സാമൂഹികവിശകലനത്തെ കൈവിടുന്ന കേവലശാസ്ത്രവാദം സ്വീകരിക്കുന്ന റിഡക്ഷനിസ്റ്റ് സമീപനം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നു
ഒരു വർഷത്തെ കോവിഡ് മഹാമാരിയുടെ പ്രഭാവം മനുഷ്യർ അവരവരെപ്പറ്റി സൃഷ്ടിച്ച പല മിത്തുകളെയും പൊളിച്ചെഴുതിയിട്ടുണ്ട്. ലോകത്തിലെ പകർച്ചവ്യാധികളും മഹാമാരികളും സ്വന്തം കാലടിയിൻ കീഴിലാണെന്ന മെഡിക്കൽ സയൻസിന്റെ അഹന്ത, പ്രപഞ്ചത്തിന്റെ സകലരഹസ്യങ്ങളുടെയും ചുരുളഴിച്ച് കഴിഞ്ഞുവെന്ന അഹംഭാവം, ആധുനികമനുഷ്യജീവിതത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞുവെന്ന ധനികരാഷ്ട്രങ്ങളുടെ അവകാശവാദങ്ങൾ, ഇങ്ങനെ ഒട്ടനവധി മിത്തുകളാണ് തകർന്നു വീണത്. കോവിഡിനെ യാഥാർഥ്യബോധത്തോടെ കൈകാര്യം ചെയ്ത ദക്ഷിണകൊറിയയിലെ ഭരണാധികാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ധനികരാഷ്ട്രങ്ങളുടെ ഡംഭിന്റെ മൂർത്തീഭാവമായിരുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോവിഡ് വാക്‌സിന് വേണ്ടി രാഷ്ട്രങ്ങളും കമ്പനികളും ലാബുകളും നടത്തിയ നെട്ടോട്ടം ഏതാണ്ട് കരയ്ക്കടുക്കുകയാണ്. എങ്കിലും കോവിഡും അതുപോലുള്ള മറ്റു രോഗങ്ങളും നമ്മോടോപ്പമുണ്ടാകുമെന്നാണ് സൂചന.
കോവിഡ് സൂക്ഷ്മതലത്തിൽ നമ്മുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളും ശ്രദ്ധേയമാണ്. പകർച്ചവ്യാധി തടയാൻ കൂട്ടം കൂടുന്നതിൽ വരുത്തിയ നിയന്ത്രണങ്ങൾ നമ്മുടെ സാങ്കേതിക ആശ്രിതത്വം വൻതോതിൽ വളർത്തിയിരിക്കുകയാണ്. വീട്ടുസാധനങ്ങൾ വാങ്ങുന്നത് മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ ഒട്ടുമുക്കാലും കാര്യങ്ങളും ഓൺലൈൻ വഴിയാണ് നടക്കുന്നത്. പൊതു ഇടങ്ങളിൽ അനിവാര്യമായ ശുചീകരണവും മാലിന്യനിർമ്മാർജ്ജനവും അടക്കമുള്ള തൊഴിലുകളിൽ പോലും കർക്കശമായ നിയന്ത്രണങ്ങളുണ്ട്. പൊതുവേദികൾ ധാരാളമുള്ള കേരളത്തിൽ അവ മുഴുവനും ‘സാങ്കേതിക’മായി മാറിയിരിക്കുകയാണ്. പ്രസിദ്ധീകരണങ്ങൾ പോലും സാങ്കേതികമാണ്. പൊതുവിൽ ലോകമാസകലം സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങിയ ഘട്ടമായിരുന്നിട്ടും വിവരവിനിമയക്കുത്തകകളും കച്ചവടശൃംഖലകളും അവരുടെ വരുമാനം വൻതോതിൽ വർധിപ്പിച്ചത് ഈ ആശ്രിതത്വത്തിനു തെളിവാണ്.
സയന്റിസം
ഈ ചർച്ച ശാസ്ത്രസാങ്കേതികവിദ്യകളുടെ സാമൂഹ്യമായ പ്രയോഗത്തെ സംബന്ധിച്ച്, അതായത് ശാസ്ത്രസാങ്കേതികവിദ്യകളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചയായാണ് മാറുന്നത്. ഒരുദാഹരണമെടുക്കാം. കോവിഡ് കാലത്തു കേരളത്തിലടക്കം വളർന്നു വന്ന ചർച്ച രോഗനിവാരണത്തെയും രോഗനിയന്ത്രണത്തെയും പറ്റിയുള്ള ചർച്ചയായിരുന്നു. ശാസ്ത്രസാങ്കേതികവിദ്യകളുടെ കൃത്യമായ പ്രയോഗത്തിന്റെ അടിസ്ഥാനത്തിൽ പകർച്ചവ്യാധിയുടെ വ്യാപനത്തെ ക്രമാനുഗതമായി കുറച്ചുകൊണ്ടുവരുക എന്ന നിലപാടാണ് പലശാസ്ത്രജ്ഞരും രാഷ്ട്രീയപ്രസ്ഥാനങ്ങളും സ്വീകരിച്ചത്. ശാസ്ത്രസാങ്കേതികവിദ്യകളുടെ മികവുകൊണ്ട് തന്നെ രോഗനിവാരണം സാധിക്കുമെന്നും മനുഷ്യരുടെ മറ്റു പ്രവർത്തനങ്ങളെ ബാധിക്കാതെ ഇത് നടപ്പിലാക്കാമെന്നുമുള്ള വാദമാണ് അമേരിക്കയടക്കമുള്ള വൻശക്തികൾ പിന്തുടർന്നത്. മാസ്‌ക് ധരിക്കുന്നതുപോലും അവിടെ നിർബന്ധമായിരുന്നില്ല. ജനങ്ങളെ ക്വാറന്റൈനിൽ ഇടുന്നത് മനുഷ്യാവകാശലംഘനമാണെന്ന വാദം വരെ അവിടെ ഉണ്ടായി. എന്നാൽ സാമൂഹ്യമായ ഇടപെടലോടെ കോവിഡിനെ നിയന്ത്രിക്കാൻ ശ്രമിച്ച രാജ്യങ്ങളിലാണ് മഹാമാരി തടഞ്ഞുനിർത്തപ്പെട്ടത്. ഒരു വിഭാഗം ശാസ്ത്രസാങ്കേതികവിദ്യകൾക്കും സാമൂഹ്യഇടപെടലുകൾക്കും ഒരു പോലെ പ്രാധാന്യം നൽകിയപ്പോൾ, ശാസ്ത്രസാങ്കേതികവിദ്യകളുടെ മികവ് മാത്രം മതി ഒരു മഹാമാരിയെ തടഞ്ഞു നിർത്താൻ എന്ന് മറുപക്ഷം വാദിച്ചു. അവർ സാമൂഹ്യനിയന്ത്രണത്തെക്കാൾ പ്രാധാന്യം നൽകിയത് കോവിഡ് വാക്‌സിനെ സംബന്ധിച്ച ഗവേഷണത്തിനാണ്.
