- ഇന്ത്യയിൽ നിലനിൽക്കുന്ന ആചാരവിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെ കാരണങ്ങളിലേക്കുള്ള അന്വേഷണം നടത്തുന്നു.
- യൂറോപ്പിൽ വളർന്നുവന്ന ജ്ഞാനോദയത്തിന്റെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു ?
- ജ്ഞാനോദയ സങ്കല്പം എന്തുകൊണ്ടാണ് ഇന്ത്യയിലും യൂറോപ്പിലും വ്യത്യസ്‌തമായ രീതിയിൽ നിലനിന്നത് ?
- ശാസ്ത്രത്തിന്റെ സാമൂഹികവൽക്കരണം നേരിടുന്ന വെല്ലുവിളികളെന്തെല്ലാമാണ് ?
ലോകത്തില്‍ ഏറ്റവുമധികം ശാസ്ത്രസാങ്കേതികവിദഗ്ധരുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യക്കാരായ നിരവധി ശാസ്ത്രജ്ഞര്‍ ലോകത്തിലെ എല്ലാ പ്രമുഖഗവേഷണസ്ഥാപനങ്ങളിലും സര്‍വകലാശാലകളിലുമുണ്ട്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. എന്നാല്‍, ശാസ്ത്രചിന്തകരുടെയും യുക്തിചിന്തയുടെയും തലങ്ങളില്‍ ഇന്ത്യക്കാര്‍ ഏറെ പിറകിലാണ്. ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിലോ പൊതുബോധത്തിലോ സാങ്കേതിക വിദ്യകള്‍ക്ക് സ്ഥാനമുണ്ടാകാമെങ്കിലും ശാസ്ത്രചിന്തയ്ക്ക് സ്ഥാനമുണ്ടെന്നു പറയാന്‍ കഴിയില്ല. ഇന്ത്യക്കാര്‍ അവരുടെ നിരവധി ദൈനംദിന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് മനഃബോധത്തിന്റെയും ആചാരവിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ്. വ്യക്തമായ ശാസ്ത്രീയബദലുകള്‍ ഉള്ള മേഖലകളില്‍പോലും ഇതാണ് സ്ഥിതി. വ്യാപാര-വ്യവസായ മേഖലകളെയും സ്പേസ് ടെക്നോളജി പോലുള്ള സാങ്കേതിക മേഖലകളെയും ചൂഴ്ന്നുനില്‍ക്കുന്ന ആചാരവിശ്വാസങ്ങള്‍ ഉദാഹരണമാണ്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? സ്വാതന്ത്ര്യസമരകാലം മുതല്‍ തന്നെ ശാസ്ത്രസാങ്കേതിക പ്രബുദ്ധതയ്ക്ക് കേള്‍വികേട്ട രാജ്യമാണ് ഇന്ത്യ. ദേശീയ വികസനത്തിന് ശാസ്ത്രസാങ്കേതികവിദ്യകളോടും വൈജ്ഞാനിക സമൂഹത്തിന്റെ വികാസത്തോടുമുള്ള പ്രതിബദ്ധത പരസ്യമായി പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ. ജനകീയ തലത്തില്‍ ശാസ്ത്രബോധ പ്രചാരണത്തിന് മുന്‍കൈയെടുത്ത രാജ്യമാണ് ഇന്ത്യ. പില്‍ക്കാലത്ത് ശക്തമായ ജനകീയ ശാസ്ത്രപ്രസ്ഥാനം വളര്‍ന്നുവന്ന രാഷ്ട്രമാണ് ഇന്ത്യ. എസ് എന്‍ ബോസ്, മേഘനാഥ് സാഹ, ഹോമി ജെ ഭാഭ, സതീഷ് ധവാന്‍ തുടങ്ങി, നിരവധി ശാസ്ത്രജ്ഞര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. നിരവധി ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും ഇവയില്‍ മുന്‍കൈയെടുത്തിട്ടുണ്ട്. എന്നിട്ടും ശാസ്ത്രബോധവും ജനാധിപത്യബോധവും തമ്മില്‍ കൂട്ടിയിണക്കിയ ജനത എന്ന സ്ഥാനം നേടാന്‍ നമുക്കായിട്ടില്ല. പാരമ്പര്യങ്ങളെയും യുക്തിരാഹിത്യത്തെയും വിശ്വാസസംഹിതകളെയും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നുപോലും തുടച്ചുനീക്കാന്‍ നമുക്കായിട്ടില്ല. സാധാരണ സ്കൂള്‍ പാഠപുസ്തകങ്ങള്‍ പോലും ശാസ്ത്രവിരുദ്ധവും കപടശാസ്ത്ര ബോധമുള്‍ക്കൊള്ളുന്ന പ്രസ്താവനകളുടെയും പരാമര്‍ശങ്ങളുടെയും കേന്ദ്രമാണ്. ഇത്തരം പ്രവണതകളില്‍ നിന്ന് പുതിയ തലമുറപോലും വേറിട്ടുനില്‍ക്കുന്നു എന്നു പറയാനാവില്ല.
ഇത്തരം ശാസ്ത്രവിരുദ്ധ പ്രവണതകള്‍ കേവലമായ രാഷ്ട്രീയ പ്രവണതകളായി കരുതുന്നവരുണ്ട്. കഴിഞ്ഞ ദശകങ്ങളിലായി വളര്‍ന്നുവന്ന ജാതിമത രാഷ്ട്രീയത്തിന്റെ സ്വാധീനവും അവര്‍ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മതവൈജ്ഞാനിക മുദ്രാവാക്യങ്ങളും ഈ പ്രവണതകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. മതരാഷ്ട്രീയം ഇന്ത്യയില്‍ ആധിപത്യം ചെലുത്തുന്ന ശക്തിയുമാണ്. ഇന്ത്യ ആധുനിക കാലത്തെങ്കിലും കേവലമായ മതാധിപത്യത്തിന്റെ ഭാഗമായിരുന്നില്ലെന്നോര്‍ക്കണം. ചില ഭരണസംവിധാനങ്ങളെങ്കിലും ശാസ്ത്രബോധവും മതനിരപേക്ഷ ജനാധിപത്യവും പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് അവയ്ക്ക് കേന്ദ്രങ്ങള്‍ സാധ്യമല്ലാതെ പോയത്?
യൂറോപ്പിലെ വൈജ്ഞാനിക വിപ്ലവവും ജ്ഞാനോദയവും
ഇതിന് ഉത്തരം നല്‍കണമെങ്കിലും ചരിത്രത്തിന്റെ ചില വശങ്ങള്‍ പരിശോധിക്കേണ്ടതത്യാവശ്യമാണ്. എല്ലാവര്‍ക്കും അറിയുന്നതുപോലെ, ആധുനിക കാലത്തെ ശാസ്ത്രവിപ്ലവം രൂപംകൊണ്ടത് യൂറോപ്പിലാണ്. അതിനെ ആഗോള പ്രതിഭാസമാക്കുന്നത് ആംഗ്ലോ-അമേരിക്കന്‍ ആധിപത്യവുമാണ്. യൂറോപ്പില്‍ അതുവരെ നിലനിന്നിരുന്നു ഫ്യൂഡല്‍വാഴ്ചയ്ക്കും മതാധിപത്യത്തിനും ഏതിരായ പോരാട്ടത്തിന്റെ ഫലമായിരുന്നു ശാസ്ത്രവിപ്ലവം. പലരും കരുതുന്നതുപോലെ, വൈജ്ഞാനികമായ ഇരുണ്ട യുഗത്തിനുപകരം വിജ്ഞാനത്തിന്റെ പ്രകാശം പരക്കുകയല്ല ഉണ്ടായത്. മധ്യകാല ചിന്തയും ദൈവശാസ്ത്രവും ചേര്‍ന്ന് പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെ സംബന്ധിച്ച് നിര്‍മ്മിച്ചെടുത്ത ലോകവീക്ഷണവും ദൈവശാസ്ത്രവിധി നിര്‍ണ്ണയത്തിനുപകരം യുക്തിചിന്തയും അതിഭൗതികമായ മൗലികതത്വങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തുതകളെ പരിശോധിക്കുന്നതിനുപകരം വസ്തുതകളില്‍ നിന്ന് മൗലികതത്ത്വങ്ങളിലെത്തുന്ന കാഴ്ചപ്പാടുമാണ് ശാസ്ത്രവിപ്ലവത്തിലേക്കു നയിച്ചത്. ദൈവശാസ്ത്രവിധികള്‍ പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തെയും മനുഷ്യജീവിതത്തെയും സംബന്ധിച്ച് മാമൂലുകളില്‍ മനുഷ്യരെ തളച്ചിട്ടു. യുക്തിപരത ഇത്തരം മാമൂലുകളില്‍ നിന്നു പുറത്തുകടക്കാനും ചിന്തയുടെയും യുക്തിയുടെയും ഫലമായ അന്വേഷണങ്ങള്‍ വഴി മനുഷ്യജീവിതത്തിന്റെ അന്തസ്സത്ത കണ്ടെത്താനും പ്രേരിപ്പിച്ചു. റെനെ ദെക്കാര്‍ത്തെ ‘ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്‘ എന്ന തത്വം പുതിയ കാഴ്ചപ്പാടിന്റെ രത്നചുരുക്കമായിരുന്നു. ഇത് എന്റെ വിധിയാണ് എന്നു പറയുകയല്ല അവിടെ ചെയ്തത്. ഫ്രാന്‍സിസ് ബേക്കണ്‍ അതുപോലെ വസ്തുതകളില്‍നിന്ന് യുക്തിസഹമായ സാമാന്യവല്‍ക്കരണങ്ങളിലെത്താന്‍ പഠിപ്പിച്ചു. ഇത് കേവലമായ ഏതെങ്കിലും അതിഭൗതികസത്തയെ മറികടന്ന് പ്രപഞ്ചത്തെയും മനുഷ്യജീവിതത്തെയും സംബന്ധിച്ച അന്വേഷണങ്ങളിലേക്ക് നയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആപ്തവാക്യങ്ങളുടെയോ വചനങ്ങളുടെയോ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തിന്റെ ഘടനയെ നിര്‍ണ്ണയിക്കുന്നതിനുപകരം സ്വന്തം നിരീക്ഷണങ്ങളെയും യുക്തിയെയും ആധാരമാക്കി നിഗമനങ്ങളിലെത്തുന്ന രീതി വളര്‍ന്നുവന്നു. കോപ്പര്‍നിക്കസും ഗലീലിയോയും ന്യൂട്ടണുമടക്കമുള്ള തലമുറയുടെ വളര്‍ച്ച ഇതിന്റെ ഭാഗമായിരുന്നു.
