Read Time:12 Minute


ബാലചന്ദ്രൻ ചിറമ്മൽ

സയൻസ് ഫിക്ഷൻ സിനിമകളെ പരിചയെപ്പെടുത്തുന്ന പംക്തിയിൽ 1979ൽ പുറത്തിറങ്ങിയ ഏലിയൻ (Alien) എന്ന സിനിമയെക്കുറിച്ച് വായിക്കാം

അന്യഗ്രഹജീവികളെ പറ്റിയുള്ള ആദ്യത്തെ മികച്ച ചിത്രമാണ് ഏലിയൻ. അതിന് മുൻപും അന്യഗ്രഹജീവികളെ കുറിച്ച് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഏലിയൻ അവയെയൊക്കെ നിഷ്പ്രഭമാക്കിക്കളഞ്ഞു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലെ ഏറ്റവും മികച്ച പത്ത് സയൻസ് ഫിക്ഷൻ സിനിമകളിലൊന്നായി ഇതിനെ തെരെഞ്ഞെടുത്തിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുപ്പത്തിമൂന്ന് ചിത്രങ്ങളിലൊന്നായി എമ്പയർ മാഗസിനും ഏലിയനെ തെരെഞ്ഞെടുത്തിട്ടുണ്ട്. അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസ് ചിത്രത്തെ നാഷണൽ ഫിലിം റെജിസ്റ്റ്രിയിൽ സൂക്ഷിക്കേണ്ട സിനിമകളിലൊന്നായാണ് വിലയിരുത്തിയത്.

ബ്ലെയിഡ് റണ്ണർ , ദ മാർഷ്യൻ തുടങ്ങിയ മികച്ച സയൻസ് ഫിക്ഷൻ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച റിഡ്ലി സ്കോട്ട് തന്നെയാണ് ഏലിയനും സംവിധാനം ചെയ്തത്. അദ്ദേഹത്തിൻറെ ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയാണിത്, രണ്ടാമത്തെ സിനിമയും. ചിത്രത്തിൻറെ സ്പെഷ്യൽ എഫൿറ്റിന് ഓസ്കാറും ലഭിച്ചിട്ടുണ്ട്.

1979 ൽ ഏലിയൻ പുറത്തിറങ്ങിയ ശേഷം അതിനെ പിന്തുടർന്ന് കൊണ്ട് ഏലിയന് നിരവധി അനുകരണങ്ങളാണ് ഉണ്ടായത് . ഏലിയൻ 1, 2, 3 എന്നിവ കൂടാതെ ഏലിയൻ കഥാപാത്രമായി നിരവധി സിനിമകൾ പുറത്തിറങ്ങി. 2017 ൽ പുറത്തിറങ്ങിയ ‘ഏലിയൻ ”കവനെന്റ്” ആണ് ഏറ്റവും ഒടുവിലത്തെ സിനിമ.

