Read Time:21 Minute

തവളക്കൊതുകുകൾ

കൊതുകുതീറ്റക്കാർ എന്നനിലയിൽ തവളകൾ പ്രസിദ്ധരാണ്. കൊതുകുകൾ തിരിച്ച് തവളകളെ ആക്രമിക്കുമോ എന്ന സംശയം സ്വാഭാവികവുമാണ്.  അതേ സുഹൃത്തുക്കളേ, അങ്ങനെയുമുണ്ട് കൊതുകുകൾ.

കൊതുകുകളെക്കുറിച്ച് വർഷത്തിൽ ഏത് ദിവസവും എഴുതാവുന്നതേയുള്ളൂ. അത്രയ്ക്കാണല്ലോ അവയുടെ (കു) പ്രസിദ്ധി. കൊതുകെഴുത്ത് ലോക കൊതുകുദിനത്തിലാകുമ്പോൾ (ആഗസ്ത് 20) പ്രത്യേകത ഇത്തിരിയെങ്കിലും കൂടുതൽ  വേണമല്ലോ. അങ്ങനെയാണ് തവളക്കൊതുകുകളെക്കുറിച്ചാവാം എഴുത്ത് എന്ന തീരുമാനമുണ്ടായത്. കൊതുകുതീറ്റക്കാർ എന്നനിലയിൽ തവളകൾ പ്രസിദ്ധരാണ്. കൊതുകുകൾ തിരിച്ച് തവളകളെ ആക്രമിക്കുമോ എന്ന സംശയം സ്വാഭാവികവുമാണ്.  അതേ സുഹൃത്തുക്കളേ, അങ്ങനെയുമുണ്ട് കൊതുകുകൾ. തവളകളെ മാത്രം കടിക്കുന്നവയും മറ്റ് ജീവികൾക്കൊപ്പം തവളകളെക്കൂടി  കടിക്കുന്നവയും. നിലവിലുള്ള അറിവനുസരിച്ച് മൂന്ന് ജീനസുകളിൽ പെടുന്ന കൊതുകുകളാണ് തവളകടിയന്മാർ- യൂറനോടീനിയ (Uranotaenia), മിമോമിയ (Mimomyia), ക്യൂലക്സ് (Culex). (വളരെ അപൂർവ്വമായി ഡെങ്കിപ്പനി പരത്തുന്ന ഏഡിസ് ഈജിപ്തൈയും (Aedes aegypti ) തവളരക്തം കുടിക്കുന്നതായി റിപ്പോർട്ടുണ്ട്). ഇവയിൽ ചില യൂറനോടീനിയ സ്പീഷീസുകൾ തവളകളെ മാത്രം കടിക്കുന്നവയാണ്. മിമോമിയയിലെ ചില സ്പീഷീസുകൾക്ക് കൂടുതൽ പ്രിയം തവളരക്തമാണെങ്കിലും ചിലപ്പോൾ മറ്റ് മൃഗങ്ങളേയും കടിച്ചേക്കാം. ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട ഒരു സ്പീഷീസ് മാത്രമേ തവളകളെ കടിക്കുന്നതായി അറിവുളളൂ; ക്യൂലക്സ് ടെറിട്ടൻസ് (Culex territans). ഇവ തവളകൾക്ക് പുറമേ പക്ഷികൾ, ഉരഗങ്ങൾ, സസ്തനികൾ എന്നിവയുടേയും ചോര കുടിക്കാറുണ്ട്.

