Read Time:7 Minute

ഭൂഗുരുത്വത്തിൽ നിന്ന് ചന്ദ്രന്റെ ഗുരുത്വമണ്ഡലത്തിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ നമ്മുടെ ചന്ദ്രയാൻ 3 ഉള്ളത്. ആഗസ്റ്റ് 5ന് ചന്ദ്രന് ചുറ്റുമൊരു ഭ്രമണപഥത്തിൽ ചന്ദ്രയാൻ 3 പ്രവേശിക്കും.

പ്രൊപ്പൽഷൻ മൊഡ്യൂൾ (Propulsion Module), ലാൻഡർ മൊഡ്യൂൾ (Lander Module) എന്നിങ്ങനെ രണ്ടുപ്രധാന ഭാഗങ്ങൾ ആണ് ചന്ദ്രയാൻ 3ന്  ഉള്ളത്. ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലാണ് റോവർ വച്ചിരിക്കുന്നത്. 2023 ജൂലൈ 14ന് ഒരുമിച്ച് യോജിപ്പിച്ച  മൊഡ്യൂളുകളെ (integrated module) LVM3 ഭൂമിക്ക് ചുറ്റും 170 x 36500 കിലോമീറ്ററിന്റെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ (elliptical orbit) എത്തിച്ചിരുന്നു. അതായത് ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞ ദൂരം (പെരിജി) 170 കിലോമീറ്ററും കൂടിയ ദൂരം (Apogee) 36500 കിലോമീറ്ററും വരുന്ന ഭ്രമണപഥം. അവിടെ നിന്ന് പല ഘട്ടങ്ങളായി എൻജിനുകൾ പ്രവർത്തിപ്പിച്ചു ലാൻഡറിനെയും അതിനുള്ളിലെ റോവറിനെയും ചന്ദ്രനിലെത്തിക്കുകയെന്നതാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ പ്രധാന ലക്ഷ്യം.

ചന്ദ്രയാൻ 3 ഭൂമിക്ക് ചുറ്റും 5 പൂർണ വലയങ്ങൾ പൂർത്തീകരിച്ചു. ഓരോ തവണയും ഭൂമിയോട് ഏറ്റവും അടുത്ത് അല്ലെങ്കിൽ Perigee എത്തുമ്പോൾ എൻജിനുകൾ പ്രവർത്തിപ്പിച്ചു ഭ്രമണപഥം ഉയർത്തിയിരുന്നു. പ്രാരംഭഘട്ടത്തിലെ 36500 കിലോമീറ്ററിൽ നിന്ന് ഏറ്റവുമൊടുവിൽ 1,27,603 ഉള്ള ഭ്രമണപഥത്തിലേക്ക് എത്തിച്ചു. ട്രാൻസ് ലൂണാർ ഇൻജെക്ഷൻ എന്നുപറയുന്ന ഒരു ഘട്ടമാണ് ആഗസ്റ്റ് 1ന് പുലർച്ചെ 12:15 ന്  ഇസ്രോ കൺട്രോൾ സെന്റർ ആയ ISTRAC (ഇസ്രോ ടെലിമെറ്ററി ട്രാക്കിങ് ആൻഡ് കമാൻഡ്  സെന്റർ) പൂർത്തീകരിച്ചത്. ഇപ്പോൾ 10.4 കിലോമീറ്റർ പെർ സെക്കന്റ് വേഗത്തിൽ ചന്ദ്രനെ ലക്ഷ്യമാക്കി ചലിക്കുകയാണ് ചന്ദ്രയാൻ 3.

