Read Time:20 Minute

മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവ ചേർന്ന് തീർക്കുന്ന വസന്ത ത്രികോണവും അഭിജിത്ത് (Vega), തിരുവോണം, ഡെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണവും ഈ മാസം സന്ധ്യാകാശത്ത് കാണാം. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.

ജൂലൈയിലെ സൗരരാശികള്‍

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളെ ജൂലൈ മാസം നിരീക്ഷിക്കാം. നേരെ കിഴക്ക്-പടിഞ്ഞാറായല്ല ഈ മാസങ്ങളില്‍ ക്രാന്തിപഥം കാണപ്പെടുന്നത്. സന്ധ്യയ്ക്ക് നിരീക്ഷിക്കുമ്പോൾ വടക്ക്-പടിഞ്ഞാറുനിന്നും തെക്ക് കിഴക്ക് ദിശയിലേക്കും പുലര്‍ച്ചെ നിരീക്ഷിക്കുമ്പോൾ തെക്ക് പടിഞ്ഞാറുനിന്നും വടക്ക് കിഴക്ക് ദിശയിലുമാണ് ക്രാന്തിപഥം കാണപ്പെടുക.  മുകളിൽ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തിവൃത്തം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തിപഥം അഥവാ ക്രാന്തിവൃത്തം (ecliptic).  ക്രാന്തി പഥത്തിനിരുവശത്തുമായി 18° വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക വലയമാണ് രാശിചക്രം. രാശിചക്രത്തെ 30° വീതമുള്ള 12 ഭാഗങ്ങളാക്കി വിഭജിച്ച്, ഓരോ ഭാഗത്തിനും അവയിലുള്ള നക്ഷത്രഗണങ്ങളുടെ പേരു നൽകിയിരിക്കുന്നു. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.

ചിങ്ങം

പടിഞ്ഞാറേ ചക്രവാളത്തില്‍ സന്ധ്യയ്ക്ക് ഏഴരയോടെ നോക്കിയാൽ, ചക്രവാളത്തിൽ നിന്നും മുകളിൽ 20°യ്ക്കും 50°യ്ക്കും ഇടയിലായി ചിങ്ങം (Leo) രാശി കാണാം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗുലസ് (Regulus/ α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് വാൽഭാഗത്ത് കാണപ്പെടുന്ന ഉത്രം അഥവ ദെനെബോല (Denebola / β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങൾ ചേർന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതാണ് മകം എന്ന ചാന്ദ്രഗണം. (ചിലർ റഗുലസിനെ മാത്രമായും മകം എന്നു വിളിക്കും.) നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ ചേർന്നതാണ് പൂരം എന്ന ചാന്ദ്രഗണം. ദെനെബോലയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്ന് ഉത്രം എന്ന ചാന്ദ്രഗണം രൂപപ്പെടുന്നു.

കന്നി

പടിഞ്ഞാറു ഭാഗത്തുള്ള ചിങ്ങത്തിനും കിഴക്കു ഭാഗത്തുള്ള തുലാത്തിനും ഇടയിലായി കന്നിരാശിയെ കാണാം. ജൂലൈ മാസത്തിൽ സന്ധ്യക്ക് ശീർഷബിന്ദുവിൽനിന്നും അല്പം തെക്കുപടിഞ്ഞാറായിട്ടാണ് അതിന്റെ സ്ഥാനം. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര (Spica) ആണ്. ശീർഷബിന്ദുവിൽ നിന്നും ഏകദേശം 30° തെക്കുപടിഞ്ഞാറായാണ് ചിത്രയുടെ സ്ഥാനം.  മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര.

തുലാം

ജൂലൈ മാസത്തിൽ തലക്ക് മുകളിലായി, ശീർഷബിന്ദുവിൽ നിന്നും തെക്കുകിഴക്ക് മാറി ഏകദേശം 20°യ്ക്കും 40°യ്ക്കും ഇടയിലായി തുലാം രാശിയെ കാണാം. കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.

വൃശ്ചികം

ജൂലൈ മാസത്തില്‍ സന്ധ്യയ്ക്ക് തെക്ക്-കിഴക്കെ ആകാശത്തിൽ ചക്രവാളത്തിനും ശീർഷബിന്ദുവിനും മധ്യത്തിലായി വൃശ്ചികം രാശി കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ്. ഇതൊരു ചുവപ്പ് ഭീമന്‍ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തില്‍ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം എന്ന ചാന്ദ്രഗണം. തൃക്കേട്ടക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. ചിത്രത്തിന്റെ സഹായത്തോടെ യാതൊരു പ്രയാസവും കൂടാതെ വൃശ്ചികത്തിനെ തിരിച്ചറിയാം.