കോവിഡ് വാക്‌സിന് വേണ്ടിയുള്ള അന്വേഷണം ശരിയായ ദിശയല്ല എന്ന അർഥം ഇപ്പോൾ പറഞ്ഞതിനില്ല. തീർച്ചയായും മഹാമാരിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് അതാവശ്യമാണ്. പക്ഷേ അത് കണ്ടെത്തുന്നത് വരെ നിലവിലുള്ള സാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചാൽ മതിയെന്നും പകർച്ചവ്യാധിയെ തടയാൻ മനുഷ്യരാശി കണ്ടെത്തിയ മാർഗങ്ങൾ സാമൂഹ്യമായി പരീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും ഉള്ള വാദങ്ങൾ കേവലശാസ്ത്രവാദമാണ്. അതിനെയാണ് സയന്റിസം എന്ന് ചിലർ പറയുന്നത്.
ഇതേ പ്രശ്‌നം മറ്റു നിരവധി മേഖലകളിൽ കടന്നുവരികയാണ്. വിദ്യാഭ്യാസരംഗത്ത് ഓൺലൈൻ കോഴ്സുകളുടെയും സാങ്കേതികവിദ്യകളുടെയും വ്യാപനത്തെ ആ രംഗം ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി കാണുന്നവരുണ്ട്. ക്ലാസ്സുമുറികളുടെയും ബോധനരൂപങ്ങളിൽ അധ്യാപകരുടെ പ്രാപ്തികളുടെയും പരിമിതികളെ മറികടക്കാൻ ഓൺലൈൻ പഠനം ഉപകരിക്കുന്നു. സാർവദേശീയ തലത്തിലുള്ള മികവുറ്റ, പ്രത്യേകിച്ച് നോബൽ സമ്മാനാർഹർ അടക്കമുള്ള അധ്യാപകരുടെ ബോധനം ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് കൂടി ലഭ്യമാക്കുന്നു, സ്വയം പഠനത്തെ ശക്തിപ്പെടുത്തുന്നു തുടങ്ങിയ മേന്മകൾ പറയുന്നതു കേൾക്കാം. ഇതിലെല്ലാം വസ്തുതകൾ ഉണ്ടെന്ന കാര്യത്തിലും സംശയമില്ല. സാർവ്വദേശീയതലത്തിൽ ലഭ്യമായ എല്ലാ അറിവുകളും ഏറ്റവും പിന്നാമ്പുറപ്രദേശങ്ങളിലെ കുട്ടികൾക്കും ലഭ്യമാക്കണമെന്നതു സർവത്രികവിദ്യാഭ്യാസത്തിന്റെ ആധാരസങ്കല്പവുമാണ്. പക്ഷേ അറിവിന്റെ വിനിമയം എന്തായിരിക്കണം? കുട്ടികൾക്ക് പരീക്ഷയെഴുതാൻ പാകത്തിൽ ഏകപക്ഷീയമായ വിവരങ്ങൾ നല്കലാണോ അതോ പ്രായോഗികതലത്തിൽ ജീവിതവൃത്തികൾ കണ്ടെത്താൻ സഹായിക്കുന്ന പരിജ്ഞാനം നൽകലാണോ? ഇത്തരം വേർതിരിവുകൾ ശാസ്ത്രസാങ്കേതികവിദ്യകൾക്കു പ്രശ്‌നമല്ല. ജീവന്റെ അടിത്തറ തന്നെ വിവരമാണെന്നു വാദിക്കപ്പെടുന്ന ഇന്നത്തെ ഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും തർക്കമുണ്ടാവില്ല. രണ്ടിടത്തും പറയുന്ന വിവരത്തിന്റെ (information) അർഥം തന്നെ വ്യത്യസ്തമാണെന്നത് വേറെ വിഷയം. കേവലശാസ്ത്രവാദിക്കു വിദ്യാഭ്യാസം എന്ന സാമൂഹ്യപ്രക്രിയ പ്രസക്തമല്ല.
