സമകാലിക ഇന്ത്യയും ശാസ്ത്രാവബോധവും
പി.കെ.ബാലകൃഷ്ണൻ
2019 ജനുവരി മാസം ജലന്ധറിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലെ പ്രധാന ചർച്ച ഇന്ത്യയിലെ ബഹിരാകാശരംഗത്തോ വിവര സാങ്കേതിക വിദ്യാരംഗത്തോ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി സംബന്ധിച്ചായിരുന്നില്ല. പകരം പുരാണേതിഹാസങ്ങളിലെ കഥകളെ പ്രാചീന ഇന്ത്യയിലെ ശാസ്ത്രനേട്ടങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കുന്നതിലായിരുന്നു.
ആന്ധ്രാ സർവകലാശാലയിലെ രസതന്ത്ര ശാസ്ത്രജ്ഞനായ വൈസ് ചാൻസലർ ജി. നാഗേശ്വരറാവു ഇന്ത്യ സ്റ്റെംസെൽ ഗവേഷണ രംഗത്ത് ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പു തന്നെ നേട്ടങ്ങൾ കൈവരിച്ചതു സംബന്ധിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു. കൗരവർ 100 പേർ ഒരമ്മയിൽ നിന്ന് ജനിച്ചതിന് കാരണം അക്കാലത്ത് ഇന്ത്യയിൽ ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയും സ്റ്റെംസെൽ ഗവേഷണങ്ങളും ഉണ്ടായിരുന്നത് കൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധത്തിലെ പ്രതിപാദ്യം. ഇന്ത്യയിൽ പുരാണകഥകളെ ഉദാഹരിച്ചു കൊണ്ട് മറ്റു ചില വിദഗ്ധർ ഇന്ത്യ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് മുൻപേ തന്നെ വ്യോമയാന ത്തിലും വിവര സാങ്കേതിക വിദ്യയിലും ആണവ വിദ്യയിലും നേട്ടങ്ങൾ കൈവരിച്ചതായും സമർത്ഥിച്ചു.
2014 ൽ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇന്ത്യയിൽ ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കുമെതിരെ നടത്തുന്ന കടന്നാക്രമണത്തെപ്പറ്റി അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സയൻസ് മാസികയുടെ 2019ഫെബ്രുവരി15 ന്റെ ലക്കത്തിൽ ഇന്ത്യയിൽ കപട ശാസ്ത്രം ഹിന്ദുക്കളുടെ അഭിമാനത്തെ ഉയർത്താൻ ഉപയോഗിക്കുന്നു എന്നു പറയുന്ന ഒരു ലേഖനം വരികയുണ്ടായി. ഈ ലേഖനത്തിൽത്തന്നെ കൗൺസിൽ ഓഫ് ഇന്ത്യൻ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രി യൽ ലെ മുഖ്യ ശാസ്ത്രജ്ഞനായിരുന്ന ഗൗഹർ റാസയുടെ അഭിപ്രായവും ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യയുടെ ശാസ്ത്ര സ്ഥാപനങ്ങളിൽ ഒരു മത ഇതിഹാസ സംസ്കാരം വലിയ തോതിൽ വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ മുഖ്യ സൂത്രധാരനായി പ്രവർത്തിക്കുന്നത് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന വിജ്ഞാൻ ഭാരതിയാണെന്നാണ് പൊതുവിലുള്ള ആരോപണം. ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേരു ൾപ്പെടെ ഇരുപതിനായിരത്തോളം ടീം അംഗങ്ങളും ഒരു ലക്ഷത്തോളം വളണ്ടിയർമാരുമുള്ള വിജ്ഞാൻ ഭാരതിക്ക് ധാരാളം സർക്കാർ ഫണ്ടുകൾ ലഭിക്കുകയും വലിയ ശാസ്ത്രോത്സവങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന് സയൻസ് മാഗസിൻ ലേഖനത്തിൽ പറയുന്നു.
ഇപ്പോൾ ജവഹർലാൽ സർവകലാശാലയുടെ ചാൻസലറും നീതി ആയോഗ് അംഗവും മുൻ ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസനത്തിന്റെ (DRDO) മുൻതലവനുമായിരുന്ന വിജയ്കുമാർ സരസ്വത് വിജ്ഞാന ഭാരതിയുടെ ഉപദേശക സമിതിയംഗമാണ്. സിസ്.എസ്.ഐ.ആറിന്റെ മുൻ ഡയറക്റ്ററും സ്‌ട്രക്ചറൽ ബയോളജിസ്റ്റുമായ വിജ്ഞാന ഭാരതിയുടെ വൈസ് പ്രസിഡന്റ് ശേഖർ മണ്ടേയുടെ അഭിപ്രായം നമ്മുടെ പുരാണേതിഹാസങ്ങളിലെ യുക്തിരാഹിത്യങ്ങളിൽ വിശ്വസിക്കുന്നതിനു പകരം അവയെ യുക്തിസഹമാക്കുകയാണ് നാം ചെയ്യേണ്ടത് എന്നാണ്.