തവളയും Uranotaenia lowii കൊതുകുകളും

യൂറനോടീനിയ

ലോകത്തിലെ മിക്ക പ്രദേശങ്ങളിലും കാണപ്പെടുന്ന വലിയൊരു കൊതുക് ജീനസ്സാണ് യൂറനോടീനിയ. ഏകദേശം 271 സ്പീഷീസുകളുണ്ട്. വലുപ്പത്തിൽ തീരെ ചെറുതും   വർണ്ണഭംഗിയുമുള്ള കൊതുകുകളാണ് യൂറനോടീനിയകൾ. കേരളത്തിൽ പതിമൂന്ന് സ്പീഷീസുകളുണ്ട്. മനുഷ്യരക്തത്തോട് അധികം പ്രതിപത്തിയില്ലാത്തവയാണ് മിക്ക സ്പീഷീസുകളും. 1945 ൽ സി. എൽ. റെമിങ്ടണാണ് (C.L. Remington) ആദ്യമായി യൂറനോടീനിയകളുടെ തവളസ്നേഹം റിപ്പോർട്ട് ചെയ്യുന്നത്. യൂറനോടീനിയ ലോവിയാണ് (Uranotaenia lowii) പ്രസ്തുത സ്പീഷീസ്. ഉത്തരാർദ്ധഗോളത്തിലാണ് ഈ കൊതുകുകളെ കണ്ടുവരുന്നത്. ഇന്ത്യയിൽ നിന്നും ഈ കൊതുകിനെ ആദ്യമായി കണ്ടെത്തുന്നത് 2023 ൽ  ഒറീസ്സയിലെ ബെറാംപൂരിൽ നിന്നുമാണ്. തവളരക്തം മാത്രം ആഹരിക്കുന്ന കൊതുകുകളാണ് യൂറനോടീനിയ ലോവി. ജപ്പാനിലെ റ്യൂക്യൂ (Ryukyu) ദ്വീപസമൂഹങ്ങളിൽ ജീവിക്കുന്ന യൂറനോടീനിയ മാക്ഫാർലനി (U. macfarlanei), യൂറനോടീനിയ യീയാമന (U. yaeyamana),  യൂറനോടീനിയ ജാക്ക്സണി (U. jacksoni), യൂറനോടീനിയ നിവിപ്ള്യൂറ (U. nivipleura), യൂറനോടീനിയ ഒഹാമി (U. ohami), യൂറനോടീനിയ അണ്ണൻഡാലി (U. annandelei), യൂറനോടീനിയ ലാറ്ററാലിസ് (U. lateralis); ശ്രീലങ്കയിലെ യൂറനോടീനിയ റുഥർഫോർഡി (U. rutherfordi); കെനിയയിലെ യൂറനോടീനിയ ബാൽഫൌറി (U.balfouri) തുടങ്ങിയവയാണ് ഇതുവരെ രേഖപ്പെടുത്തിയ മറ്റ് തവളകടിയൻ യൂറനോടീനിയകൾ.  കേരളത്തിലെ  യൂറനോടീനിയ സ്പീഷീസുകൾ തവളകളെ കടിക്കുന്നതായി ഇതുവരെ ആരും നിരീക്ഷിച്ചിട്ടില്ല.

Juvenile monkey frog (Phyllomedusa sp.) bitten by mosquitoes – Photo from the Tambopata Research Centre, Peruvian Amazon.

