Read Time:12 Minute


അനുഷ എസ്.

ആഗോള കാർബൺ ബജറ്റിനെയും അതിന്റെ പ്രവണതകളെയും കുറിച്ചുള്ള വാർഷിക അപ്‌ഡേറ്റ്  2020 ഡിസംബർ 11 നു ഗ്ലോബൽ കാർബൺ പ്രോജക്റ്റ് പ്രകാശനം ചെയ്തു. 2020-ൽ ആഗോള COVID-19 നിയന്ത്രണങ്ങൾ  കാരണം CO2 ഉദ്‌വമനത്തിൽ 2.4 ബില്യൺ ടണ്ണിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്

Global Carbon Project(GCP)

കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമാണെന്നും അതിൽ മനുഷ്യ ഇടപെടലുകളുടെ പങ്ക് വളരെ വലുതാണെന്നുമുള്ള തിരിച്ചറിവാണ് പ്രധാന ഹരിതഗൃഹ വാതകങ്ങളായ കാർബൺ ഡൈഓക്സൈഡ് (CO2), മീഥെയ്ൻ (CH4), നൈട്രസ് ഓക്സൈഡ് (N2O)എന്നിവയെ നിയന്ത്രിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്.  ഇത് ആഗോള ജൈവ ഭൗതിക രാസചക്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയുടെ  ഉത്സർജനം കുറക്കാനും  ആത്യന്തികമായി തടയാനുമുള്ള നയ ചർച്ചയെയും പ്രവർത്തനത്തെയും ലോകമാകമാനം ത്വരിതപ്പെടുത്തി. ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 2001ൽ Global Carbon Project(GCP) രൂപീകരിക്കപ്പെടുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രഗവേഷകരുടെ കൂട്ടായ്മയായ ഫ്യൂച്ചർ എർത്തിന്റെ ആഗോള ഗവേഷണ പ്രോജക്ടാണ് GCP.

കാർബൺ ഉത്സർജനം കണക്കാക്കാൻ ഉപയോഗിക്കുന്ന വിവര ശേഖരവും (Dataset) രീതിശാസ്ത്രവും കാർബൺ വിതരണവും വിശദമായി പ്രതിപാദിക്കുന്ന ഒരു വാര്‍ഷിക അവലോകനമാണിത്. മനുഷ്യ ഇടപെടലുകള്‍ മൂലമുണ്ടാവുന്ന ആന്ത്രോപൊജെനിക് കാർബൺ ഉദ്‌വമനം കൃത്യമായി വിലയിരുത്തുന്നതും, മാറുന്ന കാലാവസ്ഥയിൽ അന്തരീക്ഷം, സമുദ്രം, ഭൗമ ജൈവമണ്ഡലം എന്നിവയ്ക്കിടയിലുള്ള അവയുടെ പുനർവിതരണം പരിശോധിക്കുന്നതിനും, ആഗോള കാർബൺ ചക്രം സൂക്ഷമമായി മനസിലാക്കുന്നതിനും, ഭാവിയിലെ കാലാവസ്ഥാ വ്യതിയാനം ആസൂത്രണം (projection) ചെയ്യുന്നതിനും  ഈ റിപ്പോർട്ട് സഹായകരമാകും .

അന്തരീക്ഷത്തിലെ കാർബണും കാലാവസ്ഥാവ്യതിയാനവും

എന്താണ് അന്തരീക്ഷത്തിലെ കാർബൺ (പ്രധാനമായും കാർബൺ ഡൈ ഓക്സൈഡ് CO2) ഇൽ ഉണ്ടായ വര്‍ദ്ധന?അത് എങ്ങനെയാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നത്? മനുഷ്യഇടപെടലുകൾ ഇതിൽ എത്രത്തോളം പങ്കു വഹിക്കുന്നുണ്ട്? എന്നൊക്കെ നോക്കാം. 