ഇതെല്ലം കാണിക്കുന്ന ഒരു വസ്തുതയുണ്ട്. സയന്റിസം എന്ന് വിളിക്കപ്പെടുന്ന ശാസ്ത്രസാങ്കേതികവിദ്യകളുടെ അനിഷേധ്യസ്വഭാവം ഇന്ന് പലരെ സംബന്ധിച്ചും നാം വകവെച്ച് കൊടുക്കേണ്ട ഒരു യാഥാർഥ്യമാണ്. അതിനെ എതിർത്തിട്ടു കാര്യമില്ല. അവർ ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. കംപ്യൂട്ടറിനെ നിങ്ങൾ എതിർത്തില്ലേ? കോവിഡ് കാലത്തു ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തെ നിലനിർത്തിയതും അതേ ഉപകരണമല്ലേ? ലോക്ക് ഡൌൺ എന്ന് പറഞ്ഞ് എല്ലാം അടച്ചു പൂട്ടിയിട്ടില്ലേ? പിന്നെയെല്ലാം തുറന്നു കൊടുക്കേണ്ടി വന്നില്ലേ? ഓൺലൈൻ പഠനത്തിനെതിരെ വാതോരാതെ പ്രസംഗിച്ചവർ പിന്നെ അതിന്റെ വക്താക്കളായില്ലേ? അതുകൊണ്ട് ശാസ്ത്രസാങ്കേതിക വിദ്യകളെ എതിർത്തിട്ടു കാര്യമില്ല. അവയില്ലാതെ സമൂഹം ചലിക്കുകയില്ല. സയൻസിന്റെ അപ്രമാദിത്വം അംഗീകരിക്കാതെ മുന്നോട്ടു പോകാൻ ആവുകയില്ല എന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. അതിന്റെ സ്വാധീനം കൊണ്ട് ചില പ്രശ്‌നങ്ങൾ ഉണ്ടാകും. അത് പരിഹരിച്ച് മുന്നോട്ടു പോകാനും ശാസ്ത്രത്തിനു കഴിവുണ്ട്. ആണവസ്‌ഫോടനസാങ്കേതികവിദ്യ ആദ്യം ഉപയോഗിക്കപ്പെട്ടത് ബോംബിന്റെ നിർമാണത്തിലാണ്. എന്നാൽ പിന്നീട് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കപ്പെട്ടതെല്ലാം ബോംബുകളല്ല. കീടനാശിനികളും കളനാശിനികളും ചിലയിടങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് അവയുടെ ഉപയോഗം സാർവത്രികമായി നിരോധിച്ചിട്ടില്ല. ഇത്തരം സയന്റിസവാദങ്ങളുടെ പ്രസക്തി വിശദമായി പരിശോധിക്കേണ്ടതുണ്ട്.
സയന്റിസവും ഇടതുപക്ഷവും
ഏതൊരു വികസനപ്രക്രിയയിലും സാമൂഹ്യഇടപെടലുകളുടെ പ്രാധാന്യത്തെക്കുറിച്ച് ശക്തമായി സംസാരിച്ചു പോന്നിട്ടുള്ളത് ഇടതുപക്ഷമാണ്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യം ഉയർന്നുവന്നതും ഇടതുപക്ഷത്തിൽ നിന്നാണ്. അതുകൊണ്ട് കേവലശാസ്ത്രവാദികൾ ഏറ്റവും ശക്തമായി വിമർശിട്ടുള്ളതും ഇടതുപക്ഷത്തെയാണ്. രണ്ടു രീതികളിലാണ് ഈ വിമർശനം ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഒന്ന്, സാമൂഹ്യഇടപെടലുകളുടെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷം ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസത്തെ തടയുന്നു. രണ്ട്, ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസത്തെ വികലമായി അവതരിപ്പിക്കുന്നു. രണ്ടാമത്തെ വിമർശനം വൈരുദ്ധ്യാത്മകഭൗതികവാദം എന്ന കാഴ്ചപ്പാടിന് എതിരാണ്. വൈരുധ്യാത്മകഭൗതികവാദം അശാസ്ത്രീയമാണ്, അത് കൊണ്ട് ഇടതുപക്ഷം ശാസ്ത്രവിരുദ്ധരാണ്. ചിലപ്പോൾ വൈരുധ്യാത്മകഭൗതിക വാദത്തെ അംഗീകരിക്കുന്നവരും മറ്റു ഇടതുപക്ഷക്കാർ ശാസ്ത്രവിരുദ്ധരാണെന്നു വാദിക്കാറുണ്ട്.
ഇത്തരം വാദങ്ങളുടെ എല്ലാ വശങ്ങളിലേക്കും ഇവിടെ കടക്കേണ്ട കാര്യമില്ല. ഏറ്റവും ശ്രദ്ധേയമായ സർവദേശീയ പ്രാധാന്യം നേടിയ വിവാദം പരിസ്ഥിതിയുടേതാണ്. മനുഷ്യരുടെ ഉല്പാദനപ്രവർത്തനങ്ങളെല്ലാം ജൈവപരിസ്ഥിതിയിൽ മാറ്റങ്ങൾ വരുത്തുമെന്നത് വസ്തുതയാണ്. മയന്മാർ, ഹരപ്പന്മാർ എന്നിവരടക്കം മനുഷ്യർ സൃഷ്ടിച്ച പല സംസ്‌കാരങ്ങളും ഇല്ലാതാകുന്നതിൽ പരിസ്ഥിതി പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുന്നൂറു വർഷങ്ങളിൽ മനുഷ്യർ ജൈവപരിസ്ഥിതിയുടെ മേൽ നടത്തിയ ചൂഷണം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഇന്ധനനാശവും കാലാവസ്ഥാവ്യതിയാനം പോലുള്ള മാറ്റങ്ങളും ധനികരാഷ്ട്രങ്ങളുടെ തന്നെ കണ്ണ് തുറപ്പിക്കുകയും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതാണ് എന്ന ബോധത്തിലേക്ക് അവരെ നയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും എന്ന കേവലശാസ്ത്രവാദികളുടെ നിലപാടുകൾ എങ്ങുമെത്തുന്നില്ല എന്ന തിരിച്ചറിവാണ് ഈ നിലപാടുമാറ്റത്തിലേക്ക് നയിച്ചത്. ഉദാഹരണത്തിന് ഇന്ധനനാശം തടയാൻ ടാർ സാൻഡ്, ഷെയ്ൽ ഗ്യാസ് മുതലായ ഉത്പന്നങ്ങൾ പരീക്ഷിക്കപ്പെട്ടുവെങ്കിലും അവ ഉല്പാദനക്ഷമമായിട്ടില്ല. അതുകൊണ്ട് കൂടുതൽ ചെലവുണ്ടാകുമെന്നു വിലയിരുത്തപ്പെട്ട സൗരോർജവും ജൈവ ഉൽപ്പന്നമായ എഥനോളും ഒക്കെ പരീക്ഷിക്കപ്പെട്ടു. ഏറ്റവും അവസാനം വൈദ്യുതിയെ തന്നെ ഉപയോഗിക്കാനുള്ള ശ്രമങ്ങളും ഇതേ ഇന്ധനക്ഷാമത്തിന്റെ ഫലമാണ്. അതായത് മനുഷ്യർ സൃഷ്ടിച്ച ക്ഷാമത്തിൽ നിന്ന് കരകയറാൻ ശാസ്ത്രസാങ്കേതികവിദ്യകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് പോലെയാണ് കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ഭീഷണി. ഹരിതഗൃഹപ്രഭാവം കുറയ്ക്കുന്ന വിധത്തിൽ അന്തരീക്ഷത്തിലേക്കുള്ള കാർബോ ഇന്ധനങ്ങളുടെ പ്രസരണത്തെ നിയന്ത്രിക്കുകയല്ലാതെ വേറെ വഴിയൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതായത് കേവലശാസ്ത്രവാദമല്ല, ഇടതുപക്ഷക്കാർ നിർദേശിച്ചു പോന്ന സാമൂഹ്യപരിഹാരങ്ങളാണ് ഇവിടെയെല്ലാം പ്രായോഗികമാകുന്നത്.
