Read Time:9 Minute


സീമ ശ്രീലയം

ചൂടിന്റെ കാര്യത്തിൽ റെക്കോർഡിട്ട് കടന്നുപോയിക്കൊണ്ടിരിക്കുകയാണ് സമീപ വർഷങ്ങൾ. 1980-നു ശേഷമുള്ള ഓരോ ദശകവും അതിനു തൊട്ടുമുമ്പുള്ള ദശകത്തെക്കാൾ ചൂടേറിയവ ആയിരുന്നു. 2010-2019 ആണ് ഇതു വരെ രേഖപ്പെടുത്തപ്പെട്ടവയിൽ വച്ച് ഏറ്റവും ചൂടുകൂടിയ ദശകമെന്നും ലോക കാലാവസ്ഥാ സംഘടനയുടെ (WMO) റിപ്പോർട്ട് അപായമണി മുഴക്കിക്കഴിഞ്ഞു. കടുത്ത ആശങ്കയുണർത്തും വിധമാണ് താപവർദ്ധനവും ഹിമശോഷണവും സമുദ്രജലവിതാനമുയരലും. മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ റെക്കോർഡ് തോതിൽ എത്തിക്കഴിഞ്ഞ, ഭൂമിയെ ചുട്ടുപൊള്ളിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ തോത് റെക്കോഡുകൾ ഭേദിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ എട്ടുലക്ഷം വർഷങ്ങളിലെ അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡിന്റെ റെക്കോഡ് തോതായ 415 പിപിഎം ആണ് ഹവായ്‌യിലെ മൗനലോവ ഒബ്സർവേറ്ററിയിൽ 2019-ൽ രേഖപ്പെടുത്തപ്പെട്ടത്. ഹരിതഗൃഹവാതകങ്ങളായ മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ തോതും ആഗോളതാപനത്തെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായിക്കൊണ്ടിരിക്കുകയാണ്.

ചിരിപ്പിക്കുന്ന വാതകം എന്നു വിശേഷിപ്പിക്കപ്പെടുന്ന നൈട്രസ് ഓക്സൈഡ് (N2O) കാർബൺ ഡൈ ഓക്സൈഡിനെക്കാൾ 300 മടങ്ങോളം ഗ്രീൻഹൗസ് വാമിങ് പൊട്ടൻഷ്യൽ ഉള്ള ഹരിതഗൃഹ വാതകമാണ്. ഇത് ഓസോൺ പാളിക്കും ഭീഷണിയാണ്. നൈട്രസ് ഓക്സൈഡിന്റെ തോത് ഭൗമാന്തരീക്ഷത്തിൽ ആശങ്കയുണർത്തും വിധം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഈയിടെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇന്റർനാഷണൽ നൈട്രജൻ ഇനീഷ്യേറ്റീവും ഗ്ലോബൽ കാർബൺ പ്രോജക്റ്റ് ഓഫ് ഫ്യൂച്ചർ എർത്തും കൈകോർത്താണ് ഈ ഗവേഷണം നടത്തിയത്. 14 രാജ്യങ്ങളിൽ നിന്നായി 48 ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകർ ഇതിൽ പങ്കാളികളായി. നൈട്രജൻ രാസവളങ്ങളുടെ ഉപയോഗവും ഉല്പാദനവും വർദ്ധിക്കുന്നത് ഭൗമാന്തരീക്ഷത്തിൽ നൈട്രസ് ഓക്സൈഡിന്റെ തോത് വർദ്ധിക്കാനുള്ള ഒരു പ്രധാന കാരണമാണ്. ഇങ്ങനെ പോയാൽ ഈ നൂറ്റാണ്ട് പകുതിയോടെ ആഗോള താപ വർദ്ധനവ് 2 ഡിഗ്രി സെൽഷ്യസിൽക്കൂടാതെയും ക്രമേണ 1. 5 ഡിഗ്രി സെൽഷ്യസിലും പിടിച്ചു നിർത്തണമെന്ന പാരീസ് ഉടമ്പടി വ്യവസ്ഥയൊക്കെ കടലാസ്സിൽ ഒതുങ്ങുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട് പുതിയ പഠന റിപ്പോർട്ട്.

