Read Time:24 Minute

അടുത്തിടെ അന്തരിച്ച ഡാനിയേൽ കഹ്നെമാൻ എന്ന മനശ്ശാസ്ത്രജ്ഞൻ തന്റെ വിഖ്യാതമായ ‘Thinking, fast and slow’ എന്ന ഒരു കൃതിയിൽ ചിന്തിക്കാനുള്ള ഒരു ചോദ്യം അവതരിപ്പിക്കുന്നുണ്ട്. നിങ്ങൾക്ക് മുന്നിൽ ആകർഷകമായ സ്ഥലത്തേക്ക് ഒരു സൗജന്യ വിനോദയാത്ര വാഗ്ദാനം ചെയ്യുന്നു എന്നിരിക്കട്ടെ, പക്ഷെ ഒരു ഉപാധിയുണ്ട്. ആ വിനോദയാത്ര കഴിയുമ്പോൾ നിങ്ങൾക്ക് ഒരു മരുന്ന് തരും. ആ മരുന്ന് കഴിക്കുന്നതോടെ ആ വിനോദയാത്രയുടെ മുഴുവൻ ഓർമ്മകളും താങ്കളുടെ മസ്തിഷ്കത്തിൽ നിന്നും അപ്രത്യക്ഷമാകും. മരുന്ന് കഴിക്കണം എന്നതിന് പുറമെ താങ്കൾ വിനോദയാത്രയിൽ വെച്ചെടുത്ത എല്ലാ ചിത്രങ്ങളും ക്യാമറയിൽ നിന്നും മറ്റും മായ്ച്ചു കളയുകയും വേണം. വിനോദയാത്രയെക്കുറിച്ചു കേട്ടപ്പോൾ ആദ്യം ഉണ്ടായ ഉത്സാഹം ഒക്കെ ഒന്ന് തണുത്തൊ? എങ്കിൽ തങ്ങൾ ഒറ്റയ്ക്കല്ല. പലരും അത്തരം ഒരു വിനോദയാത്ര തിരഞ്ഞെടുക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിച്ചേക്കാം.

ഇവിടെയാണ് അനുഭവിക്കുന്ന നിങ്ങളും ഓർക്കുന്ന നിങ്ങളും തമ്മിലുള്ള വിടവ് ശ്രദ്ധേയമാകുന്നത്. അനുഭവങ്ങൾ ആസ്വദിക്കുന്ന മനുഷ്യനും ഓർമ്മകൾ താലോലിക്കുന്ന മനുഷ്യനും രണ്ടും ഒരേ വ്യക്തിയിൽ തന്നെയുണ്ട്. പക്ഷെ ഇവ തമ്മിൽ ഉള്ള ഏറ്റക്കുറച്ചിലുകൾ വളരെ പ്രധാനമാണ്. ക്യാമറയും സമാന ഉപകരണങ്ങളും വരുന്നതിനു മുമ്പും അനുഭവങ്ങളും ഓർമ്മകളും തമ്മിലുള്ള വ്യത്യാസങ്ങൾ മനുഷ്യനിൽ ഉണ്ട്. കഹ്നെമാൻ തന്റെ പരീക്ഷണങ്ങളിൽ നിന്ന് കണ്ടെത്തിയ ഒന്ന് രണ്ടു ഉൾക്കാഴ്ചകൾ അവതരിപ്പിച്ചിട്ട് നമുക്ക് അനുബന്ധ വിഷയങ്ങളിലേക്ക് കടക്കാം. ഒരു അനുഭവം എങ്ങനെയാണ് നാം ഓർക്കുക? അനുഭവത്തിന് ഒരു ദൈർഘ്യം ഉണ്ടാവുമല്ലോ, അതിലെ ഓരോ ക്ഷണത്തിനും തുല്യപ്രാധാന്യം ലഭിക്കുന്ന ഒരു ഓർമ്മ ആവില്ല നമ്മുടെ മനസ്സിൽ അവശേഷിക്കുക. ചില സന്ദർഭങ്ങൾ കൂടുതൽ ഓർമ്മയിൽ നിൽക്കും, മറ്റു ചില സന്ദർഭങ്ങൾ കുറവും. ഒരു വിനോദയാത്രയ്ക്ക് പോകുമ്പോൾ സഹയാത്രക്കാരുടെ ഒരു സംഘവുമായി ഒരു ചെറിയ കശപിശ ഉണ്ടായാൽ പിന്നീട് ആ യാത്രയുടെ ഓർമ്മയിൽ ഒരു പക്ഷെ നല്ലതായി ഒന്നും തന്നെ അവശേഷിച്ചെന്നു വരില്ല – ആ മോശം അനുഭവം മറ്റെല്ലാത്തിനേയും മങ്ങിച്ചു കളയും. അതുപോലെ ഒരു അനുഭവത്തിന്റെ അവസാനഘട്ടം ആ അനുഭവത്തെക്കുറിച്ചുള്ള ഓർമ്മകളെ കൂടുതലായി സ്വാധീനിക്കും എന്നും കഹ്നെമാൻ കണ്ടെത്തുന്നുണ്ട്.