വ്യാവസായിക കാലഘട്ടത്തിന്റെ തുടക്കമായ 1750-ൽ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 277 ppm ആയിരുന്നതിൽ നിന്ന് 2019  ആയപ്പോഴേക്കും 410 ppm ആയി വർദ്ധിച്ചു (ചിത്രം 1). വ്യാവസായിക വിപ്ലവത്തിന് മുൻപ്  ഫോസിൽ ഇന്ധനങ്ങൾ നാം ഉപയോഗിച്ച് തുടങ്ങിയിരുന്നുവെങ്കിലും അന്തരീക്ഷത്തിലെ CO2 വർദ്ധനവ് പ്രധാനമായി വനനശീകരണത്തിൽ നിന്നും മറ്റ് ഭൂവിനിയോഗ വ്യതിയാന പ്രവർത്തനങ്ങളിൽ നിന്നുമായിരുന്നു, എന്നാൽ 1950 മുതൽ മനുഷ്യ ഇടപെടലുകൾ കാരണം അന്തരീക്ഷത്തിലേക്ക്  വരുന്ന CO2 ന്റെ പ്രധാന സ്രോതസ്സ്  ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം  മൂലമാണ്. അവയുടെ ആപേക്ഷിക വിഹിതം ഇന്നും  വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെട്ട ഈ അധിക കാർബൺ ഡൈ ഓക്സൈഡ് (CO2) കരയ്‌ക്കോ സമുദ്രത്തിനോ ആഗിരണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ  അത് അന്തരീക്ഷത്തിൽ നിലനിൽക്കും. മനുഷ്യനിർമിത ഹരിതഗൃഹ വാതകമായ CO2 ന്റെ വായുവിലെ ആയുസ്സ് നിർണ്ണയിക്കാൻ ഏറ്റവും പ്രയാസമാണ്, കാരണം അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്ന നിരവധി പ്രക്രിയകളുണ്ട്. വായുവിലേക്ക് വിടുന്ന CO2 ന്റെ 65% മുതൽ 80% വരെ 20-200 വർഷങ്ങൾക്കിടയിൽ സമുദ്രത്തിൽ ലയിക്കുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾ എടുക്കുന്ന മന്ദഗതിയിലുള്ള രാസ പ്രക്രിയകളിലൂടെ ശേഷിച്ചവ നീക്കം ചെയ്യപ്പെടുന്നു. ഇതിനർത്ഥം CO2 ന്  അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെട്ടാൽ, അവിടെ തന്നെ തുടരാനും ആയിരക്കണക്കിന് വർഷങ്ങളായി കാലാവസ്ഥയെ ബാധിക്കാനും കഴിയും എന്നാണ്. കാർബൺ ഡൈ ഓക്സൈഡ് കാലാവസ്ഥയെ സ്വാധീനിക്കുന്നതിനുള്ള പ്രധാന കാരണം അതിന്റെ താപത്തെ ആഗിരണം ചെയ്യാനുള്ള കഴിവാണ്, അതുകൊണ്ടു തന്നെ ഈ പ്രധാന ഹരിതഗൃഹ വാതകത്തിന്റെ അളവ് കൂടുന്നത് ഭൂമിയുടെ താപനില ഉയരാൻ വലിയ പങ്കുവഹിക്കുന്നു. ഇതിനെയാണ് നമ്മൾ ആഗോള താപനം എന്ന് വിളിക്കുന്നത്. ആഗോളതാപനം സമുദ്രനിരപ്പ് ഉയരുന്നതിനും, ഐസ് തൊപ്പികൾ ഉരുകുന്നതിനും വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റുകൾ, ഹിമപാതങ്ങൾ, ഉഷ്‌ണതരംഗങ്ങൾ, ശീത തരംഗങ്ങൾ എന്നിവ പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ വർദ്ധനവിനും തീവ്രതക്കും  കാരണമാകുന്നു. ഇന്ന് കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് മനുഷ്യ ചരിത്രത്തിലെ എക്കാലത്തേക്കാളും കൂടുതലാണ്. 1880 മുതൽ ഭൂമിയുടെ ശരാശരി ഉപരിതല താപനില ഏകദേശം 2F (1 ഡിഗ്രി C) വർദ്ധിച്ചിട്ടുണ്ടെന്ന് നമുക്കറിയാം.

