Read Time:14 Minute


ബാലചന്ദ്രൻ ചിറമ്മിൽ

ചലച്ചിത്രങ്ങളുടെ ആദ്യകാലം

1885 ഡിസംബർ 28 ന് പാരീസിൽ തങ്ങളുടെ ആദ്യത്തെ സിനിമ പ്രദർശിപ്പിക്കുമ്പോൾ ലൂമിയർ സഹോദരങ്ങൾ ഒരിക്കലും ചിന്തിച്ചിരുന്നിരിക്കില്ല ലോകത്തെ അപ്പാടെ വിസ്മയത്തിന്റെ തുരുത്തിലേക്ക് നയിക്കുന്ന ഒരു വലിയ കുടത്തിന്റെ അടപ്പാണ് തങ്ങൾ ഇപ്പോൾ തുറന്നിരിക്കുന്നത് എന്ന്. വെറും 3 മിനുട്ട് മാത്രം ദൈർഘ്യമുള്ള ചലിക്കുന്ന ആ ചിത്രം കോടിക്കണക്കിന് ഡോളർ വിറ്റ് വരവുമുള്ള ഒരു വൻ വ്യവസായമായി വളർന്നു.

ലൂമിയർ സഹോദരങ്ങളുടെ പേരിലാണ് സിനിമ അറിയപ്പെടുന്നതെങ്കിലും എത്രയോ ആളുകൾ അതിന്റെ കണ്ടുപിടുത്തത്തിൽ പങ്കാളികളായിട്ടുണ്ട്. അവരുടെയൊക്കെ അധ്വാനത്തിന്റെ പരിസമാപ്തിയാണ് ലൂമിയർ സഹോദരങ്ങൾ പാരീസിൽ പ്രദർശിപ്പിച്ചത്. അന്ന് തൊട്ട് ഇന്ന് വരെ സിനിമ ഒരു കല എന്ന നിലയിൽ നിരന്തരം വികാസം പ്രാപിച്ച് കൊണ്ടിരുന്നു. നിശബ്ദസിനിമയിൽ നിന്ന് ശബ്ദത്തിലേക്കും നിറമില്ലായ്മയിൽ നിന്ന് വർണത്തിലേക്കും 35 എം എം ൽ നിന്ന് സിനിമാസ്കോപ്പിലേക്കും ഒക്കെ മാറി വളർന്ന്  അത് പുതിയ ചരിത്രം സൃഷ്ടിച്ച് മുന്നേറി.

ലൂമിയർ സഹോദരങ്ങൾ പ്രദർശിപ്പിച്ച ആദ്യത്തെ ചലച്ചിത്രം ഒരു ഡോക്യുമെന്ററിയായിരുന്നു. ഒരു തീവണ്ടി ഒരു സ്റ്റേഷനിൽ വന്ന് നിൽക്കുന്ന സിനിമയായിരുന്നു അത്. പിന്നീടിങ്ങോട്ട് ഏറെക്കാലം സിനിമ ഡോക്യുമെന്ററി ആയി തന്നെ തുടർന്നു. ആദ്യത്തെ ഫിക്ഷൻ ചിത്രം വളരെക്കഴിഞ്ഞ് പുറത്തിറങ്ങി. അപ്പോഴാണ് ഇതിന്റെ വാണിജ്യസാധ്യത മുതലാളിത്തം  തിരിച്ചറിയുന്നത്. പിന്നീട് സിനിമയുടെ വികാസം ദ്രുതഗതിയിലായിരുന്നു. സിനിമ ഫിക്ഷൻ എന്നും ഡോക്യുമെന്ററി എന്നും വേർതിരിക്കപ്പെട്ടു. ഡോക്യുമെന്ററികൾ ഇപ്പോഴും അതിന്റെ വിപ്ലവപരത നിലനിർത്തിക്കൊണ്ട് നിലനിൽക്കുന്നു. ഇവയുടെ രണ്ടിന്റെയും ഇടയിൽ നിൽക്കുന്ന ഡോക്യുഫിക്ഷനുകളും സിനിമയുടെ ചരിത്രത്തിൽ സ്ഥാനം നേടി.

