വീഡിയോ കാണാം
തലയിൽ ആൾത്താമസം ഉള്ളയാൾ’ എന്ന പ്രയോഗം സാമാന്യബുദ്ധിയുള്ളയാൾ എന്ന് സൂചിപ്പിക്കാനാണുപയോഗിക്കുക. പേനുകൾ നമ്മുടെ തലയിലും ദേഹത്തും താമസം തുടങ്ങിയത് ഏതുകാലം മുതലാണെന്ന് ശാസ്ത്രം ഏകദേശം ഗണിച്ചുകഴിഞ്ഞു. അയ്യായിരത്തോളം ഇനം ചിറകില്ലാത്ത ഷഡ്പദങ്ങൾ ഉൾപ്പെടുന്ന തിറെപ്റ്റെറ (Phthiraptera ) ഓർഡറിൽ ആണ് പേനുകളും ഉള്ളത്. ഉഷ്ണരക്തജീവികളായ പക്ഷികളുടേയും സസ്തനികളുടേയും (വവ്വാലുകൾ പോലെ ചിലയിനങ്ങൾ ഒഴിച്ച്) രോമഭാഗങ്ങൾ വീടാക്കി കഴിയുകയാണിവർ. തീറ്റയും കുടിയും ജീവിതവും അവിടെതന്നെ.
2000 ൽ നടത്തിയ DNA പഠനങ്ങൾ പേനുകളും മനുഷ്യപരിണാമവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്നുണ്ട്. മനുഷ്യരുടെ ശരീരത്തിലേയും തലയിലേയും പേനുകളും ചിമ്പൻസികളിൽ കാണുന്ന പേനുകളും ഒരേ പൂർവികരിൽ നിന്നും പരിണമിച്ചുണ്ടായവയാണെന്ന് ജനിതകപഠനങ്ങൾ തെളിയിച്ചു. കൂടാതെ ഞണ്ട് പേനുകളും ഗോറില്ലകളിലെ പേനുകളും ഒരേ പൂർവികരിൽ നിന്നുണ്ടായവ ആണെന്നും തെളിഞ്ഞു. ഗുഹ്യരോമ പേനുകൾ പരിണമിച്ച് മനുഷ്യർക്കൊപ്പം ജീവിതം തുടങ്ങിയത് 80000 മുതൽ 170000 വർഷങ്ങൾക്ക് മുമ്പാണത്രെ. മനുഷ്യൻ ആഫ്രിക്കവിടുന്നതിനും മുമ്പ്. നമ്മൾ വസ്ത്രം ധരിക്കാൻ തുടങ്ങിയ കാലവും ഗുഹ്യരോമ പേനുകളുടെ സഹവാസവും തമ്മിൽ ചില ബന്ധങ്ങളും കണ്ടെത്തീട്ടുണ്ട്.
പ്രാണിലോകത്തിലെ (Insect) വലിപ്പം ഏറ്റവും കുറഞ്ഞവയുടെ വിഭാഗത്തിലാണ് പേനും. അതുകൊണ്ട് തന്നെ ഇവ ശാസ്ത്രത്തിന് പ്രത്യേക ഇഷ്ടവും കൗതുകവും ഉള്ള പഠനമാതൃകയാണ്. രോഗവാഹകരായ പ്രാണികളെപറ്റിയും രോഗപ്പകർച്ചകളേപറ്റിയും പഠിക്കാനും തന്മാത്രാതല പ്രക്രിയകൾ പരിശോധിക്കാനും പേനിനെയാണ് ഉപയോഗിക്കുന്നത്. ഭൂമിയിൽ പേനില്ലാത്ത ഇടമില്ല എന്ന് പറയാം. പക്ഷികളും സസ്തനികളും ഉണ്ടെങ്കിൽ പേനും ഉണ്ടാകും. അന്റാർട്ടിക്കിൽ പെന്‍ക്വിനുകളിൽ മാത്രം 15 സ്പീഷിസ് പേനുകൾ ഉണ്ട്.
