Read Time:24 Minute

അറിയാമോ ? ആഗസ്റ്റ് 20കൊതുകുദിനം

കൊതുകുകൾക്കും ഒരു ദിവസം 

ആഗസ്ത് 20 അന്താരാഷ്ട്ര കൊതുക് ദിനമാണ്…എന്താ കഥ! കൊതുകുകൾക്കും ഒരു പ്രത്യേക ദിവസമോ?

കൊതുകുകൾക്കും ഒരു ദിവസമോ ?

ആഗസ്ത് 20 അന്താരാഷ്ട്ര കൊതുക് ദിനമാണ് (World Mosquito Day ). എന്താ കഥ! കൊതുകുകൾക്കും ഒരു പ്രത്യേക ദിവസമോ? വായനക്കാരുടെ നെറ്റി ചുളിയുന്നത് ഭാവനയിൽ കാണാവുന്നതേയുള്ളൂ. തമാശയ്ക്കാണെങ്കിലും പറയാറുണ്ട്, ലോകത്തിലെ ഏറ്റവും ഭീകര ജീവി കൊതുകാണെന്ന്. ഇത് വെറും തമാശയല്ല. കൊതുക് കടിയേറ്റ് ഒരു വർഷം ലക്ഷക്കണക്കിനാളുകളാണ് മരണമടയുന്നത്. കൊതുക് കടി എന്നുദ്ദേശിക്കുന്നത് കൊതുകുകൾ പരത്തുന്ന രോഗങ്ങൾ വഴിയെന്നാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് മലമ്പനിയാണ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2020 627 000 ആളുകളാണ് മലമ്പനിബാധയേറ്റ് മരണമടഞ്ഞത്.

ലോകത്തിലെ ഏറ്റവും ഭീകര ജീവി കൊതുകാണ്. ഇത് വെറും തമാശയല്ല. കൊതുക് കടിയേറ്റ് ഒരു വർഷം ലക്ഷക്കണക്കിനാളുകളാണ് മരണമടയുന്നത്.

എന്താണ് മലമ്പനി?

പ്ലാസ്മോഡിയം (Plasmodium) എന്ന് പേരുള്ള, പ്രോട്ടോസോവ അഥവാ പ്രോട്ടിസ്റ്റ് (Protozoa/ Protist) വിഭാഗത്തിൽ പെടുന്ന സൂക്ഷ്മ ജീവികൾ ഉണ്ടാക്കുന്നതും അനഫലസ് വിഭാഗത്തിൽ പെട്ട കൊതുകുകൾ പരത്തുന്നതുമായ ഒരു മാരക രോഗമാണ് മലമ്പനി.

സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് ഇന്ത്യയിൽ മാത്രം വർഷം തോറും ലക്ഷക്കണക്കിനാളുകൾക്ക് മലമ്പനി മൂലം ജീവൻ നഷ്ടപ്പെട്ടിരുന്നു. കേരളത്തിലെ മലയോരങ്ങൾ മലമ്പനിയുടെ സംഹാരഭൂമികളായിരുന്നു. അതേ കുറിച്ച് മലയാളത്തിൽ പ്രശസ്തമായ ഒരു നോവൽ രചിക്കപ്പെട്ടിട്ടുണ്ട്എസ്.കെ. പൊറ്റക്കാടിന്റെ വിഷകന്യക. 1965 ആകുമ്പോഴേക്കും കേരളത്തിൽ നിന്നും മലമ്പനി പൂർണ്ണമായും ഉന്മൂലനം ചെയ്യപ്പെട്ടു. എന്നാൽ പിൽക്കാലത്ത് ചില പ്രദേശങ്ങളിൽ ചെറിയ തോതിൽ മലമ്പനി തലപൊക്കിത്തുടങ്ങി. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 2021 ൽ നമ്മുടെ സംസ്ഥാനത്ത് 309 മലമ്പനി കേസുകളാണുണ്ടായിരുന്നത്. ഒരാൾ മരണമടയുകയും ചെയ്തു.

