ഉപ്പുവെള്ളത്തിലെ കൊതുകുകൾ
ഇന്ന് ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധ വേണ്ടവിധം പതിയാത്ത ഒരു മേഖലയാണ് തീരദേശത്തെ ഉപ്പുജലാശയങ്ങളും അവയിൽ വളരുന്ന കൊതുകുകളും.
അധികമൊന്നും വെള്ളം വേണ്ട കൊതുകിന് വളരുവാൻ. ഒരു മുട്ടത്തോടിലെ വെള്ളത്തിൽ പോലും കൊതുകു കൂത്താടികൾ വളരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ പിന്നെ പരന്ന് കിടക്കുന്ന കടലിലെന്താ കൊതുകുകളില്ലാത്തത്? ഒരു പ്രധാന കാരണം ഉപ്പ് തന്നെ. എന്നു കരുതി ഉപ്പുവെള്ളത്തെ കൊതുകുകൾ പാടേ കൈയൊഴിയും എന്നൊന്നും കരുതേണ്ട. ഉപ്പ് മാത്രമല്ല കൊതുകുകൾ കടലിൽ വളരാതിരിക്കാൻ കാരണം. കടലിലെ ശക്തമായ ഓളങ്ങളും അക്രമകാരികളായ കടൽജീവികളും മറ്റുമായിരിക്കാം കൊതുകുവളർച്ചയെ അനുവദിക്കാത്ത ഘടകങ്ങൾ. ഉപ്പിന്റെ അളവ് കടൽവെള്ളത്തേക്കാൾ മൂന്നിരട്ടിയുണ്ടെങ്കിലും ജീവിക്കാൻ കഴിവുള്ള ഒരു കൊതുകാണ് അമേരിക്കയിലും ജപ്പാനിലും മറ്റും കാണുന്ന ഏഡീസ് ടോഗോയ് (Aedes togoi). ഇതുപോലെ അനേകം കൊതുകുകൾ ഉപ്പുവെള്ളത്തിൽ ജീവിക്കാൻ കഴിവുള്ളവയാണ്. കേരളത്തിലുമുണ്ട് ഉപ്പ് സ്നേഹികളായ ചില കൊതുകുകൾ. അവയെക്കുറിച്ചാണ് ഈ ലേഖനം.
ഉപ്പുവെള്ളത്തിന്റെ വർഗ്ഗീകരണം
- ശുദ്ധ ജലം
- നേരിയ ഉപ്പ് വെള്ളം അഥവാ ബ്രാക്കിഷ് വാട്ടർ (brackish water )
- ഉപ്പ് വെള്ളം അഥവാ സലൈൻ വാട്ടർ (saline water)
ലവണാംശം അഥവാ ഉപ്പിന്റെ അംശം സലിനോമീറ്റർ (Salinometer) എന്ന ഉപകരണം ഉപയോഗിച്ചാണ് അളക്കുന്നത്. പാർട്സ് പെർ തൗസന്റ് (പി.പി.ടി-ppt) എന്നതാണ് ഇതിന്റെ യൂണിറ്റ്. 0.1 പി.പി.ടി മുതൽ 0.5 പി.പി.ടി വരെയാണ് ലവണാംശമെങ്കിൽ ജലം ശുദ്ധമാണ്. 0.5 മുതൽ 30 വരെ ലവണാശം ഉള്ള ജലത്തെയാണ് ബ്രാക്കിഷ് വാട്ടർ എന്ന് വിളിക്കുന്നത്. 30 പി.പി.ടി ക്ക് മുകളിലാണ് ലവണാശം എങ്കിൽ അതിനെ ഉപ്പ് വെള്ളം എന്ന് വിളിക്കുന്നു. കടൽവെള്ളത്തിന്റെ ലവണാശം ഏകദേശം 35 പി.പി.ടി ആണ്. ഇത് 33 മുതൽ 38 പി.പി.ടി വരെ ആവാം. ഭൂരിഭാഗം കൊതുകുകളും ശുദ്ധജലത്തെ ചുറ്റിപ്പറ്റി ജീവിക്കുന്നവയാണെങ്കിലും വൈദ്യശാസ്ത്ര പരമായി ഏറെ പ്രാധാന്യമുള്ള 3 ജനുസ്സുകളും (ഈഡിസ്, അനഫലസ്, ക്യൂലക്സ്) ശുദ്ധജലത്തിലും അത് പോലെ ഉപ്പ് കലർന്ന ജലത്തിലും വളരുന്നതായി കണ്ടിട്ടുണ്ട്.
