Read Time:20 Minute

പട്ടാളക്കൊതുകുകളുടെ വിശേഷങ്ങൾ

കൊതുകുകളുടെ കൂട്ടത്തിൽ പട്ടാളക്കാരോ? പട്ടാളമല്ലെങ്കിലും പേരുകൊണ്ട് പട്ടാളത്തെ ഓർമ്മിപ്പിക്കുന്ന ഒരു കൊതുകുണ്ട്.

കൊതുകുകളുടെ കൂട്ടത്തിൽ പട്ടാളക്കാരോ? പട്ടാളമല്ലെങ്കിലും പേരുകൊണ്ട് പട്ടാളത്തെ ഓർമ്മിപ്പിക്കുന്ന ഒരു കൊതുകുണ്ട്. ആർമിജറസ് (Armigeres) എന്നാണ് പേര്. ആർമർ (Armour) അഥവാ പടച്ചട്ട വഹിക്കുന്ന ആൾ എന്നാണ് ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം. താരതമ്യേന  വലുപ്പം കൂടിയ കൊതുകുകളാണ് ആർമിജറസ് കൊതുകുകൾ. അറ്റം കീഴോട്ട് വളഞ്ഞ വാളിന്റെ ആകൃതിയാണ് ചോരകുടിക്കാനുപയോഗിക്കുന്ന തുമ്പിക്കൈക്ക് (proboscis). ഉദയാസ്തമയ നേരങ്ങളിലാണ് ഇവർ കൂട്ടമായി ചോരകുടിക്കാനിറങ്ങുന്നത്. ഏഡിസ് കൊതുകുകളുമായി അടുത്ത ബന്ധമുള്ള കൊതുകുകളാണ് ആർമിജറസ്. ഇന്ത്യൻ ഉപഭൂഖണ്ഡം,  ദക്ഷിണ-ദക്ഷിണപൂർവ്വ ഏഷ്യൻ രാജ്യങ്ങൾ, ചൈന, കൊറിയ, ലാവോസ്, ഫിലിപ്പൈൻസ്, ജപ്പാൻ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. മൊത്തം 58 സ്പീഷീസുകളുണ്ട് ആർമിജെറസ് ജീനസിൽ. ഇന്ത്യയിൽ 19 സ്പീഷീസുകളും കേരളത്തിൽ 7 സ്പീഷീസുകളുമുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രധാനി ആർമിജറസ് സബാൽബേറ്റസ് (Armigeres subalbatus) ആയതുകൊണ്ട് അതിനെക്കുറിച്ച് കൂടുതലറിയാം.

 ആർമിജറസ് സബാൽബേറ്റസ് 

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലൊന്നിൽ ടോക്കിയോവിലെ ഇമ്പീരിയൽ യൂണിവേർസിറ്റി (Imperial University of Tokyo) അമേരിക്കയിലെ നാഷനൽ മ്യൂസിയത്തിന് (United States National Museum) ഏതാനും  സമ്മാനപ്പെട്ടികൾ കൈമാറി. പെട്ടികളിൽ നിറയെ ഈച്ചവർഗ്ഗത്തിൽ പെട്ട (Diptera-ഇരട്ടച്ചിറകികൾ) പ്രാണികളായിരുന്നു. ഇങ്ങനെ കിട്ടിയ  623 പ്രാണികളെ മ്യൂസിയത്തിലെ ഈച്ചകളുടെ സൂക്ഷിപ്പുകാരനായ (Honorary custodian of the Diptera) ഡി.ഡബ്ള്യു. കൊക്കിലെറ്റ് (D.W. Coquillett) 26 കുടുംബങ്ങളും 83 ജീനസുകളും 124 സ്പീഷീസുകളുമായി തരം തിരിച്ചു. അവയിൽ 54 സ്പീഷിസുകൾ പുതിയവയായിരുന്നു. അക്കൂട്ടത്തിലുള്ള ഒരു സ്പീഷീസായിരുന്നു ക്യൂലക്സ് സബാൽബേറ്റസ് (Culex subalbatus). ഈ കൊതുകുതന്നെയാണ് ഇപ്പോൾ ആർമിജറസ് സബാൽബേറ്റസ് എന്നറിയപ്പെടുന്നത്.