ധനു

ജൂലൈ മാസത്തില്‍ രാത്രി 8 മണിയോടെ തെക്ക് കിഴക്ക് ചക്രവാളത്തിനു മുകളിലായി ധനു രാശി പൂര്‍ണമായും ഉദിച്ചുയരും. വില്ലിന്റെ(ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രസമൂഹമാണ് ധനു. ഇതിന്റെ പടിഞ്ഞാറേ പകുതി പൂരാടം എന്ന ചാന്ദ്രഗണവും ബാക്കി ഉത്രാടവും ആണ്.

മറ്റ് പ്രധാന നക്ഷത്രസമൂഹങ്ങള്‍

സപ്തര്‍ഷിമണ്ഡലം (Ursa Major)

സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും
സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും

വടക്കേ ചക്രവാളത്തിൽ നിരീക്ഷിക്കാൻ സാധിക്കുന്ന പ്രധാന താരാഗണമാണ് സപ്തർഷിമണ്ഡലം (വലിയ കരടി / Big Bear / Big dipper). ജൂലൈമാസത്തിലെ സന്ധ്യയ്ക്ക് ഇത് വടക്കുപടിഞ്ഞാറെ ആകാശത്തിന്റെ മദ്ധ്യഭാഗത്തായി കാണപ്പെടുന്നു. സപ്തര്‍ഷി മണ്ഡലത്തിലെ തിളക്കമേറിയ ഏഴു നക്ഷത്രങ്ങള്‍ ഒരു തവിയുടെ (dipper) ആകൃതിയിൽ കാണപ്പെടുന്നു. ഇവയുടെ പേരുകൾ യഥാക്രമം ക്രതു (Dubhe), പുലഹൻ (Merkel), പുലസ്ത്യൻ (Phecda), അത്രി (Megrez), ആംഗിരസ് (Alioth), വസിസ്ഠൻ (Mizar), മരീചി (Benetnasch) എന്നിവയാണ്.

  • സപ്തർഷികളിലെ പുലഹൻ, ക്രതു എന്നീ നക്ഷത്രങ്ങളെ ചേർത്ത് ഒരു രേഖ സങ്കല്പിച്ച് നീട്ടിയാൽ അത് ധ്രുവനക്ഷത്രത്തിൽ എത്തും.
  • അത്രി, പുലസ്ത്യൻ എന്നീ നക്ഷത്രങ്ങൾ യോജിപ്പിക്കുന്ന രേഖ തെക്കുപടിഞ്ഞാറ് ദിശയിൽ നീട്ടിയാൽ അത് ചിങ്ങത്തിലെ റെഗ്യുലസ് എന്ന നക്ഷത്രത്തിൽ എത്തും.
  • അംഗിരസ്-വസിഷ്ഠ-മരീചി നക്ഷത്രങ്ങളെ ചേര്‍ത്ത് ഒരു വളഞ്ഞവര നീട്ടുകയാണെങ്കിൽ അത് അവ്വപുരുഷൻ (Boötes) എന്ന നക്ഷത്രഗണത്തിലെ ചോതി (Arcturus)നക്ഷത്രത്തിലെത്തും.

അവ്വപുരുഷന്‍ (Bootes)

തലയ്ക്കുമുകളില്‍, ഖഗോള മദ്ധ്യരേഖയ്ക്ക് അല്പം വടക്ക് പടിഞ്ഞാറായി, അവ്വപുരുഷന്‍ എന്ന താരാഗണത്തെ കാണാം. ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി (Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായാണ് ചോതിയുടെ സ്ഥാനം. (മുകളിലെ ചിത്രം നോക്കുക)

മഹിഷാസുരനും (Centaurus) ത്രിശങ്കുവും (Crux)

തെക്കന്‍ ചക്രവാളത്തിൽ നിന്നും ഏകദേശം 15° മുകളിലായി തിളക്കമുള്ള രണ്ടു നക്ഷത്രങ്ങളെ കാണാവുന്നതാണ്. അവയിൽ കിഴക്കുഭാഗത്തുകാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് ആൽഫാ സെന്റോറി അഥവ റിഗിൽ കെന്റ് (Rigil Kentarus/Alpha Centauri). ആൽഫാ സെന്റോറിക്ക് തൊട്ടുപടിഞ്ഞാറായി ഹദാര്‍ അഥവ ബീറ്റ സെന്റോറി (Hadar/Beta Centauri) എന്ന നക്ഷത്രം കാണാം. ഇവയുൾപ്പെടുന്ന നക്ഷത്രഗണമാണ് മഹിഷാസുരൻ (Centaurus). ആകാശഗംഗ ഈ താരാഗണത്തിലൂടെ കടന്നുപോകുന്നതായി കാണാൻ സാധിക്കും. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്തു സ്ഥിചെയ്യുന്ന ദൃശ്യ നക്ഷത്രമാണ് ആൽഫാ സെന്റോറി, തൊട്ടടുത്ത് രണ്ടാം സ്ഥാനത്തുള്ളത് ഹദാറും.

