ഇന്ത്യയുടെ സ്വന്തം ജി.പി.എസ് : ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി

PSLV
ശ്രീഹരിക്കോട്ടയില്‍ നിന്നും IRNSS 1D യെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി ഉയരുന്നു ചിത്രത്തിന് കടപ്പാട് :ഐ.എസ്.ആര്‍.ഒ

ജി.പി.എസിന് സമാനമായ സേവനം ലഭ്യമാക്കുന്നതിനായുള്ള  ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യ  അതിന്റെ വിജയത്തിലേക്ക് ഒരു ചുവട് കൂടി മുന്നേറി. ഏഴ് ഉപഗ്രഹങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (IRNSS) ഉപഗ്രഹ ശൃംഘലയിലെ നാലാമത്തെ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. 1 ഡി (IRNSS 1D) വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതോടെയാണ് തദ്ദേശീയ  ഗതിനിര്‍ണ്ണയ സംവിധാനം ഭാഗികമായി പ്രവര്‍ത്തന സജ്ജമാക്കിക്കൊണ്ട് ഐ.എസ്.ആര്‍.ഒ അഭിമാനകരമായ മറ്റൊരു നേട്ടം കൈവരിച്ചത്. ഈ പദ്ധതിയിലെ മൂന്ന് ഉപഗ്രഹങ്ങളെ കൂടി ഭ്രമണ പഥത്തില്‍ എത്തിച്ചാല്‍ നമ്മുടെ സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും .

ശനിയാഴ്ച വൈകുന്നേരം 5:19 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നും  ഐ.ആര്‍.എന്‍.എസ്.എസ്. 1 ഡി വിക്ഷേപിക്കപ്പെട്ടത്. ഇസ്രോയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി തന്നെയാണ് ഈ ഉപഗ്രഹത്തെയും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ഇത്  പി.എസ്.എല്‍.വി യുടെ തുടര്‍ച്ചയായ ഇരുപത്തിയെട്ടാം വിജയവും കൂടിയാണ്.  282.52   X 20,644 കി.മീ വ്യാസമുള്ള ഭൂസ്ഥിര ഭ്രമണ പഥത്തിലേക്കാണ്  വിക്ഷേപണവാഹനം ഉപഗ്രഹത്തെ വിക്ഷേപിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിന്റെ കൃത്യമായ ഭ്രമണ പഥത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുക.

പൂര്‍ണ്ണമായും ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നിയന്ത്രണത്തിലുള്ള, ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചെടുത്ത പ്രാദേശിക  നാവിഗേഷന്‍ സംവിധാനമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഈ സാങ്കേതികവിദ്യ യഥാര്‍ത്ഥത്തില്‍ വികസിച്ചുവന്നത് സൈനികാവശ്യങ്ങള്‍ക്കായാണ്.  നിര്‍ണ്ണായക ഘട്ടങ്ങളില്‍  മറ്റു രാജ്യങ്ങളുടെ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് ബുദ്ധിപരമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഐ.ആര്‍.എന്‍.എസ്എസിന്റെ ഉത്ഭവം. കാര്‍ഗില്‍ യുദ്ധവേളയില്‍ അമേരിക്ക ഇന്ത്യന്‍ സൈന്യത്തിന്  ജി പി.എസ് സഹായം നിഷേധിച്ച സംഭവമാണ്‌ ഇന്ത്യക്ക് സ്വന്തമായി നാവിഗേഷന്‍ സാങ്കേതികവിദ്യ വികസിപ്പിക്കണം എന്ന ആവശ്യം ശക്തമാക്കിയത്.

എന്നാല്‍ ഐ.ആര്‍.എന്‍.എസ്എസിന്റെ സേവനം പൊതുജനങ്ങള്‍ക്കും ലഭ്യമാണ്. സൈനിക ആവശ്യങ്ങള്‍ക്കുമായി പ്രത്യേകം സേവനമാകും ഉണ്ടാകുക. നിലവാരമുള്ള ഒരു ഗതിനിര്‍ണ്ണയ സംവിധാനമായിരിക്കും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുക. എന്‍ക്രിപ്റ്റ് ചെയ്ത നിയന്ത്രിതമായ ഒരു ഗതിനിര്‍ണ്ണയ സംവിധാനം പട്ടാളം തുടങ്ങിയ തെരഞ്ഞെടുത്ത വിഭാഗങ്ങള്‍ക്കും ലഭ്യമാക്കും. മിസൈലുകളുടെ സ്ഥാന നിര്‍ണ്ണയവും ഈ ഉപഗ്രഹ സമൂഹത്തിന്‍റെ ദൗത്യമാണ്.