ക്യൂലക്സ് സബാൽബേറ്റസ് (Culex subalbatus).

കാട്ടുകൊതുക് നാട്ടുകൊതുകാകുന്നു

ആദ്യകാലത്ത് ഒരു കാട്ടുകൊതുകായിരുന്ന ആർമിജറസ് സബാൽബേറ്റസ് ഇന്ന് ഒരു നഗരവാസിയാണ്. പൊതുജനങ്ങൾ  പരാതി പറയുന്ന, സന്ധ്യാനേരത്ത് ഒരു ദയയുമില്ലാതെ പറന്നുകടിക്കുന്ന ആ ‘ചക്കക്കൊതുകുകൾ’ ഇവ തന്നെയാണ്.  ഏഡിസ് കൊതുകുകളെ പോലെ പലതരം പാത്രങ്ങളിലും മരപ്പൊത്തുകളിലും  മറ്റുമാണ് ഇവ മുട്ടയിട്ട് വളരുന്നത്. എന്നാൽ ഏഡിസ് കൊതുകുകൾ പൊതുവേ അധികം മലിനമല്ലാത്ത വെള്ളം ഇഷ്ടപ്പെടുമ്പോൾ നന്നായി മലിനപ്പെട്ട വെള്ളമാണ് ആർമിജറസ് സബാൽബേറ്റസിന് പ്രിയം. അങ്ങനെയാണ് അവ മനുഷ്യനിർമ്മിതമായ കക്കൂസ് ടാങ്കുകൾ (septic tank) തങ്ങളുടെ പ്രധാന പ്രജനന കേന്ദ്രമാക്കി മാറ്റുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കക്കൂസുകളുടെ കാര്യത്തിൽ സമ്പന്നമായ കേരളം അവയുടെ ഇഷ്ടസംസ്ഥാനമായതും അതുകൊണ്ട് തന്നെ. കക്കൂസ് ടാങ്കുകളിലെ ചെറിയ വിള്ളലുകളിലൂടെയോ, തുറന്ന വാതകക്കുഴലിലൂടെയോ (Vent pipe) ആണ് അമ്മക്കൊതുകുകൾ  അകത്തുകടക്കുന്നത്. മന്ത് പരത്തുന്ന ക്യൂലക്സ് ക്വിൻക്വിഫേഷിയേറ്റസ് (Culex quinquefasciatus) കൊതുകുകളുടെ കുത്തകയായിരുന്ന നഗരങ്ങളിലെ ഒഴുക്കില്ലാത്ത ഓടകൾ ഇവ കൈയേറുന്നതായി കണ്ടിട്ടുണ്ട്. ഒരു പക്ഷേ ഈ കൈയേറ്റം        ക്വിൻക്വിഫേഷിയേറ്റസിന്റെ തുരത്തലിൽ പോലും കലാശിക്കാൻ സാധ്യതയുണ്ട്! ഒരനുഭവം പറയാം. ഏകദേശം 10 വർഷങ്ങൾക്ക് മുൻപാണ്.  ഞങ്ങളുടെ ലാബിലെ ഒരു ഗവേഷണത്തിന് ക്യൂലക്സ് ക്വിൻക്വിഫേഷിയേറ്റസ് കൊതുകുകളുടെ കൂത്താടികളെ ആവശ്യമായിരുന്നു. കണ്ണൂരിലെ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ എന്റെ ഒരു വിദ്യാർത്ഥി നഗരത്തിലെ ഓടകളിൽ നിന്നും ആയിരക്കണക്കിന് കൂത്താടികളെ പിടിച്ചുകൊണ്ടുവന്നു. എല്ലാം ആർമിജറസ് സബാൽബേറ്റസ് ആയിരുന്നു!