ശാസ്ത്രസിനിമകൾ

ലൂമിയർ സഹോദരങ്ങൾ ആദ്യത്തെ സിനിമ പ്രദർശിപ്പിച്ച് അധികം കഴിയുന്നതിന് മുൻപ് തന്നെ ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയും പ്രദർശിപ്പിക്കപ്പെട്ടു. ഫ്രാൻസ് ആയിരുന്നു ആദ്യത്തെ സയൻസ് സിനിമയുടെ വേദി. “എ ട്രിപ് റ്റു മൂൺ” എന്ന ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമ 1902 ൽ പ്രശസ്ത നോവലിസ്റ്റ് ജൂൾസ് വേർണിയുടെ “ഫ്രം എർത്ത് റ്റു മൂൺ” എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചത്. ഇതിന് പിന്നീട് ഒരു രണ്ടാം ഭാഗവും വന്നിട്ടുണ്ട്. വേർണിയുടെ നിരവധി നോവലുകൾ സിനിമയായിട്ടുണ്ട്- 2000 ലീഗ്സ് അണ്ടർ ദ സീ, ജേർണി റ്റു ദ സെന്റർ ഓഫ് ദ ഏർത്ത് എന്നിവ എടുത്ത് പറയത്തക്കവിധം മികച്ചതാണ്. ഇവക്ക് പല റീമെയ്ക്കുകളും വന്നിട്ടുണ്ട്. ഇന്നത്തെ സയൻസ് ഫിക്ഷൻ സിനിമകളുമായി ഒരു താരതമ്യവും അർഹിക്കാത്ത വിധം അങ്ങേയറ്റം പ്രാചീനമായിരുന്നു “എ ട്രിപ് റ്റു മൂൺ”. പക്ഷെ അന്ന് ഈ സിനിമ ബോക്സോഫീസ് ചരിത്രം തന്നെ തിരുത്തിയെഴുതി. സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ സൂപ്പർ ഹിറ്റ് ആയിരുന്നു ചിത്രം. ഈ സിനിമയെ അക്കാലത്ത് പല രാജ്യങ്ങളിലെയും സിനിമാക്കമ്പനികൾ “മോഷ്ടിച്ചുവത്രെ.

എ ട്രിപ് റ്റു മൂൺ – ചന്ദ്രനിലേക്കൊരു യാത്ര

പിന്നീടിങ്ങോട്ട് ശാസ്ത്രസിനിമകൾ ചലച്ചിത്രത്തിന്റെ ഭാഗമായി വികസിച്ചു. അവ ചലച്ചിത്രത്തിന്റെ തലവര തന്നെ മാറ്റിവരച്ചു. നേരത്തെ പറഞ്ഞ 2000 ലീഗ്സ് അണ്ടർ ദ സീ, ഫ്രാങ്കെൻസ്റ്റീൻ, എ മെസേജ് ഫ്രം മാർസ്, തുടങ്ങി ഏറ്റവും ഒടുവിൽ നോളന്റെ “ടെനെറ്റ്” വരെ നീണ്ടു കിടക്കുന്നു അതിന്റെ ലിസ്റ്റ്.