കേരളത്തിലെ മലയോരങ്ങൾ മലമ്പനിയുടെ സംഹാരഭൂമികളായിരുന്നു. അതേ കുറിച്ച് മലയാളത്തിൽ പ്രശസ്തമായ ഒരു നോവൽ രചിക്കപ്പെട്ടിട്ടുണ്ട്- എസ്.കെ. പൊറ്റക്കാടിന്റെ വിഷകന്യക.

ചതുപ്പ് നിലങ്ങളിലെ മലിനവായു

മലമ്പനിയുടെ ഇംഗ്ലീഷ് വാക്ക് മലേറിയ (Malaria) എന്നാണ്. മാൽ (Mal), ആറിയ (aria) എന്നീ ഇറ്റാലിയൻ വാക്കുകൾ ചേർന്നാണ് മലേറിയ എന്ന വാക്കുണ്ടായത്. മാൽ എന്ന വാക്കിന്റെ അർഥം മലിനം എന്നും ആറിയ എന്നാൽ വായു എന്നുമാണർഥം. രണ്ടും ചേർന്നാൽ മലിനവായു (Bad air). 1717 ലാൻസിസി (Lancisi) എന്ന ഇറ്റാലിയൻ ശസ്ത്രജ്ഞനാണ് ഈ പേരിന്റെ ഉപജ്ഞാതാവ്. അക്കാലത്ത് മലമ്പനിക്ക് കാരണം പ്ലാസ്മോഡിയമാണെന്നോ, അത് പരത്തുന്നത് കൊതുകുകളാണെന്നോ അറിയില്ലായിരുന്നു. ഇറ്റലിയിലെ ചതുപ്പ് നിലങ്ങളുടെ പരിസര പ്രദേശങ്ങളിലായിരുന്നു മലമ്പനി കൂടുതലായും കാണപ്പെട്ടിരുന്നത്. ചതുപ്പുനിലങ്ങളിൽ നിന്ന് വീശിയടിക്കുന്ന മലിനവായുവായിരിക്കാം മലമ്പനിക്ക് കാരണം എന്ന അനുമാനത്തിൽ നിന്നാണ് രോഗത്തിന് മലേറിയ എന്ന പേര് വീണത്.

പ്ലാസ്മോഡിയം കണ്ടെത്തുന്നു

ഫ്രഞ്ച് സൈന്യത്തിലെ ഡോക്ടറായിരുന്നു അൽഫോൺസ് ലാവരാൻ (Alphonse Laveran). അദ്ദേഹത്തിന്റെ കർമ്മഭൂമി ആഫ്രിക്കയിലെ അൾജീരിയ ആയിരുന്നു. 1881 ൽ ലാൻസെറ്റ് (Lancet) എന്ന സുപ്രസിദ്ധ ഗവേഷണ പ്രസിദ്ധീകരണത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി:

“കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് ഒരു മലമ്പനി രോഗിയുടെ രക്തം മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുമ്പോൾ ചുവന്ന രക്താണുക്കൾക്കിടയിൽ പരാദങ്ങളാണെന്ന് (parasites ) സംശയിക്കുന്ന ചില നിറമുള്ള വസ്തുക്കൾ കാണാനിടയായി. തുടർന്ന് പരിശോധിച്ച 44 രോഗികളിൽ 26 പേരിലും പ്രസ്തുത വസ്തുക്കൾ ഉണ്ടായിരുന്നു.”