മിമോമിയ

യൂറനോടീനിയകളെപ്പോലെ തന്നെ കുഞ്ഞൻ കൊതുകുകളാണ് മിമോമിയ. ലോകത്തിലാകെ 45 സ്പീഷീകളാണുള്ളത്. കേരളത്തിൽ നിന്ന് ഇതുവരെ മൂന്ന് സ്പീഷീസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മിമോമിയ സ്പീഷീസ് തവളകളെ കടിക്കുന്നതായി ലോകത്തിൽ തന്നെ ആദ്യമായി രേഖപ്പെടുത്തിയത് കേരളത്തിൽ നിന്നാണ്. 1959 ൽ മലയാളി ശാസ്ത്രജ്ഞരായ എം. എ. യു മേനോനും എം.ആർ.വി തമ്പിയും ചേർന്നാണ് ഈ സുപ്രധാന കണ്ടെത്തൽ റിപ്പോർട്ട് ചെയ്തത്. മിമോമിയ ചേംബർലെയിനിയായിരുന്നു (Mimomyia chamberlaini) ആ കൊതുക്. പതിവ് പോലെ തിരുവനന്തപുരം നഗരത്തിൽ കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങൾ (Breeding habitats) സർവേ ചെയ്യുകയായിരുന്നു മേനോനും തമ്പിയും. അങ്ങനെയാണ് പിസ്റ്റിയ നിറഞ്ഞ ഒരു കുളക്കരയിലെത്തുന്നത്. കുളത്തിന് ചുറ്റും ചേമ്പ് ചെടികൾ വളർന്നു നിന്നിരുന്നു. ചേമ്പിലകളിൽ ധാരാളം കൊതുകുകൾ വിശ്രമിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ മിമോമിയ ചേംബർലെയിനിയുമുണ്ടായിരുന്നു. ഇരിക്കുന്ന രീതിയിൽ നിന്ന് അവയെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും (ചിത്രം നോക്കുക ).


മേനോൻ വരച്ച മിമോമിയ ചേംബർലെയിനി

അവയിൽ ചിലതിന്റെ വയറ്റിൽ ചോര കണ്ടത് അവരെ അത്ഭുതപ്പെടുത്തി. അന്നത്തെ അറിവനുസരിച്ച് മനുഷ്യരെ കടിക്കാത്ത കൊതുകുകളാണ് മിമോമിയ ചേംബർലെയിനി. അപ്പോൾ രക്തം മറ്റേതോ മൃഗത്തിന്റേതായിരിക്കുമെന്ന് അവർ അനുമാനിച്ചു. പ്രജനനകേന്ദ്രങ്ങളിൽ നിന്ന് അധിക ദൂരം പറക്കാൻ കഴിവില്ലാത്തവയാണ് ഈ കൊതുകുകൾ. അതുകൊണ്ട് തൊട്ടടുത്തുള്ള ഏതെങ്കിലും ജീവിയെയായിരിക്കും അവ കടിച്ചതെന്ന് അവർ ഊഹിച്ചു. കുളത്തിൽ ധാരാളം ഉണ്ടായിരുന്ന വലിയ തവളയിലേക്കാണ് (Hoplobatrachus tigerinus) പ്രധാനമായും സംശയമുന നീണ്ടത്. കൊതുകിന്റെ വയറ്റിൽ നിന്നും രക്തം ശേഖരിച്ച് സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ചപ്പോൾ സംശയം ശരിയാണെന്ന് തെളിഞ്ഞു. മാത്രമല്ല, പിന്നീടൊരവസരത്തിൽ കൊതുകുകൾ തവളകളുടെ ശരീരത്തിൽ നിന്ന് ചോരകുടിക്കുന്നത് നേരിട്ട് കാണുകയും ചെയ്തു. തവളകളുടെ കണ്ണിന് ചുറ്റുമാണ് ചോരകുടിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലമെന്നും നിരീക്ഷിച്ചു. തവളകളെ കടിക്കുന്ന മിക്ക കൊതുകുകളും ഇഷ്ടപ്പെടുന്നത് കണ്ണുകൾക്ക് സമീപം കടിക്കാനാണെന്ന് പിൽക്കാലത്ത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

റ്യൂക്യൂ ദ്വീപസമൂഹങ്ങളിലെ മിമോമിയ ലൂസോണെൻസിസ് (M. luzonensis); ശ്രീലങ്കയിലെ മിമോമിയ യൂണിഫോർമിസ് (M.uniformis); കെനിയയിലെ മിമോമിയ സ്പ്ലെൻഡൻസ് (M. splendens), മിമോമിയ മീഡിയോലിനിയേറ്റ (M. mediolineata), മിമോമിയ പ്ലൂമോസ (M. plumosa), മിമോമിയ ഹിസ്പിഡ (M. hispida), മിമോമിയ പാലിഡ (M. pallida); ആസ്ത്രേലിയയിലെ മിമോമിയ എലിഗൻസ് (M. elegans) എന്നിവയും തവള രക്തം കുടിക്കുന്നതായി പിൽക്കാലത്ത് കണ്ടെത്തി. മിമോമിയ ലൂസോണെൻസിസ് കേരളത്തിലുമുണ്ടെങ്കിലും അവ തവളരക്തം കുടിക്കുന്നത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