ഗതിനിര്‍ണ്ണയ സംവിധാനത്തിലെ ബാഹ്യാകാശ ഘടകമായ ഏഴ് ഉപഗ്രഹങ്ങളുടെ ഈ സമൂഹം 2016 മുതല്‍ പൂര്‍ണ്ണമായും  പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സംവിധാനത്തിലെ പ്രധാന ഭൂതല ഘടകമായ ഉപഗ്രഹ ഗതിനിര്‍ണ്ണയ കേന്ദ്രം – ഡീപ് സ്പേസ് നെറ്റ്‌വര്‍ക്ക് സെന്‍റര്‍ –  ഐ.എസ്.ആര്‍.ഒ അവരുടെ ബാംഗ്ലൂരിന് സമീപമുള്ള കാമ്പസില്‍ സജ്ജീകരിച്ചു കഴിഞ്ഞു. ഇന്ത്യാ മഹാസമുദ്രത്തിന് മുകളിലുള്ള ഭൂസ്ഥിര ഭ്രമണ പഥത്തിലാണ് ഈ ഉപഗ്രഹ സമൂഹത്തിലെ മൂന്ന് ഉപഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നത്.

തെക്കേ ഏഷ്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഗതിനിര്‍ണ്ണയ സംവിധാനമാണ് ഇതിലുള്ളത്. സഞ്ചാരപഥ നിര്‍ണ്ണയം, ഭൂപട സേവനം, പാത അടയാളപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങളാകും ഈ പദ്ധതിയിലുണ്ടാകുക.
ഒരു ഗതിനിര്‍ണ്ണയ ഉപകരണവും ലേസര്‍ റെട്രോ – റിഫ്ലക്ടറിനൊപ്പമുള്ള സി.ഡി.എം.എ റേഞ്ചിംഗ് ഉപകരണവും ഉള്‍പ്പെടുന്ന രണ്ട് ഉപകരണങ്ങളാണ് ഐ.ആര്‍.എന്‍.എസ്എസ് 1 ഡി ഉപഗ്രഹത്തിലുള്ളത്. L 5, S ബാന്‍ഡുകളിലുള്ള ഗതിനിര്‍ണ്ണയ സിഗ്നലുകളാണ് ഈ ഉപകരണം തരുന്നത്. ജി.പി.എസ്, ഗലീലിയോ തുടങ്ങിയ ഇതര ഗതിനിര്‍ണ്ണയ സാങ്കേതിക സംവിധാനങ്ങളുമായി യോജിച്ചും താദാമ്യം പ്രാപിച്ചും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതരത്തിലാണ് ഐ.ആര്‍.എന്‍.എസ്.എസ് രൂപപ്പെടുത്തിയിട്ടുള്ളത്. പത്തുവര്‍ഷം ആയുസ്സുള്ളതും 1,660 വാട്സ് ശേഷിയുള്ളതുമായ രണ്ട് സൗരപാനലുകളാണ് ഐ.ആര്‍.എന്‍.എസ്.എസ് 1 ഡി  ക്ക് ഊര്‍ജ്ജം പകരുന്നത്.

തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ നിലവില്‍  വരുന്ന ജി.പി.എസിന്‍റെ ഇന്ത്യന്‍ ബദലലിന്,  ആകെ ആയിരത്തി ഇരുപത് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്വന്തമായി വികസിപ്പിച്ച  ക്രയോജനിക് സാങ്കേതികവിദ്യയ്ക്കും   ചെലവുകുറഞ്ഞ ചൊവ്വാദൌത്യത്തിനും ശേഷം ഐഎസ്ആര്‍ഒയുടെ മറ്റൊരു നേട്ടം കൂടിയാണിത്.

ആദ്യ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്- 1എ 2013 ജൂലൈ ഒന്നിനാണ് വിക്ഷേപിച്ചത്. 1- ബി കഴിഞ്ഞ ഏപ്രില്‍ രണ്ടിനും 1- സി ഒക്ടോബര്‍ 17നും ഭ്രമണപഥത്തിലെത്തി. 1- ഇ അടുത്ത സെപ്തംബറിനുമുമ്പ് വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഐ.ആര്‍.എന്‍.എസ്.എസ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. തിരുവനന്തപുരം വി.എസ്.എസ്.സി നിര്‍മ്മിച്ച PSLV-C27 റോക്കറ്റാണ്. വലിയമല എല്‍.പി.എസ്.സിയും ഐ.ഐ.എസ്.യുവും റോക്കറ്റിന്‍റെ യന്ത്രഭാഗങ്ങളുടെ നിര്‍മാണത്തിന് പ്രമുഖ പങ്കുവഹിച്ചു. വിക്ഷേപണവാഹനത്തിലെ ദ്രവ എന്‍ജിനുകള്‍ എല്‍.പി.എസ്.സിയും ഉപഗ്രഹം ബംഗളൂരൂവിലെ ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്‍ററും ആണ് വികസിപ്പിച്ചത്.

[divider]

തയ്യാറാക്കിയത് :

[author image=”http://luca.co.in/wp-content/uploads/2015/03/abhivad.jpg” ]അഭിവാദ് പാലോട്[/author]

One thought on “ഇന്ത്യയുടെ സ്വന്തം ജി.പി.എസ് : ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി

  1. ശാസ്ത്രഗതി മാസിക ഈ ലേഖനം മെയ് ലക്കത്തിൽ പുന:പ്രസിദ്ധീകരിക്കുന്നു…….

Leave a Reply