ലാവരാൻ വരച്ച ചിത്രങ്ങൾ

അദ്ദേഹമവയെ ഓസിലാറിയ മലേറിയേ (Oscillaria malariae) എന്ന് വിളിച്ചു (ചിത്രം കാണുക) . പിൽക്കാലത്ത് അത് പ്ലാസ്മോഡിയം ഫാൽസിപ്പരം (Plasmodium falciparum ) എന്ന പേരിലറിയപ്പെട്ടു. (പ്ലാസ്മോഡിയം ഫാൽസിപ്പരത്തിന് പുറമെ നാല് പ്ലാസ്മോഡിയം സ്പീഷിസുകൾ കൂടി മലമ്പനിയുണ്ടാക്കുന്നുണ്ട്). അങ്ങനെ മലമ്പനിയുടെ ആദ്യത്തെ സമസ്യ പൂരിപ്പിക്കപ്പെട്ടു. എന്നാൽ രണ്ടാമത്തെ സമസ്യ തുറന്നു തന്നെ കിടന്നു.

കൊതുക് സിദ്ധാന്തം

മലിനവായു എന്ന് പേരിട്ടെങ്കിലും ലാൻസിസിക്ക് കൊതുകിന് മേൽ ചെറിയൊരു സംശയമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം സംശയ നിവാരണം നടത്താനൊന്നും പോയില്ല. ഏകദേശം ഒന്നര നൂറ്റാണ്ടിന് ശേഷം 1877 പാട്രിക്ക് മാൻസൺ (Patrick Manson ) എന്ന സ്കോട്ടിഷ് ഡോക്ടർ ചൈനയിലെ അമോയ് (Amoy ) എന്ന സ്ഥലത്ത് വെച്ച് കൊതുകുകളിൽ മന്ത് രോഗമുണ്ടാക്കുന്ന വിരകളെ കണ്ടെത്തി. ഏതെങ്കിലും ഒരു രോഗത്തിന് കൊതുകുമായി ബന്ധമുണ്ടെന്ന ആദ്യത്തെ കണ്ടെത്തലായിരുന്നു അത്. പ്രസ്തുത കൊതുക് ബന്ധം മലമ്പനിക്കുമുണ്ടാകാമെന്ന് അദ്ദേഹം സംശയിച്ചു. അപ്പോഴേക്കും അദ്ദേഹം ചൈന വിട്ട് ഇംഗ്ലണ്ടിൽ തിരിച്ചെത്തിയിരുന്നു. ഇംഗ്ലണ്ടിൽ മലമ്പനി അപൂർവമായിരുന്നു. അതുകൊണ്ട് തന്റെ സിദ്ധാന്തത്തിൽ ഗവേഷണം നടത്താനൊന്നും മാൻസൺ മിനക്കെട്ടില്ല. എന്നാൽ അദ്ദേഹത്തിന് കഠിനാധ്വാനിയായ ഒരു ശിഷ്യനെ കിട്ടിഡോക്ടർ റൊണാൾഡ് റോസ്സ് (Ronald Ross).

