മാരി ക്യൂറി- ജീവിതവും ലോകവും‍

CM Muraleedharan
സി.എം. മുരളീധരൻ

മേരി ക്യൂറി എന്ന മന്യയുടെ ജീവിതകഥ പലരായി മലയാളത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍  ശ്രീ പി എം സിദ്ധാര്‍ത്ഥന്‍ എഴുതിയ മദാം മാരി ക്യൂറിജീവിതവും ലോകവും‍എന്ന പുതിയ പുസ്തകം  ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്…. സി.എം. മുരളീധരൻ എഴുതുന്നു…

Madame Curie

മാര്‍ക്വേസ് മലയാളത്തിലെ ഒരെഴുത്തുകാരനാണെന്ന് ചിലര്‍ പാതി തമാശയായി സൂചിപ്പിക്കാറുണ്ട്. അദ്ദേഹവും അദ്ദേഹത്തിന്റെ കഥാലോകവും അത്രമേല്‍ നമ്മളുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്നതിനാലാണത്. ഏതാണ്ടിതേ അവസ്ഥയാണ് ശാസ്ത്രലോകത്ത് നാം മാരി ക്യൂറിക്ക് (പറഞ്ഞു ശീലിച്ചത് മേരി ക്യൂറി എന്ന്) നല്‍കിപ്പോരുന്നത്. വീട്ടിലെ ഒരു  മുറി എപ്പോഴും അവര്‍ക്കായി സൂക്ഷിച്ചുവച്ചിരിക്കുന്നതുപോലെ. ദുരിതമയമായ ബാല്യകാലം, ചേച്ചിയെ പഠിപ്പിക്കാനായി ട്യൂഷന്‍ ടീച്ചറായി പോയ കഥ, ശാസ്ത്രത്തിന്റെ ഉന്നതമായ മേഖലകളില്‍ എത്തിയിട്ടുപോലും ഒരു സ്ത്രീയായതുകൊണ്ട് നേരിടേണ്ടിവന്ന വിവേചനങ്ങള്‍അങ്ങനെ ഒരുപാടു ഘടകങ്ങളുണ്ട് അവരെ നമ്മളുമായ് അടുപ്പിച്ചവയായി. യാതൊരാഡംബരവുമില്ലാതെ  കറുത്ത ഗൗണും ധരിച്ച് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന യുവതി, അടുപ്പത്ത്‌  വച്ച പിച്ച്ബ്ലെന്‍ഡ് അയിര് നിറച്ച വലിയ കുട്ടകങ്ങള്‍‍ ഇളക്കിക്കൊണ്ടിരിക്കുന്ന ഒരു നാടന്‍ വീട്ടമ്മ, യുദ്ധമുഖത്ത്  എക്സ്റേ സജ്ജീകരണവുമായി മകളോടൊത്ത് സൈനികരെ പരിചരിക്കുന്ന വനിത- ഇത്തരം വിവിധ രൂപങ്ങള്‍ നമ്മില്‍ പലരുടെയും മനസ്സില്‍ അവരെപ്പറ്റി കൊത്തിവെച്ചിട്ടുണ്ടാവും.

മന്യയുടെ ജീവിതകഥ പലരായി മലയാളത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍  ശ്രീ പി എം സിദ്ധാര്‍ത്ഥന്‍ എഴുതിയ മദാം മാരി ക്യൂറിജീവിതവും ലോകവും‍എന്ന പുതിയ പുസ്തകം (ചിന്ത പബ്ലിഷേഴ്സ്) ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മുമ്പ് കേട്ട പലതിന്റെയും വിശദാംശങ്ങള്‍, മുമ്പ് കേള്‍ക്കാത്ത ചില കാര്യങ്ങള്‍ എന്നിവയെല്ലാം ഈ പുസ്തകം വായനക്കാര്‍ക്ക് നല്‍കും. ഒരു ശാസ്ത്രപ്രവര്‍ത്തകന്‍ ‍ ഒരു ശാസ്ത്രജ്ഞയെ പരിചയപ്പെടുത്തിയതുകൊണ്ടാകാം ഒരു ഹൃദ്യത പുസ്തകത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. പോളണ്ട്, പാരീസ്, ഏകാകി, ശാസ്ത്രം തന്നെ ജീവിതം എന്നീ നാലു ഭാഗങ്ങളായാണ് മാരിയുടെ ജീവിതകഥ പറയുന്നത്. 1995 ഏപ്രില്‍ 14 ന് പുലര്‍ച്ചെ സ്വോവിലെ സെമിത്തേരിയില്‍ മാരിയുടേയും പിയറിയുടേയും കല്ലറകളില്‍ നിന്ന് ശവപ്പെട്ടികള്‍ പുറത്തെടുക്കുന്ന രംഗത്ത് നിന്ന് ആരംഭിക്കുന്ന പുസ്തകത്തിന്റെ നാലാം ഭാഗം അവസാനിക്കുന്നത് അതേ രംഗത്തിലാണ്.

പി.എം. സിദ്ധാര്‍ത്ഥൻ

എന്നാല്‍ അവിടെ നിര്‍ത്താതെ ഗ്രന്ഥകാരന്‍ മദാം ക്യൂറിയുടെ ലോകം എന്നൊരു ഭാഗം കൂടെ ഒടുവില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഈ ഭാഗത്ത് അഗ്നിപരീക്ഷയില്‍ കൂടെ നടന്നവര്‍, സോര്‍ബോണ്‍, പുരുഷലോകത്ത് ഒരു സ്ത്രീ ശാസ്ത്രജ്ഞ, ഐറിന്‍ഫ്രെഡറിക് ഷോളിയോഏവ്, റേഡിയോ ആക്ടീവതമദാംക്യൂറിറഥര്‍ഫോര്‍ഡ് എന്നീ അധ്യായങ്ങളിലായി അവരുമായി അടുത്തിടപഴകിയവരെയും അവരുടെ പഠനലോകത്തേയും കുറച്ചുകൂടി വിശദമായി പരിചയപ്പെടുത്തുന്നുണ്ട്.

ബഹിരാകാശ പര്യവേക്ഷണംശാസ്ത്രവും സാങ്കേതികവിദ്യയും എന്ന കനപ്പെട്ട ഗ്രന്ഥത്തിന് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ പുരസ്കാരം ലഭിച്ച ഗ്രന്ഥകാരന്റെ ഈ പുതിയ പുസ്തകവും ഏറെ ശ്രദ്ധേയമായി മാറുമെന്നതില്‍ സംശയമില്ല.

Leave a Reply