Read Time:20 Minute
പരിഭാഷ : വി.കെ.ജയ് സോമനാഥൻ
ദേശീയ പാഠ്യപദ്ധതി രേഖ 2005 പുറത്തുവന്ന കാലത്ത് ഡോ.അമിതാഭ് മുഖർജി  എഴുതിയത ലേഖനം. സ്രോത് എന്ന ഹിന്ദി ശാസ്ത്ര മാസികയിലാണിത് പ്രസിദ്ധീകരിച്ചത്. ശാസ്ത്ര പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കേണ്ട ഉന്നത ശാസ്ത്ര സമ്മേളനങ്ങളിൽ ശാസ്ത്രബോധമുൾക്കൊണ്ട് സംസാരിക്കേണ്ട ഉത്തരവാദപ്പെട്ട പലരും ഐതിഹ്യങ്ങളെ ശാസ്ത്രവുമായി കുട്ടിച്ചേർത്ത് അവതരിപ്പിക്കുന്ന ഇക്കാലത്ത് ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസത്തെക്കുറിച്ച് പ്രസക്തമായ ചില നിരീക്ഷണങ്ങൾ

ശാസ്ത്രവിദ്യാഭ്യാസം – സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ

ഇന്ത്യയിൽ ശാസ്ത്ര വിദ്യാഭ്യാസം വെല്ലുവിളി നേരിടുകയാണ്.ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ അവതരണരീതി ജീവനുള്ളതും, ജിജ്ഞാസാഭരിതവും, രസകരവുമായിരുന്നുവെങ്കിൽ അതിന് ഉന്നതമായ ലക്ഷ്യം കൈവരിക്കുവാൻ സാധിക്കുമായിരുന്നു. ശാസ്ത്ര പഠനത്തിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുവാനും കഴിയുമായിരുന്നു.
സ്വതന്ത്ര ഭാരതത്തിലെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ അവസ്ഥയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് 1900 മുതൽ 1947 വരെയുള്ള കാലത്തെ ഇന്ത്യയിലെ ശാസ്ത്രത്തിന്റേയും, സ്കൂൾ വിദ്യാഭ്യാസത്തിന്റേയും സ്ഥിതിയിലേക്ക് ഒന്ന് കണ്ണോടിക്കാം. ദേശീയവാദം ശക്തി പ്രാപിച്ച് കൊണ്ടിരുന്ന കാലമായിരുന്നു അത്. സ്വാഭാവികമായും ശാസ്ത്രമേഖലയിലെ പ്രവർത്തനങ്ങളിലും ദേശീയവാദത്തിന്റെ അലയൊലികൾ പ്രതിഫലിച്ചിരുന്നു.സി വി രാമൻ, മേഘനാഥ് സാഹ, ജെ സി ബോസ് തുടങ്ങിയവരുടെ ശാസ്ത്ര സംഭാവനകൾ കൊളോണിയൽ ഭരണാധികാരികൾക്കുള്ള ശക്തമായ മറുപടി കൂടിയായിരുന്നു. മറുവശത്താണെങ്കിൽ സ്കൂൾ വിദ്യാഭ്യാസം ബ്രിട്ടീഷ് ഭരണ മാതൃകയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നു.എല്ലാ കുട്ടികളേയും സ്കൂളിലെത്തിക്കുക എന്നുള്ളത് അന്നും സ്വപ്നമായിരുന്നു. ഗാന്ധിജിയും, ടാഗോറും വ്യത്യസ്ഥമായ വിദ്യാഭ്യാസ മാതൃകകൾ അവതരിപ്പിച്ച കാലമായിരുന്നു.എന്നാൽ മുഖ്യധാരയിലെ ആളുകൾ അത് സ്വീകരിക്കാൻ തയ്യാറായിരുന്നുമില്ല.