ഇന്ത്യയിൽ ജനിച്ച ഇംഗ്ലീഷുകാരൻ

ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ പുച്ഛിച്ച ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് 1857 മെയ് പത്താം തീയതിയാണ്. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഇന്നത്തെ ഉത്തരാഖണ്ഡിലെ അൾമോറയിൽ ബ്രിട്ടീഷ് ദമ്പതികൾക്ക് ഒരു മകൻ പിറന്നു – റൊണാൾഡ് റോസ്സ്. പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി റോസ്സ് ഇംഗ്ലണ്ടിൽ പോയി മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1881 ൽ ഇന്ത്യയിൽ തിരിച്ചെത്തി ഇന്ത്യൻ മെഡിക്കൽ സർവീസിൽ ആർമി ഡോക്ടറായി സേവനമാരംഭിച്ചു. അക്കാലത്ത് ലക്ഷക്കണക്കിന് ആളുകൾ മലമ്പനി ബാധിച്ച് മരണമടഞ്ഞിരുന്നു. 1880 ൽ മലമ്പനിക്ക് കാരണമായ പ്ലാസ്മോഡിയം കണ്ടുപിടിക്കപ്പെട്ടിരുന്നെങ്കിലും പലരും അത് വിശ്വസിച്ചിരുന്നില്ല. മലമ്പനി എങ്ങനെ പകരുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയും ഇല്ലായിരുന്നു. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമായിരുന്നു മലമ്പനി. ഈ മഹാരോഗത്തെ വരുതിയിൽ വരുത്താൻ എന്തെങ്കിലും ചെയ്യണമെന്ന് റോസ്സ് ആഗ്രഹിച്ചു. 1893 ൽ റോസ്സിന് സെക്കന്തരാബാദിൽ നിയമനം ലഭിച്ചു. അവിടെ വെച്ചാണ് അദ്ദേഹം തന്റെ മലമ്പനി ഗവേഷണം ആരംഭിച്ചത്. മലമ്പനി രോഗികളുടെ രക്തത്തിൽ ലാവരാൻ അവകാശപ്പെട്ട പരാദങ്ങൾ ഉണ്ടോ എന്ന അന്വേഷണമായിരുന്നു തുടക്കം. എന്നാൽ ആ അന്വേഷണങ്ങൾ പരാജയമായിരുന്നു. മറ്റ് പലരെയും പോലെ റോസ്സിനും ലാവരാന്റെ സിദ്ധാന്തത്തിൽ സംശയം തോന്നിത്തുടങ്ങി . എന്നാൽ 1894 ലെ ഇംഗ്ലണ്ട് സന്ദർശനത്തോടെ അത്തരം സംശയങ്ങളൊക്കെ പാടെ ഇല്ലാതായി. റോസ്സ് ഒരു കടുത്ത ലാവരാൻ പക്ഷക്കാരനായി മാറി. പ്രൊഫസർ കാന്തക്ക് (Professor Kanthack ) എന്ന പ്രശസ്ത പതോളജിസ്റ്റ് മൈക്രോസ്കോപ്പിലൂടെ ലാവരാന്റെ ജീവികളെ കാണിച്ചു കൊടുത്തപ്പോളാണത് സംഭവിച്ചത്. കൂടുതൽ കാര്യങ്ങളറിയാൻ പാട്രിക്ക് മാൻസണെ പോയി കാണാൻ കാന്തക്ക് ഉപദേശിക്കുകയും ചെയ്തു.

പാട്രിക്ക് മാൻസണും (Patrick Manson )ഡോക്ടർ റൊണാൾഡ് റോസ്സും (Ronald Ross).

മാൻസണെ കണ്ടുമുട്ടുന്നു

1894 ഏപ്രിൽ 10 ന് റോസ്സ് മാൻസണെ സന്ദർശിച്ചു. തുടർന്നുള്ള കുറച്ചു ദിവസങ്ങൾ അദ്ദേഹം മാൻസന്റെ കൂടെ തന്നെയായിരുന്നു. ആ ദിവസങ്ങളിൽ ഒട്ടേറെ മലമ്പനി രോഗികളിൽ പ്ലാസ്മോഡിയത്തിന്റെ സാന്നിധ്യം മാൻസൺ റോസ്സിന് കാണിച്ചുകൊടുത്തു. ഏറെ വൈകാതെ റോസ്സ് മാൻസന്റെ കടുത്ത ആരാധകനായി മാറി. അതേ വർഷം നവംബറിൽ മാൻസണും റോസ്സും ഒക്സ്ഫോർഡ് തെരുവിലൂടെ നടക്കുമ്പോൾ മാൻസൺ പറഞ്ഞു :മന്ത് വിരകൾ കൊതുകുകളിൽ വളരുന്നത് പോലെ മലമ്പനി അണുക്കളും കൊതുകുകളിൽ വളരാൻ സാധ്യതയുണ്ടെന്ന എന്റെ സിദ്ധാന്തത്തെ കുറിച്ച് താങ്കൾ കേട്ടിട്ടുണ്ടോ?”