പ്രയോഗതലത്തിലും, നിരീക്ഷണങ്ങളുടെയും അന്വേഷണങ്ങളുടെയും സാധ്യതകള്‍ വളര്‍ന്നുവന്ന കാലമായിരുന്നു. 13-ാം നൂറ്റാണ്ടില്‍ മാര്‍ക്കോപോളോയുടെ ലോകസഞ്ചാരയാത്രകള്‍ മുതല്‍ യൂറോപ്യരുടെ ലോകപര്യടനങ്ങള്‍ വരെ അവരുടെ ഭൂമിശാസ്ത്രജ്ഞാനത്തെ മാത്രമല്ല, ജീവശാസ്ത്രത്തെയും ജ്യോതിശ്ശാസ്ത്രത്തെയും പറ്റിയുള്ള ധാരണകളെയും മാറ്റിമറിച്ചു. കോപ്പര്‍നിക്കന്‍ വിപ്ലവത്തിന്റെ അടിത്തറ അതുവരെ മധ്യകാല യൂറോപ്പില്‍ നിലനിന്ന ടോളമിയന്‍ പ്രപഞ്ചസങ്കല്പത്തെ സംബന്ധിച്ച മാറിയ ധാരണകളാണ്. സൗരകേന്ദ്രസിദ്ധാന്തത്തെ ശക്തമായി ന്യായീകരിച്ച ഗലീലിയോ റോമന്‍കത്തോലിക്കാ പള്ളിയുടെ ഇന്‍ക്വിസിഷന്‍ കോടതിയുടെ വിധിപ്രകാരം സ്വയം നിശ്ശബ്ദനാകേണ്ടി വന്നപ്പോഴും പറഞ്ഞത് എന്നാലും അത് ചലിക്കുന്നു (yet it moves) എന്നാണ് ഭൂമിയുടെ സൂര്യനുചുറ്റുമുള്ള ചലനത്തെപ്പറ്റിയാണ് പറഞ്ഞത്. മധ്യകാല സങ്കല്പങ്ങള്‍ ചിന്തിക്കുന്നവരുടെ മനസ്സുകളിലെങ്കിലും എത്രമാത്രം തകര്‍ന്നിരുന്നു എന്നു ഇത് വ്യക്തമാക്കുന്നു.
ഗലീലിയോയുടെ നേരെയുള്ള ഇന്‍ക്വിസിഷന്‍ കോടതിയുടെ വിചാരണയും വിധിയും പ്രപഞ്ച സങ്കല്പങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ സൂചിപ്പിച്ചു. ദൈവശാസ്ത്രവിധി പ്രകാരമുള്ള അതിഭൗതിക പ്രപഞ്ചസങ്കല്പവും മനുഷ്യരുടെ നിരീക്ഷണ-പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന പ്രപഞ്ച സങ്കല്പവും ഈ ഏറ്റുമുട്ടലിന് മതവിശ്വാസവുമായി ബന്ധമില്ലായിരുന്നു. ഇരുപക്ഷത്തും മതവിശ്വാസികള്‍ ഏറെയുണ്ടായിരുന്നു. മതവിശ്വാസികളായ ന്യൂട്ടനും ലൈബനിറ്റ്സും നിരീക്ഷണങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചവരാണ്. മറ്റൊരു വൈരുധ്യമാണ് അതിനുപകരം വളര്‍ന്നുവന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. കേവലമായ ദൈവവിശ്വാസം മാത്രമല്ല അത്, പ്രമാണങ്ങളിലും (verbal testimony) വിധിനിര്‍ണ്ണയസ്വഭാവത്തിലും (predestination) ഉള്ള വിശ്വാസവും കൂടിയായിരുന്നു അത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സ്വയം ചിന്തയും യുക്തിയുപയോഗിച്ച് നിരീക്ഷണങ്ങളെയും ആപ്തവാക്യങ്ങളെയും പരിശോധിച്ച് സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനുപകരം വാക്കുകളുടെ രൂപം പൂര്‍ണ്ണമായി അംഗീകരിച്ച് അതിനോടൊപ്പം നിലയുറപ്പിക്കുന്ന രീതിയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. അതിനെതിരായി യുക്തിസഹമായ വിശകലനപ്രക്രിയയെ ആധാരമാക്കിയുള്ള പുതിയ ചിന്താപദ്ധതിയാണ് 17-ാം നൂറ്റാണ്ടുമുതല്‍ വളര്‍ന്നുവരാനാരംഭിച്ചത്. ഗലീലിയോയുടെ ‘ഗലീലിയോയും സിപ്ലിഷിയോയും’ തമ്മിലുള്ള ഡയലോഗ്സില്‍ ഈ വേര്‍തിരിവ് കൃത്യമായി കാണാം.
ഈ വേര്‍തിരിവിനെ ദെക്കാര്‍ത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവന്നു. മനസ്സും ശരീരവും തമ്മിലുള്ള ദ്വന്ദ്വമാക്കി അതിനെ മാറ്റി. മനസ്സ് അല്ലെങ്കില്‍ ബുദ്ധി യുക്തിചിന്തയെ അംഗീകരിക്കുന്നതാണ്. ഗണിതശാസ്ത്രമാണ് യുക്തിചിന്തയെ പ്രതിനിധീകരിക്കുന്നത്. ശരീരം ജൈവശാസ്ത്രപരമാണ്. നൈസര്‍ഗികമായ വൈകാരികതലമാണ്. മനുഷ്യര്‍ സ്വയം കണ്ടെത്തുന്നത് ചിന്തയിലൂടെയാണ് വൈകാരിക പ്രകടനങ്ങളിലൂടെയല്ല. പ്രപഞ്ചത്തെക്കുറിച്ചു മാത്രമല്ല, മനുഷ്യരെക്കുറിച്ചുപോലും തിരിച്ചറിവുണ്ടാകുന്നത് വൈകിരകമായല്ല. യുക്തിസഹമായാണ്. ഈ യുക്തിയുടെ രീതിയാണ് ശാസ്ത്രത്തിന്റെ കണ്ടെത്തലുകളിലേക്ക് നയിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലെ ചിന്തയെ ജ്ഞാനോദയം (enlightenment) എന്നു വിളിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ജ്ഞാനോദയം യഥാര്‍ഥത്തില്‍ ഏകപക്ഷീയമായ യുക്തിചിന്തയുടെ ആവിര്‍ഭാവമല്ല, അടിസ്ഥാനപരമായി രണ്ടു പ്രപഞ്ചസിദ്ധാന്തങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. വിശ്വാസപ്രമാണങ്ങളെ അധാരമാക്കിയുള്ള വീക്ഷണം ക്രമേണ ആശയങ്ങളുടെ ആധിപത്യത്തിന്റെ സങ്കല്പത്തിലേക്കു നീങ്ങി. ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രപഞ്ചത്തെ തിരിച്ചറിയേണ്ടത് എന്നും വാദിക്കപ്പെട്ടു. നേരെ തിരിച്ച് ഭൗതിക പ്രതിഭാസങ്ങള്‍ തന്നെയാണ് ആശയങ്ങളെ ഉല്‍പാദിപ്പിക്കുന്നതെന്നും അതുകൊണ്ട്, ഭൗതിക പ്രതിഭാസങ്ങളെ നിരീക്ഷിക്കുകയും പരീക്ഷിക്കുകയും വിലയിരുത്തുകയുമാണ് വേണ്ടതെന്നും വാദിക്കപ്പെട്ടു. മനുഷ്യസ്വഭാവംപോലും ഇത്തരത്തില്‍ നിരീക്ഷണത്തിനു വിധേയമാണ്. ഈ രണ്ടു വാദഗതികള്‍ പൊതുവില്‍ ആശയവാദമെന്നും ഭൗതികവാദമെന്നും അറിയപ്പെട്ടു. ഇവ രണ്ടും കൂടാതെ, ഇരുവാദങ്ങളെയും സംശയത്തോടെ വീക്ഷിക്കുന്ന അജ്ഞേയവാദവും (scaticism) വളര്‍ന്നുവന്നു. ചുരുക്കത്തില്‍, ജ്ഞാനോദയം ജ്ഞാനോല്‍പാദനത്തെ മൊത്തത്തില്‍ ദൈവശാസ്ത്രപരമായ വിധിനിര്‍ണ്ണയവാദത്തില്‍ നിന്ന് മാറ്റിക്കൊണ്ടു വരുകയും ദൈവത്തിനുപകരം മനുഷ്യരുടെ ചിന്താശക്തിക്കും നിരീക്ഷണങ്ങള്‍ക്കും വികാര വിചാരങ്ങള്‍ക്കും വിധേയമായ ജ്ഞാനോല്‍പാദനതലത്തെ പ്രതിഷ്ഠിക്കുകയും ചെയ്തു.