പരിസ്ഥിതിപ്രശ്‌നങ്ങളിൽ ഇടപെടുന്ന കാല്പനികവാദികളുടെ നിലപാടുകളെ പലപ്പോഴും ഇടതുപക്ഷനിലപാടുകളുമായി കൂട്ടിക്കുഴയ്ക്കാറുണ്ട്. കാല്പനികവാദികൾ ചെയ്യുന്നത് ശാസ്ത്രസാങ്കേതികവിദ്യകളെ മൊത്തത്തിൽ നിരാകരിക്കുകയാണ്. അതും ഇടതുപക്ഷനിലപാടും തമ്മിൽ ബന്ധമില്ല. ഉദാഹരണത്തിന് ഇന്ധനക്ഷാമം കുറയ്ക്കുകയോ ജൈവപ്രകൃതിയിലെ ആഘാതം പരിമിതപ്പെടുത്തുകയോ ചെയ്യുന്ന ഒരു സാങ്കേതികവിദ്യയെ ഇടതുപക്ഷം ഒരു സന്ദർഭത്തിൽ അനുകൂലിച്ചേക്കാം. ഇതിന്റെ അർഥം മറ്റൊരു സാധ്യത നൽകുന്ന സാങ്കേതികവിദ്യയെ അപ്പാടെ നിരാകരിക്കുകയല്ല. ഉദാഹരണത്തിന് വൈദ്യുതി ഉല്പാദനത്തിന് ഒരു പ്രത്യേകസന്ദർഭത്തിൽ ജലവൈദ്യുതനിലയം വേണമെന്ന് ആവശ്യപ്പെട്ടാൽ അതിന്റെ അർഥം മറ്റെല്ലാ സാധ്യതകളെയും എല്ലാ സന്ദർഭങ്ങളിലും എതിർക്കുക എന്നതല്ല. ഓരോ സന്ദർഭത്തിലെയും വസ്തുനിഷ്ഠസാഹചര്യങ്ങളെ മുൻനിർത്തി സമൂഹം നടത്തുന്ന ഇടപെടൽ ആണത്. ഇതിന്റെ അർഥം എല്ലാ സാഹചര്യങ്ങളിലും ഇതേ തീരുമാനം അവർത്തിക്കണമെന്നല്ല. അത്തരം തീരുമാനങ്ങൾ ശാസ്ത്രീയവുമല്ല. പക്ഷെ കാല്പനികവാദികളെ സംബന്ധിച്ചിടത്തോളം അവർ എതിർക്കുന്നത് ആ സാങ്കേതികവിദ്യയെയാണ്, അതിനാധാരമായ അറിവിനെയാണ്. അതുകൊണ്ടു ഏതു സാഹചര്യത്തിലും അവർ അതിനെ എതിർക്കും. കാല്പനികവാദികളുടെ ഈ നിലപാട് ഇടതുപക്ഷനിലപാടാണെന്നു തെറ്റിദ്ധരിച്ചാണ് കേവലശാസ്ത്രവാദികൾ, ചിലപ്പോൾ, വൈരുധ്യാത്മകഭൗതികവാദം പിന്തുടരുന്നു എന്നവകാശപ്പെടുന്നവർപോലും, ചില ഇടതുപക്ഷനിലപാടുകളെ എതിർക്കുന്നത്. ശാസ്ത്രസാങ്കേതികവിദ്യകളുടെ പ്രയോഗത്തിൽ വരുത്തേണ്ട ശാസ്ത്രീയമായ സാമൂഹ്യസമീപനത്തിന്റെ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്. ഇത്തരം സാമൂഹ്യസമീപനത്തിന്റെ പ്രാധാന്യത്തെ പല കേവലശാസ്ത്രവാദികളും അവഗണിക്കുന്നു.
