Read Time:25 Minute

പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഇന്ത്യയിലെ വർണ്ണവ്യവസ്ഥ ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ തടഞ്ഞുവെന്നും വിശദമാക്കുന്നു. ശാസ്ത്രഗതി 2024 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

ആഗോള ശാസ്ത്ര മുന്നേറ്റങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ പുരോഗതി ഒരു പ്രധാന പങ്കുവഹിക്കുന്നു. സ്വാതന്ത്ര്യാനന്തരം വിവിധ ശാസ്ത്ര മേഖലകളില്‍ ഗവേഷണത്തിലും വികസനത്തിലും ഇന്ത്യ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐ ഐ എസ് ഇ ആര്‍), ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) എന്നിങ്ങനെ നിരവധി ലോകോത്തര ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ന് രാജ്യത്തിനുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യ, ബയോടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിങ്ങനെ വിവിധ മേഖലകളില്‍ നമ്മള്‍ അതികായന്മാരുമാണ്. ഇതിനെല്ലാം കാരണം സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വം സ്വീകരിച്ചിരുന്ന നയങ്ങള്‍ വലിയ അളവില്‍ കാരണമായിട്ടുണ്ട്. 

എന്നാല്‍, സമീപ കാലത്തായി മേല്പറഞ്ഞ ശക്തികളെക്കുറിച്ചല്ലാതെ പുരാതന ഇന്ത്യന്‍ ശാസ്ത്രത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അക്കാദമിക് സര്‍ക്കിളുകളിലും പൊതുമേഖലയിലും വ്യാപകമായിട്ടുണ്ട്. ഇന്ത്യ പൗരാണിക കാലത്തില്‍ ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട് എന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, പലപ്പോഴും രാഷ്ട്രീയ വിവരണങ്ങളുമായി ഇഴചേര്‍ന്ന്, ചിലപ്പോള്‍ സങ്കീര്‍ണ്ണമായ ചര്‍ച്ചകളിലേക്കും സംവാദങ്ങളിലേക്കും നയിക്കുന്ന ഈ പുനഃപരിശോധനയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. മാത്രമല്ല, പല അവസരങ്ങളിലും കേന്ദ്രസര്‍ക്കാരും അതിനെ നയിക്കുന്ന രാഷ്ട്രീയകക്ഷിയും പുരാതന ഇന്ത്യന്‍ ശാസ്ത്രത്തിന്റെ പുനരുജ്ജീവനവും പര്യവേക്ഷണവും ഫാന്റസിയുമായി സംയോജിപ്പിച്ചു രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. പുഷ്പക വിമാനംപോലുള്ള അത്തരം അവകാശ വാദങ്ങള്‍ സത്യത്തില്‍ നമ്മുടെ രാജ്യം കൈവരിച്ച ശാസ്ത്രീയ നേട്ടങ്ങളെക്കൂടി പുതുതലമുറ സംശയത്തോടെ കാണുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഈ അവസരത്തില്‍ പൗരാണിക ഇന്ത്യയിലെ ശാസ്ത്രീയനേട്ടങ്ങളും വിവിധ മേഖലകളിലെ കുതിപ്പും കിതപ്പും പരിചയപ്പെടുത്തുകയും അവയുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. 

 മോഹൻജൊ-ദാരോയിൽനിന്ന് ഉത്ഘനനം ചെയ്തെടുത്ത നഷ്ടാവശിഷ്ടങ്ങളിൽ ഗ്രേറ്റ് ബാത്ത് എന്നറിയപ്പെടുന്ന കുളം ഉള്ള ഭാഗം

