Read Time:8 Minute


ബാലചന്ദ്രൻ ചിറമ്മൽ

മനുഷ്യഭാവനയെ എക്കാലവും ത്രസിപ്പിച്ച ഒരു വിഷയമാണ് അന്യഗ്രഹ ജീവികൾ. അനന്തമായി പരന്ന് കിടക്കുന്ന പ്രപഞ്ചത്തെ നോക്കി എക്കാലവും അൽഭുതപ്പെടുന്ന മനുഷ്യൻ തനിക്ക് കൂട്ടായി ഈ പ്രപഞ്ചത്തിലെവിടെയെ ങ്കിലും മറ്റൊരു ജീവൻ ഉണ്ടാകും എന്ന്  സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലമേറെയായി. സ്വപ്നങ്ങൾ പെട്ടെന്ന് തന്നെ കഥകളാക്കി മനുഷ്യർ.  രണ്ടാം നൂറ്റാണ്ടിൽ തന്നെ ഇത്തരം നോവലുകൾ പുറത്തിറങ്ങിയതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജൊഹാന്നസ് കെപ്ലറിന്റ്റെ “സോംനിയം” ആണ് അന്യഗ്രഹജീവികളെ കഥാപാത്രമാക്കിയ ആദ്യത്തെ നോവലായി മിക്കവരും പരിഗണിക്കുന്നത്. ഒരു കുട്ടിയും അവന്റെ മന്ത്രവാദിയായ അമ്മയും ഒരു ഭൂതത്തിന്റെ സഹായത്തോടെ ചന്ദ്രനിലേക്ക് കുടിയേറുന്നതാണ് അതിന്റെ കഥ. ചന്ദ്രനിലെ അവന്റെ ജീവിതമാണ് കഥയിലൂടെ പറയുന്നത്. ചന്ദ്രനിൽ താമസിക്കുന്ന ജീവജാലങ്ങളെയും അവൻ വിവരിക്കുന്നു. 1608ലാണ് കഥ എഴുതിയതെങ്കിലും 1634 ലാണ് അത് പ്രസിദ്ധീകരിക്കുന്നത്. 1638 ൽ ഫ്രാൻസിസി ഗോഡ്വിൻ പ്രസിധീകരിച്ച നോവലും –ദ മാൻ ഇൻ ദ മൂൺ- സമാനമായ കഥയാണ് പറയുന്നത്. പിന്നീടിങ്ങോട്ട് കുറെ നോവലുകൾ ഈ വിഭാഗത്തിൽ പുറത്തിറങ്ങി. പിന്നീട് അറിയപ്പെടുന്ന ഏറ്റവും മികച്ച നോവൽ പക്ഷെ എച്ച് ജി വെത്സിന്റെ “വാർ ഓഫ് ദ വേൾഡ്സ്” ആണ്. ഇത് പിന്നീട് ചലച്ചിത്രവുമായിട്ടുണ്ട്.

എഡ്ഗാർ റൈസ്ബറോ, നോർമൻ ബീൻ, ഡേവിഡ് ലിൻഡ്സേ അങ്ങിനെ നിരവധി പ്രമുഖർ അന്യഗ്രഹ ജീവികളെ കഥാപാത്രമാക്കി നോവലുകൾ രചിച്ചിട്ടുണ്ട്. നോവലുകളെ പോലെ സിനിമയിലും കടന്ന് വന്നു, അന്യഗ്രഹ ജീവികൾ . നിരവധി സിനിമകളിൽ അന്യഗ്രഹ ജീവികൾ കഥാപാത്രങ്ങളായി. അവയിൽ ചിലവ പ്രേക്ഷകരെ എക്കാലവും കോരിത്തരിപ്പിച്ചവയാണ്. ഏലിയൻ, പ്രിഡേറ്റർ, മാർസ് അറ്റാക്ക് തുടങ്ങിയവ.