സ്വാതന്ത്ര്യത്തോടൊപ്പം രാഷ്ട്രം അംഗീകരിച്ച സാമ്പത്തിക വികസന മാതൃകയിൽ ശാസ്ത്രത്തിന് പ്രധാനപ്പെട്ടൊരു സ്ഥാനമുണ്ടായിരുന്നു. ശാസ്ത്ര സാങ്കേതിക വൈദഗ്ദ്യത്താൽ കുതിക്കുന്ന ആധുനികവും, സമൃദ്ധവുമായ ഭാരതം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചായിരുന്നു നെഹറുവിന്റെ സ്വപ്നം. നെഹറുവിന്റെ നേതൃത്വത്തിലുള്ള ആധുനിക ഇന്ത്യയിൽ സ്കൂൾ ശാസ്ത്ര വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകിയിരുന്നു.എന്നാലത് വ്യവസ്ഥാപിതമായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ല.
ശാസ്ത്രജ്ഞന്മാരുടെ പ്രധാനപ്പെട്ട പങ്ക് സ്വതന്ത്രഭാരതത്തിന്റെ വികസനത്തിൽ ഉണ്ടായിട്ടുണ്ട്, കൂടുതൽ കൂടുതൽ പ്രഗൽഭരായ ശാസ്ത്രകാരന്മാരെ വളർത്തിക്കൊണ്ടുവരാനുള്ള ശ്രമം ഇതിന്റെ ഭാഗമായിരുന്നു. വിദ്യാലയങ്ങളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ദിശ നിശ്ചയിക്കുന്നതിന് ഇത് ഒരു പ്രധാനപ്പെട്ട കാരണമായിരുന്നു.വിദ്യാലയങ്ങളിലെ ശാസ്ത വിദ്യാഭ്യാസത്തിന്റെ വികാസ ക്രമങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം പകൽ പോലെ വ്യക്തമാവും. പാഠ്യപദ്ധതിയിൽ കൂടുതൽ കൂടുതൽ അറിവുകൾ കൂട്ടിച്ചേർത്തുകൊണ്ടിരുന്നു. വസ്തുനിഷ്ഠമായ വിവരങ്ങളുടെ രൂപത്തിൽ വേണ്ടതിനേക്കാൾ കൂടുതൽ അറിവുകൾ.എന്നാൽ പരീക്ഷണങ്ങളുടെ എണ്ണം കുറഞ്ഞു കൊണ്ടേയിരുന്നു. ഒരു കാലത്ത് വിദ്യാലയങ്ങളിൽ ശാസ്ത്ര പരീക്ഷണങ്ങൾ സാധാരണമായിരുന്നു. ഇന്നത് അറിയപ്പെടുന്ന ഏതാനും സ്കൂളുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു, അതുപോലെ പുസ്തകങ്ങളിലും അറിവുകൾ പരമാവധി കുത്തിനിറച്ച് വെച്ചിട്ടുണ്ട്. എന്നാൽ ഈ അറിവുകൾ സ്വായത്തമാക്കാൻ സഹായകരമാകുന്ന പ്രായോഗിക പ്രവർത്തനങ്ങളൊ, ഏതൊരു വിഷയത്തിലും താൽപ്പര്യം ജനിപ്പിക്കുന്ന വിധത്തിലും സമഗ്രമായും അവതരിപ്പിക്കുന്ന രീതിയൊ കൈക്കൊണ്ടില്ല.ഫലമൊ, വസ്തുതകൾ കാണാപാഠമാക്കുക എന്നതല്ലാതെ മറ്റൊരു പോംവഴി വിദ്യാർത്ഥികൾക്ക് മുമ്പിൽ ഇല്ലാതായി. ശാസ്ത്രപഠനം വിഷമം പിടിച്ചതും, നീരസം ജനിപ്പിക്കുന്നതുമായി കുട്ടികൾക്ക് തോന്നാൻ ഇതെല്ലാം കാരണമായി. പത്താം ക്ലാസ് കഴിയുന്നതോടെ ശാസ്ത്രപഠനത്തോട് വിട ചൊല്ലാൻ ബഹുഭൂരിഭാഗം വിദ്യാർത്ഥികളും നിർബ്ബന്ധിതരായി.

എടുത്താൽ പൊങ്ങാത്ത പാഠ്യപദ്ധതി കൊണ്ട് ആർക്കാണ് ഗുണം ?