കഹ്നെമാൻ വർണ്ണിക്കുന്ന ഒരു പരീക്ഷണം കുടൽ പരിശോധനയുടേതാണ് – ‘colonoscopy’ എന്ന ക്യാമറ ഘടിപ്പിച്ച യന്ത്രം ഉപയോഗിച്ചുള്ള പരിശോധന രോഗികൾക്ക് പലപ്പോഴും നല്ല വേദനയുളവാക്കുന്നതാണ്. കഹ്നേമാന്റെ പരീക്ഷണത്തിൽ രണ്ടു രോഗികൾ ഈ പരിശോധനയ്ക്ക് വിധേയരാകുന്നു. ദൈർഘ്യം കുറഞ്ഞതും വേദനയേറിയതും ആയ ഒരു പരിശോധനയ്ക്ക് ആദ്യത്തെയാൾ വിധേയനായി. രണ്ടാമത്തെയാളുടെ കാര്യത്തിൽ ആവട്ടെ വേദനയേറിയ പരിശോധനയുടെ ഘട്ടത്തിന് ശേഷം, അത്ര വേദനയില്ലാത്ത മറ്റൊരു പരിശോധനാഘട്ടം കൂടി വേണ്ടിവന്നു. രണ്ടാമത്തെയാൾ ആദ്യത്തെയാളുടെ അത്രയും തന്നെ വേദന അനുഭവിച്ചു, അതിനു ശേഷം വേദനകുറഞ്ഞ ഒരു പരിശോധനാഘട്ടവും അധികമായി തരണം ചെയ്യേണ്ടിവന്നു. പരിശോധനകൾക്ക് ശേഷം അനുഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ രണ്ടാമത്തെയാൾക്ക് ഒന്നാമത്തെയാളെക്കാൾ മികച്ച (മികച്ച എന്നാൽ കുറവ് മോശമായ) പ്രതികരണം! പരിശോധനയുടെ അവസാനഘട്ടത്തിലെ വേദനകുറഞ്ഞ അനുഭവം അയാളുടെ ആദ്യ വേദനയുടെ അനുഭവത്തെക്കുറിച്ചുള്ള ഓർമ്മകളെ മങ്ങിച്ചു കളഞ്ഞു!

ചരിത്രത്തിലെ സന്ദർഭങ്ങളെ നാം വിലയിരുത്തുമ്പോൾ പലപ്പോഴും ‘അവസാനം എന്ത് സംഭവിച്ചു’ എന്നതിൽ ഊന്നി വിലയിരുത്താറില്ലേ? ഹിറ്റ്ലർ എന്ന ഏകാധിപതിയെക്കുറിച്ചു പറയുമ്പോൾ പലരും ‘ഒടുവിൽ അദ്ദേഹം ആത്മഹത്യ ചെയ്തില്ലേ’ എന്ന് പറയാറുണ്ടല്ലോ. ഹിറ്റ്ലർ ഭരണത്തിലെ ക്രൂരതകൾ എത്രയോ ജീവിതങ്ങളെ ബാധിച്ചു – അതിലൊന്നും ഒരു കുറവും ഹിറ്റ്ലറിൻറെ ആത്മഹത്യയിലൂടെ സംഭവിക്കുന്നില്ലല്ലോ, എങ്കിലും ഹിറ്റ്ലർക്ക് ഒടുവിൽ എന്ത് സംഭവിച്ചു എന്നത് ആ കാലത്തെക്കുറിച്ചുള്ള ധാരണകളെ  സ്വാധീനിക്കുന്നു.