യൂറോപ്പില്‍ പിന്നീടു വളര്‍ന്നുവന്ന ശാസ്ത്രബോധത്തിന്റെയും ശാസ്ത്രസാങ്കേതികമുന്നേറ്റത്തിന്റെയും വ്യവസായ വിപ്ലവത്തിന്റെയും ദിശ നിര്‍ണ്ണയിച്ചത് ഈ പുതിയ അവബോധമായിരുന്നു. ജ്ഞാനോദയ അവബോധത്തിന്റെ പരിമിതികള്‍ അടുത്തകാലത്തായി ശക്തമായ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. അന്നു വളര്‍ത്തിക്കൊണ്ടുവന്ന മനുഷ്യസ്വഭാവത്തിലും മനുഷ്യരുടെ സ്വാര്‍ഥതാല്‍പര്യത്തിലുമുള്ള ഊന്നലും ആശയതലത്തില്‍ അംഗീകരിക്കപ്പെട്ട ധാര്‍മ്മിക മൂല്യങ്ങളും എങ്ങനെ ഒരു ലാഭാധിഷ്ഠിത മുതലാളിത്ത വ്യവസ്ഥയെ സൃഷ്ടിച്ചു എന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുപോലെ, വളര്‍ച്ചയെയും പുരോഗതിയെയും കുറിച്ചുള്ള യാന്ത്രികസങ്കല്പങ്ങള്‍ എങ്ങനെ യൂറോപ്യന്മാരില്‍ ലോകാധിപത്യത്തെക്കുറിച്ചുള്ള അശയങ്ങളും വംശീയ ചിന്താഗതിയും വളര്‍ത്തിക്കൊണ്ടുവന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത്തരത്തിലുള്ള ചിന്താഗതികള്‍ ശാസ്ത്രബോധത്തെ മാത്രമല്ല, കപടശാസ്ത്രബോധത്തെയും ഉല്‍പാദിപ്പിക്കുകയും ലോകാധിപത്യം സ്ഥാപിക്കുന്നതിനായി ഏതു വിധത്തിലുള്ള നെറികേടുകളും കാണിക്കാന്‍ യൂറോപ്യന്മാരെ പ്രേരിപ്പിക്കുകയും ചെയ്തു. അമേരിക്കന്മാരുടെ വംശഹത്യയും ആഫ്രിക്കന്‍ അടിമകളും മുതല്‍ ഹിറ്റ്ലറുടെ ജര്‍മ്മനിയില്‍ ജൂതന്മാരുടെ കൂട്ടക്കൊല വരെ നിഷ്ഠൂരമായ പാതകങ്ങള്‍ ആധുനിക നാഗരിക സംസ്കാരത്തിന്റെ പേരില്‍ അരങ്ങേറി.
ഇതൊന്നുംതന്നെ ജ്ഞാനോദയസംസ്കാരം സൃഷ്ടിച്ച ഗുണപരമായ വേര്‍തിരിവിനെ നിഷേധിക്കുന്നില്ല. ദൈവശാസ്ത്രം മതവിശ്വാസങ്ങളെ സംഹിതയെന്നതിലപ്പുറം പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയും ചലനങ്ങളെ നിര്‍ണ്ണയിക്കുന്ന ഒരു തത്വസംഹിതയായി മാറിക്കഴിഞ്ഞിരുന്നു. അതിന്റേതായ ചലനനിയമങ്ങളും നീതിന്യായ സങ്കല്പങ്ങളും സൃഷ്ടിച്ചിരുന്നു. ഇവ സൃഷ്ടിച്ച കുരുക്കുകളിലാണ് മധ്യകാല ചിന്തകരും നാടുവാഴികളും സ്വത്തുടമകളും പണിയാളരുമെല്ലാം പ്രപഞ്ചത്തെ കണ്ടിരുന്നതും സ്വന്തം പങ്ക് നിര്‍ണ്ണയിച്ചിരുന്നതും. ഇതിന്റെ സ്ഖാലിത്യങ്ങള്‍ തിരിച്ചറിയുകയും അവയെ തിരുത്താന്‍ പുതിയ അന്വേഷണപദ്ധതികളും ജ്ഞാനോല്‍പാദനരൂപങ്ങളും ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുകയാണ് ജ്ഞാനോദയ സംസ്കൃതി യൂറോപ്പില്‍ ചെയ്തത്. ഇത് അംഗീകരിച്ച് പുതിയ ചിന്താസരണികളിലേക്കും പോയവരെയാണ് സ്വതന്ത്രചിന്തകര്‍ എന്ന് ഒരു കാലത്ത് വിളിച്ചത്. അവരുടെ അന്നത്തെ സ്വാതന്ത്ര്യ സങ്കല്പം യൂറോപ്പില്‍ അന്നു വളര്‍ന്നുവന്ന മുതലാളിത്തം അംഗീകരിച്ച സ്വാതന്ത്ര്യസങ്കല്പത്തില്‍പ്പെട്ടിരുന്നതിലും അദ്ഭുതപ്പെടാനില്ല. സ്വതന്ത്രചിന്തയ്ക്ക് അന്നു സാധിച്ചത് ദൈവനിശ്ചിതമല്ലാത്ത ചിന്താസരണികളിലൂടെ മുന്നേറാന്‍ മാത്രമാണ്. അത് സൃഷ്ടിച്ച ലോകത്തില്‍ കടന്നുവന്ന വൈരുധ്യങ്ങള്‍ ഒരുപക്ഷേ, അവരുടെ ചിന്തയ്ക്കുമപ്പുറമായിരുന്നു. ഒരാളുടെ സ്വാതന്ത്ര്യവും സ്വതന്ത്രചിന്തയും മറ്റൊരാളുടെ അസ്വാതന്ത്ര്യത്തിലേക്കും ചിന്തയുടെ നിഷേധത്തിലേക്കും നയിക്കാമെന്നത് അവര്‍ ആലോചിച്ചിട്ടില്ല.
ദൈവദത്തമായ വിശ്വാസപ്രമാണങ്ങള്‍ക്ക് ഏറ്റവും ശക്തമായ തിരിച്ചടിയേറ്റത് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിലൂടെയാണ്. ജ്ഞാനോദയത്തിനുശേഷം വളര്‍ന്നുവന്ന തലമുറയിലെ പര്യവേക്ഷകനും സ്വതന്ത്രചിന്തകനുമായ ഡാര്‍വിന്‍ തന്റെ സഞ്ചാരനിരീക്ഷണങ്ങളെ നിലവിലുള്ള ജീവശാസ്ത്രവുമായി കൂട്ടിച്ചേര്‍ത്ത് നടത്തിയ ആലോചനകളാണ് പരിണാമസിദ്ധാന്തത്തിലേക്കു നയിച്ചത്. കോപ്പര്‍നിക്കസിന്റെ സിദ്ധാന്തത്തിനും അതിന് കെപ്ലര്‍ നല്‍കിയ സ്ഥീരീകരണത്തിനുംശേഷം ദൈവശാസ്ത്രസങ്കല്പങ്ങള്‍ക്കു നേരെ ഉയര്‍ത്തപ്പെട്ട ഏറ്റവും ശക്തമായ വെല്ലുവിളിയായിരുന്നു. ഡാര്‍വിന്റെ സിദ്ധാന്തത്തിനു പിന്നീട് ഫിഷര്‍, സെവല്‍റൈറ്റ്, ഹാല്‍ഡേന്‍ എന്നിവര്‍ നല്‍കിയ സ്ഥിരീകരണത്തിനും തുടര്‍ന്ന് തന്മാത്രാ ജീവശാസ്ത്രവും ജനിതകവും നല്‍കിയ ഉള്‍ക്കാഴ്ചകള്‍ക്കുശേഷവും കടുത്ത ദൈവശാസ്ത്രവാദികള്‍ പരിണാമത്തെ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ദൈവശാസ്ത്രത്തിന്റെ ജീവസങ്കല്പത്തിനും പ്രത്യേകിച്ച് അതിന്റെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമായ മനുഷ്യരുടെ അന്ത്യവിധി സങ്കല്പത്തിനും താങ്ങാനാകാത്ത പ്രഹരമാണേല്പിക്കുന്നത്. ദൈവസങ്കല്പത്തെതന്നെ അത് അപ്രസക്തമാക്കുകയാണ്. അതുകൊണ്ട്, പരിണാമവാദത്തിനെതിരായ പോരാട്ടം കളിക്കളത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ദൈവശാസ്ത്രത്തിന്റെ അവസാനത്തെ വിക്കറ്റ് കൂട്ടുകെട്ടാണ്. അല്ലെങ്കില്‍ എക്സ്ട്രാ ടൈമിലെ കളിയാണ്.