രക്തപാനം

മറ്റ് ആർമിജറസ് സ്പീഷീസുകളെ പോലെ ഇവയും കർമ്മനിരതരാകുന്നത് വൈകുന്നേരങ്ങളിലാണ്. ചെറിയ രീതിയിൽ രാവിലെയും. ഇഷ്ടഭക്ഷണം മനുഷ്യരക്തം തന്നെ. കടി വീട്ടിനകത്തും പുറത്തും ഒരുപോലെ നടത്തും. കൊതുകുകളുടെ കൂട്ടത്തിൽ മനുഷ്യനെ ഉപദ്രവിക്കുന്ന സ്പീഷീസുകളിൽ മുൻപന്തിയിൽ നിൽക്കുന്നതും ഇവ തന്നെ. നല്ല വലുപ്പമുള്ള പ്രൊബോസിസ് ആയതിനാൽ കടിക്കുമ്പോൾ തന്നെ വേദനയറിയും (മിക്ക കൊതുകുകളും കടിക്കുന്ന സമയത്ത് വേദന അറിയില്ല. കടി കഴിഞ്ഞ ശേഷമാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നത്). ഈ പ്രത്യേകത അവയുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് പറയാം. കാരണം ചോരകുടിക്കുന്നതിനിടയിൽ കൊല്ലപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്! നല്ല വലുപ്പമുള്ള കൊതുകായതുകൊണ്ട് കൈകൊണ്ടും വൈദ്യുത ബാറ്റുകൊണ്ടും  കൊല്ലാനും എളുപ്പമാണ്. എന്നാൽ കൂട്ടത്തോടെയുള്ള ഇവയുടെ ആക്രമണം അസഹനീയമാണ്. ഇവയുടെ കടിശല്യം സഹിക്കാൻ കഴിയാതെ ഇന്ത്യയിലെ  ഒരു പ്രമുഖ തുറമുഖത്തെ തൊഴിലാളികൾ ഇവയ്ക്കെതിരെ സമരം ചെയ്തിട്ടുപോലുമുണ്ട്!

