Forum), ARENA,ഹോങ്കോങ്ങ്, Friends of KSSP,ഷാർജ തുടങ്ങിയവ ഉദാഹരണങ്ങൾ .

താഴെപ്പറയുന്നവയാണ് നിലവിൽ AIPSN ലെ അംഗസംഘടനകൾ.

ക്രമനമ്പർ സംഘടന സംസ്ഥാനം
1. ആസ്സാം സയൻസ് സൊസൈറ്റി ആസ്സാം
2. BGVS കർണാടക കർണാടകം
3. BGVS മധ്യപ്രദേശ് മധ്യ പ്രദേശ്
4. ഭാരത് ഗ്യാൻ വിഗ്യാൻ സമുദായ് മഹാരാഷ്ട്ര
5. BGVS ഒഡീഷ ഒഡീഷ
6. BG VS പഞ്ചാബ് & ചണ്ഡീഗഢ് ചണ്ഡീഗഡ്
7. B G V S രാജസ്ഥാൻ രാജസ്ഥാൻ
8. BG VS ത്രിപുര ത്രിപുര
9 BG VS ഉത്തരാഖണ്ഡ് ഉത്തരാഖണ്ഡ്
10 BG VS ഉത്തര പ്രദേശ് ഉത്തര പ്രദേശ്
11 സെന്റർ ഫോർ ടെക്നോളജി ആന്റ് ഡവലപ്മെന്റ് ( C T D) ഡൽഹി
12 ഛത്തീസ്ഗഢ് വിഗ്യാൻ സഭ ഛത്തീസ്ഗഢ്
13 ഡൽഹി സയൻസ് ഫോറം (DSF ) ഡൽഹി
14 ഏകലവ്യ മധ്യപ്രദേശ്
15 എല്ലോറ വിഗ്യാൻ മഞ്ച് ആസ്സാം
16 ഫോറം ഫോർ എഞ്ചിനീയേർസ്, ആന്റ് ടെക്നോളജിസ്റ്റ്സ് (FOSET ) പശ്ചിമ ബംഗാൾ
17 ഫെഡറേഷൻ ഓഫ് മെഡിക്കൽ ആന്റ് സെയിൽസ് പ്രസന്റേറ്റീവ്സ് ഓഫ് ഇന്ത്യ (FMRA I) പശ്ചിമ ബംഗാൾ
18 ഗ്യാൻ വിഗ്യാൻ സമിതി, ആസ്സാം ആസ്സാം
19 ഗ്യാൻ വിഗ്യാൻ സമിതി, ബീഹാർ ബീഹാർ
20 ഗ്യാൻ വി ഗ്യാൻ സമിതി, ഝാർഖണ്ഡ് ഝാർഖണ്ഡ്
21 ഹരിയാന ഗ്യാൻ വിഗ്യാൻ സമിതി (HG VS) ഹരിയാന
22 ഹരിയാന വിഗ്യാൻ മഞ്ച് ഹരിയാന
23 ഹിമാചൽ ഗ്യാൻ വി ഗ്യാൻ സമിതി ഹിമാചൽ പ്രദേശ്
24 ഹിമാചൽ വിഗ്യാൻ മഞ്ച് ഹിമാചൽ പ്രദേശ്
25 ജന വിഗ്യാൻ ഒ പ്രയക്തി ഒഡീഷ
26 ജന വിജ്ഞാന വേദിക ആന്ധ്രപ്രദേശ്
27 ജനവിജ്ഞാന വേദിക തെലങ്കാന
28 കർണാടക രാജ്യ വിജ്ഞാ ന പരിഷത്ത് (KRVP) കർണാടക
29 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (KSSP) കേരളം
30 മധ്യ പ്രദേശ് വിജ്ഞാന സഭ ( MPV S) മധ്യപ്രദേശ്
31 NCOA CPSU ഡൽഹി
32 നവനിർമ്മിതി മഹാരാഷ്ട്ര
33 പശ്ചിംബംഗ വിഗ്യാൻ മഞ്ച് പശ്ചിമ ബംഗാൾ
34 പോണ്ടിച്ചേരി സയൻസ് ഫോറം പോണ്ടിച്ചേരി
35 സയൻസ് ഫോർ സൊസൈറ്റി ഝാർഖണ്ഡ്
36 സൊസൈറ്റി ഫോർ ടെക്നോളജി ആന്റ് ഡവലപ്മെന്റ് (STD) ഹിമാചൽ പ്രദേശ്
37 സൊസൈറ്റി ഫോർ പ്രൊമേഷൻ ഓഫ് എൻവ യൺമെന്റ് അവേർനസ് ഇൻ കാശ്മീർ ജമ്മ കാശ്മീർ
38 തമിഴ്നാട് സയൻസ് ഫോറം (TNSF ) തമിഴ്നാട്
39 ബംഗിയ സാക്ഷരതാ പ്രസാർ സമിതി പശ്ചിമ ബംഗാൾ

ഡോ. സവ്യസാചി ചാറ്റർജി, ബംഗളൂരു ( പ്രസിഡണ്ട് ), പ്രൊഫ.പി. രാജമാണിക്കം, മധുരൈ (ജനറൽ സിക്രട്ടരി ), ഡോ. എം.കൃഷ്ണമൂർത്തി, മധുരൈ  (ട്രഷറർ) എന്നിവരാണ് AIPSN ന്റെ നിലവിലുള്ള ഭാരവാഹികൾ. ഡോ.സി.രാമകൃഷ്ണൻ , കേരളം ( പ്രസിഡണ്ട് ), ഡോ. കാശിനാഥ് ചാറ്റർജി, ഝാർഖണ്ഡ് (ജനറൽ സിക്രട്ടരി ) , ഡോ. ഓം പ്രകാശ് ബുട്ടാരിയ, ഹിമാചൽ(ട്രഷറർ) എന്നിവർ BGVS പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


All India Peoples Science Network വെബ്സൈറ്റ്

Leave a Reply