പുതിയ സാമൂഹികവൈരുദ്ധങ്ങളെ മുഴുവന്‍ ഇല്ലായ്മ ചെയ്യാന്‍ ഇതുവരെ വളര്‍ന്നുവന്ന ശാസ്ത്രബോധത്തിനു കഴിഞ്ഞു എന്നല്ല ഇവിടെ വാദിക്കുന്നത്. മധ്യകാല വിധി സങ്കല്പത്തിനെതിരായ മനുഷ്യനിര്‍മ്മിതമായ ജ്ഞാനത്തെ മുന്‍നിര്‍ത്തിക്കൊണ്ട് പ്രപഞ്ചത്തെയും ജീവനെയും സംബന്ധിച്ച് കാഴ്ചകള്‍ നേടാനും അവ ഉയര്‍ത്തുന്ന വെല്ലുവിളികളും വൈരുധ്യങ്ങളും നേരിടാനും പുതിയ രീതികളും വിദ്യകളും ആര്‍ജിക്കാനുമുള്ള ക്ഷമത മനുഷ്യന് ഇന്ന് നേടാന്‍ കഴിയും എന്നു മാത്രമാണ്. യഥാര്‍ഥത്തില്‍ ശാസ്ത്രബോധം എന്നുപറയുന്നത് ഏതെങ്കിലും വിധി സങ്കല്പത്തിന്റെ കൈത്താങ്ങില്ലാതെ സ്വയം നിവര്‍ന്നുനില്‍ക്കാനും സ്വന്തം ഭാഗധേയങ്ങളെ നിര്‍ണ്ണയിക്കാനുമുള്ള കഴിവാണ്. അത് ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളില്‍ നേടാന്‍ കഴിഞ്ഞോ എന്നാണ് ഇനി പരിശോധിക്കുന്നത്.
ഇന്ത്യയില്‍ ജ്ഞാനോദയമുണ്ടായോ?
ഇന്ത്യയില്‍ നാം ശക്തമായ ഒരു നവോത്ഥാന സംസ്കൃതിയെ കുറിച്ച് പറയാറുണ്ട്. അതിനോടൊപ്പം വളര്‍ന്നുവന്ന സര്‍ പി സി റേ മുതലുള്ള ശാസ്ത്രചിന്തയെക്കുറിച്ചും അത് നമ്മുടെ സ്വാതന്ത്ര്യസമരപ്പോരാളികളിലും ജനപക്ഷപ്രവര്‍ത്തകരിലും സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ചും പറയാറുണ്ട്. സ്വാതന്ത്ര്യം, സമത്വം, തുല്യനീതി, സാഹോദര്യം, മതേതരത്വം, ജനാധിപത്യം മുതലായ ആശയങ്ങളുടെ ഉറവിടം ഇത്തരം മുന്നേറ്റങ്ങളാണെന്ന് വാദിക്കാറുണ്ട്. ഇവയെല്ലാം ഏറെക്കുറെ ശരിയുമാണ്. പക്ഷേ, ഇവയെല്ലാം ചേര്‍ന്നാല്‍ നമുക്ക് ജ്ഞാനോദയകാലത്ത് യൂറോപ്യന്‍ സംസ്കൃതിയില്‍ സംഭവിച്ച മാറ്റങ്ങള്‍ക്ക് തുല്യമായ മാറ്റമാണ് ഇന്ത്യയിലുണ്ടായതെന്ന് പറയാന്‍ കഴിയുമോ?
ഇവിടെ കൃത്യമായ വിധി നിര്‍ണ്ണയത്തിന് തടസ്സം നില്‍ക്കുന്ന രണ്ടു ഘടകങ്ങള്‍ ഇന്ത്യയിലുണ്ട്. ഒന്നാമത്തേത്, മധ്യകാല യൂറോപ്പില്‍ നിലനിന്നുപോലുള്ള പ്രപഞ്ച വീക്ഷണമല്ല ഇന്ത്യയില്‍ നിലനിന്നിരുന്നത്. ഒരു സൃഷ്ടികര്‍ത്താവ് സൃഷ്ടിച്ച പ്രപഞ്ചത്തെക്കുറിച്ചോ അവരെ കാത്തുനില്‍ക്കുന്ന അന്ത്യവിധിയെക്കുറിച്ചോ അതിലേക്കു നയിക്കുന്ന ദൈവശാസ്ത്രപരമായ വിധി പ്രമാണങ്ങളെക്കുറിച്ചോ ഉളള സങ്കല്പങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. പ്രപഞ്ചവും മനുഷ്യരും ജീവജാലങ്ങളും ദൈവങ്ങളും അടക്കം എല്ലാവരെയും ഒരുപോലെ നിര്‍ണ്ണയിക്കുന്ന പ്രപഞ്ചങ്ങളുടെ സൃഷ്ടിയിലേക്കും തകര്‍ച്ചയിലേക്കും പുനര്‍നിര്‍മ്മാണത്തിലേക്കും നയിക്കുന്ന ധര്‍മ്മാധര്‍മ്മങ്ങളുടെ സങ്കല്പം മാത്രമാണ് ഉണ്ടായിരുന്നത്. ധര്‍മ്മാധര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലുള്ള ജീവിതക്രമങ്ങള്‍ സമൂഹത്തിലെ ഉച്ചനീചത്വത്തെ നിര്‍ണ്ണയിക്കുകയും വര്‍ണ-ജാതി സാമൂഹ്യദര്‍ശനങ്ങളും പ്രയോഗവുമായി അവ മാറുകയും ചെയ്തിരുന്നു. വര്‍ണ്ണജാതി വ്യവസ്ഥയെ മറികടക്കാനുള്ള വഴിയെന്ന നിലയില്‍ ഈശ്വരഭക്തി നിര്‍ണ്ണയിക്കപ്പെട്ടുവെങ്കിലും ഭക്തര്‍ക്കും നിത്യജീവിതത്തില്‍ പങ്കാളികളാകുന്നിടത്തോളം കാലം വര്‍ണ്ണ-ജാതി വ്യവസ്ഥയില്‍ നിന്ന് മോചനമുണ്ടായിരുന്നില്ല. പാശ്ചാത്യദൈവശാസ്ത്ര വീക്ഷണത്തിന്റെ സ്ഥാനം ഇവിടെ വര്‍ണ്ണ-ജാതി വ്യവസ്ഥയ്ക്കാണുണ്ടായിരുന്നത്.
രണ്ടാമത്തെ തടസ്സം കൊളോണിയല്‍ ആധിപത്യം തന്നെയായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ വളര്‍ത്തിക്കൊണ്ടുവന്ന ജ്ഞാനോദയത്തിന്റെ അടിസ്ഥാനത്തിലുള്ള വീക്ഷണം ഇന്ത്യന്‍ ജ്ഞാനസിദ്ധാന്തത്തെ മറ്റൊരു സവിശേഷ രൂപമായല്ല കാണാന്‍ ശ്രമിച്ചത്. അതിനുപകരം അവര്‍ സൃഷ്ടിച്ച മനുഷ്യസങ്കല്പത്തിലെ ഒരു പ്രാകൃതദശ മാത്രമായാണ്. അതുകൊണ്ട്, ഇന്ത്യയിലെ പ്രപഞ്ചസങ്കല്പവും ആചാരാനുഷ്ഠാനങ്ങളും ചിന്താപദ്ധതികളുമെല്ലാം ഈ പ്രാകൃതദശയുടെ ഭാഗമായി കാണുകയും ജ്ഞാനോദയ ആശയസംഹിതകളുടെ പ്രചാരം വഴിയായി ഈ ദശയെ മറികടക്കാന്‍ ഇന്ത്യക്കാര്‍ക്കു കഴിയുമെന്ന് കരുതുകയും ചെയ്തു. എന്നാല്‍, പാശ്ചാത്യദൈവ ശാസ്ത്രവിധി പ്രമാണങ്ങള്‍ക്കെതിരായ പോരാട്ടത്തിലൂടെയാണ് ഈ ആശയസംഹിതകള്‍ വളര്‍ന്നുവന്നതെന്നും അവയെ കേവലമായ ഭരണസംവിധാനങ്ങളും പ്രചാരകരും വഴി മറ്റൊരു വിഭാഗം ജനങ്ങളുടെ പൊതുബോധത്തിലെത്തിക്കാന്‍ കഴിയുകയില്ലെന്നും അവര്‍ കണ്ടില്ല. ഇതുകൂടാതെ കൊളോണിയല്‍ ഭരണകൂടത്തെ നിര്‍നിര്‍ത്താനുള്ള ഉപാധിമാത്രമായി അവര്‍ ഇതിനെ കണക്കാക്കി.