ഇന്ത്യൻ പ്രധാനമന്ത്രി തന്നെ നിരവധി ശാസ്ത്ര വിരുദ്ധ പ്രസ്താവനകളും പ്രവർത്തനങ്ങളും ഭരണഘടനാപരമായ തന്റെ കടമകൾ കയ്യൊഴിഞ്ഞ് ചെയ്യുന്നത് നാം കാണുകയാണ്. 2014 ൽ ബോംബെയിൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിൽ ഗണപതിക്ക് മനുഷ്യ ശരീരവും ആനയുടെ തലയും ഉണ്ടായതിനു കാരണം പൗരാണിക കാലത്തു തന്നെ ഇന്ത്യയിൽ പ്ലാസ്റ്റിക്സർജറി ഉണ്ടായിരുന്നതുകൊണ്ടാണ് എന്നു പ്രസ്താവിച്ചു. അതുപോലെ കർണന്റെ ജനനവുമായി ബന്ധപ്പെട്ട കഥ സൂചിപ്പിക്കുന്നത് പൗരാണിക ഇന്ത്യയിൽ ജനിതകശാസ്ത്രത്തിലുള്ള അറിവുണ്ടായിരുന്നു എന്നാണ്. അതേ വർഷം തന്നെ ഇന്ത്യയുടെ മനുഷ്യവിഭവശേഷി വികസനത്തിനുളള സഹമന്ത്രി സത്യപാൽ സിംഗ് പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമ ശാസ്ത്രം നീക്കം ചെയ്യണമെന്നുമഭിപ്രായപ്പെട്ടു. നമ്മുടെ പൂർവീകർ ഉൾപ്പെടെ ആരും തന്നെ ഇതേ വരെ ഒരു കുരങ്ങ് മനുഷ്യനായിത്തീരുന്നത് കണ്ടതായി എഴുതുകയോ പറഞ്ഞതോ ആയി കേട്ടിട്ടില്ല എന്നതായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്. ഈ അഭിപ്രായപ്രകടനവും പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളിൽ നിന്ന് ഇപ്പോൾ ഒഴിവാക്കപ്പെട്ടതും ചേർത്തു വായിക്കാവുന്നതാണ്.
2018 ലെ ശാസ്ത്ര കോൺഗ്രസ്സിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വിദ്യാ മന്ത്രിയും ഒരു ഡോക്ടറുമായ ഹർഷവർധനൻ തന്റെ പ്രസംഗത്തിൽ വേദങ്ങളിൽ ആൽബർട്ട് ഐൻസ്റ്റൈന്റെ സിദ്ധാന്തത്തെക്കാൾ മെച്ചപ്പെട്ട സിദ്ധാന്തങ്ങൾ ഉണ്ട് എന്ന് സ്റ്റീഫൻ ഹോക്കിംഗ് അഭിപ്രായപ്പെട്ടിട്ടുണ്ട് എന്ന് പ്രഖ്യാപിച്ചു. 2009 ലെ നോബൽ സമ്മാന ജേതാവും ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ ഇന്ത്യക്കാരനായ അധ്യക്ഷനുമായ വെങ്കി രാമകൃഷ്ണൻ ഈ പ്രസ്താവനയെ അപലപിച്ചെങ്കിലും ഹർഷവർധനൻ അതിനോട് പിന്നീടൊന്നും തന്നെ പ്രതികരിച്ചു കണ്ടില്ല.
ഇന്ത്യയിൽ ശാസ്ത്ര ഗവേഷണത്തിനുള്ള ഫണ്ടിംഗ് കുറയുമ്പോൾത്തന്നെ കപട ശാസ്ത്ര ഗവേഷണത്തിന് ഫണ്ടനുവദിക്കുന്നതുമായാണ് കാണുന്നത്. 2017 ൽ ഹർഷവർധനൻ പശുവിന്റെ ചാണകവും ഗോമൂത്രവുമുൾപ്പെട്ട പഞ്ചഗവ്യം നിരവധി രോഗങ്ങൾക്കുള്ള ഔഷധമാണ് എന്ന ധാരണയെ സാധൂകരിക്കാനുള്ള ഗവേഷണത്തിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പണമനുവദിച്ചു.
ഇത് ശാസ്ത്ര സമൂഹത്തിന്റെ വലിയ പ്രതിഷേധത്തിനു കാരണമായെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
2020 ഫെബ്രുവരി മാസം മുംബയിലെ ഇന്ത്യാ ഗെയിറ്റിൽ ഇന്ത്യയിൽ വ്യാപിച്ചു കൊണ്ടിരുന്ന കൊറോണ രോഗത്തിന്നെതിരെ സാമൂഹ്യ നീതിയ്ക്കും ശാക്തീകരണത്തിനുമുള്ള കേന്ദ്ര സഹമന്ത്രി നേതൃത്വം നൽകി ഗോ കൊറോണ ഗോ കൊറോണ എന്ന മന്ത്രം ഉച്ചരിച്ചു കൊണ്ട് ഒരു പ്രാർത്ഥന നടത്തിയത് സാമൂഹ്യ മാധ്യമചർച്ചകളിൽ വിമർശനത്തിനും പരിഹസിക്കപ്പെടുന്നതിനും ഇടയാക്കി.