കൊതുകുകൾക്കെതിരെ ഒരു സമരം

സമരം നടന്നത് 1997 ൽ ഗോവയിലെ മർമ്മഗോവ തുറമുഖത്ത്.   നടത്തിയത് അവിടുത്തെ കയറ്റിറക്ക് തൊഴിലാളികൾ.  കൊതുകുകളുടെ കൂട്ട ആക്രമണം കാരണം ജോലിചെയ്യാൻ കഴിയുന്നില്ല എന്നതായിരുന്നു അവരുടെ പരാതി. പ്രശ്നം പരിഹരിക്കുന്നത് വരെ കപ്പലിൽ സാധനങ്ങൾ കയറ്റില്ലെന്ന് തൊഴിലാളികൾ കട്ടായം പറഞ്ഞു. തുറമുഖത്തെ ആരോഗ്യവകുപ്പ് പ്രശ്നത്തിൽ ഇടപെട്ടു. ഉടൻ തന്നെ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് കൊടുത്തു. എന്നാൽ അവർക്ക് കൊതുകുകളുടെ ഉറവിടം കണ്ടെത്താനായില്ല. അങ്ങനെയാണ് അന്നത്തെ ചീഫ് മെഡിക്കൽ ഓഫീസർ പനാജിയിലുള്ള ഞങ്ങളുടെ ഓഫീസിൽ (മലേറിയ റിസർച്ച് സെന്റർ) എത്തുന്നത്. പ്രശ്നം കണ്ടുപിടിക്കാനുള്ള ചുമതല എന്റെ തലയിൽ വീണു. പിറ്റേ ദിവസം ഏതാനും ജീവനക്കാരുമായി ഞാൻ മുപ്പത് കിലോമീറ്റർ അകലെയുള്ള വാസ്കോഡഗാമ നഗരത്തിലേക്ക് പുറപ്പെട്ടു. അവിടെയാണ്   മർമ്മഗോവ തുറമുഖം. കൊതുകുശല്യമുള്ള പ്രദേശം അവിടുത്തെ ഉദ്യോഗസ്ഥർ കാണിച്ചുതന്നു. അവിടുത്തെ തൊഴിലാളികളുമായുള്ള സംഭാഷണത്തിൽ നിന്നും ശല്ല്യക്കാരായ കൊതുകുകൾ ഏത് വിഭാഗത്തിൽ പെടുന്നവയാണെന്നു മനസ്സിലായി: ആർമിജറസ് സബാൽബേറ്റസ്. അത്ര വലിയ ശല്യമുണ്ടെങ്കിൽ തീർച്ചയായും സെപ്റ്റിക്ക് ടാങ്കുകളാണ് വില്ലന്മാർ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.  ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. അങ്ങനെ സെപ്റ്റിക്ക് ടാങ്കുകൾക്കായി തിരച്ചിൽ തുടങ്ങി. അതാ കിടക്കുന്നു ഒരു യമണ്ടൻ  സെപ്റ്റിക്ക് ടാങ്ക്. നമ്മുടെ വീടുകളിൽ കാണുന്ന സെപ്റ്റിക്ക് ടാങ്കുകളേക്കാൾ പത്തിരട്ടിയെങ്കിലും വലുപ്പം കാണും. ഒറ്റനോട്ടത്തിൽ  വലിയ പ്രശ്നമൊന്നും കണ്ടില്ല. എന്നാൽ വിശദമായി പരിശോധിച്ചപ്പോളതാ ഒരു മൂലയിൽ വലിയൊരു ദ്വാരം. അത് ചാക്കിട്ട് മൂടിയിരിക്കയാണ്. അപ്പോൾ തന്നെ എൻജിനീയറിങ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രശ്നം കാട്ടിക്കൊടുത്തു (അതിൽ ഒരാൾ കൊയിലാണ്ടിക്കാരനായിരുന്നു). എന്നാൽ അവരുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായി തീരെ വിശ്വാസമായില്ലെന്ന്. അവരെ വിശ്വസിപ്പിക്കണമല്ലോ. ഷൂസിട്ട  കാലുകൊണ്ട് ഞാൻ ആ ദ്വാരത്തിന് സമീപം കുറെ പ്രാവശ്യം അമർത്തി ചവുട്ടി. നൂറുകണക്കിന് കൊതുകുകൾ പുറത്തേക്ക് പറന്നു വന്നു. എൻജിനീയർമാരുടെ വായ പിളർന്നുപോയി. ആ ദ്വാരം സിമൻറ്റിട്ടടക്കാൻ നിർദ്ദേശം നൽകി ഞങ്ങൾ തിരിച്ചുപോന്നു. തുറമുഖാധികാരികൾക്ക് അതൊരു വലിയ അത്ഭുതമായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്കൊരു ക്ഷണം വന്നു. തുറമുഖത്തെ ഉന്നതോദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ചയ്ക്കായി. ഞങ്ങളുടെ ഭാഗത്ത് നിന്നും ഓഫീസ് മേധാവിയും ഞാനുമാണ് മീറ്റിംഗിൽ പങ്കെടുത്തത്. അവരുടെ ഭാഗത്ത് വലിയൊരു ഉദ്യോഗസ്ഥ നിര തന്നെയുണ്ടായിരുന്നു . മീറ്റിംഗ് നയിച്ചത് അന്നത്തെ പോർട്ട് ട്രസ്റ്റ് ഡെപ്പ്യൂട്ടി ചെയർമാനായിരുന്നു. കൂടെ ചീഫ് മെഡിക്കൽ ഓഫീസർ, വിവിധ എൻജിനീയറിങ് വിഭാഗങ്ങളുടെ തലവന്മാർ എന്നിവരും. തുറമുഖത്തെ കൊതുകുപ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണുക എന്നതായിരുന്നു ലക്‌ഷ്യം. അവർക്ക് മുൻപിൽ ഞങ്ങളൊരു പരിഹാര രീതി സമർപ്പിച്ചു . അതവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ആ മീറ്റിംഗ് ഡെപ്യൂട്ടി ചെയർമാൻ ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു . “മർമ്മഗോവ പോർട്ട് ട്രസ്റ്റും മലേറിയ റിസർച്ച് സെന്ററുമായി ദീർഘമായ ഒരു ബന്ധം  തുടങ്ങാൻ കഴിയുമെന്ന  പ്രതീക്ഷയോടെ  നമുക്ക് പിരിയാം”. ആ പ്രതീക്ഷ സത്യമാവുകയും ചെയ്തു. ഒരുവർഷം എട്ടു ലക്ഷം രൂപ പ്രതിഫലത്തോടെ (പിന്നീട് അത് വർദ്ധിപ്പിച്ചു) മർമ്മഗോവ പോർട്ട് ട്രസ്റ്റ് ഞങ്ങളെ ഉപദേശകരായി നിയമിച്ചു. അത് നാലുവർഷത്തോളം നീണ്ടുനിന്നു. ഞങ്ങൾ ആഴ്ചയിൽ രണ്ടുദിവസം തുറമുഖം സന്ദർശിക്കുകയും കൊതുകുകളുടെ ഉറവിടം കണ്ടുപിടിക്കുകയും അവയ്ക്കുള്ള പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു. ഞങ്ങളതിനെ ജൈവ-എഞ്ചിനീയറിങ് രീതി (Bioengineering method) എന്നാണ് വിളിച്ചത്. കീടനാശിനികൾ ഉപയോഗിക്കാതെ കൊതുകുകളെ നിയന്ത്രിക്കുന്ന രീതിയായിരുന്നു അത്.