വര്‍ണ്ണ-ജാതി വ്യവസ്ഥയ്ക്കും അതിനെ നിലനിര്‍ത്തുന്ന പ്രപഞ്ചവീക്ഷണത്തിനും എതിരായ നീക്കങ്ങള്‍ ഇന്ത്യയിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി വളര്‍ന്നുവന്നിരുന്നു. വര്‍ണ ജാതിവ്യവസ്ഥയ്ക്കെതിരായ പോരാട്ടം ഇതിന്റെ ഭാഗമായിരുന്നു. നാരായണഗുരു, ഇ.വി. രാമസ്വാമി നായ്ക്കര്‍, ജ്യോതിബാ ഫുലെ തുടങ്ങിയവര്‍ വര്‍ണ്ണജാതി വ്യവസ്ഥയുടെ അസമത്വസങ്കല്പങ്ങള്‍ക്കെതിരായി സമത്വത്തെയും അസ്പര്‍ശ്യതയ്ക്കെതിരായി സമ്മിശ്രവും സ്വതന്ത്രവുമായ സമുദായങ്ങളെയും സാഹോദര്യത്തെയും അടിമത്തത്തിനെതിരായി സ്വാവബോധത്തെയും സ്വാശ്രയത്വത്തെയും ഉയര്‍ത്തിപ്പിടിച്ചു പ്രചാരണങ്ങള്‍ നടത്തി. ബി ആര്‍ അംബേദ്കര്‍ ചിന്താസ്വാതന്ത്ര്യത്തെയും പ്രായോഗികതാവാദത്തെയും (pragnation) ഒരു വശത്തും ബൗദ്ധധര്‍മ്മത്തിലധിഷ്ഠിതമായ ജീവിതക്രമത്തെ മറുവശത്തും ഉപയോഗിച്ച് വര്‍ണ്ണജാതിയ വ്യവസ്ഥയ്ക്ക് ഒരു ബദല്‍ ജീവിതക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ചില ചിന്തകര്‍ ജ്ഞാനോദയകാലത്ത് പ്രചരിച്ച യുക്തിചിന്തയെയും ഉപയോഗപ്പെടുത്തി. എന്നാല്‍, ഇവയെല്ലാം ചേര്‍ത്തുകൊണ്ട് മനുഷ്യജീവിതത്തിന്റെ ഭൗതികതകളെയും അവയ്ക്ക് വന്നു ചേരേണ്ട മാറ്റങ്ങളെയും സംബന്ധിച്ച പുതിയ ആശയസംഹിത സൃഷ്ടിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. യൂറോപ്പില്‍ ശാസ്ത്രവിപ്ലവത്തിനും ജ്ഞാനോദയത്തിനും ഒപ്പം നീങ്ങിയ ഫ്യൂഡല്‍ വിരുദ്ധ സാമൂഹികവിപ്ലവങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നുവന്നില്ല. പുതിയ ചിന്താപദ്ധതികളുടെയും യുക്തിപരതയുടെയും ഉപയോഗവും ഭൗതികജീവിതത്തിനാവശ്യമായ ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസവും തമ്മില്‍ പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട്, നവോദയകാലത്തു വളര്‍ന്നുവന്ന ആശയസംഹിതകള്‍ അമൂര്‍ത്തമായിത്തന്നെ നിലനിന്നു. അവയെ മൂര്‍ത്ത യാഥാര്‍ഥ്യങ്ങളാക്കി മാറ്റാന്‍ കഴിയുന്ന സാമൂഹികപരിവര്‍ത്തന പ്രക്രിയ ഉണ്ടായില്ല.
നവോത്ഥാനകാലത്ത് വളര്‍ന്നുവന്ന അമൂര്‍ത്താശയങ്ങളെ മൂര്‍ത്തമാക്കാന്‍ നടന്ന ശ്രമങ്ങള്‍ ഗാന്ധിയന്‍ ആശയസംഹിതയും സോഷ്യലിസവുമാണ്. ബി ആര്‍ അംബേദ്ക്കറിന്റെ ലിബറല്‍ ജനാധിപത്യത്തെ മൂന്നാമതൊരു ശ്രമമായി കാണാമെങ്കിലും ലിബറല്‍ സങ്കല്പത്തിന്റെ പരിമിതികള്‍ അതിനുണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് വര്‍ണജാതി വ്യവസ്ഥയുടെ അസമത്വത്തിലും അസ്പര്‍ശ്യതയിലും ഔപചാരികതലത്തിലുള്ള വിവേചനത്തിലും ഊന്നിയ ഘടനയെ സമത്വത്തിലും തുല്യനീതിയിലും ഊന്നുന്ന മറ്റൊരു ഘടനയായി മാറ്റിയെടുക്കാനുള്ള, പാശ്ചാത്യ നാടുകളില്‍ ഒരു ഘട്ടത്തില്‍ പ്രചരിച്ച അനാര്‍ക്കോ-സിന്‍ഡിക്കലിസ്റ്റ് കാഴ്ചപ്പാടനുസരിച്ച് മറ്റൊരു സമുദായത്തെ ബോധപൂര്‍വം നിര്‍മ്മിക്കാനുള്ള ശ്രമമായിരുന്നു. സോഷ്യലിസ്റ്റുകളാകട്ടെ, വര്‍ണജാതി വ്യവസ്ഥയെ ബോധപൂര്‍വം നിരാകരിക്കുകയും തൊഴിലാളി വര്‍ഗത്തിന്റെ വ്യാപനത്തിന്റെയും അവര്‍ക്കു ലഭിക്കുന്ന അധികാരത്തിന്റെയും അടിസ്ഥാനത്തില്‍ മറ്റൊരു സ്വതന്ത്രസമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അധഃസ്ഥിതരായ തൊഴില്‍ കൂട്ടങ്ങളുടെ സംഘട്ടനത്തെ മുന്‍നിര്‍ത്തി ഇതേ ആശയത്തെ സൃഷ്ടിക്കാന്‍ ചില സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും അംബേദ്ക്കറുടെ അനുയായികളും ശ്രമിച്ചു. പക്ഷേ, മുന്‍ സൂചിപ്പിച്ചതുപോലുള്ള സാമൂഹികപരിവര്‍ത്തന പ്രക്രിയയുടെ അഭാവം ഇവരുടെ ശ്രമങ്ങളെ നിഷേധാത്മകമായി ബാധിച്ചു. അതുകൊണ്ട് വര്‍ണജാതി വ്യവസ്ഥയുടെ സ്വാധീനത്തെ പൂര്‍ണ്ണമായി നിരാകരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ഏതാനും ഇടങ്ങളില്‍ പരീക്ഷിക്കപ്പെട്ട, പൂര്‍ണ്ണമായി സ്ഥിരീകരിക്കപ്പെടാത്ത അമൂര്‍ത്താശയമായി നിലനിന്നു. സോഷ്യലിസ്റ്റ് ആശയങ്ങളും പ്രവര്‍ത്തനവും ഏതാനും പ്രദേശങ്ങളിലൊതുങ്ങി.
സ്വാതന്ത്ര്യസമരത്തിന്റെ പ്രധാനവിഭാഗവും നേതൃത്വനിരയും എടുത്ത നിലപാടുകള്‍ ബദലുകളുടെ സൃഷ്ടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തി. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ആധുനീകരണത്തിന്റെ പരിമിതികള്‍ തുറന്നുകാട്ടാന്‍ ഏറെക്കുറെ അവര്‍ക്കു കഴിഞ്ഞു. അതുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തെ ജനകീയതലത്തില്‍ കൊണ്ടുപോകുന്നതില്‍ അവര്‍ വിജയിച്ചത്. അതേസമയം, നവോത്ഥാന പ്രസ്ഥാനങ്ങള്‍ തുറന്നുകൊടുത്ത് വര്‍ണ-ജാതി വ്യവസ്ഥയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തെ അവരുടെ മുഖ്യപ്രമേയമാക്കി മാറ്റാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ഒന്നാം ലോകയുദ്ധത്തിനുശേഷം കാര്‍ഷികരംഗത്തു പടര്‍ന്നുപിടിച്ച ദുരിതങ്ങളെ മുന്‍നിര്‍ത്തി ശക്തമായ പോരാട്ടം നടത്താന്‍ കഴിയുമായിരുന്നു. അതു വര്‍ണ്ണജാതി ക്രമത്തിനും അതും കൊളോണിയലിസവും കൂടി നിലനിര്‍ത്തിയ ഭൂവുടമ ബന്ധങ്ങള്‍ക്കും എതിരായി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു. ഈ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രസാങ്കേതികവിദ്യകളെയും പുതിയ സമൂഹരൂപങ്ങളെയും സംബന്ധിച്ച കാഴ്ചപ്പാടുകള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു. തീര്‍ച്ചയായും യൂറോപ്പില്‍ വളര്‍ന്നുവന്നതുപോലെ വ്യക്തികേന്ദ്രിതവാദം മുതല്‍ സോഷ്യലിസവും കമ്മ്യൂണിസവും വരെയുള്ള നിരവധി കാഴ്ചപ്പാടുകള്‍ ഇന്ത്യയിലും വളര്‍ന്നുവരുമായിരുന്നു എന്നതില്‍ സംശയമില്ല. ഇത്തരം ഭിന്നതകള്‍ ഉയര്‍ന്നുവരാന്‍ അനുവദിച്ചില്ല എന്നുമാത്രമല്ല, വര്‍ണ്ണ-ജാതി വ്യവസ്ഥയുടെ വക്താക്കളടക്കം എല്ലാ വിഭാഗങ്ങളെയും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളില്‍ ഒന്നിച്ചുനിര്‍ത്താനാണ് ശ്രമിച്ചത്.