ഏറ്റവുമൊടുവിൽ ഇന്ത്യൻ പാർലിമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഹിന്ദു സന്യാസിമാരുടെ മന്ത്രോച്ചാരണങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ആദിവാസി സമൂഹത്തിന്റെ പ്രാതിനിധ്യമുള്ള ഇന്ത്യയുടെ പ്രസിഡന്റിനെ മാറ്റി നിർത്തി പ്രധാനമന്ത്രി നിർവഹിച്ചത് ഇന്ത്യയുടെ ഭരണഘടനയുടെ സത്തയ്ക്ക് നിരക്കാത്തതാണെന്ന നിലയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവമാണ് ചന്ദ്രയാൻ വിക്ഷേപണം മുന്നോടിയായി ജവഹർലാൽ നെഹറു നേതൃത്വം നൽകി സ്ഥാപിച്ച ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ഡോ. അംബേദ്‌കർ നേതൃത്വം നൽകി രൂപം കൊടുത്ത ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽ പറത്തി തിരുപ്പതിയിൽ നടത്തിയ പുജാകർമങ്ങൾ. ഇതെല്ലാം ഒരു സെക്യുലർ ജനാധിപത്യ സമൂഹമായി ഇന്ത്യയെ വികസിപ്പിക്കാൻ ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള ഭരണാധികാരികളും ഭരണ സംവിധാനങ്ങളുടെ ഭാഗമായ സ്ഥാപനങ്ങളിലെ ഉത്തരവാദപ്പെട്ടവരും ചെയ്യുന്ന ശാസ്ത്ര വിരുദ്ധവും സെക്യുലർ വിരുദ്ധവും അതിനാൽത്തന്നെ ഭരണഘടനാ വിദ്ധവുമായ പ്രവർത്തനങ്ങളാണ്.
ശാസ്ത്ര വികാസത്തിന്നാവശ്യമായ നടപടികളിൽ നിന്നുള്ള തിരിച്ചു പോക്കുകളാണ് ഇന്ന് ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അടിസ്ഥാന ശാസ്ത്ര വികാസത്തിന് മതിയായ ധനസഹായമോ സൗകര്യങ്ങളോ ഒരുക്കുന്നതിനു പകരം അത്തരം പിന്തുണാ സംവിധാനങ്ങൾക്ക് കോർപ്പറേറ്റുകളുടെ സഹായം തേടുന്ന നയസമീപനമാണ് കൈക്കൊള്ളുന്നത്. ഇന്ത്യയിലെ ഗവേഷണത്തിനുള്ള ധനസഹായം ആഭ്യന്തര വരുമാനത്തിന്റെ 0.7 ശതമാനം മാത്രമാണ്.2013 ലെ 0.91 ശതമാനത്തിൽ നിന്ന് അടുത്ത വർഷം തന്നെ ഈ നിലയിൽ കുറയുകയും അതേ നില തുടരുന്ന അവസ്ഥയുമായാണ് യുനെസ്കോ റിപ്പോർട്ടിൽ കാണുന്നത്. നമ്മുടെ അയൽ രാജ്യമായ ചൈനയിൽ ഇത് 2.1 ശതമാനവും അമേരിക്കയിൽ 2.8 ശതമാനവും ദക്ഷിണ കൊറിയയിൽ 4.6 ശതമാനവും ഇസ്രായേലിൽ 4.3 ശതമാനവുമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ നിരവധിയായ അന്ധവിശ്വാസങ്ങളാലും കപട വിശ്വാസങ്ങളാലും മലീമസമായ ഇന്ത്യൻ സമൂഹം എങ്ങിനെ ഒരു ആധുനിക ജനാധിപത്യ സമൂഹമായി വളരും? ഈ ഒരു ചോദ്യത്തെയാണ് നമുക്കിപ്പോൾ അഭിസംബോധന ചെയ്യാനുള്ളത്.
ആധുനിക ജനാധിപത്യ സങ്കൽപ്പനങ്ങളും അതിന്റെ ഭാഗമായുള്ള മതനിരപേക്ഷ ചിന്തകളും രൂപം കൊള്ളുന്നത് യൂറോപ്യൻ നവോത്ഥാനത്തിന്റെ ഭാഗമായാണ്. നവോത്ഥാനത്തിന്റെ ഭാഗമായി വളർന്ന ആധുനിക ശാസ്ത്രം മനുഷ്യ സമൂഹത്തെ രണ്ടു വിധത്തിലാണ് സ്വാധീനിച്ചത്.
- ഒന്ന് ശാസ്ത്രത്തിന്റെ പ്രായോഗിക നേട്ടമെന്ന നിലയിൽ രൂപം കൊണ്ട സാങ്കേതിക വിദ്യകൾ മനുഷ്യ സമൂഹത്തിന്റെ ജീവിതാവസ്ഥയെ വിപ്ലവകരമായി പരിവർത്തിപ്പിച്ചു.
- രണ്ടാമതായി മനുഷ്യന്റെ അറിവിന്റെ വികാസത്തെ ത്വരിതഗതിയിൽ മുന്നോട്ടു നയിച്ചു .ചിന്തകളെ വിപ്ലവകരമായി വിപുലീകരിച്ചു.
ആധുനികതയോടൊപ്പം യൂറോപ്പിൽ രൂപം കൊണ്ട മൂലധന വ്യവസ്ഥ കൊളോണിയസമായി ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചു. കൊളോണിയസിത്തിന്റെ ചൂഷണ വ്യവസ്ഥയ്ക്കെതിരെ പോരാട്ടങ്ങളും വളർന്നു. ഈ പോരാട്ടങ്ങൾക്ക് മിക്കവാറും എല്ലാ രാജ്യങ്ങളിലും നേതൃത്വം നൽകിയത് ആധുനികതയുടെ ഭാഗമായി വളർന്ന ശാസ്ത്ര അവബോധവും ജനാധിപത്യ ബോധവും സ്വാംശീകരിച്ച സെക്യുലറിസ്റ്റുകളായിരുന്നു.
