വിജ്ഞാനോത്സവത്തിന് തുടക്കമായി..എല്ലാ കുട്ടികളും പങ്കെടുക്കട്ടെ…

കുട്ടികളൂടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ അധ്യയന വർഷത്തെ വിജ്ഞാനോൽസവം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലും പരിസരങ്ങളിലുമായി ചെയ്യാവുന്ന ചെറിയ പ്രവർത്തനങ്ങളായാണ് ഈ വർഷത്തെ വിജ്ഞാനോത്സവം കുട്ടികൾക്ക് മുന്നിൽ എത്തുന്നത്.

ഏറെ പ്രത്യേകതകൾ ഉണ്ട് ഈ വിജ്ഞാനോത്സവത്തിന്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ഈ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് കുട്ടികൾ തന്നെയാണ് എന്നതാണ്. വിജ്ഞാനോത്സവത്തിന്റെ ആവേശം വർദ്ധിപ്പിക്കുന്ന രീതിയിൽ തയ്യാറാക്കിയ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തലിനു കുട്ടികളെ പ്രാപ്തമാക്കുന്നവയാണ്. കോവിഡ് കാലം പുറം ലോകവുമായുള്ള നമ്മുടെ സമ്പർക്കം പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അറിവിന്റെ, അരറിവ് നിർമാണത്തിന്റെ പ്രത്യേകത എന്തെന്നാൽ ഈ വിലക്കുകൾ ബാധിക്കാതെ തന്നെ അവ ചെയ്യാം എന്നതാണ്. പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ നമുക്ക് ഇതിലേക്ക് കൂടുതൽ ഉൾക്കാഴ്ച നൽകും.

എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിങ്ങനെ നാലുവിഭാഗങ്ങളിൽ നാൽപ്പത് പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് ചെയ്യാൻ ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും അനുബന്ധ വായനകൾ യുറീക്ക/ശാസ്ത്രകേരളം മാസികകളിലും ലൂക്ക പോർട്ടലിലും ലഭ്യമാണ്. ഈ അനുബന്ധ വായനകൾ ചൂണ്ടുപലകകൾ പോലെയാണ്. പ്രവർത്തനങ്ങളിൽ സർഗപരമായ സ്വാതന്ത്ര്യം കുട്ടികൾക്കുണ്ട്. അറിവ് നിർമിക്കുന്ന കുട്ടിയാണല്ലോ അറിവ് എങ്ങനെ നിർമിക്കണം എന്നും തീരുമാനിക്കുന്നത്. പല പ്രവർത്തനങ്ങളിലും വീട്ടുകാരെയും സുഹൃത്തുക്കളെയും പങ്കെടുപ്പിക്കേണ്ടതുണ്ട്. ഇവിടെ കുട്ടിയുടെ അറിവ് നിർമാണത്തെ സ്വാധീനിക്കാനുള്ള അവസരം കുടുംബാംഗങ്ങൾക്കും കൂടി ലഭിക്കുകയാണ്, ഒപ്പം അവരുടെ അറിവ് നേടൽ പ്രക്രിയക്ക് ഇത് മുതൽകൂട്ടാവുകയും ചെയ്യും. പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാക്കുന്നതെന്തും സൂക്ഷിച്ച് വെക്കാനും മറ്റ് കുട്ടികളുമായി പങ്കുവെക്കാനും പങ്കെടുക്കുന്ന എല്ലാവരും ശ്രമിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതിനുതകുന്നവയാണ് ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളും തന്നെ. എല്ലാ പ്രവർത്തനങ്ങളും വീഡിയോ രൂപത്തിലും ലഭ്യമാണ്. എത്ര പ്രവർത്തനങ്ങൾ ചെയ്യണം എന്നതും ഓരോ പ്രവർത്തനങ്ങളിലും എത്രത്തോളം ചെയ്യണം എന്നതും കുട്ടികൾക്ക് സ്വതന്ത്രമായി തീരുമാനിക്കാവുന്ന ഒന്നാണ്. കുട്ടികൾ ഈ പ്രവർത്തികൾ എങ്ങനെ ചെയ്യും എന്നത് ആകാംക്ഷയോടെ നോക്കുന്ന ഏതാനും ദിവസങ്ങൾ ആണ് ഇനി. വാനനിരീക്ഷണം, ഒരൽപ്പം ഗണിതം, അടുക്കളയിൽ അൽപ്പം പാചകം, അതിനിടയിൽ ഇത്തിരി ശാസ്ത്രം, ചെറൂ സിനിമകൾ കാണലും ചർച്ച ചെയ്യലും ഇങ്ങനെ പലതുമുണ്ട് പ്രവർത്തനങ്ങളായി. അപ്പോൾ നമുക്ക് തുടങ്ങാം – അല്ലേ?

വിജ്ഞാനോത്സവ വെബ്സൈറ്റ് സന്ദർശിക്കാം

 

 

Leave a Reply