ഈ നിലപാട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു എന്നതില്‍ സംശയമില്ല. പക്ഷേ, ഇന്ത്യയില്‍ ജ്ഞാനോദയത്തിനു തുല്യമായ അന്തരീക്ഷം ഉണ്ടായിവന്നോ? ഗാന്ധിയന്മാര്‍, സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും അംബേദ്കര്‍ തുടങ്ങിയവരില്‍ നിന്ന് അത്തരത്തിലുള്ള ചല ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തിനു മൊത്തത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധത്തില്‍ പാശ്ചാത്യജ്ഞാനോദയത്തിന്റെ വശങ്ങളെ ഉള്‍ക്കൊണ്ടും ഇന്ത്യയിലെ പ്രാചീന മധ്യകാല ജ്ഞാനവ്യവസ്ഥകളുടെ യുക്തിസഹവും ഗുണപരവുമായ നിരീക്ഷണങ്ങളെ പരിശോധിച്ചുകൊണ്ടും ആധുനിക സമൂഹത്തില്‍ ജ്ഞാനരൂപങ്ങളും സാങ്കേതികവിദ്യകളും എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെ സംബന്ധിച്ച് ദിശാബോധം നല്‍കിക്കൊണ്ടുമുള്ള ചര്‍ച്ചകള്‍ വളര്‍ന്നുവന്നില്ല. പ്രാചീന ദര്‍ശനങ്ങളില്‍ സാംഖ്യം, ന്യായം, ലോകായതം തുടങ്ങിയവയെക്കുറിച്ചുള്ള ചില പഠനങ്ങളൊഴിച്ചാല്‍ വര്‍ണ്ണജാതി വ്യവസ്ഥയില്‍ നിന്ന് വേറിട്ടുനിന്ന ശ്രമണചിന്തയെ (ബൗദ്ധം, ജൈനം, ആജീവികം) കുറിച്ചുപോലും പഠനങ്ങളുണ്ടായില്ല. ഏറ്റവും പ്രധാനമായി തികച്ചും ഭിന്നവും സംവാദാത്മകവുമായ ഇന്ത്യന്‍ തര്‍ക്കശാസ്ത്രം പഠിക്കപ്പെട്ടില്ല. അതിനുപകരം ഇന്ത്യന്‍ ചിന്തയുടെ ആധ്യാത്മികതയെക്കുറിച്ചും ഇതിഹാസ-പുരാണ സങ്കല്പങ്ങളെക്കുറിച്ചുമുള്ള കൊളോണിയല്‍ ബുദ്ധിജീവികളുടെ വായ്ത്താരി അങ്ങനെതന്നെ വിഴുങ്ങുകയാണ് ചെയ്തത്. വര്‍ണ്ണജാതി വ്യവസ്ഥയുടെ ആധാരതത്വസംഹിതയായ ഭഗവദ്ഗീതയെ തിലകനും ഗാന്ധിജിയും അരവിന്ദോയുമടക്കം ഉപയോഗിച്ചത് ഉദാഹരണമാണ്. സ്വതന്ത്രചിന്തയുടെ സ്വാധീനമുള്‍ക്കൊണ്ടിരുന്ന നെഹ്റുപോലും ചിലയവസരങ്ങളില്‍ ഈ നിലപാടുകളുമായി അനുരഞ്ജനത്തിനു തയ്യാറായി. സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് വിഭാഗവും അംബേദ്ക്കറും മാത്രമാണ് വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ചത്.
ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് നവോത്ഥാനം സംഭവിച്ചുവെങ്കിലും മധ്യകാല ജ്ഞാനവ്യവസ്ഥയില്‍നിന്ന് പൂര്‍ണ്ണമായി വേര്‍തിരിയുന്ന വിധത്തില്‍ പുതിയ ജ്ഞാനോദയം ഇന്ത്യയിലുണ്ടായില്ലെന്നാണ്.
സ്വാതന്ത്ര്യത്തിനുശേഷം
കൊളോണിയല്‍ ആധിപത്യത്തിന്റെ പരിമിതികളില്ലാത്ത സ്വാതന്ത്ര്യാനന്തര ഘട്ടത്തില്‍ ജ്ഞാനോദയ സാധ്യകള്‍ നിലനിന്നിരുന്നില്ലേ എന്നു ചോദിക്കാം. വസ്തുതകള്‍ പരിശോധിച്ചാല്‍ തെളിയുന്നത് നിരവധി പരിമിതികള്‍ ഇക്കാലത്തും ഉണ്ടായിരുന്നു എന്നാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ശാസ്ത്രത്തെയും ശാസ്ത്രചിന്തയെയും നോക്കിക്കണ്ട വിധമായിരുന്നു ആദ്യപരിമിതി. രണ്ടാം ലോകയുദ്ധത്തിനുശേഷം സ്വതന്ത്രമായ രാജ്യങ്ങളുടെ പ്രധാന ലക്ഷ്യം ഒരര്‍ഥത്തില്‍ അപകോളനീകരണ പ്രക്രിയയായിരുന്നു. കോളനിവല്‍ക്കരണം സൃഷ്ടിച്ച പിന്നാക്കാവസ്ഥയില്‍ നിന്ന് വിമുക്തമാക്കുന്നതും ദേശീയ പുനര്‍നിര്‍മ്മാണവും ഒരേ പ്രക്രിയയുടെ ഭാഗമായാണ് കണ്ടത്. കൊളോണിയല്‍ ഭരണവ്യവസ്ഥയ്ക്കുപകരം മതനിരപേക്ഷ ജനാധിപത്യസ്വഭാവമുള്ള ഭരണഘടനയുടെ നിര്‍മ്മിതി പ്ലാനിങ്ങും പഞ്ചവല്‍സരപദ്ധതികളും കാര്‍ഷികരംഗത്തെ മാറ്റവും വ്യവസായവല്‍ക്കരണവും വിദ്യാഭ്യാസവും ആരോഗ്യവുമടങ്ങുന്ന ജീവിതഗുണനിലവാരത്തിന്റെ വളര്‍ച്ച, പശ്ചാത്തലസൗകര്യങ്ങളുടെ വികാസം തുടങ്ങിയവയ്ക്കെല്ലാം ഊന്നല്‍ ലഭിച്ചു. രണ്ടു ലോകയുദ്ധങ്ങളും വന്‍സാമ്രാജ്യത്വശക്തികളുടെ വളര്‍ച്ചയും പുറത്തുകൊണ്ടുവന്ന ശാസ്ത്രസാങ്കേതിക നേട്ടങ്ങളെ ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും ഇന്ത്യ ശ്രമിച്ചു. എന്നാല്‍, ശാസ്ത്രവിപ്ലവത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന പ്രപഞ്ചവീക്ഷണത്തില്‍ വന്ന ഗുണപരമായ മാറ്റങ്ങളെ അതുവരെ നിലനിന്ന മധ്യകാല ആശയസംഹിത സൃഷ്ടിക്കുന്നതിനായിരുന്നില്ല. സാങ്കേതികവിദ്യകളുടെ വികാസത്തിന്റെ ഉപകരണാത്മകയുക്തിയെ ശാസ്ത്രവുമായി സംയോജിപ്പിക്കുകയും അതിനെ ദേശീയ വികസനത്തിന്റെ കര്‍മ്മപദ്ധതിയാക്കി മാറ്റുകയുമാണ് ചെയ്തത്.
ഇതിന്റെ ഫലമായി ആദ്യഘട്ടത്തില്‍ എഞ്ചിനീയറിങ് കോളേജുകളും മെഡിക്കല്‍ കോളേജുകളും പോലുള്ള സാങ്കേതിക വൈദഗ്ധ്യത്തിന്റെ നിര്‍മ്മാണത്തിനു പ്രോത്സാഹനം ലഭിച്ചു. ക്രമേണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളും കാര്‍ഷിക സര്‍വകലാശാലകള്‍ പോലുള്ള പ്രത്യേക മേഖലകളെ കേന്ദ്രീകരിച്ചുള്ള വിദ്യാലയങ്ങളും നിലവില്‍ വന്നു. ഏതാനും ചില ഗവേഷണസ്ഥാപനങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ശാസ്ത്രം എന്ന വൈജ്ഞാനികമേഖലയ്ക്ക് കാര്യമായ ഊന്നല്‍ ലഭിച്ചില്ല. നിരവധി കോളേജുകളിലും സര്‍വകലാശാലകളിലും ശാസ്ത്രപഠനം നടന്നുവെങ്കിലും യുക്തിപരത, അന്വേഷണപാടവം, പഴയവൈജ്ഞാനിക രൂപങ്ങളെ ചോദ്യംചെയ്യാനും പുതിയവ കണ്ടെത്താനുമുള്ള ത്വര, ഇതിന്റെ ഫലമായി പ്രപഞ്ചവീക്ഷണത്തെയും ജീവന്റെ പ്രവര്‍ത്തനങ്ങളെയും പുനര്‍നിര്‍വചിക്കാനും വളര്‍ത്താനുമുള്ള ശ്രമങ്ങള്‍-ചുരുക്കത്തില്‍, ജ്ഞാനോദയ സംസ്കൃതി വളര്‍ന്നുവന്നില്ല. പതിനെട്ടാം നൂറ്റാണ്ടില്‍ വ്യവസായവിപ്ലവകേന്ദ്രമായി വളര്‍ന്നുവന്ന ഇംഗ്ലണ്ടില്‍പ്പോലും പുതിയ അന്വേഷണങ്ങള്‍ വളര്‍ന്നുവന്നത് സാധാരണ സാങ്കേതിക പ്രവര്‍ത്തകരും തൊഴിലാളികളും അധ്യാപകരും സ്ഥാപിക്കുകയും പഠിക്കുകയും ചെയ്ത വിദ്യാലയങ്ങളിലായിരുന്നു; ഓക്സ്ഫോര്‍ഡും കേംബ്രിഡ്ജും പോലുള്ള വരേണ്യസ്ഥാപനങ്ങളിലായിരുന്നില്ല. ഇതു തന്നെയായിരുന്നു മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും സ്ഥിതി. എന്നാല്‍ ഇതേ വിധത്തിലുള്ള മുന്നേറ്റം ഇവിടെനിന്നുള്ള സര്‍വകലാശാലകള്‍ക്കോ കോളേജുകള്‍ക്കോ സൃഷ്ടിക്കാന്‍ സാധിച്ചില്ല. ഇതിന്റെ ഫലമായി ശാസ്ത്രം സാങ്കേതികവിദ്യകളുടെ ഉപഘടകവും അവയ്ക്കാവശ്യമായ സൈദ്ധാന്തികതലവുമായി മാറി.