ഇന്ത്യയിലെ സ്വാതന്ത്രൃസമരത്തിന്റെ ഭാഗമായി രൂപം കൊണ്ട ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യനേതൃത്വത്തിലും ഇതേ രൂപത്തിലുള്ള സെക്യുലറിസ്റ്റുകളുണ്ടായിരുന്നു. ഇവരിൽ മുന്നിട്ടു നിന്ന നേതാക്കളായിരുന്നു രവീന്ദ്രനാഥ ടാഗോർ, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ജവർലാൽ നെഹ്‌റു, ഡോ.അംബദ്കർ എന്നിവർ. ആധുനികതയുടെ സെക്യുലർ ആശയങ്ങളും ശാസ്ത്ര അവബോധവും ജീവിതത്തിന്റെ സാംസ്ക്കാരിക പശ്ചാത്തലമാക്കി മാറ്റിയവരായിരുന്നു അവരൊക്കെ. ഡോ. അംബേദ്ക്കറും ജവഹർലാൽ നെഹ്‌റുവും മുഖ്യശിൽപ്പികളായി രൂപം കൊടുത്ത് ഇന്ത്യൻ ജനത തങ്ങൾക്കുതന്നെ സമർപ്പിച്ച ഇന്ത്യൻ ഭരണഘടന ഇന്ത്യയെ ഒരു ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി പരിവർത്തിപ്പിക്കണമെന്ന സ്വപ്നത്തിന്റെ രൂപരേഖയായിരുന്നു.
എന്നാൽ ആധുനികതയുടെയും ശാസ്ത്രത്തിന്റെയും ഭൗതിക നേട്ടങ്ങൾ അനുഭവിക്കുമ്പോൾത്തന്നെ അതിന്റെ പുരോഗമനപരമായ ചിന്തകളോടും ആശയങ്ങളോടും പുറംതിരിഞ്ഞു നിൽക്കുന്ന ഒരു വിഭാഗവുമുണ്ടായിരുന്നു. അവർ ഒരേ സമയം തന്നെ ആധുനികതയുടെ ഭൗതിക ജീവിത സൗകര്യങ്ങളും സംവിധാനങ്ങളും സർവാത്മനാ സ്വീകരിക്കുകയും ആധുനികതയുടെ സാംസ്ക്കാരിക പശ്ചാത്തലത്തെ നിരാകരിക്കുകയും ചെയ്തു.
അവർ ഇന്ത്യൻ ഭരണഘടനയുടെ മൂല്യവ്യവസ്ഥകളെ അംഗീകരിക്കുന്നതിനു പകരം ഇന്ത്യയുടെ പരമ്പരാഗത ബ്രാഹ്മണാധികാര വ്യവസ്ഥയുടെ മൂല്യങ്ങൾക്കു വേണ്ടി നിലക്കൊണ്ടു .ആധുനികതയുടെ ഭാഗമായി വളർന്ന ശാസ്ത്രത്തിന്റെ സെക്യുലറൈസേഷനെ ഒരു പടിഞാറൻ ആശയമെന്ന നിലയിൽ വിമർശിച്ചു. എന്നാൽ ആധുനികതയോടൊപ്പം വളർന്ന മൂലധന സമ്പദ് വ്യവസ്ഥയോടും കൊളോണിയസത്തോട് തന്നെയും ചങ്ങാത്തത്തിൽ കഴിയുന്നതിൽ ഈ വിഭാഗത്തിന് വിഷമമുണ്ടായിരുന്നില്ല.
ശാസ്ത്രത്തിന്റെ വികാസത്തോടൊപ്പം വളർന്നു വരേണ്ടുന്ന സമൂഹത്തിന്റെ സെക്യുലറൈസേഷനെ ഇന്ന് ഇന്ത്യയിലെ ഹിന്ദുത്വം അതിന്റെ ബ്രാഹ്മണിക്കൽ ഹിന്ദുത്വ തത്വശാസ്ത്രം ഉപയോഗിച്ച് പ്രതിരോധിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്.
ശാസ്ത്രത്തിന്റെ മൂല്യവ്യവസ്ഥ
ശാസ്ത്രം മൂല്യ നിരപേക്ഷമായാണോ പ്രവർത്തിക്കുന്നത് അല്ലെങ്കിൽ പ്രവർത്തിക്കേണ്ടത് എന്ന ഒരു സംശയവും നമുക്കു മുന്നിൽ വരാം. ഇവിടെയാണ് ശാസ്ത്രാവബോധം (സയന്റിഫിക് ടെമ്പർ) സംബന്ധിച്ച ചർച്ചകൾ ഉയർന്നു വരുന്നത്. ശാസ്ത്രത്തിന്റെ രീതി ജീവിതത്തിൽ സ്വാംശീകരിക്കുകയും ശാസ്ത്ര അവബോധത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ മൂല്യബോധമാണ് ശാസ്ത്രത്തിന്റെ മുല്യ വ്യവസ്ഥയായി വികസിക്കുന്നത്. വസ്തുതകളുടെ പിൻബലമില്ലാതെ നിഗമനങ്ങളിൽ എത്താതിരിക്കുകയും സ്വന്തം നിഗമനങ്ങങ്ങൾ വിമർശനവിധേയമാവുന്നതിൽ അസഹിഷ്ണുത കാണിക്കാതിരിക്കുകയും നിഗമനങ്ങൾ തെറ്റാണെന്നു തെളിയിക്കപ്പെട്ടാർ അവ ഉപേക്ഷിക്കാൻ സന്നദ്ധമാവുകയും ചെയ്യുക എന്നത് ഈ മൂല്യബോധത്തിന്റെ ഭാഗമാണ്. വിശ്വാസങ്ങൾക്കതീതവും യുക്തിബോധത്തിലധിഷ്ഠിതവും വ്യക്തിയുടെ ക്ഷേമം സമഷ്ടിയുടെതുമായി താദാത്മ്യപ്പെടുന്നതും സഹിഷ്ണുതയുടെതുമായ ഒരു മൂല്യവ്യവസ്ഥയുമായിരിക്കുമത്.