പ്രത്യേക വിധത്തിൽ പരന്ന ശരീരം, മൂന്നുജോഡി കാലുകളിലെ അഗ്രങ്ങളിൽ പിടിച്ച് നിൽക്കാൻ സഹായിക്കുന്ന കൊളുത്തുകൾ, സംയുക്ത നേത്രങ്ങൾ ചുരുങ്ങി ചെറുതായ ഒരു ജോഡി കണ്ണുകൾ, മുന്നിൽ കുഞ്ഞ് സ്പർശനികൾ- ഇതാണ് രൂപം. ചോരകുടിച്ച് വയർനിറച്ചവ ഇരുണ്ട നിറത്തിൽ കാണുമെങ്കിലും സാധാരണയായി വിളറിയ ചാരനിറത്തിലും മങ്ങിയ കറുപ്പ് നിറത്തിലും ഒക്കെ ആണ് ഉണ്ടാവുക. തുരന്നും കരണ്ടും വലിച്ചും തിന്നാനും കുടിക്കാനും പറ്റും വിധം പ്രത്യേകതയുള്ളതാണ് വദനഭാഗം. കടിച്ച് പൊട്ടിക്കുന്നതിനോടൊപ്പം രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചില രാസ യൗഗീകങ്ങളും ഉമിനീരിൽ നിന്നും പുറപ്പെടുവിപ്പിക്കുന്നുണ്ട്. ദിവസം നാലഞ്ചു പ്രാവശ്യമാണ് ചോരകുടി. അപ്പോഴുള്ള പരാക്രമം ഇത്തിരി വേദനയും അലോസരവും ചൊറിച്ചിലും ഉണ്ടാക്കും. ഇതൊക്കെ മാത്രമാണ് ഇതിനെകൊണ്ടുള്ള പ്രധാന ശല്യം. തലപ്പേനുകൾ രോഗം പകർത്തുന്നവയല്ല. പക്ഷെ ശരീരത്തിലെ പേനുകൾ ചില രോഗങ്ങൾ പരത്തുന്നവയായ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമൻ പട്ടാളക്കാരെ ഈ പേനുകളും ആക്രമിച്ചിരുന്നു. തലപ്പേനുകൾ തലയിലെവിടെയും രോമങ്ങൾക്കിടയിൽ കോളനി സ്ഥാപിക്കുമെങ്കിലും പിൻകഴുത്തും ചെവിയുടെ പിറകുവശവുമാണ് ഇഷ്ട സ്ഥലങ്ങൾ. പക്ഷികളിൽ ആണെങ്കിൽ കൊക്കുകൊണ്ടുള്ള തൂവലുകൾ കോതി വൃത്തിയാക്കൽ പരിപാടി (preening) നടക്കാത്ത, തട്ട്കേട് പറ്റാത്ത കുനിഷ്ട് മൂലകളിലാണ് മുട്ടയിടുക. തലപ്പേനുകൾ ദിവസേന 3 – 4 മുട്ടകളിടും. പേനിന്റെ മുട്ടയ്ക്ക് ഈര് എന്നാണ് പറയുക. ചെറിയജോലിക്ക് വലിയ പ്രതിഫലം ചോദിക്കുന്നത് സൂചിപ്പിക്കാൻ ‘ഈരെടുത്തതിന് പേൻ കൂലി’ എന്ന പഴഞ്ചൊല്ല് നമ്മുടെ നാട്ടിൽ നിലവിൽ ഉണ്ടല്ലോ. പേനുകൾ ഈ മുട്ടകളെ ആതിഥേയ രോമത്തിലും തൂവലിലും ഒട്ടിച്ച് വെക്കും. ജീവനുള്ള ഈരിന് വിളറിയ വെളുപ്പും, വിരിഞ്ഞൊഴിഞ്ഞ ഈരിന് ഇളം മഞ്ഞ നിറവുമാണുണ്ടാകുക. 6 – 9 ദിവസം കൊണ്ട് മുട്ട വിരിയും. രൂപത്തിലും സ്വഭാവത്തിലും മുതിർന്ന പേനിന്റെ കുഞ്ഞ് മോഡലുകളായ പേങ്കുട്ടികൾ (നിംഫുകൾ) ഉടൻ തന്നെ ചോരകുടി തുടങ്ങും. മൂന്നുപ്രാവ്ശ്യം ഉറപൊഴിക്കൽ നടത്തി പൂർണ്ണ വളർച്ച എത്തും. ആയുസ് ആകെക്കൂടി ഒരുമാസം മാത്രമേ ഉണ്ടാകു.
പല പേനിനങ്ങളും ചില പ്രത്യേക ജീവികളുടെ ശരീരത്തിൽ മാത്രം വളരാനുള്ള അനുകൂലനങ്ങളും നിറവും ഒക്കെ ആയാണ് പരിണമിച്ച് ഉണ്ടായിട്ടുള്ളത്. പേനുകളുടെ ഉള്ളിലുള്ള ചില ബാക്റ്റീരിയ രക്തഭക്ഷണത്തെ ദഹിപ്പിക്കാൻ ഇവയെ സഹായിക്കുന്നുണ്ട്. പേനിന്റെ ഉള്ളിൽ ജന്മനാ അവയും ഉണ്ടാകും. മുട്ട്യ്ക്കൊപ്പം അതിനുള്ളിൽ തന്നെ ബാക്റ്റീരിയ ഘടകവും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഇത്തരം സഹവർത്തിത്വങ്ങൾക്ക് endosymbiosis എന്നാണ് ജീവശാസ്ത്രത്തിൽ പറയുക. പെൺ പേനുകളാണ് സാധാരണയായി എണ്ണത്തിൽ കൂടുതൽ കാണുക. ഇണചേരൽ ഒരു മണിക്കൂറോളം നീണ്ടു നിൽക്കും. പേനുള്ള ആളുടെ തലയുമായി പത്തുമിനുട്ട് മുട്ടി നിന്നാൽ നമ്മുടെ തലയിൽ പേനെത്താനുള്ള 85% സാദ്ധ്യതയുണ്ട്. അത്രവേഗത്തിൽ പുതിയ മുടിക്കാടുകളിൽ ഇരതേടിയെത്തും ഈ പഹയർ.