2001: എ സ്പേസ് ഒഡീസി’ – ശാസ്ത്രസിനിമകളിലെ നാഴികക്കല്ല്

എന്നാൽ സ്റ്റാൻലി കുബ്രിക്കിന്റെ 1968 ലെ ക്ലാസ്സിക് സിനിമ “2001: എ സ്പേസ് ഒഡീസി’’ ശാസ്ത്രസിനിമയുടെ തലവര മാറ്റിക്കുറിച്ച ചിത്രമാണ്.   മനുഷ്യന്റെ ശാസ്ത്രാന്വേഷണങ്ങളുടെ ത്വര നമ്മെ കാട്ടിത്തരുന്ന അനുപമമായ ചിത്രമാണ് ഇത്. ആർതർ സി ക്ലാർക്കുമായി ചേർന്നെഴുതിയ തിരക്കഥയിൽ അധിഷ്ഠിതമായ ഈ സിനിമ ലോക ബോക്സോഫീസ് ചരിത്രം തിരുത്തിയെഴുതിയ സിനിമ കൂടിയാണ്. ആർതർ സി ക്ലാർക്കിന്റെ ചെറുകഥാസമാഹാരമായ “ദ സെന്റിനൽ” ആണ് സിനിമക്ക് ആധാരമായി സ്വീകരിച്ചത്.

ആർതർ സി ക്ലാർക്ക്

ശാസ്ത്രീയമായ കൃത്യത, സംഭാഷണങ്ങളുടെ മിതത്വം, അവതരണത്തിലെ മികവ്, പരിസരത്തോട് ഇണങ്ങിച്ചേരുന്ന സംഗീതം എന്നിവ കൊണ്ട് ലോക ക്ലാസ്സിക്കായി മാറിയ ഈ സിനിമയെ വെല്ലാൻ ഇത് വരെ മറ്റൊരു ശാസ്ത്ര സിനിമക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെയാണ് ലോകത്തിലെ മികച്ച 90 ചിത്രങ്ങളിലൊന്നായി ഐഎംഡിബിയും, 4 സ്റ്റാർ റേറ്റിങ് റൊഗർ എബേർടും, 92% റോട്ടൻ റ്റൊമാറ്റോയും  ഈ ചിത്രത്തിന് നൽകിയത്.

മനുഷ്യവംശത്തിന്റെ വികാസത്തിന്റെ ചരിത്രത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. നാല് വ്യത്യസ്തഭാഗങ്ങളാണ് സിനിമക്കുള്ളത്. ഈ നാല് ഭാഗങ്ങളെയും ഒരുമിപ്പിക്കുന്നത് ഒരേ വസ്തുവാണ്; ഒരു ഏകശിലാസ്തംഭം. ഈ “അജ്ഞാത് വസ്തു” എന്താണ് എന്ന് പറയാതെയാണ് സിനിമ അവസാനിക്കുന്നത് എങ്കിലും അനാദിയായ ഒരു കാലത്ത് അങ്ങേയറ്റം ബുദ്ധിവികാസം പ്രാപിച്ച ഒരു ബുദ്ധികേന്ദ്രത്തിന്റെ സൂചന നമുക്ക് കുരുക്കഴിച്ചെടുക്കാം. അതിന്റെ സ്വാധീനം ആദിമനുഷ്യന്റെ മാത്രമല്ല സമകാലീന മനുഷ്യന്റെ ബുദ്ധിനിലവാരത്തിൽ പോലും ഉണ്ടാക്കുന്ന മാറ്റം സിനിമയിലൂടെ പറയുന്നുണ്ട് കുബ്രിക്ക്.

 