ഇത്തരത്തിലുള്ള പരിവര്‍ത്തനസാധ്യത ഉണ്ടാകുമായിരുന്നത് സാമൂഹിക ശാസ്ത്രവിഷയങ്ങളിലായിരുന്നു. യൂറോപ്പിന്റെ കാര്യത്തില്‍ കണ്ടതുപോലെ വ്യക്തിവാദികളും പ്രയോജനവാദികളും മുതല്‍ സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും വരെ നിലപാടുതറകള്‍ സ്ഥാപിച്ചതും ഏറ്റവുമധികം സംവാദങ്ങള്‍ നടന്നതും സാമൂഹിക ശാസ്ത്രവേദികളിലായിരുന്നു. ഈ സംവാദങ്ങളാണ് ചരിത്രമടക്കമുള്ള സാമൂഹികശാസ്ത്രങ്ങളുടെ സാധ്യതകള്‍ വളര്‍ത്തിയത്. ദൈവശാസ്ത്രവിധിപ്രമാണ രൂപങ്ങളില്‍നിന്ന് കൃത്യമായി വേര്‍തിരിഞ്ഞ് നിലപാടുകള്‍ സ്വീകരിച്ചതും സാമൂഹികശാസ്ത്രജ്ഞരായിരുന്നു. മാര്‍ക്സിസ്റ്റ് സ്വാധീനത്തിലുള്ള ചിലരുടെ ഇടപെടലുകളും എം എന്‍ ശ്രീനിവാസിനെപ്പോലുള്ള ചില സ്വതന്ത്ര ചിന്തകരെയും മാറ്റിനിര്‍ത്തിയാല്‍ അത്തരത്തിലുള്ള സംവാദാത്മക അന്തരീക്ഷം സാമൂഹികശാസ്ത്രത്തില്‍ വളര്‍ന്നുവന്നില്ല. ഇന്ദ്രിയഗോചരവാദവും (empiricism) ഉപകരണാത്മക യുക്തിയുമായിരുന്നു സാമൂഹികശാസ്ത്രത്തെയും സ്വാധീനിച്ചത്. മധ്യകാല വര്‍ണ്ണ-ജാതി സമൂഹത്തിന്റെ പ്രയോഗതലങ്ങളുടെ ശക്തമായ വിമര്‍ശനവും പുതിയ സമൂഹരൂപങ്ങളെ സംബന്ധിച്ച വിചിന്തനവും സാമൂഹികശാസ്ത്രങ്ങളില്‍ ഉണ്ടായില്ല.
സ്വാതന്ത്ര്യസമരത്തിന്റെ മുന്നേറ്റനിരയാണ് ഇന്ത്യയില്‍ അധികാരം കൈയാണ്ടത്. മൂമ്പു സൂചിപ്പിച്ചതുപോലെ ദേശീയ പുനര്‍നിര്‍മ്മാണം അവരുടെ അടിസ്ഥാനമുദ്രാവാക്യം ആയിരുന്നു. പക്ഷെ, ദേശത്തിന്റെ പുനര്‍നിര്‍മ്മാണം ഭൗതികതലത്തിലും ആശയതലത്തിലും സാധിക്കണമെങ്കില്‍ അതിന് സാമ്പത്തികപുരോഗതിയുടെ മാനങ്ങള്‍ മാത്രം പോലുള്ള പുതിയ ആശയസംഹിതകളുടെ സൃഷ്ടികൂടി വേണമെന്ന ബോധ്യം അവര്‍ക്കുണ്ടായില്ല. അതിനുവേണ്ടി വാദിച്ച ഗാന്ധിയന്മാരും അംബേദ്ക്കറിന്റെ അനുയായികളും ക്രമേണ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ഇടതുപക്ഷത്തിന് ഒരു ഘട്ടത്തില്‍ ആശയതലത്തില്‍ സ്വാധീനം ലഭിച്ചു. എങ്കിലും അതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ, പ്രാക്തന സമൂഹരൂപങ്ങള്‍ക്കെതിരായ സമരം വിജയിക്കണമെങ്കില്‍ യൂറോപ്പില്‍ സംഭവിച്ചതുപോലെ സ്വത്തുടമ ബന്ധങ്ങളില്‍ മാറ്റം വരണം. പുതിയ അധീശത്വരൂപങ്ങള്‍ക്ക് ആശയസംഹിതകളെയും നിര്‍ണ്ണയിക്കാനാകണം ഇംഗ്ലണ്ടിലെ സ്വതന്ത്രചിന്ത ലിബറലിസവും പ്രയോജനവാദവുമായത് ഉദാഹരണമാണ്. അത്തരത്തിലുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ ഗ്രാമീണ കാര്‍ഷികമേഖലയില്‍ സംഭവിച്ചില്ല. അത് ഏറ്റെടുക്കാനുള്ള കഴിവോ താല്‍പര്യമോ പുതിയ അധികാരി വര്‍ഗത്തിന് ഉണ്ടായതുമില്ല. ഇതിന്റെ ഫലമായി വര്‍ണ്ണ-ജാതി വ്യവസ്ഥ പുതിയ രൂപങ്ങളില്‍ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുനഃക്രമീകരിക്കപ്പെടുകയാണുണ്ടായത്. ഇത് ആശയതലത്തിലെ മാറ്റങ്ങള്‍ക്കും പുതിയ ശാസ്ത്രവൈജ്ഞാനിക ബോധത്തിന്റെ വളര്‍ച്ചയ്ക്കും തടസ്സമായി.
ഒരു തടസ്സം കൂടി പ്രസക്തമാണ്. വൈജ്ഞാനിക തലത്തില്‍ത്തന്നെ വളര്‍ന്നുവന്ന വരേണ്യവാദ പ്രവണതകളാണത് (Academic elitism) വര്‍ണ്ണ-ജാതി വ്യവസ്ഥയിലെ അസമത്വത്തിന്റെയും വിവേചനത്തിന്റെയും രൂപങ്ങള്‍ വൈജ്ഞാനികതലത്തില്‍ പുതിയ മുഖങ്ങളോടെ സന്നിവേശിപ്പിക്കപ്പെടുന്ന രീതിയാണത്. കേരളം പോലുള്ള ചില പ്രദേശങ്ങളെ മാറ്റിനിര്‍ത്തിയാല്‍ സാര്‍വത്രിക വിദ്യാഭ്യാസം പൊതുവേദികളിലെ വിജ്ഞാനപ്രസരണവും ഇന്ത്യയൊട്ടാകെ വ്യാപകമായി നടന്നില്ല. അതുകൊണ്ട് വൈജ്ഞാനികവികാസം മുഖ്യനഗരങ്ങളിലെ മധ്യവര്‍ഗത്തെയും ഗ്രാമീണതലങ്ങളിലെ ഉപരിവര്‍ഗത്തെയും അശ്രയിച്ചിരുന്നു. അധഃസ്ഥിത ജാതി ഗോത്രസമൂഹങ്ങളും പൊതുവില്‍ സ്ത്രീകളും ഭിന്നശേഷികളുള്ളവരും വൈജ്ഞാനികമേഖലകളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടു. പുതിയ തലമുറയെ അവരുടെ അഭിരുചികള്‍ക്കും പ്രായോഗികക്ഷമതയ്ക്കും അനുസരിച്ച് വളര്‍ത്തിക്കൊണ്ടുവരുന്നതിനുപകരം വരേണ്യ ഉപരിവര്‍ഗം തീരുമാനിക്കുന്ന യോഗ്യതയുടെ മാനദണ്ഡങ്ങള്‍ സ്ഥാനംപിടിച്ചു. ശാസ്ത്രവിഷയങ്ങള്‍ ഉന്നതകുലജാതരും ധൈഷണിക മാനത്തിന്റെ (പലപ്പോഴും ഐക്യംപോലുള്ള അളവുകോലുകള്‍ക്കു വിധേയമായിരുന്നു ഇത്) ഉടമകളുമായ ഒരു വരേണ്യവിഭാഗത്തിന്റെ കുത്തകയായി.
പതിനെട്ടാം നൂറ്റാണ്ടില്‍ മുതലാളിത്ത സമൂഹത്തെ സൃഷ്ടിച്ചവര്‍ സാധാരണക്കാരില്‍ നിന്നുയര്‍ന്നുവന്ന ജൈവബുദ്ധിജീവി (organic intellectuals) കളായിരുന്നു. അത്തരത്തിലൊരു വിഭാഗമല്ല, ഇന്ത്യയില്‍ വളര്‍ന്നുവന്നത്. അവര്‍ അക്കാദമിക് മാനദണ്ഡങ്ങള്‍ കണ്ടെത്തുകയോ ഉപയോഗിക്കുകയോ ചെയ്തു. അക്കാദമിക് നിലവാരമില്ലാത്ത സാധാരണജനങ്ങളില്‍നിന്ന് സ്വയം വേര്‍തിരിയുകയും പലപ്പോഴും വികസിത രാഷ്ട്രങ്ങളിലെ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും സ്വന്തം ധിഷണയ്ക്കു തുല്യരായവരെ കണ്ടെത്തുകയുമാണ് ചെയ്തത്. ഇത്തരത്തിലുള്ള അക്കാദമിക് വരേണ്യവാദം പുതിയ ആശയ സംഹിതകളെയും പ്രയോഗരീതികളെയും സൃഷ്ടിക്കുന്നതിനു തടസ്സമായി. ഇവരില്‍ ചിലര്‍ സ്വന്തം നിലയില്‍ ഭരണകര്‍ത്താക്കളുടെ ഉപദേഷ്ടാക്കളും നവ സൈദ്ധാന്തികരുമൊക്കെയായി മാറി സ്വന്തം നിലപാടുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അവയ്ക്കൊന്നും ഒരു പുതിയ ആശയസംഹിതയെ സൃഷ്ടിക്കാനുള്ള കഴിവുണ്ടായിരുന്നില്ല. അതിനുപകരം മതബോധവും ജാതീയതയും പുതിയ കാഴ്ചപ്പാടുകളെ ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കപ്പെടുകയാണ് ചെയ്തത്.