എടുത്താൽ പൊങ്ങാത്ത ഈ പാഠ്യപദ്ധതി കൊണ്ട് ആർക്കാണ് ഗുണം എന്നാരെങ്കിലും ചോദിച്ചാൽ “ഈ വിവരവിസ്ഫോടന യുഗത്തിൽ പരമാവധി വിവരങ്ങൾ ഉൾക്കൊള്ളിക്കാനാവുന്ന തരത്തിൽ പാഠ്യപദ്ധതിയുടെ കവാടം എപ്പോഴും തുറന്ന് വെക്കണം” എന്നാവും മറുപടി.തുടർച്ചയായി അപ്ഡേറ്റ്(Update) ചെയ്ത് കൊണ്ടിരിക്കണം. അങ്ങിനെ നമ്മൾ ചെയ്തില്ലെങ്കിൽ പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ പിറകിലായി പോകും. ഈ പ്രവർത്തന ശൈലിയിൽ എന്തെങ്കിലും മാറ്റങ്ങൾ നിർദ്ദേശിച്ചാൽ പറയുക “മത്സരിച്ച് മുന്നേറാനുള്ള കുട്ടികളുടെ കഴിവിനെ അത് ബാധിക്കും ” എന്നാണ്.
ശാസ്ത്രവിദ്യാഭ്യാസത്തിന്റെ ഈ മാതൃക കൊണ്ടാണത്രെ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഐ ഐ ടി ബിരുദധാരികൾ നേട്ടങ്ങൾ കൊയ്തെടുത്തത്.
എന്നാൽ സത്യമെന്താണ്? തത്തയെപോലെ ഉരുവിട്ട് പഠിക്കുന്ന ശാസ്ത്രവിദ്യാഭ്യാസം കൊണ്ട് ആർക്കും ഗുണം ലഭിക്കില്ല. ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണം തന്നെ അത് തുടർച്ചയായുള്ളതും ചലനാത്മകവുമാണ് എന്നതാണ്. അതിന് തുറന്ന പ്രകൃതമാണ് വേണ്ടത്.എന്നാലിന്ന് ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പേരിൽ കൊടുത്ത് കൊണ്ടിരിക്കുന്നത് വിവരങ്ങളുടെ ഒരു മലവെള്ളപ്പാച്ചിലാണ്.
ശാസ്ത്രം പ്രവർത്തനമാകുമ്പോൾ… Hoshangabad Science Teaching Program (HSTP)