സിന്ധു നദീതട നാഗരികതയില്‍ (3300 BCE to 1300 BCE) ഉള്‍പ്പെടുന്ന പ്രധാന നഗരങ്ങളായ ഹാരപ്പയിലെയും മോഹന്‍ജൊ ദാരോയിലെയും ഖനനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് 1902 മുതല്‍ 1928 വരെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായിരുന്ന ഒരു ഇംഗ്ലീഷ് പുരാവസ്തു ഗവേഷകനായിരുന്ന സര്‍ ജോണ്‍ ഹ്യൂബര്‍ട്ട് മാര്‍ഷലായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന ഇംഗ്ലീഷ് ജിയോളജിസ്റ്റായിരുന്ന സര്‍ എഡ്വിന്‍ പാസ്കോയുടെ കീഴിലുള്ള മെറ്റലര്‍ജിക്കല്‍ വിദഗ്ധരുടെ സമിതിയാണ് ഹാരപ്പാന്‍ സംസ്കാരത്തില്‍ ആഭരണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം കോളാര്‍ സ്വര്‍ണ്ണ ഖനികളില്‍ നിന്നുള്ളതാണെന്ന് രാസവിശകലനം നടത്തി തെളിയിച്ചത്. ഹാരപ്പയിലും മോഹന്‍ജദാരോയിലും കണ്ടെത്തിയ സ്വര്‍ണ്ണ വസ്തുക്കളില്‍ 11% വെള്ളിയുടെ സാന്നിധ്യം കൂടി ഉള്‍പ്പെടുന്നു. കെ ജി എഫ് അയിരില്‍ മാത്രം കാണപ്പെടുന്ന ഒരു തോതാണിത്. ഇതില്‍ നിന്നാണ് കോളാര്‍ സ്വര്‍ണ്ണ ഖനികളില്‍നിന്നുള്ള സ്വര്‍ണ്ണമാണ് ഇവിടങ്ങളില്‍ ഉപയോഗിച്ചിരുന്നതെന്ന് കണക്കാക്കിയത്. അതായത്, സ്വര്‍ണ്ണ ഖനനം അക്കാലത്തെ അഭിവൃദ്ധി പ്രാപിച്ച ഒരു വ്യവസായമായിരുന്നു. അതുപോലെ, ഹാരപ്പന്‍ നാഗരികതയില്‍ ഉപയോഗിച്ചിരുന്ന ചെമ്പ് രജപുത്താനയില്‍ നിന്നും ടിന്‍ ഹസാരിബാഗില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് ഇന്ന് നമുക്കറിയാം. അക്കൂട്ടത്തില്‍ അവര്‍ തെളിയിച്ചത് ആര്യന്‍ നാഗരികത നിലവിലുണ്ടായിരുന്നുവെന്ന് കരുതുന്ന കാലത്തിനു മുമ്പുതന്നെ ഇവിടെ മറ്റൊരു നാഗരികത നിലവിലുണ്ടായിരുന്നുവെന്ന് കൂടിയാണ്. ഡല്‍ഹിയിലെ കുതുബ് മിനാറിന്റെ മുറ്റത്ത് നില്‍ക്കുന്ന മെഹറൗലി ഇരുമ്പ് സ്തംഭം എ ഡി നാലാം നൂറ്റാണ്ടിലേതാണ്. കാലത്തിന്റെ കെടുതികളെ മുഴുവന്‍ നേരിട്ടുകൊണ്ട്, തുരുമ്പുപോലും പിടിക്കാതെ നൂറ്റാണ്ടുകളായി അത് അവിടെ നില്‍ക്കുന്നു. അക്കാലത്തെ, ലോകത്തില്‍ വേറെ എവിടെയെങ്കിലുമുള്ള ഒരു ഇരുമ്പ് ഫൗണ്ടറിയില്‍ ഇത്തരമൊരു മാസ്റ്റര്‍പീസ് നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടായിരുന്നോ എന്ന് സംശയമാണ്. ഏറെ പ്രശസ്തമായ ഡമാസ്കസ് ബ്ലേഡ് ഇന്ത്യന്‍ സ്റ്റീലില്‍ നിന്നാണ് നിര്‍മ്മിച്ചത്. ബര്‍മ്മിങ് ഹാം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന, ചെമ്പിലുള്ള ഭീമാകാരമായ സുല്‍ത്താന്‍ഗാന്‍ജ് ബുദ്ധന്‍ ഒരു മെറ്റലര്‍ജിക്കല്‍ മാസ്റ്റര്‍പീസും അദ്ഭുതവുമാണ്. ഇതെല്ലം ലോഹശാസ്ത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദഗ്ധ്യവും അറിവും കാണിക്കുന്നു. 