പുതിയ നാമ്പുകള്‍
നിഷേധാത്മകമായ രീതിയില്‍ ഒരു ലേഖനം അവസാനിപ്പിക്കുന്നത് ഖേദകരമാണ്. എങ്കിലും നമുക്ക് ഇതുവരെ പരിചിതമല്ലാത്ത ദശാസന്ധിയില്‍ ചരിത്രം നമ്മെ കൊണ്ടെത്തിക്കുമ്പോള്‍ ഗൗരവത്തില്‍ പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിലൊന്ന് ഇന്ത്യയിലെ നവലിബറല്‍ സാമ്പത്തിക വികസനമാണ്. യൂറോപ്പില്‍ ലിബറലിസം ആദ്യം വളര്‍ന്നുവന്നത് ചിന്താപദ്ധതിയിലാണ് പിന്നീടാണ് വളര്‍ന്നുവന്ന മുതലാളിത്തം ഈ ആശയത്തെ സ്വാംശീകരിച്ചതും സ്വതന്ത്രവാണിജ്യത്തെ ഒരു മുദ്രാവാക്യമാക്കിയതും. അതായത്, സ്വതന്ത്രവാണിജ്യം അവിടെ ഫ്യൂഡല്‍ വിരുദ്ധ സാമൂഹികവിപ്ലവങ്ങളുടെയും അതിനോടു ചേര്‍ന്ന ആശയസംഹിതകളുടെയും ഉല്‍പന്നമായിരുന്നു. ഇന്ത്യയിലെ നവലിബറലിസം അങ്ങനെയുള്ള ഒന്നല്ല. അത് സാമ്രാജ്യത്വത്തിന്റെ ഇടപെടലോടെ ഭരണകൂടവും കോര്‍പ്പറേറ്റ് മുതലാളിത്തവും ചേര്‍ന്ന് ജനങ്ങളുടെ മേല്‍ അടിച്ചേല്പിച്ച വ്യവസ്ഥയാണ്. സ്വാതന്ത്ര്യത്തിന്റെ ആശയസംഹിത രൂപംകൊള്ളാതെയാണ് ഈ സാമ്പത്തിക ലിബറലിസം നമ്മുടെ ഇടയില്‍ കടന്നുവരുന്നത്. ഇത്തരത്തിലുള്ള അടിച്ചേല്പിക്കലിനെ താങ്ങിനിര്‍ത്തുന്നത് ലിബറല്‍ ആശയസംഹിതയല്ല ലിബറല്‍ വിരുദ്ധ മതരാഷ്ട്രത്തിന്റെ അമിതാധികാര സങ്കല്പമാണ്. വികസിത രാഷ്ട്രങ്ങളടക്കം നിരവധി രാഷ്ട്രങ്ങളില്‍ സാമ്പത്തിക ലിബറലിസവും രാഷ്ട്രീയ അമിതാധികാരവും തമ്മിലുള്ള കൂട്ടായ്മകള്‍ നിലവില്‍ വരുകയാണ്. ഇതിനെ നിലനിര്‍ത്തുന്നത് തികച്ചും യാന്ത്രികയുക്തികളാണ്. സ്വത്വവാദവും വംശീയതയും ഒരു വശത്തും നിര്‍മ്മിതബുദ്ധിയുടെ യാന്ത്രികവികാസ സങ്കല്പങ്ങള്‍ മറുവശത്തു സൃഷ്ടിക്കുന്ന ലോകങ്ങളാണ് ഇവയുടെ ഭാവി പരിപ്രേക്ഷ്യങ്ങളായി മാറുന്നത്. മതബോധത്തിന്റെയോ യാന്ത്രികവികസനത്തിന്റെ വിധികല്പിതമായ രീതികളിലേക്കുള്ള തിരിച്ചുപോക്ക് കൂടുതല്‍ പ്രകടമാകുന്നു. സാധാരണ ഇന്ത്യക്കാരെ മുഴുവന്‍ മതബോധത്തിന്റെ വിധനിര്‍ണ്ണയത്തിനു കീഴ്പ്പെടുത്തുമ്പോള്‍ വൈജ്ഞാനിക തൊഴില്‍സേന മുഴുവനും കോര്‍പ്പറേറ്റ് മാനേജ്മെന്റുകളുടെയും ധൈഷണിക തലത്തില്‍ നിര്‍മ്മിതബുദ്ധിയുടെയും അടിമകളായി തീരുന്നു. അടിമത്തം ശാശ്വതീകരിക്കപ്പെടുന്ന അവസ്ഥയാണിത്.
ശാസ്ത്രം നിര്‍മ്മിതബുദ്ധിയല്ല, സംവാദാത്മകതയാണ്. ദെക്കാര്‍ത്ത മുതല്‍ ഹേഗല്‍ വരെയുള്ള ജ്ഞാനോദയ ചിന്തകരും അക്കാലത്തു വളര്‍ന്നുവന്ന ലിബറലുകളും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളുമെല്ലാം ഊന്നിയത് സംവാദാത്മകതയിലാണ്. മാര്‍ക്സും എംഗല്‍സും സംവാദാത്മകതയ്ക്ക് വര്‍ഗസമരത്തിന്റെ ഭൗതികതലം നല്‍കുകയും അതിനെ ചരിത്രത്തിന്റെ ചാലകശക്തിയാക്കുകയും ചെയ്തു. നാം മറക്കുന്നതിനുമുമ്പ് അരിസ്റ്റോട്ടലിനെപ്പോലുള്ള ഗ്രാക്ക് ചിന്തകരും ഇന്ത്യയില്‍ ശ്രമണന്മാരും നൈചാമികരുമടക്കമുള്ള ദാര്‍ശനികരും സംവാദാത്മകതയില്‍ ഊന്നിയവരാണ്. ഇന്നത്തെ മതപരവും യാന്ത്രികപരവുമായ യുക്തിനിഷേധിക്കുന്നതും സംവാദാത്മകതയെയാണ്. പക്ഷെ, ശാസ്ത്രത്തിന് സംവാദാത്മകതയുടെ ആവശ്യമുണ്ട്. ശാസ്ത്രം കേവലം പ്രശ്നപരിഹാര നിര്‍ദേശങ്ങളോ നിഗമനങ്ങളോ മാത്രമല്ല, ഇന്ന് നമ്മെ വീണ്ടും വീണ്ടും പഠിപ്പിക്കുന്നതുപോലെ കേവലം വിവരങ്ങളുടെ ശേഖരവുമല്ല, വിവരങ്ങളെ പട്ടികപ്പെടുത്തി കൂട്ടിവെച്ചാല്‍ വിജ്ഞാനമാകില്ല. അത് പ്രപഞ്ചത്തെയും ജീവജാലങ്ങളെയും മനുഷ്യനെയും അയാളുടെ വര്‍ത്തമാനത്തെയും ഭാവികളെയും കുറിച്ചുള്ള വീക്ഷണങ്ങളുടെയും നിലപാടുകളുടെയും വളര്‍ച്ചയാണ്. അവ മതബോധത്തിന്റെ അരുളപ്പാടുകളോ നിര്‍മ്മിതബുദ്ധിയുടെ വെളിപാടുകളോ അല്ല. സ്വന്തം കായികവും മാനസികവുമായ അധ്വാനം കൊണ്ട് മനുഷ്യര്‍തന്നെ രൂപപ്പെടുത്തി എടുക്കേണ്ടതാണ്. അവിടെയാണ് ഇതുവരെയുള്ള പ്രപഞ്ചജ്ഞാനവും ജൈവജ്ഞാനവും മനുഷ്യരുടെ ബോധത്തിലെത്തേണ്ടത്. എലോണ്‍ മസ്കിന്റെ സങ്കല്പം പോലെ ഒരു ചിപ്പ് ഘടിപ്പിച്ചല്ല അത് മനുഷ്യരുടെ ബോധത്തിലെത്തേണ്ടത്. അത് മനുഷ്യര്‍ സ്വന്തം പ്രകൃതിനിരീക്ഷണവും ഇടപെടലുംകൊണ്ട് ആര്‍ജിക്കേണ്ടതാണ്. സംവാദാത്മകമായ അത്തരം അന്തരീക്ഷത്തിലാണ് ജൈവബുദ്ധിജീവികളും പുതിയ സമൂഹരൂപങ്ങളും ഉണ്ടാകുന്നത്.
സമൂഹ നവോത്ഥാനം അപൂര്‍ണ്ണമായ, ജ്ഞാനോദയം സംഭവിക്കാത്ത, ശാസ്ത്രത്തിന്റെ സാമൂഹികവല്‍ക്കരണം തുടര്‍ച്ചയായ വെല്ലുവിളികളും തടസ്സങ്ങളും നേരിടുന്ന ഒരു സമൂഹത്തെ ജാതി-മതപരമോ യാന്ത്രികമായോ അടിമത്തത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള പോരാട്ടത്തിലാണ് പുതിയ നാമ്പുകള്‍ ഉടലെടുക്കേണ്ടത്, ജൈവ ബുദ്ധിജീവികളായ ശാസ്ത്രപ്രവര്‍ത്തകരുടെ പുതിയ തലമുറ ഉണ്ടാകേണ്ടത്.