പാട്ടുകേട്ട് പാട്ടുകേട്ട്

കാർബൺ ഡയോക്സൈഡ്, വിയർപ്പ് മണം, ശരീരതാപം, ശരീരത്തിന്റെ  നിറം തുടങ്ങിയ സൂചനകളുപയോഗിച്ചാണ് കൊതുകുകൾ സസ്തനികളായ ആതിഥേയജീവികളെ കണ്ടെത്തുന്നത്. ഇത്തരം സൂചനകളുപയോഗിച്ച് തവളകളെ കണ്ടെത്തുക എളുപ്പമാവില്ല. അതുകൊണ്ടുതന്നെ തവളക്കൊതുകുകൾ ഇരതേടലിന് മറ്റേതെങ്കിലും രീതികളുപയോഗിക്കുന്നുണ്ടാകുമെന്ന് ശാസ്ത്രജ്ഞർക്ക് ബലമായ സംശയമുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട സംശയം തവളകൾ ഇണകളെ ആകർഷിക്കാൻ  പുറപ്പെടുവിക്കുന്ന ശബ്ദത്തിന് നേരെയായിരുന്നു. 2005 ൽ റ്യൂക്യൂവിലും 2006 ൽ കോസ്റ്ററിക്കയിലും നടന്ന പഠനങ്ങൾ ഈ സംശയം ശരിവെക്കുന്നവയായിരുന്നു. ഈ പഠനങ്ങളിൽ തവളയുടെ ശബ്ദമുപയോഗിച്ച് തവളകടിയൻ കൊതുകുകളെ ആകർഷിക്കുവാൻ കഴിഞ്ഞു. അപ്പോൾ കൊതുകുകൾക്ക് ചെവിയുണ്ടോ? ചെവിയുണ്ട്, പക്ഷേ മനുഷ്യരുടെ ചെവിപോലെയല്ല. ആന്റിനയിലെ രോമങ്ങളാണ് അവയുടെ ശ്രവണേന്ദ്രിയങ്ങൾ. ശബ്ദത്തിന്റെ സ്വാധീനത്തിൽ ആന്റിന കമ്പനം ചെയ്യുമ്പോൾ ആന്റിനയുടെ രണ്ടാമത്തെ ഖണ്ഡത്തിലുള്ള ജോൺസ്റ്റൻ അവയവം (Johnston’s organ) ഉദ്ദീപിക്കപ്പെടുകയും അത് കമ്പനത്തെ വൈദ്യുതോർജ്ജമായി (electrophysiological signals) മാറ്റുകയും കൊതുകിന്റെ നാഡീവ്യവസ്ഥ അത് ശബ്ദമായി തിരിച്ചറിയുകയും ചെയ്യുന്നു. ആൺകൊതുകുകളുടെ ആന്റിനയിലാണ് കൂടുതൽ രോമങ്ങളുള്ളത്. അതുകൊണ്ട് കേൾവിശക്തി കൂടുതൽ ആൺകൊതുകുകൾക്കാണ്. ഇണചേരുന്ന സമയത്ത് സ്വന്തം സ്പീഷീസിലുള്ള പെൺകൊതുകുകളുണ്ടാക്കുന്ന ശബ്ദം (കൊതുകുപാട്ട്) തിരിച്ചറിയാനാണ് ആൺകൊതുകുകൾ തങ്ങളുടെ ശ്രവണപാടവം ഉപയോഗിക്കുന്നത്. അതാണ്  പൊതുനിയമം. ഈ പൊതുനിയമം പാലിക്കാത്തവരാണത്രേ  തവളകടിയൻ  കൊതുകായ യൂറനോടീനിയ ലോവി. തവളകളുടെ ചോരമാത്രം കുടിക്കുന്നവയാണ് യൂറനോടീനിയ ലോവിയെന്ന് നേരത്തെ പറഞ്ഞല്ലോ. മറ്റ് പെൺകൊതുകുകളുടെ ആന്റ്റിനയിൽ നിന്ന് വ്യത്യസ്തമാണ് ഇവയുടെ ആന്റിനകൾ. അവയുടെ ഉപയോഗവും വ്യത്യസ്തമാണ്. അതെന്തൊക്കെയാണെന്ന് നോക്കാം.