എ ഡി ഒന്നും മൂന്നും നൂറ്റാണ്ടുകളില്‍ വൈദ്യശാസ്ത്രത്തെക്കുറിച്ച് രണ്ട് പ്രധാന ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു; ചരക സംഹിതയും ശുശ്രുത സംഹിതയും. ആ കാലഘട്ടത്തിലെ വികസിത വൈദ്യശാസ്ത്ര പരിജ്ഞാനം കാണിക്കുന്ന ഗ്രന്ഥങ്ങളാണിവ. സുശ്രുത സംഹിതയില്‍ നൂറിലധികം ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ബുദ്ധമത ഗ്രന്ഥങ്ങളില്‍, മസ്തിഷ്കത്തില്‍ ശസ്ത്രക്രിയ നടത്തിയ ജീവകനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ബിംബിസാര ചക്രവര്‍ത്തി ബുദ്ധന്റെ ഭിഷഗ്വരനായി നിയമിച്ച ആളായിരുന്നു ജീവകന്‍. ബി സി മൂന്നാം നൂറ്റാണ്ടില്‍ത്തന്നെ, അശോകന്റെ കാലത്ത്, വെറ്ററിനറി സയന്‍സില്‍ വലിയ പുരോഗതിയുണ്ടായിരുന്നു. ആനകളുടെ ചികിത്സയ്ക്കായി ‘പല്‍കാപ്യ സംഹിത’, കുതിരകളുടെ ചികിത്സയ്ക്കായി ‘ശാലിഹോത്ര സംഹിത’ എന്നിവ രചിക്കപ്പെട്ടു. ദക്ഷിണേന്ത്യയിലെ വിദൂര സ്ഥലങ്ങളില്‍പ്പോലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുംവേണ്ടി അദ്ദേഹം സ്ഥാപിച്ച ആശുപത്രികളെക്കുറിച്ചുള്ള പരാമര്‍ശം അദ്ദേഹത്തിന്റെ ശാസനകളില്‍ കാണാം. 

ആര്യഭടന്റെ പ്രതിമ പൂനെയിലെ IUCAAയിൽ. അദ്ദേഹത്തിന്റെ രൂപത്തെക്കുറിച്ച് വ്യക്തമായ അറിവൊന്നുമില്ലാത്തതിനാൽ പ്രതിമയിലെ രൂപം ശില്പിയുടെ ഭാവനയിൽനിന്നുള്ളതാണ്.

പുരാതന ഇന്ത്യന്‍ പ്രകൃതി ശാസ്ത്രജ്ഞനും തത്വചിന്തകനുമായ കണാദന്‍ ഇന്നത്തെ പരമാണു സിദ്ധാന്തത്തിനോട് സാമ്യമുള്ള ഒരു സിദ്ധാന്തം മുന്നോട്ടുവെച്ചിരുന്നു. ആദ്യകാല ഇന്ത്യന്‍ ഭൗതികശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വൈശേഷിക സ്കൂള്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പിലേക്ക് വ്യാപിച്ച, ദശാംശം ഉപയോഗിച്ച് 0 മുതല്‍ 9 വരെയുള്ള ആധുനിക സംഖ്യാ സമ്പ്രദായം ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞരുടെ സംഭാവനയാണ്. മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പാടലീപുത്രത്തില്‍ 476 എ ഡി യില്‍ ജനിച്ച ആര്യഭട്ടന്‍ എ ഡി 499-ലാണ് ആര്യഭടീയം രചിക്കുന്നത്. വിസ്തീര്‍ണ്ണം, വ്യാപ്തം, പ്രോഗ്രഷന്‍സ്, ബീജഗണിത ഐഡന്റിറ്റികള്‍, ഒന്നാം ഡിഗ്രിയിലെ ഇന്റര്‍മീഡിയറ്റ് സമവാക്യങ്ങള്‍ തുടങ്ങി, നിരവധി സംഭാവനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഭൂമി ഒരു ഗോളമാണെന്നും അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നുവെന്നും ആദ്യം പറഞ്ഞത് ആര്യഭടനാണ്. ഗ്രഹണങ്ങള്‍ രാഹുവിന്റെയോ കേതുവിന്റെയോ മറ്റേതെങ്കിലും ‘രാക്ഷസന്മാരുടെയോ’ സൃഷ്ടിയല്ലെന്നും ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിച്ചതുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെ, ഒട്ടനവധി മഹാരഥന്മാരുടെ സംഭാവനകള്‍ ആ കാലഘട്ടത്തിലെല്ലാം ഉണ്ടായിട്ടുണ്ട്. 4-ാം നൂറ്റാണ്ടിനും 6-ാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടം (ഗുപ്ത സാമ്രാജ്യത്തിന്റെ കാലം) ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചതിനാല്‍, ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് അറിയപ്പെടുന്നു.  