ഹോഷംഗാബാദ് ശാസ്ത്ര വിദ്യാഭ്യാസ പദ്ധതി

ഭാരതത്തിലെ ശാസ്ത്രവിദ്യാഭ്യാസത്തിലെ പഴഞ്ചൻ ധാരണകളെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ തന്നെ അവ നാമമാത്രമാണ്. ഹോഷംഗാബാദ് ശാസ്ത്ര വിദ്യാഭ്യാസ പദ്ധതിയാണതിലൊന്ന്. സെക്കൻഡറി തലം വരെ സ്കൂളുകളിൽ പരീക്ഷണങ്ങളിലൂടെയുള്ള ശാസ്ത്രാദ്ധ്യായന പദ്ധതിയായിരുന്നു അത്. 1972 മുതൽ മദ്ധ്യപ്രദേശിലെ ഹോഷംഗാബാദ് ജില്ലയിലെ 16 സ്കൂളുകളിൽ ഒരു പൈലറ്റ് പ്രൊജക്റ്റ് എന്ന രീതിയിലാണ് ഇതിന് തുടക്കമിട്ടത്‌.
2002 മാർച്ചിൽ ഈ പദ്ധതി പെട്ടെന്ന് നിർത്തിവെക്കുകയാണ് ഉണ്ടായത്. ആ സമയത്ത് മദ്ധ്യപ്രദേശിലെ 14 ജില്ലകളിലായി 1000 സ്കൂളുകളിലേക്ക് ഇത് വ്യാപിച്ചിരുന്നു. സാധാരണ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ സംസ്ഥാന സർക്കാർ പദ്ധതി എന്ന രീതിയിൽ ഹോഷംഗാബാദ് ശാസ്ത്ര വിദ്യാഭ്യാസ പദ്ധതി സമാനതകളില്ലാത്തതായിരുന്നു. വലിയൊരു അക്കാദമിക് റിസോർസ് ഗ്രൂപ്പിന്റെ സഹായം ഇതിനുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഈ പദ്ധതി കാര്യമായ സ്വാധീനം ചെലുത്തി.
ഹോഷംഗാബാദ് സ്കൂൾ ശാസ്ത്ര വിദ്യാഭ്യാസ പരിപാടി – വിദ്യാഭ്യാസ പ്രവർത്തകർ
ഹോഷംഗാബാദ് ശാസ്ത്രവിദ്യാഭ്യാസ പദ്ധതിയും, പരമ്പരാഗതമായ ശാസ്ത്ര വിദ്യാഭ്യാസവും തമ്മിലുള്ള പ്രധാന വ്യത്യാസം, ഹോഷംഗാബാദ് പദ്ധതി ശാസ്ത്രത്തിന്റെ രീതി, അതായത് നിരീക്ഷണം, നിഗമനം, പരീക്ഷണം എന്നിവയിൽ ഊന്നൽ നൽകുന്നു എന്നതാണ്. എന്നാൽ പരമ്പരാഗതരീതിയിലുള്ള ശാസ്ത്രവിദ്യാഭ്യാസമാകട്ടെ ശാസ്ത്രത്തിന്റെ ഉദ്ഭവം അതായത് ശാസ്ത്ര തത്വങ്ങൾ, സിദ്ധാന്തങ്ങൾ എന്നിവക്കാണ് പ്രാധാന്യം നൽകുന്നത്. ശാസ്ത്രവിദ്യാഭ്യാസത്തിന്റെ അധ്യയനം നടക്കേണ്ടത് ശാസ്ത്രത്തിന്റെ രീതിയെക്കുറിച്ചാണൊ, അതൊ ആവിർഭാവത്തെക്കുറിച്ചാണൊ വേണ്ടതെന്ന ചർച്ചകളൊക്കെ നടക്കുന്നുണ്ട്. മുഖ്യധാരയിലെ ആളുകൾ ശാസ്ത്രത്തിന്റെ ആവിർഭാവത്തെക്കുറിച്ചാണ് പഠിപ്പിക്കേണ്ടതെന്ന പക്ഷക്കാരാണ്.
ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ ദുഃഖകരമായ ഒരു തീരുമാനമായിരുന്നു മദ്ധ്യപ്രദേശ് സർക്കാർ ഹോഷംഗാബാദ് ശാസ്ത്ര വിദ്യാഭ്യാസപദ്ധതി നിർത്തിവെച്ചത്.രാജ്യത്തെമ്പാടുമുള്ള വിദ്യാഭ്യാസ വിചക്ഷണന്മാർ ഈ തീരുമാനം പിൻവലിക്കണമെന്ന് അപേക്ഷിച്ച് നോക്കിയെങ്കിലും സർക്കാർ അത് അവഗണിച്ചു.വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെ എതിർക്കുന്ന, പഴഞ്ചൻ രീതികൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമായിരുന്നു അത്..

സ്കൂളുകളിലെ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ മുഖ്യ ഉദ്ദേശ്യം എന്താവണം ?