തെക്കെ ചക്രവാളത്തിനു തൊട്ടുമുകളിലായി നാലു നക്ഷത്രങ്ങൾ ചേർന്ന തെക്കൻകുരിശ് അഥവ ത്രിശങ്കു (Crux) എന്ന നക്ഷത്രഗണം കാണാം. ഇതിലെ കുത്തനെയുള്ള രണ്ട് നക്ഷത്രങ്ങൾ ചേർത്ത് ചക്രവാളത്തിലേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് ദക്ഷിണ ദിശ കാണിച്ചുതരും.

ഗരുഡന്‍ (Aquila)

കിഴക്കെ ചക്രവാളത്തോട് ചേ‍ർന്ന്, ചക്രവാളത്തിനും 30°-യ്ക്കും ഇടയിലായി ജൂലൈമാസം സന്ധ്യയ്ക്ക് കാണാന്‍ കഴിയുന്ന നക്ഷത്രമസൂഹമാണ് ഗരുഡൻ (Aquila). ഇതിലെ തിളക്കമേറിയ നക്ഷത്രമാണ് ശ്രവണന്‍ (Altair). ശ്രവണനും അതിന്റെ ഇരുഭാഗത്തായി കാണുന്ന മറ്റു രണ്ടു നക്ഷത്രങ്ങളും കൂടി ചേർന്നതാണ് തിരുവോണം എന്ന ചാന്ദ്രഗണം. ഒരു വരിയിലെന്ന പോലെ മൂന്നു നക്ഷത്രങ്ങള്‍ കാണാം – അതാണ് തിരുവോണം. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്.

മറ്റുള്ളവ

  • വടക്കുകിഴക്കെ ചക്രവാളത്തിനു തൊട്ടു മുകളിലായി, ചക്രവാളത്തിനും 20°-യ്ക്കും ഇടയിലായി കാണാൻ കഴിയുന്ന നക്ഷത്രഗണമാണ് ജായര (Cygnus). ഇതിലെ പ്രഭയേറിയ നക്ഷത്രമാണ് ഡെനബ്.
  • വടക്ക്-കിഴക്ക് ആകാശത്തിൽ, ചക്രവാളത്തിൽനിന്നും ഏകദേശം 30° മുകളിലായി കാണുന്ന പ്രഭയുള്ള നക്ഷത്രമാണ് അഭിജിത് (Vega). അയംഗിതി (Lyra) എന്ന താരാഗണത്തിന്റെ ഭാഗമാണിത്.
  • തെക്കുപടിഞ്ഞാറെ ആകാശത്തിന്റെ മധ്യത്തിലായി (ചക്രവാളത്തിൽ നിന്നും മുകളിൽ ഏകദേശം 40°യ്ക്കും 50°യ്ക്കും ഇടയിലായി) ചിത്രയ്ക്ക് തെക്കുപടിഞ്ഞാറായി കാണുന്ന നാലു നക്ഷത്രങ്ങൾ ചേര്‍ന്ന താരാഗണമാണ് അത്തക്കാക്ക Corvus).
  • വടക്കന്‍ ചക്രവാളത്തിന് തൊട്ട് മുകളിലായി ലഘുബാലു (Ursa Minor) എന്ന നക്ഷത്ര സമൂഹം കാണപ്പെടുന്നു. ഇതിന്റെ വാൽഭാഗത്ത് കാണുന്ന നക്ഷത്രമാണ് ധ്രുവൻ (Polaris).
  • ഗരുഡൻ, ജായര, അയംഗിതി എന്നീ നക്ഷത്രരാശികളിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളായ ശ്രവണൻ, ഡെനബ്, അഭിജിത്ത് എന്നീ നക്ഷത്രങ്ങൾ ചേർന്ന് രൂപപ്പെടുന്ന നക്ഷത്രക്കൂട്ടമാണ് വേനൽത്രികോണം (Summer Triangle).
  • വൃശ്ചികം രാശിയിലെ തൃക്കേട്ട, കന്നി രാശിയിലെ ചിത്ര, അവ്വപുരുഷനിലെ ചോതി എന്നിവ ചേർന്ന് രൂപട്ടെടുന്ന നക്ഷത്രക്കൂട്ടമാണ് വസന്ത ത്രികോണം (Spring Triangle).
വസന്ത ത്രികോണം

ഗ്രഹങ്ങൾ

ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണു ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. നിരീക്ഷിക്കാൻ സാധ്യമായ ഗ്രഹങ്ങളൊന്നും ഈ മാസം സന്ധ്യയ്ക്ക് ആകാശത്തില്ല.