കാലാവസ്ഥാ വ്യതിയാനം ഒഴിവാക്കണമെങ്കിൽ ആഗോള ശരാശരി താപനില ഉയർച്ച 1.5 ഡിഗ്രി കവിയാൻ പാടില്ലെന്ന് ഐപിസിസി (ഐക്യരാഷ്ട്രസഭയുടെ ഒരു  സ്ഥാപനമാണ്  IPCC എന്നറിയപ്പെടുന്ന ഇന്റർഗവർമെൻറൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) പറയുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, ഭാവിയിൽ ലോകത്തിന് എത്ര കാർബൺ പുറന്തള്ളാൻ കഴിയും എന്നതിന്  2014 ൽ ഐപിസിസി ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതായത്  അന്തരീക്ഷ താപനില വർദ്ധനവ്  2 ഡിഗ്രി സെൽഷ്യസിൽ കുറയാതെ 66 ശതമാനം നിലനിർത്താൻ സാധിക്കണമെങ്കിൽ  മനുഷ്യർ 2,900 Gt (Gt = ഗിഗാ ടൺ = ശതകോടി ടൺ) യിൽ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളരുത് എന്നാണത്. ഇത് നിറവേറ്റപ്പെടണമെങ്കിൽ അടിയന്തിര കാലാവസ്ഥാ നയങ്ങൾ നടപ്പിലാക്കുകയെന്നത് അനിവാര്യമാണ്. എന്നാൽ 2017 ആയപ്പോഴേക്കും ലോകം 2,200 ജിടി അല്ലെങ്കിൽ ഈ ബജറ്റിന്റെ മൂന്നിൽ നാല് ഭാഗവും പുറത്തുവിട്ടിരുന്നു. ലോകജനസംഖ്യയുടെ 4.3% വരുന്ന അമേരിക്കക്കാർ 25%  ഉദ്‌വമനം നടത്തി (1751-2017). ലോകജനസംഖ്യയുടെ 6.8% വരുന്ന യൂറോപ്യൻ യൂണിയൻ 22% മലിനീകരണത്തിന് കാരണമായി (1751-2017). എന്നാൽ, ലോകജനസംഖ്യയുടെ 18% വരുന്ന ഇന്ത്യ 3% മാത്രമാണ് പുറത്തുവിട്ടത്.

2020 ഗ്ലോബൽ കാർബൺ ബജറ്റ് ലെ സവിശേഷതകൾ

പാരീസ് കരാർ അംഗീകരിച്ച് അഞ്ച് വർഷത്തിന് ശേഷം നാം സ്വീകരിച്ച കാലാവസ്ഥനയങ്ങളുടെ അനന്തര ഫലമായി ആഗോള ഫോസിൽ CO2 ഉദ്‌വമനം 2019 മുതൽ കുറയാൻ തുടങ്ങി. 2020 ന് മുമ്പുള്ള ദശകത്തിൽ (2010-2019), വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള 24 രാജ്യങ്ങളിൽ ഫോസിൽ CO2 ഉദ്‌വമനം ഗണ്യമായി കുറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് 2020 ഇൽ ആഗോള COVID-19 നിയന്ത്രണങ്ങൾ  കാരണം CO2 ഉദ്‌വമനം 34 ബില്യൺ ടൺ CO2 (GtCO2) ആയിരിക്കുമെന്നാണ്. എന്നാൽ 2019 നെ അപേക്ഷിച്ച് 2.4Gt ന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. കണക്കുകൾ പ്രകാരം 2020 അവസാനത്തോടെ യുഎസിൽ 12%, യൂറോപ്യൻ യൂണിയനിൽ 11%, ഇന്ത്യയിൽ 9%, ചൈനയിൽ 1.7% എന്നിങ്ങനെ കുറവ് രേഖപ്പെടുത്തും. ആന്ത്രോപൊജെനിക് ഉദ്‌വമനം അല്പം കുറഞ്ഞിട്ടും 2020 ലെ  CO2  വളർച്ചാ നിരക്ക്  (2.5 പിപിഎം) 2019 ലെ  നിരക്കിനടുത്താണ്. 2020 ൽ പുറന്തള്ളപ്പെട്ട CO2 ന്റെ പകുതിയിലധികം (54%) കരയും സമുദ്രവും ഒരുമിച്ച് ആഗിരണം ചെയ്തു. 2010-2019 ദശകത്തിലെ കണക്കനുസരിച്ചു സമുദ്രം പ്രതിവർഷം 9.2 ജിടി‌ യും കര  12.5 ജിടി ഉം  ആഗിരണം ചെയ്യുന്നുണ്ട്.  സമുദ്രം ഏറ്റെടുക്കുന്ന അധിക  CO2 സമുദ്രത്തിലെ അമ്ലീകരണത്തിനും തുടർന്ന് മറ്റ് പല പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വഴി വെക്കുന്നു.