നിരവധി വർഷങ്ങൾക്കപ്പുറത്ത് ഗ്രഹങ്ങൾ തമ്മിൽ വാണിജ്യബന്ധം വികസിച്ച ഒരു കാലത്താണ് കഥ നടക്കുന്നത്. വാണിജ്യ ബഹിരാകാശ വാഹനമായ ‘നോസ്ട്രോമോ’ ഭൂമിയിലേക്ക് ചരക്കുകളുമായി വരുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്. ലോഹ അയിരുമായാണ് പേടകം വരുന്നത്. പേടകത്തിൽ ഏഴ് ജോലിക്കാരാണുണ്ടായിരുന്നത്. ക്യാപ്റ്റൻ ഡാളസ്, എക്സിക്യൂട്ടീവ് ഓഫീസർ കെയ്ൻ, വാറണ്ട് ഓഫീസർ റിപ്ലി, നാവിഗേറ്റർ ലാംബർട്ട്, സയൻസ് ഓഫീസർ ആഷ്, രണ്ട് എഞ്ചിനീയർമാർ, പാർക്കറും ബ്രെറ്റും. അപ്പോഴാണ് വിചിത്രമായ ഒരു റേഡിയോ സന്ദേശം തൊട്ടടുത്ത ഒരു ഗ്രഹത്തിൽ നിന്നും വരുന്നത് പേടകത്തിലെ കമ്പ്യൂട്ടറിൻറെ ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ വിവരം പേടകത്തിലെ ജോലിക്കാരെ അറിയിക്കുകയും ചെയ്തു. ഇത്തരം സന്ദേശങ്ങൾ വന്നാൽ ഉടൻ അത് അന്വേഷിക്കണമെന്നാണ് കമ്പനിയുടെ മാർഗനിർദേശം.  അവർ ആ നിർദ്ദേശം പിന്തുടരുകയും ചെയ്തു.. ജോലിക്കാർ മാതൃപേടകത്തിൽ നിന്നും അപ്പോൾ തന്നെ മറ്റൊരു ഉപപേടകത്തിൽ അവിടേക്ക് പുറപ്പെട്ടു. ക്യാപ്റ്റൻ ഡാളസ്, എക്സിക്യൂട്ടീവ് ഓഫീസർ കെയ്ൻ, നാവിഗേറ്റർ ലാംബർട്ട് എന്നിവർ ഗ്രഹത്തിൽ കാര്യങ്ങൾ അന്വേഷിക്കാനായി ഉപപേടകത്തിൽ നിന്നും ഗ്രഹത്തിൽ ഇറങ്ങി. മറ്റുള്ളവർ പേടകത്തിൽ തന്നെ തങ്ങുകയും ചെയ്തു. പെട്ടെന്ന് ഇറങ്ങിയത് കൊണ്ട് ഉപപേടകത്തിന് സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിൽ അവർ വ്യാപൃതരായി.

പുറത്തിറങ്ങിയവർ പ്രസ്തുത സിഗ്നലുകൾ വരുന്നത് ഒരു ബഹിരാകാശ പേടകത്തിൽ  നിന്നാണ് എന്ന് കണ്ടെത്തി. അത് തകർന്ന നിലയിലയിരുന്നു. അതിനകത്ത് കൊല്ലപ്പെട്ട ഒരു വിചിത്ര ജീവിയുടെ അവശിഷ്ടങ്ങൾ അവർ കണ്ടെത്തി. ശരീരത്തിനകത്ത് നിന്നും എന്തോ പൊട്ടിത്തെറിച്ച് തകർന്ന നിലയിലായിരുന്നു ആ ജീവി.

ഇതിനിടയിൽ മാതൃപേടകത്തിലെ കമ്പ്യൂട്ടർ ആ സന്ദേശത്തെ ഭാഗികമായി ഡീകോഡ് ചെയ്തു കഴിഞ്ഞിരുന്നു. അത് ഒരു വിപൽ സന്ദേശമായിരുന്നു എന്നും എന്തോ അപകടസൂചനയാണ് അത് നൽകുന്നത് എന്നും അതിന് മനസിലായി. എങ്കിലും പ്രസ്തുത സന്ദേശം ജോലിക്കാർക്ക് അയച്ച് കൊടുക്കാൻ അതിന് കഴിഞ്ഞില്ല. ഉപപേടകത്തിൽ അതിനുള്ള സൗകര്യം ഇല്ലായിരുന്നു.

തകർന്ന പേടകത്തിനുള്ളിൽ നിരവധി മുട്ടകൾ അടങ്ങിയ ഒരു അറ കെയ്ൻ കണ്ടെത്തി, അതിൽ ഒന്ന് വിരിയുകയും അതിനകത്ത് നിന്നു പുറത്ത് വന്ന ഒരു വിചിത്ര ജീവി കെയിനിൻറെ മുഖത്ത് പറ്റിപ്പിടിക്കുകയും ചെയ്തു. അതോടെ കെയിൻ അബോധാവസ്ഥയിലായി. ഡാളസും ലാംബർട്ടും അബോധാവസ്ഥയിലുള്ള കെയ്നെ നോസ്ട്രോമോയിലേക്ക് കൊണ്ടുപോകുന്നു, അവരെ പേടകത്തിനകത്തേക്ക് കയറ്റാൻ വാറൻറ് ഓഫീസർ റിപ്ലി വിസമ്മതിച്ചു. പേടകത്തിലെ നിയമപ്രകാരം ക്വാറൻറൈൻ കഴിഞ്ഞ് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നാണ് നിയമം. എന്നാൽ റിപ്ലിയുടെ നിർദ്ദേശങ്ങളെ മറികടന്ന് സയൻസ് ഓഫീസർ ആഷ് അവരെ പേടകത്തിനകത്ത് കയറ്റി. കേനിന്റെ മുഖത്ത് നിന്ന് ആ ജീവിയെ നീക്കം ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ അല്പം കഴിഞ്ഞപ്പോൾ ആ ജീവി തന്നെ കെയിനിൻറെ മുഖത്ത് നിന്നും സ്വയം വേർപെടുകയും ഉടനെ തന്നെ മരിച്ച് വീഴുകയും ചെയ്തു. അതിൻറെ രക്തം വളരെ അപകടകാരിയായ ഒരു തരം ആസിഡ് ആണെന്ന് അവർക്ക് മനസ്സിലായി. ആ രക്തം വീണ സ്ഥലങ്ങളിൽ പേടകത്തിൻറെ ഭാഗങ്ങൾ ഉരുകിപ്പോയി.  കപ്പൽ നന്നാക്കി, ക്രൂ ഭൂമിയിലേക്കുള്ള യാത്ര പുനരാരംഭിക്കുന്നു.