ബുധൻ (Mercury)

മാസാദ്യം സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 10° മുകളിലായാണ് ബുധന്റെ സ്ഥാനം. സൂര്യസാമീപ്യം മൂലം നിരീക്ഷണം പ്രയാസമായിരിക്കും. മാസം പകുതിയോടെ ചക്രവാളത്തിൽ നിന്നും 15° മുകളിൽ വരെ എത്തും. ആ സമയം ആകാശത്ത് ചന്ദ്രന്റെ സാന്നിദ്ധ്യവും നിരീക്ഷണത്തിന് തടസ്സം സൃഷ്ടിക്കും. മാസാദ്യം കർക്കിടകം രാശിയിലായിരിക്കുന്ന ബുധൻ, മാസം പകുതിയോടെ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും.

Venus-real color

ശുക്രൻ (Venus)

ശുക്രനും ഈ മാസം സൂര്യസമീപകമായി കാണപ്പെടും. സന്ധ്യയ്ക്ക് ഏകദേശം ചക്രവാളനിരപ്പിലായിരിക്കുന്ന ശുക്രനെ മാസാവസാനത്തോടെ ഏകദേശം 10° മുകളിലായി കാണാനാകും. കർക്കിടകം രാശിയിലായിരിക്കുന്ന ശുക്രൻ മാസാവസാനത്തോടെ ചിങ്ങം രാശിയിലേക്ക് കടക്കും.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്. മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചതും ഈ ഗ്രഹത്തെയാണ്.

ചൊവ്വ (Mars)

ചൊവ്വ രാത്രി 2 മണിക്ക് ശേഷം കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിനു മുകളിലായി ഉദിച്ചുയരും. പുലർച്ചെ 5 മണിയോടെ നോക്കുകയാണെങ്കിൽ കിഴക്കെ ചക്രവാളത്തിൽ നിന്നും 40° മുകളിലായി ഇടവം രാശിയുടെ തുടക്കത്തിൽ ഇളം ചുവപ്പ് നിറത്തിൽ തിളങ്ങുന്ന ചൊവ്വയെ കാണാം.

2024 ജൂലൈയിൽ പുർച്ചെ കിഴക്കൻ ചക്രാളത്തിനുമുകളിൽ ചൊവ്വയുടെയും വ്യാഴത്തിന്റെയും സ്ഥാനം

വ്യാഴം (Jupiter)

വ്യാഴം

രാത്രി 3 മണിക്ക് ശേഷം കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിനു മുകളിലായി വ്യാഴം ഉദിച്ചുയരും. പുലർച്ചെ 5 മണിയോടെ നോക്കുകയാണെങ്കിൽ കിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 25° മുകളിലായി ഇടവം രാശിയിൽ രോഹിണിക്കടുത്തായി വെട്ടിത്തിളങ്ങി നിൽക്കുന്ന വ്യാഴത്തെ കാണാം.

ശനി (Saturn)

രാത്രി 10.30-നു ശേഷം കിഴക്കെ ചക്രവാളത്തിനു മുകളിലായി ശനി ഉദിച്ചുയരും. പുലർച്ചെ 5 മണിയോടെ നോക്കുകയാണെങ്കിൽ ശീർഷബിന്ദുവിൽ നിന്നും ഏതദേശം 22° തെക്കുപടിഞ്ഞാറായി കുംഭം രാശിയിൽ ശനിയെ കാണാം. ആ ഭാഗത്ത് ഏറ്റവും തിളക്കത്തിൽ കാണാൻ കഴിയുന്ന നക്ഷത്രസമാനമായ വസ്തു ശനിയാണ്.

ഈ മാസത്തെ പ്രധാന വിശേഷങ്ങൾ

തീയതിസംഭവം
5അമാവാസി, ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലത്തിൽ (aphelion).
16ചൊവ്വയും യുറാനസും അടുത്തടുത്തായി കാണപ്പെടുന്നു (Conjunction).
21പൗർണ്ണമി
28ഡെൽറ്റാ അക്വാരിഡ്സ് (Delta Aquariids) ഉൽക്കാ വർഷം
29ഡെൽറ്റാ അക്വാരിഡ്സ് ഉൽക്കാ വർഷം.
പുല‍ർച്ചെ കിഴക്കെ ആകാശത്ത് മുകളിലായി ചന്ദ്രൻ, കാ‍ർത്തിക, ചൊവ്വ, വ്യാഴം എന്നിവയെ അടുത്തടുത്ത് ഏകദേശം വരിയിലായി കാണാം.

കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • 2024 ജൂലൈ 15-നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത് (പ്രത്യേകം പരാമർശിച്ചിട്ടുള്ളവ ഒഴികെ).
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഉപ്പുവെള്ളത്തിലെ കൊതുകുകൾ
Next post അനുഭവങ്ങൾ, ഓർമ്മകൾ, വമ്പുപറച്ചിൽ
Close