തവളക്കരച്ചിൽ പിടിച്ചെടുക്കുന്ന  ആന്റിനകൾ

അമേരിക്കയിലേയും ശ്രീലങ്കയിലേയും ഒരു സംഘം ഗവേഷകരാണ് (അതിൽ ഇന്ത്യക്കാരിയുമുണ്ട്) യൂറനോടീനിയ ലോവിയുടെ ആന്റിനകളെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തിയത്. 2023 ൽ അവരുടെ പഠനം ജേണൽ ഓഫ് എക്സ്പെരിമെന്റൽ ബയോളജിയിൽ പ്രസിദ്ധീകരിച്ചു. സാധാരണ പെൺകൊതുകുകളുടെ ആന്റ്റിനയേക്കാൾ രോമം കൂടുതലുള്ളവയാണ്  യൂറനോടീനിയ ലോവിയുടെ ആന്റിനകൾ (ചിത്രം കാണുക). മാത്രമല്ല, ആൺകൊതുകുകളുടെ ആന്റിനകൾ മറ്റ് ആൺകൊതുകുകളുടേത് പോലെ രോമനിബിഡവുമല്ല. ആൺകൊതുകുകളുടേയും പെൺകൊതുകുകളുടേയും ആന്റ്റിനകൾ തമ്മിൽ പ്രത്യക്ഷത്തിൽ  പറയത്തക്ക വ്യത്യാസമില്ല. തവളകളുണ്ടാക്കുന്ന ശബ്ദം തിരിച്ചറിയാൻ പെൺകൊതുകുകളുടെ  ആന്റിനകൾക്ക് കഴിയുന്നുണ്ടെന്നതാണ് ഈ പഠനത്തിലെ പ്രധാന കണ്ടെത്തൽ. മാത്രമല്ല ഇവയുടെ ആൺകൊതുകുകൾ മറ്റ് ആൺകൊതുകുകളെ പോലെ  ഇണചേരലിന് ശബ്ദം ഉപയോഗിക്കുന്നില്ല എന്നും കണ്ടെത്തി.

എല്ലാ തവളക്കൊതുകുകളും സമാനമായ സ്വഭാവം പ്രകടിപ്പിക്കുന്നവയാണോ ? അല്ലെന്നാണ് ആസ്ത്രേലിയയിൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്.