എന്നാൽ, 2019 ലെ കുറവ് ഉത്സർജനം 2018 ലെക്കാൾ 0.1% മാത്രമായിരുന്നു, അതായത് എമിഷൻ ലെ കുറവ്  COVID-19 മഹാമാരിക്ക് മുന്‍പ് തുടങ്ങി എന്നും 2020 ലേത് അതിന്റെ തുടർച്ച കൂടിയാണ് എന്നും വേണം മനസിലാക്കാൻ. ഒരു വർഷത്തിൽ പുറന്തള്ളുന്നതിലെ ഇടിവ് ആഗോളതാപനത്തിന്റെ വേഗത കുറയ്ക്കില്ലെങ്കിലും, മെച്ചപ്പെട്ടു വരുന്ന കാലാവസ്ഥാ പ്രവർത്തന പദ്ധതികളുടെ കൂടി ആകെത്തുക എന്നവണ്ണം കാർബൺ അളവ് കുറയാന്‍ തുടങ്ങുന്നതിന്റെ സൂചനകളുണ്ട്. പാരീസ് ലക്ഷ്യവുമായി തുടരാൻ സമാനമായ ഇടിവ് എല്ലാ വർഷവും നിലനിർത്തണം.

2020 ലെ ആകെ CO2 ഉദ് വമനത്തിന്റെ 86% ഫോസിൽ CO2 ആണ്. ശേഷിക്കുന്ന ഭാഗം (14 %) ഭൂവിനിയോഗ മാറ്റത്തിൽ നിന്നാണ്. ആമസോൺ  വനനശീകരണവും ഇന്തോനേഷ്യയിലെ കാർബൺ സമ്പുഷ്ടമായ തണ്ണീർത്തടങ്ങളിൽ ഉടനീളം വൻ തീപിടുത്തവും ഉണ്ടായ 2019 ലെ  നിരക്കിനേക്കാൾ കുറവാണ് ഇത്.
കാർബൺ ബജറ്റ് അസന്തുലിതാവസ്ഥക്കുള്ള പൂർണ  പരിഹാരം ഒന്നുമല്ലെങ്കിലും അത് മുന്നോട്ടു വെക്കുന്ന മെച്ചപ്പെടുത്തലുകൾക്കുള്ള സാധ്യതകൾ ചെറുതല്ല. COVID-19 പാൻഡെമിക്കിന് മറുപടിയായി ആഗോള സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 2021 ലും അതിനുശേഷവും പുറംതള്ളുന്നതിലെ തിരിച്ചുവരവിന്റെ തോത് വർധിപ്പിക്കാൻ ഉള്ള സാഹചര്യം കണക്കിലെടുത്തു  “കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ യോജിക്കുന്ന” സാമ്പത്തിക വീണ്ടെടുക്കൽ ലോക രാജ്യങ്ങൾ പിന്തുടരണം. ഈ ഉദ്യമത്തിൽ നാം പരാജയപ്പെട്ടാൽ  ഐ‌പി‌സി‌സി മുൻപ് നിശ്ചയിച്ച കൈവിട്ടു പോയിക്കൊണ്ടിരിക്കുന്ന  1.5 സി താപന പരിധി നമ്മെ തിരിച്ചു പിടിക്കാനാവാത്ത  കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കും.


അധികവായനയ്ക്ക്

  1. ആഗോള കാർബൺ ബജറ്റ് 2020 വെബ്സൈറ്റ് സന്ദർശിക്കാം
  2. സ്ലൈഡുകൾ ഡൌൺലോഡ് ചെയ്യാം
  3. ലൂക്കയിൽ പ്രസിദ്ധീകരിച്ച ആഗോളതാപനവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആനിഹിലേഷൻ – ഉന്മൂലനം ചെയ്യപ്പെടുന്ന ആദിരൂപങ്ങൾ
Next post ബഹിരാകാശയാത്ര: താൽപര്യമുള്ളവർക്ക് പേര് നൽകാം 
Close