1750-ൽ അന്തരീക്ഷത്തിൽ നൈട്രസ് ഓക്സൈഡിന്റെ തോത് 270 ppb (പാർട്സ് പെർ ബില്ല്യൻ) ആയിരുന്നെങ്കിൽ 2018-ൽ അത് 331 ppb ആയി ഉയർന്നു. താപവർദ്ധനവിനു കാരണമാവുന്ന ഹരിതഗൃഹ വാതകങ്ങളിൽ കാർബൺ ഡൈ ഓക്സൈഡും മീഥെയ്‌നും കഴിഞ്ഞാൽ അന്തരീക്ഷത്തിൽ കൂടുതലുള്ള വാതകമാണിത്. 1980-2016 കാലത്ത് അന്തരീക്ഷത്തിൽ നൈട്രസ് ഓക്സൈഡിന്റെ തോത് 30 ശതമാനം കണ്ടാണ് വർദ്ധിച്ചതെന്ന് പുതിയ പഠന റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. 125 വർഷത്തോളം നാശമില്ലാതെ അന്തരീക്ഷത്തിൽ ചുറ്റിത്തിരിയാൻ കഴിവുള്ള വാതകമാണിതെന്നതാണു മറ്റൊരപകടം. ഭക്ഷ്യാവശ്യവും കാലിത്തീറ്റയുടെ ആവശ്യവും വർദ്ധിക്കുന്നത് കാർഷികരംഗത്തു നൈട്രജൻ വളങ്ങളുടെ ഉപയോഗം കുതിച്ചുയരാനും നൈട്രസ് ഓക്സൈഡ് ഉൽസർജനത്തോത് ഉയരാനും കാരണമായെന്ന് ഗവേഷണത്തിൽ പങ്കാളിയും യു. എസ്സിലെ ഓബേൺ യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ക്ലൈമറ്റ് ആന്റ് ഗ്ലോബൽ ചെയ്ഞ്ച് ഡയറക്റ്ററും ആയ പ്രഫ. ഹാൻചിൻ ടിയാൻ (Hanqin Tian) ചൂണ്ടിക്കാണിക്കുന്നു.

നൈട്രസ് ഓക്സൈഡ് ഉൽസർജനത്തിന്റെ സ്രോതസ്സുകൾ, ആഗോളതാപനത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും അതിന്റെ പങ്ക് എന്നിവ സംബന്ധിച്ച വ്യക്തമായ ചിത്രമാണീ ഗവേഷണ റിപ്പോർട്ട്. നൈട്രസ് ഓക്സൈഡ് സ്രോതസ്സുകളിൽ മനുഷ്യ നിർമ്മിതമായവയും പ്രകൃതിദത്തമായവയും ഉണ്ട്. മണ്ണിലും സമുദ്രത്തിലും ബാക്റ്റീരിയകളുടെയും ഫംഗസ്സിന്റെയും പ്രവർത്തനം, കാർഷിക രംഗത്തുപയോഗിക്കുന്ന നൈട്രജൻ അടങ്ങിയ രാസവളങ്ങൾ, ലൈവ്സ്റ്റോക്ക് വളം, നൈട്രിക് ആസിഡ്, അഡിപ്പിക് ആസിഡ് പോലുള്ള രാസവസ്തുക്കളുടെ നിർമ്മാണം, ബയോമാസ്സിന്റെ ജ്വലനം, ഫോസ്സിൽ ഇന്ധനങ്ങളുടെ ജ്വലനം, മലിനജല സംസ്ക്കരണ പ്ലാന്റുകൾ, ഭക്ഷ്യാവശിഷ്ടങ്ങളുടെയും കാർഷികാവശിഷ്ടങ്ങളുടെയും നൈട്രജൻ അടങ്ങിയ വിവിധ പദാർത്ഥങ്ങളുടെയും ജൈവ വിഘടനം എന്നിങ്ങനെ നീളുന്നു നൈട്രസ് ഓക്സൈഡിന്റെ സ്രോതസ്സുകൾ.