മൂക്ക് കടിയന്മാർ 

തവളകൾക്ക് മൂക്കുണ്ടോ? മനുഷ്യരെപ്പോലെ പുറത്തേക്ക് തള്ളിനിൽക്കുന്ന മൂക്കില്ല. എന്നാൽ രണ്ട് ചെറിയ നാസാദ്വാരങ്ങളുണ്ട്. അവയെ നേറീസ് (nares) എന്നാണ് വിളിക്കുന്നത്. ആസ്ത്രേലിയയിലെ ഒരു കൊതുകിന് തവളയുടെ മൂക്കിനടുത്തുനിന്ന് ചോരകുടിക്കുന്നതാണത്രേ ഇഷ്ടം. തവളയുടെ മറ്റൊരുഭാഗത്തുനിന്നും ഈ കൊതുക് ചോരകുടിക്കുന്നില്ലെന്നാണ്  2024 ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.  കൊതുകിന്റെ പേര് മിമോമിയ എലിഗൻസ് (Mymomyia elegans). ആസ്ത്രേലിയയിലെ കൂറഗാങ് (Kooragang) ദ്വീപിൽ തുടർച്ചയായ മൂന്നു വർഷങ്ങളിലാണ് (2020-2022) പഠനം നടന്നത്. തവളയുടെ പുറത്ത് പറന്നുവീഴുന്ന കൊതുക് പതുക്കെ പതുക്കെ തലയുടെ മുൻഭാഗത്ത്, കണ്ണുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന നാസാദ്വാരത്തിലേക്ക് നടന്നടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ചോരകുടിക്കുന്ന സമയത്ത്  കൊതുകിന്റെ തലഭാഗത്തിന്റെ ദിശ എല്ലായ്പ്പോഴും തവളയുടെ തലഭാഗത്തിന്റെ ദിശയിലേക്കായിരിക്കും! (ചിതങ്ങൾ കാണുക). എന്തുകൊണ്ട് മൂക്കിൽ തന്നെ കടിക്കുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. എന്നാൽ ചില ഊഹങ്ങളുണ്ട്. നാസാദ്വാരങ്ങൾക്ക് സമീപം രക്തപ്രവാഹം കൂടുതലായിരിക്കാം. അങ്ങനെയാണെങ്കിൽ എളുപ്പത്തിൽ ചോര ലഭിക്കുമല്ലോ. മറ്റൊന്ന് നാസാദ്വാരങ്ങളിലൂടെ പുറത്തുവിടുന്ന വായുവിലെ കാർബൺ ഡയോക്സൈഡിനോടുള്ള ആകർഷണമായിരിക്കാം. എന്നാൽ യൂറനോടീനിയ ലോവിയെ പോലെ ശബ്ദമുപയോഗിച്ചാവില്ല മിമോമിയ എലിഗൻസ് തവളകളെ കണ്ടെത്തുന്നത് എന്ന സൂചനയും ഈ പഠനം നൽകുന്നുണ്ട്. ആൺതവളകൾക്ക് പുറമേ ശബ്ദമുണ്ടാക്കാത്ത പെൺതവളകളേയും പ്രായപൂർത്തിയാകാത്ത ആൺതവളകളേയും അവ ആക്രമിക്കുന്നതായി കണ്ടിട്ടുണ്ട്.

Female mosquitoes (Mimomyia elegans) feeding on the nostrils of three Australian tree frog species, including Litoria fallax (a–e), Litoria peronii (f) and Litoria aurea (g, h).

രോഗവാഹികൾ?