കെയ്ൻ അബോധാവസ്ഥയിൽ നിന്നും ഉണരുകയും മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുകയും ചെയ്യുന്നു. അപ്പോൾ പെട്ടെന്ന് അദ്ദേഹത്തിൻറെ നെഞ്ച് പിളർന്ന് ഒരു ജീവി പുറത്ത് വരികയും പെട്ടെന്ന് തന്നെ പേടകത്തിനകത്ത് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അതോടെ കെയിൻ മരിക്കുന്നു.

പേടകത്തിനകത്ത് ഒളിഞ്ഞ് കിടക്കുന്ന ഏലിയനെ കണ്ടെത്താൻ സംഘം ശ്രമം ആരംഭിച്ചു. അതിൽ ഉണ്ടായിരുന്ന അവരുടെ ഒരു പൂച്ചയെ പിന്തുടർന്ന ബ്രെറ്റ് ഏലിയനെ കണ്ടെത്തി. അപ്പോഴേക്കും അത് സാധാരണ മനുഷ്യൻറെ വലിപ്പം വെച്ചിരുന്നു. ഏലിയൻ ഉടൻ ബ്രെറ്റിനെ ആക്രമിച്ച് കൊന്ന് പേടകത്തിലെ എയർ ഷാഫ്ടിനകത്തേക്ക് രക്ഷപെട്ടു. അതിനെ അവിടെ നിന്നും തുരത്താൻ ഫ്ലെയിം ത്രൊവെറു ( തീ പുറത്തേക്ക് തള്ളുന്ന ഒരു യന്ത്രം)മായി അവിടേക്ക് കുതിച്ച ഡള്ളാസിനേയും ഏലിയൻ ആക്രമിച്ച് കൊല്ലുകയും അദ്ദേഹത്തിൻറെ ശരീരവുമായി രക്ഷപ്പെടുകയും ചെയ്തു.

നോസ്ട്രോമോയുടെ ഷട്ടിലിലേക്ക് രക്ഷപ്പെടാൻ ബാക്കിയുള്ള ക്രൂ അംഗങ്ങളോട് ലാംബർട്ട് അഭ്യർത്ഥിക്കുന്നു, എന്നാൽ ഷട്ടിൽ നാല് ആളുകളെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞ് റിപ്ലി അതിനെ എതിർക്കുന്നു.