റോസ്സിന്റെ മറുപടി ഇങ്ങനെയായിരുന്നു :അങ്ങനെയൊരു ഊഹം ലാവരാന്റെ ലേഖനത്തിലും വായിച്ചിട്ടുണ്ട്.” തന്റെ സിദ്ധാന്തം മാൻസൺ വിശദീകരിച്ചു. അത് ഇങ്ങനെയായിരുന്നു: മലമ്പനി അണുക്കളുടെ ജീവിത ചക്രത്തിൽ രണ്ട് ഘട്ടങ്ങളുണ്ട്. അലൈംഗിക ഘട്ടവും ലൈംഗിക ഘട്ടവും. ആദ്യത്തേത് മനുഷ്യരക്തത്തിലാണ് വളരുന്നത് . ലൈംഗിക ഘട്ടത്തിലെ രൂപങ്ങൾ രക്തപാനത്തിലൂടെ കൊതുകുകളിലെത്തി രൂപാന്തരം സംഭവിച്ച് സ്പോറുകളാകുന്നു. ചത്ത കൊതുകുകൾ വെള്ളത്തിൽ വീണ് ജീർണ്ണിക്കുമ്പോൾ സ്പോറുകൾ വെള്ളത്തിൽ കലരുന്നു . അങ്ങനെയുള്ള വെള്ളം കുടിക്കുമ്പോൾ മനുഷ്യശരീരത്തിലേക്ക് കയറുന്ന സ്പോറുകൾ വളർന്ന് വീണ്ടും അലൈംഗിക രൂപങ്ങളാകുകയും ചക്രം തുടരുകയും ചെയ്യുന്നു. ഈ കൊതുക് സിദ്ധാന്തം തെളിയിക്കാൻ മാൻസൺ റോസ്സിനെ ചട്ടം കെട്ടി. മാൻസന്റെ സിദ്ധാന്തം റോസ്സിന് ഇഷ്ടപ്പെട്ടു. ഇന്ത്യയിൽ തിരിച്ചെത്തിയാൽ കൊതുകുസിദ്ധാന്തത്തിന് പിറകെ പോകാമെന്ന് മനസ്സിൽ തീരുമാനിക്കുകയും ചെയ്തു. 1895 മാർച്ച് 28 ന് റോസ്സ് ഇന്ത്യയിലേക്ക് കപ്പൽ കയറി. അടുത്ത രണ്ടു വർഷങ്ങൾ റോസ്സിന് കൊതുകുകാലമായിരുന്നു!

അനഫലസ് സ്റ്റീഫൻസി

കൊതുകുകാലം

സെക്കന്തറാബാദിലായിരുന്നു റോസ്സിന് നിയമനം ലഭിച്ചത് എന്ന് നേരത്തെ പറഞ്ഞല്ലോ. തന്റെ കൊതുകുപരീക്ഷണങ്ങൾ നടത്തിയതും അവിടെവെച്ചുതന്നെ. പരീക്ഷണത്തിന്റെ ഏറ്റവും ചെറിയ വിശദാംശങ്ങൾ പോലും തുടർച്ചയായ എഴുത്തുകളിലൂടെ അദ്ദേഹം മാൻസണെ അറിയിച്ചുകൊണ്ടിരുന്നു. റോസ്സിന്റെ ആത്മകഥയായ മെമ്മോറിയൽസിൽ (Memorials) ഈ എഴുത്തുകൾ അതേപടി എടുത്തു ചേർത്തിട്ടുണ്ട്. ഏകദേശം രണ്ടുവർഷത്തോളം തന്റെ ജോലിക്കാരുടെ സഹായത്തോടെ വിവിധതരം കൊതുകുകളെ പിടിക്കുകയും, മലമ്പനി രോഗികളെ കടിപ്പിക്കുകയും, തുടർന്ന് മലമ്പനി അണുക്കൾക്ക് എന്ത് സംഭവിക്കുന്നു എന്ന് പരിശോധിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ റോസ്സിന് കൊതുകുകളുടെ വർഗ്ഗീകരണത്തെ കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നു. അതുകൊണ്ട് തനിക്ക് ലഭിച്ച കൊതുകുകളെ അദ്ദേഹം സ്വന്തം രീതിയിൽ വർഗ്ഗീകരിക്കുകയാണ് ചെയ്തത്. മൂന്നുതരം കൊതുകുകളെയാണ് അദ്ദേഹം പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചത്. ചാരനിറക്കാർ (Greys), വരയന്മാർ (Brindled) പുള്ളിച്ചിറകുകാർ (Dappled wings). (യഥാക്രമം ക്യൂലക്സ്, ഈഡിസ്, അനഫലസ്). ആദ്യത്തെ രണ്ടും സുലഭവും മൂന്നാമത്തേത് വിരളവുമായിരുന്നു. അതുകൊണ്ടുതന്നെ പരീക്ഷണങ്ങൾ കൂടുതലായും ആദ്യത്തെ രണ്ടെണ്ണത്തെ ഉപയോഗിച്ചായിരുന്നു ചെയ്തത്. എല്ലാം പരാജയവുമായിരുന്നു (മലമ്പനി അണുക്കൾ അനഫലസ് കൊതുകുകളിൽ മാത്രമാണ് വളരുന്നത്).