ക്യാമറ പോലെ ദൃശ്യങ്ങൾ പകർത്തുന്ന സാങ്കേതികവിദ്യകൾ വരുന്നതോടെ ഓർമ്മകൾക്ക് അനുഭവങ്ങൾക്ക് മീതെയുള്ള മേൽക്കൈ ഒരുപക്ഷെ വർദ്ധിച്ചിരിക്കാം. ഒരു സർക്കസ് കാണാൻ പോകുമ്പോൾ പോലും പലരും നിരന്തരം മൊബൈൽ തുറന്നു വെച്ചിരിക്കുന്നത് കാണാറില്ലേ? സ്കൈഡൈവിംഗ് പോലെയുള്ള സാഹസിക കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഫീസിന്റെ അത്രയും തന്നെ ഫീസ് ചിലപ്പോൾ അതിന്റെ വീഡിയോ ലഭ്യമാക്കാൻ ആയി അതിന്റെ സംഘാടകർ ഈടാക്കുന്നതായി അടുത്തിടെ ഒരു സുഹൃത്ത് പറയുകയുണ്ടായി. അനുഭവം എന്നതിന്റെ അത്രയും തന്നെ തുക അനുഭവത്തിന്റെ ഡിജിറ്റൽ ഓർമ്മയായ വീഡിയോ ചിത്രത്തിനും നൽകാൻ നമുക്ക് മടിയില്ലാത്ത അവസ്ഥ വന്നിരിക്കുന്നു. അടുത്തിടെ ഒരു ജന്മദിന പാർട്ടിയിൽ പോയപ്പോൾ കേക്ക് മുറിക്കുന്നത് വീക്ഷിക്കുന്നതിനേക്കാൾ അതിന്റെ വീഡിയോ പകർത്തുന്നതിൽ ശ്രദ്ധയൂന്നിയ ഒരു സുഹൃത്തിനെ ഞാൻ കൗതുകത്തോടെ നോക്കിയപ്പോൾ അദ്ദേഹം അതിനു ശേഷം എന്നോട് വന്നു പറഞ്ഞതിങ്ങനെ: ‘കാണുന്നത് മാത്രമായാൽ ശരിയാവില്ല, വീഡിയോ ഉണ്ടെങ്കിൽ ഓർത്തിരിക്കും, പിന്നെ വീഡിയോ എടുക്കുമ്പോൾ മൊബൈലിന്റെ സ്‌ക്രീനിലൂടെ കാണുന്നുണ്ടല്ലോ’. അതുകഴിഞ്ഞു ഭക്ഷണം കഴിക്കുമ്പോൾ ആ സുഹൃത്ത് തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കുകയുണ്ടായി: ‘ഈ വീഡിയോ ഒന്നും ഇന്ന് ചെന്ന് നോക്കാനുള്ളതല്ല, ഒന്നോ രണ്ടോ അഞ്ചോ വർഷങ്ങൾക്ക് ശേഷം ഗൂഗിൾ ഓർമ്മകൾ എടുത്തു കാണിച്ചു തരുമ്പോൾ കാണാനുള്ളതാണ്’.