റിപ്ലി പേടകത്തിലെ കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ ഏലിയനെ കുറിച്ച് അധികാരികൾക്ക് അറിയാമെന്നും എന്ത് വില കൊടുത്തും അതിനെ ജീവനോടെ ഭൂമിയിൽ എത്തിക്കാൻ അവർ നിർദേശം നൽകിയെന്നും അറിയാൻ കഴിഞ്ഞു. ഈ വിവരം മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചപ്പോൾ ആഷ് അതിന് തടസ്സം നിൽക്കുകയും റിപ്ലിയെ അയാൾ ആക്രമിക്കുകയും ചെയ്തു.  റിപ്ലിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പാർക്കർ ആഷിനെ ആക്രമിച്ചു. അപ്പോഴാണ് ആഷ് ഒരു യന്ത്രമനുഷ്യനായിരുന്നു എന്ന് അവർ അറിയുന്നത്. കമ്പനിയുടെ തന്ത്രങ്ങൾ അയാൾ മുഖാന്തരമായിരുന്നു കമ്പനി നടത്തിക്കൊണ്ടിരുന്നത്.  ആഷിൻറെ അവശിഷ്ടങ്ങൾ പഠിക്കുമ്പോഴാണ് കമ്പനിയുടെ ഉദ്ദേശം അവർക്ക് മനസ്സിലാവുന്നത്. അപ്പോൾ തന്നെ  പാർക്കർ ആഷിനെ ചുട്ടെരിച്ചു. ബാക്കിയുള്ളവർ പേടകത്തെ നശിപ്പിച്ച് അതിൻറെ ഷട്ടിൽ വാഹനത്തിൽ രക്ഷപ്പെടാനുള്ള ഒരു പദ്ധതി തയ്യാറാക്കി. ഇതിനിടയിൽ പൂർണ വളർച്ചയെത്തിയ ഏലിയൻ പാർക്കറെയും ലാംബർട്ടിനെയും കൊന്ന് കളഞ്ഞു. നിരാശയായ റിപ്ലി പേടകം നശിപ്പിക്കാനുള്ള നിർദ്ദേശം കമ്പ്യൂട്ടറിന് നൽകിയെങ്കിലും ഏലിയൻ ഷട്ടിലിലേക്ക് രക്ഷപ്പെടാനുള്ള വഴിയിൽ തടസ്സമായി നിന്നു.

അപ്പോഴേക്കും പേടകം നശിപ്പിക്കാനുള്ള നിർദേശം കമ്പ്യൂട്ടർ നടപ്പാക്കി ത്തുടങ്ങിയിരുന്നു. അത് നിർത്തിവെക്കാൻ റിപ്ളി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ രണ്ടും കൽപ്പിച്ച് റിപ്ലി ഷട്ടിലിലേക്ക് കുതിച്ചു. അവൾ ഷട്ടിലിലേക്ക് സുരക്ഷിതമായി എത്തുമ്പോൾ പിന്നിൽ പേടകം പൊട്ടിത്തകരുന്നതാണ് അവൾ കണ്ടത്.

അവൾ ഷട്ടിലിൽ പ്രവേശിക്കുമ്പോൾ, ഏലിയനും അവളോടൊപ്പം ഷട്ടിലിൽ പ്രവേശിക്കുന്നു. റിപ്ലി സ്പെയ്സ് സൂട്ട് ധരിച്ച് എക്സ്റ്റീരിയർ ഹാച്ച് തുറന്ന്  ഏലിയനെ പുറന്തള്ളാൻ ശ്രമം നടത്തി. എന്നാൽ ഏലിയൻ വാതിലിൻറെ പിടിയിൽ പിടിച്ചു നിന്നു. ഒടുവിൽ റിപ്ലി ഒരു വിധം അതിനെ ഷട്ടിലിൽ നിന്നും പുറത്തേക്ക് തെറിപ്പിച്ചു. വാതിൽ അടച്ച് അവൾ ഭൂമിയിലേക്കുള്ള യാത്ര  സുരക്ഷിതമായി തടർന്നു.

ആധുനിക സയൻസ് ഫിക്ഷൻ സിനിമകളിലെ അന്യഗ്രഹജീവികൾ കഥാപാത്രമായി വരുന്ന സിനിമകളുടെ വിഭാഗങ്ങളിൽ മഹത്തായ തുടക്കം കുറിച്ച ചിത്രമാണ് ഈ സിനിമ. അത് കൊണ്ട് തന്നെ വളരെയധികം പ്രാധാന്യമർഹിക്കുന്നതും.


സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന പംക്തിയിലെ മറ്റു കുറിപ്പുകൾ




Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post കോവിഡ് -19 വാക്സിനുകളും ബ്രേക്ക്ത്രൂ  രോഗപ്പകർച്ചയും – നമ്മൾ ആശങ്കപ്പെടേണ്ടതുണ്ടോ ?
Next post വാക്സിൻ മിക്സിംഗും ICMR പഠനവും
Close