ഇത്തിരി ചരിത്രം
1914 മുതൽ തന്നെ ശാസ്ത്രജ്ഞമാർ കൊതുകിന്റെ ജീവിത ചക്രത്തിൽ ഉപ്പ് വെള്ളത്തിന്റെ സ്വാധീനവും ഉപ്പ് വെള്ളത്തോടുള്ള അവയുടെ പ്രതിപത്തിയും സഹിഷ്ണുതയും ഗവേഷണ വിധേയമാക്കി തുടങ്ങിയിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി നടന്ന പഠനങ്ങളിൽ കൊതുകുജന്യ രോഗങ്ങൾ പരത്തുന്ന പല കൊതുകുകളും ഉപ്പ് വെള്ളത്തിൽ മുട്ടയിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. 1919 മുതൽ സമാനമായ പഠനങ്ങൾ ഇന്ത്യയിലും നടക്കുകയുണ്ടായി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മലമ്പനി പരത്തുന്ന അനഫലസ് സണ്ടായിക്കസ് (Anopheles sundaicus) കൊതുകുകൾ വളരുന്നത് ഉപ്പുവെള്ളത്തിലാണ്.
കേരളത്തിൽ 1996 ൽ കൊച്ചിയിലെ വൈപ്പിൻ ദ്വീപിൽ നടന്ന പഠനത്തിൽ ഉപ്പുവെള്ളത്തിൽ വളരുന്ന ചില കൊതുകുകളെ കണ്ടെത്തി. 2015 ൽ ആലപ്പുഴയിലും സമാനമായ പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഉത്തരകേരളത്തിൽ അത്തരം പഠനങ്ങളൊന്നും നടന്നിരുന്നില്ല. മാത്രമല്ല കേരളത്തിൽ നേരത്തെ നടന്ന പഠനങ്ങൾ ചെറിയ രീതിയിലുള്ളവയായിരുന്നു. ആ സാഹചര്യത്തിലാണ് 2018 മുതൽ 2022 വരെ ഉത്തര കേരളത്തിലെ നാല് ജില്ലകളിൽ ഉപ്പുകൊതുകുകളെ തേടി ഞങ്ങൾ വിപുലമായ ഒരു അന്വേഷണം നടത്തിയത്. ദീർഘമായ കടൽത്തീരങ്ങളുള്ള കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.
പഠനരീതികൾ
ഉപ്പ് വെള്ളം കാണാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നിടത്തെല്ലാം കൂത്താടികൾക്ക് വേണ്ടി തിരഞ്ഞു. തുറമുഖങ്ങൾ, ചതുപ്പ് നിലങ്ങൾ,കൈപ്പാട് വയലുകൾ,കണ്ടൽക്കാടുകൾ, ഉപയോഗശൂന്യമായ ബോട്ടുകൾ, കടലോരങ്ങളിലുള്ള പ്ലാസ്റ്റിക്ക് പാത്രങ്ങൾ, വലിച്ചെറിഞ്ഞ പൊട്ടിയ പാത്രങ്ങൾ തുടങ്ങി കൊതുകുകൾ മുട്ടയിടാൻ സാധ്യതയുള്ള മുഴുവൻ സ്ഥലങ്ങളും പഠനത്തിന് വിധേയമാക്കി. കൂത്താടികൾ കൊതുകുകളായപ്പോൾ അവയെ മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് തിരിച്ചറിഞ്ഞു. ഞങ്ങളുടെ കണ്ടെത്തലുകൾ അത്ഭുതകരവും അതേ സമയം ആശങ്കാജനകവും ആയിരുന്നു. രോഗവാഹികളായ പലതരം കൊതുകുകളും ഉപ്പുവെള്ളത്തിൽ വളരുന്നതായി കണ്ടെത്തി.
ഏതെല്ലാം കൊതുകുകൾ ?
മലേറിയ പരത്തുന്ന അനഫലസ് ജനുസിൽ പെട്ട ചില കൊതുകുകൾ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങളുടെ വാഹകരായ ഏഡിസ് അൽബോപിക്റ്റസ് കൊതുക്, ജപ്പാൻ ജ്വരം, മന്ത് തുടങ്ങിയ രോഗങ്ങൾ പരത്തുന്ന ക്യൂലക്സ് കൊതുകുകൾ എന്നിവ ഉപ്പ് വെള്ളത്തിൽ മുട്ടയിടുന്നതായി കണ്ടെത്തി. 0.6 മുതൽ 32 പി.പി.ടി വരെ ലവണാംശമുള്ള ജലത്തിലാണ് ഇവ മുട്ടയിടുന്നതായി നിരീക്ഷിച്ചത്. ഇവയിൽ അനഫലസ് സബ്പിക്റ്റസ്-ബി കൊതുകുകളെ കേരളത്തിൽ ആദ്യമായാണ് കണ്ടെത്തുന്നത്. മലമ്പനി പരത്താൻ കഴിവുള്ള കൊതുകുകളാണ് അനഫലസ് സബ്പിക്റ്റസ്-ബി. വിശദ വിവരങ്ങൾ പട്ടിയികയിൽ കാണാം.