ആഗസ്റ്റ് 20 കൊതുകുദിനമായതെങ്ങനെ ?

1897 ആഗസ്ത് 15.

റോസ്സ് കൊതുകുപിടിക്കാൻ ഏർപ്പാടാക്കിയ മൂന്നുപേരിലൊരാൾ ഒരു കുപ്പിയിൽ ഏതാനും കൂത്താടികളെ കൊണ്ടുവന്നു. അവ ആദ്യത്തെ രണ്ടുവിഭാഗത്തിൽ പെട്ടവയല്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ റോസ്സിന് മനസ്സിലായി. പിറ്റേന്ന് രാവിലെ പ്രാതൽ കഴിഞ്ഞ് ആശുപത്രിയിൽ പോയതായിരുന്നു റോസ്സ്. ആ സമയത്ത് ആശുപത്രിയിലെ ഒരു സഹായി ചുമരിൽ വിശ്രമിക്കുന്ന ഒരു കൊതുകിനെ ചൂണ്ടിക്കാട്ടി. അതൊരു പുളിച്ചിറകുകാരിയായിരുന്നു. ഉടൻ തന്നെ അദ്ദേഹം അതിനെ പിടിച്ച് കീറിമുറിച്ച് പരിശോധിച്ചു. എന്നാൽ അസാധാരണമായതൊന്നും കണ്ടില്ല. അപ്പോഴാണ് സഹായി ഓടിവന്നു പറഞ്ഞത്:സർ, ഇത് പോലെയുള്ള കുറേ കൊതുകുകൾ ഇന്നലെ കൊണ്ടുവന്ന കുപ്പിയിൽ വിരിഞ്ഞിട്ടുണ്ട്.” റോസ്സിന് സന്തോഷമായി. ഉടൻ തന്നെ തന്റെ പരീക്ഷണങ്ങൾക്കായി ആശുപത്രിയിൽ താമസിപ്പിച്ച ഹുസൈൻ ഖാൻ എന്ന മലമ്പനി രോഗിയെ കൊതുകുവലയ്ക്കുള്ളിൽ കിടത്തി ഒരു ഡസനോളമുള്ള പുളിച്ചിറകുകാരെ തുറന്നുവിട്ടു. അപ്പോൾ ഉച്ചസമയം 12.25. അഞ്ചുമിനുട്ടിനകം അവയിൽ പത്തെണ്ണം വയറുനിറയെ ചോരകുടിച്ചു. അവയെ പ്രത്യേകം പ്രത്യേകം ടെസ്റ്റ് ട്യൂബുകളിൽ പിടിച്ചുവെച്ചു. തുടർന്ന് 12.40 നും 12.50 നും ഓരോ കൊതുകുകളെ കീറി പരിശോധിച്ചു. പ്രത്യേകിച്ച് ഒന്നും കണ്ടില്ല

ആഗസ്ത് 17

ആഗസ്ത് 17 ന് ശേഷിച്ച എട്ട് സുന്ദരികളിൽ രണ്ടെണ്ണം ചത്തുപോയി. ആറെണ്ണം ബാക്കിയായി. അവയിൽ രണ്ടെണ്ണത്തെ ബലികൊടുത്തു. വിശേഷിച്ചൊന്നും കണ്ടെത്തിയില്ല. ഇനി ബാക്കി നാലെണ്ണം മാത്രം.