ഇന്ത്യയിൽ ഭരണഘടനാപരമായി നിർവചിച്ചിട്ടുള്ള സെക്യുലറിസവും ശാസ്ത്ര വികാസത്തോടൊപ്പം സമൂഹത്തിൽ വളർന്നു വരേണ്ടുന്ന സെക്യുലറൈസേഷനും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ഭരണഘടനാപരമായ സെക്യുലറിസം എന്നത് സ്റ്റെയിറ്റിനും പൗരസമൂഹത്തിനുമിടയിലുള്ള രാഷ്ട്രീയപരവും നിയമപരവുമായ ഒരു ക്രമീകരണമാണ്. ഒരു സെക്യുലർ സ്റ്റെയിറ്റിൽ മതവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്താനും മതാടിസ്ഥാനത്തിൽ സംഘടിക്കാനും സ്ഥാപനങ്ങൾ നിർമിച്ച് (Corporatize) പ്രവർത്തിക്കാനുമുള്ള പൗരാവകാശം ഉറപ്പു നൽകുന്നുണ്ട്.
എന്നാൽ സെക്കുലറൈസേഷൻ എന്നത് പൗര സമൂഹത്തിന്റെ അവബോധത്തിൽ ഉണ്ടാവേണ്ടുന്ന പരിവർത്തനമാണ്. ചിന്തകളിലും പ്രവർത്തനങ്ങളിലുമുൾപ്പെടെ ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളിലും മതനിരപേക്ഷതയും ശാസ്ത്രാവബോധവും ശാസ്ത്രത്തിന്റെ മൂല്യബോധവും ലയിച്ചു ചേർന്നിട്ടുള്ള അവസ്ഥ കൂടിയാണത്. ഇത് സാധ്യമാവണമെങ്കിൽ ശാസ്ത്ര വികാസത്തിന്റെ ഭാഗമായിത്തന്നെ ശാസ്ത്രത്തിന്റെ രീതി ജീവിതപരിസരങ്ങളിൽ പ്രയോഗിക്കാനുള്ള അവബോധം സമൂഹത്തിൽ വികസിച്ചു വരണം.
ശാസ്ത്രാവബോധം കേവലം ശാസ്ത്ര പഠനത്തിലൂടെ മാത്രം സൃഷ്ടിക്കാൻ കഴിയില്ല. ശാസ്ത്ര പഠനത്തോടൊപ്പം തന്നെ ശാസ്ത്രത്തിന്റെ രീതി മനസ്സിലാക്കാനും സ്വാംശീകരിക്കാനും കഴിയണം. ശാസ്ത്രത്തിന്റെ തത്വശാസ്ത്ര ചർച്ചകൾ ഉണ്ടാവുന്നത് ഈ ഒരു കാര്യവുമായി ബന്ധപ്പെട്ടു കൂടിയാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രത്യക്ഷപെടാറുള്ള ചില ശാസ്ത്ര വിരുദ്ധ തത്വശാസ്ത്ര ചിന്തകളും വിമർശനപരമായി പരിശോധിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഉത്തരാധുനിക തത്വശാസ്ത്ര ചിന്തകളുടെ ഭാഗമായുള്ള ശാസ്ത്ര വിമർശനം.
ഉത്തരാധുനികതയും ശാസ്ത്രബോധവും
ഉത്തരാധുനിക ചിന്തകർ ആധുനികതയുടെയും ആധുനികതയുടെ ഭാഗമായി രൂപം കൊണ്ട ശാസ്ത്രത്തിന്റെയും വിമർശകരാണ്.മനുഷ്യരുടെ അറിവും മൂല്യബോധവുമെല്ലാം സാമൂഹ്യമായി നിർണയിക്കപ്പെടുന്നതും അതിനാൽത്തന്നെ ആപേക്ഷിക സ്വഭാവമുള്ളതുമാണെന്ന നിലപാടാണവരുടെത്.കാല ദേശ സാമൂഹ്യ വിഭിന്നതകളുള്ള മനുഷ്യ സമൂഹത്തിൽ എല്ലാ വിഭാഗം മനുഷ്യർക്കും ബാധകമാക്കാവുന്ന അറിവുകളോ വിശദീകരണങ്ങളോ സാധ്യമാവില്ലെന്നതാണ് അവർ മുന്നോട്ടുവെക്കുന്ന ആശയം . അത്തരത്തിലുള്ള വിശദീകരണങ്ങളെ ബൃഹദാഖ്യാനങ്ങളെന്ന(Metanarratives) നിലയിൽ അവർ തള്ളിക്കളയുന്നു.അവരുടെ ആധുനികതാ വിമർശനത്തിൽ ശാസ്ത്രത്തെ കൊളോണിയൽ രാഷ്ട്രീവ്യവസ്ഥയുടെയും മൂലധന വ്യവസ്ഥയുടെയും ആശയ സംഹിതയുടെ ബൃഹദാഖ്യാനം എന്ന നിലയിൽ വിമർശനവിധേയമാക്കപ്പെടുന്നു. മനുഷ്യന്റെ നിരവധി അറിവുകളിൽ ഒന്നു മാത്രമാണ് ശാസ്ത്രം എന്നതാണവരുടെ നിലപാട്. ശാസ്ത്രത്തിന്റെ സാർവലൗകിക സ്വഭാവത്തെ ഉത്തരാധുനിക ചിന്തകളിൽ സംശയിക്കുകയും വിമർശനവിധേയമാക്കുകയും ചെയ്യുന്നു. പ്രാദേശിക പാരമ്പര്യ അറിവുകളെയും ശാസ്ത്രത്തിന്റെ അറിവുകളെയും ഒരേ തലത്തിൽ പ്രതിഷ്ഠിച്ച് ശാസ്ത്രത്തെ നിരവധി അറിവുകളിൽ ഒന്നുമാത്രമായി വിശദീകരിക്കുകയും ചെയ്യുന്നു. വിവിധയിനം കപട ശാസ്ത്രങ്ങളും ചികിത്സാ രീതികളും ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുടെ പിൻബലത്തിൽ വിലയിരുത്തന്നത് ശരിയല്ല എന്നതാണ് അവരുടെ നിലപാട്. ഇത് പലപ്പോഴും കപടശാസ്ത്രങ്ങളുടെ സാധൂകരണത്തിനും വ്യാപനത്തിനുമുള്ള സാഹചര്യമൊരുക്കുന്നു. ജൈവ സാങ്കേതികവിദ്യകൾ,ആധുനിക കൃഷി രീതികൾ ,ആധുനിക ചികിത്സാ രീതികൾ എന്നിവയൊക്കെ വിമർശനവിധേയമാക്കപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ പരിസ്ഥിതി മൗലികവാദ ആശയങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.