നാല് ഖണ്ഡങ്ങളായി കഥ പറയുന്ന സിനിമയിലെ ആദ്യഖണ്ഡം  തുടങ്ങുന്നത് പ്രാകൃതമായ ഒരു കാലത്ത് ആഫ്രിക്കൻ സമൂഹത്തിലാണ്. അവിടെ പരസ്പരം പോരാടുന്ന രണ്ട് ഗോത്രങ്ങളിൽ ഒന്നിന്റെ മുന്നിൽ ഒരു അസാധാരണമായ ശിലാകഷണം പ്രത്യക്ഷപ്പെടുകയും അത് അവരെ ആയുധങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നിടത്ത് നിന്ന് സിനിമ രണ്ടാം ഖണ്ഡത്തിലേക്ക് കടക്കുന്നു. രണ്ടാം ഖണ്ഡത്തിൽ ഇതേ ശിലയെ പഠിക്കാൻ പോകുന്ന ഒരു ശാസ്ത്രസമൂഹത്തിനെയാണ് നാം കാണുന്നത്.  ഏതാനും മാസങ്ങൾ കഴിഞ്ഞ് മറ്റൊരു ശാസ്ത്രപേടകം അതേ ശിലാഖണ്ഡം പഠിക്കാൻ പുറപ്പെടുന്നു. പൂർണമായും കമ്പ്യൂട്ടർ നിയന്ത്രിതമായ ഈ യാത്ര പക്ഷെ വിചാരിച്ചത് പോലെ മുന്നോട്ട് പോയില്ല. അവരെ നിയന്ത്രിച്ച കമ്പ്യൂട്ടർ തന്നെ അവർക്ക് കുരുക്ക് തീർക്കുന്നു. അതിന് ശേഷം അതിലെ ബാക്കിയായ ശാസ്ത്രജ്ഞന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പ്രയാസങ്ങളുമാണ് നാലാം ഖണ്ഡം.

മനുഷ്യന്റെ ശാസ്ത്രീയവികാസങ്ങളുടെ വേരുകൾ തേടിയുള്ള ഒരു ചലച്ചിത്രകാരന്റെ യാത്രകളായിട്ടാണ് ഈ സിനിമ നമുക്ക് മുൻപിൽ വെളിപ്പെടുന്നത്. അജ്ഞാതവും അരൂപിയുമായ അറിവുകളുടെ ശിലാഖണ്ഡങ്ങൾ മനുഷ്യന്റെ അന്വേഷണത്വരയുടെ വേരുകൾ മാത്രമാണ്. ഈ അന്വേഷണങ്ങളുടെ ഇടതടവില്ലാത്ത യാത്രകളാണ് മനുഷ്യനെ ഇന്നത്തെ അവസ്ഥയിലേക്ക് പരിണമിപ്പിച്ചത്. ഇനിയും എത്രയോ കാതങ്ങൾ നമുക്ക് പോകാനുള്ളതും ഇതേ വഴിയിലൂടെ മാത്രമാണ്.

തർക്കോവ്സ്കിയുടെ പ്രസിദ്ധമായ സൊളാരിസ്” എന്ന സിനിമക്കെതിരെയുള്ള അമേരിക്കൻ പ്രതികരണമായി ഈ സിനിമയെ പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും ഈ രണ്ട് സിനിമകളും തമ്മിൽ ഒരു സാമ്യവുമില്ല, ട്രീറ്റ്മെന്റിലായാലും പ്രമേയത്തിലായാലും. തർക്കോവ്സ്കിയുടെ സിനിമ മനുഷ്യന്റെ ഒറ്റപ്പെടലുകൾക്കെതിരെയുള്ള മനശ്ശാസ്ത്രപരമായ പ്രതികരണമാണെങ്കിൽ കുബ്രിക്കിന്റെ സിനിമ മനുഷ്യന്റെ ശാസ്ത്രവികാസത്തോടുള്ള പ്രതികരണമാണ് കാണിക്കുന്നത്.

തർക്കോവ്സ്കി ചിത്രകലയോടാണ് ആഭിമുഖ്യം പുലർത്തിയതെങ്കിൽ കുബ്രിക്ക് സംഗീതത്തോടാണു ആഭിമുഖ്യം പുലർത്തിയത്. റിച്ചാർഡ് സ്റ്റ്രൌസ്സിന്റെയും ജൊഹാൻ സ്റ്റ്രൌസിന്റെയും ഗ്ഗോർഗിലിഗേറ്റിയുടെയും ഒക്കെ ക്ലാസ്സിക്കൽ സംഗീതം സുലഭമായി ഉപയോഗിച്ചിട്ടുണ്ട് കുബ്രിക്ക്. മാത്രമല്ല ഇഴഞ്ഞ് നീങ്ങുന്ന സിനിമക്ക് യോജിക്കുന്ന വിധം വളരെ സൂക്ഷ്മമായാണ് ഇതിൽ സംഗീതം വിന്യസിച്ചിരിക്കുന്നത്.