ആഗസ്ത് 19

ആഗസ്ത് 19ന് ഒരാളെകൂടി കീറിപ്പരിശോധിച്ചു. അപ്പോഴേക്കും ‘മലമ്പനി രക്തം’ കുടിച്ച് മൂന്നാം ദിവസമായിരുന്നു. അതിൽ വ്യത്യസ്തമായ ചില കോശങ്ങൾ കണ്ടെത്തി. പക്ഷേ അദ്ദേഹം അവയ്ക്ക് കാര്യമായ ശ്രദ്ധയൊന്നും കൊടുത്തില്ല. പിന്നീട് ബാക്കിയായത് രണ്ട് പുള്ളിച്ചിറകുകാരികൾ മാത്രം.

ആഗസ്ത് 20

ആഗസ്ത് 20 പുലരുകയായി. ആകാശം മേഘാവൃതവും, അന്തരീക്ഷം ചുട്ടുപൊള്ളുന്നതുമായിരുന്നു ആ ദിവസമെന്ന് റോസ്സ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗികളെ പരിശോധിക്കാൻ രാവിലെ ഏഴുമണിക്ക് റോസ്സ് ആശുപത്രിയിലെത്തി. പതിവ് ജോലികൾക്ക് ശേഷം, ഉച്ചയ്ക്ക് ഒരു മണിക്ക് ഏഴാമത്തെ കൊതുകിനേയും കീറിമുറിച്ചു. തുടക്കത്തിൽ പ്രത്യേകിച്ചൊന്നും കണ്ടെത്തിയില്ല. തന്റെ സിദ്ധാന്തം തെറ്റിയോ എന്നുപോലും അദ്ദേഹം സംശയിച്ചു. എന്നാൽ പരിശോധന നിർത്തിയില്ല. പൊടുന്നനെ അദ്ദേഹത്തിന്റെ കണ്ണും കരളും കുളുർപ്പിച്ചുകൊണ്ടൊരു കാഴ്ച അനാവൃതമായി. വൃത്താകൃതിയുള്ള, 12 മൈക്രോ മീറ്ററോളം വലുപ്പമുള്ള ഒരു കൂട്ടം കോശങ്ങൾ! അവയ്ക്കുള്ളിൽ നല്ല കറുപ്പുനിറമുള്ള ഏതാനും തരികളുമുണ്ടായിരുന്നു. മലമ്പനിയണുക്കളുടെ ഉള്ളിൽ കാണപ്പെടുന്ന അതേ തരികൾ! റോസ്സിന് ഉറപ്പായി, താൻ കണ്ടെത്തിയ കോശങ്ങൾ രൂപം മാറിയ മലമ്പനിയണുക്കൾ തന്നെ. അദ്ദേഹം സന്തോഷത്താൽ തുള്ളിച്ചാടി. താൻ കണ്ട കോശങ്ങളുടെ വിശദമായ ചിത്രങ്ങൾ വരയ്ക്കുകയും കുറിപ്പുകൾ തയാറാക്കുകയുമായിരുന്നു അടുത്ത നടപടി (ചിത്രം കാണുക). അങ്ങനെ ആഗസ്ത് 20 കൊതുകുദിനമായി. അത് എല്ലാ വർഷവും ലോക കൊതുകുദിനമായി ആചരിക്കുകയും ചെയ്യുന്നു.