എന്നാല്‍, മേല്‍ പറഞ്ഞതിനര്‍ഥം ആ കാലഘട്ടത്തിലാണ് മനുഷ്യര്‍ ആദ്യമായി ഇത്തരം ചിന്തകള്‍ വെച്ച്പുലര്‍ത്തിയിരുന്നത് എന്നല്ല. ഏകദേശം 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പാലിയോലിത്തിക്ക് കാലഘട്ടത്തിലേത് എന്നു വിലയിരുത്തപ്പെടുന്ന ‘ജ്യോതിശാസ്ത്ര’ വസ്തുക്കള്‍ ആന്‍ഡമാനില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു മരത്തടിയില്‍ ദിവസേനയുള്ള ചന്ദ്രന്റെ വളര്‍ച്ചയും ക്ഷയവും രേഖപ്പെടുത്തുന്ന കലണ്ടര്‍ സ്റ്റിക്കുകളാണ് അവ. കാശ്മീരില്‍ കാണപ്പെടുന്ന, ഏകദേശം 7,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇരട്ട സൂര്യന്റെയും കേന്ദ്രീകൃത വൃത്തങ്ങള്‍ പോലെയുള്ളതുമായ റോക്ക് ആര്‍ട്ട് പാറ്റേണുകള്‍, യഥാക്രമം ഒരു സൂപ്പര്‍നോവയുടെയും ഉല്‍ക്കാവര്‍ഷത്തിന്റെയും ചിത്രീകരണങ്ങളാണെന്നാണ് ഇന്ന് വിലയിരുത്തപ്പെടുന്നത്. സിന്ധു നാഗരികതയിലെ ഏറ്റവും വലിയ നഗരമായ മോഹന്‍ജൊ-ദാരോയില്‍ കണ്ടെത്തിയ റിങ്സ്റ്റോണുകള്‍ (ചെറിയ തുളകളുടെ നിരകള്‍ പ്രദര്‍ശിപ്പിക്കുന്നത്) വര്‍ഷത്തിലെ വിവിധ സമയങ്ങളില്‍ സൂര്യോദയത്തിന്റെ ട്രാക്ക് സൂക്ഷിക്കുന്ന കലണ്ടര്‍ ഉപകരണങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. മോഹന്‍ജൊ-ദാരോയിലെതന്നെ തെരുവുകളുടെ കിഴക്ക് പടിഞ്ഞാറ് വിന്യാസം കാര്‍ത്തിക നക്ഷത്രത്തെ അടിസ്ഥാനപ്പെടുത്തി ക്രമീകരിച്ചതാണ് എന്നാണ് ഇന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. അതായത്, എല്ലാകാലത്തും മനുഷ്യന്‍ അറിവ് നിര്‍മ്മിച്ചിട്ടുണ്ട്. അത് പ്രയോഗിച്ചിട്ടുമുണ്ട്. കൃത്യമായി പറഞ്ഞാല്‍ തന്റെ തൊഴില്‍ അഭിവൃദ്ധിക്കായി അവള്‍/അവന്‍ പരിസര നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്.          

