Read Time:5 Minute

ജി സാജൻ

ഇപ്പോൾ മാധ്യമങ്ങൾ പല വാർത്തകളുടെ പേരിൽ ക്ഷമ ചോദിക്കുന്ന കാലമാണ്. അപ്പോഴാണ് ചരിത്രത്തിൽ നിന്നും അത്തരം ഒരു ക്ഷമാപണം ഓർമ വന്നത്. ബഹിരാകാശ ശാസ്ത്രത്തിന്റെ ചരിത്രത്തിലാണ് സംഭവം.

ബഹിരാകാശ ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരാണ് റോബർട് ഗൊദ്ദാർദും കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കിയും.1899ൽ പതിനേഴാം വയസ്സിൽ എച് ജി വെൽസിന്റെ വാർ ഓഫ് ദി വേൾഡ്സ് വായിച്ചതിനു ശേഷം ഒരു ചെറി മരത്തിൽ കയറിയപ്പോഴുണ്ടായ ദിവ്യാനുഭൂതിയിൽ നിന്നാണത്രെ പ്രപഞ്ച രഹസ്യം തേടി പോകാനുള്ള റോക്കറ്റ് ഉണ്ടാക്കാൻ ഗൊദ്ദാർദ് ജീവിതം ഉഴിഞ്ഞു വെക്കുന്നത്. സിയോൾക്കോവ്‌സ്‌കിയുടെ പഠനങ്ങളിൽ നിന്നാണ് ഗൊദ്ദാർദ് തുടങ്ങുന്നത്. പട്ടിണിയും ദാരിദ്ര്യവും ഒറ്റപ്പെടുത്തലും മറികടന്നു ശാസ്ത്ര സമൂഹത്തിന്റെ സഹായമില്ലാതെ ഭൂമിയുടെ ഗ്രാവിറ്റിയെ മറികടക്കാനുള്ള എസ്‌കേപ്പ് വെലോസിറ്റി ഗൊദ്ദാർദ് കണ്ടുപിടിച്ചു. 1903ലാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ റോക്കറ്റ് ഇക്വേഷൻ വരുന്നത്. 1926 ൽ അദ്ദേഹം ചരിത്രത്തിൽ ആദ്യമായി ലിക്വിഡ് ഫ്യൂവൽ റോക്കറ്റിന്റെ ലോഞ്ചിങ് നടത്തി. മുകളിലേക്ക് 41 അടി ഉയർന്ന് 2 .5 സെക്കൻഡ് പറന്നു. 184 അടി അകലെയുള്ള കാബ്ബേജ് തോട്ടത്തിൽ വീണു. (ഈ കാബേജ് തോട്ടം ഇന്ന് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പുണ്യഭൂമിയാണ്)

റോബർട് ഗൊദ്ദാർദ് ആദ്യത്തെ ലിക്വിഡ് ഫ്യുവല്‍ റോക്കറ്റിനൊപ്പം 1926 മാര്‍ച്ച് 16
നിർഭാഗ്യവശാൽ ഏകനായി അദ്ദേഹം നടത്തിയ പരീക്ഷണങ്ങളെ നിശിതമായി കളിയാക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. റോക്കറ്റുകൾക്ക് വാക്വത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും ഇയാൾക്ക് ന്യൂട്ടൺ പറഞ്ഞ പ്രാഥമിക ശാസ്ത്രം പോലുമറിയില്ല എന്നും ന്യൂയോർക് ടൈംസ് എഴുതി. 1929 ലെ പരാജയപ്പെട്ട റോക്കറ്റ് ലോഞ്ചിനെക്കുറിച്ചു “മൂൺ റോക്കറ്റ് ലക്ഷ്യത്തിൽ നിന്നും 238799 1/ 2 മൈൽ പിറകിൽ” എന്ന് മറ്റൊരു പത്രം കളിയാക്കി. 1945 ൽ ഗൊദ്ദാർദ് തന്റെ സ്വപ്നം സാര്‍ഥകമാകാതെ മരിച്ചു..എന്നാൽ അദ്ദേഹം വികസിപ്പിച്ച ശാസ്ത്ര സിദ്ധാന്തങ്ങൾ മരിക്കാതെ നിന്നു.

ഈ സിദ്ധാന്തങ്ങളെ പിന്തുടർന്ന ശാസ്ത്രലോകം 1957 ൽ സ്പുട്നിക് വിക്ഷേപിക്കുകയും 1969 ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുകയും ചെയ്തു. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിനു പിറ്റേന്ന് ന്യൂയോർക് ടൈംസ് ഗൊദ്ദാർഡിനോട് ക്ഷമ ചോദിച്ചു:“റോക്കറ്റുകൾക്കു അന്തരീക്ഷത്തിൽ മാത്രമല്ല വാക്വത്തിലും പ്രവർത്തിക്കാൻ കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നു. തെറ്റിൽ ടൈംസ് ദുഖിക്കുന്നു.”

ന്യൂയോര്‍ക്ക് ടൈംസിലെ തെറ്റുതിരുത്ത് 1969

 

ലോകത്തിലെ പ്രശസ്തമായ ക്ഷമാപണങ്ങളിൽ ഒന്നാണിത് എന്ന് പറയുമെങ്കിലും ഗൊദ്ദാർഡിന്റെ പേര് പരാമർശിക്കാനുള്ള മര്യാദ പോലും ശുഷ്കമായ ഈ ഖേദ പ്രകടനത്തിൽ പത്രം തയ്യാറായില്ല. ഈ ക്ഷമ കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ല. അംഗീകാരമോ പിന്തുണയോ കിട്ടാതെയാണ് 22 വര്‍ഷം മുൻപ് ഗൊദ്ദാർദ് മരിക്കുന്നത്. എന്നാൽ നാസയുടെ സ്പേസ് ഫ്ലൈറ്റ് സെന്റർ ഇപ്പോൾ ഗൊദ്ദാർഡിന്റെ പേരിലാണ്. അതെ, ലോക ചരിത്രത്തെ മുന്നോട്ടു കൊണ്ടുപോയിട്ടുള്ളത് ഏകാകികളായ ചില മനുഷ്യരുംകൂടിയാണ്.


(അവലംബം: Future of Humanity: Machio Kaku)

ചിത്രങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ

1926 ലെ ലിക്വിഡ് ഫ്യൂവൽ റോക്കറ്റിന്റെ ലോഞ്ചിങ് വീഡിയോ ശകലം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം
Next post ബഹിരാകാശ യാത്രകളുടെ ചരിത്രം | സി.രാമചന്ദ്രന്‍
Close