വൈരുധ്യാത്മകത- ഒരു വിലയിരുത്തൽ
ചില ചിന്താപദ്ധതികൾ പരിശോധിക്കുമ്പോൾ അവ ഏതെങ്കിലും സൂത്രവാക്യങ്ങളുടെ രൂപത്തിലല്ല പരിശോധിക്കേണ്ടത്. അരിസ്റ്റോട്ടിലിന്റെ ദ്രവ്യവും രൂപവും തമ്മിലുള്ള വേർതിരിവ്, പ്ലേറ്റോയുടെ ആശയങ്ങളെ കുറിച്ചുള്ള സങ്കൽപം, കാന്റിന്റെ(Immanuel Kant) പ്രാതിഭാസിക ലോകവും അതീന്ദ്രിയലോകവും, ലൈബിനിറ്റ്‌സിന്റെ (Wilhelm Leibniz) മൊണാദ് (monad) തുടങ്ങി നിരവധി ഉദാഹരണങ്ങൾ ഇതുപോലെ പറയാം. ഹെഗെലിന്റെ വൈരുധ്യാത്മകതയുടെ വിശദീകരണങ്ങളും അതുപോലെയാണ്. ഏംഗൽസിന്റേതാണെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന പല തത്വങ്ങളും ഹെഗെലിന്റെതാണ്. ഇത് കൂടാതെ ഇമ്മാനുവേൽ കാന്റ് തന്റെ ശുദ്ധയുക്തിയുടെ വിമർശനത്തിന്റെ ഭാഗമായി അതീന്ദ്രിയസ്വഭാവമുള്ള വൈരുധ്യാത്മകത അവതരിപ്പിക്കുന്നുമുണ്ട്. ഇതിന്റെ വിമർശനമായാണ് ഹെഗൽ തന്റെ സിദ്ധാന്തം അവതരിപ്പിക്കുന്നത്. മാർക്‌സും ഏംഗൽസും സ്വന്തം നിലപാടുകൾ വളർത്തിക്കൊണ്ട് വരുന്നത് ഹെഗെലിന്റെയും ജർമൻ തത്വചിന്തകനായ ലുദ്വിഗ് ഫെയർബാഹിന്റെയും (Ludwig Feuerbach) നിലപാടുകളുടെ വിമർശനം എന്ന നിലയിലാണ്. ഈ വിമർശനം പ്രത്യക്ഷപ്പെടുന്നത് ‘പ്രകൃതിയുടെ വൈരുധ്യാത്മകത’ (Dialaletics of Nature) എന്ന പുസ്തകത്തിലല്ല, മാർക്‌സിന്റെയും ഏംഗൽസിന്റെയും ആദ്യകാല രചനകളിലാണ്.
പ്രകൃതിയുടെ വൈരുധ്യാത്മകത എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം ഏംഗൽസ് എഴുതാനിരുന്ന ശാസ്ത്രസംബന്ധിയായ വലിയൊരു പുസ്തകത്തിനുവേണ്ടി തയ്യാറാക്കിയ കുറിപ്പുകളാണ്. അതിൽ ആൾക്കുരങ്ങിൽനിന്ന് മനുഷ്യനിലേക്കുള്ള മാറ്റത്തിൽ അധ്വാനത്തിന്റെ പങ്ക് എന്ന ഒരു ഭാഗം മാത്രമാണ് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്. വൈരുദ്ധ്യാത്മക തത്വങ്ങൾ വിശദീകരിക്കാനായി ഏംഗൽസ് ഉപയോഗിക്കുന്ന ഉദാഹരണങ്ങളല്ല അദ്ദേഹം തയ്യാറാക്കായ കുറിപ്പുകളുടെ കാതൽ. പുസ്തകം ശ്രദ്ധിച്ചു വായിച്ചുവെങ്കിൽ ആർക്കും മനസ്സിലാക്കുന്ന കാര്യമാണിത്. സാദി കാർനോയും മറ്റു ശാസ്ത്രജ്ഞരും കൂടി വളർത്തിക്കൊണ്ടുവന്ന മെക്കാനിക്‌സിന്റെ തത്വങ്ങൾ, താപഗതികത്തിന്റെ തത്വങ്ങൾ, പരിണാമസിദ്ധാന്തം എന്നിവയാണ് പ്രധാനം. ഇവയിൽ മെക്കാനിക്‌സിന്റെ തത്വങ്ങളിലാണ് ഏറ്റവും വ്യക്തമായി വൈരുധ്യാത്മകതത്വങ്ങൾ ഏംഗൽസ് കണ്ടെത്തുന്നത്. താപഗതികത്തിന്റെ രണ്ടാം തത്വത്തിൽ പ്രത്യക്ഷപ്പെട്ട പ്രപഞ്ചത്തിന്റെ തപാന്ത്യം heat death) എന്ന ആശയത്തെ ഏംഗൽസ് ചോദ്യം ചെയ്യുന്നു. അതുപോലെ പരിണാമസിദ്ധാന്തത്തിലെ പ്രകൃതിനിർദ്ധാരണത്തെയും സ്പീഷിസിന്റെ വ്യതിരിക്തതയെയും പൂർണമായി അംഗീകരിക്കുന്ന ഏംഗൽസ്, അർഹരുടെ നിലനിൽപ്പ് (survival of the fittest) എന്ന ആശയത്തെ ചോദ്യം ചെയ്യുന്നു. ഇവയൊന്നും പൂർണരൂപത്തിലുള്ള വിശദീകരണങ്ങൾ അല്ലാത്തതുകൊണ്ട് എന്തായിരുന്നു ഏംഗൽസിന്റെ ആശയങ്ങളുടെ അവസാനരൂപം എന്നത് വ്യക്തമല്ല. ഏറ്റവും പ്രധാനമായി ശാസ്ത്രനിഗമനങ്ങളുടെ വളർച്ചയുടെ നാലു ഘട്ടങ്ങളെ അദ്ദേഹം വിശദീകരിക്കുന്നു. ഒരു വസ്തുവിൽ/പ്രതിഭാസത്തിൽ ഉൾപ്പെടുന്ന ഘടകങ്ങൾ, പ്രതിഭാസമുൾപ്പെടുന്ന പൊതുസംവർഗങ്ങൾ, പ്രതിഭാസത്തിന്റെ പ്രസക്തി, പ്രതിഭാസത്തിന്റെ നിർണയം നടത്തുന്ന പൊതുസന്ദർഭം എന്നിവയാണ് ഈ ആശയങ്ങൾ. ഇത് തയ്യാറാക്കുമ്പോൾ നിലനിന്ന കേവലസങ്കല്പങ്ങളെ ഏംഗൽസ് ഇവിടെ വിമർശിക്കുകയാണ്. കേവലസങ്കല്പങ്ങൾക്കു പകരം പ്രതിഭാസവും അത് രൂപപ്പെടുന്ന സന്ദർഭവും തമ്മിലുള്ള പരസ്പരബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഏംഗൽസ് വസ്തുതാനിർണയം നടത്തുന്നത്.