ചന്ദ്രയാൻ 3 ഭൂമിക്ക് ചുറ്റും –  പിങ്ക്  ചന്ദ്രയാൻ 3  നീല– ഭൂമി പച്ച – ചന്ദ്രൻ

ആഗസ്റ്റ് 5ന് ചന്ദ്രൻ മുൻകൂട്ടി കണക്കുകൂട്ടിയിട്ടുള്ള ചന്ദ്രയാൻ 3 ന്റെ സഞ്ചാരപാതയിലേക്ക് എത്തും (ചന്ദ്രൻ 27.3 ദിവസം കൊണ്ടാണല്ലോ ഭൂമിയ്ക്ക് ചുറ്റും ഭ്രമണം പൂർത്തിയാക്കുന്നത്!). ആ കണ്ടുമുട്ടലിൽ വളരെ സങ്കീർണമായ ലൂണാർ ഓർബിറ്റ് ഇൻജെക്ഷൻ നടക്കുകയും ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുകയും ചെയ്യും. ചന്ദ്രന്റെ ഗുരുത്വമണ്ഡലത്തിൽ പ്രവേശിക്കുന്ന ചന്ദ്രയാൻ 3ന്റെ വേഗതയും സ്‌ഥാനവും ഒക്കെ നിയ്രന്തിച്ചാണ് ഈ പ്രക്രിയ പൂർത്തിയാക്കുക. റെട്രോ ഫയറിങ്ങ്, ചന്ദ്രയാൻ 3-ന്റെ സാഞ്ചാര പദത്തിനു എതിർദിശയിൽ എഞ്ചിനുകൾ പ്രവർത്തിപ്പിച്ചു വേഗത കുറച്ചാക്കുകയാണ് ചെയ്യുന്നത്. വേഗത കൃത്യമല്ലെങ്കിൽ ചന്ദ്രനിൽ ഇടിച്ചിറങ്ങാനോ ചന്ദ്രനെ കടന്നുപോകാനോ സാധ്യതയുണ്ട്.

ചന്ദ്രപഥത്തിൽ –  പിങ്ക്  ചന്ദ്രയാൻ 3  പച്ച – ചന്ദ്രൻ

120×1800 കിലോമീറ്ററിന്റെ ഒരു ദീർഘവൃത്താകാര ഭ്രമണപദത്തിലാണ് ചന്ദ്രയാൻ 3 പ്രവേശിക്കുക. പിന്നീട് ഭ്രമണപഥത്തിന്റെ ഉയരം കുറച്ചുകൊണ്ട് 100×100 കിലോമീറ്ററിന്റെ വൃത്താകാര ഭ്രമണപഥത്തിൽ എത്തുന്നു. അവിടെ വച്ച് പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും വേർപെട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനോടടുത്ത് ലാൻഡർ മൊഡ്യൂൾ ലാൻഡ് ചെയ്യും. തുടർന്ന് റോവർ പുറത്തു വരികയും ചന്ദ്രന്റെ ഉപരിതലത്തിലൂടെ നീങ്ങുകയും ചെയ്യും.

ആഗസ്റ്റ് 23 വൈകിട്ട് 5:47 ആണ് ലാൻഡിങ്ങിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അതോടുകൂടി അമേരിക്കക്കും റഷ്യക്കും (സോവിയറ്റ് യൂണിയൻ) ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യത്തെ രാജ്യവും ഇന്ത്യ ആയിരിക്കും.  14 ദിവസം ആണ് ലാൻഡറും റോവറും പ്രവർത്തിക്കുക. റോവർ ശേഖരിക്കുന്ന വിവരങ്ങൾ ലാൻഡറിലേക്ക് കൈമാറും. ലാൻഡർ ഇന്ത്യയിലെ ബഹിരാകാശ വാർത്താവിനിമയ സംവിധാനമായ  ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‌വർക്കിലേക്കും (ഐ.ഡി.എസ്.എൻ) വിവരകൈമാറ്റം ചെയ്യും. ചന്ദ്രയാൻ 2 ഓർബിറ്ററും ഈ വിവരകൈമാറ്റത്തിൽ ഭാഗമായേക്കും.


പങ്കെടുക്കാം

മൂന്നാം ചന്ദ്രയാന്റെ വിശേഷങ്ങൾ

Happy
Happy
64 %
Sad
Sad
9 %
Excited
Excited
18 %
Sleepy
Sleepy
9 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്ത്രവിരുദ്ധതയുടെ കേരളപ്പതിപ്പ് രൂപപ്പെടുത്തരുത് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
TOTTOCHAN--FINAL-curved-1 Next post ടോട്ടോച്ചാന് സ്നേഹപൂര്‍വ്വം
Close