മനുഷ്യരിൽ രോഗം പരത്തുന്നതിന് കുപ്രസിദ്ധരാണല്ലോ കൊതുകുകൾ.  കൊതുകുജന്യരോഗങ്ങളാൽ  വർഷം തോറും പത്തുലക്ഷത്തോളം ആളുകൾ മരണമടയുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. അങ്ങനെയാണെങ്കിൽ തവളകളിലും കൊതുകുകൾ രോഗം പരത്തേണ്ടതല്ലേ? ഉണ്ടെന്ന് തന്നെയാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മലമ്പനിയുണ്ടാക്കുന്ന പ്ലാസ്മോഡിയം അണുക്കളോട് സാമ്യമുള്ള പരാദങ്ങളാണ് ഹെപ്പറ്റോസൂൺ (Hepatozoon) ജീനസ്സിൽ പെട്ട സൂക്ഷ്മജീവികൾ. പല ഹെപ്പറ്റോസൂൺ സ്പീഷീസുകളേയും തവളകളിൽ കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഹെപ്പറ്റോസൂൺ ക്ളമാറ്റേ (Hepatozoon clamatae), ഹെപ്പറ്റോസൂൺ കേറ്റ്സ്ബിയാനെ (Hepatozoon catesbianae) എന്നീ പരാദങ്ങളെ തവളകളിൽ പരത്തുന്നത് ആമുഖത്തിൽ സൂചിപ്പിച്ച ക്യൂലക്സ് ടെറിട്ടൻസാണ്. ഈ പരാദങ്ങൾ തവളകളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന പഠനങ്ങളൊന്നും കാര്യമായി നടന്നിട്ടില്ല. മറ്റൊരു പരാദമായ ട്രിപ്പനോസോമ റണാരം (Trypanosoma ranarum) പരത്തുന്നതും ഈ കൊതുക് തന്നെയായിരിക്കാമെന്ന സംശയമുണ്ട്. തവളകളിൽ കണ്ടുവരുന്ന മന്ത് വിരയായ (filarial worm) ഫോളെയെല്ല ഫ്ലെക്സികോഡ (Foleyella flexicauda) യുടെ രോഗവാഹിയും ക്യൂലക്സ് ടെറിട്ടൻസാണ്. ഇവയ്ക്ക് പുറമേ പലതരത്തിലുള്ള വൈറസുകളും കൊതുകുകൾ പരത്തുന്നുണ്ടാകാമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഈയൊരു സാഹചര്യത്തിൽ വംശനാശം നേരിടുന്ന തവളകൾക്ക് കൊതുകുകൾ എത്രത്തോളം ഭീഷണിയാകുന്നുണ്ട് എന്നതിനെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ അടിയന്തരമായി നടത്തേണ്ടതുണ്ട്.

ലോകത്തിലെ ഏറ്റവും ഭീകര ജീവി കൊതുകാണ്. ഇത് വെറും തമാശയല്ല. കൊതുക് കടിയേറ്റ് ഒരു വർഷം ലക്ഷക്കണക്കിനാളുകളാണ് മരണമടയുന്നത്.

അധികവായനയ്ക്ക് 

  1. Beurden, E. V. (1980). Mosquitoes (Mimomyia elegans (Taylor)) feeding on the introduced toad Bufo marinus (Linnaeus): Implications for control of a toad pest. Australian Zoologist, 20(3), 501–504
  2. Borkent A, Belton P (2006). Attraction of female Uranotaenia lowii (Diptera: Culicidae) to frog calls in Costa Rica. Can. Entomol. 138: 91–94.
  3. Ferguson LV, Smith TG (2012). Reciprocal Trophic Interactions and Transmission of Blood Parasites between Mosquitoes and Frogs. Insects: 3: 410-423.
  4. Gould J, Valdez JW (2024).  A little on the nose: A mosquito targets the nostrils of tree frogs for a blood meal. Ethology 130:e13424.
  5. Hoover Pantoja-Sánchez H, Leavell BC, Rendon B et al (2023). Tiny spies: mosquito antennae are sensitive sensors for eavesdropping on frog calls. Journal of Experimental Biology. 226: jeb245359.
  6. Menon MAU, Tampi MRV. Notes on the feeding and egg laying habits of Ficalbia (Mimomyia) chamberlaini, Ludlow, 1904 (Diptera: Culicidae). Indian Journal of malariology. 1959; 13(1): 13-18.
  7. Remington, C.L. 1945. The feeding habits of Uranotaenia lowii Theobald. Entomological News, 56: 32–37, 64–68.
  8. Toma et al (2005). Culicid and Chaoborid flies (Diptera: Culicidae and Chaoboridae) attracted to a CDC miniature frog call trap at Iriomote Island in the Ryukyu ArchipelagoJapan. Med. Entomol. Zool. 56(2): 65-71

കൊതുകിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വീഡിയോകൾ

കൊതുകു ലേഖനങ്ങൾ

വായിക്കാം
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം – LUCA Colloquium
Next post ആഫ്രിക്കയിലെ എംപോക്സ് വ്യാപനവും ആരോഗ്യ അടിയന്തരാവസ്ഥയും
Close