കൊതുക് സ്പീഷീസ് | ഉപ്പിന്റെ അളവ് (ppt) | പരത്താൻ കഴിവുള്ള രോഗങ്ങൾ |
---|---|---|
അനഫലസ് ബാർബിറോസ്ട്രിസ് | 1-4 | |
അനഫലസ് സബ്പിക്റ്റസ്-ബി | 20-32 | മലമ്പനി |
അനഫലസ് സബ്പിക്റ്റസ്-എ | 1-20 | |
ഏഡിസ് അൽബോപിക്റ്റസ് | 1-5 | ഡെങ്കി,ചിക്കുൻഗുനിയ, സിക്ക |
ക്യൂലക്സ് ക്വിൻക്യൂഫേഷിയേറ്റസ് | 2-30 | മന്ത് |
ക്യൂലക്സ് സിറ്റിയൻസ് | 5-30 | ജപ്പാൻ ജ്വരം |
ക്യൂലക്സ് ട്രൈറ്റീനിയോറിൻഖസ് | 2-5 | ജപ്പാൻ ജ്വരം |
ആഗോളതാപനവും ഉപ്പുകൊതുകളും
ആഗോളതാപനത്തിന്റെ ഫലമായി കടൽനിരപ്പുയരുമ്പോൾ കേരളത്തിലെ പല തീരപ്രദേശങ്ങളും കടലിനടിയിലാകുമെന്നാണ് ചില പ്രവചന പഠനങ്ങൾ സൂചിപ്പിക്കുന്നത്. കടൽനിരപ്പുയരുന്ന നിരക്ക് ഇന്നത്തെ അളവിൽ തുടരുകയാണെങ്കിൽ 2050 ആകുമ്പോഴേക്കും കേരളത്തിലെ നാല് ജില്ലകളിലെ (തൃശ്ശൂർ,എറണാകുളം, ആലപ്പുഴ, കോട്ടയം) പല പ്രദേശങ്ങളും കടലിനടിയിൽ പോകുമെന്നാണ് അമേരിക്കയിലെ ന്യൂ ജേഴ്സി ആസ്ഥാനമായുള്ള ക്ലൈമറ്റ് സെൻട്രാലിന്റെ (Climate Central) ഡിജിറ്റൽ എലിവേഷൻ മോഡൽ (Digital Elevation Model) പ്രവചിക്കുന്നത്. അതെന്തായാലും കേരളതീരത്തുടനീളം കടൽ കടന്നുകയറുമെന്നുറപ്പാണ്. അതോടൊപ്പം തീരപ്രദേശത്തുള്ള പല ശുദ്ധജലാശയങ്ങളിലും ഉപ്പിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും പുതിയ ഉപ്പുജലാശയങ്ങൾ രൂപപ്പെടുകയും ചെയ്യും. തുടർന്ന് ഉപ്പുജലത്തിൽ വളരാൻ കഴിവുള്ള കൊതുകുകളും അവ പരത്തുന്ന രോഗങ്ങളും ആനുപാതികമായി വർദ്ധിക്കുവാൻ ഇത് കാരണമാകുകയും ചെയ്യും.
ഇന്ന് ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധ വേണ്ടവിധം പതിയാത്ത ഒരു മേഖലയാണ് തീരദേശത്തെ ഉപ്പുജലാശയങ്ങളും അവയിൽ വളരുന്ന കൊതുകുകളും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെതിരെ പ്രതിരോധനടപടികൾ ആസൂത്രണം ചെയ്യുമ്പോൾ ഉപ്പുകൊതുകുകളെക്കൂടി ഓർക്കേണ്ടിവരും.
അധിക വായനയ്ക്ക്
- Ramasamy R, Surendran SN (2012). Global climate change and its potential impact on disease transmission by salinity-tolerant mosquito vectors in coastal zones. Frontiers in Physiology . Article 198. 1-14. >>>
- Belton P, Belton OC (1990). Aedes togoi comes aboard. Journal of the American Mosquito Control Association. 6(2): 328-329. >>>
- Shamna AK, Vipinya C and Sumodan PK (2022). Detection of Aedes albopictus (Diptera: Culicidae) breeding in brackish water habitats in coastal Kerala, India, and its implications for dengue scenario in the state. International Journal of Entomology Research. 7 (4): 214-216. >>>