ജനിതകമാറ്റം വരുത്തിയ കൊതുകുകൾ

വിനയ് രാജ് വി.ആർ


വർഷംതോറും കൊതുകുമൂലമുണ്ടാകുന്ന രോഗങ്ങൾ കൊണ്ട് ഏഴുലക്ഷം മനുഷ്യരാണ് കൊല്ലപ്പെടുന്നത്. ഡെങ്കി, സിക്ക, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കാൻ ഫ്ലോറിഡയിൽ ഒരു പരീക്ഷണം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അവിടെ ജനിതകമാറ്റം വരുത്തിയ 75 കോടി കൊതുകുകളെ പുറത്തുവിടാൻ പോകുകയാണ്.

ജനിതകമാറ്റത്തിൽക്കൂടി ഉണ്ടാക്കിയ ആൺ ഈഡിസ് ഈജിപ്റ്റി കൊതുകുകളെയാണ് പുറത്തുവിടുന്നത്. ആൺകൊതുകുകൾ ആയതിനാൽ അവ കടിക്കില്ല. പെൺകൊതുകുകളുമായി ഇവ ഇണചേർന്നുണ്ടാകുന്ന എല്ലാ പെൺകൊതുകുകളെയും കൊല്ലാൻ പറ്റുന്ന ഒരു ജീൻ ഈ ആൺകൊതുകുകൾ വഹിക്കുന്നുണ്ട്. ബാക്കിയാവുന്ന ആൺകൊതുകുകളാവട്ടെ തേൻ കുടിച്ച് ബാക്കിയാവുകയും ജീൻ അടുത്ത തലമുറയിലേക്കുകൈമാറുകയും ചെയ്യും. 47 ഡെങ്കിപ്പനിക്കേസുകൾ റിപ്പോർട്ട് ചെയ്ത 17 ഹെക്ടർ മാത്രം വിസ്താരമുള്ള മൺറോ കൗണ്ടിയിലാണ് ഈ കൊതുകുകളെ വിടുന്നത്. ഇവിടെ നേരത്തെ കീടനാശിനികൾ തളിച്ചിരുന്നെങ്കിലും കൊതുകുകൾ അവയെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിരുന്നു.

അങ്ങനെയാണ് അധികാരികൾ ജനിതകമാറ്റം വരുത്തിയ കൊതുകുകളെ പുറത്തിറക്കാൻ തീരുമാനിച്ചത്. ഇത്തരം പരീക്ഷണങ്ങൾ മുൻപ് ബ്രസീൽ ഉൾപ്പെടെയുള്ളയിടങ്ങളിൽ നടത്തിയപ്പോൾ കൊതുകുകളുടെ സംഖ്യയിൽ 90 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിരുന്നു. പരീക്ഷണശാലയിൽ നിർമ്മിക്കുന്ന മുട്ടകൾ വിരിയിച്ച് ഏതാനും ദിവസത്തിനുശേഷം പുറത്തുവിടുകയാണ് ചെയ്യുന്നത്. 2019 -ൽ സമർപ്പിച്ച ഈ പദ്ധതി ഈയിടെ അധികാരികൾ അംഗീകരിച്ചതോടെ രണ്ടുവർഷത്തെ പരീക്ഷണം 2021 -ൽ തുടങ്ങും.

പല പരിസ്ഥിതിസംഘടനകളും ഇതിൽ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ജുറാസിക് പാർക്ക് പരീക്ഷണം പരിസ്ഥിതിയേയും പൊതുജനാരോഗ്യത്തെയും ബാധിക്കുമെന്നാണവർ പറയുന്നത്. ഈഡിസ് ഈജിപ്തിയുടെ എണ്ണം കുറയുമ്പോൾ അവയുടെ സ്ഥാനം ഇതിലും ഭീകരമായ മറ്റേതെങ്കിലും സ്പീഷിസുകൾ കയ്യടക്കുമോ എന്ന സന്ദേഹവും ഉണ്ട്. മുൻപ് ബ്രസീലിൽ നടത്തിയ ഇത്തരം പരീക്ഷണത്തെ യേൽ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ ചോദ്യം ചെയ്യുകയുണ്ടായി, അവർ പറയുന്നത് ജനിതകമാറ്റം വരുത്തിയ കൊതുകുകളിൽ ചിലവ പ്രതിരോധശേഷികൂടിയ കൊതുകുകൾ ഉണ്ടാവാൻ കാരണമായെന്നാണ്.


അധികവായനയ്ക്ക്

Leave a Reply