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവസരം ഉറപ്പാക്കുക എന്നള്ളത് ദേശീയ ലക്ഷ്യമായി വളർന്ന് വന്നിരിക്കുന്നു. രാജ്യത്തെ എല്ലാ കുട്ടികൾക്കും എട്ടാം തരം വരെയെങ്കിലും വിദ്യാഭ്യാസം നൽകുക എന്നുള്ളത് ഒരു കാലത്തും നടപ്പിലാക്കാനാകില്ല എന്നാണ് കരുതിയിരുന്നത്.എന്നാലിന്നത് സംഭവിക്കാവുന്നതാണെന്ന തോന്നലുണ്ടായിരിക്കുന്നു. സ്കൂളുകളിലെ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ മുഖ്യ ഉദ്ദേശ്യം എന്താണെന്ന ചോദ്യം അതു കൊണ്ട് തന്നെ ഏറെ പ്രസക്തമാണ്.
കഴിഞ്ഞ 40 വർഷക്കാലത്തെ പാഠ്യപദ്ധതിയും, ടെക്സ്റ്റ് ബുക്കുകളും പ്രചാരത്തിലുള്ളവ പരിശോധിച്ചാൽ അതിന്റെ അപ്രഖ്യാപിത ലക്ഷ്യം ശാസ്ത്രജ്ഞന്മാരെ സൃഷ്ടിച്ചെടുക്കലാണെന്നുള്ളത് കാണാം. അതിനാൽ തുടക്കത്തിൽ തന്നെ ക്ലാസുകളിൽ കൂടുതൽ കൂടുതൽ അറിവുകൾ പകർന്ന് നൽകണമെന്നുള്ള സമ്മർദ്ദം തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. പാഠ്യപദ്ധതിയിൽ ശാസ്ത്രത്തിന്റെ നാനാവിധ മേഖലയെക്കറിച്ചുള്ള വിവരങ്ങൾ തള്ളിക്കയറ്റി വെച്ചിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. പത്താം ക്ലാസ് വരെ കുട്ടികൾ ശാസ്ത്രം ഒരു വിഷയയമായി എടുത്ത് പഠിക്കുക എന്നത് നിർബ്ബന്ധമാണെങ്കിൽ തന്നെ ശാസ്ത്ര പഠനത്തിന്റെ തുടക്കത്തിലെയുള്ള ലക്ഷ്യം കേവലം ശാസ്ത്രജ്ഞനെ സൃഷ്ടിക്കുക എന്നുള്ളത് ആകരുത്.
യുനെസ്കോ , തീരുമാനിച്ചിരിക്കുന്നത് ശാസ്ത്രസാങ്കേതിക സാക്ഷരത എല്ലാവരുടേയും ലക്ഷ്യമാകണം എന്നാണ്.ശാസ്ത്രത്തിന്റെ അന്നന്നത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ഓരൊ പൗരനും അറിവുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. ദൈനംദിന പ്രവർത്തനങ്ങളിൽ ആവശ്യമായത്ര സാങ്കേതികജ്ഞാനം മനസ്സിലാക്കി ഉപയോഗിക്കാനുള്ള കഴിവും, സാഹചര്യവുമുണ്ടാവണം. കൂടാതെ ഇതിന്റെ സമൂഹ്യപ്രാധാന്യത്തെക്കുറിച്ചും ശാസ്ത്ര സംബന്ധമായ വിഷയങ്ങളിൽ(ഉദാഹരണമായി, അണക്കെട്ടിന്റെ ഉയരം നിർണയിക്കൽ, ന്യൂക്ളിയർ റിയാക്ടർ എവിടെ സ്ഥാപിക്കണമെന്നത്) ധാരണ വേണം. കൃത്യമായും, തുടക്കത്തിലേയുള്ള ലക്ഷ്യം ശാസ്ത്ര സാക്ഷരതയാണെങ്കിൽ പത്താം ക്ലാസ് വരെയുള്ള പാഠ്യപദ്ധതിയിൽ വിപ്ലവാത്മകമായ പരിവർത്തനങ്ങൾ വരുത്തേണ്ട ആവശ്യം വരും.
ശാസ്ത്രലോകവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വിദഗ്ദരും, നിയമനിർമ്മാതാക്കളും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ഉത്കണ്ഠാകുലരാണ്. അതുകൊണ്ടാവാം പുതിയ പുതിയ പദ്ധതികൾ പരികൽപ്പന ചെയ്യുന്നുണ്ട്. ഈ ആശങ്കക്ക് കാരണം രാജ്യത്തെ ശാസ്ത്ര സ്ഥാപനങ്ങളിൽ ആവശ്യമായ ത്ര ശാസ്ത്രജ്ഞരും, യോഗ്യതയുള്ള മറ്റ് ജോലിക്കാരും ഇല്ല എന്നുള്ളതാണ്. ആവശ്യമായത്രയും യോഗ്യരായ യുവശാസ്ത്രജ്ഞരെ പരിശീലിപ്പിച്ചെടുക്കാനും നമുക്കാവുന്നില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മുടെ സ്കൂൾ വിദ്യാഭ്യാസം ഇക്കാര്യത്തിൽ പരാജയപ്പെടുന്നു.സ്കൂൾ വിദ്യാഭ്യാസത്തിന്റെ അപ്രഖ്യാപിത ലക്ഷ്യം ശാസ്ത്രജ്ഞരെ സൃഷ്ടിക്കുക എന്നുള്ളതായിട്ടു കൂടി.