ഏംഗൽസിനെക്കുറിച്ച് ഇത്രയും പറയാനുള്ള കാരണം അദ്ദേഹത്തിനെതിരെ സ്ഥിരമായി നടക്കുന്ന പാഠപുസ്തകവിമർശനങ്ങൾകൊണ്ട് മാത്രമല്ല. ശാസ്ത്രത്തെ അന്ന് നിയന്ത്രിച്ച കേവലസങ്കല്പങ്ങൾക്കെതിരായി ചലനാത്മകവും ഭൗതികപ്രതിഭാസങ്ങളുടെ പരസ്പരബന്ധങ്ങളിൽ അധിഷ്ഠിതവുമായ പ്രപഞ്ചസങ്കല്പത്തിലേക്ക് ഏംഗൽസ് നീങ്ങുന്നതായി കാണാം. ഇതിന്റെ ഭാഗമായി മനുഷ്യോല്പത്തിയെ വിലയിരുത്താനുള്ള ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്. ഇവയെല്ലാം പൂർണമാണെന്നോ തെറ്റുകൾക്ക് അതീതമാണെന്നോ ഉള്ള ധാരണയൊന്നും മുന്നോട്ടു വയ്ക്കുന്നില്ല. ഏംഗൽസിന്റെ ഏതാണ്ട് സമകാലികനായ ഹെൻറി പോയിൻകാരെ (Jules Henri Poincar) എന്ന ഗണിതശാസ്ത്രജ്ഞനും അക്കാലത്തെ കേവലസങ്കല്പങ്ങൾക്കെതിരെ പ്രതികരിച്ചുവെന്ന് ഓർക്കണം. കേവല ഇന്ദ്രിയാനുഭവവാദികളായിരുന്ന മാഷിനും (Ernst Mach) അവിനേരിയസിനു(Richard Avenarius) മെതിരായി ലെനിൻ നടത്തിയ വിമർശനവും ശ്രദ്ധിക്കണം. ഹെഗേലിയൻ രചനകൾ നേരിട്ട് പരിചയമില്ലാത്തപ്പോഴാണ് ലെനിൻ ഈ വിമർശനം തയ്യാറാക്കിയത് എന്നത് ശ്രദ്ധേയമാണ്. ഈ വിമർശനങ്ങളുടെ ഏറ്റവും മൂർത്തമായ സ്ഥിരീകരണമാണ് ഐൻസ്റ്റയിന്റെ ആപേക്ഷികതാസിദ്ധാന്തത്തിലൂടെയും ക്വാണ്ടം ഭൗതികത്തിലൂടെയും പിന്നീടുണ്ടായത്. കേവലശാസ്ത്രവാദത്തിന്റെ ആധാരശിലകളാണ് അതോടെ ഇല്ലാതായത്.
കേവലശാസ്ത്രവാദം നേരിടുന്ന വെല്ലുവിളികൾ
ആധുനികശാസ്ത്രം താത്വികമായി വലിയ മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. ശാസ്ത്രജ്ഞനും താത്വികനുമായ ഡേവിഡ് ബൊഹ്‌മിന്റെ (David Bohm) ഭാഷയിൽ ശാസ്ത്രം പഠിക്കുന്നത് പദാർത്ഥങ്ങളും അവയുടെ ചലനനിയമങ്ങളും അല്ല, സംഭവങ്ങളും പ്രക്രിയകളും അവയുടെ ചാലകതകളുടെ തത്വങ്ങളുമാണ്. സംഭവങ്ങൾ നടന്നു കഴിഞ്ഞവയാണ്. പ്രക്രിയകൾ വർത്തമാനകാല പ്രതിഭാസങ്ങളാണ്. ഇവയുടെ പ്രവചനാത്മകതയാണ് ശാസ്ത്രം പരിശോധിക്കുന്നത്. ഇതിനാവശ്യമായ നിഗമനങ്ങളിൽ എത്താൻ ഇന്ദ്രിയഗോചരമായ വസ്തുതകൾ മാത്രമല്ല, അവയെ പരസ്പരം ബന്ധിപ്പിക്കുകയും കൂടുതൽ മൂർത്തമായ പ്രതിഭാസങ്ങളിലേക്കു നയിക്കുകയും ചെയ്യുന്ന അമൂർത്തമായ പരികല്പനകളും വേണ്ടിവരും. ഇത്തരം പരികല്പനകളെ സൈദ്ധാന്തികമായി നിർണയിക്കുകയും പിന്നീട് പ്രയോഗതലത്തിൽ തെളിയിക്കുകയും ചെയ്തുകൊണ്ടാണ് ശാസ്ത്രം ഇപ്പോൾ പുരോഗമിക്കുന്നത്. ഡാർവിന്റെ പല അടിസ്ഥാന ആശയങ്ങളും പ്രയോഗതലത്തിൽ തെളിയിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്. 1963ൽ നിർദേശിക്കപ്പെട്ട ഹിഗ്ഗ്‌സ് കണം പ്രയോഗത്തിൽ കണ്ടെത്തിയത് അരനൂറ്റാണ്ടു കഴിഞ്ഞാണ്. 1940കളിൽ ജോർജ് ഗാമോവ് നിർദേശിക്കുകയും ഫ്രെഡ് ഹോയൽ പരിഹാസസൂചകമായി ബിഗ് ബാംഗ് എന്ന് പേരിടുകയും ചെയ്ത പ്രപഞ്ചോത്പത്തി സിദ്ധാന്തം ഇരുപതുവർഷത്തിനുശേഷംമാത്രമാണ് തെളിയിക്കപ്പെട്ടത്. ഇപ്പോഴും അത് പ്രപഞ്ചോല്പത്തി സിദ്ധാന്തമാണോ പ്രപഞ്ചത്തിന്റെ വികാസസിദ്ധാന്തമാണോ എന്ന തർക്കമുണ്ട്. ഗണിതശാസ്ത്രതത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രപഞ്ച പ്രതിഭാസങ്ങളെ വിശദീകരിക്കാൻ കഴിയും എന്ന ഉറപ്പിനോടൊപ്പം ഇത്തരം തത്വങ്ങളിൽ പലതും പ്രയോഗതലത്തിൽ എന്നാണ് കണ്ടെത്താനാകുക എന്ന ആശങ്കയുമുണ്ട്.