റോസ്സിന്റെ കുറിപ്പുകളും ചിത്രങ്ങളും

മരണത്തിന്റെ വിത്തുക

അവസാനത്തെ കൊതുകിനെ ആഗസ്ത് 21 നാണ് റോസ്സ് പരിശോധയ്ക്ക് വിധേയമാക്കിയത്. അതിലും കണ്ടു തലേ ദിവസം കണ്ട അതേ കോശങ്ങൾ. അവയുടെ വലുപ്പം കൂടിയിരുന്നു. അങ്ങനെ കൊതുകുസിദ്ധാന്തം ഒന്നുകൂടി ഉറപ്പിച്ചു. കവി കൂടിയായിരുന്ന റോസ്സിന് ആ ചരിത്രനിമിഷത്തെ അനശ്വരമാക്കാൻ ഏതാനും വരികൾ എഴുതാതിരിക്കാൻ കഴിഞ്ഞില്ല. ആ കവിത ഇതാ :

This day relenting God

Hath placed within my hand

A wondrous thing; and God

Be praised. At His command,

Seeking His secret deeds

With tears and toiling breath,

I find thy cunning seeds,

O million-murdering Death.

I know this little thing

A myriad men will save.

O Death, where is thy sting?

Thy victory, O Grave?

അനുബന്ധം

താൻ കണ്ട കോശങ്ങൾ പ്ലാസ്മോഡിയത്തിന്റെ ഏത് രൂപമാണെന്നോ, അവ കണ്ടെത്തിയ കൊതുക് ഏത് സ്പീഷീസാണെന്നോ റൊണാൾഡ് റോസ്സിന് അറിയില്ലായിരുന്നു. പുരുഷബീജവും സ്ത്രീബീജവും സംയോജിച്ചുണ്ടായ സിക്താണ്ഡങ്ങളായിരുന്നു (Zygote) ആ കോശങ്ങൾ. കൊതുകിന്റെ പേര് അനഫലസ് സ്റ്റീഫൻസി (Anopheles stephensi). സിക്താണ്ഡങ്ങൾക്ക് എന്തുസംഭവിക്കുമെന്ന് പഠിക്കുവാൻ റോസ്സിന് കഴിഞ്ഞില്ല. അവസാനത്തെ കൊതുകിനെയും കീറിമുറിച്ചു കഴിഞ്ഞിരുന്നല്ലോ. പുതിയ പരീക്ഷണം നടത്താനും കഴിഞ്ഞില്ല. അപ്പോഴേക്കും അദ്ദേഹത്തിന് സ്ഥലം മാറ്റം കിട്ടിയിരുന്നു. പിന്നീട് കൽക്കട്ടയിൽ വെച്ച് പക്ഷികളെ ബാധിക്കുന്ന മലമ്പനിയിൽ ഗവേഷണം നടത്തി അദ്ദേഹം പ്ലാസ്മോഡിയത്തിന്റെ പൂർണ്ണ ജീവചരിത്രം കണ്ടെത്തുകയും കൊതുക് കടിയിലൂടെയാണ് മലമ്പനി പകരുന്നതെന്നും തെളിയിച്ചു. റോസ്സ് എഴുതിയത് പോലെ കോടിക്കണക്കിന് മനുഷ്യ ജീവനുകൾ രക്ഷിക്കാൻ ഈ കണ്ടുപിടുത്തത്തിന് കഴിഞ്ഞു. മഹത്തായ ഈ കണ്ടുപിടുത്തങ്ങൾ റോസ്സിന് 1902 ലെ നൊബേൽ സമ്മാനം നേടിക്കൊടുത്തു.


കൊതുകിനെ കുറിച്ച് ലൂക്ക പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങൾ

വായിക്കാം
വായിക്കാം

Happy
Happy
20 %
Sad
Sad
0 %
Excited
Excited
70 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
10 %

Leave a Reply

Previous post പ്രോട്ടോണിനകത്ത് പുതിയൊരാൾ
Next post കടലിലെ പരാഗണം
Close