എന്നാൽ ഇവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് എറിക്ക് ഹൈസ്സറർ എഴുതി ഡെനി വിൽനൊവ് സംവിധാനം ചെയ്ത “അറൈവൽ” എന്ന ചിത്രം. റ്റെഡ് ചിയാങ് 1998 ൽ എഴുതിയ “സ്റ്റോറി ഓഫ് യുവർ ലൈഫ്” എന്ന നോവല്ലയെ അടിസ്ഥാനമാകിയാണ് എറിക്ക് ഹൈസ്സറർ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഭൂമിയിൽ ഇറങ്ങി വന്ന ഒരു കൂട്ടം അന്യഗ്രഹ ജീവികളുമായി അവരുടെ ഭാഷയിൽ സംവദിക്കാനും അവരുടെ ആഗമനോദ്ദേശം കണ്ടെത്താനും ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ നടത്തുന്ന ശ്രമമാണ് സിനിമയിലെ കഥയുടെ കാതൽ.

ഭാഷാശാസ്ത്രജ്ഞ ലൂയിസ് ബാങ്ക്സ് ആണ് ചിത്രത്തിലെ നായിക. അവർക്ക് അവരുടെ മരിച്ച് പോയ മകളുടെ ദൃശ്യങ്ങൾ ഇടക്കിടെ ഓർമകളായി മിന്നി മറയുന്നത് പലപ്പോഴും അനുഭവിക്കേണ്ടി വരുന്നു. ഈ സമയത്താണ് കേണൽ വെബ്ബർ അവരെ സന്ദർശിക്കുന്നതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ഓളം അജ്ഞാത ബഹിരാകാശ വാഹനങ്ങൾ ഇറങ്ങിയ കാര്യം അവരോട് പറയുകയും ചെയ്യുന്നത്.  ഈ വാഹനങ്ങൾ സന്ദർശിക്കാനും  ഇവയെ പറ്റി പഠിക്കാനും യു എസ് ആർമി ബാങ്ക്സിനെയും പ്രകൃതി ശാസ്ത്രജ്ഞൻ കൂടിയായ കേണൽ  ഇയാൻ ഡോണലിയെയും നിയോഗിക്കുന്നു. മൊണ്ടാനയിൽ തമ്പടിച്ച പേടകത്തിലാണ് ബാങ്ക്സും ഡോണലിയും എത്തിച്ചേരുന്നത്. അവിടെ അതിനകത്ത് കയറിച്ചെന്ന ബാങ്ക്സും ഡോണലിയും വിചിത്രമായ ആകാരത്തോട് കൂടിയ അന്യഗ്രഹജീവികളുമായി സംവേദനം നടത്തുന്നു. ഏഴ് കാലുകളോട് കൂടിയ ആ ജീവികൾക്ക്  ഡോണലി അബോട്ട് എന്നും കാസ്റ്റെല്ലോ എന്നും പേരിട്ടു. വൃത്താകൃതിയിലുള്ള പാലിൻഡ്രോം ലിപിയിലാണ് ജീവികൾ അവരോട് സംവദിച്ചത്. ഈ വിവരങ്ങൾ അവർ മറ്റ് സമാനമായ പേടകങ്ങൾ ഇറങ്ങിയ രാജ്യങ്ങളുമായി കൈമാറ്റം ചെയ്യുന്നു.

ബാങ്ക്സ് കൃത്യമായ പഠനം നടത്തിയതിന് ശേഷം ഏലിയൻസുമായി സംവദിക്കുകയും അതിന്റെ ഫലമായി അവരുടെ ആഗമനോദ്ദേശം ചോദിച്ചറിയുകയും ചെയ്ത്. അവർ കൊടുത്ത മറുപടി “ആയുധങ്ങൾ വാഗ്ദാനം ചെയ്യാൻ” എന്നയിരുന്നു. ഈ മറുപടി വ്യത്യസ്ത രാജ്യങ്ങൾ വ്യത്യസ്ത രീതിയിലാണ് വ്യാഖ്യാനിച്ചെടുത്തത്. ഇത് നമ്മോടുള്ള ആക്രമണത്തിനുള്ള തയ്യാറെടുപ്പാണ് എന്നാണ് ചൈന അതിനെ വിലയിരുത്തിയത്. അതോടെ അവർ ഏലിയൻസുമായുള്ള ബന്ധം അവർ വിഛേദിച്ചു.