സത്യാനന്തര കാലത്തെ ശാസ്ത്രബോധം.
ഇന്ന് ലോകത്തെ പല ജനാധിപത്യ രാഷ്ട്രങ്ങളിലും തീവ്ര വലതു പക്ഷ രാഷ്ട്രീയം ശക്തിപ്പെടുന്നതായി കാണുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ആഗോളസമ്പദ് വ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളുടെ ഫലമായി ലോകത്ത് ശക്തി പ്രാപിച്ചട്ടുള്ള ധനിക ദരിദ്ര അന്തരം ജനങ്ങൾ ക്കിടയിൽ വലിയ അളവിലുള്ള അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി രൂപം കൊണ്ടിട്ടുള്ള സവിശേഷമായ ഒരു സാംസ്ക്കാരികാന്തരീക്ഷവും ഒപ്പം തന്നെ ഒരു വലതുപക്ഷ ജനപ്രിയ രാഷ്ട്രീയവും വികസിച്ചു വന്നിട്ടുണ്ട്. ശാസ്ത്ര ചിന്തകളെയും യുക്തിബോധത്തെയും നിരാകരിക്കുകയും അസത്യങ്ങളെ സത്യങ്ങളെന്ന നിലയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ വർത്തമാന കാലത്ത സത്യാനന്തര കാലമെന്നാണ് വിശേഷിപ്പിക്കുന്നത്.
സത്യാനന്തരം(post truth) എന്ന വാക്ക് 2016 വർഷത്തെ സവിശേഷ വാക്കായി(The word of the year) ഓക്സ്ഫോർഡ് ഡിക് ഷണറി അംഗീകരിക്കുകയുണ്ടായി. സത്യാനന്തരമെന്നത് സത്യത്തിനു ശേഷമെന്ന അർത്ഥത്തിലല്ല ഉപയോഗിക്കുന്നത്. സത്യാനന്തരകാലം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് സത്യം എന്നൊന്നില്ല , സത്യം ആപേക്ഷികമാണ് എന്നാണ്. സത്യാനന്തരകാലം എന്നതിന്റെ അർത്ഥം ജനസഞ്ചയത്തിന്റെ വികാരത്തെ പ്രീതിപ്പെടുത്തന്നതും സ്വാധീനിക്കുന്നതും വസ്തുനിഷ്ഠമല്ലാത്തതുമായ കാര്യങ്ങൾക്ക് സ്വീകാര്യതയുള്ള കാലം എന്നാണ്.
അമേരിക്കയിൽ തീവ്ര വലതുപക്ഷ ഭരണാധികാരിയായിരുന്ന ട്രമ്പ് കാലാവസ്ഥാ ശാസ്ത്രത്തെയും കോവിഡ് രോഗകാരിയായ വൈറസ്സിനെ സംബന്ധിച്ച ശാസ്ത്രത്തെയും അസത്യങ്ങളാണെന്ന നിലയിൽ മടിയില്ലാതെ പരിഹസിച്ചതും ഇന്ത്യയിൽ ശാസ്ത്ര വികാസം പുരാണങ്ങളുടെ കാലത്തു തന്നെ നടന്നിരുന്നു എന്നും ആധുനിക ശാസ്ത്രത്തിന്റെ മുഖ്യ അറിവുകളെല്ലാം പുരാണങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും കണ്ടെടുക്കാമെന്നു പറയുന്നതും സത്യാനന്തര കാലത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ അടയാളപ്പെടുത്തു. വിവരവിനിമയ സാങ്കേതിക വിദ്യയുടെ വികാസം ഇത്തരം പ്രതിലോമ ചിന്തകളുടെയും അസത്യങ്ങളുടെയും അതിവേഗ വ്യാപനത്തിനുള്ള സാഹചര്യവും സംജാതമാക്കായിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയുടെ നെടുംതൂണുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന മാധ്യമങ്ങൾ ഇന്ന് കമ്പോള നിർമിതിക്കാവശ്യമായ അസത്യങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പ്രചാരണങ്ങൾക്കുള്ള മൂലധന വ്യവസ്ഥയുടെ വെറും ഉപകരണങ്ങൾ എന്ന നിലയിൽ പ്രവർത്തിക്കുന്നു.