ആറാം നൂറ്റാണ്ട് വരെ ഇന്ത്യന്‍ ശാസ്ത്രം വളരെ പുരോഗമിച്ചിരുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്. ശാസ്ത്രത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുക മാത്രമല്ല, ഇതിനകം നേടിയതിനെ നശിപ്പിക്കുകയും ചെയ്ത കാരണങ്ങള്‍ എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. പാരമ്പര്യങ്ങളുടെ ചങ്ങലകളില്‍ നിന്ന് മുക്തമാകുമ്പോള്‍ മാത്രമാണ് ശാസ്ത്രം വ്യാപിക്കുന്നത്. ഇന്ത്യയില്‍ ശാസ്ത്രത്തിന്റെ പുരോഗതിയുടെ കാലഘട്ടം ബുദ്ധമതത്തിന്റെ മഹത്വത്തിന്റെകൂടി കാലഘട്ടമാണെന്ന് കാണാന്‍ ബുദ്ധിമുട്ടില്ല. ഒന്നാം നൂറ്റാണ്ടിലെ ബുദ്ധമത ചക്രവര്‍ത്തിയായ കനിഷ്കന്റെ കൊട്ടാരത്തിലെ രാജവൈദ്യനായിരുന്നു ചരകന്‍. ജീവകന്‍ ചാണകക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തപ്പെട്ട ഒരു ശിശുവായിരുന്നു. ബുദ്ധമത പരിതഃസ്ഥിതി കാരണമാവണം അദ്ദേഹത്തിന് വൈദ്യം പഠിക്കാന്‍ കഴിഞ്ഞത്. അതേസമയം, ബ്രാഹ്മണ പാരമ്പര്യത്തില്‍, കര്‍ണ്ണന്‍, ഏകലവ്യന്‍ തുടങ്ങിയവരുടെ കഥകള്‍ വ്യത്യസ്തമായ ഒരു ചിത്രമാണ് പ്രദാനം ചെയ്യുന്നത്. ദ്രോണാചാര്യന്‍ ഏകലവ്യന് പ്രവേശനം നിഷേധിക്കുക മാത്രമല്ല, താന്‍ നല്‍കാത്ത വിദ്യാഭ്യാസത്തിന് ഏകലവ്യന്റെ പെരുവിരല്‍ ഗുരുദക്ഷിണയായി ആവശ്യപ്പെടുകയും ചെയ്തു. ബ്രാഹ്മണര്‍ക്ക് മാത്രമായി സംവരണം ചെയ്തിരുന്ന പരശുരാമന്റെ ‘ക്ലാസിലേക്ക്’ ജാതിയുടെ തെറ്റായ പ്രസ്താവനയില്‍ കര്‍ണ്ണന്‍ പ്രവേശനം നേടിയതാണ് ആവശ്യമുള്ള സമയത്തു നേടിയ അറിവ് ഉപകാരപ്പെടാതെ പോകട്ടെ എന്ന ശാപത്തിന്റെ പിന്നിലെ കാരണം. 