ഡിജിറ്റൽ ആയി രേഖപ്പെടുത്താത്ത ഓർമ്മകളെ വിലകുറച്ചു കാണുന്ന രീതി, അല്ലെങ്കിൽ എല്ലാത്തിനെയും ഡിജിറ്റൽ ആക്കാനുള്ള തിടുക്കം, നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്നുണ്ട്. ഞാൻ നേരത്തെ ജോലി ചെയ്ത കമ്പനിയിൽ നിന്ന് അദ്ധ്യാപനരംഗത്തേക്ക് പ്രവേശിക്കാൻ ആയി രാജിവെച്ചു കമ്പ്യൂട്ടർ തിരിച്ചു കൊടുക്കുന്നതിന് മുമ്പ് ആ കമ്പ്യൂട്ടറിൽ ഉണ്ടായിരുന്ന എല്ലാ വിവരങ്ങളും ഒരു ഹാർഡ് ഡിസ്‌കിൽ പകർത്തിയപ്പോൾ ‘ഒന്നും നഷ്ടപ്പെട്ടു പോയില്ലല്ലോ’ എന്നൊരു സംതൃപ്തി ഉണ്ടായതോർക്കുന്നു. പിന്നീട് ആ ഹാർഡ് ഡിസ്ക് തുറന്നു നോക്കിയിട്ടില്ല എന്നത് വേറെ കാര്യം! ‘ഫോട്ടോകൾ സ്റ്റോർ ചെയ്യാനായി ഉണ്ടാക്കിയ രണ്ടാമത്തെ ഗൂഗിൾ അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് മറന്നുപോയി. എല്ലാ ഓർമ്മകളും പോയി’ എന്നൊരു വിലാപം അടുത്തിടെ കേൾക്കാൻ ഇടയായി. സത്യത്തിൽ പോയത് ഓർമ്മകൾ അല്ല, ഓർമ്മകൾ മനസ്സിൽ ഉണ്ട്, പോയത് ഓർമ്മകളുടെ ഡിജിറ്റൽ ശേഖരം മാത്രമാണ്. നാം ഓർമ്മകളെ പലപ്പോഴും ഓർമ്മകളുടെ ഡിജിറ്റൽ രേഖകൾ എന്ന രീതിയിൽ പരിമിതപ്പെടുത്തി കാണുന്നത് ഇന്നത്തെ ഡിജിറ്റൽ ജീവിതത്തിന്റെ ഒരു യാഥാർഥ്യമാണെന്ന് അനുഭവപ്പെട്ടേക്കാം.

ഇവിടെ ഒരു പ്രധാനപ്പെട്ട കാര്യം ഡിജിറ്റൽ ആക്കാനുള്ള അമിതാവേശം നമ്മുടെ അനുഭവത്തെ സ്വാധീനിക്കുന്നു എന്നതാണ്. നേരത്തെ ജന്മദിനത്തിന്റെ വീഡിയോ പകർത്തുന്നയാൾ സ്ഥലത്തുണ്ടായിട്ടും സ്‌ക്രീനിലൂടെയാണ് കൂടുതലും സംഗതി കാണുന്നത്. ഒരു പക്ഷി അതിന്റെ കുഞ്ഞിന് ഭക്ഷണം വായിൽ കൊടുക്കുന്ന മനോഹരമായ പ്രകൃതി കാഴ്ച കാണുമ്പോൾ ഏതാനും തലമുറകൾക്ക് മുമ്പുള്ള ഒരു വ്യക്തിക്ക് മനസ്സ് നിറയുമായിരുന്നെങ്കിൽ ഇന്നത്തെ വ്യക്തിക്ക് ഒരുപക്ഷെ ആ ചിത്രം ക്യാമറയിൽ പകർത്തിയില്ലല്ലോ എന്ന നിരാശ കലർന്ന ആസ്വാദനം ആവും ഉണ്ടാവുക. ഒരു വെള്ളച്ചാട്ടത്തിന് മുന്നിൽ ആസ്വാദനം പകരുന്ന ചിരിയോടു കൂടി നിൽക്കുന്ന വയോധികരും അവരുടെ അപ്പുറത്തു സെൽഫി സ്റ്റിക്കുമായി നിൽക്കുന്ന ഒരു കൂട്ടം യുവാക്കളും തമ്മിലുള്ള വ്യത്യാസം ഒന്നാലോചിച്ചു നോക്കാവുന്നതാണ്. ഡിജിറ്റൽ ആക്കാനുള്ള പ്രവണത പലപ്പോഴും അനുഭവത്തെ – അനുഭവത്തിന്റെ ആസ്വാദ്യതയെ – ഒരു പരിധി വരെയെങ്കിലും കെടുത്തുന്നുണ്ടെന്ന് കരുതണം. അതേസമയം ഡിജിറ്റൽ ആക്കുന്നത് പലപ്പോഴും ഓർമ്മകളെ പരിപോഷിപ്പിക്കും എന്ന് നാം കരുതുന്നുണ്ടാവണം, അതുകൊണ്ടാവുമല്ലോ അനുഭവത്തിൽ മുഴുകുന്നതിൽ വീഴ്ച വരുത്തിയിട്ടാണെങ്കിലും നാം ഡിജിറ്റൽ ശേഖരങ്ങളുടെ സൃഷ്ടിയിലേക്കായി ശ്രദ്ധ ചെലവിടുന്നത്.

ഇന്നത്തെ സാമൂഹിക മാധ്യമങ്ങൾ അനുഭവങ്ങൾക്കും ഓർമ്മകൾക്കും പുറമെ മറ്റൊരു മേഖല കൂടി സൃഷ്ടിച്ചിരിക്കുന്നു. അത് വമ്പുപറച്ചിലിന്റേതാണ് എന്ന് പറയാം. സമൂഹമാധ്യമങ്ങളുടെ ലോകത്ത് ഇന്ന് അനുഭവങ്ങൾ ഓർമ്മകളായി ക്യാമറയിൽ പകർത്തിയാൽ മാത്രം പോരാ, അത് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെയ്ക്കുകയും കയ്യടി നേടുകയും കൂടി വേണം എന്ന രീതിയിൽ പലപ്പോഴും നാം കണ്ടുതുടങ്ങിയിരിക്കുന്നു. യാദൃശ്ചികമായി ഒരു പറ്റം വിദ്യാർത്ഥികളോടൊപ്പം ഒരു കടയിൽ ക്യൂവിൽ നിൽക്കാൻ ഇടയായപ്പോൾ കേട്ട സംഭാഷണം മുഴുവൻ ‘ലൈക്’ എന്നതിനെക്കുറിച്ചായിരുന്നു. സർവകലാശാലയുടെ പ്രധാന കെട്ടിടത്തിന്റെ ഇൻസ്റ്റഗ്രാമിലെ ഏറ്റവും കൂടുതൽ ലൈക് നേടിയ ചിത്രം തന്റേതാണെന്ന് ഒരു വിദ്യാർത്ഥി ആവേശത്തോടെ പറയുന്നു. പുതിയ ഒരു ഡിപ്പാർട്മെന്റ് കെട്ടിടത്തിന്റെ ഒരു പ്രത്യേക ആംഗിളിലെ പ്രഭാതചിത്രം പകർത്തിയത് കൂട്ടത്തിലെ ഒരു വിദ്യാർത്ഥിനി കാണിക്കുന്നു. ‘ഇതിന് നല്ല ലൈക് കിട്ടുമായിരിക്കുമോ?’ എന്നൊരു ചോദ്യം അതിൽ അടങ്ങിയിരിക്കുന്നു എന്ന് തോന്നും. ‘ഡിജിറ്റൽ ആകാത്ത ഓർമ്മകൾ’ എന്നതിനെ വിലകുറച്ചു കാണുന്ന രീതിയിൽ നിന്നും ‘ലൈക് കിട്ടാത്ത ചിത്രങ്ങളും വീഡിയോകളും ഇല്ലെങ്കിൽ അനുഭവം തന്നെ വിഫലം’ എന്ന ചിന്തയിലേക്ക് നാം എത്തുന്നുണ്ടോ?

റീൽ ചെയ്യുന്നതിനിടെ കൊക്കയിലേക്ക് വീണ സ്ത്രീയുടെ അവസാന ദൃശ്യങ്ങളിൽ ഒന്ന്

ഏതാനും ദിവസങ്ങൾക്ക് മുമ്പ് വന്ന ഒരു വാർത്ത പലരും ശ്രദ്ധിച്ചിരിക്കും. മഹാരാഷ്ട്രയിലെ ഒരു ടൂറിസം കേന്ദ്രത്തിൽ റീൽ എടുക്കാനായി ഒരു കൊക്കയുടെ അടുത്തുള്ള ഡ്രൈവിങ്ങിൽ ഏർപ്പെടുന്ന സ്ത്രീയുമായി ബന്ധപ്പെട്ടുള്ളതാണ് സംഭവം. റീൽ എടുത്തുകൊണ്ടു ഭർത്താവ് അപ്പുറത്തുണ്ടായിരുന്നു. കൊക്കയുടെ അടുത്തെത്തിയ ഡ്രൈവിങ്ങിൽ അത്ര പരിചയം ഇല്ലാതിരുന്ന അവർ മുന്നോട്ടു പോകാനായി ആക്സിലറേറ്റർ ചവിട്ടിയപ്പോൾ റിവേഴ്‌സ് ഗിയറിൽ ആയിരുന്ന വണ്ടി വേഗം പിന്നോട്ട് പോയി കൊക്കയിലേക്ക് വീണ് മരണപ്പെടുകയാണ് ഉണ്ടായത്. വമ്പു പറയാൻ പറ്റുന്ന രീതിയിൽ – അതായത് ലൈക്, വ്യൂസ് എന്നിവ കൂടുതൽ കിട്ടുന്ന രീതിയിൽ – വീഡിയോ എടുക്കുമ്പോൾ നാം പരിസരവും അതുമായി ബന്ധപ്പെട്ട സുരക്ഷാമാനദണ്ഡങ്ങളും മറന്നു പോകുന്ന അവസ്ഥ എത്രത്തോളം വമ്പുപറച്ചിലിന്റെ യുക്തി നമ്മെ കവരുന്നു എന്നതിന്റെ ഒരു ദൃഷ്ടാന്തം കൂടിയാണ്. ഇന്ന് സെൽഫി എടുക്കാനായി ശ്രമിക്കവേ മരണപ്പെട്ടു എന്ന വാർത്ത ആഴ്ചതോറും നാം കേൾക്കുന്ന സ്ഥിതിയിൽ പോലും എത്തി നിൽക്കുന്നു എന്നത് ഈ വമ്പുപറച്ചിൽ യുക്തി സമകാലിക സമൂഹത്തെ എത്രകണ്ട് ബാധിച്ചിരിക്കുന്നു എന്ന് നമുക്ക് പറഞ്ഞുതരുന്നു.