ഇവയോടൊപ്പം പ്രയോഗതലത്തിൽ പരീക്ഷിക്കപ്പെട്ട ചില സാധ്യതകൾ വമ്പിച്ച സാമൂഹ്യമാറ്റങ്ങൾ വരുത്തിയതായുള്ള അനുഭവങ്ങളുണ്ട്. ആവിയന്ത്രവും പെട്രോളിയത്തിന്റെ കണ്ടെത്തലായും അത്തരം മാറ്റങ്ങൾ സൃഷ്ടിച്ചുവെങ്കിൽ ഇപ്പോൾ അത് സാധ്യമാക്കുന്നത് അലൻ ടൂറിംഗ് വിഭാവനം ചെയ്ത കമ്പ്യൂട്ടിങ് യന്ത്രവും ജനിതകസാങ്കേതികവിദ്യയുമാണ്. ഒരർത്ഥത്തിൽ നിരവധി പണ്ഡിതരും അന്വേഷകരും അവതരിപ്പിക്കുന്ന സിദ്ധാന്തങ്ങളും കണ്ടെത്തലുകളും പ്രയോഗതലത്തിൽ വരുന്നത് ഏതാണ്ട് പൂർണമായും വൻതോതിൽ വരുമാനദായകസ്വഭാവമുള്ള ഏതാനും സാങ്കേതികവിദ്യകളിലൂടെയാണ്. അതായത് കേവലശാസ്ത്രമായി പുനർനിർവചിക്കപ്പെടുന്നത് ഇത്തരം സാങ്കേതികവിദ്യകളാണ്. ഇന്നത്തെ ജ്ഞാനവ്യവസ്ഥയായി മാറുന്നതും സാങ്കേതികവിദ്യകളാണ്. ഇതിന്റെ ഏറ്റവും സവിശേഷരൂപമായി കാണാവുന്നത് പ്രകൃതിയിലെ പ്രതിഭാസങ്ങളെയും ജീവന്റെ ആധാരശിലകളെയും ഒരുപോലെ സാങ്കേതികവിദ്യകൾ വഴിയായി സ്ഥിരീകരിച്ച വിവരവിനിമയത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാനുള്ള ഇപ്പോഴത്തെ ശ്രമങ്ങളാണ്. അതിലൂടെ ജീവനും യന്ത്രവും തമ്മിലുള്ള ഭിന്നതകൾ തമസ്‌കരിക്കാനുള്ള ശ്രമങ്ങളും. വരുമാനദായകമായ കമ്പോളതത്വങ്ങളിൽ അധിഷ്ഠിതമായ കേവലശാസ്ത്രരൂപമാണ് അതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
നമ്മുടെ കേവലശാസ്ത്രവാദികൾ പിന്തുണയ്ക്കുന്ന ശാസ്ത്രം അപ്പോൾ എന്താണ് എന്ന് ചോദിക്കാം. അത് അറിവാണെങ്കിൽ നിരവധി സിദ്ധാന്തങ്ങളിലൂടെയും പ്രയോഗങ്ങളിലൂടെയും ശരികളിലൂടെയും തെറ്റുകളിലൂടെയും പ്രസ്താവങ്ങളിലൂടെയും നിഷേധങ്ങളിലൂടെയും കണ്ടെത്തുകയും സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ്. അറിവ് നിർമാണത്തിന്റെ പ്രക്രിയകളെക്കുറിച്ച് പോയിൻകാരെ മുതൽ എൻ. ആർ. ഹാൻസനും (Norwood Russell Hanson)തോമസ് കുണും (Thomas Kuhn)ബ്രൂണോ ലത്വ (Bruno Latour)യുമടക്കം നിരവധിപേർ അവലോകനങ്ങൾ നടത്തിയിട്ടുണ്ട്. വൈരുധ്യാത്മകഭൗതികവാദം ജ്ഞാനനിർമാണത്തിന്റെകൂടി സിദ്ധാന്തമാണ്. ജ്ഞാനനിർമാണപ്രക്രിയയുടെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങൾ തമ്മിലുള്ള ചലനാത്മകബന്ധം ഉറപ്പു വരുത്തുകകൂടി അതിന്റെ ലക്ഷ്യമാണ്. ഇതൊന്നും കേവലശാസ്ത്രവാദികൾക്കു പ്രശ്‌നമല്ല. അവരെ സംബന്ധിച്ചിടത്തോളം ചലനാത്മകമായ ജ്ഞാനരൂപീകരണപ്രക്രിയയല്ല, ഒരു കൂട്ടം അനിഷേധ്യസത്യങ്ങളാണ്. ഇന്നത്തെ സാഹചര്യങ്ങളിൽ, സാങ്കേതികവിദ്യകളും അവയ്ക്കു ലഭിക്കുന്ന കമ്പോളമൂല്യങ്ങളുമാണ് ശാസ്ത്രസത്യങ്ങളുടെ ഏറ്റവും വലിയ സ്ഥിരീകരണം. ഇന്ന് അവ അംഗീകരിക്കപ്പെടുന്നത് പോലെ നാളെ അവ അംഗീകരിക്കപ്പെടാതിരിക്കാം എന്നത് സ്വീകരിക്കാൻ അവർ തയ്യാറല്ല. അങ്ങിനെ ആരെങ്കിലും
സൂചിപ്പിച്ചാൽ അവരെയൊക്കെ ശാസ്ത്രവിരുദ്ധരായി ചാപ്പ കുത്താനും എളുപ്പമാണ്.