ഇതിനിടയിൽ ചിലർ പേടകത്തിനകത്ത് ബോംബ് സഥാപിക്കുകയും വിവരം അറിയാതെ ബാങ്ക്സും ഡോണലിയും അതിനകത്ത് കുരുങ്ങുകയും ചെയ്തു. ഏലിയന്റെ സമയോചിതമായ ഇടപെടൽ കാരണം അവർക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും പുറത്തേക്ക് എറിയപ്പെട്ട അവർക്ക് ബോധം നഷ്ടപ്പെട്ടു. അവർ അബോധാവസ്ഥയിൽ നിന്നും തിരിച്ച് വരുമ്പോഴേക്കും കാര്യങ്ങൾ കുഴഞ്ഞ് മറിഞ്ഞിരുന്നു. പേടകത്തെ ആക്രമിക്കാൻ പട്ടാളം തയ്യാറെടുക്കുകയും ഇതറിഞ്ഞ അവർ  പേടകം അവരുടെ വൃത്തത്തിൽ നിന്ന് അകലേക്ക് കൊണ്ടു പോവുകയും ചെയ്തു.

ചൈനയും റഷ്യയുമടക്കമുള്ള രാജ്യങ്ങൾ പേടകത്തോട് അവരുടെ രാജ്യം വിട്ട് പോകാനുള്ള അടിയന്തിര നിർദ്ദേശം നൽകി. ഇത് രാജ്യാന്തര തലത്തിൽ പരിഭ്രാന്തി സ്ര്യഷ്ടിക്കാൻ ഇടയാക്കി. ഇതിനിടെ ബാങ്ക്സ് ഒറ്റക്ക് പേടകത്തിനകത്ത് പ്രവേശിച്ചു. നേരത്തെ നടന്ന് ബോംബാക്രമണത്തിൽ അബോട്ടിന് പരിക്ക് പറ്റിയിരുന്നു എന്ന് ബാങ്ക്സിന് മനസ്സിലായി. അവർ മനുഷ്യവംശത്തെ സഹായിക്കാനും അതിന് പകരമായി 3000 കൊല്ലങ്ങൾക്ക് ശേഷം മനുഷ്യരുടെ സഹായം അവർക്ക് ആവശ്യമുണ്ട് എന്നറിയിക്കാനും വന്നതാണ്. മനുഷ്യരുടെ സമയത്തെ പറ്റിയുള്ള ബോധ്യത്തെ മാറ്റാനും ഭാവിയെ മുൻ കൂട്ടി കണ്ടറിയാനുമുള്ള കഴിവ് അവർക്ക് അറിയുമായിരുന്നു. ബാങ്ക്സ് അപ്പോഴാണ് തിരിച്ചറിഞ്ഞത് അവളുടെ മകൾ ഹന്ന ഇനിയും പിറക്കാനിരിക്കുന്നതേ ഉള്ളൂ എന്ന്. അവരുടെ ഭാഷ സ്വായത്തമാക്കിയ ബാങ്ക്സിന് കിട്ടിയ പ്രത്യേകമായ കഴിവാണ് ഭാവിയിൽ നടക്കാനിരിക്കുന്ന മകളുടെ ജനനവും മരണവുമൊക്കെ ഇപ്പോഴേ കാണാൻ കഴിഞ്ഞത്. അലിയൻസിൻറെ ഭാഷയാണ് അവരുടെ ആയുധം. അതുപയോഗിച്ച് ഭാവിയെ അറിയാൻ കഴിയും എന്ന് ബാങ്ക്സിന് മനസ്സിലായി. ഇതോടെ ലോകത്തിൻറെ ഐക്യം ഐക്യരാഷ്ട്രസഭ ആഘോഷിക്കുകയും ചെയ്തു. യുദ്ധത്തിനെതിരെയുള്ള ചൈനയുടെ ആഹ്വാനത്തോടെ സിനിമ അവസാനിക്കുന്നു. കരുത്തുള്ള ഒരു യുദ്ധവിരുദ്ധസിനിമ കൂടിയാണ് ഈ ചിത്രം, മാത്രമല്ല ലോകമഹാശക്തിയായി ചൈനയെ ലോകം അംഗീകരിക്കുന്നത് ഹോളിവുഡ് ചിത്രങ്ങളിൽ അവതരിപ്പിക്കുകയാണ് ചിത്രം.


സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന ഈ പംക്തിയിൽ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങൾ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജൂനോ പകർത്തിയ ഗാനിമേഡിന്റെ ചിത്രം ഭൂമിയിലെത്തി!
Next post നാട്ടുമാവുകൾക്കായി ഒരു മാനിഫെസ്റ്റോ
Close