മനുഷ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന നൈട്രസ് ഓക്സൈഡ് സ്രോതസ്സായ കാർഷിക രംഗത്തു നിന്നുള്ള ഉൽസർജനത്തിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിൽ 30 ശതമാനം വർദ്ധനവാണുണ്ടായത്. ആഗോള നൈട്രസ് ഓക്സൈഡ് ഉൽസർജനത്തിൽ വലിയൊരു ശതമാനവും കിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, ആഫ്രിക്ക, തെക്കെ അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ്.

 

A comprehensive quantification of global nitrous oxide sources and sinks പഠനറിപ്പോർട്ടിൽ നിന്ന് കടപ്പാട് nature

ചൈന, ഇന്ത്യ, യു. എസ് എന്നീ രാജ്യങ്ങളിൽ നൈട്രജൻ രാസവളങ്ങളുടെ ഉപയോഗമാണ് ഉയർന്ന നൈട്രസ് ഓക്സൈഡ് ഉൽസർജനത്തിനു കാരണമെങ്കിൽ ആഫ്രിക്കയിലും തെക്കെ അമേരിക്കയിലും കാലിവളം പോലുള്ള ലൈവ്‌സ്റ്റോക്ക് വളങ്ങളാണ് കാരണം. കാർഷികോല്പാദന രംഗത്തും വളർത്തുമൃഗങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിക്കൊണ്ടിരിക്കുന്ന ബ്രസീൽ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നൈട്രസ് ഓക്സൈഡ് ഉൽസർജനത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. അതേ സമയം യൂറോപ്പിൽ കാർഷിക രംഗത്തു നിന്നും രാസവ്യവസായ രംഗത്തു നിന്നുമുള്ള നൈട്രസ് ഓക്സൈഡ് ഉൽസർജനത്തിൽ ഗണ്യമായ കുറവുണ്ടായതായും ഗവേഷണ റിപ്പോർട്ട് വിലയിരുത്തുന്നു. നൈലോൺ നിർമ്മാണ ശാലകളിൽ നിന്നു വമിക്കുന്ന പുകയിൽ നിന്ന് നൈട്രസ് ഓക്സൈഡ് നീക്കം ചെയ്യുന്ന പ്രക്രിയ പ്രാവർത്തികമാക്കിയതിന്റെയും നൈട്രജൻ രാസവളങ്ങളുടെ വിവേകപൂർവ്വമായ ഉപയോഗം സംബന്ധിച്ച നയങ്ങൾ നടപ്പാക്കിയതിന്റെയും ഫലമാണിത്. ആഗോളതലത്തിൽ തന്നെ നൈട്രജൻ രാസവളങ്ങളുടെ വിവേചനരഹിതമായ ഉപയോഗം സംബന്ധിച്ച് പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ആഗോളതാപനത്തെയും അതിന്റെ സന്തതിയായ കാലാവസ്ഥാ വ്യതിയാനങ്ങളെയും ചെറുക്കാൻ കാർബൺ ഫൂട്പ്രിന്റ് കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ എന്ന മുന്നറിയിപ്പു കൂടിയാണ് ഈ ഗവേഷണ റിപ്പോർട്ട് നൽകുന്നത്. കാർഷികോല്പാദന രംഗത്ത് സുസ്ഥിരവികസന പാഠങ്ങൾ യാഥാർത്ഥ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ പഠന റിപ്പോർട്ട് വിരൽചൂണ്ടുന്നു.


അധികവായനയ്ക്ക്

  1. https://www. nature. com/articles/s41586-020-2780-0
  2. https://www. sciencedaily. com/releases/2020/10/201007123131. htm

 

Happy
Happy
67 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാഴ്ചയുടെ രാസരഹസ്യം
Next post എലികള്‍ – ശാസ്ത്രകഥ
Close