മാധ്യമങ്ങളും കപടശാസ്ത്ര വ്യാപനവും
കപടശാസ്ത്രങ്ങൾ ഒരു മടിയുമില്ലാതെ പ്രചരിപ്പിക്കാനുള്ള വേദികളായി ഇന്ത്യയിൽ ഇന്ന് പ്രിന്റ് മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും മാറിയിട്ടുണ്ട്. വാരഫലം, വലംപിരി ശംഖ്, മാന്ത്രിക ഏലസ്സ് , രത്നക്കല്ലുകൾ, ദിവ്യന്മാരുടെ അനുഗ്രഹങ്ങൾ, ജാതി വിശേഷിപ്പിച്ചുള്ള വിവാഹപ്പരസ്യങ്ങൾ ഒന്നും തന്നെ അസ്വാഭാവികമാണെന്നാർക്കും തോന്നാത്ത നിലയിൽ മാധ്യമങ്ങളിൽ നിത്യേന പ്രത്യക്ഷപ്പെടുന്നു.
ഇതിനു പുറമെ വസ്തുതകൾ പരിശോധിക്കാതെയുള്ള വാർത്തകളുടെ റിപ്പോർട്ടിംഗും അവയെ കേന്ദ്രീകരിച്ചുള്ള മാധ്യമചർച്ചകളും നടക്കുന്നു. ജനാധിപത്യത്തിൽ വളർന്നു വരേണ്ടുന്ന സംവാദാത്തിന്റെ അന്തരീക്ഷത്തിനു പകരം വിവാദങ്ങളുടെയും അപവാദങ്ങളുടെയും മലീമസമായ സാംസ്ക്കാരികാന്തരീക്ഷം രൂപം കൊള്ളുന്നു. ഇത്തരം ഒരന്തരീക്ഷത്തിൽ യുക്തിബോധവും ശാസ്ത്രബോധവും നഷ്ടപ്പെട്ട ഒരു ജനസഞ്ചയമായി പൗര സമൂഹം മാറുന്നു. ഇന്ത്യൻ ഭരണഘടനയുടെ മൂല്യവ്യവസ്ഥയെ നിരാകരിക്കുകയും പകരം പ്രാചീനവും അപരിഷ്കൃതവുമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഒരു മടിയുമില്ലാതെ സ്വീകരിക്കുന്ന നിലയിലേക്ക് വിദ്യാസമ്പന്നർ പോലും അധപ്പതിക്കുന്നു.
ഇന്ന് ഇന്ത്യയിലും ലോകത്തെ പല രാജ്യങ്ങളിലും ലിബറൽ ജനാധിപത്യത്തിനകത്തു വളർന്നു വരുന്ന വലതുപക്ഷ രാഷ്ട്രീയത്തെ മനസ്സിലാക്കിക്കൊണ്ടു മാത്രമെ നമുക്കീ പ്രശ്നത്തെ അഭിമുഖീകരിക്കുവാൻ സാധിക്കുകയുള്ളൂ. സോവിയറ്റ് യൂനിയന്റെ തകർച്ചയ്ക്കു ശേഷം രൂപം കൊണ്ട നവ കൊളോണിയൽ സമ്പദ് വ്യവസ്ഥയുടെ ഭാഗമായിത്തീർന്ന എല്ലാ രാജ്യങ്ങളിലും വലിയ തോതിലുള്ള സാമ്പത്തിക അസമത്വങ്ങളും തൊഴിലില്ലായ്മയുമാണിന്നുള്ളത്. മൂലധന വ്യവസ്ഥ മുന്നോട്ടു വെച്ച ആഗോളവൽക്കരണം, സ്വകാര്യവൽക്കരണം, സ്റ്റേറ്റിന്റെ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഉദാരവൽക്കരണം എല്ലാം ചേർന്ന് തീർത്ത ആഗോളതല വിപണി ഇന്ന് പ്രവർത്തിക്കുന്നത് ആധുനിക വിവര വിനിമയ സാങ്കേതികവിദ്യയുടെ അതി നൂതന സങ്കേതങ്ങളുടെ പിൻബലത്തിലാണ്. ആഗോള തലത്തിൽ ഭരണകൂടങ്ങളുടെ തന്നെ തലയ്ക്കു മുകളിലൂടെ എവിടെയും കടന്നു ചെന്ന് വിപണികൾ സൃഷ്ടിക്കാനും അഭിരുചികൾ കൃത്രിമമായി സൃട്ടിച്ച് ഉല്പന്നങ്ങൾ വിപണനം ചെയ്യാനും സാധ്യമാവും വിധത്തിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു മൂല്യ സമാഹരണ വ്യവസ്ഥയായി ഇന്ന് മൂലധന വ്യവസ്ഥ മാറിക്കഴിഞ്ഞു.
നവ കൊളോണിയലിസത്തോടുള്ള രാഷ്ട്രീയ നിലപാടുകൾ ഇന്ന് പല രൂപത്തിലാണ് രൂപപ്പെടുന്നത്. ജനാധിപത്യ വ്യവസ്ഥകളിൽ വളർന്നു വികസിക്കേണ്ടുന്ന മത നിരപേക്ഷത, സ്ഥിതിസമത്വം, സാഹോദര്യം, പൗരാവകാശം, ശാസ്ത്ര ബോധം എന്നിവയൊക്കെ വളർന്നു വരുന്നതിന് സഹായകരമല്ലാത്ത വിധം പ്രവർത്തിക്കുന്ന വലതുപക്ഷ രാഷ്ട്രീയം നവ കൊളോണിയിസവുമായി ചങ്ങാത്തം പുലർത്തിയാണ് പ്രവർത്തിക്കുന്നത്. ജനങ്ങളെ ഭൂതകാലപ്പെരുമകൾ പറഞ്ഞ് ആധുനികതയുടെയും ശാസ്ത്രാവബോധത്തിന്റെയും മൂല്യബോധത്തിൽ നിന്നകറ്റി യാഥാസ്ഥിതികത്വത്തിലേക്ക് നയിക്കുന്നു. നമ്മുടെ രാജ്യവും ഈ ഒരു സ്ഥിതിവിശേഷ ത്തെയാണഭിമുഖീകരിക്കുന്നത്.