കേവലശാസ്ത്രവാദിയുടെ അനിഷേധ്യങ്ങൾ രൂപം കൊള്ളുന്ന ഒരു പ്രധാനരീതി ഇപ്പോൾ വളർന്നുവരികയാണ്. ശാസ്ത്രീയമായ അറിവിനു മേൽ സാങ്കേതികവിദ്യകൾ നേടിയെടുക്കുന്ന അധിപത്യമാണത്. ഉദാഹരണത്തിന് ജനിതകവും ക്വാണ്ടം തലത്തിലുമുള്ള വിവരം എന്താണെന്നു ഇതുവരെ ശാസ്ത്രീയമായ നിഗമനങ്ങളിൽ എത്തിയിട്ടില്ല. പക്ഷേ ഈ വിവരങ്ങളെ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകൾ ഇപ്പോൾത്തന്നെ പ്രചരിക്കുന്നുണ്ട്. സൂക്ഷ്മകണങ്ങളുടെ യാഥാർത്ഥസ്വഭാവം ഇപ്പോഴും പൂർണമായി അറിയില്ലെങ്കിലും അവയെ ആധാരമാക്കിയുള്ള സാങ്കേതികവിദ്യകൾ വളർത്താൻ ശ്രമം നടക്കുന്നു. ഗുരുത്വാകർഷണതരംഗങ്ങളുടെ ഉപയോഗവും അതുപോലെയാണ്. അതായത് ശാസ്ത്രലോകത്തിന് കൃത്യമായി അറിയില്ലാത്ത മേഖലകളിലും സാങ്കേതികവിദ്യകളാക്കി മാറ്റി അവയെ വാണിജ്യപരമായി ഉപയോഗിക്കുന്ന രീതി ഇപ്പോൾ വ്യാപകമാകുകയാണ്. ഇതു പിൻപറ്റുന്ന കേവലശാസ്ത്രവാദവും അധികമധികമായി സാങ്കേതികവാദമാണ്. സാങ്കേതികവിദ്യകളുടെ അനിഷേധ്യസ്വഭാവം ജനങ്ങൾ അംഗീകരിക്കുമ്പോൾ അതുതന്നെ ശാസ്ത്രത്തിന്റെ അനിഷേധ്യസ്വഭാവത്തിന്റെ തെളിവായി കണക്കാക്കപ്പെടുന്നു. അത്തരം അനിഷേധ്യതകളെ ശാസ്ത്രജ്ഞർ വിമർശിച്ചാൽപ്പോലും അത് പരിഹസിക്കപെടുന്നു. ഏതൊരു ഗണിതശാസ്ത്രപരമായ സമവാക്യത്തിനും കേവലമായ ഒരു അന്തിമനിഗമനം സാധ്യമല്ലെന്ന കുർട്‌ഗോഡലി(Kurt Godel)ന്റെ സിദ്ധാന്തവും ഇവരുടെ കണ്ണിൽ ബാലിശമായി തീരുന്നു.
ഇത് യഥാർത്ഥത്തിൽ സാങ്കേതികവിദ്യകളുടെ പ്രശ്‌നമല്ല. സാങ്കേതികവിദ്യകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് ശാസ്ത്രത്തിനു കണ്ടെത്താൻ കഴിയും. മനുഷ്യരാശി സഹസ്രാബ്ധങ്ങളായി ഉപയോഗിച്ചുപോന്ന ഊർജസ്രോതസ്സുകളുടെ ശാസ്ത്രീയമായ നിർണയം നാം അടുത്തകാലത്തു മാത്രമാണ് നടത്തിയത്. പക്ഷേ ഈ നിഗമനങ്ങൾ പ്രകൃതിയുടെ സങ്കീർണതകളെയും അതിന്റെ പ്രവർത്തനങ്ങളിൽ നമുക്കിന്നുമുള്ള അജ്ഞതയെയും കുറിച്ചുള്ള ബോധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ശാസ്ത്രജ്ഞരുടെ നിലപാടുകളിൽ വന്ന മാറ്റം അതിനെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ സാങ്കേതികവിദഗ്ദ്ധർക്ക്, പ്രത്യേകിച്ച് സ്വന്തം കണ്ടെത്തലുകളെ പേറ്റന്റുകളാക്കി മാറ്റുന്നവർക്ക് അതൊരു പ്രശ്‌നമല്ല. അവർക്കത് കേവലജ്ഞാനമാണ്. കേവലജ്ഞാനത്തിനേ വാണിജ്യസാധ്യതയുള്ളൂ. ആപേക്ഷികതാസിദ്ധാന്തത്തിനു വാണിജ്യമൂല്യമില്ല. ഒരു വിവരസാങ്കേതികവിദ്യയുടെ ഡെറിവേറ്റീവിന് വാണിജ്യമൂല്യമുണ്ട്. എങ്ങിനെയാണ് ആ അപ്ലിക്കേഷൻ പ്രവർത്തിക്കുന്നതെന്നു അത് കണ്ടെത്തിയ ആൾക്ക് അറിയണമെന്ന് പോലുമില്ല. ഇത്തരത്തിൽ സാങ്കേതികവിദ്യ അറിവായി മാറുകയും നാം അതിനെ ജ്ഞാനാധിഷ്ഠിത വ്യവസ്ഥയായി കണക്കാക്കുകയും ചെയ്യുന്നു. ഇപ്പോൾ ഭൗതികത്തിലും ജനിതകത്തിലും ഇൻഫർമേഷൻ സയൻസിലും മറ്റും നടക്കുന്ന ഗവേഷണങ്ങളിൽ സിംഹഭാഗവും അറിവ് നേടാനാണ്. പേറ്റന്റ് ലഭിക്കാവുന്ന ഒരു വിദ്യ ചിട്ടപ്പെടുത്താനാണ്. പ്രപഞ്ചത്തെയും ജീവനെയും കുറിച്ചുള്ള അറിവുകൾ ഇപ്പോൾ കൂടുതൽ തത്വചിന്തയുടെ ഭാഗമായി മാറുകയാണ്.
2021 ഫെബ്രുവരി ലക്കം ശാസ്ത്രഗതി മാസികയിൽ വന്നത്. ശാസ്ത്രഗതി തപാലിൽ വരുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക