Read Time:16 Minute

ഡിജിറ്റൽ വിവരസ്രോതസ്സുകളുടെ പാശ്ചാത്യ പക്ഷപാതിത്വം നമുക്കേറെ പരിചിതമായ വിഷയമാണ്. നാം കേരളത്തിലിരുന്ന് ഏതെങ്കിലുമൊരു വിഷയവുമായി ബന്ധപ്പെട്ട വാക്കുപയോഗിച്ചു വെബ്ബിൽ തിരഞ്ഞാൽ കിട്ടുന്നത് പലപ്പോഴും പാശ്ചാത്യലോകവുമായി ബന്ധപ്പെട്ട ഫലങ്ങളാണ്. ഉദാഹരണത്തിന് lawyer എന്ന് തിരഞ്ഞാൽ ലഭിക്കുക മിക്കവാറും പാശ്ചാത്യ കോടതികളിലെയും മറ്റുമൊക്കെയുള്ള വക്കീലന്മാരുടെ ചിത്രങ്ങളാവും. ഇങ്ങനെയുള്ള സെർച്ച് എൻജിനുകൾ ഉപയോഗിച്ച് തിരഞ്ഞു കണ്ടുപിടിച്ചാണ് നിങ്ങൾ വായിക്കുന്ന ഈ മാധ്യമത്തിൽ ഉൾപ്പടെ ചേർക്കാൻ പ്രതീകാത്മക ചിത്രങ്ങൾ കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ കേരളത്തിൽ ഉള്ള മാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകളിലും എല്ലാം കൂടുതലായി കാണാവുന്നത് പാശ്ചാത്യപശ്ചാത്തലത്തിൽ നിന്നുള്ള ചിത്രങ്ങളാണ്. അടുത്ത തവണ ഒരു ആശുപത്രിയിലോ മറ്റോ പോകുമ്പോൾ അവിടെയുള്ള ഏതെങ്കിലും ഒരു പോസ്റ്ററിൽ കാണുന്ന ഒരു ചിത്രം എവിടെ നിന്നാവാം എന്ന് ചിന്തിച്ചു നോക്കുക. ഡിജിറ്റൽ ലോകത്തെ പക്ഷപാതിത്വങ്ങൾ നമ്മുടെ ഭൗതിക പരിസരത്താകെ നിറഞ്ഞു നിൽക്കുന്നത് എങ്ങും കാണാവുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്.

ഡിജിറ്റൽ മാധ്യമങ്ങൾ നമുക്കും നമ്മുടെ ചുറ്റുമുള്ള സമൂഹത്തിനും ഇടയിൽ ഒരു മധ്യസ്ഥം വഹിക്കുന്നു എന്നതിനാൽ അവയിലെ പക്ഷപാതിത്വങ്ങൾ വളരെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. അതിലേക്കുള്ള ഒരു ലളിതവും അതേസമയം സുപ്രധാനവും ആയ ഒരു ശ്രമമാണ് ‘വിവരവും അസമത്വവും: ഡിജിറ്റൽ പാർശ്വവൽക്കരണത്തിന്റെ ഭൂമിശാസ്ത്രങ്ങൾ’ (Geographies of Digital Exclusion: Data and Inequality) എന്ന പുസ്തകം ചെയ്യുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഇന്റർനെറ്റ് ഭൂമിശാസ്ത്ര പ്രൊഫസർ ആയ മാർക്ക് ഗ്രഹാമും ഡിജിറ്റൽ ഭൂമിശാസ്ത്രവിദഗ്ധനായ മാർട്ടിൻ ഡിറ്റസും ആണ് 2022ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ രചയിതാക്കൾ

ഗൂഗിൾ മാപ്‌സ് നിത്യജീവിതത്തെ ബാധിക്കുന്ന ഒരു ഉദാഹരണം കൂടി പരിശോധിച്ച് കഴിഞ്ഞു കുറച്ചു കൂടി ഗഹനമായ വിഷയങ്ങളിലേക്ക് കടക്കാം. ഗൂഗിൾ മാപ്‌സ് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് നമ്മെ ലക്ഷ്യസ്ഥാനത്തേക്കെത്തിക്കാൻ ആണ് ശ്രമിക്കുന്നത് – അങ്ങനെയുള്ള വഴികൾ ആണ് നിർദേശിക്കുന്നത്. അങ്ങനെ വരുമ്പോൾ ട്രാഫിക് കൂടിയ വഴികൾ ഒഴിവാക്കേണ്ടിവരും. ഈ ലോജിക്കിലൂടെ പലപ്പോഴും ഗൂഗിൾ മാപ്‌സ് യാത്രക്കാരെ വഴിതിരിച്ചു വിടുക ധാരാളം വീടുകൾ ഉള്ള മേഖലകളിൽ കൂടിയാകും. ഇങ്ങനെ ഗതാഗതം വർദ്ധിക്കുന്നത് അത്തരം സ്ഥലങ്ങളിലെ സ്വര്യജീവിതത്തിന് തടസ്സം ആയേക്കാം. അങ്ങനെ ഒരു സ്ഥലത്ത് നിരന്തരം വണ്ടികൾ പോകാൻ തുടങ്ങിയപ്പോൾ ഈ ശല്യം ഒഴിവാക്കാൻ അവിടെയുള്ളവർ ചേർന്ന് ചില വഴികൾ താമസക്കാർക്ക് വേണ്ടി മാത്രം എന്ന നിലയിൽ പരിമിതപ്പെടുത്താൻ പോലും തയ്യാറായത്രേ. ഇങ്ങനെ ഗൂഗിൾ മാപ്സിന്റെ വിവരശേഖരണരീതിയും പ്രവർത്തനരീതിയും അങ്ങിങ്ങായി ചെറുസമൂഹങ്ങളിലെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്നത് ഗൂഗിൾ ഒരുപക്ഷെ അറിയുന്നുപോലും ഉണ്ടാവില്ല. അവർ അറിഞ്ഞാലും ഇല്ലെങ്കിലും അവരുടെ അൽഗോരിതങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ജനങ്ങൾ അനുഭവിച്ചേ മതിയാകൂ എന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. 

വിക്കിപീഡിയയിലെ ലേഖനങ്ങളുടെ ആഗോളസാന്ദ്രത ജിയോടാഗ്‌ മുഖേന മാപ്പിൽ ചിത്രീകരിക്കുമ്പോൾ. ഇവിടെ ഇരുണ്ട നിറത്തിൽ കാണുന്ന യൂറോപ്പ് അമേരിക്ക മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് ഏറ്റവും കൂടുതൽ ലേഖനങ്ങൾ രചിക്കപ്പെടുന്നത് എന്ന് കാണാം. [പേജ് 52]

നാം പക്ഷപാതിത്വം എന്ന വിഷയം പലപ്പോഴും ഒരു ലളിതയുക്തിയിൽ പ്രാതിനിധ്യം എന്ന നിലയിൽ ആണ് കാണുക. ഡോക്ടർ എന്ന് തിരയുമ്പോൾ പുരുഷൻമാരുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ വരുന്നുണ്ടെങ്കിൽ തിരയലിൽ ലിംഗപരമായ പക്ഷപാതിത്വം ഇല്ല എന്ന നിഗമനത്തിലേക്ക് നാം എത്തിയേക്കാം. എന്നാൽ വിവരസേവനങ്ങളുടെ കാര്യത്തിൽ പ്രാതിനിധ്യം മാത്രം കണക്കാക്കി നിഗമനങ്ങളിൽ എത്തുന്നതിലെ പ്രശ്നങ്ങൾ ഈ പുസ്തകം ഭംഗിയായി വർണ്ണിക്കുന്നുണ്ട്. ഉദാഹരണത്തിന് വിക്കിപീഡിയയിലെ വിവരശേഖരത്തിൽ പലപ്പോഴും ആഫ്രിക്ക, ഏഷ്യ മുതലായ സ്ഥലങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ രചിക്കപ്പെടുന്നത് അവിടങ്ങളിൽ നിന്നല്ല എന്ന കണ്ടെത്തൽ ഈ രചനയിൽ വ്യക്തമായി വർണ്ണിക്കുന്നു.

ആഫ്രിക്കയെക്കുറിച്ചുള്ള നിരവധിയായ ലേഖനങ്ങൾ രചിക്കപ്പെടുന്നത് പാശ്ചാത്യ ഉപയോക്താക്കൾ മുഖേന ആണത്രേ. ഒരു പ്രദേശത്തെ അടുത്തറിഞ്ഞു എഴുതുന്നതിലും ദൂരെയിരിന്നു നിരീക്ഷിച്ചു കൊണ്ട് എഴുതുന്നതിലും ഉള്ള ഗുണപരമായ വ്യത്യാസം പ്രധാനമാണ്. വിമർശപരമായ സാമൂഹികശാസ്ത്ര പഠനങ്ങളിൽ ‘പാശ്ചാത്യ നോട്ടം’ (western gaze) എന്നത് ഒരു പ്രശ്നമായി കാണുന്നതിനെ ഇവിടെ ഈ രചനയും പരോക്ഷമായി സൂചിപ്പിക്കുന്നു. ഏതൊക്കെ മേഖലകൾ വിവരശേഖരങ്ങളിൽ പ്രതിനിധീകരിക്കപ്പെടുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് ‘ആരാൽ പ്രതിനിധീകരിക്കപ്പെടുന്നു’ എന്നതും എന്ന് സാരം. വിവരശേഖരങ്ങളിലെ പ്രാതിനിധ്യം എന്നത് കൂടുതൽ സങ്കീർണ്ണമാണ് എന്നതിലേക്കായി മറ്റു ചില സൂചനകളും ഈ രചന മുന്നോട്ട് വയ്ക്കുന്നുണ്ട് – ചില സംസ്കാരങ്ങളിൽ പ്രാതിനിധ്യം അത്ര പ്രധാനപ്പെട്ടതല്ല എങ്കിൽ, ഒരു പക്ഷ പ്രാതിനിധ്യം ഇല്ലാതിരിക്കൽ എന്നതാണ് ശരി എങ്കിൽ – പ്രാതിനിധ്യം എന്ന അളവുകോൽ ഉപയോഗിച്ച് എല്ലാ ഭൂപ്രദേശങ്ങളെയും അളക്കുന്നതിൽ ശരികേടുണ്ട് എന്നും കൂടി കാണണം. 

ഈ പുസ്തകത്തിൽ രണ്ടു പ്രമുഖ വിവരസേവനങ്ങളെ തമ്മിൽ താരതമ്യപ്പെടുത്തിയും തുലനം ചെയ്തും ആണ് ആഖ്യാനം പലപ്പോഴും മുന്നോട്ട് പോകുന്നത്. ഗൂഗിൾ മാപ്‌സ് എന്ന ഒരു ആഗോള കോർപ്പറേറ്റ് നിയന്ത്രിത വിവരസേവനവും, വിക്കിപ്പീഡിയ എന്ന വികേന്ദ്രീകൃത കമ്മ്യൂണിറ്റി നിയന്ത്രിത വിവരസേവനവും ആണവ. ഇവ തങ്ങളിൽ ഉള്ള പക്ഷപാതിത്വങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് തമ്മിൽ ഉള്ള അന്തരം ഈ രചനയിൽ ഉടനീളം പ്രതിഫലിക്കുന്നു. ഗൂഗിൾ പക്ഷപാതിത്വങ്ങളെ അത്രയൊന്നും ഗൗരവത്തോടെ കാണാതെ തങ്ങളുടെ സേവനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വിക്കിപ്പീഡിയ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പക്ഷപതിത്വങ്ങൾ മനസ്സിലാക്കാനും കുറയ്ക്കാനും ഉള്ള പ്രൊജെക്ടുകളിൽ ഏർപ്പെടുന്നു എന്നത് ഇവ തമ്മിൽ ഉള്ള അന്തരത്തിന്റെ ഒരു മാനം മാത്രം. വിക്കിപീഡിയയിൽ രചിക്കപ്പെടുന്ന വിവരങ്ങൾ പലപ്പോഴും ഗൂഗിൾ തങ്ങളുടെ സേവനങ്ങളിൽ ചേർത്തു തങ്ങളുടെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നുണ്ട് എന്നതും കൂടി ഇവിടെ രചയിതാക്കൾ പ്രസ്താവിക്കുന്നുണ്ട്, നേരെ തിരിച്ചു അങ്ങനെയൊരു ഉപയോഗപ്പെടുത്തൽ ഇല്ല എന്നതും ശ്രദ്ധേയം. 

വിക്കിപീഡിയയിൽ ഒരു ലേഖനം എഴുതുമ്പോൾ നിർബന്ധമായും പാലിക്കേണ്ട ഒരു മാനദണ്ഡം നിഷ്പക്ഷത എന്നതാണ്. പല വീക്ഷണകോണുകളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തുമ്പോഴും അവയിൽ ഏതെങ്കിലും ഒന്നിനെ സാധൂകരിക്കുന്ന വിധത്തിൽ ആവരുത് ലേഖനം എന്ന് സാരം. അങ്ങനെ വരുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ തമ്മിൽ ഉള്ള ഒരു ‘ഐക്യപ്പെടുത്തൽ’ ആവശ്യമായി വരുന്നുണ്ട്. ഇതിൽ നിന്നും വിഭിന്നമായി ഗൂഗിൾ മാപ്‌സ് അങ്ങനെ ഒരു ഐക്യപ്പെടുത്താൽ ആവശ്യപ്പെടുന്നില്ല. ഒരു മ്യൂസിയം കൊള്ളില്ല എന്ന അവലോകനവും വളരെ നല്ലതാണ് എന്ന അവലോകനവും ഗൂഗിൾ മാപ്‌സിൽ ഒരു ബുദ്ധിമുട്ടും കൂടാതെ സഹവസിക്കുന്നു. നിഷ്പക്ഷത എന്ന മാനദണ്ഡത്തിലൂടെ വിക്കിപ്പീഡിയ ആവശ്യപ്പെടുന്ന ഐക്യപ്പെടുത്തൽ എന്നത് പാശ്ചാത്യേതര രചയിതാക്കളെ അകറ്റുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതിന്റെ ആവശ്യം പുസ്തകം മുന്നോട്ടുവെക്കുന്നു. ഉദാഹരണത്തിന് പലസ്‌തീനിലെ നഗരങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ ഇങ്ങനെ ബഹുസ്വര നിഷ്പക്ഷത കൊണ്ടുവരുമ്പോൾ അവിടെ അധിനിവേശകരുടെ വീക്ഷണകോണും അഭിപ്രായവും ഒരു പരിധിവരെ സാധൂകരിക്കപ്പെടുന്നുണ്ട് എന്ന് കാണുക. 

ആഗോള അസമത്വങ്ങളും നവലിബറലിസവും ഗാസ-ഉക്രൈൻ മുതലായ സംഭവവികാസങ്ങളും ഉള്ള ഈ പശ്ചാത്തലത്തിൽ വിവരസേവനങ്ങളിലെ പക്ഷപാതിത്വവും വിവരസ്രോതസ്സുകളുടെ ഭൂമിശാസ്ത്രവും വളരെ പ്രധാനപ്പെട്ട വിഷയം ആണ്. അത്തരം വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളെ രൂപീകരിക്കുന്നതിലും അവയെ ത്വരിതപ്പെടുത്തുന്നതിലും ഈ പുസ്തകം വലിയ ഒരു പങ്ക് വഹിക്കും എന്ന് തന്നെ കരുതണം.

ലേഖകൻ എഴുതിയ മറ്റു പുസ്തക പരിചയങ്ങൾ

അനുബന്ധ വായനയ്ക്ക്

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കേരളത്തിലെ ഭൂചലനവും അറിയേണ്ട വസ്തുതകളും
Next post അധ്യയനദിനങ്ങളും സ്കൂൾ വിദ്യാഭ്യാസവും
Close