രോഗവാഹികൾ?  

അനഫലസ്, ഏഡിസ്, ക്യൂലക്സ് എന്നീ വിഭാഗങ്ങളിൽപ്പെട്ട  കൊതുകുകളെപ്പോലെ ‘ഭീകര’ രോഗവാഹികളല്ലെങ്കിലും ആർമിജറസ് സബാൽബേറ്റസ് തീർത്തും നിരുപദ്രവികളല്ല. പൂച്ചകളേയും പട്ടികളേയും ബാധിക്കുന്ന ഒരു മന്ത് വിരയാണ്  (filarial worm) ബ്രൂഗിയ പഹാൻഗി (Brugia pahangi). തായ്ലാൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ നല്ലൊരു ശതമാനം പൂച്ചകളിലും ഈ വിരകളെ കണ്ടെത്തിയിട്ടുണ്ട്. അപൂർവ്വമായി ഈ വിരകൾ മനുഷ്യരേയും ബാധിക്കുന്നതായി തായ്ലാൻഡിൽ നിന്നും മലേഷ്യയിൽ നിന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് രാജ്യങ്ങളിലും രോഗവാഹികളായി  കണ്ടെത്തിയത് ആർമിജറസ് സബാൽബേറ്റസ് കൊതുകുകളാണ്. ഇതിന് പുറമേ സിക്ക വൈറസ്, ജപ്പാൻ ജ്വര വൈറസ്, മനുഷ്യരെ ബാധിക്കുന്ന മന്ത് വിര (Wuchereria bancrofti ), പട്ടികളുടെ ഹൃദയത്തെ ബാധിക്കുന്ന വിരകൾ (Dilofilaria immitis) എന്നിവയും ആർമിജറസ് സബാൽബേറ്റസിൽ കണ്ടെത്തിയിട്ടുണ്ട്.

മുട്ടകൾ വഹിച്ചു പറക്കുന്ന ആർമിജറസ്

ആർമിജറസ് കൊതുകുകൾ പൊതുവേ മുട്ടകൾ കൂട്ടമായല്ല ഇടുന്നതെങ്കിലും ആർമിജറസ് ഫ്ളേവസ് (Armigeres flavus) എന്ന സ്പീഷീസ് കൂട്ടമായാണ് മുട്ടയിടുന്നത്. ഇങ്ങനെ ഇടുന്ന മുട്ടക്കൂട്ടം അവ കാലുകൾക്കിടയിൽ തിരുകിവെച്ച് മുട്ടയിടേണ്ട സ്ഥലത്തേക്ക് പറന്നുപോകും. മുളന്തണ്ടുകളുടെ പൊള്ളയായ അകം ഭാഗത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് അവ മുട്ടയിടുന്നത്. ചെറിയ ദ്വാരങ്ങളിലൂടെ മുട്ട തിരുകിക്കയറ്റുകയാണ് ചെയ്യുന്നത്!