സുരക്ഷാവീഴ്ചകൾ ഇതിന്റെ ഒരു വശം ആണെങ്കിലും ഇത് മാത്രമല്ല അതിന്റെ പ്രശ്നം. നാം നമ്മുടെ അനുഭവത്തെ ഡിജിറ്റൽ ശേഖരങ്ങൾ ആക്കാൻ താല്പര്യം പ്രകടിപ്പിക്കുന്ന യുക്തി നേരത്തെ നിരീക്ഷിച്ചല്ലോ. അങ്ങനെ വരുമ്പോൾ പോലും അത് പിന്നീടുള്ള നമ്മുടെ തന്നെ ഉപയോഗത്തിനായിട്ടാണ്. അനുഭവത്തെ ഓർമ്മകളുടെ ലോകത്തേക്ക് പറിച്ചു നടുന്ന ഒരു പ്രയോഗം ആണെന്നും അതിനെ കാണാം. ഏതാനും വർഷങ്ങൾക്ക് ശേഷം ഓർമ്മകളെ അവയുടെ ദൃശ്യങ്ങളിലൂടെ ഒരു ചാരുകസേരയിൽ ഇരുന്നു അയവിറക്കാനുള്ള ഒരു ഉപയോഗമൂല്യമുള്ള വസ്തുവായിട്ടാണ് ഡിജിറ്റൽ ശേഖരങ്ങൾ വർത്തിക്കുന്നത്. ഒരു അർത്ഥത്തിൽ അവ അനുഭവങ്ങളോട് നീതി പുലർത്തുന്നുണ്ട് എന്നും കരുതാം. പക്ഷെ, വമ്പുപറച്ചിലിന്റെ യുക്തി ഇതിൽ നിന്നും ഗുണപരമായി വിഭിന്നമാണ്. വമ്പുപറച്ചിലിന്റെ ലോകത്ത് അനുഭവങ്ങളുടെ ഓർമ്മകൾ എന്ന നിലയിൽ അല്ല ഈ ഡിജിറ്റൽ ശേഖരങ്ങൾ നിലനിൽക്കുന്നത്. കൂടുതൽ ലൈക് കിട്ടാനുള്ള ഒരു ഉപാധിയായിട്ടാണ്. ഓരോ വീഡിയോയും ലൈക് കിട്ടുന്നതിലേക്ക് എത്ര സംഭാവന ചെയ്യുന്നു എന്ന രീതിയിൽ മാത്രം പരിഗണിക്കപ്പെടുന്നു. ലൈക്-മാപിനിയിൽ ഒരു ബോട്ട് യാത്രയുടെ ചിത്രവും പാർക്കിലെ ചിത്രവും തമ്മിൽ അന്തർലീനമായ ഒരു ശ്രേണീകരണമുണ്ട് – അതിൽ ഏതിനാണ് കൂടുതൽ ലൈക് കിട്ടിയത് എന്ന് നോക്കിയാൽ മതിയാകും. ഈ അനുഭവങ്ങളുടെ അനന്യത ലൈക്-മാപിനിയിൽ ദൃശ്യമല്ല. ഒരു കടപ്പുറത്തു പോണോ അതോ പാർക്കിൽ പോണോ എന്ന ചോദ്യത്തിന് നാം നമ്മുടെ അപ്പോഴുള്ള മനസ്സിന്റെ ആഗ്രഹത്തിന് അനുസരിച്ചു ഉത്തരം നൽകിയിരുന്നെങ്കിൽ, ‘ലൈക് കൂടുതൽ കിട്ടുന്ന വീഡിയോ ഉണ്ടാക്കാൻ കടപ്പുറം ആകുമല്ലോ നല്ലത്’ എന്ന് പോലും ഒരു പക്ഷെ ഇന്ന് ചില യുവാക്കൾ ചിന്തിച്ചേക്കാം. ഇന്ന് പലരും ‘influencer’മാർ ആവാനുള്ള നിതാന്തമായ യാത്രയിൽ ആണെന്ന് തോന്നും. നാം നമ്മുടെ വിനോദസഞ്ചാര താൽപര്യങ്ങളെയും യാത്രകളിലെ അനുഭവത്തിന്റെ ആസ്വാദ്യതയെയും സാമൂഹിക മാധ്യമ വമ്പുപറച്ചിലിനായി അടിയറവ് വെച്ചിരിക്കുന്ന ഒരു അവസ്ഥ പൊടുന്നനെ സംജാതമാകുന്നുണ്ടോ?

ഓരോ അനുഭവത്തെയും ലൈക്-വ്യൂ ലോകത്തിന്റെ മാർക്കറ്റിംഗ് യുക്തിയിലേക്ക് നാം പറിച്ചുനടുമ്പോൾ മനുഷ്യൻ എന്ന നിലയിൽ ഉള്ള നമ്മുടെ കർതൃത്വം (agency) കൂടിയാണ് പണയപ്പെടുത്തുന്നത് എന്ന് ചിലപ്പോഴെങ്കിലും നമുക്ക് ഓർക്കാവുന്നതാണ്. ഇത്തരം പരിവർത്തനങ്ങൾ നമ്മുടെയെല്ലാം അനുഭവമണ്ഡലത്തെയും കർതൃത്വത്തെയും ആസ്വാദ്യതയെയും ക്ഷയിപ്പിക്കുമ്പോൾ മറുവശത്ത് ശ്രദ്ധയുടെ വിപണനം എന്ന attention economy വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സാമൂഹികമാധ്യമ കമ്പനികൾ ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളും ആകുന്നു.

ലേഖകന്റെ സസൂക്ഷ്മം – പംക്തി ഇതുവരെ

പോഡ്കാസ്റ്റുകൾ


മറ്റു പുസ്തകങ്ങൾ

അനുബന്ധ വായനയ്ക്ക്

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2024 ജൂലൈ മാസത്തെ ആകാശം
Next post മിന്നാമിനുങ്ങുകളും പരിസ്ഥിതിയും – LUCA TALK
Close