മുസ്ലീം അധിനിവേശത്തിന് മുമ്പുള്ള ഇന്ത്യയുടെ ചരിത്രം ബ്രാഹ്മണമതവും ബുദ്ധമതവും തമ്മിലുള്ള മാരകമായ സംഘട്ടനത്തിന്റെ ചരിത്രം കൂടിയാണല്ലോ. ബുദ്ധമതത്തിന്റെ പതനത്തിനുശേഷം, ബ്രാഹ്മണര്‍ ആധിപത്യം സ്ഥാപിക്കുകയും ബുദ്ധമതക്കാര്‍ മികവ് പുലര്‍ത്തിയ എല്ലാ കാര്യങ്ങളെയും അപലപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. ഗ്രഹണത്തെക്കുറിച്ചും ഭൂമിയുടെ ഭ്രമണത്തെക്കുറിച്ചും ആര്യഭട്ടന്റെ കണ്ടെത്തലുകളെ ‘പില്‍ക്കാല ജ്യോതിഷികളായ വരാഹ്മിഹിരനെയും ബ്രഹ്മഗുപ്തനെയും പോലെയുള്ളവര്‍ തള്ളിക്കളയുകയും അതി കഠിനമായി അപലപിക്കുകയും ചെയ്തിരുന്നു എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. ബുദ്ധമതക്കാര്‍ക്കെതിരായ പോരാട്ടത്തില്‍ ഈ സമൂഹത്തിന്മേല്‍ കലി വര്‍ജ്യം അടിച്ചേല്‍പ്പിക്കപ്പെട്ടു. കപ്പല്‍ നിര്‍മ്മാണത്തിന്റെ ശാസ്ത്രവും കലയും കലി വര്‍ജ്യം തകര്‍ത്തു. കലിയുഗത്തില്‍ മാറ്റം വരുത്താന്‍ അനുവാദമില്ലാത്ത കാര്യങ്ങളാണ് കലി വര്‍ജ്യം. 55 കാര്യങ്ങളുണ്ട്. കടല്‍യാത്രയ്ക്ക് ശേഷവും ഒരു ബ്രാഹ്മണനെ വീണ്ടും ബ്രാഹ്മണനായി കാണുന്നത് വിലക്കിയിരുന്നു. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രാ നിരോധനംമൂലം ഇന്ത്യയെ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തി. കുളത്തിലെ തവളയെപ്പോലെയാക്കി മാറ്റിയത് ആരായിരുന്നു? പുറംലോകവുമായുള്ള ആശയവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതിനാല്‍, പുരോഹിതരുടെ മണ്ടന്‍ നിര്‍ദേശങ്ങള്‍ അധികാരത്തിന്റെ വാക്കുകളായി മാറി. 

ജാതി ശ്രേണിയുടെ അടിസ്ഥാനത്തില്‍ വിവിധ തൊഴിലുകള്‍ ഗ്രേഡുചെയ്തു, വര്‍ണ്ണ വ്യവസ്ഥ വീണ്ടും കര്‍ശനമാക്കി, താഴ്ന്ന ജാതികളില്‍ നിന്ന് അറിവിനെ പൊതുവിലും ശാസ്ത്രത്തെ പ്രത്യേകിച്ചും അകറ്റി നിറുത്തിയതും ഇതേ പുരോഹിത വിഭാഗമാണ്. എഴുത്ത് വന്നപ്പോള്‍, ഗ്രന്ഥങ്ങള്‍ വളരെക്കുറച്ച് ആളുകള്‍ക്ക് മാത്രം മനസ്സിലാകുന്ന ഒരു ലിപിയിലെഴുതി തിരഞ്ഞെടുത്ത ശിഷ്യന്മാര്‍ക്ക് മാത്രമേ അത്തരം അറിവ് നല്‍കാവൂ എന്ന് ആജ്ഞാപിച്ച വരാഹമിഹിരന്റെ ഉദാഹരണം ഇവിടെ പ്രസക്തമാണ്. ശാസ്ത്രം ഭൗതിക ലോകത്തെയാണ് കൈകാര്യം ചെയ്യുന്നത്, എന്നാല്‍, ഈ ലോകം അയഥാര്‍ഥമാണെന്ന് നമ്മെ പഠിപ്പിച്ചത് ബ്രാഹ്മണരാണ്. അപ്പോള്‍ ശാസ്ത്രമോ?