ദേശീയ പാഠ്യപദ്ധതി രേഖ 2005

NCERT യുടെ ദേശീയ പാഠ്യപദ്ധതി രേഖ 2005 ൽ പുതിയ രീതിയിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു, ഹോഷംഗാബാദ് ശാസ്ത്രവിദ്യാഭ്യാസ പദ്ധതിയുടേയും, അത് പോലുള്ള മറ്റ് പരിശ്രമങ്ങളിലൂടേയും രൂപപ്പെട്ട നയസമീപനങ്ങൾക്ക് പ്രധാനപ്പെട്ട സ്ഥാനം നൽകിയിട്ടുണ്ട്. വസ്തുതകളുടേയും, അറിവുകളുടേയും അനാവശ്യ ഭാരത്തിൽ നിന്ന് പാഠ്യപദ്ധതിയെ മോചിപ്പിക്കുക, ശാസ്ത്രത്തെ വ്യത്യസ്ഥ ഘടകങ്ങളായി വെട്ടിമുറിക്കുന്ന പ്രക്രിയ അവസാനിപ്പിക്കുക, സ്കൂൾ വിദ്യാഭ്യാസത്തിൽ ദൈനം ദിനം ആവശ്യമായതിനപ്പുറത്തുള്ള അറിവുകൾ കൂട്ടിച്ചേർക്കുക… തുടങ്ങിയവ ഈ നയസമീപനരേഖയുടെ മുഖ്യ ലക്ഷ്യങ്ങളാണ്. ഈ പരിശമങ്ങളെ തീർച്ചയായും സ്വാഗതം ചെയ്യേണ്ടതാണ്.എന്നുമാത്രമല്ല ഇതിലെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ മടിക്കേണ്ടതില്ല.
ഇന്ന് നിലനിൽക്കുന്ന ശാസ്ത്രവിദ്യാഭ്യാസ മാതൃക ഗുണകരമാക്കേണ്ടത് അതിപ്രധാനമാണ്.അതുകൊണ്ട് തന്നെ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പുതിയ മാതൃക വികസിപ്പിച്ചെടുക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ശാസ്ത്രം കുട്ടികൾക്ക് അപരിചിതമായൊരു വാക്ക് ആവാതിരിക്കാൻ പുതിയ മാതൃകക്ക് കഴിയട്ടെ, മാത്രമല്ല അവർക്ക് തങ്ങളുടേതായ അനുഭവങ്ങളിലൂടെ അത് ഉൾക്കൊള്ളാനാകട്ടെ. ഇതിനായി പാഠ്യപദ്ധതിയിൽ ശാസ്ത്രത്തിന്റെ രീതിക്ക് പ്രധാനപ്പെട്ട സ്ഥാനം നൽകേണ്ടി വരും. കൂടാതെ കുട്ടികൾ സ്വയം അന്വേഷിച്ചും പരീക്ഷണങ്ങളിലൂടെയും കാര്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുയും വേണം.
ചുരുക്കത്തിൽ പറഞ്ഞാൽ ശാസ്ത്രം ജീവനുള്ളതും , രസകരവുമാകണം. വിദ്യാർത്ഥികൾ ശാസ്ത്രം പഠിക്കുന്നതിലേക്ക് സ്വയം ആകർഷിക്കപ്പെടണം. ശാസ്ത്രത്തിന്റെ ഈ മാതൃക രാജ്യത്തെ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ വ്യാപകമായ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തികരിക്കുന്നതിന് സഹായിക്കുന്നതാവണം.

അനുബന്ധ വായനയ്ക്ക്



Happy
Happy
0 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
25 %
Surprise
Surprise
25 %

Leave a Reply

Previous post മസ്തിഷ്കം എന്ന ഭൂപടശേഖരം
Next post ആകാശത്തെ കൂറ്റൻ വണ്ടിച്ചക്രം – ജെയിംസ് വെബ്ബ് ടെലിസ്കോപ്പിൽ നിന്നും പുതിയ ചിത്രം
Close