ശാസ്ത്രാവബോധവും വർത്തമാനകാല കേരളവും
ഇന്ത്യയുടെ പൊതു അവസ്ഥയിൽ നിന്നും വേറിട്ടു നിൽക്കുന്ന കേരളത്തിലും കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളുടെ തുടർച്ചയിൽ നിന്നാണ് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപംകൊണ്ടത്. അതുകൊണ്ടു തന്നെ കേരള സമൂഹത്തെ ജാതിവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളിൽ നിന്ന് മോചിപ്പിച്ച് സെക്യുലറൈസ് ചെയ്യാനുള്ള അടിസ്ഥാന പ്രവർത്തനങ്ങളായ വിദ്യാഭ്യാസ വ്യാപനത്തിനുള്ള നടപടിക്കാണ് കേരളത്തിലെ ആദ്യ സർക്കാർ മുൻഗണന നൽകിയത് .തുടർന്ന് ഘട്ടം ഘട്ടമായി നാപ്പിലാക്കിയ സമ്പൂർണ്ണസാക്ഷരതാ പ്രവർത്തനം അധികാര വികേന്ദ്രീകരണത്തോടൊപ്പം രൂപം കൊടുത്ത ജനകീയാസൂത്രണ പ്രസ്ഥാനം, കുടുംബശ്രീ പ്ര സ്ഥാനം എല്ലാം കേരള സമൂഹത്തെ ആധുനിക ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കാൻ പ്രാപ്തമാക്കി. കേരളത്തിന്റെ ഈ ജനാധിപത്യ സംസ്കാരവും സെക്യുലർ അവബോധവും രൂപപ്പെടുത്താനാവശ്യമായ ശാസ്ത്ര ബോധം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമെന്ന നിലയിലാണ് നമ്മുടെ സംഘട പ്രവർത്തിച്ചത്. കേരളത്തിന്റെ ഈ വ്യത്യസ്ഥതയും തനിമയും ഇനി എത്ര നാൾ എന്ന ഒരു ചോദ്യത്തിന് മുന്നിലാണ് നാമുള്ളത്.
നരബലിവരെയെത്തിനിൽക്കുന്ന നിരവധിയായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളത്തിന്റെ ജീവിത പരിസരങ്ങളിലേക്ക് കടന്നുവരാൻ തുടങ്ങിയിരിക്കുന്നു. ജ്യോതിഷത്തിലും, വാസ്തു ശാസ്ത്രത്തിലുമുള്ള വിശ്വാസം വിദ്യാസമ്പരുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും ഇടയിൽ നിലനിൽക്കുന്നു. ചൊവ്വാദോഷം എന്ന അന്ധവിശ്വാസം പെൺകുട്ടികളുടെ വിവാഹത്തിനു തടസ്സമായി മാറുന്നു. മനുഷ്യ ദൈവങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പ്രവർത്തിച്ച് ധനം സമ്പാദിച്ച് കോർപ്പറേറ്റുകളായി വളരുന്നു. അവർ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിക്കുന്നു. അവരെ പിൻപറ്റുന്ന ജനസഞ്ചയം രാഷ്ട്രീയ ശക്തിയായി മാറുന്നു. അസത്യ പ്രചാരണങ്ങളുടെയും വിവാദ ചർച്ചകളുടെയും വേദികളായി മലയാള മാധ്യമ രംഗം മാറുന്നു.
കേരളത്തിന്റെ മതനിരപേക്ഷ പൊതുമണ്ഡലത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നു. ഈ വിള്ളലുകളിലൂടെ മത രാഷ്ട്രശക്തികൾ കടന്നു വരില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയുംവിധേനയുള്ള പ്രതിരോധ സന്നാഹങ്ങൾ വേണ്ടത്രയില്ലതാവുന്ന സ്ഥിതിവിശേഷം രൂപപ്പെടുന്നു. ഇത്തരം ഒരു സന്നിഗ്‌ധഘട്ടത്തിൽ പുതിയ ഒരു നവോത്ഥാന പ്രസ്ഥാനമെന്ന നിലയിൽ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ജനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ഐക്യപ്പെട്ടുള്ള പ്രവർത്തനം അനിവാര്യമാവുകയാണ്. സമൂഹത്തിൽ ശാസ്ത്ര അവബോധവും അതിന്റെ ഭാഗമായുള്ള സംവാദാത്മകതയും വികസിപ്പിക്കാനുള്ള ബഹുതല പ്രവർത്തനങ്ങളിലൂടെ മാത്രമെ ഇത് സാധ്യമാവുകയുള്ളൂ.
അധിക വായനയ്ക്ക്
- https://www.science.org/doi/10.1126
- https://science.thewire.in/the-sciences/india-post-truth-
- Meera Nanda-Prophets Facing Backward.
- .https://www.firstpost.com/business/budget-2023-
ശാസ്ത്രബോധം
100-ലേഖനങ്ങൾ