ആന്ദ്രേ റുബാലെവിന്റെ ഐകോണുകളും , ഡാവിൻസിയുടെയും ബ്രൂഗേലിന്റെയും റംബ്രാന്റിന്റെയും ഒക്കെ ചിത്രങ്ങളും ആണ് തർകോവ്സ്കി പ്രയോജനപ്പെടുത്തിയത്.

സ്റ്റാൻലി കുബ്രിക്

അമേരിക്കൻ ബ്രിട്ടീഷ് സിനിമകളുടെ സഹജമായ സോവിയറ്റ് വിരോധം ഉൾച്ചേർക്കുന്നതിന് പതിവ് പോലെ കുബ്രിക്കും സമയം കണ്ടെത്തിയെങ്കിലും സിനിമയിൽ അധികം രാഷ്ട്രീയ വിവക്ഷകൾ പരാമർശിക്കുന്നില്ല സംവിധായകൻ. അമേരിക്കയുടെ രാഷ്ട്രീയ ഉള്ളടക്കത്തിലേക്ക് ഒളിച്ച് നോക്കുന്നതാണ് എപ്പോഴും സോവിയറ്റ് യൂനിയന്റെ പതിവ് രീതി എന്ന നിലയിലാണ് തുടക്കത്തിൽ ഡോക്റ്റർ ഫ്ലോയിഡും റഷ്യൻ ശാസ്ത്രജ്ഞന്മാരും തമ്മിലുള്ള സംഭാഷണം സൂചിപ്പിക്കുന്നത്.

കുബ്രിക്കിന്റെ സൂക്ഷ്മത ഇതിന്റെ ഓരോ ഫ്രെയിമിലും ദൃശ്യമാണ്. ഒരു സ്പെയിസ് ക്രാഫ്റ്റിൽ പോകുന്ന അനുഭവം കാണികളിലേക്ക്  വിന്യസിക്കാനാവശ്യമായ വിധം അത്ര മനോഹരമായാണ് കുബ്രിക്ക് സിനിമ ചിത്രീകരിച്ചത്.

ചില സിനിമകൾ ചരിത്രത്തോടൊപ്പം നടക്കുന്നവയാണ്. അവയുടെ ഉള്ളടക്കം ഒരു പ്രത്യേക കാലത്തിലേക്ക് ചുരുങ്ങുന്നവയല്ല. അവ മനുഷ്യൻ ഉള്ള കാലത്തോളം നില നിൽക്കുന്നതും എക്കാലത്തും സാംഗത്യമുള്ളതും ആയിരിക്കും. ചാപ്ലിൻറെ “ ദ ഗ്രെയിറ്റ് ഡിക്റ്റേറ്റർ”, ഡിസീക്കയുടെ “ബൈസിക്കിൾ തീവ്സ്”, ബെർഗ്മാന്റെ “സൈലൻസ്” ഒക്കെ അത്തരം ക്ലാസ്സിക്കുകളാണ്. ആ ശ്രേണിയിലെ മറ്റൊരു കനപ്പെട്ട കതിരാണ് കുബ്രിക്കിന്റെ “2001: എ സ്പേസ് ഒഡീസി’’

എല്ലിൻ കഷ്ണവും സാറ്റലൈറ്റും – 2001: എ സ്പേസ് ഒഡീസി’ യിലെ പ്രസിദ്ധമായ match cut

സിനിമയുടെ Trailer [1968]

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post LUCA TALK – പിടികിട്ടാപ്പുള്ളി ന്യൂട്രിനോ – രജിസ്റ്റർ ചെയ്യാം
Next post ഇലക്ഷൻ മഷി എന്താണ്?
Close