12 മുതല്‍ 14 വരെ നൂറ്റാണ്ടുകളില്‍ എപ്പോഴോ ജീവിച്ചിരുന്ന ഭാസ്കരാചാര്യരെ ഒഴിവാക്കിയാല്‍, ഏകദേശം ആറാം നൂറ്റാണ്ട് മുതല്‍ ബ്രിട്ടീഷുകാര്‍ വന്ന 19-ാം നൂറ്റാണ്ട് വരെ, ശാസ്ത്ര വിജ്ഞാന മേഖലയില്‍ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ല. ശാസ്ത്രത്തിന്റെ ഈ അപചയത്തിന് ഇസ്ലാമിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. മുസ്ലീമുകള്‍ വരുന്നതിന് വളരെ മുമ്പുതന്നെ ആ തകര്‍ച്ച ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ശാസ്ത്രത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങളും അതിന്റെ തോല്‍വികള്‍ക്കും രാഷ്ട്രീയ പതനത്തിനും കാരണം വര്‍ണ്ണ വ്യവസ്ഥയാണ്. വേദങ്ങള്‍ക്കു പുറത്ത് അറിവില്ല എന്ന് പ്രചരിപ്പിച്ചതിനാല്‍ ബ്രാഹ്മണര്‍ക്ക് മാത്രമുള്ള വിദ്യാലയങ്ങളില്‍ ഔപചാരിക വിദ്യാഭ്യാസം വേദങ്ങളില്‍ മാത്രമായി ഒതുങ്ങി. വൈശ്യരുടെ കുട്ടികള്‍ കച്ചവട യാത്രകളില്‍ പിതാവില്‍ നിന്ന്  ഭൂമിശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും അടിസ്ഥാനങ്ങള്‍ പഠിച്ചു. അതുപോലെതന്നെ, ശൂദ്ര ശില്പികളും അവരുടെ മാതാപിതാക്കളില്‍നിന്ന് പഠിച്ചു. ഈ വിദ്യാഭ്യാസം ആഭ്യന്തരവും പ്രായോഗികവുമായിരുന്നു. ഇതുമൂലം നിരക്ഷരത വര്‍ധിച്ചു. വേദങ്ങള്‍ പഠിക്കാന്‍ അവകാശമുള്ളവര്‍ക്ക് എഴുതാനും വായിക്കാനും അവകാശമുണ്ടായിരുന്നു, മറ്റുള്ളവര്‍ക്ക് ഈ അവകാശം നിഷേധിക്കപ്പെട്ടു. അതിനാല്‍, മനുവിന്റെ നിയമമനുസരിച്ച്, എഴുത്തും വായനയും ഉയര്‍ന്ന ജാതിക്കാരുടെ അവകാശമായും നിരക്ഷരത താഴ്ന്ന ജാതിക്കാരുടെ വിധിയായും മാറി. ശാസ്ത്രത്തിന്റെ ഈ തകര്‍ച്ചയുടെ ഉത്തരവാദിത്വം മുസ്ലീങ്ങളെയും വിദേശികളെയും പഴിചാരി തങ്ങളുടെ ഭാരവും കുറ്റബോധവും തീര്‍ക്കുകയാണ് ഇന്ന് ചിലര്‍. 

സമൂഹത്തെ ആറായിരം ജാതികളായി വിഭജിച്ചു, ഏറ്റവും മുകളില്‍ ബ്രാഹ്മണനെ നിര്‍ത്തി. മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ശാസ്ത്രവും സാങ്കേതികവിദ്യയും സാധാരണ ജനങ്ങള്‍ക്ക് അന്യമാക്കിയവര്‍തന്നെ അതിന്റെ പാപഭാരം ചുമക്കണം. ഭൂമിയിലെ ഈ ദേവന്മാരും അവരുടെ ശിഷ്യരായ ഭരണാധികാരികളും ബഹുജനങ്ങളുടെ വിശാലമായ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുകയും ഈ പ്രശ്നങ്ങള്‍ അവരുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍, ശാസ്ത്രത്തിന്റെ വളര്‍ച്ച സാധ്യമാക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ വിദേശികളുടെ കീഴില്‍ ഈ രാജ്യം നൂറ്റാണ്ടുകള്‍ അടിമപ്പെടുമായിരുന്നില്ല.

LUCA TALK

ശാസ്ത്രം കെട്ടുകഥയല്ല – വീഡിയോ

അനുബന്ധ വായനയ്ക്ക്

ശാസ്ത്രം ഇന്ത്യയിൽ – ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കേരളത്തിലെ വൈദ്യുതി മേഖല – പ്രതിസന്ധിയും പരിഹാര സാധ്യതകളും 
Next post കുടിവെള്ളക്കുപ്പിയിലെ നാനോപ്ലാസ്റ്റിക്
Close