എങ്ങനെ നിയന്ത്രിക്കാം?

നിങ്ങളുടെ വീട്ടിൽ  ആർമിജറസ് സബാൽബേറ്റസിന്റെ ശല്യമുണ്ടോ? ഉണ്ടെങ്കിൽ ആദ്യം പരിശോധിക്കേണ്ടത് സെപ്റ്റിക്ക് ടാങ്കുകളാണ്. നിങ്ങളുടെ വീട്ടിലെയും തൊട്ടടുത്ത വീടുകളിലേയും. ഒന്നുകിൽ ടാങ്കുകളിൽ വിള്ളലുകളും ദ്വാരങ്ങളുമുണ്ടാകും. അല്ലെങ്കിൽ തുറന്നുവെച്ച വാതകക്കുഴലുണ്ടാകും. വിള്ളലുകളും ദ്വാരങ്ങളും സിമന്റ് വെച്ചടയ്ക്കാം. വാതകക്കുഴലിന്റെ അഗ്രഭാഗത്ത് ഒരു കഷണം വലകെട്ടി അടച്ചുവയ്ക്കാം. ക്രമേണ കൊതുകുശല്ല്യം  കുറഞ്ഞുകുറഞ്ഞുവരും. ഗോവയിലെ അനേകം ഹൌസിങ് കോളനികളിൽ ഈ ‘ചൊട്ടുവിദ്യ’  പ്രയോഗിച്ച് വിജയം കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിയിൽ തന്നെ കൊതുകുകൾക്ക് അനേകം ശത്രുക്കളുണ്ട്. തവളകൾ, തുമ്പികൾ, എട്ടുകാലികൾ, വവ്വാലുകൾ, ചിലതരം പക്ഷികൾ തുടങ്ങിയവയൊക്കെ കൊതുകുതീനികളാണ്.

ആനറാഞ്ചിപ്പക്ഷികൾ (Black Drongo bird – Dicrurus macrocercus ) കക്കൂസ് ടാങ്കിൽ നിന്നും വാതകക്കുഴൽ വഴി പുറത്തുവരുന്ന നൂറുകണക്കിന്  ആർമിജറസ് സബാൽബേറ്റസ് കൊതുകുകളെ നിമിഷങ്ങൾക്കകം അകത്താക്കുന്നത് കണ്ടിട്ടുണ്ട് (ഫോട്ടോ കാണുക).

അധികവായനയ്ക്ക് 

  1. Coquillett D W (1898). “Report on a collection of Japanese Diptera, presented to the U.S. national museum by the Imperial University of Tokyo.” Proceedings of the United States National Museum, 21: 301-340.
  2. Intarapuk A, Bhumiratana A (2021). Investigation of Armigeres subalbatus, a vector of zoonotic Brugia pahangi filariasis in plantation areas in Suratthani, Southern Thailand. One Health, 13 (2021):100261
  3. Miyagi I, Toma T, Okazawa T, Mogi M, Hashim R (2005). Female Armigeres (Leicesteria) flavus  holding an egg raft with her hind leg.  Journal of the American Mosquito Control Association, 21(4):466-468.
  4. Muslim A, Mun-Yik Fong MY, Mahmud R,  Lau YL,  Sivanandam S (2013). Armigeres subalbatus incriminated as a vector  of zoonotic Brugia pahangi filariasis in suburban  Kuala Lumpur, Peninsular Malaysia. Parasites & Vectors, 6:219
  5. Yang et al. (2022).  Armigeres subalbatus is a potential vector for Zika virus but not dengue virus. Infectious Diseases of Poverty, 11: 62

 

കൊതുകിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വീഡിയോകൾ

കൊതുകു ലേഖനങ്ങൾ

വായിക്കാം

 

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പിടിക്കപ്പെടും… നിറംമാറ്റത്തിലൂടെ!
Next post കോലം മാറുന്നതു കാലം – വഴിക്കുരുക്കിൽപ്പെട്ട പൂവ് 15
Close